ഏറ്റവും കൂടുതൽ തിരഞ്ഞവ
فضل المدينة وآداب سكناها وزيارتها
മദീനയുടെ ശ്രേഷ്ഠതയും അവിടെ താമസിക്കുന്നതിന്റെയും സന്ദർശിക്കുന്നതിന്റെയും മര്യാദകളും തയ്യാറാക്കിയത്: അബ്ദുൽ മുഹ്സിൻ ബിൻ ഹമദ് അൽഅബ്ബാദ് അൽബദർ സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുകയും അവനോട് മാത്രം സഹായം തേടുകയും അവനോട് മാത്രം പാപമോചനം തേടുകയും നമ്മുടെ മനസിന്റെ എല്ലാവിധ ദുഷ്യങ്ങളിൽ നിന്നും മോശപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുന്നു. അവൻ സന്മാർഗത്തിലാക്കിയവരെ പിഴപ്പിക്കാനാർക്കും സാധ്യമല്ല. അവൻ പിഴവിലാക്കിയവരെ നേർമാർഗത്തിലാക്കുവാനും ആരുമില്ല. ഏകനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവന് യാതൊരു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ അടിമയും…
മദീനയുടെ ശ്രേഷ്ഠതയും അവിടെ താമസിക്കുന്നതിന്റെയും സന്ദർശിക്കുന്നതിന്റെയും മര്യാദകളും
തയ്യാറാക്കിയത്: അബ്ദുൽ മുഹ്സിൻ ബിൻ ഹമദ് അൽഅബ്ബാദ് അൽബദർ
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുകയും അവനോട് മാത്രം സഹായം തേടുകയും അവനോട് മാത്രം പാപമോചനം തേടുകയും നമ്മുടെ മനസിന്റെ എല്ലാവിധ ദുഷ്യങ്ങളിൽ നിന്നും മോശപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുന്നു. അവൻ സന്മാർഗത്തിലാക്കിയവരെ പിഴപ്പിക്കാനാർക്കും സാധ്യമല്ല. അവൻ പിഴവിലാക്കിയവരെ നേർമാർഗത്തിലാക്കുവാനും ആരുമില്ല. ഏകനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവന് യാതൊരു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം അല്ലാഹുവിന്റെ ഖലീലും അവന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനുമാകുന്നു. അന്ത്യസമയത്തിനു മുമ്പായി സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവ് അനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കുമായി അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചു. എല്ലാ നന്മയിലേക്കും തന്റെ സമുദായത്തെ വഴികാണിക്കുകയും എല്ലാ തിന്മകളിൽ നിന്നും താക്കീത് നൽകുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും അനുചരന്മാർക്കും അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ പാത സ്വീകരിക്കുകയും ചര്യ പിൻപറ്റുകയും ചെയ്യുന്നവർക്കും അവന്റെ കരുണാകടാക്ഷങ്ങൾ ചൊരിഞ്ഞ് അനുഗ്രഹിക്കുമാറാകട്ടെ.
മദീന! ആദരണീയനായ റസൂൽ (ﷺ)യുടെ പട്ടണം. പരിശുദ്ധമായ ത്വയ്ബ എന്ന് പേരുള്ള, വഹ്'യ് ഇറങ്ങിയ നാട്. റസൂലിന്റെ അടുക്കൽ വിശ്വസ്തനായ ജിബ്'രിൽ ഇറങ്ങിയ സ്ഥലം. ഈമാനിന്റെ അഭയകേന്ദ്രം. മുഹാജിറുകളും അൻസ്വാറുകളും കണ്ടുമുട്ടിയ ഭൂമി. മുഹാജിറുകൾക്ക് വാസസ്ഥലവും വിശ്വാസവും സജ്ജീകരിച്ചവരുടെ നാട്. മുസ്ലിംകളുടെ ഒന്നാമത്തെ തലസ്ഥാനം. അവിടെയാണ് അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദിന്റെ പതാക ആദ്യമായി കെട്ടിയത്. അങ്ങനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാനുള്ള സത്യത്തിന്റെ ചെറു സംഘങ്ങൾ മദീനയിൽ നിന്ന് പുറപ്പെട്ടു. അവിടെ നിന്ന് പ്രകാശം പരക്കുകയും സന്മാർഗത്തിന്റെ വെളിച്ചത്താൽ ഭൂമി പ്രകാശിക്കുകയും ചെയ്തു. അത് നബി (ﷺ)യുടെ പലായനത്തിന്റെ നാടാണ്. അവിടേക്കാണ് തിരുമേനി പാലയനം ചെയ്തത്. അവിടെയാണ് അവസാനകാലം വരെ ജീവിച്ചതും മരണപ്പെട്ടതും ഖബ്റടക്കപ്പെട്ടതും. അവിടെ നിന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതും. ഖിയാമത്തു നാളിൽ ആദ്യമായി പൊട്ടിപ്പിളരുന്നത് തിരുമേനിയുടെ ഖബ്റായിരിക്കും. പ്രവാചകന്മാരുടെ ഖബ്റുകളുടെ കൂട്ടത്തിൽ തിരുമേനിയുടെ ഖബ്റിടമല്ലാതെ മറ്റൊരാളുടെയും ഖബ്റിടം ഇന്ന സ്ഥലത്താണെന്ന് ഉറപ്പുപറയാൻ സാധ്യമല്ല.
അനുഗൃഹീതമായ ഈ മദീനയെ അല്ലാഹു ശ്രേഷ്ഠമാക്കുകയും മക്കയ്ക്ക് ശേഷമുള്ള ഉത്തമമായ പുണ്യസ്ഥലമാക്കി മാറ്റുകയും ചെയ്തു. മദീനയെക്കാൾ മക്കയുടെ ശ്രേഷ്ഠത അറിയിക്കുന്ന റസൂൽ (ﷺ)യുടെ വചനം കാണുക. സത്യനിഷേധികൾ അവിടെ നിന്ന് തിരുമേനിയെ പുറത്താക്കുകയും മദീനയിലേക്ക് പാലയനം ചെയ്യുകയും ചെയ്തപ്പോൾ മക്കയെ നോക്കിക്കൊണ്ട് റസൂൽ (ﷺ) പറഞ്ഞു: "അല്ലാഹു തന്നെയാണെ സത്യം, തീർച്ചയായും നീ അല്ലാഹുവിന്റെ ഭൂമിയിൽ വെച്ച് ഏറ്റവും ഉത്തമമായ ഭൂമിയാണ്, അല്ലാഹുവിന്റെ ഭൂമിയിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭൂമിയുമാണ്. ഞാൻ നിന്നിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ലെങ്കിൽ ഞാൻപുറത്തുപോകുമായിരുന്നില്ല." (തിർമിദി, ഇബ്നുമാജ)
എന്നാൽ റസൂൽ (ﷺ) യിലേക്ക് ചേർത്തിപ്പറയുന്ന ഒരു ഹദീഥ് ഉണ്ട്. അതായത് പ്രവാചകൻ (ﷺ) ഇങ്ങനെ പ്രാർത്ഥിച്ചത്രെ: "അല്ലാഹുവേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശത്തുനിന്ന് - അതായത് മക്കയിൽ നിന്ന് - നീ എന്നെ പുറത്താക്കി. എന്നാൽ നിനക്ക് ഏറ്റവും പ്രിയപ്പെട്ട നാട്ടിൽ - അതായത് മദീനയിൽ - എന്നെ നീ വസിപ്പിക്കേണമേ." യഥാർത്ഥത്തിൽ ഇത് കെട്ടിയുണ്ടാക്കപ്പെട്ട ഒരു ഹദീഥാണ് (മൗദൂഅ്). ഇതിന്റെ ആശയം ശരിയല്ല. എന്തെന്നാൽ ഇതിൽ നിന്ന് മനസ്സിലാകുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതല്ല റസൂൽ (ﷺ)ന് ഏറ്റവും ഇഷ്ടമുള്ളത് എന്നാണ്. റസൂലിന് ഏറ്റവും ഇഷ്ടമുള്ളതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും വേറെവേറെയാണെന്നാണ് ഇതിലൂടെ ലഭിക്കുന്ന ആശയം. യഥാർത്ഥത്തിൽ റസൂൽ (ﷺ) യുടെ ഇഷ്ടം അല്ലാഹുവിന്റെ ഇഷ്ടത്തെ ആശ്രയിച്ചാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും റസൂലിന് ഏറ്റവും ഇഷ്ടമുള്ളതും രണ്ടും വ്യത്യസ്തമല്ല.
ഈ അനുഗൃഹീത മദീനയുടെ ശ്രേഷ്ഠതയെകുറിച്ചും അവിടെ സന്ദർശിക്കുന്നതിന്റെയും അവിടെ താമസിക്കുന്നതിന്റെയും മര്യാദകളെക്കുറിച്ചും വിശദീകരിക്കുന്ന ഈ പുസ്തകം എഴുതാൻ ഞാൻ തീരുമാനിക്കുകയുണ്ടായി. ആദ്യം മദീനയുടെ ശ്രേഷ്ഠതകളിൽ ചിലതും, ശേഷംമദീനയിൽ താമസിക്കുന്നതിന്റെ മര്യാദകളും അതുകഴിഞ്ഞ് സന്ദർശിക്കുന്നതിന്റെ മര്യാദകളും വിവരിക്കാം:
അല്ലാഹു മക്കയെ നിർഭയത്വമുള്ള പവിത്രഭൂമി (ഹറം) ആക്കിയതു പോലെ മദീനയെയും നിർഭയത്വമുള്ള ഹറമാക്കി നിശ്ചയിച്ചിരിക്കുന്നു എന്നത് ഈ അനുഗൃഹീത മദീനയുടെ ശ്രേഷ്ഠതകളിൽപെട്ടതാണ്. നബി (ﷺ) പറയുന്നു: "ഇബ്രാഹീം (عليه السلام) മക്കയെ ഹറമാക്കിയിരിക്കുന്നു. ഞാൻ മദീനയെയും ഹറമാക്കിയിരിക്കുന്നു." (മുസ്ലിം) ഇവിടെ ഇബ്രാഹീം നബി (عليه السلام) യും മുഹമ്മദ് നബി (ﷺ)യും പവിത്രമാക്കി (ഹറമാക്കി) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം അതിന്റെ പവിത്രത വ്യക്തമാക്കൽ മാത്രമാണ്. യഥാർത്ഥത്തിൽ പവിത്രത നൽകുന്നത് അല്ലാഹുവാണ്. അവനാണ് മക്കയെയും മദീനയെയും പവിത്രമാക്കിയത്. പവിത്രത എന്നത് മറ്റൊരു നാടിനും നൽകാതെ ഈ രണ്ടു നാടുകൾക്ക് പ്രത്യേകമായി അല്ലാഹു നൽകിയ വിശേഷണമാണ്. മക്ക-മദീനയല്ലാത്ത മറ്റൊരു നാടിനും പവിത്രത നൽകപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട യാതൊരു തെളിവുമില്ല. എന്നാൽ അധികം ജനങ്ങളുടെയുമിടയിൽ വ്യാപകമായ ഒരു അബദ്ധ ധാരണയാണ് 'മസ്ജിദുൽ അഖ്സ മൂന്നാമത്തെ ഹറമാണ് എന്നുള്ളത്. യഥാർത്ഥത്തിൽ മൂന്നാമതൊരു ഹറം തന്നെയില്ല. എന്നാൽ ശരിയായിട്ടുള്ളത് ഇങ്ങനെ പറയലാണ്: അത് മഹത്വപൂർണവും ആദരണീയവുമായ മസ്ജിദുകളിൽ മൂന്നാമത്തേതാണ്. ഈ മൂന്ന് മസ്ജിദുകളെക്കുറിച്ചും അവയുടെ ശ്രേഷ്ഠതയെക്കുറിച്ചും നബി (ﷺ) പറഞ്ഞത് ഇപ്രകാരമാണ്: "മസ്ജിദുൽ ഹറം, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്സ എന്നീ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യമുദ്ദേശിച്ച് ദീർഘയാത്ര പുറപ്പെടാൻ പാടുള്ളതല്ല." (ബുഖാരി, മുസ്ലിം) മക്കയിലെയും മദീനയിലെയും ഹറം എന്നത് അവയ്ക്ക് രണ്ടിനും നിശ്ചയിച്ച പരിധികളെ ഉൾക്കൊള്ളുന്ന ഭാഗങ്ങളാണ്. എന്നാൽ മസ്ജിദുന്നബവിയെ സംബന്ധിച്ച് പറയുമ്പോൾ പള്ളി മാത്രമാണ് ഹറം എന്നത് വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ്. അത് മാത്രമല്ല തെക്ക് വടക്ക് ഭാഗത്തെ ഐർ മുതൽ ഥൗർ വരെയുള്ളതും, കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ രണ്ട് കറുത്ത പാറകൾക്കുമിടയിലുള്ളതുമായ മദീന മുഴുവനും ഹറം തന്നെയാണ്. അതാണ് റസൂൽ (ﷺ) പറഞ്ഞത്: "മദീന ഹറമാണ്. ഐർ മുതൽ ഥൗർ വരെ" (ബുഖാരി, മുസ്ലിം) നബി(ﷺ) പറഞ്ഞു: "മദീനയുടെ രണ്ടു കറുത്ത പാറകൾക്കിടയിലുള്ള പ്രദേശത്തെ ഞാൻ ഹറമാക്കിയിരിക്കുന്നു. അതിലെ ചെടികൾ മുറിക്കുവാനോ അവിടെ വേട്ടമൃഗത്തെ കൊല്ലുവാനോ പാടുള്ളതല്ല" (മുസ്ലിം)
ഇക്കാലത്ത് മദീന വികസിച്ച് ഹറമിന്റെ പരിധിക്ക് പുറത്ത് പോയിട്ടുണ്ട്. അതിനാൽ മദീനയിലുള്ള എല്ലാ കെട്ടിടങ്ങളും ഹറമിൽ പെട്ടതാണ് എന്ന് പറയാൻ പറ്റില്ല. ഹറമിന്റെ പരിധിക്കുള്ളിലെ പ്രദേശങ്ങളെല്ലാം ഹറം എന്നും പരിധിക്ക് പുറത്തുള്ളവയെല്ലാം മദീനയിൽ പെട്ടതാണ് എന്നും പറയാം. എന്നാൽ അത് ഹറമിൽ പെട്ടതാണെന്ന് പറയാൻ പറ്റില്ല
മദീന ഹറമിന്റെ പരിധി വ്യക്തമാക്കിക്കൊണ്ട് നബി (ﷺ) ഇങ്ങനെ പറഞ്ഞു. "നിശ്ചയം ഹറം എന്നത് രണ്ട് കറുത്ത പാറകൾക്കിടയിലുള്ളതാണ്". മറ്റു ചില ഹദീഥുകളിൽ "രണ്ട് മലകൾക്കിടയിലുള്ളതാണ്" വേറെ ചില ഹദീഥുകളിൽ "ഐറിന്റെയും ഥൗറിന്റെയും ഇടയിലുള്ളതാണ്." ഈ വാചകങ്ങളിൽ പരസ്പരം വൈരുദ്ധ്യങ്ങളൊന്നുമില്ല. ഇതിൽ ചെറിയ പരിധി, വലിയ പരിധിയിൽ ഉൾപ്പെടുന്നതാണ്. രണ്ട് കറുത്ത പാറകൾക്കിടയിലുള്ള പ്രദേശം ഹറമാണ്. രണ്ട് മലകൾക്കിടയിലുള്ള പ്രദേശവും ഹറമാണ്. ഐറിന്റെയും ഥൗറിന്റെയും ഇടയിലുള്ള പ്രദേശവും ഹറം തന്നെ. വല്ല സ്ഥലവും ഹറമിൽ പെട്ടതാണോ അല്ലയോ എന്ന് സംശയമുണ്ടായാൽ നബി (ﷺ) കാണിച്ചുതന്ന മാർഗം സ്വീകരിക്കുകയാണ് വേണ്ടത്. അതായത് സൂക്ഷ്മത കൈകൊള്ളുക. നുഅ്മാനുബ്നു ബശീർ (رَضِيَ اللَّهُ عَنْهُ റിപ്പോർട്ട് ചെയ്ത സർവാംഗീകൃതമായ ഹദീഥിൽ നബി (ﷺ) പറഞ്ഞത് പോലെ: "ആരെങ്കിലും സംശയാസ്പദമായ കാര്യങ്ങളിൽ നിന്നും വിട്ടുനിന്നാൽ അവൻ അവന്റെ മതത്തെയും അഭിമാനത്തെയും സംരക്ഷിച്ചു, സംശയാസ്പദമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ അവൻ ഹറാമിൽ ആപതിക്കുകയായി."
