ഏറ്റവും കൂടുതൽ തിരഞ്ഞവ
മസ്ജിദുന്നബവി; സന്ദർശന മര്യാദകളും വിധിവിലക്കുകളും സംക്ഷിപ്തമായി
മസ്ജിദുന്നബവി; സന്ദർശന മര്യാദകളും വിധിവിലക്കുകളും സംക്ഷിപ്തമായി
These files are generated automatically from the book's text; their layout may differ from the printed edition.
മസ്ജിദുന്നബവി; സന്ദർശന മര്യാദകളും വിധിവിലക്കുകളും സംക്ഷിപ്തമായി
ബുഖാരി: 1189,മുസ്ലിം: 827, പദങ്ങൾ മുസ്ലിമിൽ നിന്നുള്ളതാണ്.
ബുഖാരി: 1190, മുസ്ലിം: 1394.
ബുഖാരി: 1195, മുസ്ലിം: 1390.
الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين.
أما بعد:
മസ്ജിദുന്നബവി സന്ദർശനത്തിൻ്റെ ഭാഗമായി ഓരോരുത്തരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിധിവിലക്കുകളും, മര്യാദകളും ഹ്രസ്വമായി വിവരിക്കുന്ന ചെറിയൊരു കുറിപ്പാണിത്.
ഈ പ്രവർത്തനം അല്ലാഹുവിൻ്റെ തിരുവദനം മാത്രം കാംക്ഷിക്കുന്ന ഒരു പരിശ്രമമായി നിശ്ചയിക്കണേ എന്നും, മുസ്ലിം പൊതുസമൂഹത്തിന് ഇത് പ്രയോജനമേകാനും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
ഇസ്ലാമിക ഉള്ളടക്ക സേവന സമിതി
-
മസ്ജിദുന്നബവി (ﷺ) സന്ദർശിക്കുന്നത് പുണ്യകരമായ പ്രവർത്തനമാണ്. അതിന് നിശ്ചിത സമയമോ അതിന് പ്രത്യേക പുണ്യമോ ഇല്ല. മസ്ജിദുന്നബവി സന്ദർശിക്കുക എന്നത് ഹജ്ജിന്റെ കർമ്മങ്ങളിൽ പെട്ടതുമല്ല. ഹജ്ജിന് വരുന്ന പുരുഷന്മാർക്കോ സ്ത്രീകൾക്കോ നബി ﷺ യുടെ ഖബറോ (മദീനയിലെ ഖബർസ്ഥാനായ) ബഖീഓ സന്ദർശിക്കുന്നത് നിർബന്ധമുള്ളതുമല്ല.
നബി ﷺ യുടെ ഖബർ സന്ദർശിക്കാൻ വേണ്ടി പ്രത്യേകപുണ്യം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യലും അതിനായി ഒരുങ്ങലും അനുവദനീയമല്ല. ആരാധനയുടെ ഭാഗമായി ഖബറുകൾ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുക എന്നത് അടിസ്ഥാനപരമായി പാടില്ല; അത് മൂന്ന് മസ്ജിദുകളിലേക്ക് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. നബി ﷺ പറഞ്ഞു: "മൂന്ന് മസ്ജിദുകളിലേക്ക് അല്ലാതെ (പുണ്യം പ്രതീക്ഷിച്ചുള്ള) യാത്രയില്ല. എന്റെ ഈ മസ്ജിദ്, മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സാ (എന്നിവയാണവ)."
മദീനയിൽ നിന്ന് ദൂരെയുള്ള ഒരാൾക്ക് ഖബർ സന്ദർശിക്കാൻ വേണ്ടി മാത്രമായി യാത്ര പുറപ്പെടുക എന്നത് പാടില്ല. എന്നാൽ, മസ്ജിദുന്നബവി സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ അയാൾക്ക് യാത്ര തിരിക്കാവുന്നതാണ്. മദീനയിൽ എത്തിയ ശേഷം, നബി ﷺ യുടെ ഖബറും അവിടുത്തെ അനുചരന്മാരുടെ ഖബറുകളും സന്ദർശിക്കാം. ഇതിലൂടെ, മസ്ജിദുന്നബവി സന്ദർശിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ ഖബർ സന്ദർശനവും ഉൾപ്പെടും.
