ഏറ്റവും കൂടുതൽ തിരഞ്ഞവ
ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.
ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ ഹജ്ജ്, ഉംറ, സിയാറത്ത് എന്നീ വിഷയങ്ങളിലെ വിധിവിലക്കുകൾ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്; ഹജ്ജിലെയും ഉംറയിലെയും നിർബന്ധകാര്യങ്ങൾ, ഇഹ്റാമിലായിരിക്കെയുള്ള വിലക്കുകൾ, മസ്ജിദുന്നബവി സിയാറത്തിന്റെ മര്യാദകൾ എന്നിവ വിവരിക്കുകയും, ഈ കർമങ്ങളിലെ ബിദ്അത്തുകളുടെ ഗൗരവം അറിയിക്കുകയും ചെയ്യുന്നു.
This PDF is generated automatically from the book's text; its layout may differ from the printed edition.
ഹജ്ജ്, ഉംറ, സിയാറത്ത്; ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ
ഗ്രന്ഥകർത്താവ്: ആദരണീയനായ ശൈഖ്
അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ്(رحمه الله)
ഗ്രന്ഥകാരൻ്റെ ആമുഖം:
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു എല്ലാ സ്തുതിയും. അവനെ സൂക്ഷിച്ചു ജീവിക്കുന്നവരാരോ അവർക്കാകുന്നു അന്തിമവിജയം. അവൻ്റെ അടിമയും റസൂലുമായ മുഹമ്മദ് നബിക്കും അവിടുത്തെ മുഴുവൻ കുടുംബത്തിനും അനുചരന്മാർക്കും അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.
ശേഷം:
ഹജ്ജും അതിൻ്റെ ശ്രേഷ്ഠതയും മര്യാദകളും, ഹജ്ജ് നിർവ്വഹിക്കാനായി യാത്ര ഉദ്ദേശിക്കുന്നവർ അനിവാര്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഹജ്ജ്-ഉംറ സിയാറത്തുമായി ബന്ധപ്പെട്ട മറ്റനേകം വിഷയങ്ങളും സംക്ഷിപ്തമായും വ്യക്തമായും വിവരിക്കുന്ന ഒരു കുറിപ്പാണ് ഇത്. ഖുർആനിൻ്റെയും നബിയുടെ (ﷺ) സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ, മുസ്‌ലിംകൾക്ക് ഒരു ഗുണകാംക്ഷയായി ഈ കൃതി ക്രമീകരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ വാക്കുകളാണ് അതിലേക്ക് എന്നെ നയിച്ചത്: {നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം ഈമാനുള്ളവർക്ക് പ്രയോജനം ചെയ്യുന്നതാണ്.} (ദാരിയാത്ത്: 55) അല്ലാഹു പറഞ്ഞു: {കിതാബ് നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക)...} (ആലു ഇംറാൻ: 187) അല്ലാഹു പറഞ്ഞു: {...പുണ്യത്തിലും തഖ്‌വയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക...} (മാഇദ: 2)
നബിയിൽ (ﷺ) നിന്ന് സ്ഥിരപ്പെട്ട ഹദീഥിൽ അവിടുന്നരുളി: {ദീൻ ഗുണകാംക്ഷയാണ്." മൂന്ന് തവണ (അവിടുന്ന് അപ്രകാരം പറഞ്ഞു.) അവിടുത്തോട് ചോദിക്കപ്പെട്ടു: "ആരോടാണ് (ഗുണകാംക്ഷ പാലിക്കേണ്ടത്) അല്ലാഹുവിൻ്റെ റസൂലേ?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ കിതാബിനോടും അവൻ്റെ റസൂലിനോടും, മുസ്‌ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും." [1] (1) മുസ്‌ലിം: 55.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: {ആരെങ്കിലും മുസ്‌ലിംകളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നില്ലെങ്കിൽ അവൻ അവരിൽ പെട്ടവനല്ല. ആരെങ്കിലും അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും അവൻ്റെ കിതാബിനോടും അവൻ്റെ ഇമാമിനോടും (മുസ്ലിം ഭരണാധികാരിയോടും) പൊതു മുസ്‌ലിംകളോടും ഗുണകാംക്ഷയില്ലാതെ നേരം പുലരുകയും വൈകുന്നേരമാവുകയും ചെയ്യുന്നുവെങ്കിൽ അവനും അവരിൽ പെട്ടവനല്ല.} [2] [2] മുഅ്ജമുൽ ഔസത്വ് ത്വബ്റാനി: 7469.
ഈ കൃതി എനിക്കും എൻ്റെ മുസ്‌ലിം സഹോദരങ്ങൾക്കും പ്രയോജനകരമാകട്ടെ എന്നും, ഇതിന് വേണ്ടിയുള്ള പരിശ്രമം അല്ലാഹുവിൻ്റെ മുഖം ദർശിക്കാനുള്ള ആഗ്രഹം മുൻനിറുത്തി മാത്രമാകാനും, അവൻ്റെ സുഖാനുഗ്രഹങ്ങളുടെ സ്വർഗം നേടിയെടുക്കാനുള്ള കാരണമാകാനും ഞാൻ അല്ലാഹുവിനോട് തേടുന്നു. അവൻ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നവനാണ്. നമുക്ക് അല്ലാഹു മതി; ഭരമേൽപ്പിക്കാൻ അവൻ എത്ര നല്ലവനാണ്!
അദ്ധ്യായം
ഹജ്ജും ഉംറയും നിർബന്ധമാകുന്നവർ അത് നിർവഹിക്കാൻ ധൃതിപ്പെടണം എന്നറിയിക്കുന്നതെളിവുകൾ.
സത്യം മനസ്സിലാക്കാനും അത് പിൻപറ്റാനും അല്ലാഹു നാമേവർക്കും സൗഭാഗ്യം നൽകട്ടെ! അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ തൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയിലെത്തി ഹജ്ജ് നിർവ്വഹിക്കുക എന്നത് നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അറിയുക. ഇസ്‌ലാമിൻ്റെ സ്തംഭങ്ങളിലൊന്നായാണ് ഹജ്ജ് കർമ്മത്തെ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അല്ലാഹു പറഞ്ഞു: {...ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നിർവഹിക്കൽ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.} (ആലു ഇംറാൻ: 97)
ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇബ്‌നു ഉമർ (رَضِيَ اللَّهُ عَنْهُمَا) നിവേദനം: നബി ﷺ പറഞ്ഞു: {ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്കു മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂലാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, അല്ലാഹുവിൻ്റെ വിശുദ്ധ ഭവനമായ കഅ്ബയിൽ പോയി ഹജ്ജ് നിർവ്വഹിക്കൽ.} [3] [3] ബുഖാരി: 8, മുസ്‌ലിം: 16.
ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു: {വ്യത്യസ്ത നാടുകളിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും സാമ്പത്തിക വിശാലതയുണ്ടായിട്ടും [4] ഹജ്ജ് ചെയ്യാതിരിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് മേൽ ജിസ്‌യ ചുമത്തുകയും ചെയ്യുന്നതിനെ കുറിച്ച് ഞാൻ വിചാരിച്ചിട്ടുണ്ട്. അക്കൂട്ടർ മുസ്‌ലിംകളല്ല. അവർ മുസ്‌ലിംകളല്ല.} [5] [4] അഥവാ: ധനസമൃദ്ധി എന്നാണ്. [5] ജാമിഉൽ അഹാദീഥിൽ (ഹദീസ് നം: 31221) സഈദ് ബ്നു മൻസ്വൂറിൻ്റെ സുനനിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്; എങ്കിലും സുനനിൻ്റെ ലഭ്യമായ പതിപ്പിൽ ഇത് കണ്ടെത്താനായിട്ടില്ല.
അലി (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെടാറുള്ള ഒരു വചനം ഉണ്ട്; അതിപ്രകാരമാണ്: {ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കുന്ന സ്ഥിതിയുണ്ടായിട്ടും ഒരാൾ അത് ഉപേക്ഷിക്കുകയാണെങ്കിൽ യഹൂദനോ ക്രൈസ്തവനോ ആയി അവൻ മരിച്ചു കൊള്ളട്ടെ.} [6] [6] തിർമിദി: 812.
ഹജ്ജ് നിർവ്വഹിക്കാൻ കഴിവുണ്ടായിട്ടും ഇതുവരെ ഹജ്ജ് നിർവ്വഹിക്കാത്തവർ ഉടൻ തന്നെ ഹജ്ജ് നിറവേറ്റുന്നതിന് നിർബന്ധമായും മുന്നിട്ടിറങ്ങണം. നബി (ﷺ) പറഞ്ഞതായി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്യപ്പെടാറുള്ള ഒരു ഹദീഥിൽ കാണാം: {ഹജ്ജ് നിർവ്വഹിക്കാൻ നിങ്ങൾ ധൃതികൂട്ടുക! കാരണം തനിക്ക് എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിങ്ങളിൽ ആർക്കും അറിയുകയില്ല.} [7] ഇവിടെ ഹജ്ജ് എന്നത് കൊണ്ട് ഉദ്ദേശ്യം നിർബന്ധമായ ഹജ്ജാണ്. [7] അബൂദാവൂദ്: 1732.
കഅ്ബയിലേക്ക് യാത്ര ചെയ്തെത്താൻഒരാൾക്ക് സാധ്യമാകുന്നതോടെ ഹജ്ജ് ഉടനെ നിർവ്വഹിക്കുക എന്നത് അയാൾക്കു മേൽ നിർബന്ധമാകുന്നതാണ്; ഖുർആനിലെ ഈ ആയത്തിൻ്റെ പ്രത്യക്ഷാർത്ഥം അതാണ് അറിയിക്കുന്നത്: {...ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള നിർബന്ധ ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.} (ആലു ഇംറാൻ: 97) നബി ﷺ തൻ്റെ ഖുത്ബകളിലൊന്നിൽ ഇപ്രകാരം പറയുകയുണ്ടായി: {ജനങ്ങളേ! അല്ലാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് നിർവ്വഹിക്കുക.} [8] [8] മുസ്‌ലിം: 1337.
ഉംറ നിർബന്ധമാണെന്ന് അറിയിക്കുന്ന ഹദീഥുകളും -ഇതു പോലെ- വന്നിട്ടുണ്ട്.
'എന്താണ് ഇസ്‌ലാം' എന്ന് ജിബ്‌രീൽ (عليه السلام) ചോദിച്ചപ്പോൾ നബി (ﷺ) നൽകിയ മറുപടിയിൽ അവിടുന്ന് പറഞ്ഞു: {ഇസ്ലാം എന്നാൽ നീ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂൽ ആണെന്നും (അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന് സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, കഅ്ബയിലെത്തി ഹജ്ജും ഉംറയും നിർവ്വഹിക്കലും, ജനാബത്ത് (വലിയ അശുദ്ധി) സംഭവിച്ചാൽ കുളിക്കലും, വുദു പൂർത്തിയാക്കലും, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കലുമാണ്.} [9] (ഇബ്നു ഖുസൈമഃ, ദാറുഖുത്നി എന്നിവർ ഉമറുബ്നുൽ ഖത്താബിൻ്റെ ഹദീഥിൽ നിന്ന് നിവേദനം ചെയ്തത്. ദാറുഖുത്നി പറയുന്നു: ഈ ഹദീഥിൻ്റെ പരമ്പര സ്വീകാര്യവും സ്ഥിരപ്പെട്ടതുമാണ്) [9] ഇബ്നു ഖുസൈമ: ഹദീഥ് നമ്പർ: 1.
അതിൽ പെട്ടതാണ് ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത ഹദീഥ്: അവർ പറഞ്ഞു: {അല്ലാഹുവിൻ്റെ റസൂലേ, സ്ത്രീകൾക്ക് മേൽ യുദ്ധം (ജിഹാദ്) നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: പോരാട്ടമില്ലാത്ത യുദ്ധമാണ് അവർക്ക് മേൽ നിർബന്ധമുള്ളത്; ഹജ്ജും ഉംറയുമാണത്.} [10] (അഹ്‌മദ്, ഇബ്നു മാജഃ എന്നിവർ കുറ്റമറ്റ പരമ്പരയോടെ റിപ്പോർട്ട് ചെയ്തത് ) [10] ബുഖാരി: 1520.
ഹജ്ജും ഉംറയും ആയുസ്സിൽ ഒരിക്കൽ നിർവ്വഹിക്കുന്നത് മാത്രമാണ് നിർബന്ധമായിട്ടുള്ളത്; കാരണം (സ്ഥിരപ്പെട്ട ഹദീഥിൽ) നബി (ﷺ) പറഞ്ഞിരിക്കുന്നു: {ഹജ്ജ് ഒരു തവണ (നിർബന്ധമാണ്); അതിൽ കൂടുതൽ ഒരാൾ ചെയ്യുന്നെങ്കിൽ അത് ഐച്ഛികമായ നന്മയാണ്.} [11] [11] നസാഈ: 2620.
ഹജ്ജും ഉംറയും ഒന്നിലധികം തവണ ചെയ്യുന്നതും, അധികരിപ്പിക്കുന്നതും പ്രതിഫലാർഹമായ സുന്നത്താണ്. അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞിരിക്കുന്നു: {ഒരു ഉംറ അടുത്ത ഉംറ വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്, സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല.} [12] [12] ബുഖാരി: 1773, മുസ്‌ലിം: 1349.
അദ്ധ്യായം
തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങലും ചെയ്തുപോയ അന്യായങ്ങളിൽ നിന്ന് മോചനം നേടലും നിർബന്ധം.
മുസ്‌ലിമായ ഒരാൾ ഹജ്ജോ ഉംറയോ നിർവ്വഹിക്കാൻ തീരുമാനിച്ചാൽ തൻ്റെ കുടുംബത്തോട് വസ്വിയ്യത്ത് ചെയ്യുക എന്നത് നല്ല കാര്യമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കാൻ അവരോട് ഉപദേശിക്കാം.