ഈ അനുഗൃഹീത മദീനയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ് നബി (ﷺ) അതിന് ത്വയ്ബ (طيبة،) എന്നും ത്വാബ (طابة) എന്നും പേരു നൽകി എന്നുള്ളത്. മാത്രമല്ല അല്ലാഹുവാണ് അതിന് 'ത്വാബ' എന്ന് പേര് നൽകിയതെന്നത് സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. നബി (ﷺ)പറഞ്ഞു. "നിശ്ചയം അല്ലാഹു മദീനക്ക് ത്വാബ എന്ന് പേര് നൽകി." ഈ രണ്ടു പദങ്ങളും طيِّب (നല്ലത്, വിശിഷ്ടമായത്) എന്ന പദത്തിൽ നിന്നും വന്നതാണ്. അപ്പോൾ നല്ല ഒരു പ്രദേശത്തിന് നൽകപ്പെട്ട ഒരു നല്ല പദങ്ങളാണ്. മദീനയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ് ഈമാൻ അവിടേക്ക് ചുരുണ്ടു കൂടും എന്നത്. നബി (ﷺ) പറഞ്ഞു: "പാമ്പ് അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നത് പോലെ തീർച്ചയായും ഈമാൻ മദീനയിൽ ചുരുണ്ടു കൂടും." (ബുഖാരി, മുസ്ലിം)
ഇതിന്റെ അർത്ഥം ഈമാൻ അതിലേക്ക് വരികയും അവിടെ നിലനിൽക്കുകയും ചെയ്യും എന്നാണ്. മുസ്ലിംകൾ അതിനെ ലക്ഷ്യമാക്കുന്നതാണ്. അവരെ അതിലേക്ക് പ്രേരിപ്പിക്കുന്നത് വിശ്വാസവും അല്ലാഹു പവിത്രമാക്കിയ അനുഗൃഹീതമായ ഈ ഭൂമിയോടുള്ള സ്നേഹവുമാണ്.
അതിന്റെ ശ്രേഷ്ഠതകളിൽപെട്ടതാണ്. അത് മറ്റു പട്ടണങ്ങളെ തിന്നുന്ന പട്ടണമാണ് എന്ന് റസൂൽ (ﷺ) അതിനെ വിശേഷിപ്പിച്ചു എന്നത്. റസൂൽ (ﷺ) പറഞ്ഞു: "പട്ടണങ്ങളെ തിന്നുന്ന ഈ പട്ടണത്തിലേക്ക് ഹിജ്റ ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടു. യഥ്രിബ് എന്ന് അവർ അതിന് പേരു പറയുന്നു. എന്നാൽ അത് മദീനയാകുന്നു." (ബുഖാരി, മുസ്ലിം) (ബുഖാരി, മുസ്ലിം) ഇവിടെ നബി (ﷺ) പറഞ്ഞത്: "ആ പട്ടണം പട്ടണങ്ങളെ തിന്നുന്നതാണ്" എന്നാണ്. അത് മറ്റു പട്ടണങ്ങളുടെ മേൽ വിജയം പ്രാപിക്കും എന്നും, അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം ചെയ്ത് ലഭിക്കുന്ന യുദ്ധമുതലുകൾ അവിടേക്ക് കൊണ്ട് വരപ്പെടുകയും ചെയ്യും എന്നുമാണ് നബി(ﷺ)യുടെ ഈ പ്രയോഗത്തിന് വിശദീകരണം നൽകപ്പെട്ടിട്ടുള്ളത്. ഈ രണ്ടു കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞതാണ്. മറ്റു പട്ടണങ്ങളുടെ മേൽ ഈ പട്ടണത്തിനുള്ള വിജയം സംഭവിച്ചത് സന്മാർഗികളും പരിഷ്കർത്താക്കളും വിജയികളായ യോദ്ധാക്കളും അവിടെ നിന്നും പുറപ്പെട്ടപ്പോഴാണ്. ജനങ്ങളെ അന്ധകാരങ്ങളിൽ നിന്ന് തങ്ങളുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം പ്രകാശത്തിലേക്ക് അവർ കൊണ്ടുവന്നു. അങ്ങനെ ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ പ്രവേശിച്ചു. ലോകർക്ക് ഏതെല്ലാം നന്മകൾ സംഭവിച്ചിട്ടുണ്ടോ അതെല്ലാം ഈ അനുഗൃഹീത പട്ടണത്തിൽ നിന്ന് അഥവാ പ്രവാചകന്റെ മദീനയിൽ നിന്ന് പുറപ്പെട്ടതാണ്. അപ്പോൾ ഇവിടെ "മറ്റു പട്ടണങ്ങളെ തിന്നുക" എന്നതിന് 'വിജയം പ്രാപിക്കുക' എന്ന അർഥം യോജിക്കുന്നതാണ്. ആദ്യകാലക്കാരായ സഹാബത്തിനും ഖുലഫാഉർറാശിദീങ്ങൾക്കും ഉണ്ടായത് ആ വിജയം തന്നെയാണ്. അതുപോലെതന്നെ രണ്ടാമത്തെ അർത്ഥമായ യുദ്ധമുതലുകൾ കൊണ്ട് വരപ്പെടുക എന്നതും സംഭവിച്ചു കഴിഞ്ഞു. അതായത് കിസ്റാ-ഖൈസർ ചക്രവർത്തിമാരുടെ നിധികൾ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെടുമെന്ന് നബി (ﷺ) അറിയിച്ചിട്ടുണ്ട്. അപ്രകാരം തന്നെ സംഭവിച്ചു! ഈ ഖജനാവുകൾ മദീനയിലേക്ക് കൊണ്ട് വരപ്പെടുകയും ഉമർ (رَضِيَ اللَّهُ عَنْهُ) വിന്റെ കരങ്ങൾ കൊണ്ടത് വിഹിതം വെക്കുകയും ചെയ്തു. മദീനയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ് അവിടെ വെച്ചുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ക്ഷമിക്കാൻ നബി (ﷺ) പ്രേരിപ്പിച്ചു എന്നത്. റസൂൽ (ﷺ) പറഞ്ഞു: "മദീന അവർക്ക് ഉത്തമമാണ്, അവർ അറിഞ്ഞിരുന്നുവെങ്കിൽ." സുഖവും കൂടുതൽ സമ്പത്തും ഉപജീവനവും ഉദ്ദേശിച്ച് മദീനയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാനുദ്ദേശിച്ച ആളുകളോട് നബി (ﷺ) പറയുകയാണ്: "മദീന അവർക്ക് ഉത്തമമാണ്, അവർ അറിഞ്ഞിരുന്നുവെങ്കിൽ. മദീനയെ വെറുത്ത് ആരെങ്കിലും അവിടെ നിന്ന് പോയാൽ അവനേക്കാൾ നല്ല ഒരാളെ അല്ലാഹു അവിടെ പകരം വെക്കുന്നതാണ്. അവിടത്തെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരെങ്കിലും തരണം ചെയ്താൽ അന്ത്യനാളിൽ ഞാൻ അവർക്ക് സാക്ഷിയും ശുപാർശകനുമായി വരുന്നതാണ്." (മുസ്ലിം)
ഈ ഹദീഥ് മദീനയുടെ ശ്രേഷ്ഠതയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം തന്നെ അവിടെ വെച്ച് ആർക്കെങ്കിലും പ്രയാസമോ ഇടുക്കമോ ബുദ്ധിമുട്ടുകളോ അനുഭവിക്കേണ്ടി വരികയും എന്നിട്ട് അതിൽ അവൻ ക്ഷമിക്കുകയും ചെയ്താൽ അതിനുള്ള ഫലത്തെക്കുറിച്ചും ഈ ഹദീഥ് പഠിപ്പിക്കുന്നു. ആർക്കെങ്കിലും ഇങ്ങനെ സംഭവിച്ചാൽ ആഡംബര ജീവിതം തേടിപ്പോകാൻ അതവനെ പ്രേരിപ്പിക്കരുത്. മറിച്ച് അവന് ഉണ്ടാകുന്നതിൽ ക്ഷമിച്ച് നിൽക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നവന് വാഗ്ദാനം നൽകപ്പെട്ടിട്ടുള്ളത് അല്ലാഹുവിന്റെ മഹത്തായ പ്രതിഫലമാകുന്നു.
മദീനയുടെ പവിത്രതയെക്കുറിച്ച് വിവരിച്ചപ്പോൾ അവിടെ മതത്തിൽ വല്ലതും പുതുതായി ഉണ്ടാക്കുന്നതിന്റെയും, ശിക്ഷാർഹമായ തിന്മകൾ ചെയ്യുന്നതിന്റെയും അപകടത്തെയും ഗൗരവത്തെയും കുറിച്ച് നബി (ﷺ) പറഞ്ഞു: "മദീന 'ഐർ' മുതൽ 'ഥൗർ' വരെ ഹറമാണ്. അവിടെവെച്ച് ആരെങ്കിലും മതത്തിലില്ലാത്തത് വല്ലതും ചെയ്താൽ, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവന്ന് അഭയം നൽകിയാൽ അല്ലാഹുവും മലക്കുകളും മുഴുവൻ ജനങ്ങളും അവനെ ശപിക്കുന്നതാണ്. അവനിൽ നിന്ന് ഫർദോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല." (ബുഖാരി, മുസ്ലിം)
നബി (ﷺ) മദീനക്ക് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചു എന്നതും അതിന്റെ ശ്രേഷ്ഠതകളിൽപെട്ടതാണ്. നബി (ﷺ) ഇങ്ങനെ ദുആ ചെയ്തിരിക്കുന്നു: "അല്ലാഹുവേ! ഞങ്ങളുടെ ഫലങ്ങളിൽ നീ ബറകത് ചൊരിയേണമേ! ഞങ്ങളുടെ മദീനയിൽ നീ ബറകത് ചൊരിയേണമേ! ഞങ്ങളുടെ സ്വാഇൽ (അന്നത്തെ ഒരു അളവുപാത്രം) നീ ബറകത് ചൊരിയേണമേ! ഞങ്ങളുടെ മുദ്ദിൽ നീ ബറകത് ചൊരിയേണമേ!" (മുദ്ദ് മറ്റൊരു അളവാണ്. നാല് മുദ്ദാണ് ഒരു സ്വാഅ്) (മുസ്ലിം) അവിടെ പ്ലേഗ് രോഗമോ ദജ്ജാലോ പ്രവേശിക്കുന്നതല്ല എന്നതും മദീനയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്. നബി (ﷺ) പറഞ്ഞു: "മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകൾ കാവൽ നിൽക്കുന്നുണ്ട്. അവിടേക്ക് പ്ലേഗ് രോഗവും ദജ്ജാലും പ്രവേശിക്കുന്നതല്ല" (ബുഖാരി, മുസ്ലിം) മദീനയുടെ ശ്രേഷ്ഠതകളെപ്പറ്റി പറയുന്ന ഹദീഥുകൾ വളരെയധികമുണ്ട്. അതിൽ ബുഖാരിയും മുസ്ലിമും ഒരുപോലെ റിപ്പോർട്ട് ചെയ്തതോ അവരിൽ ഒരാൾ മാത്രം രിവായത് ചെയ്തതോ ആയ ഹദീഥുകളിൽ നിന്ന് ചിലത് മാത്രമാണ് ഞാൻ ഇവിടെ ഉദ്ധരിച്ചത്.
മദീനയുടെ ശ്രേഷ്ഠതകളെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല പുസ്തകങ്ങളിലൊന്ന് ഡോ. സ്വാലിഹ് ബിൻ ഹാമിദ് രിഫാഇ ഡോക്ടറേറ്റിനുവേണ്ടി മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ "മദീനയുടെ ശ്രേഷ്ഠതകളെക്കുറിച്ച് വന്ന ഹദീഥുകൾ; ക്രോഡീകരണവും അപഗ്രഥനവും" (الأحاديث الواردة في فضائل المدينة جمعاً ودراسةً) എന്ന തലക്കെട്ടിൽ സമർപ്പിച്ച പഠനമാണ്. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവരോട് ആ പുസ്തകം വായിക്കാൻ ഞാൻ ആത്മാർത്ഥമായി ഉപദേശിക്കുന്നു.
ഈ മദീനയിൽ മഹത്തായ രണ്ട് പള്ളികളുണ്ട്. 1) റസൂൽ (ﷺ) യുടെ പള്ളി (മസ്ജിദുന്നബവി) 2) ഖുബാ പള്ളി (മസ്ജിദു ഖുബാ)
മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതയെക്കുറിച്ച് ഹദീഥുകൾ വന്നിട്ടുണ്ട്. അതിൽപെട്ടതാണ് താഴെ പറയുന്ന ഹദീഥ്. നബി (ﷺ) പറഞ്ഞിരിക്കുന്നു: "മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്സ എന്നീ മൂന്നു പള്ളികളിലേക്കല്ലാതെ (പുണ്യമുദ്ദേശിച്ച്) യാത്രപുറപ്പെടാൻ പാടുള്ളതല്ല" (ബുഖാരി, മുസ്ലിം) നബിമാർ നിർമ്മിച്ച മൂന്ന് പള്ളികളിലൊന്നാണ് ഈ പട്ടണത്തിലുള്ള മസ്ജിദുന്നബവി. ആ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യമുദ്ദേശിച്ച് ദീർഘയാത്ര ചെയ്യാവതല്ല.
ഈ മസ്ജിദിനെ നമസ്കാരത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീഥുകളും വന്നിട്ടുണ്ട്. മസ്ജിദുന്നബവിയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന് ആയിരം നമസ്കാരത്തേക്കാൾ പ്രതിഫലമുണ്ട്. നബി (ﷺ) പറഞ്ഞു. "എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന് മസ്ജിദുൽ ഹറാം അല്ലാത്ത മറ്റു പള്ളികളിൽ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തെക്കാൾ ശ്രേഷ്ഠതയുണ്ട്." (ബുഖാരി, മുസ്ലിം). ഇതൊരു മഹാ പ്രതിഫലമാണ്. പരലോകത്തേക്ക് വേണ്ടി സമ്പാദിക്കുവാനുള്ള ഒരവസരവുമാണ്. ഇരട്ടികൾ ലാഭമുള്ള ഒരു കച്ചവടമാണിത്. അത് പത്തോ നൂറോ അല്ല, ആയിരത്തിൽപരമാണ്.
നമുക്കറിയാം, ദുനിയാവിലെ കച്ചവടക്കാർ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന് കണ്ടാൽ അവരതിന് വേണ്ടി മുൻകൂട്ടി ഒരുങ്ങുന്നതാണ്. അവിടുത്തെ ലാഭം പകുതിയോ ഇരട്ടിയോ ആണെങ്കിലും ശരി അവരതിന് തയ്യാറാവുന്നതാണ്. എന്നാൽ ഇവിടെ നമസ്കാരത്തിന്റെ കാര്യത്തിലുള്ള ലാഭം പത്തോ, നൂറോ, അഞ്ഞൂറോ, അറുനൂറോ ഇരട്ടിയല്ല, മറിച്ച് ആയിരത്തിൽപരമാണ്. അതാകട്ടെ പരലോകത്തെ ലാഭവും!
ഈ അനുഗൃഹീത മസ്ജിദുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ഫർദിനും സുന്നത്തിനും ആയിരത്തിൽപരം. ഒരു നമസ്കാരത്തിന് ആയിരം നമസ്കാരത്തെക്കാൾ പ്രതിഫലം ലഭിക്കും എന്നത് ഫർദ് നമസ്കാരത്തിന് മാത്രമല്ല. സുന്നത്ത് നമസ്കാരത്തിന് മാത്രവുമല്ല. മറിച്ച് ഫർദിനും, സുന്നത്തിന്നും ആയിരം നമസ്കാരത്തേക്കാൾ പ്രതിഫലം ലഭിക്കും. കാരണം നബി (ﷺ) പറഞ്ഞത് "ഒരു നമസ്കാരം" എന്നാണ്. അതിന് എന്തെങ്കിലും ഉപാധി അവിടുന്ന് പറഞ്ഞിട്ടില്ല. അപ്പോൾ ഒരു ഫർദ് നമസ്കാരത്തിന് ആയിരം ഫർദിന്റെയും ഒരു സുന്നത്തിന് ആയിരം സുന്നത്തിന്റേയും പ്രതിഫലം ലഭിക്കും.