ഇസ്ലാമിൽ സ്ത്രീകൾക്ക് നബിയുടെയോ ﷺ മറ്റാരുടെയെങ്കിലുമോ ഖബ്ർ സന്ദർശിക്കാൻ അനുവാദമില്ല. നബി ﷺ ഖബ്ർ സന്ദർശിക്കുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു. ഖബ്റിടങ്ങളിൽ സ്ത്രീകളിൽ നിന്ന് സംഭവിച്ചേക്കാവുന്ന നിയന്ത്രണം വിട്ടുള്ള വിലാപങ്ങളും സൗന്ദര്യപ്രകടനങ്ങളും മറ്റു വിലക്കപ്പെട്ട കാര്യങ്ങളും കാരണമായിട്ടാണത്.(വിലക്കപ്പെട്ടത്.) എന്നാൽ, മസ്ജിദുന്നബവിയിൽ വെച്ചും അതല്ലാത്ത ഇടങ്ങളിൽ വെച്ചും നബിയുടെ ﷺ മേൽ സ്വലാത്തും സലാമും വർദ്ധിപ്പിക്കൽ സ്ത്രീകൾക്ക് പ്രതിഫലാർഹമാകുന്ന നന്മയാണ്. അവരെവിടെയാണെങ്കിലും അത് നബി ﷺ ക്ക് എത്തുന്നതാണ്. നബി (സ) പറഞ്ഞിരിക്കുന്നു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബ്റുകളാക്കരുത്. എൻ്റെ ഖബ്റിനെ ജനങ്ങൾ ഒത്തുചേരുന്ന കേന്ദ്രങ്ങളുമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." നബി ﷺ പറഞ്ഞു: "ഭൂമിയിൽ ചുറ്റി സഞ്ചരിക്കുന്ന അല്ലാഹു നിശ്ചയിച്ച ചില മലക്കുകൾ അവനുണ്ട്. എൻ്റെ ഉമ്മത്തിൻ്റെ സ്വലാത്തും സലാമുമെല്ലാം അവർ എനിക്കെത്തിക്കുന്നതാണ്."
മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കുമ്പോൾ വലതു കാൽ വെച്ചു കൊണ്ട് പ്രവേശിക്കുക. എല്ലാ മസ്ജിദുകളിലും പ്രവേശിക്കുമ്പോൾ ചൊല്ലുന്നത് പോലെ, (اللَّهم افتح لي أبواب رحمتك) "അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ." എന്ന ദുആ ചൊല്ലുന്നതും സുന്നത്താണ്.
മസ്ജിദുന്നബവിയിൽ പ്രവേശിക്കുമ്പോൾ മാത്രമായി ചൊല്ലേണ്ട പ്രത്യേക ദിക്റുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല.
(മസ്ജിദിൽ പ്രവേശിച്ചതിന്) ശേഷം രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിക്കുക.
ഐഛിക നിസ്കാരങ്ങൾ വിലക്കപ്പെട്ട സമയമല്ലെങ്കിൽ, മസ്ജിദുന്നബവിയിൽ വെച്ച് ഈരണ്ട് റക്അത്തുകളായി എത്ര വേണമെങ്കിലും നിസ്കരിക്കാവുന്നതാണ്. നബി ﷺ പറഞ്ഞിട്ടുണ്ട്: "എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്."
സാധിക്കുമെങ്കിൽ നബി (സ) യുടെ മിമ്പറിനും വീടിനും ഇടയിലുള്ള റൗദ്വയിൽ നമസ്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നബി ﷺ പറഞ്ഞിരിക്കുന്നു: "എൻ്റെ മിമ്പറിനും വീടിനും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്."
അതിന് സൗകര്യപ്പെട്ടില്ലെങ്കിൽ മസ്ജിദിൻ്റെ ഏത് ഭാഗത്ത് വെച്ചും നമസ്കരിക്കാവുന്നതാണ്; ജമാഅത്ത് നമസ്കാരങ്ങളിൽ ഒഴികെ. ജമാഅത്തുകളിൽ ഇമാമിനോട് തൊട്ടുശേഷമുള്ള -ഒന്നാമത്തെ സ്വഫ്ഫിൽ- നിസ്കരിക്കാൻ പരമാവധി പരിശ്രമിക്കണം. ഈ വിഷയത്തിലുള്ള ഹദീഥുകളുടെ പൊതുവായ പ്രയോഗം സൂചിപ്പിക്കുന്നത് അതാണ്.