തനിക്ക് കിട്ടാനുള്ളതും, കൊടുക്കാനുള്ളതുമായ കടങ്ങളും ബാധ്യതകളും എഴുതി രേഖപ്പെടുത്തുകയും, അതിന് സാക്ഷികളെ നിശ്ചയിക്കുന്നതും നല്ലത് തന്നെ. എത്രയും പെട്ടെന്ന് തൻ്റെ ജീവിതത്തിൽ സംഭവിച്ചു പോയ എല്ലാ തിന്മകളിൽ നിന്നും നിഷ്കളങ്കമായി തൗബഃ ചെയ്തു കൊണ്ട് പശ്ചാത്തപിച്ചു മടങ്ങുക എന്നതും അവൻ്റെ മേൽ നിർബന്ധമാണ്. അല്ലാഹു പറഞ്ഞു: {...ഈമാനുള്ളവരെ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക.നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.} (നൂർ: 31)
തൗബഃ എന്നാൽ: തിന്മകളും പാപങ്ങളും ഉപേക്ഷിക്കുകയും അവയെ ജീവിതത്തിൽ നിന്ന് വേരോടെ പിഴുതെറിയുകയും, സംഭവിച്ചു പോയ തിന്മകളിൽ ആത്മാർത്ഥമായി ഖേദിക്കുകയും, ആ തിന്മകളിലേക്ക് ഇനിയൊരിക്കലും മടങ്ങുകയില്ല എന്ന് ഉറച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്യലാണ്. ജനങ്ങളുടെ സമ്പത്തോ അഭിമാനമോ ജീവനോ ക്ഷതമേൽപ്പിക്കുക വഴി മനുഷ്യരോട് ആരോടെങ്കിലും അതിക്രമങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ യാത്രക്ക് മുമ്പ് അതിൽ നിന്ന് മോചനം നേടാനുള്ള പരിഹാരം തേടേണ്ടതാണ്. ഹദീസിൽ നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: {തൻ്റെ സഹോദരൻ്റെ സമ്പത്തിലോ അഭിമാനത്തിലോ എന്തെങ്കിലും അതിക്രമം ആരുടെയെങ്കിലും മേൽ ബാധ്യതയുണ്ടെങ്കിൽ അവൻ ഇന്ന് തന്നെ അതിൽ നിന്ന് (പൊരുത്തം തേടി) ഒഴിവാകട്ടെ; ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസം വന്നെത്തുന്നതിന് മുൻപ്. (പരലോകത്ത് എത്തുമ്പോൾ) അവന് എന്തെങ്കിലും സൽകർമ്മം ഉണ്ടെങ്കിൽ അവൻ്റെ അതിക്രമത്തിൻ്റെ തോതനുസരിച്ച് അവനിൽ നിന്ന് അത് എടുക്കപ്പെടും. അവൻ്റെ പക്കൽ നന്മകൾ ഇല്ലായെങ്കിൽ അവൻ്റെ സഹോദരൻ്റെ തിന്മകൾ എടുത്ത് അവൻ്റെ മേൽ ചാർത്തപ്പെടുന്നതാണ്.} [13] [13] ബുഖാരി: 2449.
ഹജ്ജും ഉംറയും നിർവ്വഹിക്കുന്നതിന് വേണ്ട ചെലവുകൾക്ക് ഹലാലായ സമ്പത്തിൽ നിന്നാണ് അവൻ പണമെടുക്കേണ്ടത്. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല.} [14] [14] മുസ്‌ലിം: 1015.
അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {ഒരാൾ തൻ്റെ ശുദ്ധമായ സമ്പത്ത് ഉപയോഗിച്ചു കൊണ്ട് ഹജ്ജിന് പുറപ്പെടുകയും, തൻ്റെ വാഹനത്തിൻ്റെ പടിയിൽ കാൽ വെക്കുകയും, 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്ന് പറയുകയും ചെയ്താൽ ആകാശത്ത് നിന്ന് അവനോട് ഒരാൾ വിളിച്ചു പറയും: "നിൻ്റെ വിളിക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. നിൻ്റെ യാത്രാ വിഭവം ഹലാലാകുന്നു. നിൻ്റെ യാത്രാ വാഹനവും ഹലാലാകുന്നു. നിൻ്റെ ഹജ്ജ് പുണ്യകരവും പാപങ്ങളില്ലാത്തതുമായിരിക്കുന്നു." എന്നാൽ ഒരാൾ അശുദ്ധമായ സമ്പത്തുമായാണ് പുറപ്പെട്ടത് എങ്കിൽ, അവൻ തൻ്റെ വാഹനത്തിൻ്റെ പടിയിൽ കാൽ വെച്ചു കൊണ്ട് 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്നു പറഞ്ഞാൽ ആകാശത്ത് നിന്ന് ഒരാൾ വിളിച്ചു പറയും: "നിൻ്റെ വിളിക്ക് ഉത്തരം നൽകപ്പെടുന്നില്ല. നിൻ്റെ യാത്രാ വിഭവം നിഷിദ്ധമാകുന്നു. നീ ചിലവഴിക്കുന്നതും നിഷിദ്ധമാകുന്നു. നിൻ്റെ ഹജ്ജാകട്ടെ, പുണ്യകരവുമല്ല.} 15] [15] മുഅ്ജമുൽ കബീർ / ത്വബ്റാനി: 2989.
ഹജ്ജിന് പുറപ്പെടുന്ന വ്യക്തി ജനങ്ങളോട് (സാമ്പത്തിക സഹായം) ചോദിക്കുന്നതിൽ നിന്ന് ധന്യത പുലർത്തുകയും, അകലം പാലിക്കുകയും വേണം. നബി (ﷺ) പറയുന്നു: {ആരെങ്കിലും വിശുദ്ധി പ്രാപിക്കാൻ ശ്രമിച്ചാൽ അല്ലാഹു അവനെ ശുദ്ധീകരിക്കുന്നതാണ്. ആരെങ്കിലും (ജനങ്ങളിൽ നിന്ന്) ധന്യത കാത്തുസൂക്ഷിച്ചാൽ അല്ലാഹു അവന് ധന്യത നൽകുന്നതാണ്.} [16] [16] ബുഖാരി: 1427, മുസ്‌ലിം: 1035.
നബി -ﷺ- പറഞ്ഞു: {ഒരു വ്യക്തി ജനങ്ങളോട് ചോദിച്ചു കൊണ്ടേയിരിക്കും; അങ്ങനെ അന്ത്യനാളിൽ വന്നെത്തുമ്പോൾ അവൻ്റെ മുഖത്ത് ഒരു മാംസക്കഷ്ണം പോലും അവശേഷിക്കുകയില്ല.} [17] [17] ബുഖാരി: 1474, മുസ്‌ലിം: 4040.
ഹജ്ജും ഉംറയും ചെയ്യുന്നതിലൂടെ അല്ലാഹുവിൻ്റെ പ്രീതിയും പരലോകവുമാണ് ഹാജിമാർ ലക്ഷ്യമാക്കേണ്ടത്. പരിശുദ്ധമായ ഈ സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിന് തൃപ്തികരമാകുന്ന വാക്കുകളും പ്രവൃത്തികളും ചെയ്തു കൊണ്ട് അവനിലേക്ക് സാമീപ്യം സിദ്ധിക്കാനുമാണ് അവർ പരിശ്രമിക്കേണ്ടത്. തൻ്റെ ഹജ്ജിലൂടെ ഐഹികനേട്ടങ്ങളോ ലോകമാന്യമോ പ്രശംസയോ പൊങ്ങച്ചമോ മറ്റോ അവൻ ലക്ഷ്യം വെക്കരുത്. അതെല്ലാം ഏറ്റവും നിന്ദ്യമായ ഉദ്ദേശ്യങ്ങളാണ്. അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമാകാനും അല്ലാഹുവിങ്കൽ അത് സ്വീകരിക്കപ്പെടാതിരിക്കാനുമാണ് അവയെല്ലാം കാരണമാവുക. അല്ലാഹു പറഞ്ഞതു പോലെ: {ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ലക്ഷ്യമാക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.} {പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം ഫലശൂന്യമായിരിക്കുന്നു. അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം നിരർത്ഥകമത്രെ.} (ഹൂദ്: 15,16)
അല്ലാഹു പറഞ്ഞു: {ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവർക്ക് നല്‍കുന്നത് നരകമായിരിക്കും. അപമാനിതരും പുറന്തള്ളപ്പെട്ടവരുമായിക്കൊണ്ട് അവർ അതില്‍ കടന്നെരിയുന്നതാണ്.} {പരലോകം ആഗ്രഹിക്കുന്നവനും അതിനായി അതിന്‍റെ ശ്രമം നടത്തുന്നവനും ഈമാനുള്ളവനും ആയിരിക്കും അവരുടെ ശ്രമങ്ങൾ സ്തുത്യർഹമാകുക.} (ഇസ്റാഅ്: 18-19)
അവിടുന്ന് -ﷺ- അരുളിയ മറ്റൊരു ഹദീഥ് ഇപ്രകാരമാണ്: {അല്ലാഹു -تعالى- പറഞ്ഞിരിക്കുന്നു: 'എന്നിൽ പങ്കുചേർക്കുന്നവരുടെ പങ്കുചേർക്കലുകളിൽ നിന്നെല്ലാം ഞാൻ ധന്യതയുള്ളവനാണ്; ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേർത്താൽ അവനെയും അവൻ്റെ ശിർക്കിനെയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.} [18] [18] മുസ്‌ലിം: 2985.
അല്ലാഹുവിനെ അനുസരിക്കുന്നവരെയും, തഖ്‌വയുള്ളവരെയും, ദീനിൽ അവഗാഹമുള്ളവരെയും സഹ യാത്രികരാക്കാനും, വിവരദോഷികളെയും പാപികളെയും അകറ്റി നിറുത്താനും യാത്രക്കാരൻ ശ്രദ്ധിക്കണം.
ഹജ്ജും ഉംറയും വ്യക്തമായ ഉൾക്കാഴ്ച്ചയോടെ നിർവ്വഹിക്കാൻ സാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ പഠിക്കുകയും, അവഗാഹം നേടുകയും, സംശയമുള്ള കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചറിയുകയും ചെയ്യേണ്ടതാണ്; തൻ്റെ യാത്രാ വാഹനത്തിലോ കാറിലോ ഫ്ലൈറ്റിലോ കയറിയാൽ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് 'ബിസ്മില്ലാഹ് ചൊല്ലുകയും', 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും, ശേഷം മൂന്ന് തവണ 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് തക്ബീർ ചൊല്ലുകയും വേണം; ഇത് ഐച്ഛികമായ സുന്നത്താണ്. ശേഷം ഇപ്രകാരം പറയുകയും ചെയ്യുക: {...ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.} {തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.} (സുഖ്റുഫ്: 13-14)
{അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ നന്മയും സൂക്ഷ്മതയും നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങളും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര നീ ഞങ്ങൾക്ക് എളുപ്പമാക്കിത്തരികയും ഇതിന്റെ ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ. അല്ലാഹുവേ, നീയാണ് യാത്രയിൽ കൂടെയുള്ളവനും കുടുംബത്തിൽ പകരമായുള്ളവനും. അല്ലാഹുവേ, യാത്രയുടെ ക്ലേശങ്ങളിൽ നിന്നും ദുഃഖകരമായ കാഴ്ചകൾ കാണേണ്ടിവരുന്നതിൽ നിന്നും, തിരിച്ചു ചെല്ലുമ്പോൾ കുടുംബത്തിലും സമ്പത്തിലും മോശമായത് സംഭവിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.} [19] അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) നിവേദനം ചെയ്ത ഹദീഥിൽ നബി (ﷺ) ഇപ്രകാരം ദുആ ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. [19] മുസ്‌ലിം: 1342.
ഹജ്ജിനും ഉംറക്കുമുള്ള യാത്രയിൽ ദിക്റുകളും ഇസ്തിഗ്ഫാറും (പാപമോചനം) അല്ലാഹുവിനോടുള്ള പ്രാർത്ഥനയും അപേക്ഷകളും അധികരിപ്പിക്കാനും, ഖുർആൻ പാരായണവും അതിൻ്റെ ആശയങ്ങൾ ചിന്തിക്കുന്നത് വർദ്ധിപ്പിക്കാനും ഹാജിമാർ ശ്രദ്ധിക്കണം. ജമാഅത്തായി നിസ്കാരം നിർവ്വഹിക്കുന്നതിലും, അനാവശ്യമായ കാര്യങ്ങൾ സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കുന്നതിലും അതീവ ശ്രദ്ധയുണ്ടാകണം. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുഴുകാതിരിക്കുകയും തമാശകൾ അധികരിപ്പിക്കാതിരിക്കുകയും ചെയ്യണം. കളവോ പരദൂഷണമോ ഏഷണിയോ പറയുന്നതിൽ നിന്നും, തന്നോടൊപ്പമുള്ളവരെയോ അല്ലാത്ത തൻ്റെ മുസ്‌ലിം സഹോദരങ്ങളെയോ പരിഹസിക്കുന്നതിൽ നിന്നും തൻ്റെ നാവിനെ സംരക്ഷിക്കുകയും വേണം.
തൻ്റെ സഹചാരികളോട് നന്മയിൽ വർത്തിക്കാനും, അവരെ പ്രയാസപ്പെടുത്താതിരിക്കാനും, അവരോട് യുക്തി ദീക്ഷയിലും ഉപദേശ സ്വരത്തിലും -സാധ്യമാകുന്നത് പോലെ- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാനും ശ്രദ്ധിക്കണം.