2) പ്രതിഫലം റസൂൽ(ﷺ)യുടെ കാലത്തെ പള്ളിക്ക് മാത്രമോ? ഹദീഥിൽ വന്ന ഈ ഇരട്ടി പ്രതിഫലം റസൂലിന്റെ കാലത്തുണ്ടായിരുന്ന പള്ളിക്ക് മാത്രമുള്ളതല്ല, പിൽക്കാലത്ത് മസ്ജിദിലേക്ക് ചേർക്കപ്പെട്ടതെല്ലാം ഇതിൽപെടും. ഖലീഫമാരായ ഉമർ -رَضِيَ اللَّهُ عَنْهُ-, ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- എന്നിവർ റസൂലിന്റെ പള്ളിയുടെ മുൻഭാഗം വികസിപ്പിക്കുകയുണ്ടായി. അപ്പോൾ ഇമാമും തുടർന്നുള്ള സ്വഫ്ഫുകളുമെല്ലാം നിന്നിരുന്നത് റസൂലിന്റെ കാലത്തുള്ള മസ്ജിദിന് പുറത്തായിരുന്നു. റസൂലി(ﷺ)ന്റെ കാലത്തെ പള്ളിയിൽ നിന്ന് വികസിപ്പിച്ച ഭാഗങ്ങൾക്ക് ഈ ഇരട്ടി പ്രതിഫലം ലഭിക്കില്ലായിരുന്നുവെങ്കിൽ ഈ ഖലീഫമാർ മസ്ജിദിന്റെ മുൻഭാഗം വികസിപ്പിക്കുമായിരുന്നില്ല. ഇവരുടെ കാലത്തുണ്ടായിരുന്ന മറ്റു സ്വഹാബിമാരാരും ഇതിനെ എതിർത്തതുമില്ല. അവർ ധാരാളം പേർ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അപ്പോൾ ഈ പ്രതിഫലം റസൂലിന്റെ കാലത്തുണ്ടായിരുന്ന മസ്ജിദിന് മാത്രമുളളതല്ല എന്നതിന് ഇത് വ്യക്തായ തെളിവാണ്.
3) റൗദ: ഈ പള്ളിയിൽ റൗദ അഥവാ "സ്വർഗത്തോപ്പുകളിൽ ഒരു തോപ്പ്" എന്ന് റസൂൽ (ﷺ) വിശേഷിപ്പിച്ച സ്ഥലമുണ്ട്. അതിനെക്കുറിച്ച് റസൂൽ (ﷺ) പറഞ്ഞു: "എന്റെ വീടിന്റെയും മിമ്പറിന്റേയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപെട്ട ഒരു തോപ്പാണ്" (ബുഖാരി, മുസ്ലിം) ഇതിനെ പ്രത്യേകമാക്കിപ്പറഞ്ഞത് അതിന്റെ ശ്രേഷ്ഠതയേയും പ്രത്യേകതയേയും കുറിച്ച് അറിയിക്കുന്നു. മറ്റൊരാൾകും തടസ്സമുണ്ടാവാത്ത രീതിയിൽ അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതിനും ദിക്റുകൾ ചൊല്ലുന്നതിന്നും ഖുർആൻ പാരായണം ചെയ്യുന്നതിന്നും ശ്രേഷ്ഠതയുണ്ട്. എന്നാൽ ഫർദ് നമസ്കാരത്തിന് റൗദക്ക് മുമ്പിലുള്ള സ്വഫ്ഫുകളിൽ സ്ഥലമുണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം. കാരണം നബി (ﷺ) പറഞ്ഞു. "പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ഉത്തമം ആദ്യത്തെ സ്വഫ്ഫുകളാണ്. ഏറ്റവും മോശമായത് അവസാനത്തേതുമാണ്." (മുസ്ലിം). അതുപോലെ നബി പറഞ്ഞു: "ബാങ്കിലും, ഒന്നാമത്തെ സ്വഫ്ഫിലുമുള്ള പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കുന്നുവെങ്കിൽ, പിന്നെ അത് ലഭിക്കുവാൻ നറുക്കെടുപ്പല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിൽ അവർ അതിന് വേണ്ടി നറുക്കെടുക്കുമായിരുന്നു." (ബുഖാരി, മുസ്ലിം)
4) നമസ്കാരത്തിന് മസ്ജിദുന്നബവി നിറഞ്ഞ് കവിഞ്ഞാൽ പിന്നീട് വരുന്നവർക്ക് റോഡുകളിൽ വെച്ച് ഇമാമിനെ തുടർന്ന് നമസ്കരിക്കാവുന്നതാണ്. മസ്ജിദിന്റെ മുൻഭാഗമല്ലാത്ത മറ്റു മൂന്ന് ഭാഗങ്ങളിലും വെച്ച് ഇങ്ങനെ ചെയ്യാം. അതിന് ജമാഅത്ത് നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കും. എന്നാൽ ആയിരത്തിൽപരം പ്രതിഫലം ലഭിക്കുന്നത് പള്ളിയുടെ അകത്ത് നമസ്കരിക്കുന്നവർക്കാണ് കാരണം. നബി (ﷺ) പറയുന്നു: "എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന് മസ്ജിദുൽ ഹറാം അല്ലാത്ത മറ്റു പള്ളികളിൽ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തെക്കാൾ ശ്രേഷ്ഠതയുണ്ട്." പുറത്ത് നമസ്കരിക്കുന്നവർ നബിയുടെ മസ്ജിദിനുള്ളിൽ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലല്ല ഉൾപ്പെടുക. അപ്പോൾ പുറത്ത് വഴിയിൽ നമസ്കരിക്കുന്നവൻ പള്ളിയുടെ അകത്ത് നമസ്കരിക്കുന്നവനെപ്പോലെയല്ല. അവന്ന് ഈ ഇരട്ടി പ്രതിഫലം ലഭിക്കുകയുമില്ല.
5) മദീനയിൽ വരുന്നവർ മസ്ജിദുന്നബവിയിൽ വെച്ച് 40 വക്ത് നമസ്കാരം നിർവഹിക്കണം എന്ന ഒരു തെറ്റിദ്ധാരണയുണ്ട്. പലർക്കിടയിലും പ്രചരിച്ചിട്ടുള്ള ഒരു തെറ്റായ ധാരണയാണിത്. ഇമാം അഹ്മദ് തന്റെ മുസ്നദിൽ അനസ്, (رَضِيَ اللَّهُ عَنْهُ) ൽ നിന്നും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം രൂപപ്പെട്ടിട്ടുള്ളത്. ആ ഹദീഥ് ഇങ്ങനെയാണ്: റസൂൽ(ﷺ) പറഞ്ഞിരിക്കുന്നു: "ഒരു നമസ്കാരവും പാഴാക്കാതെ എന്റെ ഈ പള്ളിയിൽ വെച്ച് ആരെങ്കിലും 40 വക്ത് നമസ്കാരം നിർവഹിച്ചാൽ അവന്ന് നരക ശിക്ഷയിൽ നിന്ന് രക്ഷയും കാപട്യത്തിൽ നിന്നും മോചനവും ലഭിക്കുന്നതാണ്." എന്നാൽ ഇത് തെളിവിന് പറ്റാത്ത ദുർബലമായ ഒരു ഹദീഥാണ്. മറിച്ച് ഇക്കാര്യം വിശാലമാണ്. മദീനയിൽ വരുന്നവൻ മസ്ജിദുന്നബവിയിൽ വെച്ച് നിശ്ചിത നമസ്കാരങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണെന്ന ധാരണ ശരിയല്ല. മറിച്ച്, അവിടെ വെച്ചുള്ള എല്ലാ നമസ്കാരത്തിനും ആയിരം നമസ്കാരത്തെക്കാൾ പ്രതിഫലമുണ്ട്. അതിന് പ്രത്യേക എണ്ണമോ കണക്കോ ഇല്ല.
6) ഖബ്റുകളെ പള്ളികളാക്കരുത്. ഇസ്ലാമിക രാജ്യങ്ങളിലടക്കം പല മുസ്ലിംകളെയും പിടികൂടിയിട്ടുള്ള ഒരു വിപത്താണ് ഖബ്റുകളിന്മേൽ പള്ളികൾ നിർമ്മിക്കലും മരിച്ചവരെ പള്ളിയിൽ ഖബ്റടക്കലും. അത് അനുവദനീയമാക്കാൻ ചിലർ തെളിവ് പിടിക്കുന്നത് നബി (ﷺ)യുടെ ഖബ്ർ മസ്ജിദിന്റെ അകത്താണല്ലോ ഉള്ളത് എന്ന ന്യായമാണ്. എന്നാൽ ഈ സംശയത്തിനുള്ള മറുപടി ഇങ്ങനെ പറയാം: മദീനയിൽ എത്തിയ ഉടനെ നബി(ﷺ)യാണ് പള്ളി നിർമിച്ചത്. പിന്നീട് മസ്ജിദിന് തൊട്ടടുത്ത് നബി (ﷺ)യുടെ ഭാര്യമാർക്ക് താമസിക്കുന്നതിനായി വീടുകളും നിർമ്മിച്ചു. അതിൽ പെട്ടതാണ് നബി (ﷺ) മറവ് ചെയ്യപ്പെട്ട ആഇശ (رَضِيَ اللَّهُ عَنْها) യുടെ വീടും. ഈ വീടുകൾ ഖുലഫാഉറാശിദുകളുടെ കാലത്തും മുആവിയ (رَضِيَ اللَّهُ عَنْهُ) വിന്റെ കാലത്തും ശേഷവും പള്ളിയുടെ പുറത്ത് അതേ നിലയിൽ തന്നെ അവശേഷിച്ചു. പിന്നീട് ബനൂ ഉമയ്യ ഭരണാധികാരികളുടെ ഭരണകാലത്ത് പള്ളി വികസിപ്പിച്ചപ്പോൾ നബി (ﷺ) അന്ത്യവിശ്രമം കൊള്ളുന്ന ആഇശാ (رَضِيَ اللَّهُ عَنْها)യുടെ വീടും അതിൽ ഉൾപ്പെടുകയാണുണ്ടായത്. എന്നാൽ ഖബ്റുകളെ പള്ളികളാക്കുന്നതിനെ നിഷിദ്ധമാക്കിക്കൊണ്ട് അസാധുവാക്കാൻ പറ്റാത്ത വ്യക്തമായ ഹദീഥുകൾ നബി (ﷺ)യിൽ നിന്നും വന്നിട്ടുണ്ട്. അതിൽപെട്ടതാണ്, ജുൻദുബ് ബ്നു അബ്ദില്ലാ അൽ ബജലി (رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്ത ഹദീഥ്. അദ്ദേഹം പറഞ്ഞു. റസൂൽ (ﷺ) അവിടുത്തെ മരണത്തിന് 5 ദിവസം മുമ്പ് പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "നിങ്ങളിൽ നിന്നും എനിക്കൊരു ഖലീൽ (ഉറ്റ കൂട്ടുകാരൻ) ഉണ്ടാകുന്നതിനെതൊട്ട് ഞാൻ അല്ലാഹുവിനോട് ഒഴിവ് ബോധിപ്പിക്കുന്നു. തീർച്ചയായും അല്ലാഹു ഇബ്റാഹീം നബിയെ ഖലീലായി സ്വീകരിച്ചപോലെ എന്നെയും ഖലീലായി സ്വീകരിച്ചിരിക്കുന്നു. എന്റെ സമുദായത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഖലീലായി സ്വീകരിക്കുകയാണെങ്കിൽ അബൂബക്റിനെ സ്വീകരിക്കുമായിരുന്നു; അറിയുക, നിങ്ങളുടെ മുമ്പ് കഴിഞ്ഞു പോയവർ അവരിലെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളെ പള്ളികളായി സ്വീകരിച്ചിരുന്നു. അറിയുക, നിങ്ങൾ ഖബ്റുകളെ ആരാധനാലയങ്ങളായി സ്വീകരിക്കരുത്. തീർച്ചയായും ഞാൻ അത് നിങ്ങളോട് വിലക്കുന്നു." (മുസ്ലിം)
നബി (ﷺ) മരണം ആസന്നമായ സമയത്ത് വരെയും ഖബ്റുകളെ പള്ളികളായി സ്വീകരിക്കുന്നതിനെ താക്കീത് ചെയ്യുകയുണ്ടായി. ആഇശ (رَضِيَ اللَّهُ عَنْها) ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) എന്നിവർ പറഞ്ഞതായി ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു: റസൂൽ (ﷺ)ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അത് മുഖത്ത് നിന്നും നീക്കും. ഇങ്ങനെയിരിക്കെ അവിടുന്ന് പറഞ്ഞു: "ജൂത-ക്രിസ്ത്യാനികളെ അല്ലാഹു ശപിക്കട്ടെ, അവർ അവരുടെ പ്രവാചകന്മാരുടെ ഖബ്റുകളെ മസ്ജിദുകളായി സ്വീകരിച്ചിരിക്കുന്നു." അവർ ചെയ്തതിനെ തൊട്ട് (മുസ്ലിംകൾക്ക് ) റസൂൽ (ﷺ) മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഇപ്രകാരം പറഞ്ഞത്.
ആഇശ (رَضِيَ اللَّهُ عَنْها), ഇബ്നുഅബ്ബാസ് (رَضِيَ اللَّهُ عَنْه), ജുൻദുബ് (رَضِيَ اللَّهُ عَنْه) എന്നിവരിൽ നിന്ന് വന്ന ഈ ഹദീഥുകൾ പിന്നീടൊരിക്കലും അസാധുവാകാൻ ഒരു സാധ്യതയും അവശേഷിപ്പിക്കാത്ത ഖണ്ഡിതമായ ഹദീഥുകളാണ്. കാരണം ജുൻദുബ് (رَضِيَ اللَّهُ عَنْه) വിന്റെ ഹദീഥ് നബി (ﷺ)യുടെ അവസാന ദിവസങ്ങളിൽ നടന്ന സംഭവമാണ്. ആഇശ (رَضِيَ اللَّهُ عَنْها)യുടെയും ഇബ്നുഅബ്ബാസ് (رَضِيَ اللَّهُ عَنْه)ന്റെയും ഹദീഥ് നബി (ﷺ)യുടെ അവസാന നിമിഷങ്ങളിലുമുള്ളതാണ്. അതിനാൽ ഈ സ്വഹീഹായ ഹദീഥുകളെ വിട്ട് ബനൂ ഉമയ്യയുടെ കാലത്ത് നടന്ന, റസൂൽ (ﷺ) ന്റെ ഖബ്ർ പള്ളിയുടെ അകത്താക്കിയ സംഭവം തെളിവ് പിടിക്കാൻ ഒരു മുസ്ലിമിനും - വ്യക്തികളോ സംഘങ്ങളോ ആകട്ടെ - പാടുള്ളതല്ല. ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ പണിയാനോ മസ്ജിദുകൾക്കുള്ളിൽ മരിച്ചവരെ ഖബ്റടക്കാനോ ഈ സംഭവം തെളിവാക്കാൻ പാടില്ല.
ഈ മദീനയിലെ ശ്രേഷ്ഠത നൽകപ്പെട്ട രണ്ട് പള്ളികളിൽ രണ്ടാമത്തേത് മസ്ജിദു ഖുബായാണ്. ആദ്യ ദിവസത്തിൽ തന്നെ തഖ്'വയിലധിഷ്ഠിതമായി നിർമിക്കപ്പെട്ട പള്ളിയാണത്. മസ്ജിദു ഖുബായിൽ വെച്ചുളള നമസ്കാരത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നബി (ﷺ)യുടെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും വന്നിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു അംറിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: "നബി (ﷺ) എല്ലാ ശനിയാഴ്ചയിലും നടന്നോ വാഹനപ്പുറത്തോ ആയി മസ്ജിദു ഖുബായിൽ വരികയും അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുമായിരുന്നു." (ബുഖാരി, മുസ്ലിം) (ബുഖാരി, മുസ്ലിം) ഈ വിഷയത്തിലുള്ള നബിയുടെ വാക്കാകട്ടെ സഹ്ൽ ബ്നു ഹുനൈഫ് (رَضِيَ اللَّهُ عَنْهُ) ഉദ്ദരിച്ച ഹദീഥിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും തന്റെ വീട്ടിൽ വെച്ച് വുദൂഅ് എടുക്കുകയും പിന്നെ മസ്ജിദു ഖുബായിൽ വരികയും അവിടെ വെച്ച് ഒരു നമസ്കാരം നമസ്കരിക്കുകയും ചെയ്താൽ അവന് ഒരു ഉംറയുടെ പ്രതിഫലമുണ്ട്." (ഇബ്നു മാജഃയും മറ്റുള്ളവരും ഉദ്ധരിച്ചിരിക്കുന്നു) ഈ ഹദീഥിലെ റസൂൽ (ﷺ) പറഞ്ഞ വാചകം ഇങ്ങനെയാണ്: "അവിടെ ഒരു നമസ്കാരം നമസ്കരിച്ചാൽ." അതിൽ ഫർദ് നമസ്കാരവും സുന്നത്ത് നമസ്കാരവും ഉൾപ്പെടും.
മദീനയിൽ ഈ രണ്ടു പള്ളികളല്ലാത്ത മറ്റൊരു പള്ളിയുടെയും ശ്രേഷ്ഠതയെക്കുറിച്ച് ഹദീഥിൽ വന്നിട്ടില്ല.
മദീനയിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചവരോട്: ത്വയ്ബ എന്ന ഈ അനുഗൃഹീത പട്ടണത്തിൽ താമസിക്കാൻ അല്ലാഹു തൗഫീഖ് നൽകിയവൻ മനസ്സിലാക്കേണ്ടതാണ്, അവൻ ഒരു വലിയ അനുഗ്രഹമാണ് കരസ്ഥമാക്കിയിട്ടുള്ളത് എന്നത്. ഈ അനുഗ്രഹത്തിനും നന്മക്കും അവൻ അല്ലാഹുവിന് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യേണ്ടതാണ്.
മദീനയിൽ താമസിക്കുന്നവരും മദീന സന്ദർശിക്കുന്നവരും പാലിക്കേണ്ട മര്യാദകൾ
മദീനയിൽ താമസിക്കുന്നതിന്റെ മര്യാദകളെക്കുറിച്ച് പറയുകയാണെങ്കിൽ; ത്വയ്ബ എന്ന ഈ അനുഗൃഹീത പട്ടണത്തിൽ താമസിക്കാൻ അല്ലാഹു തൗഫീഖ് നൽകിയവൻ മനസ്സിലാക്കേണ്ടതാണ്; അവൻ ഒരു വലിയ അനുഗ്രഹമാണ് കരസ്ഥമാക്കിയിട്ടുള്ളത് എന്നത്. ഈ അനുഗ്രഹത്തിനും നന്മക്കും അവൻ അല്ലാഹുവിന് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പുണ്യ സ്ഥലങ്ങളായ മക്കയിലേക്കും മദീനയിലേക്കും എത്തിപ്പെടാനും ചുരുങ്ങിയ കാലമെങ്കിലും അവിടെ താമസിക്കുവാനും ആഗ്രഹിക്കുന്ന ധാരാളമാളുകൾ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട് മദീനയിൽ വസിക്കുന്നവർ ഓർക്കേണ്ടതാണ്. അതിനുവേണ്ടി വർഷങ്ങളോളം തനിക്ക് കിട്ടുന്ന പണം അൽപാൽപമായി സ്വരുക്കൂട്ടിവെക്കുന്നവരുണ്ട്. ഇന്ത്യയിലെ പണ്ഡിതന്മാരിൽപെട്ട ഒരാൾ പറഞ്ഞതായി ഞാൻ ഓർക്കുന്നു. പണ്ടു കാലങ്ങളിൽ ഇന്ത്യൻ ഹാജിമാർ പായ്ക്കപ്പലിലായിരുന്നു വന്നിരുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള വഴിയിൽ കുറെ ദിവസങ്ങൾ അവർ കടലിൽ കഴിയേണ്ടി വന്നിരുന്നു. മക്കയും മദീനയും സ്ഥിതി ചെയ്യുന്ന കര കണ്ടാൽ കപ്പലിൽ വെച്ച് അവർ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സുജൂദ് ചെയ്യുമായിരുന്നു.
മദീനയിൽ താമസിക്കുന്നതിന്റെ മര്യാദകൾ
ഒന്ന്:- മദീനയുടെ ശ്രേഷ്ഠത കാരണത്താൽ ഒരു മുസ്ലിം ഈ മദീനയെ സ്നേഹിക്കണം. നബി (ﷺ) മദീനയെ സ്നേഹിച്ചിരുന്നു എന്നത് കൊണ്ടും ഒരു മുസ്ലിം ഈ മദീനയെ സ്നേഹിക്കണം. ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീഥിൽ നമുക്ക് കാണാം. അനസ് ( رضي الله عنه) പറയുന്നു: "നബി (ﷺ) യാത്രകഴിഞ്ഞ് മദീനയിലേക്ക് മടങ്ങുമ്പോൾ മദീനയുടെ മതിലുകൾ നോക്കിക്കൊണ്ട് തന്റെ വാഹനത്തെ വേഗത്തിൽ ചലിപ്പിക്കുമായിരുന്നു. അവിടുന്ന് (ﷺ) ഒട്ടകപ്പുറത്താണെങ്കിൽ മദീനയോടുള്ള സ്നേഹം കാരണം ഒട്ടകത്തെ വേഗത്തിൽ നടത്തുമായിരുന്നു."
രണ്ട്: ഒരു മുസ്ലിം ഈ മദീനയിൽ അല്ലാഹുവിന്റെയും റസൂൽ(ﷺ)യുടെയും കൽപനകൾ അനുസരിച്ച് ജീവിക്കുകയും ബിദ്അത്തുകളിൽ നിന്നും തെറ്റുകുറ്റങ്ങളിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്യാൻ ബദ്ധശ്രദ്ധനായിരിക്കേണ്ടതാണ്. തീർച്ചയായും ഈ മദീനയിൽ വെച്ച് ചെയ്യുന്ന നന്മകളുടെ സ്ഥാനം ഒന്ന് വേറെത്തന്നെയാണ്. അവിടെ വെച്ചുള്ള തെറ്റുകളും ബിദ്അത്തുകളും വളരെ അപകടം കൂടിയതാണ്. ഈ ഹറമിൽ വെച്ച് ആരെങ്കിലും അല്ലാഹുവിനെ ധിക്കരിക്കുന്നത് ഹറമിന്റെ പുറത്തുവെച്ചുള്ള ധിക്കാരത്തേക്കാൾ ശിക്ഷയേറിയതാണ്. ഹറമിൽ വെച്ച് ചെയ്യുന്ന തെറ്റുകൾ അധികരിക്കപ്പെടുന്നത് എണ്ണത്തിലല്ല, മറിച്ച് വണ്ണത്തിലും അതിന്റെ ഗൗരവത്തിലുമാണ്.
മൂന്ന്:- ഒരു മുസ്ലിം ഈ മദീനയിൽ വെച്ച് പരലോകത്ത് പതിൻമടങ്ങ് ലാഭം ലഭിക്കുന്ന കാര്യങ്ങളിൽ വ്യാപൃതനാകേണ്ടതാണ്. അതിനുള്ള മാർഗം റസൂൽ (ﷺ) യുടെ പള്ളിയിൽ വെച്ച് കഴിവിന്റെ പരമാവധി നമസ്കാരങ്ങൾ നിർവ്വഹിച്ച് നബി (ﷺ) യുടെ വാക്കിലൂടെ വാഗ്ദാനം നൽകപ്പെട്ട മഹാ പ്രതിഫലം കരസ്ഥമാക്കാൻ ശ്രമിക്കലാണ്. കാരണം നബി (ﷺ) പറഞ്ഞു: "എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരം മസ്ജിദുൽ ഹറാം അല്ലാത്ത മറ്റു പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ആയിരം നമസ്കാരത്തെക്കാൾ ശ്രേഷ്ഠമാണ്." (ബുഖാരി, മുസ്ലിം)
നാല്:- ഒരു മുസ്ലിം ഈ മദീനയിൽ ജീവിക്കുമ്പോൾ നന്മയിൽ നല്ല മാതൃകയാവേണ്ടതാണ്. കാരണം പ്രകാശം മറ്റിടങ്ങളിലേക്ക് പരന്ന ഒരു നാട്ടിലാണ് അവൻ ജീവിക്കുന്നത്. ജനങ്ങളെ സന്മാർഗ്ഗത്തിലേക്കും നന്മയിലേക്കും നയിച്ച നേതാക്കന്മാർ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പുറപ്പെട്ടത് ഇവിടെ നിന്നാണ്. അപ്പോൾ ഈ മദീനയിലേക്ക് വരുന്നവർക്ക് അവിടെ താമസിക്കുന്നവരിൽ ഉത്തമ മാതൃകയും നല്ല സ്വഭാവവും വിശേഷണങ്ങളും കാണാൻ സാധിക്കണം. അങ്ങനെ ഇവിടെ കണ്ട നന്മകളും അല്ലാഹുവിനെയും അവന്റെ റസൂൽ (ﷺ)യെയും അനുസരിക്കുന്നതിൽ സൂക്ഷ്മത കൈകൊള്ളുന്നതും കണ്ട് അതിന്റെ സ്വാധീനവും പ്രയോജനവുമായി അവന് തന്റെ നാട്ടിലേക്ക് തിരിച്ച് പോകുവാൻ സാധിക്കും. എന്നാൽ ഇതിനു വിപരീതമായിട്ടാണ് ഒരാൾക്ക് ഇവിടെ ദർശിക്കാൻ സാധിക്കുന്നതെങ്കിൽ പ്രയോജനമുണ്ടാകുന്നതിന് പകരം ഉപദ്രവവും ആക്ഷേപവുമാണ് ഉണ്ടാവുക. ഇവിടെ വന്നവർ ആ നിലയിലാവും തിരിച്ചുപോവുക!
അഞ്ച്: മദീനയിലായിരിക്കുമ്പോൾ അവൻ പവിത്രമായ ഒരു ഭൂമിയിലാണുള്ളത് എന്ന് ഓർക്കേണ്ടതാണ്. അത് വഹ്'യിറങ്ങിയ സ്ഥലവും, ഈമാനിന്റെ അഭയകേന്ദ്രവും, റസൂലും, മുഹാജിറുകളും അൻസ്വാറുകളുമടക്കമുള്ള സ്വഹാബാക്കളും നടന്ന സ്ഥലവുമാണ്. അവർ ഈ ഭൂമിയിൽ നന്മയിലൂടെയും സത്യമാർഗത്തിലൂടെയുമാണ് സഞ്ചരിച്ചത്. അവർ കാണിച്ചു തന്ന മാർഗത്തിന് വിപരീതമായി സഞ്ചരിക്കുന്നത് അവൻ സൂക്ഷിക്കേണ്ടതാണ്. അങ്ങിനെ അല്ലാഹുവിനെ വെറുപ്പിക്കുന്ന രീതിയിൽ അവൻ നീങ്ങിയാൽ അല്ലാഹുവിന്റെ കോപവും, ഇഹത്തിലും പരത്തിലും മോശമായ പര്യവസാനവും അവന് ഉണ്ടാകുന്നതാണ്.
ആറ്:- മദീനയിൽ താമസിക്കുവാൻ അല്ലാഹു ഭാഗ്യം നൽകിയവൻ അവിടെ വെച്ച് ദീനിലില്ലാത്ത പുതിയ വല്ലതും ചെയ്യുന്നതും ശിക്ഷാർഹമായ വല്ല അക്രമവും പ്രവർത്തിക്കുന്നതും അങ്ങിനെ ചെയ്യുന്നവർക്ക് അഭയം നൽകുന്നതും സൂക്ഷിക്കേണ്ടതാണ്. അപ്രകാരം ചെയ്താൽ അവൻ ശാപത്തിന് വിധേയനാകുന്നതാണ്. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: "മദീന പവിത്രമാണ്. ആരെങ്കിലും അവിടെ ഒരു അപരാധം കൊണ്ടുവരുകയോ, അപരാധം കൊണ്ടുവന്ന വ്യക്തിക്ക് അഭയം നൽകുകയോ ചെയ്താൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെയും മലക്കുകളുടെയും സർവ്വ ജനങ്ങളുടെയും ശാപമുണ്ടാകട്ടെ. ഖിയാമത് നാളിൽ അവനിൽ നിന്ന് പശ്ചാത്താപമോ പ്രായശ്ചിത്തമോ സ്വീകരിക്കപ്പെടുന്നതല്ല." ഈ ഹദീഥ് അബൂഹുറൈറ(رَضِيَ اللَّهُ عَنْه)യിൽ നിന്ന് മുസ്ലിമും അലി (رَضِيَ اللَّهُ عَنْه)യിൽ നിന്ന് ബുഖാരിയും, മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഴ്:- മദീനയിലെ മരങ്ങൾ മുറിക്കുവാനോ മൃഗങ്ങളെ വേട്ടയാടുവാനോ പാടുള്ളതല്ല. അത് വിലക്കുന്ന ഹദീഥുകൾ നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. റസൂൽ (ﷺ) പറയുന്നു: "നിശ്ചയം ഇബ്റാഹീം (عليه السلام) മക്കയെ ഹറമാക്കി, മദീനയിലെ രണ്ടു കറുത്തപാറകൾക്കിടയിലുള്ള സ്ഥലത്തെ ഞാനും ഹറമാക്കി പ്രഖ്യാപിക്കുന്നു. അതിലെ ചെടികൾ മുറിക്കുവാനോ അവിടെ വേട്ടയാടുവാനോ പാടുള്ളതല്ല." ഈ ഹദീഥ് മുസ്ലിം ജാബിറു ബ്നു അബ്ദില്ല(رَضِيَ اللَّهُ عَنْه)യിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്തതാണ്. സഅ്ദുബ്നു അബീ വഖാസ് (رَضِيَ اللَّهُ عَنْه) വിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീഥിൽ കാണാം: നബി (ﷺ) പറഞ്ഞു: "മദീനയിലെ രണ്ടു കറുത്തപാറകൾക്കിടയിലുള്ള പ്രദേശത്തെ ചെടികൾ മുറിക്കുന്നതും അവിടെ വേട്ടയാടുന്നതും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു." ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള മറ്റൊരു റിപ്പോർട് ഇപ്രകാരമാണ്: അനസ് (رَضِيَ اللَّهُ عَنْه) വിനോട് ആസിമുബ്നു സുലൈമാനുൽ അഹ്വൽ ചോദിച്ചു: റസൂൽ (ﷺ) മദീനയെ ഹറമാക്കി പ്രഖ്യാപിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: "അതെ, ഇന്ന സ്ഥലം മുതൽ ഇന്ന സ്ഥലം വരെ. ഇവിടെയുള്ള മരങ്ങൾ മുറിക്കുവാൻ പാടില്ല. ആരെങ്കിലും ഇവിടെ വെച്ച് വല്ല അപരാധവും പ്രവർത്തിച്ചാൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ ജനങ്ങളുടെയും ശാപമുണ്ടാകുന്നതാണ്." (ബുഖാരി, മുസ്ലിം) അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) പറയാറുണ്ടായിരുന്നു: 'മദീനയിൽ ഒരു മാൻ മേയുന്നത് കണ്ടാൽ ഞാനതിനെ ഭയപ്പെടുത്തുകയില്ല. കാരണം, റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: മദീനയിലെ രണ്ട് കറുത്ത പാറകൾക്കിടയിലുള്ള പ്രദേശം ഹറമാണ്.' (ബുഖാരി, മുസ്ലിം) ഹദീഥുകളിൽ പറഞ്ഞ 'മുറിക്കാൻ പാടില്ലാത്ത മരങ്ങൾ' എന്നത് സ്വയം ഉണ്ടായ മരങ്ങളാണ്. എന്നാൽ ജനങ്ങൾ വെച്ചു പിടിപ്പിച്ചതും കൃഷി ചെയ്തതുമായ മരങ്ങൾ അവർക്ക് മുറിക്കാവുന്നതാണ് എട്ട്:- മദീനയിൽ വെച്ചുണ്ടാകുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും, ജീവിതത്തിലെ പ്രാരാബ്ധങ്ങളിലും ഒരു മുസ്ലിം ക്ഷമ കൈക്കൊള്ളേണ്ടതാണ്. അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും നിവേദനം ചെയ്ത ഹദീഥിൽ നബി (ﷺ) പറയുന്നു: "എന്റെ സമുദായത്തിൽപെട്ട ആരെങ്കിലും മദീനയിലുണ്ടാകുന്ന കഷ്ടതകളിലും ബുദ്ധിമുട്ടുകളിലും ക്ഷമിച്ചു നിന്നാൽ അന്ത്യനാളിൽ അവന്ന് ഞാൻ സാക്ഷിയും ശുപാർശകനും ആയിത്തീരുന്നതാണ്." (മുസ്ലിം)
സ്വഹീഹ് മുസ്ലിമിൽ തന്നെ വീണ്ടും നമുക്ക് കാണാം. അബു സഈദ് മൗലൽ മഹരി, ഹർറ യുദ്ധ രാത്രിയിൽ അബുസഈദിൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) വിന്റെ അടുക്കൽ വന്നു. എന്നിട്ട് അദ്ദേഹത്തോട് മദീന വിട്ട് പോകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചെലവിനെക്കുറിച്ചും സാധനങ്ങളുടെ വിലകളെക്കുറിച്ചും പരാതി പറയുകയും മദീനയിലെ കഷ്ടപ്പാടുകളിൽ ക്ഷമിച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിക്കുകയില്ല എന്നും അറിയിച്ചു. അപ്പോൾ അബൂ സഈദുൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തോട് പറഞ്ഞു: 'നിന്റെ കാര്യം കഷ്ടം തന്നെ!' ഞാൻ നിന്നോടതിന് നിർദ്ദേശിക്കുകയില്ല, കാരണം റസൂൽ (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും മദീനയിലെ പ്രയാസങ്ങളിൽ ക്ഷമിച്ചു നിൽക്കുകയും അങ്ങനെ മരണപ്പെടുകയുമാണെങ്കിൽ അന്ത്യനാളിൽ ഞാൻ അവന്ന് ശുപാർശകനായിത്തീരുന്നതാണ്; അവൻ മുസ്ലിമാണെങ്കിൽ"