നബി ﷺ യുടെയും അബൂബക്കർ, ഉമർ (رضي الله عنهما) എന്നിവരുടെയും ഖബ്ർ സന്ദർശിക്കാൻ ഉദ്ദേശിച്ചാൽ:
നബി (സ) യുടെ ഖബ്റിന് മുൻപിൽ അടക്കത്തോടെയും മര്യാദയോടെയും ശബ്ദം താഴ്ത്തിയും നിൽക്കണം. ശേഷം നബി (സ) യുടെ മേൽ സലാം ചൊല്ലിക്കൊണ്ട് ഇപ്രകാരം പറയുക: السَّلَامُ عَلَيْكَ يَا رَسُولَ اللََّّهِ وَرَحْمَةُ اللََّّهِ وَبَرَكَاتُهُ (സാരം: അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ!) ശേഷം ഇനി പറയുന്ന വാക്കുകൾ ഒരാൾ പറഞ്ഞാൽ അതിൽ തെറ്റില്ല. أَشْهَدُ أَنَّكَ رَسُولُ اللَّهِ حَقًّا، وَأَنَّكَ قَدْ بَلَّغْتَ الرِّسَالَةَ، وَأَدَّيْتَ الْأَمَانَةَ، وَجَاهَدْتَ فِي اللَّهِ حَقَّ جِهَادِهِ، وَنَصَحْتَ الْأُمَّةَ، فَجَزَاكَ اللَّهُ عَنْ أُمَّتِكَ أَفْضَلَ مَا جَزَى نَبِيًّا عَنْ أُمَّتِهِ. (സാരം: അങ്ങ് അല്ലാഹുവിൻ്റെ യഥാർത്ഥ റസൂലാണെന്നും, അല്ലാഹുവിൻ്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ചു നൽകി എന്നും, അങ്ങയുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റി എന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ പോരാട്ടം നിർവ്വഹിച്ചു എന്നും, അങ്ങയുടെ ഉമ്മത്തിനോട് ഗുണകാംക്ഷ പുലർത്തി എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഒരു നബിക്ക് തൻ്റെ ഉമ്മത്തിന് വേണ്ടി സമർപ്പിച്ചതിന് അല്ലാഹു നൽകിയതിൽ വെച്ച് ഏറ്റവും നല്ല പ്രതിഫലം അങ്ങേക്ക് അല്ലാഹു നൽകട്ടെ!)
പിന്നീട് ഒരൽപ്പം വലതു ഭാഗത്തേക്ക് നീങ്ങി അബൂബക്കർ സിദ്ധീഖ് (റ) ന് സലാം പറയണം.
ശേഷം അൽപ്പം വലത്തോട്ട് നീങ്ങി ഉമറുബ്നുൽ ഖതാൻ (റ) വിനും സലാം പറയണം. അബ്ദുല്ലാഹിബ്നു ഉമർ (റമ) നബി (സ) ക്കും അവിടുത്തെ ഉറ്റഅനുചരന്മാരായ അബൂബക്റിനും ഉമറിനും (റമ) സലാം പറയുമ്പോൾ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു: (اَلسَّلَامُ عَلَيْكَ يَا رَسُولَ اللَّهِ، اَلسَّلَامُ عَلَيْكَ يَا أَبَا بَكْرٍ، اَلسَّلَامُ عَلَيْكَ يَا أَبَتَاهُ). "അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് സലാം. അബൂബക്ർ! അങ്ങേക്ക് സലാം. എൻ്റെ പൊന്നുപിതാവേ! അങ്ങേക്കും സലാം.) - പൊതുവെ ഇബ്നു ഉമർ (റമ) ഈ പറഞ്ഞതിൽ അധികരിപ്പിക്കാറുണ്ടായിരുന്നില്ല.
നബി (സ) യുടെയോ അവിടുത്തെ രണ്ട് ഉറ്റസഹവാസികളുടെയോ ഖബ്റുകൾക്കരികിൽ ദീർഘമായി നിൽക്കുന്നതോ അവിടെ വെച്ച് പ്രാർത്ഥിക്കുകയോ ചെയ്യുന്നത് പാടില്ല. ഇമാം മാലിക് (റഹി) അത് നിഷിദ്ധമായി ഗണിച്ചിരുന്നു. അദ്ദേഹം പറയുമായിരുന്നു: അപ്രകാരം ചെയ്യുന്നത് മുൻഗാമികളായ സലഫുകൾ ചെയ്യാത്ത അനാചാരമാണ് (ബിദ്അത്താണ്). ഈ ഉമ്മത്തിലെ ആദ്യകാലക്കാരെ നന്മയിലാക്കിയതല്ലാതെ ഇവരിലെ അവസാനകാലക്കാരെ മറ്റൊന്നും നന്മയിലാക്കുകയില്ല.