അദ്ധ്യായം
മീഖാത്തിൽ എത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ:
മീഖാത്തിലേക്ക് എത്തിയാൽ കുളിക്കുകയും സുഗന്ധം പുരട്ടുകയും ചെയ്യുക എന്നത് സുന്നത്താണ്. നബി (ﷺ) മീഖാത്തിൽ എത്തിയപ്പോൾ അവിടുന്ന് ധരിച്ചിരുന്ന (തുന്നിയ വസ്ത്രങ്ങൾ) ഊരി മാറ്റിക്കുകയും, കുളിക്കുകയും ചെയ്തു എന്ന് ഹദീഥുകളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഇശാ(رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ അവർ പറഞ്ഞു: {നബി ﷺ ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് മുമ്പും, അവിടുന്ന് (ഇഹ്റാമിൽ നിന്ന് വിരമിച്ച ശേഷം) കഅ്ബയെ ത്വവാഫ് ചെയ്യുന്നതിന് മുൻപും ഞാൻ നബിക്ക് (ﷺ) സുഗന്ധം പുരട്ടി കൊടുക്കാറുണ്ടായിരുന്നു.} [20] ആഇശാ (رضي الله عنها) ഉംറ നിർവ്വഹിക്കാൻ വേണ്ടി ഇഹ്റാമിലായിരിക്കെ അവർക്ക് ആർത്തവം ആരംഭിച്ചപ്പോൾ അവരോട് കുളിക്കാനും ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കാനും നബി (ﷺ) കൽപ്പിച്ചിട്ടുണ്ട്. അസ്മാഅ് ബിൻത് ഉമൈസ് -رَضِيَ اللَّهُ عَنْهَا- ദുൽ ഹുലൈഫയിൽ വെച്ചു പ്രസവിച്ചപ്പോൾ നബി -ﷺ- അവരോട് കുളിക്കാനും, വസ്ത്രം കൊണ്ട് (ഗുഹ്യസ്ഥാനത്ത് നിന്ന് രക്തം വരുന്നത് തടയുന്നതിനായി) കെട്ടാനും, ഇഹ്രാമിൽ പ്രവേശിക്കാനും കൽപ്പിച്ചു. ([21]) സ്ത്രീകൾ മീഖാത്തിലേക്ക് എത്തുന്ന വേളയിൽ ആർത്തവകാരിയോ പ്രസവരക്തം വരുന്നവളോ ആണെങ്കിൽ അവർ കുളിക്കുകയും ജനങ്ങളോടൊപ്പം ഇഹ്റാമിൽ പ്രവേശിക്കുകയും, കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫ് ഒഴികെ മറ്റെല്ലാ കാര്യങ്ങളും ഹജ്ജ് ചെയ്യുന്നവർ നിർവ്വഹിക്കുന്നതു പോലെത്തന്നെ നിർവ്വഹിക്കുകയും ചെയ്യണമെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം നബി (ﷺ) അസ്‌മാഅ് (رضي الله عنها) യോടും ആഇശാ(رضي الله عنها) യോടും അപ്രകാരമാണ് കൽപ്പിച്ചത്. [20] ബുഖാരി: 1539, മുസ്‌ലിം: 1189. [21] മുസ്‌ലിം: 1218.
ഇഹ്റാമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മീശ ചെറുതാക്കുകയും നഖങ്ങൾ വെട്ടുകയും കക്ഷത്തിലെയും ഗുഹ്യസ്ഥാനത്തെയും രോമങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. ഇഹ്റാമിലായിരിക്കെ ഇവയൊന്നും പിന്നീട് എടുക്കാൻ പാടില്ല എന്നതിനാൽ ഇക്കാര്യത്തിന് പിന്നീട് ആവശ്യം വരാത്ത വിധത്തിൽ അവൻ ശ്രദ്ധ നൽകേണ്ടതാണ്. അല്ലാഹുവിൻ്റെ റസൂലാകട്ടെ (ﷺ) , എല്ലാ സമയത്തും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മുസ്‌ലിംകളോട് ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {ശുദ്ധപ്രകൃതി അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക (എന്നിവയാണവ).} [22]. [22] ബുഖാരി: 5891, മുസ്‌ലിം: 257.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: {മീശ ചെറുതാക്കുന്നതിനും, നഖം വെട്ടുന്നതിനും, കക്ഷരോമം എടുക്കുന്നതിനും, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിനും നാൽപ്പത് ദിവസത്തിലധികം അത് ചെയ്യാതെ വിടരുത് എന്ന് ഞങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.} [23] [23] മുസ്‌ലിം: 258.
നസാഈയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: {അല്ലാഹുവിൻ്റെ റസൂൽ ﷺ നമുക്ക് (ഈ കാര്യങ്ങൾക്ക്) സമയം നിശ്ചയിച്ചു തന്നിട്ടുണ്ട്.} [24] (അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവർ നസാഇയിൽ വന്ന പദമാണ് തങ്ങളുടെ ഗ്രന്ഥങ്ങളിൽ നൽകിയിട്ടുള്ളത്.) ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ തലമുടി നീക്കം ചെയ്യുകയോ ചെറുതാക്കുകയോ ഒന്നും വേണ്ടതില്ല. അക്കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്.) (24) നസാഈ: 14.
താടി വടിക്കുന്നതോ, താടിയിൽ നിന്ന് ഏതെങ്കിലും ഭാഗം എടുക്കുന്നതോ നിഷിദ്ധമാണ്; അത് ഇഹ്റാമിൻ്റെ വേളയിൽ അല്ലാത്ത സന്ദർഭത്തിലും ഒരുപോലെ ബാധകമാണ്. താടി വളർത്തുകയും വെറുതെ വിടുകയും ചെയ്യുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: {ബഹുദൈവാരാധകരോട് നിങ്ങൾ എതിരാവുക; താടി വെറുതെ വിടുകയും മീശ ചെറുതാക്കുകയും ചെയ്യുക.} ([25]) അബൂഹുറൈറ (رضي الله عنه) നിവേദനം: നബി ﷺ പറഞ്ഞു: {നിങ്ങൾ മീശ ചെറുതാക്കുകയും താടി വെറുതെ വിടുകയും, അഗ്നിയാരാധകരായ മജൂസികളോട് എതിരാവുകയും ചെയ്യുക.} ([26]) [25] ബുഖാരി: 2892, മുസ്‌ലിം: 259. [26] മുസ്‌ലിം: 260.
ധാരാളം ജനങ്ങൾ നബിയുടെ (ﷺ) ഈ സുന്നത്തിനോട് എതിരാവുകയും താടി വെക്കുക എന്നതിനോട് 'യുദ്ധം പ്രഖ്യാപിക്കുകയും' ചെയ്തിരിക്കുന്നു എന്നത് ഈ കാലഘട്ടത്തിലെ വലിയ വിപത്തുകളിൽ പെട്ടതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോടും സ്ത്രീകളോടും സാദൃശ്യപ്പെടുന്നതിലാണ് അവർ തൃപ്തിയടഞ്ഞിരിക്കുന്നത്. ദീനീ വിജ്ഞാനത്തിലേക്കും അദ്ധ്യാപനത്തിലേക്കും ചേർത്തു പറയപ്പെടുന്നവരിൽ പ്രത്യേകിച്ചും ഇക്കാര്യം വർദ്ധിച്ചിരിക്കുന്നു. ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ. ജനങ്ങളിൽ അധികപേരും സുന്നത്തിനോട് എതിരായാൽ പോലും. സുന്നത്തിനോട് യോജിക്കുന്നതിലേക്കും അതിനെ മുറുകെ പിടിക്കുന്നതിലേക്കും അതിലേക്ക് ക്ഷണിക്കുന്നതിലേക്കും അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിംകളെയും നയിക്കുമാറാകട്ടെ! നമുക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവനാണ് ഏറ്റവും അർഹൻ. അവനെ കൊണ്ടല്ലാതെ ഒരു ശക്തിയോ കഴിവോ ഇല്ല.
ഇത്രയും ചെയ്തതിന് ശേഷം പുരുഷന്മാർ ഇഹ്റാമിൻ്റെ വസ്ത്രമായ മേൽമുണ്ടും (അരക്ക് താഴേക്കുള്ള) മുണ്ടും ധരിക്കണം. ഇഹ്റാമിൻ്റെ വസ്ത്രങ്ങൾ ശുദ്ധിയുള്ളതും വെള്ള നിറത്തിലുമുള്ളതായിരിക്കുക എന്നത് സുന്നത്താണ്. ഇഹ്റാമിൻ്റെ ഭാഗമായി രണ്ട് ചെരുപ്പുകൾ ധരിക്കുക എന്നതും നല്ലതാണ്. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {നിങ്ങൾ മേൽമുണ്ടും (അരക്ക് താഴേക്കുള്ള) മുണ്ടും രണ്ട് ചെരുപ്പുകളും ഇഹ്റാമിൽ സ്വീകരിക്കട്ടെ. ഒരാൾക്ക് ചെരുപ്പുകൾ ലഭിച്ചില്ലെങ്കിൽ അവൻ രണ്ട് ഖുഫ്ഫകൾ -അവയുടെ പിറകുഭാഗം ഞെരിയാണിക്ക് താഴെയാകുന്ന വിധത്തിൽ മുറിച്ച ശേഷം- ധരിക്കുകയും ചെയ്യട്ടെ.} [27] (അഹ്മദ്) [27] മുസ്‌ലിം: 1177.
സ്ത്രീകൾക്ക് കറുപ്പോ പച്ചയോ അല്ലെങ്കിൽ മറ്റേതെങ്കിലും നിറത്തിലുള്ള വസ്ത്രമോ ഇഹ്റാമിൽ ധരിക്കാം. എന്നാൽ, പുരുഷന്മാരുടെ വസ്ത്രങ്ങൾ അനുകരിക്കുന്നതിൽ നിന്ന് ജാഗ്രത പാലിക്കണം. ഇഹ്റാമിൽ നിഖാബും ഗ്ലൗസുകളും ധരിക്കാൻ അവൾക്ക് പാടില്ല. മറിച്ച്, നിഖാബും ഗ്ലൗസുകളും ഉപയോഗിക്കാതെ മുഖവും കൈകളും മറക്കുകയാണ് വേണ്ടത്. നബി -ﷺ- ഇഹ്റാമിലുള്ള സ്ത്രീകൾക്ക് നിഖാബും ഗ്ലൗസുകളും ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. ചിലർക്കിടയിൽ പ്രചരിച്ചിട്ടുള്ളത് പോലെ, സ്ത്രീകളുടെ ഇഹ്റാമിന് പച്ചയോ കറുപ്പോ മാത്രമേ പാടുള്ളൂ എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
ശരീരം കഴുകി വൃത്തിയാക്കുകയും, ഇഹ്റാമിൻ്റെ വസ്ത്രം ധരിക്കുകയും ചെയ്ത ശേഷം; അവൻ ഉദ്ദേശിക്കുന്ന കർമ്മം ഏതാണോ അത് -ഹജ്ജോ ഉംറയോ- മനസ്സിൽ കരുതി കൊണ്ട് നിയ്യത്ത് വെക്കുക. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {പ്രവർത്തനങ്ങൾ നിയ്യത്തുകളുടെ (ഉദ്ദേശ്യങ്ങളുടെ) അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുള്ളത്.} [28] [28] ബുഖാരി: 1, മുസ്‌ലിം: 1907.
(ഹജ്ജോ ഉംറയോ,) ഏതാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് ഇഹ്റാമിൻ്റെ വേളയിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്. ഒരാളുടെ ഉദ്ദേശ്യം ഉംറയാണെങ്കിൽ 'ലബ്ബയ്ക ഉംറതൻ' എന്നോ 'അല്ലാഹുമ്മ ലബ്ബയ്ക ഉംറതൻ' എന്നോ പറയണം. ഹജ്ജാണ് ഉദ്ദേശിക്കുന്നത് എങ്കിൽ 'ലബ്ബയ്ക ഹജ്ജൻ' എന്നോ 'അല്ലാഹുമ്മ ലബ്ബയ്ക ഹജ്ജൻ' എന്നോ പറയണം; കാരണം നബി (ﷺ) ഇപ്രകാരം ചെയ്തിട്ടുണ്ട്. ഒരാൾ ഹജ്ജും ഉംറയും ഒരുമിച്ച് ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ 'അല്ലാഹുമ്മ ലബ്ബയ്ക ഉംറതൻ വ ഹജ്ജൻ' എന്നാണ് പറയേണ്ടത്. തൻ്റെ വാഹനത്തിൽ കയറിയതിന് ശേഷം ഈ വാക്കുകൾ പറയുന്നതാണ് കൂടുതൽ ശ്രേഷ്ഠം. കാരണം തൻ്റെ യാത്രാ വാഹനത്തിന് മുകളിൽ കയറുകയും, യാത്രക്കായി അതിനെ ചലിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു നബി (ﷺ) തൽബിയ്യത്തിൻ്റെ ഈ വാക്ക് ഉച്ചരിച്ചത്. പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായ വീക്ഷണം ഇതാണ്.
മനസ്സിൽ നിയ്യത്ത് വെക്കുന്ന കാര്യം നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് ഇഹ്റാമിൻ്റെ ഘട്ടത്തിൽ മാത്രമേ നബി (ﷺ) ചെയ്തതായി സ്ഥിരപ്പെട്ടിട്ടുള്ളൂ; അതല്ലാത്ത സമയങ്ങളിൽ നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് ശരിയല്ല.
നിസ്കാരമോ ത്വവാഫോ മറ്റോ പോലുള്ള ഇബാദത്തുകളുടെ ആരംഭത്തിൽ നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കാതിരിക്കുക എന്നതാണ് വേണ്ടത്. 'ഞാൻ ഇന്നയിന്ന നിസ്കാരം നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നു' എന്നോ, 'ഞാൻ ഇത്രയിത്ര ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കുന്നു' എന്നോ പറയേണ്ടതില്ല. മറിച്ച്, നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുകയും ഉറക്കെ പറയുകയും ചെയ്യുക എന്നത് പിൽക്കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട വളരെ മോശമായ അനാചാരങ്ങളിലും ബിദ്അത്തുകളിലും പെട്ടതാണ്. ഇപ്രകാരം നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുന്നത് ദീനിൻ്റെ ഭാഗമായിരുന്നാൽ നബി (ﷺ) അത് വിശദീകരിച്ചു തരുമായിരുന്നു. തൻ്റെ പ്രവൃത്തിയിലൂടെയോ വാക്കിലൂടെയോ അവിടുന്ന് അക്കാര്യം വ്യക്തമായി ബോധ്യപ്പെടുത്തുകയും, സച്ചരിതരായ മുൻഗാമികൾ അത് ഉടനടി അനുകരിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ ഈ രീതി നബിയിൽ (ﷺ) നിന്നോ അവിടുത്തെ സ്വഹാബികളിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല എന്നതിനാൽ അത് ആക്ഷേപാർഹമായ ബിദ്അത്താണ് എന്ന് മനസ്സിലാക്കാം. അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: {കാര്യങ്ങളിൽ ഏറ്റവും മോശമായത് പുതുനിർമ്മിതികളാണ്; എല്ലാ ബിദ്അത്തും വഴികേടാകുന്നു.}[29] (മുസ്‌ലിം) നബി (സ) പറഞ്ഞു: {നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്.} [30] (ബുഖാരി, മുസ്‌ലിം) മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: {നമ്മുടെ കൽപനയില്ലാത്ത വല്ല കർമങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.}[31] [29] മുസ്‌ലിം: 867. [30] ബുഖാരി: 2697, മുസ്‌ലിം: 1718. [31] ബുഖാരി: 2550, മുസ്ലിം: 1718.
മീഖാത്തുകൾ; സ്ഥലങ്ങളും അതിരുകളും
മീഖാത്തുകൾ അഞ്ചെണ്ണമാണുള്ളത്.