ഒമ്പത്:- അവിടെയുള്ളവരെ ഉപദ്രവിക്കാൻ പാടില്ല, മുസ്ലിംകളെ ഉപദ്രവിക്കൽ ഏത് സ്ഥലത്താണെങ്കിലും നിഷിദ്ധമാണ്. എന്നാൽ ഈ വിശുദ്ധ നാട്ടിൽ വെച്ചാണ് ചെയ്യുന്നതെങ്കിൽ ശിക്ഷ കഠിനവും ഗുരുതരവുമാണ്. സഅ്ദുബ്നു അബീ വഖാസ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ബുഖാരി ഉദ്ദേരിക്കുന്നു, അദ്ദേഹം പറയുന്നു: നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "മദീനക്കാരോട് ആരെങ്കിലും കുതന്ത്രം പ്രയോഗിച്ചാൽ, ഉപ്പ് വെള്ളത്തിൽ അലിയുന്നത് പോലെ അവൻ അലിഞ്ഞു തീരുന്നതാണ്." അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ആരെങ്കിലും ഈ നാട്ടിൽ, അഥവാ മദീനയിലുള്ളവരെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചാൽ ഉപ്പ് വെള്ളത്തിൽ അലിഞ്ഞുതീരുന്നത് പോലെ അല്ലാഹു അവനെ ഉരുക്കിക്കളയുന്നതാണ്." (മുസ്ലിം) പത്ത്: 'ഞാൻ മദീനയിൽ താമസിക്കുകയാണല്ലോ, അതിനാൽ ഞാൻ നന്മയിലാണ്' എന്ന് കരുതി ആരും സ്വയം വഞ്ചിതനാവാൻ പാടില്ല. വെറും താമസം കൊണ്ട് മാത്രം കാര്യമില്ല, മറിച്ച് സൽകർമങ്ങളനുഷ്ഠിക്കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന മാർഗത്തിൽ നിലകൊള്ളുകയും, തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും വേണം. ഇല്ലെങ്കിൽ ആ താമസം കൊണ്ട് അവന്ന് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല അതവന്ന് ഉപദ്രവവും കൂടിയാണ്. ഇമാം മാലിക് (റഹിമഹുല്ലാഹ്) തന്റെ 'മുവത്വ'യിൽ രേഖപ്പെടുത്തുന്നു. സൽമാനുൽ ഫാരിസി (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: "തീർച്ചയായും ഭൂമി ഒരാളെയും പരിശുദ്ധനാക്കുന്നില്ല, എന്നാൽ മനുഷ്യനെ പരിശുദ്ധനാക്കുന്നത് അവന്റെ കർമങ്ങളാണ്." ഇതിന്റെ പരമ്പര മുറിഞ്ഞു പോയിട്ടുണ്ട്. എങ്കിലും ആശയം ശരിയാണ്. വാസ്തവത്തോട് യോജിക്കുന്നതുമാണ്. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹുവിന്റെയടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയർ നിങ്ങളിൽ ഏറ്റവും ധർമ നിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13) മദീനയിൽ വിവിധ കാലഘട്ടങ്ങളിൽ നല്ലയാളുകളും ചീത്തയാളുകളും ഉണ്ടായിട്ടുണ്ട്. നല്ലവർക്ക് അവരുടെ കർമങ്ങൾ ഉപകാരപ്പെടും, ചീത്തയാളുകളെ മദീന പരിശുദ്ധനാക്കുകയോ അവരുടെ സ്ഥാനം ഉയർത്തുകയോ ചെയ്തില്ല. ഇത് കുടുംബപരമ്പര പോലെയാണ്. സൽകർമങ്ങളൊന്നുമില്ലാതെ തറവാടിത്തം മാത്രം കൊണ്ട് മനുഷ്യന് അല്ലാഹുവിന്റെയടുക്കൽ ഉപകാരമുണ്ടാവില്ല. റസൂൽ (ﷺ) പറയുന്നു: "ആരെങ്കിലും കർമങ്ങൾ പിന്തിപ്പിച്ചാൽ അവന്റെ തറവാടിത്തം അവനെ മുന്തിക്കുന്നതല്ല." (മുസ്ലിം) അഥവാ സ്വർഗത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയെങ്കിലും തന്റെ കർമങ്ങൾ പിന്തിപ്പിച്ചാൽ അവന്റെ തറവാടിത്തം അവനെ സ്വർഗത്തിലേക്ക് വേഗത്തിൽ കൊണ്ടുപോവുകയില്ല. പതിനൊന്ന്: ഈ മദീനയിലായിരിക്കുമ്പോൾ ഒരു മുസ്ലിം മനസ്സിലാക്കേണ്ട ഒന്നാണ്, താൻ പ്രകാശപൂരിതമായ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉപകാരപ്രദമായ വിജ്ഞാനം വ്യാപിപ്പിച്ച നാട്ടിലാണുള്ളത് എന്ന്. അതിനാൽ അവൻ അല്ലാഹുവിന്റെ മാർഗത്തിൽ സഞ്ചരിക്കുവാനുള്ള മതപരമായ അറിവുകൾ കരസ്ഥമാക്കാൻ താൽപര്യം കാണിക്കുകയും എന്നിട്ട് ഉൾക്കാഴ്ചയോടെ മറ്റുള്ളവരെ ആ സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും വേണം. പ്രത്യേകിച്ച്, റസൂൽ (ﷺ) ന്റെ മസ്ജിദിൽ വെച്ച് തന്നെ അറിവ് നേടുന്നതിന് അവൻ ശ്രദ്ധ കാണിക്കണം. കാരണം, അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ റസൂൽ(ﷺ) പറയുന്നു: "ആരെങ്കിലും നമ്മുടെ ഈ മസ്ജിദിൽ നന്മ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാനായി പ്രവേശിച്ചാൽ അവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം നടത്തുന്നവനെപ്പോലെയാണ്. അതിനല്ലാതെയാണ് ആരെങ്കിലും പ്രവേശിക്കുന്നതെങ്കിൽ അവൻ തന്റേതല്ലാത്തതിലേക്ക് നോക്കുന്നവനെപ്പോലെയാണ്." (അഹ്മദ്, ഇബ്നുമാജ) ത്വബ്റാനിയിൽ സഹ്ലുബ്നു സഅദ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് ഇതിനെ സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു റിപ്പോർട്ട് വന്നിട്ടുണ്ട് മദീനയിൽ താമസിക്കുന്നവർ പാലിക്കേണ്ട മര്യാദകളുള്ളത് പോലെ അവിടെ സന്ദർശിക്കുന്നതിനും മര്യാദകളുണ്ട്. മദീനയിലെ താമസക്കാർ പാലിക്കേണ്ടതായ മുൻപറഞ്ഞ മര്യാദകൾ സന്ദർശകരും പാലിക്കേണ്ടതുതന്നെയാണ്. മദീനയിലേക്ക് വരാൻ ഉദ്ദേശിച്ചവൻ അവന്റെ യാത്ര കൊണ്ട് ലക്ഷ്യം വെക്കേണ്ടത് മസ്ജിദുന്നബവി സന്ദർശിക്കലാണ്. നബി (ﷺ) പറഞ്ഞു: "മൂന്ന് മസ്ജിദുകളിലേക്കല്ലാതെ (പുണ്യമുദ്ദേശിച്ചു കൊണ്ടുള്ള) ദീർഘയാത്ര പാടില്ല: മസ്ജിദുൽ ഹറാം, എന്റെയീ മസ്ജിദ്, അൽ മസ്ജിദുൽ അഖ്സ്വാ" (ബുഖാരി, മുസ്ലിം) മസ്ജിദുകളോ അല്ലാത്ത സ്ഥലങ്ങളോ ആകട്ടെ, ചെന്നെത്തുന്ന സ്ഥലത്ത് വെച്ച് അല്ലാഹുവിലേക്കടുക്കാനുള്ള പുണ്യമുദ്ദേശിച്ചു കൊണ്ടുള്ള ദീർഘയാത്ര ഈ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പാടില്ല എന്ന് ഈ ഹദീഥിലൂടെ വ്യക്തമാകുന്നു. ഇമാം നസാഈയുടെ സുനനിൽ കാണാം: അബൂ ഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ബസ്റതു ബ്നു അബീ ബസ്റ അൽ ഗിഫാരി (رَضِيَ اللَّهُ عَنْهُ)വിനെ ഞാൻ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: നീ എവിടെ നിന്നാണ് വരുന്നത്? ഞാൻ പറഞ്ഞു: തൂർ പർവതത്തിൽ നിന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞു: നീ അവിടെ പോകുന്നതിന് മുമ്പ് ഞാൻ നിന്നെ കണ്ടിരുന്നുവെങ്കിൽ നീ അവിടെ പോകുമായിരുന്നില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: എന്ത് കൊണ്ടാണത്? അദ്ദേഹം പറഞ്ഞു: റസൂൽ (ﷺ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "മൂന്ന് മസ്ജിദുകളിലേക്കല്ലാതെ (പുണ്യമുദ്ദേശിച്ചു കൊണ്ടുള്ള) ദീർഘയാത്ര പാടില്ല: മസ്ജിദുൽ ഹറാം, എന്റെയീ മസ്ജിദ്, മസ്ജിദു ബൈത്തിൽ മഖ്ദിസ്" ഈ ഹദീഥ് സ്വഹീഹാണ്. ഈ മൂന്ന് പള്ളികളിലേക്കല്ലാതെ മറ്റേത് സ്ഥലത്തേക്കും -അത് മസ്ജിദുകളാണെങ്കിലും അല്ലെങ്കിലും- പുണ്യമുദ്ദേശിച്ച് യാത്രപുറപ്പെടുന്നതിനെ തടയാൻ ഖസ്റതുബ്നു അബീബസ്റതുൽ ഗിഫാരി (رَضِيَ اللَّهُ عَنْهُ) ഈ ഹദീഥ് തെളിവാക്കുന്നത് ഇവിടെ ദർശിക്കാം.
ഈ അനുഗൃഹീത മദീനയിലെത്തിയ ഒരാൾക്ക് രണ്ട് പള്ളികളും മൂന്ന് ഖബ്റിടങ്ങളുമാണ് സന്ദർശിക്കൽ പുണ്യമാക്കപ്പെട്ടിരിക്കുന്നു.
രണ്ട് പള്ളികൾ: 1) റസൂൽ (ﷺ) യുടെ മസ്ജിദ് 2) ഖുബാ മസ്ജിദ് ഇവയിൽ വെച്ച് നമസ്കരിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.
മൂന്ന് ഖബ്റിടങ്ങൾ. 1. റസൂൽ (ﷺ)യുടെയും തങ്ങളുടെ രണ്ട് കൂട്ടുകാരായ അബൂബക്ർ (رَضِيَ اللَّهُ عَنْهُ), ഉമർ, (رَضِيَ اللَّهُ عَنْهُ) എന്നിവരുടെയും ഖബ്റുകൾ. 2. ബഖീഅ് ഖബർസ്ഥാൻ 3. ഉഹുദിൽ ശഹീദായവരുടെ ഖബ്റിടം.
സന്ദർശകൻ റസൂൽ (ﷺ)യുടെയും രണ്ട് കൂട്ടുകാരുടെയും ഖബ്റിന്റെയടുക്കൽ വരുമ്പോൾ മുൻഭാഗത്തിലൂടെ വന്ന് ഖബ്റിന് അഭിമുഖമായി മതം അനുവദിച്ച സന്ദർശനം നടത്തണം. മതത്തിലില്ലാത്ത ബിദ്ഈ സന്ദർശനത്തിൽ നിന്ന് വിട്ട് നിൽക്കുകയും വേണം. അനുവദനീയമായ സിയാറത്ത് ശബ്ദം കുറച്ചും മര്യാദ പാലിച്ചും നബി (ﷺ)ക്ക് സലാം പറയലും നബി (ﷺ)ക്ക് വേണ്ടി പ്രാർത്ഥിക്കലുമാണ്. ഉദാഹരണത്തിന് ഇപ്രകാരം പറയുക. 'അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ മേൽ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാവട്ടെ, ഏതൊരു നബിക്കും തന്റെ സമുദായത്തിന് വേണ്ടി പ്രതിഫലം നൽകപ്പെട്ടതിൽ ഉത്തമമായ പ്രതിഫലം താങ്കൾക്കും നൽകട്ടെ!' പിന്നെ അബൂബക്ർ (رَضِيَ اللَّهُ عَنْهُ) വിന് സലാം പറയുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ശേഷം ഉമർ (رَضِيَ اللَّهُ عَنْهُ) വിന് സലാം പറയുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
അല്ലാഹുവിൽ നിന്നും മറ്റൊരാൾക്കും ലഭിക്കാത്ത ആദരവ് ഈ രണ്ട് ഖലീഫമാരായ മഹത് വ്യക്തിത്വങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് അറിഞ്ഞിരിക്കൽ അനിവാര്യമാണ്. അല്ലാഹു റസൂൽ (ﷺ)യെ സത്യവും സന്മാർഗവുമായി നിയോഗിച്ചപ്പോൾ തിരുമേനിയിൽ ആദ്യമായി വിശ്വസിച്ചത് അബൂബക്ർ (رَضِيَ اللَّهُ عَنْهُ) ആയിരുന്നു. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം നബി (ﷺ)യുടെ കൂടെ അദ്ദേഹം മക്കയിൽ 13 വർഷം കഴിഞ്ഞുകൂടി. മദീനയിലേക്ക് ഹിജ്റ പോകാൻ റസൂൽ (ﷺ)ക്ക് അല്ലാഹു അനുവാദം നൽകിയപ്പോൾ റസൂൽ (ﷺ)യുടെ കൂടെ പോയതും അബൂബക്ർ (رَضِيَ اللَّهُ عَنْهُ)ആയിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് അല്ലാഹു ഖുർആനിക വചനങ്ങളിറക്കിയത്: 'നിങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കിൽ, അവിശ്വസിച്ചവർ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ, അഥവാ അവർ രണ്ടു പേരും (നബിയും, അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട് 'ദുഃഖിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്' എന്ന് പറഞ്ഞ സന്ദർഭം. അപ്പോൾ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങൾ കാണാത്ത സൈന്യങ്ങളെ കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും, അവിശ്വസിച്ചവരുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയർന്നു. നിൽക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.' (അത്തൗബ: 40) അദ്ദേഹം പത്ത് വർഷം മദീനയിൽ നബി(ﷺ)യുടെ കൂടെക്കഴിയുകയും, നബി (ﷺ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തു. റസൂൽ (ﷺ) മരണപ്പെട്ടപ്പോൾ അദ്ദേഹം ഖലീഫയായി സ്ഥാനം ഏറ്റെടുക്കുകയും ഏറ്റവും നല്ല നിലയിൽ ഉത്തരവാദിത്തം നിർവഹിക്കുകയും ചെയ്തു. മരണപ്പെട്ടപ്പോൾ റസൂൽ (ﷺ)യുടെ ഖബ്റിന്റെയടുത്ത് മറവ് ചെയ്യപ്പെടാനുള്ള അവസരം നൽകിക്കൊണ്ടും അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അദ്ദേഹം നബി (ﷺ)യുടെ കൂടെ സ്വർഗത്തിലുമായിരിക്കും. അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു . അവനുദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം നൽകുന്നവനത്രെ. ഉമറുബ്നുൽ ഖത്ത്വാബ് (رَضِيَ اللَّهُ عَنْهُ) ഇസ്ലാമിലേക്ക് കടന്ന് വരുന്നതിന് മുൻപ് നാൽപ്പതോളം വരുന്ന ആളുകൾ മുസ്ലിമായിട്ടുണ്ടായിരുന്നു. അദ്ദേഹം മുസ്ലിംകളുടെ കഠിന വിരോധിയായിരുന്നു. അല്ലാഹു അദ്ദേഹത്തെ ഇസ്ലാമിലേക്ക് നയിച്ചപ്പോൾ അദ്ദേഹത്തിന്റെ ഊക്കും ശക്തിയും സത്യനിഷേധികൾക്കെതിരിലായി. ഉമറിന്റെ ഇസ്ലാം മുസ്ലിംകൾക്ക് പ്രതാപമേകി. അബ്ദുല്ലാഹിബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞത് കാണാം: "ഉമർ ഇസ്ലാം സ്വീകരിച്ചത് മുതൽ ഞങ്ങൾ പ്രതാപികൾ തന്നെയാണ്" (സ്വഹീഹുൽ ബുഖാരി)
ഉമർ (رَضِيَ اللَّهُ عَنْهُ) നബി (ﷺ) യോടൊപ്പം മക്കയിൽ സഹവസിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയും അദ്ദേഹത്തോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തു. നബി (ﷺ)യുടെ മരണശേഷം അബൂബക്ർ (رَضِيَ اللَّهُ عَنْهُ) ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ ഉമർ (رَضِيَ اللَّهُ عَنْهُ) അദ്ദേഹത്തിന്റെ വലം കൈയ്യായിരുന്നു. പിന്നെ അബൂബക്കർ (رَضِيَ اللَّهُ عَنْهُ) വിന്ന് ശേഷം ഖിലാഫത്ത് ഏറ്റെടുക്കുകയും പത്ത് വർഷത്തിലധികം ഖലീഫയായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. ആ കാലഘട്ടത്തിൽ അനേകം യുദ്ധങ്ങളിൽ ഇസ്ലാമിക സമൂഹം വിജയം കൈവരിക്കുകയും ഇസ്ലാമിക സാമ്രാജ്യത്തിന്റെ അതിരുകൾ വികസിക്കുകയും അക്കാലത്തുണ്ടായിരുന്ന രണ്ട് മഹാ സാമ്രാജ്യങ്ങളായ പേർഷ്യൻ, റോം എന്നീ രാജ്യങ്ങൾ തകർക്കപ്പെടുകയും ചെയ്തു. റസൂൽ (ﷺ) അറിയിച്ചത് പോലെ കിസ്റാ-കൈസർ രാജാക്കന്മാരുടെ ഖജനാവുകൾ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെട്ടു. അത് ഉമറുൽ ഫാറൂഖ് (رَضِيَ اللَّهُ عَنْهُ)ന്റെ കരങ്ങൾ കൊണ്ടായിരുന്നു സംഭവിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോൾ റസൂലിന്റെ ഖബ്റിന്റെയടുക്കൽ മറമാടുകവഴി അല്ലാഹു അദ്ദേഹത്തെയും ആദരിച്ചു. ഉയിർത്തെഴുന്നേൽപിക്കപ്പെടുമ്പോൾ അദ്ദേഹം നബി (ﷺ)യുടെ കൂടെ സ്വർഗത്തിലുമായിരിക്കും. അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവനത് നൽകുന്നു. അല്ലാഹു മഹത്തായ ഔദാര്യത്തിന്റെ ഉടമയത്രെ
ഇത്രയൊക്കെ ശ്രേഷ്ഠതകളുള്ള ഈ രണ്ട് മഹത് വ്യക്തിത്വങ്ങളോടാണോ ചിലർക്ക് വെറുപ്പും ആക്ഷേപവുമുള്ളത്...??? അത്തരം മഹാ ദൗർഭാഗ്യത്തിൽ നിന്നും അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു.
''ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ! തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.''
"ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു"
ഇബ്നു കഥീർ അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ താഴെയുള്ള ആയത്തിന്റെ വിശദീകരണമായി പറയുന്നു: "നിങ്ങളോട് നിരോധിക്കപ്പെടുന്ന വൻപാപങ്ങൾ നിങ്ങൾ വർജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളിൽ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്" ഇബ്നു അബീ ഹാത്തിം, മുഗീറതുബ്നു മിഖ്സം പറഞ്ഞതായി ഉദ്ധരിക്കുന്നു: "അബൂബക്ർ (رَضِيَ اللَّهُ عَنْهُ)വിനെയും ഉമർ (رَضِيَ اللَّهُ عَنْهُ)വിനെയും ചീത്തപറയൽ വൻ പാപങ്ങളിൽപെട്ടതാണ്." ശേഷം ഇബ്നു കഥീർ പറയുന്നു: സ്വഹാബിമാരെ ചീത്ത പറയുന്നവൻ കാഫിറായിപ്പോകുമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇമാം മാലികു ബ്നു അനസിൽ നിന്നുള്ള ഒരു റിപ്പോർട്ടും ഇതു തന്നെയാണ്. മുഹമ്മദ് ബ്നു സീരീൻ പറഞ്ഞിരിക്കുന്നു: "റസൂൽ (ﷺ)യെ സ്നേഹിക്കുന്ന ഒരാളും തന്നെ അബൂബക്ർ (رَضِيَ اللَّهُ عَنْهُ)നെയും ഉമർ (رَضِيَ اللَّهُ عَنْهُ)നെയും വെറുക്കുമെന്ന് എനിക്ക് തോന്നുന്നില്ല." (തിർമിദി)
മതത്തിലില്ലാത്ത സിയാറത്ത്; ഇതിൽ പല കാര്യങ്ങളും ഉൾപ്പെടുന്നു.
1. നബി (ﷺ)യോട് പ്രാർത്ഥിക്കൽ: അല്ലാഹുവിനോടല്ലാതെ മറ്റൊരാളോടും ചോദിക്കാൻ പാടില്ലാത്ത സഹായം ചോദിക്കൽ, ആവശ്യങ്ങൾ നിറവേറ്റിത്തരുവാനും ദുരിതങ്ങൾ നീക്കുവാനും ആവശ്യപ്പെടൽ തുടങ്ങി റസൂലി (ﷺ) നോട് പ്രാർത്ഥിക്കൽ. ഇത് പാടില്ലാത്തതാണ്. കാരണം പ്രാർത്ഥന ആരാധനയാണ്. ആരാധന അല്ലാഹുവിന് മാത്രമേ പാടുള്ളു. നബി (ﷺ) പറഞ്ഞിരിക്കുന്നു. 'പ്രാർത്ഥന, അതു തന്നെയാണ് ആരാധന' ഇത് അബൂദാവൂദും തുർമുദിയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീഥാണ്. തിർമിദി പറയുന്നു. 'ഇത് ഹസനും സ്വഹീഹുമായ ഹദീഥാണ്'.
ആരാധന അല്ലാഹുവിന്റെ അവകാശമാണ്, അല്ലാഹുവിനുള്ള അവകാശം അല്ലാഹുവല്ലാത്തവർക്ക് നൽകാൻ പാടില്ല. കാരണം, അത് ശിർക്കാണ്. (അല്ലാഹുവിൽ പങ്ക് ചേർക്കലാണ്). അല്ലാഹുവാണ് ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്നത്, അവനോടാണ് നാം പ്രാർത്ഥിക്കേണ്ടത്. എന്നാൽ റസൂൽ (ﷺ) ക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. മറിച്ച് അവിടുത്തോട് പ്രാർത്ഥിക്കാൻ പാടില്ല. അപ്രകാരം തന്നെ മറ്റു ഖബ്റാളികൾക്കും വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്. അവരോട് പ്രാർത്ഥിക്കാൻ പാടില്ല. റസൂൽ (ﷺ) അവിടുത്തെ ഖബ്റിൽ ശുഹദാക്കളുടെ ജീവിതത്തേക്കാൾ ഉയർന്ന ബർസഖിയായ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് എന്നത് പ്രമാണങ്ങളിലൂടെ അറിയപ്പെട്ട സംഗതിയാണ്. എന്നാൽ പ്രസ്തുത ജീവിതത്തിന്റെ രൂപം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഈ ജീവിതം മരണത്തിന് മുമ്പുള്ള ജീവിതത്തിൽ നിന്നും ഉയിർത്തെഴുന്നേൽപിന്ന് ശേഷമുള്ള ജീവിതത്തിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ റസൂൽ (ﷺ) യോട് സഹായം ചോദിക്കുവാനോ അദ്ദേഹത്തോട് പ്രാർത്ഥിക്കുവാനോ പാടില്ല. കാരണം അത് ആരാധനയാണ്. മുമ്പ് പറഞ്ഞത് പോലെ ആരാധന അല്ലാഹുവിന് മാത്രമല്ലാതെ പാടില്ല.
2. നമസ്കാരത്തിലേത് പോലെ കൈകൾ വെക്കൽ. റസൂൽ (ﷺ) ക്ക് സലാം പറയാൻ പോകുമ്പോൾ നമസ്കാരത്തിലേതു പോലെ കൈകൾ നെഞ്ചത്ത് വെക്കാൻ പാടുള്ളതല്ല. കാരണം, അത് അല്ലാഹുവിനുള്ള താഴ്മയുടെയും വിനയത്തിന്റെയും രൂപമാണ്. ഒരു മുസ്ലിമിന് നമസ്കാരത്തിൽ തന്റെ റബ്ബിനോട് വിനയത്തോടെ സ്വകാര്യസംഭാഷണം നടത്താൻ വേണ്ടി നിശ്ചയിക്കപ്പെട്ട രൂപമാണത്. അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികൾ നബിയുടെ ജീവിത കാലത്ത് പോലും അവിടുത്തെ അരികിൽ വന്നാൽ സലാം പറയുമ്പോൾ അവരുടെ കൈകൾ നെഞ്ചിൽ വെച്ചിരുന്നില്ല. ഇതൊരു നല്ല കാര്യമായിരുന്നുവെങ്കിൽ സ്വഹാബാക്കൾ അതിൽ മുൻകടക്കുമായിരുന്നു. നമ്മെക്കാൾ മുൻപേ അവരത് ചെയ്യുമായിരുന്നു.
3. നബി(ﷺ)യുടെ ഖബ്റിന് ചുറ്റുമുള്ള ചുമരുകളും ജനലുകളും തൊട്ട് തടവലും ചുംബിക്കലും. റസൂൽ(ﷺ)യുടെ ഖബ്റിന് ചുറ്റുമുള്ള ജനലുകളും ചുമരുകളും തൊട്ട് തടവാൻ പാടില്ല. അപ്രകാരം തന്നെ പള്ളിയുടെ ഏത് ഭാഗത്താണെങ്കിലും ഇത് അനുവദനീയമല്ല. അത് നബി ചര്യയിലോ സച്ചരിതരായ മുൻഗാമികളുടെ പ്രവൃത്തിയിലോ ഉണ്ടായിട്ടില്ല. അവ ശിർക്കിലേക്കുള്ള മാർഗങ്ങളാണ്. അത് ചെയ്യുന്നവൻ നബി (ﷺ) യോടുള്ള സ്നേഹം കൊണ്ടാണ് ഞാനത് ചെയ്യുന്നത് എന്ന് ചിലപ്പോൾ പറഞ്ഞേക്കും. യഥാർത്ഥത്തിൽ സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സർവ മനുഷ്യരേക്കാളും നബിയോടുള്ള സ്നേഹം ഓരോ മുസ്ലിമിന്റെയും ഹൃദയത്തിലുണ്ടാവേണ്ടതാണ്. റസൂൽ (ﷺ) പറയുന്നു: "തന്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല." (ബുഖാരി, മുസ്ലിം)
അല്ല! ഒരാൾക്ക് തന്നോടുള്ള സ്നേഹത്തേക്കാൾ വലുതായിരിക്കണം നബി (ﷺ)യോടുള്ള സ്നേഹം. അത് ബുഖാരിയിൽ ഉമർ (رَضِيَ اللَّهُ عَنْهُ) വിന്റെ ഒരു ഹദീഥിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഒരാൾക്ക് സ്വശരീരത്തേക്കാളും മാതാപിതാക്കളേക്കാളും മക്കളേക്കാളും കൂടുതൽ സ്നേഹം നബി (ﷺ)യോടായിരിക്കണം എന്ന് പറയാൻ കാരണം, നബി (ﷺ)യുടെ കരങ്ങളാൽ അല്ലാഹു മുസ്ലിംകൾക്ക് എത്തിച്ച അനുഗ്രഹമാണ് ഏറ്റവും മഹത്തരമായ അനുഗ്രഹം. അതായത്, ഇസ്ലാമെന്ന അനുഗ്രഹം! സന്മാർഗമെന്ന അനുഗ്രഹം! ഇരുളുകളിൽനിന്ന് വെളിച്ചത്തിലേക്ക് അല്ലാഹു നയിച്ചുവെന്ന അനുഗ്രഹം! അതാണ് ഏറ്റവും വലിയ അനുഗ്രഹം. അതിന് സമാനമായ മറ്റൊരു അനുഗ്രഹവും തന്നെയില്ല.
പക്ഷേ, ഈ സ്നേഹത്തിന്റെ അടയാളം ചുമരുകളും ജനലുകളും തൊട്ട് തടവലല്ല, മറിച്ച് റസൂലിനെ പിൻപറ്റലും അവിടുത്തെ സുന്നത്ത് പ്രവർത്തിക്കലുമാണ്. ഇസ്ലാം മതം രണ്ട് മഹാ കാര്യങ്ങളിലാണ് നില കൊള്ളുന്നത്:
ഒന്ന്: അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല എന്നത്.
രണ്ട്: അല്ലാഹുവിനെ ആരാധിക്കുന്നത് റസൂൽ (ﷺ) കാണിച്ചു തന്ന മാർഗത്തിലൂടെയല്ലാതെ പാടില്ല എന്നത്. ഇതാണ് 'അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്' എന്ന ശഹാദത്ത് കലിമയുടെ താൽപര്യം.
വിശുദ്ധ ഖുർആനിൽ 'പരീക്ഷണത്തിന്റെ ആയത്ത്' എന്ന് ചില പണ്ഡിതന്മാർ പേര് വിളിച്ച ഒരു ആയത്തുണ്ട്. അല്ലാഹുവിന്റെ ഈ വചനമാണത്: "നബിയേ) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" (ആലു ഇംറാൻ: 31) സലഫുകളിൽപെട്ട ഹസനുൽ ബസ്’രിയും മറ്റും പറയുന്നു: "ചിലയാളുകൾ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന് വാദിച്ചു. അപ്പോൾ അല്ലാഹു ഈ ആയത്ത് കൊണ്ട് അവരെ പരീക്ഷിച്ചു."
കളവ് പറയുന്നവരെയും സത്യം പറയുന്നവരെയും വേർതിരിക്കാനാണത്. അല്ലാഹുവിനെയും റസൂൽ (ﷺ)യെ താൻ സ്നേഹിക്കുന്നു എന്ന് വാദിക്കുന്ന ഒരാൾ വ്യക്തമായ തെളിവ് ഹാജരാക്കേണ്ടതാണ്. റസൂൽ (ﷺ)യെ പിൻപറ്റുകയെന്നതാണ് ആ തെളിവ്.
ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നു കഥീർ രേഖപ്പെടുത്തുന്നു: "മുഹമ്മദ് നബി (ﷺ)യുടെ പാത പിന്തുടരാതെ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന് വാദിക്കുന്ന ഓരോരുത്തരുടെയും മേൽ വിധി പറയുന്നതാണ് ഈ വിശുദ്ധ വചനം. തീർച്ചയായും അവൻ തന്റെ വാക്കുകളിലും പ്രവൃത്തികളിലും മുഹമ്മദ് നബി (ﷺ)യുടെ പാത പിന്തുടരുന്നത് വരെ ഇക്കാര്യത്തിൽ അവൻ കളവാണ് പറയുന്നത്.' റസൂൽ (ﷺ) പറയുന്നതായി സ്വഹീഹായ ഹദീഥിൽ കാണാം: 'നമ്മുടെ മതത്തിലില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്' അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത്: "നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക; അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്." നിങ്ങൾ തേടിയതിനേക്കാൾ വലുത് നിങ്ങൾക്ക് ലഭിക്കുമെന്നർത്ഥം. നിങ്ങൾ നേടാൻ ശ്രമിച്ചത് അല്ലാഹുവിനോടുള്ള സ്നേഹമാണ്. എന്നാൽ അതിനേക്കാൾ വലുതാണ് അല്ലാഹു നിങ്ങളെ ഇങ്ങോട്ട് സ്നേഹിക്കുക എന്നത്. അതാണ് നിങ്ങൾക്ക് ലഭിക്കുക. ബുദ്ധിശാലികളായ ചില പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു. 'നീ സ്നേഹിക്കുക എന്നതല്ല വലുത്, മറിച്ച് നിന്നെ അല്ലാഹു സ്നേഹിക്കുക എന്നതാണ് വലുത്." പിന്നീട് മുമ്പ് സൂചിപ്പിച്ച ഹസനുൽ ബസ്’രിയുടെയും മുൻഗാമികളുടെയും വാചകം ഇബ്നുകഥീർ ഉദ്ധരിച്ചു. നബി (ﷺ)യുടെ ഖബ്റിന്റെയടുക്കലുള്ള ചുമരുകൾ ചുംബിക്കുന്നതിനെയും തൊട്ടുതടവുന്നതിനെയും പറ്റി നവവി തന്റെ 'ശറഹുൽ മുഹദ്ദബി'ൽ ഇപ്രകാരം പറയുന്നു. "ജനങ്ങളിൽ അധികപേരും ചെയ്യുന്ന തെറ്റായ പ്രവൃത്തികൾ കണ്ട് വഞ്ചിതരാവരുത്. എന്നാൽ മാതൃക പിൻപറ്റേണ്ടതും പ്രവൃത്തിക്കേണ്ടതും നബിചര്യ കൊണ്ടും പണ്ഡിതന്മാരുടെ വചനങ്ങൾ കൊണ്ടുമാണ്. ജനങ്ങൾ മതത്തിൽ പുതുതായുണ്ടാക്കിയ കാര്യങ്ങളിലേക്കും അവരുടെ അജ്ഞതകളിലേക്കും തിരിഞ്ഞു നോക്കേണ്ടതില്ല. ആഇശ (رَضِيَ اللَّهُ عَنْها) യിൽ നിന്നും നിവേദനം: റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്'ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്" ഇമാം മുസ്ലിമിന്റെ രിവായത്തിൽ കാണാം: ''നമ്മുടെ കാര്യത്തിലില്ലാത്ത (ദീനിലില്ലാത്ത) വല്ല കർമവും ആരെങ്കിലും അനുഷ്ഠിച്ചാൽ അത് തള്ളപ്പെടേണ്ടതാകുന്നു.'' അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "എന്റെ ഖബ്റിടത്തെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിച്ചേരുന്നതാണ്." (അബൂദാവൂദ് സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചത്). ഫുദൈലു ബ്നു ഇയാദ് (رحمه الله) പറഞ്ഞത്: 'നീ സന്മാർഗം പിൻപറ്റുക. ആ വഴിയിൽ സഞ്ചരിക്കുന്നവരുടെ കുറവ് കണ്ട് നീ പ്രയാസപ്പെടേണ്ടതില്ല. പിഴച്ച മാർഗത്ത നീ സൂക്ഷിക്കുക. അതിൽ നശിക്കുന്നവരുടെ ആധിക്യം കണ്ട് നീ വഞ്ചിതനാവുകയും ചെയ്യരുത്' എന്നാണ്. കൈ കൊണ്ട് തടവലും മറ്റും ബറക്കത്തിനുള്ള ഏറ്റവും അനുയോജ്യമായ കാര്യമാണെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അതവന്റെ അജ്ഞതയും അശ്രദ്ധയും മൂലമാണ്. ബറകത്ത് ഉണ്ടാകുന്നത് ദീനിനോട് യോജിക്കുന്ന കാര്യങ്ങളിൽ മാത്രമാണ്. അപ്പോൾ സത്യത്തിന് എതിരായിക്കൊണ്ട് എങ്ങിനെയാണ് അനുഗ്രഹത്തെ കാംക്ഷിക്കുന്നത്?!" നവവിയുടെ വാചകങ്ങൾ അവസാനിച്ചു - അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചെയ്യട്ടെ. 4.ഖബ്ർ ത്വവാഫ് ചെയ്യൽ: സന്ദർശകൻ നബി (ﷺ)യുടെ ഖബ്റിനെ ത്വവാഫ് ചെയ്യൽ, തീർച്ചയായും അത് ഹറാമാണ്. കാരണം വിശുദ്ധ കഅ്ബാലയത്തിന് ചുറ്റുമല്ലാതെ മറ്റൊരിടത്തും ത്വവാഫ് ചെയ്യാൻ അല്ലാഹു അനുവദിച്ചിട്ടില്ല. അല്ലാഹു പറയുന്നു: "പുരാതനമായ ആ ഭവനത്തെ അവർ പ്രദക്ഷിണം ചെയ്തു കൊള്ളട്ടെ" (അൽഹജ്ജ്: 29) അതിനാൽ വിശുദ്ധ കഅ്ബാലയത്തിന് ചുറ്റുമല്ലാതെ മറ്റൊരു സ്ഥലത്തും ത്വവാഫ് ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ടാണ് ഇപ്രകാരം പറയാറുള്ളത്. ഓരോ സ്ഥലങ്ങളിലും അല്ലാഹുവിന് വേണ്ടി നമസ്കരിക്കുന്ന എത്രയെത്ര ആളുകളാണ്; അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ഠിക്കുന്നവർ എത്രയാളുകൾ; അല്ലാഹുവിനെ സ്മരിക്കുന്നവർ എത്രയാളുകളാണ്. എന്നാൽ 'ഓരോ സ്ഥലങ്ങളിലും അല്ലാഹുവിന് വേണ്ടി ത്വവാഫ് ചെയ്യുന്നവർ എത്രയെത്രയാളുകൾ' എന്ന് പറയപ്പെടാറില്ല. കാരണം, ത്വവാഫ് കഅ്ബാലയത്തിന് പ്രത്യേകമായിട്ടുള്ളതാണ്. ശൈഖുൽ ഇസ്'ലാം ഇബ്നുതൈമിയ (رحمه الله) പറഞ്ഞു: "കഅ്ബാലയത്തിന് ചുറ്റുമല്ലാതെ ത്വവാഫ് ചെയ്യൽ അനുവദനീയമല്ല എന്നതിൽ മുസ്ലിംകൾ ഏകോപിച്ചിട്ടുണ്ട്. ബൈതുൽ മുഖദ്ദസിലെ കല്ലിന് ചുറ്റുമോ, നബി (ﷺ)യുടെ മുറിക്ക് ചുറ്റുമോ, അറഫാ മലയിലെ ഖുബ്ബക്ക് ചുറ്റുമോ ഒന്നും തന്നെ ത്വവാഫ് പാടുള്ളതല്ല." 5- നബി (ﷺ)യുടെ ഖബ്റിന്നരികെ ശബ്ദമുയർത്തൽ: നബി (ﷺ)യുടെ ഖബ്റിന്നരികെ വെച്ച് ശബ്ദമുയർത്തുന്നത് ശരിയല്ല. കാരണം റസൂൽ (ﷺ) സത്യവിശ്വാസികൾക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കെ അവർക്ക് മര്യാദ പഠിപ്പിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം പറഞ്ഞു: "സത്യവിശ്വാസികളെ, നിങ്ങളുടെ ശബ്ദങ്ങൾ നബിയുടെ ശബ്ദത്തിന്റെ മീതെ നിങ്ങൾ ഉയർത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നിങ്ങളന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോകാതിരിക്കാൻ വേണ്ടി. തീർച്ചയായും തങ്ങളുടെ ശബ്ദങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെയടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമനിഷ്ഠക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവർക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവും ഉള്ളത്." (അൽ ഹുജറാത്ത് 2,3)
റസൂൽ (ﷺ)യെ അദ്ദേഹത്തിന്റെ ജീവിതത്തിലും മരണശേഷവും ആദരിക്കേണ്ടതാണ്.
6. വിദൂരത്ത് നിന്ന് സലാം പറയൽ. വിദൂര സ്ഥലത്ത് നിന്ന് നബി (ﷺ)യുടെ ഖബ്റിനെ മുന്നിട്ട് കൊണ്ട് സലാം പറയൽ -അത് പള്ളിക്കകത്ത് നിന്നായാലും പുറത്തായാലും ശരി- അനുവദനീയമല്ല. നമ്മുടെ ഗുരുവര്യനായ ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസ് (رحمه الله) അദ്ദേഹത്തിന്റെ ഹജ്ജ് കർമ്മരീതി പഠിപ്പിക്കുന്ന പുസ്തകത്തിൽ പറയുന്നു: 'നബി (ﷺ)യോടുള്ള അടുപ്പത്തേക്കാളും ബന്ധത്തേക്കാളും അവിടുത്തോടുള്ള അപമര്യാദയെ കുറിക്കുന്ന പ്രവർത്തനമാണിത്.'
7- സലാം പറഞ്ഞയക്കൽ: മദീനയിലേക്ക് വരുന്ന ചിലരോട് അവരുടെ ബന്ധുക്കളും മറ്റും റസൂൽ (ﷺ) ക്ക് അവരുടെ സലാം എത്തിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇതിന് നബിചര്യയിൽ യാതൊരു തെളിവും കാണാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ ആരെങ്കിലും ഇങ്ങനെ ആവശ്യപ്പെട്ടു കഴിഞ്ഞാൽ ആവശ്യപ്പെട്ടവനോട് ഇപ്രകാരം പറയണം. നീ സ്വലാത്തും സലാമും അധികരിപ്പിക്കുക, മലക്കുകൾ അത് റസൂൽ (ﷺ)ക്ക് എത്തിക്കുന്നതാണ്. റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "തീർച്ചയായും അല്ലാഹുവിന്, ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലക്കുകളുണ്ട്. എന്റെ സമുദായത്തിൽ നിന്നും അവരെനിക്ക് സലാമിനെ എത്തിച്ചു തരുന്നതാണ്." (നസാഇയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീഥാണിത്) നബി(ﷺ) പറഞ്ഞു: "നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ ഉത്സവ സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." (അബൂദാവൂദും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീഥാണിത്)
ഹജ്ജ്, ഉംറ എന്നിവയുമായി മദീനാ സിയാറത്തിന് യാതൊരു നിർബന്ധ ബന്ധവുമില്ല എന്നത് അറിഞ്ഞിരിക്കേണ്ട സംഗതിയാണ്. ഹജ്ജിനോ ഉംറക്കോ വരുന്നവന്ന് വേണമെങ്കിൽ മദീന സന്ദർശിക്കാതെ അവന്റെ നാട്ടിലേക്ക് മടങ്ങാവുന്നതാണ്. അതുപോലെ ആരെങ്കിലും തന്റെ നാട്ടിൽ നിന്ന് മദീനയിലേക്കായി വന്നാൽ ഹജ്ജും ഉംറയും ചെയ്യാതെ അവന്റെ നാട്ടിലേക്ക് മടങ്ങാവുന്നതാണ്. ഹജ്ജും ഉംറയും മദീനാ സന്ദർശനവും ഒരൊറ്റ യാത്രയിൽ തന്നെ ഒരുമിച്ചു ചെയ്യാവുന്നതുമാണ്.
എന്നാൽ നബി (ﷺ)യുടെ ഖബ്ർ സന്ദർശനവുമായി ബന്ധപ്പെട്ടുവന്ന ദുർബലമായ ചില ഹദീഥുകൾ വന്നിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: "ആരെങ്കിലും ഹജ്ജ് ചെയ്തിട്ട് എന്നെ സന്ദർശിച്ചില്ലെങ്കിൽ അവൻ എന്നോട് മര്യാദകേട് കാണിച്ചിരിക്കുന്നു." മറ്റൊരു അസ്വീകാര്യമായ ഹദീഥ് ഇങ്ങനെയാണ്: "ആരെങ്കിലും എന്റെ മരണത്തിന് ശേഷം എന്നെ സന്ദർശിച്ചാൽ അവൻ എന്റെ ജീവിതത്തിൽ എന്നെ സന്ദർശിച്ചവനെപ്പോലെയാണ്." മറ്റൊരു ദുർബല ഹദീഥ് ഇപ്രകാരമാണ്: "ആരെങ്കിലും എന്നെയും എന്റെ പിതാവ് ഇബ്രാഹീമിനെയും ഒരേ വർഷത്തിൽ സന്ദർശിച്ചാൽ അവന് സ്വർഗം ഞാൻ ഉറപ്പു നൽകുന്നു." മറ്റൊരു ദുർബല ഹദീഥ് ഇപ്രകാരമാണ്: "ആരെങ്കിലും എന്റെ ഖബർ സന്ദർശിച്ചാൽ അവന്ന് എന്റെ ശുപാർശ ഉറപ്പായിരിക്കുന്നു." ഈ ഹദീഥുകളും ഇവയോട് സാദൃശ്യമുള്ള മറ്റു ഹദീഥുകളും തെളിവിന് പറ്റുകയില്ല. കാരണം, ഇവയെല്ലാം ഒന്നുകിൽ കെട്ടിയുണ്ടാക്കപ്പെട്ടതോ അല്ലെങ്കിൽ വളരെയധികം ദുർബലമോ ആണ്. പ്രഗൽഭ പണ്ഡിതന്മാരായ ദാറക്വുത്നി, ഉഖൈലി, ബൈഹബി, ഇബ്നു തൈമിയ്യ, ഇബ്നുഹജർ എന്നിവർ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നബിയുടെ ഖബ്റിങ്കൽ വരിക നിർബന്ധമാണെന്ന് സൂചിപ്പിക്കാൻ ഈ ആയത്ത് പലരും ഉദ്ധരിക്കാറുണ്ട്: അല്ലാഹു പറഞ്ഞു: "അവർ അവരോട് തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിന്റെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു." (അന്നിസാഅ്: 64) സ്വന്തത്തോട് അക്രമം പ്രവർത്തിച്ചാൽ നബിയുടെ ഖബ്റിന്നരികെ പോവുകയും നബി (ﷺ)യോട് പാപമോചനത്തിന് തേടുകയും ചെയ്യുന്നതിന്ന് ഈ ആയത്തിൽ യാതൊരു തെളിവുമില്ല. എന്തെന്നാൽ ആയത്തിന്റെ പശ്ചാത്തലം കപട വിശ്വാസികളെക്കുറിച്ചാണ്. റസൂൽ (ﷺ)ന്റെയടുക്കൽ പാപമോചനത്തിന് വരുന്നത് അവിടുത്തെ ജീവിത കാലത്തുമായിരുന്നു. സ്വഹാബികളാരും തന്നെ പാപ മോചനത്തിനാവശ്യപ്പെട്ട് റസൂലിന്റെ ഖബ്റിങ്കൽ പോകാറുണ്ടായിരുന്നില്ല. അത് കൊണ്ടാണ്, വരൾച്ച ബാധിച്ചപ്പോൾ ഉമറുബ്നുൽ ഖത്താബ് (رَضِيَ اللَّهُ عَنْهُ) റസൂലിനെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന് പകരം അബ്ബാസ് (رَضِيَ اللَّهُ عَنْهُ)വിന്റെ പ്രാർത്ഥന കൊണ്ട് തവസ്സുൽ ചെയ്തത്. എന്നിട്ട് ഇപ്രകാരം പറയുകയുണ്ടായി. "അല്ലാഹുവേ, ഞങ്ങൾക്ക് വരൾച്ച ബാധിക്കുമ്പോൾ ഞങ്ങൾ നബി(ﷺ)യെക്കൊണ്ട് നിന്നോട് തവസ്സുൽ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നീ മഴ വർഷിപ്പിക്കുകയും ചെയ്യുമായിരുന്നു; ഇപ്പോൾ ഞങ്ങളുടെ നബി(ﷺ)യുടെ പിതൃ സഹോദരനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് തവസ്സുൽ ചെയ്യുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ വർഷിപ്പിക്കണേ.!!" അപ്പോൾ അവർക്ക് മഴ വർഷിക്കപ്പെടും. (സ്വഹീഹുൽ ബുഖാരി) റസൂൽ (ﷺ)യുടെ മരണ ശേഷം അദ്ദേഹത്തോട് തവസ്സുൽ ചെയ്യുന്നത് അനുവദനീയമായിരുന്നുവെങ്കിൽ ഇവിടെ ഉമർ (رَضِيَ اللَّهُ عَنْهُ) നബി (ﷺ) യെ വിട്ട് അബ്ബാസ് (رَضِيَ اللَّهُ عَنْهُ) നെ കൊണ്ട് തവസ്സുൽ ചെയ്യുമായിരുന്നില്ല. ഈ കാര്യം ബുഖാരി, ആഇശ (رَضِيَ اللَّهُ عَنْها)യിൽ നിന്ന് ഉദ്ധരിക്കുന്ന രോഗത്തെ സംബന്ധിച്ചുള്ള ഹദീഥിൽ നിന്നും വ്യക്തമാകുന്നതാണ്. ആഇശ (رَضِيَ اللَّهُ عَنْها) പറഞ്ഞു. എന്റെ തലക്കെന്തൊരു വേദന! അപ്പോൾ റസൂൽ (ﷺ) പറഞ്ഞു. "അത് (നിന്റെ മരണം) ഞാൻ ജീവിച്ചിരിക്കുമ്പോഴാണെങ്കിൽ ഞാൻ നിനക്ക് വേണ്ടി പാപമോചനത്തിന് തേടുകയും പ്രാർത്ഥിക്കുകയും ചെയ്യും." അപ്പോൾ ആഇശ (رَضِيَ اللَّهُ عَنْها) പറഞ്ഞു: കഷ്ടം! അല്ലാഹുവാണെ! താങ്കൾ എന്റെ മരണത്തെയാണ് ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. (ബുഖാരി-കിതാബുൽ മർദാ)
റസൂൽ (ﷺ)യുടെ മരണശേഷവും അദ്ദേഹത്തിൽ നിന്ന് പ്രാർത്ഥനയും പാപമോചനം തേടലും സംഭവിക്കുമായിരുന്നെങ്കിൽ ആഇശ (رَضِيَ اللَّهُ عَنْها) റസൂലിന്റെ മുമ്പോ ശേഷമോ മരിക്കുന്നതിൽ വ്യത്യാസമില്ലല്ലോ.