ചിലർ ചെയ്യുന്നത് പോലെ, നബി (സ) യുടെ ഖബ്റിനരികിൽ ശബ്ദമുയർത്തുന്നതോ, അവിടെ ദീർഘമായി നിൽക്കുന്നതോ ശരിയല്ല. അല്ലാഹു പറഞ്ഞിരിക്കുന്നു: "സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള് പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയര്ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള് നിങ്ങള് അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്മ്മങ്ങള് നിഷ്ഫലമായി പോകാതിരിക്കാന് വേണ്ടി. തീര്ച്ചയായും തങ്ങളുടെ ശബ്ദങ്ങള് അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു തഖ്വക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവര്ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്." (ഹുജുറാത്ത്: 2,3) നബി (സ) യുടെ ഖബറിനടുത്ത് ദീർഘനേരം നിൽക്കുന്നതും സലാം ആവർത്തിച്ചു പറയുന്നതും തിരക്കിനും ബഹളത്തിനും ശബ്ദകോലാഹലങ്ങൾക്കും കാരണമാകും. മേലെ നൽകിയ ആയത്തുകളിലൂടെ അല്ലാഹു മുസ്ലിംകളോട് വ്യക്തമായി വിലക്കിയ കാര്യങ്ങൾക്ക് വിരുദ്ധമാണ് അത്തരം പ്രവർത്തനങ്ങൾ. നബി (സ) ജീവിച്ചിരുന്നപ്പോൾ ആദരണീയരാണെന്നത് പോലെ, വഫാത്തിന് ശേഷവും അവിടുന്ന് ആദരിക്കപ്പെടേണ്ടവരാണ്. അതിനാൽ, ഒരു മുഅ്മിൻ അവിടുത്തെ ഖബറിനടുത്ത് മതപരമായ മര്യാദകൾക്ക് വിരുദ്ധമായ യാതൊന്നും ചെയ്യാൻ പാടില്ല.
അതുപോലെ, നബി (സ) യുടെ ഖബ്ർ സന്ദർശിക്കുന്ന ചിലർ അവിടുത്തെ ഖബറിനെ അഭിമുഖീകരിച്ചു കൊണ്ട് കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നതും പൂർവികരായ സലഫുസ്സാലിഹീങ്ങളുടെയും അവരെ നല്ല രൂപത്തിൽ പിന്തുടർന്നവരുടെയും ചര്യക്ക് വിരുദ്ധമാണ്. ഇത് പിൽക്കാലത്ത് പുതുതായി നിർമ്മിച്ചുണ്ടാക്കപ്പെട്ട അനാചാരമായ ബിദ്അത്തുകളിൽ പെട്ടതാണ്.
അതുപോലെ, ചില സന്ദർശകർ നബി (സ) ക്ക് സലാം പറയുമ്പോൾ, തങ്ങളുടെ വലതുകൈ നെഞ്ചിനു മുകളിലോ താഴെയോ വെച്ച് നിസ്കരിക്കുന്നവരുടെ രൂപത്തിൽ നിൽക്കുന്നത് കാണാം. സലാം പറയുമ്പോൾ ഈ രൂപം സ്വീകരിക്കുന്നത് അനുവദനീയമല്ല. കാരണം, ഇത് അല്ലാഹുവിൻ്റെ മുൻപിൽ മാത്രം പ്രകടിപ്പിക്കേണ്ട ഭക്തിയുടെയും ആരാധനയുടെയും ഇബാദത്തിൻ്റെയും രൂപമാണ്. ഹാഫിദ്വ് ഇബ്നു ഹജർ (റഹി) ഫത്ഹുൽ ബാരിയിൽ പണ്ഡിതന്മാരെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
നബി (സ) ഖബ്റടക്കപ്പെട്ട മുറിയുടെ ചുവരിന്മേൽ കൈകൊണ്ട് തടവുന്നതും, അതിനുചുറ്റും ത്വവാഫ് ചെയ്യുന്നതുമൊന്നും ഇസ്ലാമിൽ അനുവദിക്കപ്പെട്ട കാര്യമല്ല. അതുപോലെ, നബി ﷺ യോട് തൻ്റെ ആവശ്യം പൂർത്തീകരിക്കാനോ രോഗം സുഖപ്പെടുത്താനോ തേടുന്നതും പ്രാർത്ഥിക്കുന്നതുമൊന്നും പാടില്ല. ഈ പറഞ്ഞതെല്ലാം അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങളാണ്.