ഒന്ന്: ദുൽ ഹുലൈഫ; മദീനക്കാരുടെ മീഖാത്താണത്. ഇന്ന് 'അബ്‌യാർ അലി' എന്ന് അറിയപ്പെടുന്ന പ്രദേശമാണത്.
രണ്ട്: അൽ ജുഹ്ഫ; സിറിയക്കാരുടെ മീഖാത്താണത്. റാബിഗിന് അടുത്തുള്ള ഒരു പുരാതന ഗ്രാമമാണത്. ജനങ്ങൾ ഇപ്പോൾ റാബിഗിൽ നിന്നാണ് ഇഹ്റാം കെട്ടാറുള്ളത്. ജുഹ്ഫയുടെ തൊട്ടു മുൻപാണ് റാബിഗ് എന്നതിനാൽ അവിടെ നിന്ന് ഇഹ്റാം കെട്ടിയ വ്യക്തി ശരിയായ മീഖാത്തിൽ നിന്ന് ഇഹ്റാം കെട്ടിയവരെ പോലെത്തന്നെയാണ്.
മൂന്ന്: ഖർനുൽ മനാസിൽ; നജ്ദുകാരുടെ മീഖാത്താണിത്. 'സൈൽ' എന്ന പേരിലാണ് ഇന്ന് ഇത് അറിയപ്പെടുന്നത്.
നാല്: യലംലം; ഇത് യമൻ നിവാസികളുടെ മീഖാത് ആണ്.
അഞ്ച്: ദാതുൽ ഇർഖ്; ഇത് ഇറാഖുകാരുടെ മീഖാത്താണ്.
ഈ മീഖാത്തുകളെല്ലാം നബി (ﷺ) നിശ്ചയിച്ച പ്രദേശങ്ങളാണ്. മേലെ വിവരിച്ച വിധത്തിൽ, ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു കൊണ്ട് മക്കയിലേക്ക് വരുന്ന ഓരോ നാട്ടുകാർക്കും ആ നാടിൻ്റെ ദിശയിൽ നിന്ന് വരുന്നവർക്കും അവരവരുടെ മീഖാത്തുകളുണ്ട്.
ഈ മീഖാത്തുകളിലൂടെ സഞ്ചരിക്കുന്നവർ അവിടെ നിന്ന് ഇഹ്റാം കെട്ടുക എന്നത് നിർബന്ധമാണ്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു കൊണ്ട് മക്കയിലേക്ക് യാത്ര ചെയ്യുന്ന ഒരാൾ ഈ മീഖാത്തുകളിലൂടെ ഇഹ്റാമില്ലാതെ കടന്നു പോവുക എന്നത് നിഷിദ്ധമാണ്. റോഡ് മാർഗം സഞ്ചരിക്കുന്നവർക്കും വിമാനമാർഗം സഞ്ചരിക്കുന്നവർക്കും ഈ നിയമം ഒരു പോലെ ബാധകവുമാണ്. കാരണം ഈ മീഖാത്തുകൾ നിശ്ചയിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞ വാക്കുകൾ ഇവരെയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ പൊതുവായതാണ്. അവിടുന്ന് പറഞ്ഞു: {(ഈ മീഖാത്തുകൾ) ഹജ്ജും ഉംറയും ഉദ്ദേശിക്കുന്ന ആ നാട്ടുകാർക്കും, ആ നാട്ടുകാരല്ലെങ്കിലും ആ പ്രദേശത്തിലൂടെ വന്നെത്തുന്നവർക്കുമുള്ളതാണ്.} [32] [32] ബുഖാരി: 1524, മുസ്‌ലിം: 1181.
വിമാന മാർഗം ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു യാത്ര ചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ ഇഹ്റാമിന് വേണ്ടിയുള്ള കുളിയും മറ്റും നിർവ്വഹിച്ചു തയ്യാറായിരിക്കണം. മീഖാത്തിനോട് അടുത്തെത്തിയാൽ ഇഹ്റാമിൻ്റെ മേൽമുണ്ടും (അരക്ക് താഴേക്കുള്ള) മുണ്ടും ധരിക്കുകയും, ശേഷം ഇഹ്റാമിൽ പ്രവേശിക്കുന്നതിൻ്റെ തൽബിയ്യത്ത് ഉച്ചരിക്കുകയും ചെയ്യുക. ഉംറ നിർവ്വഹിക്കാനുള്ള സമയം ഉണ്ടെങ്കിൽ ഉംറക്ക് വേണ്ടിയും, ഇല്ലെങ്കിൽ ഹജ്ജിന് വേണ്ടിയും തൽബിയ്യത്ത് ചൊല്ലുക. വിമാനത്തിൽ കയറുന്നതിന് മുൻപോ, മീഖാത്തിനോട് അടുത്തെത്തുന്നതിന് മുൻപോ ഒരാൾ ഇഹ്റാമിൻ്റെ വസ്ത്രം ധരിക്കുകയാണെങ്കിൽ അതിൽ തെറ്റില്ല. എന്നാൽ ഹജ്ജിൻ്റെയോ ഉംറയുടെയോ കർമ്മങ്ങൾ ആരംഭിക്കുന്നതായി നിയ്യത്ത് വെക്കുന്നതും, തൽബിയ്യത്ത് ചൊല്ലുന്നതും മീഖാത്തിൻ്റെ മുകളിലൂടെ പോകുമ്പോഴോ മീഖാത്തിനോട് അടുത്തെത്തുമ്പോഴോ മാത്രമായിരിക്കണം. കാരണം നബി (ﷺ) മീഖാത്തുകളിൽ വെച്ചല്ലാതെ ഇഹ്റാമിൽ പ്രവേശിച്ചിട്ടില്ല. ദീനിൻ്റെ എല്ലാ കാര്യങ്ങളിലും നബിയെ (ﷺ) പിൻപറ്റുക എന്നതാണ് നിർബന്ധമെന്നത് പോലെ, ഇക്കാര്യത്തിലും അപ്രകാരം തന്നെയാണ് പാലിക്കേണ്ടത്. അല്ലാഹു പറഞ്ഞിരിക്കുന്നു: {തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്...} (അഹ്സാബ്: 21) നബി ﷺ വിടവാങ്ങൽ ഹജ്ജിൽ (ഹജ്ജതുൽ വദാഇൽ) പറയുകയുണ്ടായി: «നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമ്മങ്ങൾ എന്നിൽ നിന്ന് സ്വീകരിക്കുക.» [33] [33] മുസ്‌ലിം: 1297.
എന്നാൽ മക്കയിലേക്ക് ഹജോ ഉംറയോ ഉദ്ദേശ്യമില്ലാതെയാണ് ഒരാൾ യാത്ര ചെയ്യുന്നത് എങ്കിൽ -കച്ചവടാവശ്യത്തിനോ സന്ദേശവാഹകനായോ മറ്റോ ആണെങ്കിൽ- അയാൾ ഇഹ്റാമിൽ പ്രവേശിക്കേണ്ടതില്ല. മുൻപ് സൂചിപ്പിച്ച, മീഖാത്തുകളെ കുറിച്ച് വിവരിച്ച ഹദീഥിൽ അവിടുന്ന് പറഞ്ഞിരിക്കുന്നു: {(ഈ മീഖാത്തുകൾ) ഹജ്ജും ഉംറയും ഉദ്ദേശിക്കുന്ന ആ നാട്ടുകാർക്കും,ആ നാട്ടുകാരല്ലെങ്കിലും ആ പ്രദേശത്ത് വന്നെത്തുന്നവർക്കുമുള്ളതാണ്.} [34] മീഖാത്തുകൾ കടന്നുപോകുമ്പോൾ ഹജ്ജിനോ ഉംറക്കോ ഉദ്ദേശ്യമില്ലാത്തവർക്ക് ഇഹ്റാമിൽ പ്രവേശിക്കൽ നിർബന്ധമല്ല എന്ന് ഈ വാചകത്തിൽ നിന്ന് മനസ്സിലാക്കാം. (34) ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.
അല്ലാഹു തൻ്റെ ദാസന്മാരോട് ചെയ്ത കാരുണ്യത്തിൻ്റെയും അവർക്ക് നൽകിയ എളുപ്പത്തിൻ്റെയും ഉദാഹരണമാണ് ഇത്; അതിന് അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. മക്കാ വിജയ വേളയിൽ, നബി -ﷺ- മക്കയിൽ എത്തിയപ്പോൾ ഇഹ്റാമിൽ പ്രവേശിക്കാതെ, തലയിൽ പടച്ചട്ട ധരിച്ചാണ് പ്രവേശിച്ചത് എന്ന വസ്തുത ഈ അഭിപ്രായത്തിന് പിൻബലം നൽകുന്നതാണ്. കാരണം മക്കയിലേക്ക് നബി (ﷺ) നടത്തിയ ആ യാത്ര ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നില്ല; മറിച്ച്, മക്ക വിജയിച്ചടക്കുകയും അവിടെ നിലനിന്നിരുന്ന ശിർക്കിന്റെ അടയാളങ്ങൾ നീക്കം ചെയ്യുക എന്നതുമായിരുന്നു പ്രസ്തുത യാത്രയുടെ ഉദ്ദേശ്യം.
ഇനി ഒരാളുടെ താമസം മീഖാത്തിൻ്റെയും മക്കയുടെയും ഇടയിലാണെങ്കിൽ -ഉദാഹരണത്തിന് ജിദ്ദയിലോ ഉമ്മുസലമിലോ ബഹ്റയിലോ ശരാഇഇലോ ബദ്റിലോ സമാനമായ മറ്റു പ്രദേശങ്ങളിലോ ആണെങ്കിൽ- അവർ മേലെ വിവരിച്ച മീഖാത്തുകളിലേക്ക് തിരിച്ചു യാത്രചെയ്യേണ്ടതില്ല. മറിച്ച്, അയാളുടെ മീഖാത്ത് അയാളുടെ താമസ സ്ഥലം തന്നെയാണ്. ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവർക്ക് അവിടെ നിന്ന് തന്നെ ഇഹ്റാം കെട്ടാവുന്നതാണ്. ഇനി മീഖാത്തിൻ്റെ അതിരിന് പുറത്ത് അയാൾക്ക് മറ്റൊരു ഭവനം കൂടിയുണ്ടെങ്കിൽ അയാൾക്ക് ഇവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. ഒന്നുകിൽ, മീഖാത്തിനും മക്കക്കും ഇടയിലുള്ള തൻ്റെ ഭവനത്തിൽ നിന്ന് അയാൾക്ക് ഇഹ്റാമിൽ പ്രവേശിക്കാം. അല്ലെങ്കിൽ മീഖാത്തിൽ നിന്ന് അയാൾക്ക് ഇഹ്റാം കെട്ടാം. മീഖാത്തുകൾ വിവരിക്കുന്ന, ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം ചെയ്ത ഹദീഥിൽ നബി (ﷺ) പറഞ്ഞ പൊതുവായ വാക്കാണ് ഈ പറഞ്ഞതിനുള്ള തെളിവ്. അവിടുന്ന് പറഞ്ഞു: {ആരെങ്കിലും മീഖാത്തുകൾക്ക് അകത്താണെങ്കിൽ അവൻ തൻ്റെ ഭവനത്തിൽ നിന്നാണ് (ഇഹ്റാമിൽ പ്രവേശിച്ചു കൊണ്ട്) തൽബിയ്യത്ത് ചൊല്ലേണ്ടത്. [35] അതു പോലെയാണ് മക്കക്കാരും; അവർ മക്കയിൽ നിന്നാണ് തൽബിയ്യത്ത് ചൊല്ലേണ്ടത്.}[36] (ബുഖാരി, മുസ്‌ലിം) (35) ഹദീഥിൽ 'മുഹല്ല്' എന്ന വാക്കിൻ്റെ ഉദ്ദേശ്യം ഇഹ്റാമിൽ പ്രവേശിച്ചു കൊണ്ട് തൽബിയ്യത്ത് ആരംഭിക്കുന്ന സ്ഥലം എന്നാണ്. (36) മുൻപ് നൽകിയ ഹദീഥിൻ്റെ ഭാഗമാണ് ഇത്.
എന്നാൽ ഹറമിൻ്റെ പരിധിക്കുള്ളിൽ താമസിക്കുന്നവരാണെങ്കിൽ അവർ ഹറമിൻ്റെ അതിരിന് പുറത്തു പോവുകയും, അവിടെ വെച്ച് ഉംറക്കായി ഇഹ്റാമിൽ പ്രവേശിക്കുകയും വേണം. കാരണം നബിയോട് (ﷺ) ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന കാര്യം ആഇശാ (رضي الله عنها) അറിയിച്ചപ്പോൾ അവരുടെ സഹോദരനായ അബ്ദുറഹ്മാനോട് ആഇശായെയും (رضي الله عنها) കൊണ്ട് ഹറമിൻ്റെ അതിരിന് പുറത്തേക്ക് പോകാനും, അവിടെ നിന്ന് ഇഹ്റാമിൽ പ്രവേശിക്കാനുമാണ് നബി (ﷺ) കൽപ്പിച്ചത്. ഉംറ ചെയ്യുന്ന വ്യക്തി ഒരിക്കലും ഹറമിൻ്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഇഹ്റാമിൽ പ്രവേശിക്കരുത് എന്നതിന് ഈ പറഞ്ഞത് തെളിവാണ്. മറിച്ച്, ഹറമിൻ്റെ അതിരിന് പുറത്തു നിന്നാണ് (ഹില്ലിൽ നിന്നാണ്) അവൻ ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.
ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം ചെയ്ത -ഉപരിസൂചിത ഹദീഥ്- നിബന്ധനകൾക്ക് വിധേയമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം, കൂടാതെ നബി -ﷺ- തന്റെ ഈ വചനത്തിൽ ഉദ്ദേശിച്ചത് എന്തെന്നതും ഇതിലൂടെ വ്യക്തമാകുന്നു: {മക്കക്കാർ മക്കയിൽ നിന്ന് ഇഹ്റാം കെട്ടട്ടെ" എന്നു നബി (സ) പറഞ്ഞത്} [37]. ഹജ്ജിന് ഇഹ്റാം കെട്ടുന്നതിനെ കുറിച്ച് മാത്രമാണ്. അത് ഉംറക്ക് ബാധകമല്ല. കാരണം ഹറമിൻ്റെ ഉള്ളിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കുന്നത് അനുവദനീയമായിരുന്നെങ്കിൽ നബി (ﷺ) ആഇശാ (رضي الله عنها) ക്ക് അതിന് അനുമതി നൽകുമായിരുന്നു. അവരോട് ഹറമിൻ്റെ അതിരിന് പുറത്തേക്ക് പോകാൻ നബി (ﷺ) കൽപ്പിക്കുമായിരുന്നില്ല. ഇത് വ്യക്തമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും ഇത് തന്നെയാണ്. ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സൂക്ഷ്മമായ നിലപാടും അത് തന്നെയാണ്. കാരണം അതിലൂടെ നബിയുടെ (ﷺ) രണ്ട് ഹദീഥുകളും അവന് പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. (37) ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.