റസൂൽ (ﷺ)യുടെ ഖബ്ർ സന്ദർശനം: ഖബർ സിയാറത്തിനെക്കുറിച്ച് മൊത്തത്തിൽ പറയുന്ന ഹദീഥുകൾ തന്നെയാണ് റസൂൽ (ﷺ)യുടെ ഖബ്ർ സിയാറത്തിലും വന്നിട്ടുള്ളത്. റസൂൽ (ﷺ) പറഞ്ഞത് പോലെ: "നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക, നിശ്ചയം അത് നിങ്ങൾക്ക് പരലോകത്തെക്കുറിച്ചുള്ള സ്മരണയുണ്ടാക്കും." (മുസ്ലിം) എന്നാൽ റസൂൽ (ﷺ) യുടെ ഖബ്റിന്നരികിൽ കൂടുതൽ സമയം നിൽക്കുന്നതോ, നിരന്തരം സന്ദർശിക്കുന്നതോ പാടുള്ളതല്ല. കാരണം, അത് അതിര് കവിയലിലേക്കെത്തിച്ചേക്കും. സമൂഹത്തിൽ മറ്റാർക്കും നൽകാത്ത ഒരു പ്രത്യേകത നബി(ﷺ)ക്ക് മാത്രമായി അല്ലാഹു നൽകിയിട്ടുണ്ട്. അഥവാ എല്ലാ സ്ഥലങ്ങളിൽ നിന്നും മലക്കുകൾ അവിടുത്തേക്ക് സലാം എത്തിക്കുന്നതാണ്. റസൂൽ (ﷺ) പറയുന്നു: "തീർച്ചയായും അല്ലാഹുവിന്, ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മലക്കുകളുണ്ട്. എന്റെ സമുദായത്തിൽ നിന്നും അവരെനിക്ക് സലാം എത്തിച്ചു തരുന്നതാണ്." നബി(ﷺ) പറഞ്ഞു: "നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ തുടരെ സന്ദർശിക്കുന്ന സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." നബി(ﷺ)യുടെ ഖബ്റിനെ തുടരെ സന്ദർശിക്കുന്ന സ്ഥലമാക്കുന്നതിൽ നിന്ന് അവിടുന്ന് വിലക്കിയപ്പോൾ അതിന് പകരം നിൽക്കുന്ന മറ്റൊരു കാര്യത്തിലേക്ക് മാർഗദർശനം നൽകുകയും ചെയ്തു. അതായത്: "നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക, നിങ്ങളെവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്കെത്തിച്ചേരും." അതായത്, മലക്കുകൾ മുഖേന.
ബഖീഇലെ ഖബ്ർ സന്ദർശനവും, ഉഹുദിൽ ശഹീദായവരുടെ ഖബ്ർ സന്ദർശനവും, അനുവദിക്കപ്പെട്ട രീതിയിലാണെങ്കിൽ സുന്നത്തും പുതുനിർമിത (ബിദഈ) രീതിയിലാണെങ്കിൽ നിഷിദ്ധവുമാണ്
മതപരമായ സിയാറത്തുകൊണ്ടുള്ള വിവക്ഷ, റസൂൽ (ﷺ)യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നതിന് യോജിച്ച രീതിയിലുള്ളതായിരിക്കണം എന്നതാണ്. അത് ജീവിച്ചിരിക്കുന്ന സന്ദർശകന്നും, സന്ദർശിക്കപ്പെടുന്ന മരിച്ചയാൾക്കും ഉപകാരപ്പെടുന്നതാണ്.
സന്ദർശകന്ന് പ്രയോജനപ്പെടുന്ന മൂന്ന് കാര്യങ്ങൾ:
ഒന്ന്: മരണത്തെക്കുറിച്ചുള്ള സ്മരണ: അതുമൂലം അവൻ സൽക്കർമങ്ങൾ ചെയ്ത് മരണത്തിന്ന് തയ്യാറെടുക്കും. റസൂൽ (ﷺ) പറഞ്ഞു: "നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക. തീർച്ചയായും അത്, നിങ്ങളെ പരലോകത്തെ ഓർമ്മിപ്പിക്കും." (മുസ്ലിം)
രണ്ട്: ഖബ്ർ സന്ദർശിക്കൽ സുന്നത്താണ്: അതിന് സുന്നത്ത് ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്
മൂന്ന്: മരണപ്പെട്ട മുസ്ലിംകൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന നന്മ ചെയ്യൽ. അതിന് ആ നന്മക്കുള്ള പ്രതിഫലം ലഭിക്കുന്നതാണ്.
സന്ദർശിക്കപ്പെടുന്ന മയ്യിത്തിനാകട്ടെ ആ പ്രാർത്ഥന എന്ന നന്മ പ്രയോജനപ്പെടുന്നതാണ്. കാരണം, ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് മരണപ്പെട്ടവർക്ക് പ്രയോജനം ലഭിക്കുന്നതാണ്.
റസൂലി(ﷺ)ൽ നിന്ന് സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ കൊണ്ട് ഖബ്റാളികൾക്ക് വേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ബുറൈദതു ബ്നുൽ ഹുസൈബ് (رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം: ഖബ്ർ സന്ദർശിക്കാൻ പുറപ്പെടുമ്പോൾ ചൊല്ലാൻ വേണ്ടി റസൂൽ (ﷺ) അവർക്ക് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു: "ഈ പാർപ്പിടങ്ങളിൽ വസിക്കുന്ന മുസ്ലിംകളും മുഅ്മിനുകളുമായിട്ടുള്ളവരേ... നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്. ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യം നൽകുവാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു." (മുസ്ലിം) പുരുഷൻമാർക്ക് ഖബ്ർ സന്ദർശനം സുന്നത്താണ്. എന്നാൽ സ്ത്രീകൾ ഖബ്ർ സന്ദർശിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ അതനുവദിക്കുകയും ചിലർ വിലക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രബലമായ അഭിപ്രായം പാടില്ല എന്നതാണ്. കാരണം റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ഖബർ സന്ദർശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു." (തിർമിദിയും മറ്റും ഉദ്ധരിച്ചത്. തിർമിദി പറഞ്ഞു. 'ഈ ഹദീഥ് ഹസനും സ്വഹീഹുമാണ്) ഈ ഹദീഥിലെ زَوَّارات എന്ന പദം സ്ത്രീകളിലേക്ക് ചേർത്തിപ്പറയുന്നതാണ്. അതായത് സിയാറത്ത് നടത്തുന്ന സ്ത്രീകൾ. അല്ലാഹുവിനെക്കുറിച്ച് നിരാകരിച്ചു പറയപ്പെട്ട ظَلاَّم എന്ന പദം പോലെയാണിത്: "നിന്റെ രക്ഷിതാവ് അടിമകളോട് അനീതി കാണിക്കുന്നവനേയല്ല" അതായത് അവൻ അനീതി കാണിക്കുന്നവനേയല്ല എന്നർത്ഥം. സ്ത്രീകൾക്ക് ഖബ്ർ സന്ദർശനം അനുവദനീയമാണെന്ന് വാദിച്ച ചില പണ്ഡിതന്മാർ പറഞ്ഞത് പോലെ അമിതമായി ചെയ്യുക എന്നർത്ഥം വരുന്ന പ്രയോഗം അല്ല അത്. അങ്ങനെ വരുമ്പോൾ ധാരാളമായി സന്ദർശിക്കുന്നത് മാത്രമേ കുറ്റകരമാകൂ എന്ന് വരും. (അല്ലാഹു ഒരുപാട് അക്രമം ചെയ്യുകയില്ല എന്നല്ലല്ലോ അർഥം! മറിച്ച്, അവൻ ഒട്ടും അക്രമം ചെയ്യുകയില്ല എന്നാണ്.) മാത്രമല്ല, സ്ത്രീകൾ ദുർബലരാണ്. അവർക്ക് ക്ഷമിക്കാനും ബഹളവും കരച്ചിലുമൊക്കെ തടഞ്ഞു നിർത്താനുമുള്ള കഴിവ് കുറവാണ്.
മാത്രമല്ല, സ്ത്രീകൾക്ക് സന്ദർശനം പാടില്ല എന്ന് പറയുന്നതാണ് സൂക്ഷ്മതക്ക് ഏറ്റവും നല്ലത്. എന്തെന്നാൽ, സ്ത്രീ (സൂക്ഷ്മത പാലിച്ചുകൊണ്ട്) സന്ദർശനം ഒഴിവാക്കിയാൽ അവർക്ക് നഷ്ടപ്പെടുന്നത് (അവളെ സംബന്ധിച്ചിടത്തോളം പുണ്യമാണെന്ന് വന്നാൽ തന്നെ) ഒരു സുന്നത്തായ കാര്യം മാത്രമാണ്. എന്നാൽ സന്ദർശനം നടത്തിയാൽ അവൾക്ക് ലഭിക്കാൻ സാധ്യതയുള്ളതാകട്ടെ ശാപമാണ്.
ബിദ്അത്തായ സിയാറത്ത്: അനുവദനീയമല്ലാത്ത രീതിയിലുള്ള ഖബ്ർ സന്ദർശനമാണത്. ഖബ്റാളികളോട് പ്രാർത്ഥിക്കുവാനും അവരോട് സഹായം തേടുവാനും കാര്യപൂർത്തീകരണത്തിന് അവരോട് ആവശ്യപ്പെടാനും ഖബ്റുകൾ ലക്ഷ്യമാക്കി പോകുന്നത് ഇതിനുദാഹരണമാണ്. ഇപ്രകാരമുള്ള സന്ദർശനം കൊണ്ട് മയ്യിത്തിന് ഒരു പ്രയോജനവുമില്ല. ജീവിച്ചിരിക്കുന്നവർക്ക് അത് ഉപദ്രവവുമായിത്തീരും. കാരണം, അവൻ ചെയ്ത കാര്യം അനുവദനീയമല്ലാത്തതാണ്. അത് അല്ലാഹുവിൽ പങ്കു ചേർക്കലാണ്. മയ്യിത്തിനാകട്ടെ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കാരണം, മയ്യിത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല. മറിച്ച് അല്ലാഹുവിന് പുറമെ അവർ ആ മയ്യിത്തിനോടാണ് പ്രാർത്ഥിച്ചത്. നമ്മുടെ ഗുരുവര്യനായ ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസ് (رحمه الله) അദ്ദേഹത്തിന്റെ ഹജ്ജ് കർമ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു:
"അവരുടെ ഖബ്റുകളുടെ അടുത്ത് വെച്ച് പ്രാർത്ഥിക്കാൻ ഉദ്ദേശിച്ച് കൊണ്ടുള്ള സിയാറത്തും അല്ലെങ്കിൽ അതിന്നരികിൽ ഭജനമിരിക്കലും അവരോട് കാര്യ പൂർത്തീകരണത്തിന് ആവശ്യപ്പെടലും, രോഗശമനം ചോദിക്കലും, അവരെ വെച്ച് കൊണ്ട് അല്ലാഹുവോട് ചോദിക്കലും, അവരുടെ ജാഹ് കൊണ്ട് ചോദിക്കലും തുടങ്ങിയ കാര്യങ്ങളെല്ലാം ബിദ്അത്തും നിഷിദ്ധവുമായ സിയാറത്തുകളാണ്. അല്ലാഹുവോ റസൂൽ (ﷺ)യോ അത് പഠിപ്പിക്കുകയോ സച്ചരിതരായ മുൻഗാമികൾ അത് പ്രവർത്തിച്ച് കാണിക്കുകയോ ചെയ്തിട്ടില്ല. പ്രത്യുത, റസൂൽ (ﷺ) വിലക്കിയ ഹുജ്ർ (നിരർത്ഥക കാര്യങ്ങൾ) പറയലാകും അത്. റസൂൽ (ﷺ) പറഞ്ഞു: "നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുവീൻ, എന്നാൽ നിങ്ങൾ ഹുജ്ർ (നിരർത്ഥക കാര്യങ്ങൾ) പറയരുത്." ഈ പറയപ്പെട്ടതെല്ലാം ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. പക്ഷേ, വ്യത്യസ്ത പദവിയിലുള്ളതാണ്. അതിൽ ചിലതെല്ലാം ബിദ്അത്താണ്, എന്നാൽ ശിർക്കല്ലതാനും, ഖബ്റിന്നരികെ വന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും മയ്യിത്തിന്റെ ഹഖ് ജാഹ് കൊണ്ട് ചോദിക്കുകയും ചെയ്യുന്നത് ഉദാഹരണം. മറ്റ് ചിലത് വലിയ ശിർക്കിൽ പെട്ടതാണ്. മരിച്ചവരോട് പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നത് ഉദാഹരണം. അവസാനമായി ഇത്രയുമാണ് ഞാൻ ഇവിടെ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കാനുദ്ദേശിച്ചത്. ഇഹപര ജീവിതത്തിൽ നല്ല പര്യവസാനമുണ്ടാകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ അല്ലാഹു നമുക്കും ഈ മദീനയിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും എല്ലാ മുസ്ലിംകൾക്കും തൗഫീഖ് നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അതു പോലെ ഈ നല്ല നാട്ടിൽ നല്ല നിലനിൽപിന്നും സൽസ്വഭാവത്തിനും നല്ല പര്യവസാനത്തിനും വേണ്ടിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
Related books
All books
യാത്രയുടെ മര്യാദകളും വിധിവിലക്കുകളും52 ഭാഷകൾയാത്രയുടെ മര്യാദകളും വിധിവിലക്കുകളും
الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين. أما بعد: യാത്രയുടെ മര്യാദകളും വിധികളും വിവരിക്കുന്ന സംക്ഷിപ്തമായ ഒരു ലഘുലേഖയാണിത്. യാത്രക്കാരൻ അറിഞ്ഞിരിക്കേണ്ട മിക്ക കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഉദ്യമം അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റാനും, മുസ്ലിംകൾക്ക് ഇത് ഉപകാരപ്രമദായി നിശ്ചയിക്കാനും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഒന്ന്: യാത്രയുടെ മര്യാദകൾ.
മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.52 ഭാഷകൾമസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.
ഈ ഗ്രന്ഥം മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും സന്ദർശന മര്യാദകളും, നബി ﷺ യുടെയും അവിടുത്തെ രണ്ട് സഹാബിമാരുടെയും (رضي الله عنهما) ഖബ്റുകൾ സിയാറത്ത് ചെയ്യുമ്പോഴുള്ള മര്യാദകളും വിവരിക്കുകയും, സിയാറത്ത് വേളയിൽ ഗൗരവവും ശുദ്ധിയും പാലിക്കേണ്ടതിൻ്റെയും ബിദ്അത്തായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.
المنهج لمريد العمرة والحج16 ഭാഷകൾالمنهج لمريد العمرة والحج
كتيب يحتوي على دليل مفصل حول مناسك الحج والعمرة، يشرح بدقة الخطوات والآداب الواجب اتباعها خلال تأدية هذه الشعائر. يبدأ بالتأكيد على أهمية الحج في الإسلام كونه أحد أركان الإسلام الخمسة. ويشدد على ضرورة الإخلاص في النية واتباع سنة النبي محمد صلى الله عليه وسلم في جميع الأفعال والأقوال أثناء تأدية هذه الشعيرة المباركة.
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ40 ഭാഷകൾപൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ
ശൈഖ് ഇബ്നു ബാസ് رحمه الله എഴുതിയ 'പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ' എന്ന പുസ്തകം ഏറെ പ്രയോജനപ്രദമായ ഒരു ലഘുകൃതിയാണ്. മുസ്ലിം പൊതുജനങ്ങൾക്ക് അവരുടെ ജീവിതയാത്രയിലെ ഒരു വൈജ്ഞാനിക വിഭവമാകാൻ വേണ്ടിയാണ് ഇമാം ഇബ്നു ബാസ് ഈ പുസ്തകം രചിച്ചത്. തൗഹീദ്, ഇസ്ലാം, ഈമാൻ തുടങ്ങിയ ദീനിന്റെ അടിസ്ഥാന നിയമങ്ങളും അടിത്തറയുമാണ് ഈ പുസ്തകത്തിൽ ശൈഖ് കൈകാര്യം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിസ്കാരം, ശുദ്ധീകരണം തുടങ്ങിയ കർമശാസ്ത്ര വിഷയങ്ങളും ഇസ്ലാമക മര്യാദകളും ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ശിർക്കിന്റെയും മറ്റു തിന്മകളുടെയും അപകടം വിശദീകരിക്കുകയും അതിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അതെല്ലാം ഏറെ…