മദീന സന്ദർശിക്കുന്നവർ മദീനയിലായിരിക്കുമ്പോൾ ഖുബാ പള്ളി (മസ്ജിദു ഖുബാ) സന്ദർശിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്യുന്നത് പുണ്യകരമാണ്. നബി (ﷺ) വാഹനത്തിലേറിക്കൊണ്ടും കാൽനടയായും മസ്ജിദു ഖുബായിൽ വരുകയും, രണ്ട് റക്അത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. സഹൽ ബ്നു ഹുനൈഫ് (റ) നിവേദനം ചെയ്ത ഹദീസിൽ നബി (ﷺ) പറയുന്നു: "ആരെങ്കിലും തന്റെ വീട്ടിൽ വെച്ച് ശുദ്ധി (വുദ്വു) വരുത്തുകയും, ശേഷം ഖുബാ പള്ളിയിൽ വന്ന് നമസ്കരിക്കുകയും ചെയ്താൽ അവന് ഒരു ഉംറയുടെ പ്രതിഫലത്തിന് സമാനമായതുണ്ട്."
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മദീനയിലെ ഖബർസ്ഥാനായ ബഖീഇലെ ഖബറുകളും, സ്വഹാബികളിൽ പെട്ട ശുഹദാക്കളുടെ ഖബറുകളും, ഹംസ (റ) യുടെ ഖബറും സന്ദർശിക്കുന്നത് സുന്നത്താണ്. കാരണം നബി (ﷺ) അവരുടെ ഖബ്റുകൾ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, നബി (ﷺ) പറഞ്ഞിരിക്കുന്നു: "ഖബറുകൾ സന്ദർശിക്കുന്നത് ഞാൻ നിങ്ങളോട് വിലക്കിയിരുന്നു, എന്നാൽ ഇനി നിങ്ങൾ ഖബ്റുകൾ സന്ദർശിച്ചുകൊള്ളുക. കാരണം അത് പരലോകത്തെ ഓർമ്മിപ്പിക്കുന്നു."
മറ്റെല്ലാം ഖബറുകൾ സന്ദർശിക്കുമ്പോഴും പറയുന്നതുപോലെ ഈ ഖബറുകൾ സന്ദർശിക്കുമ്പോഴും നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു: (السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ، مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَأْخِرِينَ، نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ). (സാരം: ഈ ഭവനത്തിലുള്ള സത്യവിശ്വാസികളും മുസ്ലിംകളുമായവരേ, നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ. തീർച്ചയായും അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്. ഞങ്ങളിൽ നിന്ന് മുൻപേ പോയവർക്കും ഞങ്ങളുടെ പിറകെ വരുന്നവർക്കും അല്ലാഹു കരുണ ചെയ്യട്ടെ. ഞങ്ങൾക്കും നിങ്ങൾക്കും അല്ലാഹു ആഫിയത്ത് (സൗഖ്യം) നൽകട്ടെ എന്ന് ഞങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നു."
ഖബറുകൾ സന്ദർശിക്കുന്നതിൻ്റെ യഥാർത്ഥ ലക്ഷ്യം പരലോകത്തെ ഓർക്കലും, ഖബ്റിൽ കിടക്കുന്ന മരണപ്പെട്ടവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് അവർക്ക് നന്മ ചെയ്യലും, അതിലൂടെ നബി (ﷺ) യുടെ ചര്യ പിന്തുടരലുമാണ്. ഇതാണ് ഇസ്ലാമിൽ അനുവദനീയമായ ഖബ്ർ സന്ദർശനത്തിൻ്റെ രൂപം.