എന്നാൽ ചിലർ ഉംറ നിർവ്വഹിക്കുകയും, പിന്നീട് ഹജ്ജ് പൂർത്തീകരിക്കുകയും ചെയ്തതിന് ശേഷം തൻഈമിൽ നിന്നോ ജിഅ്റാനയിൽ നിന്നോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ നിന്നോ ഇഹ്റാം കെട്ടി ഉംറകൾ അധികരിച്ചു ചെയ്യുന്നതാണ് കാണുന്നത്. ഈ രീതി ഇസ്‌ലാമികമാണെന്നതിന് യാതൊരു തെളിവുമില്ല. മറിച്ച്, അത് ഉപേക്ഷിക്കുന്നതാണ് കൂടുതൽ ഉത്തമം എന്നതിനാണ് തെളിവുള്ളത്. കാരണം നബിയും (ﷺ) സ്വഹാബികളും ഹജ്ജ് പൂർത്തിയാക്കിയതിന് ശേഷം ഉംറ നിർവ്വഹിച്ചിട്ടില്ല. ആഇശാ (رضي الله عنها) ഹജ്ജ് കഴിഞ്ഞ് തൻഈമിൽ നിന്ന് ഇഹ്റാം കെട്ടി ഉംറ നിർവ്വഹിച്ചതുണ്ടെന്നാണെങ്കിൽ, അതിന് പ്രത്യേക കാരണമാണ്: മക്കയിൽ പ്രവേശിച്ച സമയത്ത് അവൾക്ക് ആർത്തവമുണ്ടായിരുന്നതിനാൽ ജനങ്ങളോടൊപ്പം ആദ്യ ഇഹ്റാമിൽ നിയ്യത് വെച്ചിരുന്ന ഉംറ നിർവ്വഹിക്കാൻ അവർക്കായില്ല. അതുകൊണ്ട് അവർ മീഖാത്തിൽ നിന്ന് ഇഹ്റാം കെട്ടിയിരുന്ന ആ ഉംറയ്ക്കു പകരമായി ഒരു ഉംറ ചെയ്യാൻ നബിയോട് (ﷺ) അപേക്ഷിച്ചു; നബി (ﷺ) അത് അനുവദിച്ചു. ഇങ്ങനെ അവർക്ക് രണ്ട് ഉംറകൾ ലഭിച്ചു: ഹജ്ജിനോടൊപ്പം ഉണ്ടായിരുന്ന ഉംറയും, വേറിട്ട് നിർവ്വഹിച്ച ഈ ഉംറയും. അതിനാൽ ആഇശാ (رضي الله عنها) വിന് സമാനമായ സാഹചര്യമുള്ളവർ ആയാൽ ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഉംറ ചെയ്യുന്നതിൽ അപാകതയില്ല; എല്ലാ തെളിവുകളെയും അനുസരിച്ചും, മുസ്ലിംകൾക്ക് സൗകര്യം വരുത്തുന്നതിനുമായും അതാകുന്നു ഉചിതം.
മക്കയിൽ പ്രവേശിച്ചപ്പോൾ നിർവ്വഹിച്ച ഉംറക്ക് പുറമെ, ഹജ്ജ് നിർവ്വഹിച്ച ശേഷം മറ്റൊരു ഉംറ ചെയ്യുന്നതിൽ ഹാജിമാർ വ്യാപൃതരാകുന്നത് എല്ലാവർക്കും പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തിരക്കും അപകടങ്ങളും അധികരിക്കാനും അത് കാരണമാകും. ഇതിനെല്ലാം പുറമെ, നബിയുടെ (ﷺ) മാർഗത്തിന് എതിരാണത് എന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വേറെയും. അല്ലാഹുവാണ് നന്മകളിലേക്ക് തൗഫീഖ് നൽകുന്നവൻ.
അദ്ധ്യായം
ഹജ്ജിൻ്റെ മാസങ്ങളിലല്ലാതെ മീഖാത്തിൽ എത്തുന്നവരുടെ വിധി.
മീഖാത്തിൽ എത്തുന്നവർ രണ്ട് തരത്തിലുണ്ട്:
ഹജ്ജിൻ്റെതല്ലാത്ത മാസങ്ങളിൽ, ഉദാഹരണത്തിന് റമദാനിലോ ശഅ്ബാനിലോ, അവിടെയെത്തുന്നവർ. അവർ ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും, ഉംറക്കായി നിയ്യത്ത് വെക്കുകയും, 'അല്ലാഹുമ്മ ലബ്ബയ്ക ഉംറതൻ' എന്നോ 'ലബ്ബയ്ക ഉംറതൻ' എന്നോ ഉച്ചരിച്ചു കൊണ്ട് തൽബിയ്യത്ത് ചൊല്ലിത്തുടങ്ങുകയുമാണ് വേണ്ടത്. നബി (ﷺ) യുടെ തൽബിയ്യത്തിൻ്റെ രൂപം ഇപ്രകാരമായിരുന്നു: {അല്ലാഹുവേ! നിൻ്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. നിൻ്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിൻ്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. തീർച്ചയായും സർവ്വ സ്തുതികളും അനുഗ്രഹങ്ങളും അധികാരവും നിനക്ക് മാത്രമാകുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല.} [38] ഈ തൽബിയ്യത്ത് അധികരിപ്പിക്കുകയും, കഅ്ബയിലേക്ക് എത്തുന്നത് വരെ അല്ലാഹുവിനുള്ള ദിക്റുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക. കഅ്ബക്ക് അരികിൽ എത്തിയാൽ തൽബിയ്യത്ത് അവസാനിപ്പിക്കുകയും, ഏഴു തവണ കഅ്ബ ത്വവാഫ് ചെയ്യുകയും, മഖാമു ഇബ്റാഹീമിൻ്റെ പിറകിൽ രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം സ്വഫാ മർവയിലേക്ക് നീങ്ങുകയും അവക്കിടയിൽ ഏഴ് സഅ്‌യുകൾ നിർവ്വഹിക്കുകയും, അതിന് ശേഷം മുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്തു കൊണ്ട് ഇഹ്റാമിൽ നിന്ന് പുറത്തു കടക്കുകയും ചെയ്യുക. ഇതോടെ ഒരാളുടെ ഉംറ പൂർണ്ണമാവുകയും, ഇഹ്റാമിൻ്റെ സന്ദർഭത്തിൽ അവൻ്റെ മേൽ നിഷിദ്ധമായിരുന്ന കാര്യങ്ങൾ അവന് അനുവദിക്കപ്പെടുകയും ചെയ്യുന്നതാണ്. [38] ബുഖാരി: 1549, മുസ്‌ലിം: 1184.
രണ്ട്: മീഖാത്തിലേക്ക് ഹജ്ജിൻ്റെ മാസങ്ങളിൽ വന്നെത്തുന്നവർ. ശവ്വാൽ, ദുൽ ഖഅ്ദ, ദുൽ ഹിജ്ജഃയിലെ ആദ്യ ദിനങ്ങൾ; ഇവയാണ് ഹജ്ജിൻ്റെ മാസങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ സമയം വന്നെത്തുന്നവർക്ക് മൂന്നിലൊരു കാര്യം തിരഞ്ഞെടുക്കാം. ഒന്നുകിൽ ഹജ്ജും ഉംറയും അവർക്ക് വേറിട്ടു നിർവ്വഹിക്കാം. അല്ലെങ്കിൽ ഹജ്ജും ഉംറയും ചേർത്തു കൊണ്ട് നിർവ്വഹിക്കാം. കാരണം നബി (ﷺ) അവിടുന്ന് നിർവ്വഹിച്ച ഹജ്ജിനായി ദുൽ ഖഅ്ദയിൽ മീഖാത്തിൽ എത്തിയപ്പോൾ ഈ മൂന്നിലൊന്ന് തിരഞ്ഞെടുക്കാൻ തൻ്റെ സ്വഹാബികൾക്ക് അവസരം നൽകിയതായി കാണാം. ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നിട്ടില്ലാത്തവരുടെ കാര്യത്തിൽ സുന്നത്തായിട്ടുള്ളത്, അവർ ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടുക എന്നതാണ്. ഹജ്ജിൻ്റേതല്ലാത്ത മാസങ്ങളിൽ മീഖാത്തിൽ എത്തിയവർ ചെയ്യേണ്ടതായി നാം തൊട്ടുമുൻപ് വിവരിച്ച കാര്യങ്ങൾ അവൻ അതേപടി നിർവ്വഹിക്കുക. കാരണം മക്കയിലേക്ക് പ്രവേശിക്കാനുള്ള സമയം അടുത്തപ്പോൾ നബി (ﷺ) സ്വഹാബികളോട് തങ്ങളുടെ ഇഹ്റാം ഉംറയുടെ ഇഹ്റാമായി നിശ്ചയിക്കാൻ കൽപ്പിച്ചിട്ടുണ്ട്. മക്കയിൽ എത്തിയപ്പോൾ അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയും ചെയ്തു. അങ്ങനെ സ്വഹാബികൾ ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയും, മുടി ചെറുതാക്കുകയും, നബിയുടെ (ﷺ) കൽപ്പന പാലിച്ചു കൊണ്ട് ഇഹ്റാമിൽ നിന്ന് വിരമിക്കുകയും ചെയ്തു; ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നവർ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് വേറിട്ടു നിന്നത്; അവരോട് ബലി (പെരുന്നാൾ) ദിനത്തിൽ തങ്ങളുടെ ബലിമൃഗങ്ങളെ അറുക്കുന്നത് വരെ ഇഹ്റാമിൽ തുടരാൻ നബി (ﷺ) കൽപ്പിച്ചു. ബലിമൃഗത്തെ ഒപ്പം കൊണ്ടുവരുന്നവർക്ക് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ ഹജ്ജും ഉംറയും ഒരുമിച്ച് ഉദ്ദേശിക്കുന്നതാണ്. കാരണം നബി (ﷺ) അപ്രകാരമാണ് ചെയ്തിട്ടുള്ളത്. അവിടുന്ന് ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നിരുന്നു. തന്നോടൊപ്പം വന്ന സ്വഹാബിമാരിൽ ബലിമൃഗത്തെ ഒപ്പം കൂട്ടിയവർ ഉംറ മാത്രമാണ് ഇഹ്റാമിൻ്റെ വേളയിൽ ഉദ്ദേശിച്ചത് എങ്കിൽ അതിനോടൊപ്പം ഹജ്ജ് കൂടെ ചേർക്കാനും, ബലിപെരുന്നാൾ ദിവസം ഇഹ്റാമിൽ നിന്ന് വിരമിക്കാനും അവിടുന്ന് കൽപ്പിക്കുകയും ചെയ്തു. ബലിമൃഗത്തെ ഒപ്പം കൂട്ടിയ വ്യക്തി ഹജ്ജ് മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത് എങ്കിൽ അയാൾ ഇഹ്റാമിൽ നിന്ന് വിരമിക്കേണ്ടത് ബലിപെരുന്നാൾ ദിവസത്തിലാണ്.
ഇത്രയും പറഞ്ഞതിന്റെ ആകെത്തുകയായി മനസ്സിലാകുന്നത്: ആരെങ്കിലും ഹജ്ജിന് മാത്രമായി ഇഹ്റാമിൽ പ്രവേശിക്കുകയോ, ഹജ്ജിനും ഉംറക്കുമായി ഇഹ്റാമിൽ പ്രവേശിക്കുകയും ബലിമൃഗത്തെ ഒപ്പം കൂട്ടാതിരിക്കുകയും ചെയ്യുകയോ ആണെങ്കിൽ അവർ തങ്ങളുടെ ഇഹ്റാമിൽ തുടരേണ്ടതില്ല. മറിച്ച്, അവരുടെ കാര്യത്തിൽ സുന്നത്തിനോട് യോജിക്കുന്ന രീതി: അവർ ഉംറക്ക് വേണ്ടി ഇഹ്റാം ധരിക്കുകയും, ത്വവാഫും സഅ്‌യും നിർവ്വഹിച്ച ശേഷം മുടി ചെറുതാക്കി കൊണ്ട് ഇഹ്റാമിൽ നിന്ന് വിരമിക്കുകയും ചെയ്യുക എന്നതാണ്. ബലിമൃഗത്തെ ഒപ്പം കൊണ്ടുവരാത്ത സ്വഹാബികളോട് നബി (ﷺ) അപ്രകാരമാണ് കൽപ്പിച്ചത്. എന്നാൽ മക്കയിലേക്ക് വൈകി എത്തിയതിനാൽ ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കില്ല എന്ന് ഭയപ്പെടുന്നവർക്ക് തങ്ങളുടെ ഇഹ്റാമിൽ തന്നെ തുടരാവുന്നതാണ്. അല്ലാഹുവിനാണ് കൂടുതൽ അറിയുക.
ഇഹ്റാമിൽ പ്രവേശിച്ച വ്യക്തിക്ക് രോഗമോ ശത്രുക്കളുടെ ആക്രമണമോ കാരണത്താൽ തൻ്റെ ഹജ്ജിൻ്റെയോ ഉംറയുടെയോ കർമ്മങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നേക്കാമെന്ന ഭയമുണ്ടെങ്കിൽ (فَإِنْ حَبَسَنِي حَابِسٌ فَمَحِلِّي حَيْثُ حَبَسْتَنِي) "എനിക്ക് എന്തെങ്കിലും തടസ്സമുണ്ടാവുകയാണെങ്കിൽ എന്നെ തടസ്സപ്പെടുത്തിയ സ്ഥലത്ത് വെച്ച് ഞാൻ ഇഹ്റാമിൽ നിന്ന് വിരമിക്കുന്നതാണ്" എന്ന് പറയുന്നത് നല്ലതാണ്. ദ്വബാഅഃ ബിൻത് സുബൈർ (رضي الله عنها) യുടെ ഹദീഥാണ് അതിനുള്ള തെളിവ്. അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, ഞാൻ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ എനിക്ക് രോഗമുണ്ട് താനും." അപ്പോൾ അവരോട് നബി (ﷺ) പറഞ്ഞു: {നീ ഹജ്ജ് ചെയ്യുകയും, 'എനിക്ക് തടസ്സമുണ്ടായിടത്താണ് എൻ്റെ ഇഹ്റാമിൽ നിന്നുള്ള വിരമിക്കൽ' എന്ന് നിബന്ധന വെക്കുകയും ചെയ്യുക.} [39] (ബുഖാരി, മുസ്‌ലിം) [39] ബുഖാരി: 5089, മുസ്‌ലിം: 1207.