എന്നാൽ, അവരുടെ ഖബറുകളുടെ അടുത്തുവെച്ച് പ്രാർത്ഥിക്കുവാനോ, അല്ലെങ്കിൽ അവരെ മുൻനിർത്തിയോ അവർക്ക് അല്ലാഹുവിങ്കലുള്ള പദവിയും സ്ഥാനവും (ജാഹ്) മുൻനിർത്തിയോ അല്ലാഹുവോട് സഹായം തേടുവാനോ മറ്റോ വേണ്ടി ഖബ്ർ സന്ദർശനം നടത്തുന്നത് ബിദ്അത്തും (പുത്തനാചാരം) നിഷിദ്ധവുമാണ്. അല്ലാഹുവോ അവന്റെ റസൂലോ അത് ദീനിൻ്റെ ഭാഗമായി പഠിപ്പിച്ചിട്ടില്ല. മുൻഗാമികളായ സലഫുസ്സാലിഹീങ്ങൾ അപ്രകാരം ചെയ്തിട്ടുമില്ല. എന്നാൽ (ഈ പറഞ്ഞതെല്ലാം ബിദ്അത്തുകളാണെങ്കിൽ), മരണപ്പെട്ടവരോട് ആവശ്യങ്ങൾ നിറവേറ്റുവാനോ രോഗം സുഖപ്പെടുത്തുവാനോ മറ്റോ ആവശ്യപ്പെടുന്നത് അങ്ങനെയല്ല; അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർക്കാണ് (മഹാപാപം).
മദീനാ സന്ദർശനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പ്രചരിച്ചിട്ടുള്ള, സ്ഥിരപ്പെടാത്തതും കെട്ടിച്ചമക്കപ്പെട്ടതുമായ ചില കള്ളഹദീഥുകൾ ഇവിടെ നൽകട്ടെ; ഇത്തരം കള്ളഹദീഥുകളെക്കുറിച്ച് അറിയാനും അവയുടെ കെണിയിൽ അകപ്പെടാതെ സൂക്ഷിക്കാനും വേണ്ടിയാണിത്.
1- "ആരെങ്കിലും ഹജ്ജ് ചെയ്യുകയും എന്നെ സന്ദർശിക്കാതിരിക്കുകയും ചെയ്താൽ അവൻ എന്നോട് അകലം പാലിച്ചു."
2- "എന്റെ മരണശേഷം എന്നെ ആരെങ്കിലും സന്ദർശിച്ചാൽ, അവൻ എന്റെ ജീവിതകാലത്ത് എന്നെ സന്ദർശിച്ചതുപോലെയാണ്."
3- "ഒരേ വർഷം എന്നെയും എൻ്റെ പിതാവായ ഇബ്റാഹീമിനെയും ആരെങ്കിലും സന്ദർശിച്ചാൽ, ഞാൻ അവന് അല്ലാഹുവിങ്കൽ സ്വർഗം ഉറപ്പ് നൽകുന്നു."
4- "എന്റെ ഖബർ സന്ദർശിക്കുന്നവന് എന്റെ ശുപാർശ നിർബന്ധമായിരിക്കുന്നു."
ഈ ഹദീഥുകളും ഇതുപോലുള്ള മറ്റ് ഹദീഥുകളും നബി (സ) യിൽ നിന്ന് സ്ഥിരപ്പെട്ടതല്ല. ഹാഫിദ്വ് അൽ-ഉഖൈലി പറയുന്നു: "ഈ വിഷയത്തിൽ യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല." ഹാഫിദ്വ് ഇബ്നു ഹജർ, ഈ നിവേദനങ്ങളിൽ മിക്കതും എടുത്തു നൽകിയ ശേഷം 'അൽ-തൽഖീസ്' എന്ന തൻ്റെ ഗ്രന്ഥത്തിൽ പറയുന്നു: "ഈ ഹദീസുകളുടെ എല്ലാ പരമ്പരകളും ദുർബലമാണ്." ഹജ്ജിനോ ഉംറയ്ക്കോ മുൻപോ ശേഷമോ നബി തിരുമേനിയുടെ പള്ളി സന്ദർശിക്കുന്നത് ഹജ്ജിന്റെയോ ഉംറയുടെയോ സുന്നത്തിൻ്റെ ഭാഗമല്ല; ഹജ്ജിൻ്റെയോ ഉംറയുടെ പൂർണ്ണതയിൽ അത് കുറവ് വരുത്തുന്നതുമല്ല. കാരണം, നബി (സ) യുടെ പള്ളി സന്ദർശിക്കുന്നത് എപ്പോഴും സുന്നത്താണ്. അതിനാൽ, ഒരു ഹാജിയോ ഉംറ നിർവഹിക്കുന്നവനോ മസ്ജിദുന്നബവി സന്ദർശിച്ചില്ല എന്നത് കൊണ്ട് അവന് യാതൊരു കുറ്റവുമില്ല. ഹജ്ജും ഉംറയും മസ്ജിദുന്നബവി സന്ദർശനവും തമ്മിൽ ഒരു ബന്ധവുമില്ല; അവ വേറെവേറെ നിലകൊള്ളുന്ന ആരാധനകളാണ്. ഹജ്ജോ ഉംറയോ ചെയ്യുന്ന ഒരാൾക്ക് മസ്ജിദുന്നബവി സന്ദർശിക്കുക എന്നത് നിർബന്ധമില്ല; മസ്ജിദുന്നബവി സന്ദർശിച്ച ഒരാൾ ഹജ്ജോ ഉംറയോ ചെയ്യണമെന്നും നിർബന്ധമില്ല. ഒരാൾ ഹജ്ജും ഉംറയും മസ്ജിദുന്നബവി സന്ദർശനവും ഒരൊറ്റ യാത്രയിൽ തന്നെ നിർവഹിക്കുന്നതിലും തെറ്റില്ല.