ഇപ്രകാരം നിബന്ധന വെക്കുന്നത് കൊണ്ടുള്ള പ്രയോജനം: ഇഹ്റാമിലുള്ള വ്യക്തിക്ക് രോഗമോ ശത്രുക്കളുടെ ആക്രമണമോ പോലുള്ള കാരണങ്ങൾ കൊണ്ട് തൻ്റെ ഹജ്ജോ ഉംറയോ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ അവന് ഇഹ്റാമിൽ നിന്ന് -പ്രത്യേകിച്ചെന്തെങ്കിലും പ്രായശ്ചിത്തം നൽകാതെ- വിരമിക്കാൻ അനുവാദമുണ്ട് എന്നതാണ്.
അദ്ധ്യായം
ചെറിയ കുട്ടികൾ ഹജ്ജ് ചെയ്താൽ പ്രതിഫലാർഹമാകുമോ.?
ചെറിയ കുട്ടികൾ -ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരുടെ ഹജ്ജ് സാധുവാകുന്നതാണ്. ഇബ്നു അബ്ബാസ് (رضي الله عنه) നിവേദനം ചെയ്ത ഹദീഥ് അതിനുള്ള തെളിവാണ്. അദ്ദേഹം പറയുന്നു: "ഒരു സ്ത്രീ നബിയുടെ (ﷺ) മുന്നിൽ ഒരു കുട്ടിയെ ഉയർത്തിക്കാണിച്ചു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, ഇവന് ഹജ്ജുണ്ടോ?" നബി (ﷺ) പറഞ്ഞു: {അതെ, നിനക്ക് പ്രതിഫലം ഉണ്ട്.} [40]. [40] മുസ്‌ലിം: 1336.
സാഇബുബ്നു യസീദ് -رضي الله عنه- നിവേദനം: {എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂലിനോടൊപ്പം (ﷺ) ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്.} [41] എന്നാൽ ഈ ഹജ്ജ് ഒരാളുടെ മേൽ നിർബന്ധമാകുന്ന 'ഹജ്ജതുൽ ഇസ്‌ലാമിന്' പകരമാവുകയില്ല. [41] ബുഖാരി: 1858.
ഇതു പോലെ, അടിമയായ പുരുഷനും സ്ത്രീയും ഹജ്ജ് നിർവ്വഹിച്ചാൽ അത് സാധുവാകുന്നതാണ്. പക്ഷേ, നിർബന്ധ ബാധ്യതയായി ഗണിക്കപ്പെടുന്ന 'ഹജ്ജതുൽ ഇസ്‌ലാമി'ന് അത് പകരമാവുകയില്ല. അബ്ദുല്ലാഹി ബ്നു അബ്ബാസ് (رضي الله عنهما) നിവേദനം ചെയ്ത ഹദീഥ് അതിനുള്ള തെളിവാണ്. അദ്ദേഹം പറഞ്ഞു: നബി (ﷺ) പറഞ്ഞിട്ടുണ്ട്: {ഏതെങ്കിലും കുട്ടി ഹജ്ജ് നിർവ്വഹിക്കുകയും, പിന്നീട് പ്രായപൂർത്തിയാകുകയും ചെയ്താൽ, അവൻ്റെ മേൽ മറ്റൊരു ഹജ്ജ് നിർബന്ധമുണ്ട്. ഏതെങ്കിലും അടിമ ഹജ്ജ് നിർവ്വഹിക്കുകയും, പിന്നീട് സ്വതന്ത്രനാക്കപ്പെടുകയും ചെയ്താൽ, അവൻ്റെ മേൽ മറ്റൊരു ഹജ്ജ് നിർബന്ധമുണ്ട്.} [42] (ഇബ്നു അബീശൈബഃ, ബയ്ഹഖി. ഹദീഥിൻ്റെ പരമ്പര കുറ്റമറ്റതാണ്.) [42] ഇബ്നു അബീ ശൈബ: 4/444.
വകതിരിവെത്താത്ത (തീരെ ചെറിയ) കുട്ടിയാണെങ്കിൽ, അവൻ്റെ രക്ഷിതാവാണ് കുട്ടിയുടെ ഇഹ്റാമിൻ്റെ നിയ്യത്ത് അവന് വേണ്ടി മനസ്സിൽ കരുതേണ്ടത്. തുന്നിയ വസ്ത്രങ്ങൾ കുട്ടിയുടെ മേൽ നിന്ന് ഊരുകയും, രക്ഷിതാവ് അവന് വേണ്ടി തൽബിയ്യത്ത് (അല്ലാഹുമ്മ ലക ഹജ്ജതൻ / അല്ലാഹുമ്മ ലക ഉംറതൻ) ചൊല്ലുകയും ചെയ്യുന്നതോടെ കുട്ടി ഇഹ്റാമിൽ പ്രവേശിക്കുന്നതാണ്. അതോടു കൂടി, ഇഹ്റാമിൽ പ്രവേശിച്ച പ്രായപൂർത്തിയെത്തിയ ഒരാളുടെ മേൽ നിഷിദ്ധമാകുന്നതെല്ലാം ആ കുട്ടിയുടെ മേലും നിഷിദ്ധമാകുന്നതാണ്. വകതിരിവെത്താത്ത (തീരെ ചെറിയ) പെൺകുട്ടികളുടെ കാര്യവും സമാനമാണ്. അവളുടെ രക്ഷാധികാരിയാണ് അവൾക്ക് വേണ്ടി ഇഹ്റാമിൻ്റെ നിയ്യത്ത് വെക്കുകയും, തൽബിയ്യത്ത് ചൊല്ലുകയും ചെയ്യേണ്ടത്. അതോടെ, ഈ ചെറിയ കുട്ടി ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞു. പ്രായപൂർത്തിയെത്തിയ സ്ത്രീ ഇഹ്റാമിൽ പ്രവേശിച്ചാൽ അവളുടെ മേൽ നിഷിദ്ധമാകുന്നതെല്ലാം ഈ കുട്ടിയുടെ മേലും നിഷിദ്ധമാകും. ത്വവാഫിൻ്റെ സന്ദർഭത്തിൽ കുട്ടികളുടെ ശരീരവും വസ്ത്രവും ശുദ്ധിയുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. കാരണം ത്വവാഫ് നിസ്കാരത്തിന് സമാനമാണ്; നിസ്കാരം സാധുവാകാൻ ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധനയുള്ളത് പോലെ, ത്വവാഫിനും ശുദ്ധിയുണ്ടായിരിക്കുക എന്ന നിബന്ധനയുണ്ട്.
ആൺകുട്ടിയോ പെൺകുട്ടിയോ വിവേചന ശേഷി എത്തിയവരാണെങ്കിൽ അവർക്ക് തങ്ങളുടെ രക്ഷിതാവിൻ്റെ അനുമതിയോടെ ഇഹ്റാമിൽ പ്രവേശിക്കാം. വലിയവർ ചെയ്യുന്ന കാര്യങ്ങൾ -കുളിക്കുകയും സുഗന്ധം പുരട്ടുകയും പോലുള്ള കാര്യങ്ങൾ- ഇഹ്റാമിൽ പ്രവേശിക്കുന്നതിന് മുൻപ് അവർ ചെയ്യണം. രക്ഷാകർത്താക്കളാണ് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും വേണ്ടത്. അവരുടെ പിതാവിനോ മാതാവിനോ അല്ലാത്തവർക്കോ അവ ചെയ്യാം. ജംറകളിൽ കല്ലെറിയുക പോലുള്ള, കുട്ടികൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ അവർക്ക് ചെയ്തു കൊടുക്കാം. അറഫയിൽ നിൽക്കുക, മിനായിലും മുസ്ദലിഫയിലും രാപ്പാർക്കുക, ത്വവാഫും സഅ്‌യും നിർവ്വഹിക്കുക പോലുള്ള മറ്റു കർമ്മങ്ങൾ കുട്ടികൾ തന്നെ സ്വയം നിർവ്വഹിക്കണം. കുട്ടികൾക്ക് ത്വവാഫും സഅ്‌യും ചെയ്യാൻ സാധിക്കില്ലെങ്കിൽ അവരെ ഒരാൾ വഹിച്ചു കൊണ്ട് ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയാണ് വേണ്ടത്. കുട്ടികളെ വഹിക്കുന്ന വ്യക്തി തനിക്ക് സ്വന്തത്തിനായുള്ള ത്വവാഫും കുട്ടികൾക്ക് വേണ്ടിയുള്ള ത്വവാഫും ഒരേ സമയം നിർവ്വഹിക്കാതിരിക്കുക എന്നതാണ് കൂടുതൽ നല്ലത്. മറിച്ച്, സ്വന്തത്തിന് വേണ്ടിയുള്ള ത്വവാഫും സഅ്‌യും വേറെത്തന്നെ നിർവ്വഹിക്കുകയും, ശേഷം കുട്ടികൾക്ക് വേണ്ടി പ്രത്യേകം നിയ്യത്ത് വെച്ചു കൊണ്ട് അവരെയും വഹിച്ചു കൊണ്ട് ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇബാദത്തുകളിൽ പാലിക്കേണ്ട സൂക്ഷ്മതക്ക് അനുഗുണമായത് അതാണ്. നബിയുടെ (ﷺ) ഹദീസും അതിലൂടെ പ്രാവർത്തികമാക്കാൻ സാധിക്കും; അവിടുന്ന് പറഞ്ഞു: {നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക.} [43]. എന്നാൽ കുട്ടിയെ വഹിക്കുന്ന വ്യക്തി തനിക്കും കുട്ടിക്കും വേണ്ടിയുള്ള നിയ്യത്ത് ഒരുമിച്ചു കരുതുകയാണെങ്കിൽ അത് സാധുവാകുന്നതാണ്; പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായത് അതാണ്. കാരണം കുട്ടിയുടെ ഹജ്ജിനെ കുറിച്ച് തന്നോട് ചോദിച്ച സ്ത്രീയോട് നബി (ﷺ) കുട്ടിക്ക് വേണ്ടി പ്രത്യേകം ത്വവാഫ് ചെയ്യാൻ കൽപ്പിച്ചിട്ടില്ല. അത് നിർബന്ധമായിരുന്നെങ്കിൽ നബി (ﷺ) തീർച്ചയായും അപ്രകാരം കൽപ്പിക്കുമായിരുന്നു.അല്ലാഹുവാണ് ശരിയായതിലേക്ക് നയിക്കുന്നവൻ. [43] തിർമിദി: 2518.
വിവേചനശേഷിയുള്ള ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും, അവരോട് ത്വവാഫ് ആരംഭിക്കുന്നതിന് മുൻപ് ശുദ്ധി വരുത്താനും നജസുണ്ടെങ്കിൽ അത് വൃത്തിയാക്കാനും കൽപ്പിക്കണം. ഇക്കാര്യത്തിൽ, ഇഹ്റാമിലുള്ള വലിയവരുടെ വിധി തന്നെയാണ് അവർക്കുമുള്ളത്. ചെറിയ കുട്ടികളെ ഒപ്പം കൂട്ടുമ്പോൾ അവരെ ഇഹ്റാമിൽ പ്രവേശിപ്പിക്കുക എന്നത് രക്ഷാധികാരിയുടെ മേൽ നിർബന്ധമില്ല; അത് പുണ്യകരവും പ്രതിഫലാർഹവുമായ ഒരു പ്രവൃത്തിയാണെന്ന് മാത്രം. ഒരാൾ അവരെ (ഹജ്ജോ ഉംറയോ ചെയ്യിപ്പിക്കാതെ) ഒപ്പം കൂട്ടിയാൽ അതിൽ തെറ്റില്ല. അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
അദ്ധ്യായം
ഇഹ്റാമിൽ പ്രവേശിച്ചാൽ നിഷിദ്ധമാകുന്നതും അനുവദനീയമാകുന്നതുമായ കാര്യങ്ങൾ.
ഇഹ്റാമിൽ പ്രവേശിച്ചു എന്ന നിയ്യത്ത് കരുതിയതിന് ശേഷം തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ എന്തെങ്കിലുമൊന്ന് നീക്കം ചെയ്യാനോ സുഗന്ധം പുരട്ടാനോ ഒരാൾക്ക് അനുവാദമില്ല. ഇത് പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമായ നിയമമാണ്.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തിൻ്റെ ആകൃതിക്ക് അനുയോജ്യമായ വിധത്തിൽ തുന്നിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ശരീരം മുഴുവൻ ഉൾക്കൊള്ളുന്ന വിധത്തിൽ തുന്നിയ ഥൗബുകൾ (നീളക്കുപ്പായം) പോലെയുള്ളവയും, ശരീരത്തിൻ്റെ ചില ഭാഗങ്ങൾക്ക് വേണ്ടി മാത്രമായി തുന്നപ്പെട്ട പാൻ്റുകൾ, ഖുഫ്ഫകൾ, സോക്സുകൾ പോലുള്ളവയും ഈ പറഞ്ഞതിൽ ഉൾപ്പെടും; (ഇവയൊന്നും ധരിക്കാൻ പാടില്ല). എന്നാൽ ഒരാൾക്ക് താഴ്ഭാഗം മറക്കാനുള്ള മുണ്ട് ലഭിച്ചില്ലെങ്കിൽ അവൻ സിർവാൽ (പാൻ്റിന് സമാനമായ വസ്ത്രം) ധരിക്കാം. ധരിക്കാൻ ചെരുപ്പുകൾ ലഭിച്ചില്ലെങ്കിൽ ഖുഫ്ഫകൾ (മുറിക്കാതെ തന്നെ) ധരിക്കുകയുമാകാം. ഈ പറഞ്ഞതിനുള്ള തെളിവ്: ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം ചെയ്ത ഹദീഥാണ്. അതിൽ നബി (ﷺ) പറഞ്ഞു: {ആർക്കെങ്കിലും ചെരുപ്പുകൾ ലഭിച്ചില്ലെങ്കിൽ അവൻ ഖുഫ്ഫകൾ ധരിക്കട്ടെ. ആർക്കെങ്കിലും (അരക്ക് താഴെ മറക്കുന്ന) മുണ്ട് ലഭിച്ചില്ലെങ്കിൽ അവൻ 'സിർവാൽ' ധരിക്കട്ടെ.} [44] [44] ബുഖാരി: 1841, മുസ്‌ലിം: 1179.