മസ്ജിദുന്നബവി സന്ദർശനത്തിൽ സംഭവിക്കാറുള്ള ചില അബദ്ധങ്ങൾ
നബി ﷺ യുടെ ഖബറിന് സമീപം ചെന്ന് അവിടെയുള്ള ഭിത്തികളിലും ഇരുമ്പ് ദണ്ഡുകളിലും തടവുകയും, അനുഗ്രഹം തേടി ജനലുകളിൽ നൂലുകൾ കെട്ടുകയും ചെയ്യുക എന്നത്;
അല്ലാഹുവും അവൻ്റെ റസൂലും ﷺ പഠിപ്പിച്ചു തന്ന കാര്യങ്ങളിലാണ് എല്ലാ ബറകത്തുകളുമുള്ളത്; ബിദ്അത്തുകളിൽ യാതൊരു ബറകത്തുമില്ല.
ഉഹ്ദ് മലയിലെ ഗുഹകളിലേക്കും, അതുപോലെ മക്കയിലെ ഹിറാ ഗുഹയിലേക്കും ഥൗർ ഗുഹയിലേക്കും മറ്റും പോവുകയും, അവിടെ തുണികൾ കെട്ടുകയും, അല്ലാഹുവിൻ്റെ ദീനിൽ വിലക്കപ്പെട്ട വിധത്തിലുള്ള പ്രാർത്ഥനകൾ നടത്തുകയും, അതിനുവേണ്ടി പലവിധത്തിലുള്ള കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്യുക എന്നത്.
ഇതെല്ലാം പരിശുദ്ധ ഇസ്ലാമിക ശരീഅത്തിൽ യാതൊരു അടിസ്ഥാനവും കണ്ടെത്താൻ സാധിക്കാത്ത, പുതുനിർമ്മിതകളും അനാചാരങ്ങളും ബിദ്അത്തുകളുമാണ്.
നബി ﷺ യുടെ തിരുശേഷിപ്പുകളാണെന്ന് ജൽപ്പിച്ചു കൊണ്ട് -അവിടുത്തെ ഒട്ടകമിരുന്ന സ്ഥലം, മോതിരം വീണ കിണർ, ഉഥ്മാൻ (റ) വിൻ്റെ കിണർ എന്നിങ്ങനെയെല്ലാം പറഞ്ഞു കൊണ്ട്- ചില സ്ഥലങ്ങൾ സന്ദർശിക്കുകയും; അനുഗ്രഹത്തിനുവേണ്ടി ഈ സ്ഥലങ്ങളിൽ നിന്ന് മണ്ണ് എടുത്തു കൊണ്ടു പോവുകയും ചെയ്യുക എന്നത്.
ബഖീഅ് ഖബർസ്ഥാനും ഉഹ്ദ് രക്തസാക്ഷികളുടെ ഖബറുകളും സന്ദർശിക്കുമ്പോൾ അവിടെയുള്ള മരണപ്പെട്ടു പോയവരോട് പ്രാർത്ഥിക്കുകയും, അവരുടെ അടുക്കൽ നാണയങ്ങൾ എറിയുകയും, അവരോട് അടുപ്പം തേടുകയും അവരിലൂടെ അനുഗ്രഹം തേടുകയും ചെയ്യുക.