ഇബ്നു ഉമറിൻ്റെ (رضي الله عنهما) ഹദീഥിൽ ഖുഫ്ഫ ധരിക്കേണ്ടി വന്നാൽ അവ (മടമ്പിൻ്റെ ഭാഗത്ത് നിന്ന്) മുറിച്ചതിന് ശേഷം ധരിക്കണമെന്ന് നബി (ﷺ) കൽപ്പിച്ചതായി വന്നിട്ടുണ്ടല്ലോ എന്ന് ചിലർ ചോദിച്ചേക്കാം. നബിയുടെ (ﷺ) പ്രസ്തുത കൽപ്പന ദുർബലമാക്കപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. കാരണം നബി (ﷺ) മദീനയിൽ വെച്ചാണ് ഇക്കാര്യം കൽപ്പിച്ചത്; ഇഹ്റാമിൽ പ്രവേശിക്കുന്ന വ്യക്തി എന്ത് ധരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. പിന്നീട് അറഫയിൽ വെച്ച് പ്രസംഗിക്കുന്ന വേളയിൽ ചെരുപ്പുകൾ ലഭിക്കാത്തവർക്ക് ഖുഫ്ഫകൾ ധരിക്കാം എന്ന് നബി (ﷺ) അറിയിച്ചു. അപ്പോൾ, ഖുഫ്ഫകൾ മുറിക്കണമെന്ന് അവിടുന്ന് കൽപ്പിച്ചില്ല. മദീനയിൽ വെച്ച് നബി (ﷺ) നൽകിയ നിർദേശം കേൾക്കാത്തവർ മക്കയിലുണ്ടായിരുന്നിട്ടും നബി (ﷺ) ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞില്ല; വിശദീകരണം ആവശ്യമുള്ള സന്ദർഭത്തിൽ നബി (ﷺ) അത് നൽകാതിരിക്കുക എന്നതുണ്ടാവുകയില്ല. ഹദീഥിൻ്റെയും ഫിഖ്ഹിൻ്റെയും നിദാന ശാസ്ത്രങ്ങളിൽ സ്ഥിരപ്പെട്ട അടിത്തറകളിലൊന്നാണത്. അതിൽ നിന്ന് മനസ്സിലാക്കാവുന്നത് മദീനയിൽ നബി (ﷺ) നൽകിയ കൽപ്പന മക്കയിലെ ഈ നിർദേശത്തോടെ ദുർബലമാക്കപ്പെട്ടു എന്നാണ്. ഖുഫ്ഫ മുറിക്കുന്നത് നിർബന്ധമായിരുന്നെങ്കിൽ നബി (ﷺ) അക്കാര്യം വിവരിക്കുക തന്നെ ചെയ്യുമായിരുന്നു.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
കാലിൻ്റെ ഞെരിയാണികൾക്ക് താഴെ അവസാനിക്കുന്ന വിധത്തിലുള്ള ഖുഫ്ഫകൾ ധരിക്കാൻ ഇഹ്റാമിൽ അനുവാദമുണ്ട്; കാരണം അവ ചെരുപ്പുകളുടെ ഗണത്തിലാണ് യഥാർത്ഥത്തിൽ ഉൾപ്പെടുക.
അരമുണ്ട് കെട്ടുന്നതും ചരട് കൊണ്ടോ മറ്റോ ബന്ധിക്കുന്നതും അനുവദനീയമാണ്; അവ വിലക്കുന്ന തെളിവുകളൊന്നും വന്നിട്ടില്ല.
ഇഹ്റാമിലായിരിക്കെ കുളിക്കുന്നതും തല കഴുകുന്നതും -വേണ്ടി വന്നാൽ മിതമായി തേച്ചു കഴുകുന്നതുമെല്ലാം- അനുവദനീയമാണ്. അതു കൊണ്ട് മുടി കൊഴിഞ്ഞാൽ യാതൊരു കുഴപ്പവുമില്ല.
ഇഹ്റാമിലുള്ള സ്ത്രീകൾ മുഖത്തിന് അനുയോജ്യമായി തുന്നപ്പെട്ടതൊന്നും ധരിക്കരുത്; മുഖം മുഴുവനായി മറക്കുന്ന വിധത്തിലുള്ള നിഖാബോ, (തലക്ക് മുകളിലൂടെ ഇട്ടുകൊണ്ട് മുഖം മറക്കുന്ന) ബുർഖയോ സ്ത്രീകൾ ഇഹ്റാമിലായിരിക്കുമ്പോൾ ഉപയോഗിക്കരുത്. കൈകൾ മറക്കുന്ന വിധത്തിലുള്ള ഗ്ലൗസുകളും സ്ത്രീകൾ ധരിക്കരുത്; കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {ഇഹ്റാമിലുള്ള സ്ത്രീ നിഖാബ് സ്വീകരിക്കുകയോ, കയ്യുറകൾ ധരിക്കുകയോ ചെയ്യരുത്.} [45] (ബുഖാരി) കൈകളുടെ വലുപ്പത്തിനനുസരിച്ച് കോട്ടണോ കമ്പിളിയോ കൊണ്ട് നെയ്തതോ തുന്നിയതോ ആയ കയ്യുറകൾ ധരിക്കാൻ അനുവാദമില്ലാത്ത ഗ്ലൗസുകളിൽ ഉൾപ്പെടും. [45] ബുഖാരി: 1838.
എന്നാൽ ഈ പറഞ്ഞതല്ലാത്ത (മുഖാവരണവും കയ്യുറയും ഒഴികെയുള്ള) തുന്നിയ വസ്ത്രങ്ങളെല്ലാം സ്ത്രീകൾക്ക് ധരിക്കാൻ അനുവാദമുണ്ട്; നീളക്കുപ്പായവും സിർവാലും ഖുഫ്ഫകളും സോക്സുകളും പോലെയുള്ളവ അവർക്ക് ധരിക്കാം.
അപ്രകാരം തന്നെ, സ്ത്രീകൾക്ക് -ആവശ്യ സന്ദർഭങ്ങളിൽ-(അന്യ പുരുഷന്മാരുടെ സാന്നിധ്യത്തിൽ മുഖം മറക്കാനായി) അവരുടെ തട്ടം മുഖത്തേക്ക് വലിച്ചിടാൻ അനുവാദമുണ്ട്; എന്നാൽ കെട്ടിവെക്കുക പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ അവളുടെ തട്ടം മുഖത്ത് സ്പർശിക്കുന്നത് കൊണ്ട് തെറ്റില്ല. ആഇശാ (رضي الله عنها) യുടെ വാക്ക് ഇതിനുള്ള തെളിവാണ്: {ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിനോടൊപ്പം (ﷺ) ഇഹ്‌റാമിലായിരിക്കെ യാത്രക്കാർ ഞങ്ങളുടെ സമീപത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങൾ തലയിൽ നിന്ന് മുഖത്തേക്ക് ജിൽബാബ് താഴ്ത്തിയിടും.അവർ ഞങ്ങളെ കടന്നുപോയാൽ, ഞങ്ങളുടെ മുഖം വെളിവാക്കുകയും ചെയ്യും.} [46] (അബൂദാവൂദ്, ഇബ്നുമാജ, ദാറുഖുത്നി എന്നിവർ ഉദ്ധരിച്ച ഉമ്മു സലമയുടെ ഹദീഥിൽ നിന്ന്) [46] അബൂദാവൂദ്: 1833.
അതുപോലെ, സ്ത്രീകൾക്ക് തങ്ങളുടെ കൈകൾ വസ്ത്രം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ മറയ്ക്കുന്നതിലും തെറ്റില്ല. അന്യപുരുഷന്മാർക്ക് മുന്നിൽ മുഖവും കൈകളും മറക്കുക എന്നത് സ്ത്രീകളുടെ മേൽ നിർബന്ധമാണ്; കാരണം അല്ലാഹു പറഞ്ഞതുപോലെ: സ്ത്രീ മുഴുവൻ ഔറത്താണ് (മറക്കപ്പെടേണ്ടതാണ്). {...അവരുടെ ഭർത്താക്കൾക്ക് മുൻപിലല്ലാതെ അവർ അവരുടെ ഭംഗിയെ വെളിവാക്കാതിരിക്കട്ടെ...} (നൂർ: 31) മുഖവും മുൻകൈകളും ഭംഗിയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ് എന്നതിൽ യാതൊരു സന്ദേഹവുമില്ല.
അതിൽ മുഖത്തിൻ്റെ കാര്യം കൂടുതൽ പ്രാധാന്യവും ഗൗരവവും ഉള്ളതാണ്. അല്ലാഹു പറഞ്ഞു: {...നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല വസ്തുവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ പരിശുദ്ധി നൽകുന്നത്...} (അഹ്സാബ്: 53)
തട്ടം മുഖത്ത് സ്പർശിക്കാതിരിക്കുന്നതിന് വേണ്ടി ധാരാളം സ്ത്രീകൾ തട്ടത്തിന് താഴെ ഒരു കെട്ടിടുകയും, ശേഷം തട്ടം മുഖത്തിന് മുകളിലൂടെ ഇടുകയും ചെയ്യുന്നത് കാണാം; ഇതിന് ദീനിൽ എന്തെങ്കിലും അടിത്തറയുള്ളതായി നമുക്ക് അറിയുകയില്ല. അത് അനുവദനീയമായിരുന്നെങ്കിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അക്കാര്യം വ്യക്തമാക്കുമായിരുന്നു; അവിടുന്ന് അതിനെ കുറിച്ച് നിശബ്ദത പാലിക്കുക എന്നത് സംഭവിക്കില്ലായിരുന്നു.
ഇഹ്റാമിൽ പ്രവേശിച്ച ശേഷം ഇഹ്റാമിൻ്റെ വസ്ത്രങ്ങൾ കഴുകുകയോ അതിലെ മാലിന്യം നീക്കം ചെയ്യുകയോ, ഇഹ്റാമിൻ്റെ വസ്ത്രം മാറ്റി ഉപയോഗിക്കുന്നതോ അനുവദനീയമാണ്.
സുഗന്ധം പരത്തുന്ന കുങ്കുമമോ മറ്റോ പുരട്ടിയ വസ്ത്രം ഇഹ്റാമിലായിരിക്കെ ഉപയോഗിക്കാൻ പാടില്ല. കാരണം നബി (ﷺ) അക്കാര്യം വിലക്കിയതായി അബ്ദുല്ലാഹി ബ്നു ഉമറിൻ്റെ(رضي الله عنهما) ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
ഹജ്ജിൻ്റെ വേളയിൽ എല്ലാ വിധത്തിലുള്ള വൃത്തികേടുകളും തിന്മകളും തർക്കങ്ങളും ഉപേക്ഷിക്കുക എന്നത് നിർബന്ധമാണ്. അല്ലാഹു പറഞ്ഞു: {ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല...} (ബഖറ: 197)
നബി ﷺ പറഞ്ഞു: {ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെയാണ് (പാപ സുരക്ഷിതനായി) അവൻ മടങ്ങുന്നത്.} [47]. ഹദീഥിൽ വന്ന 'റഫഥ്' എന്ന പദം: ലൈംഗികബന്ധം എന്ന അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടാറുള്ളത്. അശ്ലീലമായ വാക്കിനും പ്രവൃത്തിക്കും ഇതേ പദം ഉപയോഗിക്കാറുണ്ട്. 'ഫുസൂഖ്' എന്ന പദം കൊണ്ട് ഉദ്ദേശ്യം തിന്മകളാണ്. 'ജിദാൽ' എന്നാൽ അന്യായമായ തർക്കങ്ങളും, പ്രയോജനമില്ലാത്ത വിഷയങ്ങളിലുള്ള വാഗ്വാദങ്ങളുമാണ്. സത്യം സ്ഥാപിക്കുന്നതിനും അസത്യത്തെ തുറന്നു കാട്ടുന്നതിനും വേണ്ടി നല്ല രൂപത്തിൽ സംവദിക്കുന്നത് തെറ്റുള്ള കാര്യമല്ല. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക...} (നഹ്ൽ:125) [47] ബുഖാരി: 1521, മുസ്‌ലിം: 1350.
തലയോട് ചേർന്നിരിക്കുന്ന വിധത്തിലുള്ള തൊപ്പിയോ (സൗദികൾ ധരിക്കുന്ന) ഗുത്റയോ തലപ്പാവോ പുരുഷന്മാർ ഇഹ്റാമിലായിരിക്കെ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. ഇതേ കാര്യം മുഖത്തിനും ബാധകമാണ്. കാരണം അറഫഃയുടെ ദിവസം തൻ്റെ വാഹനപ്പുറത്ത് നിന്ന് താഴെ വീണു മരണപ്പെട്ട വ്യക്തിയുടെ കാര്യത്തിൽ നബി (ﷺ) പറയുകയുണ്ടായി: {അദ്ദേഹത്തെ വെള്ളവും സിദ്റും കൊണ്ട് കുളിപ്പിക്കുക, രണ്ട് വസ്ത്രങ്ങളിലായി കഫൻ ചെയ്യുക,അദ്ദേഹത്തിൻ്റെ തലയും മുഖവും വസ്ത്രം കൊണ്ട് മൂടരുത്; അന്ത്യനാളിൽ തൽബിയ്യത്ത് ചൊല്ലുന്ന നിലയിലാണ് അദ്ദേഹം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.} [48] (ബുഖാരി, മുസ്‌ലിം) [മേലെ നൽകിയത് മുസ്‌ലിമിൻ്റെ നിവേദനമാണ്] [48] ബുഖാരി: 1521, മുസ്‌ലിം: 1350.
എന്നാൽ കാറിൻ്റെ ഉള്ളിൽ ഇരുന്നു കൊണ്ടോ കുടയോ മറ്റോ ഉപയോഗിച്ചു കൊണ്ടോ തണൽ കൊള്ളുന്നതിൽ തെറ്റില്ല. ടെൻ്റിന് ഉള്ളിലോ മരത്തണലിലോ ഇപ്രകാരം തണൽ കൊള്ളാം. ജംറതുൽ അഖബയിൽ നബി (ﷺ) കല്ലെറിഞ്ഞപ്പോൾ അവിടുത്തേക്ക് വസ്ത്രം കൊണ്ട് തണൽ വിരിച്ചതായി ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. നമിറഃ എന്ന സ്ഥലത്ത് നബിക്ക് (ﷺ) വേണ്ടി ഒരു കൂടാരം സ്ഥാപിക്കപ്പെട്ടതും ഹദീഥിൽ വന്നിട്ടുണ്ട്. അറഫ ദിവസത്തിൽ സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ അവിടുന്ന് അതിൻ്റെ താഴെയാണ് ഇരുന്നത്.