ഇവയെല്ലാം ഗുരുതരമായ തിന്മകളും, പണ്ഡിതന്മാർ രേഖപ്പെടുത്തിയത് പോലെ -ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന- വലിയ ശിർക്കിൽ പെട്ടതുമായ കാര്യങ്ങളാണ്. അറിയുക; ആരാധനകളും ഇബാദത്തുകളും സർവ്വവും അല്ലാഹുവിന് മാത്രമുള്ളതാണ്, പ്രാർത്ഥന (ദുആ), ബലികർമ്മം, നേർച്ച തുടങ്ങിയ ഇബാദത്തുകളിൽ പെട്ട യാതൊരു കാര്യവും അല്ലാഹുവല്ലാത്ത ഒരാൾക്കും നൽകാൻ പാടില്ല. അല്ലാഹു പറയുന്നു: "ദീൻ അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്കരായ നിലയില് അവനെ ആരാധിക്കുവാനല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല." (ബയ്യിന:5)
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. وصلى الله وسلم على نبينا محمد، وعلى آله وصحبه أجمعين
Related books
All books
മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.52 ഭാഷകൾമസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.
ഈ ഗ്രന്ഥം മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും സന്ദർശന മര്യാദകളും, നബി ﷺ യുടെയും അവിടുത്തെ രണ്ട് സഹാബിമാരുടെയും (رضي الله عنهما) ഖബ്റുകൾ സിയാറത്ത് ചെയ്യുമ്പോഴുള്ള മര്യാദകളും വിവരിക്കുകയും, സിയാറത്ത് വേളയിൽ ഗൗരവവും ശുദ്ധിയും പാലിക്കേണ്ടതിൻ്റെയും ബിദ്അത്തായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.
ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.54 ഭാഷകൾഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.
ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ ഹജ്ജ്, ഉംറ, സിയാറത്ത് എന്നീ വിഷയങ്ങളിലെ വിധിവിലക്കുകൾ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്; ഹജ്ജിലെയും ഉംറയിലെയും നിർബന്ധകാര്യങ്ങൾ, ഇഹ്റാമിലായിരിക്കെയുള്ള വിലക്കുകൾ, മസ്ജിദുന്നബവി സിയാറത്തിന്റെ മര്യാദകൾ എന്നിവ വിവരിക്കുകയും, ഈ കർമങ്ങളിലെ ബിദ്അത്തുകളുടെ ഗൗരവം അറിയിക്കുകയും ചെയ്യുന്നു.
യാത്രയുടെ മര്യാദകളും വിധിവിലക്കുകളും53 ഭാഷകൾയാത്രയുടെ മര്യാദകളും വിധിവിലക്കുകളും
الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين. أما بعد: യാത്രയുടെ മര്യാദകളും വിധികളും വിവരിക്കുന്ന സംക്ഷിപ്തമായ ഒരു ലഘുലേഖയാണിത്. യാത്രക്കാരൻ അറിഞ്ഞിരിക്കേണ്ട മിക്ക കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഉദ്യമം അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റാനും, മുസ്ലിംകൾക്ക് ഇത് ഉപകാരപ്രമദായി നിശ്ചയിക്കാനും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഒന്ന്: യാത്രയുടെ മര്യാദകൾ.
മദീനയുടെ ശ്രേഷ്ഠതയും അവിടെ താമസിക്കുന്നതിന്റെയും സന്ദർശിക്കുന്നതിന്റെയും മര്യാദകളും3 ഭാഷകൾമദീനയുടെ ശ്രേഷ്ഠതയും അവിടെ താമസിക്കുന്നതിന്റെയും സന്ദർശിക്കുന്നതിന്റെയും മര്യാദകളും
തയ്യാറാക്കിയത്: അബ്ദുൽ മുഹ്സിൻ ബിൻ ഹമദ് അൽഅബ്ബാദ് അൽബദർ സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുകയും അവനോട് മാത്രം സഹായം തേടുകയും അവനോട് മാത്രം പാപമോചനം തേടുകയും നമ്മുടെ മനസിന്റെ എല്ലാവിധ ദുഷ്യങ്ങളിൽ നിന്നും മോശപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുന്നു. അവൻ സന്മാർഗത്തിലാക്കിയവരെ പിഴപ്പിക്കാനാർക്കും സാധ്യമല്ല. അവൻ പിഴവിലാക്കിയവരെ നേർമാർഗത്തിലാക്കുവാനും ആരുമില്ല. ഏകനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവന് യാതൊരു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം അല്ലാഹുവിന്റെ ഖലീലും അവന്റെ സൃഷ്ടികളിൽ ഏറ്റവും…