കരയിലെ കാട്ടുമൃഗങ്ങളെ (ഒരാൾ വളർത്തുന്നതല്ലാത്ത മൃഗങ്ങളെ) വേട്ടയാടി പിടിക്കുന്നതും, അതിൽ മറ്റുള്ളവരെ സഹായിക്കുന്നതും, വേട്ടക്കാർക്ക് ലഭിക്കാനായി അതിനെ ആട്ടിയകറ്റുന്നതും ഇഹ്റാമിൽ പ്രവേശിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും നിഷിദ്ധമാണ്. വിവാഹക്കരാറിൽ ഏർപ്പെടുന്നതും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, സ്ത്രീകളെ വിവാഹം ആലോചിക്കുന്നതും, ഇണയുമായി ബാഹ്യ കേളികളിൽ ഏർപ്പെടുന്നതും ഇഹ്റാമിൻ്റെ വേളയിൽ നിഷിദ്ധം തന്നെ. ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {ഇഹ്റാമിലുള്ള വ്യക്തി വിവാഹം കഴിക്കുകയോ (സ്ത്രീയുടെ വലിയ്യായി) വിവാഹം കഴിപ്പിക്കുകയോ വിവാഹാലോചന നടത്തുകയോ ചെയ്യരുത്.} [49] (മുസ്‌ലിം) [49] മുസ്‌ലിം: 1409.
ഇഹ്റാമിലുള്ള വ്യക്തി മറന്നു കൊണ്ടോ അറിവില്ലാതെയോ തുന്നിയ വസ്ത്രം ധരിക്കുകയോ സുഗന്ധം പുരട്ടുകയോ തല മറക്കുകയോ ചെയ്താൽ അവൻ പ്രായശ്ചിത്തമായി ഒന്നും ചെയ്യേണ്ടതില്ല. ഓർമ്മ വരുകയോ (ഇവ പാടില്ലായിരുന്നെന്ന്) അറിവ് ലഭിക്കുകയോ ചെയ്താൽ ഉടനെ അവ നീക്കം ചെയ്താൽ മതിയാകും. ഇതു പോലെ, മറന്നു കൊണ്ടോ അറിവില്ലാതെയോ തലമുടി വടിക്കുകയോ മുടി ചെറുതാക്കുകയോ നഖം വെട്ടുകയോ ചെയ്താലും അവൻ്റെ മേൽ പ്രായശ്ചിത്തമായി ഒന്നും ബാധ്യതയില്ല എന്ന അഭിപ്രായമാണ് പണ്ഡിതന്മാരുടെ വീക്ഷണങ്ങളിൽ ശരിയായത്.
ഇഹ്റാമിലുള്ളവർക്കും ഇഹ്റാമിലല്ലാത്തവർക്കും ഒരു പോലെ ബാധകമാകുന്ന മറ്റൊരു നിയമമുണ്ട്; ഹറമിൻ്റെ അതിർത്തിക്കുള്ളിൽ അലയുന്ന മൃഗങ്ങളെ വേട്ടയാടരുത് എന്ന നിയമമാണത്. ഒരു മൃഗത്തെ വേട്ടയാടാൻ വേണ്ടി മറ്റൊരാൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയോ എന്തെങ്കിലും ഉപകരണം ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവരെ അതിൽ സഹായിക്കാനോ മറ്റോ പോലും പാടില്ല.
ഹറമിൻ്റെ അതിർത്തിക്കുള്ളിൽ മൃഗങ്ങളെ ആട്ടിയകറ്റുന്നതും, ഹറമിലെ വൃക്ഷങ്ങളും പച്ചപ്പുള്ള ചെടികളും മുറിക്കുന്നതും നീക്കം ചെയ്യുന്നതും ഇതു പോലെ (ഇഹ്റാമിലുള്ളവർക്കും അല്ലാത്തവർക്കും) നിഷിദ്ധമാണ്. ഹറമിൻ്റെ അതിർത്തിക്കുള്ളിൽ നിന്ന് വീണുകിട്ടുന്ന വസ്തുക്കൾ -അവ ആരുടേതാണെന്ന് അന്വേഷിക്കാനും തിരിച്ചേൽപ്പിക്കാനും വേണ്ടിയല്ലാതെ- എടുക്കുന്നതും ഒരാൾക്കും അനുവദനീയമല്ല. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {തീർച്ചയായും ഈ നാട് -അതായത് മക്ക- അല്ലാഹു നിശ്ചയിച്ച പവിത്രതയാൽ അന്ത്യനാൾ വരെ പവിത്രമാകുന്നു. ഇവിടെയുള്ള മുൾച്ചെടികൾ പറിച്ചു നീക്കാനോ, ഇവിടെയുള്ള മൃഗങ്ങളെ ആട്ടിയകറ്റാനോ പാടില്ല. ഹറമിൽ വീണുപോയ വസ്തുക്കൾ ആരുടേതാണെന്ന് ചോദിച്ചറിയാൻ വേണ്ടിയല്ലാതെ എടുക്കുന്നതോ, പുൽകൊടി പറിക്കുന്നതോ പോലും പാടില്ല.} [50] (ബുഖാരി, മുസ്‌ലിം) [50] ബുഖാരി: 1834, മുസ്‌ലിം: 1353.
ഹദീഥിൽ വന്ന ചില പദങ്ങളുടെ അർത്ഥം: منشد: കളഞ്ഞു പോയ വസ്തു ലഭിച്ചത് വിളിച്ചു പറയുന്നവൻ, الخلا: പച്ചപ്പുല്ല്. മിനായും മുസ്ദലിഫയും ഹറമിൻ്റെ പരിധിക്കുള്ളിലാണ്. അറഫഃയാകട്ടെ, ഹറമിൻ്റെ അതിരിന് പുറത്തുമാണ്.
അദ്ധ്യായം
മക്കയിൽ പ്രവേശിക്കുന്ന ഹാജിമാർ ചെയ്യേണ്ട കാര്യങ്ങളും, മസ്ജിദുൽ ഹറാമിൽ പ്രവേശിച്ച ശേഷം ചെയ്യേണ്ട കാര്യങ്ങളുടെയും ത്വവാഫിൻ്റെയും മറ്റും രൂപങ്ങളും.
ഇഹ്റാം ചെയ്ത വ്യക്തി മക്കയിലെത്തിയാൽ -മക്കയിൽ പ്രവേശിക്കുന്നതിന് മുൻപ്- കുളിക്കുക എന്നത് സുന്നത്താണ്. കാരണം നബി (ﷺ) അപ്രകാരം പ്രവർത്തിച്ചിട്ടുണ്ട്. മസ്ജിദുൽ ഹറാമിലേക്ക് എത്തിയാൽ വലതു കാൽ വെച്ചു കൊണ്ട് അവിടേക്ക് പ്രവേശിക്കുകയും ഇപ്രകാരം പറയുകയും ചെയ്യുക: بِسْمِ اللَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، أَعُوذُ بِاللَّهِ العَظِيمِ وَبِوَجْهِهِ الكَرِيمِ وَسُلْطَانِهِ القَدِيمِ مِنَ الشَّيْطَانِ الرَّجِيمِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ (സാരം: അല്ലാഹുവിൻ്റെ നാമത്തിൽ, നബിയുടെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ.മഹോന്നതനായ അല്ലാഹുവിനെ കൊണ്ടും, അത്യുദാരമായ അവൻ്റെ തിരുവദനം മുഖേനയും, അനന്തമായ അവൻ്റെ അധികാരം മുൻനിറുത്തിയും ഞാൻ അവനോട് രക്ഷ തേടുന്നു; ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന്. അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീ എനിക്ക് തുറന്നു തരേണമേ.) ഈ പ്രാർത്ഥന എല്ലാ മസ്ജിദുകളിൽ പ്രവേശിക്കുമ്പോഴും ചൊല്ലാവുന്നതാണ്. മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ മാത്രമായി ചൊല്ലേണ്ട ഏതെങ്കിലും പ്രാർത്ഥന നബിയിൽ (ﷺ) നിന്ന് സ്ഥിരപ്പെട്ടതായി എൻ്റെ അറിവിലില്ല.
കഅ്ബയിലേക്ക് എത്തിയാൽ ത്വവാഫ് ആരംഭിക്കുന്നതിന് മുൻപ് തൽബിയ്യത്ത് അവസാനിപ്പിക്കുക; തമത്തുആയി (ഉംറ ഹജ്ജിൽ പ്രവേശിപ്പിച്ചു കൊണ്ട്) ഹജ്ജ് നിർവ്വഹിക്കുന്ന വ്യക്തിയും, ഉംറക്കായി വന്ന വ്യക്തിയും ഇപ്രകാരമാണ് ചെയ്യേണ്ടത്. ശേഷം ഹജറുൽ അസ്‌വദ് ലക്ഷ്യമാക്കി നീങ്ങുകയും, അതിന് നേരെ നിൽക്കുകയും, ഹജർ വലതു കൈ കൊണ്ട് സ്പർശിക്കുകയും, -സാധിക്കുമെങ്കിൽ- ഹജറുൽ അസ്‌വദ് ചുംബിക്കുകയും ചെയ്യുക. എന്നാൽ ജനങ്ങളെ തള്ളിമാറ്റുകയോ തിരക്കുണ്ടാക്കുകയോ ചെയ്യരുത്. ഹജറുൽ അസ്‌വദ് സ്പർശിക്കുമ്പോൾ (ബിസ്മില്ലാഹി, വല്ലാഹു അക്ബർ) എന്നോ, 'അല്ലാഹു അക്ബർ' എന്നോ പറയണം. ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് പ്രയാസകരമാണെങ്കിൽ ഹജർ കൈ കൊണ്ടോ വടി പോലുള്ള എന്തെങ്കിലും കൊണ്ടോ സ്പർശിച്ചതിന് ശേഷം അവിടം ചുംബിച്ചാലും മതി. ഹജർ സ്പർശിക്കുക എന്നതും പ്രയാസകരണമാണെങ്കിൽ അവിടേക്ക് കൈ ഉയർത്തി കാണിച്ചു കൊണ്ട് 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞാലും മതി. കൈ കൊണ്ട് ഇപ്രകാരം കാണിക്കുകയാണെങ്കിൽ കൈയ്യിൻ്റെ മേൽ ചുംബിക്കരുത്. ത്വവാഫ് ശരിയാകണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം: - ത്വവാഫ് ചെയ്യുന്ന വ്യക്തി ചെറുതും വലുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധിയുള്ളവനായിരിക്കണം. കാരണം ത്വവാഫ് നിസ്കാരം പോലെയാണ്; നിസ്കാരത്തിൽ നിന്ന് വ്യത്യസ്തമായി ത്വവാഫിൻ്റെ ഇടയിൽ സംസാരിക്കാൻ അനുവാദം നൽകപ്പെട്ടിട്ടുണ്ട് എന്ന് മാത്രം. - ത്വവാഫിൻ്റെ സന്ദർഭത്തിൽ കഅ്ബ ഇടതു ഭാഗത്തായിരിക്കണം. ത്വവാഫ് ആരംഭിക്കുമ്പോൾ താഴെ നൽകുന്നു പ്രാർത്ഥന നിർവഹിക്കുന്നത് നല്ലതാണ്; കാരണം നബിയിൽ (ﷺ) നിന്ന് അപ്രകാരം നിവേദനം ചെയ്യപ്പെട്ടതായി കാണാം. «اللَّهُمَّ إِيمَانًا بِكَ، وَتَصْدِيقًا بِكِتَابِكَ، وَوَفَاءً بِعَهْدِكَ، وَاتِّبَاعًا لِسُنَّةِ نَبِيِّكَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ» "അല്ലാഹുവേ, നിന്നിൽ ഈമാൻ കൈകൊണ്ടും, നിൻ്റെ കിതാബിനെ സത്യപ്പെടുത്തി കൊണ്ടും, നിന്നോടുള്ള കരാർ നിറവേറ്റിക്കൊണ്ടും, നിൻ്റെ നബിയുടെ (ﷺ) സുന്നത്ത് പിൻപറ്റിക്കൊണ്ടും." - ത്വവാഫിൻ്റെ ഭാഗമായി കഅ്ബ ഏഴ് തവണ ചുറ്റണം. ഓരോ ചുറ്റലും ഹജറുൽ അസ്‌വദ് മുതൽ ആരംഭിക്കുകയും ഹജറുൽ അസ്‌വദിൻ്റെ അവിടെത്തന്നെ അവസാനിക്കുകയും ചെയ്യണം. - ത്വവാഫിൻ്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ (പുരുഷന്മാർ) 'റമൽ' (വേഗതയോടെയുള്ള നടത്തം) നിർവ്വഹിക്കണം. ഉംറ മാത്രമോ, (ഉംറ ഹജ്ജിൽ പ്രവേശിപ്പിച്ചു കൊണ്ട്) തമത്തുഅ് ആയോ, (ഹജ്ജും ഉംറയും വേറിട്ട രൂപത്തിൽ നിർവ്വഹിക്കുന്ന) ഖിറാനായോ, (ഹജ്ജ് മാത്രം നിർവ്വഹിക്കുന്ന) ഇഫ്റാദായോ ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവർ ആദ്യം ചെയ്യുന്ന ത്വവാഫിൽ ഇപ്രകാരമാണ് ചെയ്യേണ്ടത്. ബാക്കിയുള്ള നാല് ചുറ്റലുകളിൽ സാധാരണ രീതിയിൽ നടന്നാൽ മതി.
റമൽ: എന്നാൽ കാൽവെപ്പുകൾ അടുപ്പിച്ചു വെച്ചു കൊണ്ട് നടത്തം വേഗത അധികരിപ്പിക്കലാണ്. ത്വവാഫിൽ മാത്രമായി (സഅ്‌യിലോ മറ്റോ വേണ്ടതില്ല എന്നർത്ഥം), മുഴുവൻ സമയവും 'ഇദ്തിബാഅ്' ചെയ്യുക എന്നതും പുണ്യകരമാണ്. ഇഹ്റാമിലെ മേൽമുണ്ടിൻ്റെ നടു ഭാഗം വലതു തോളിന് താഴെ (കക്ഷത്തിനിടയിലൂടെ) ആക്കുകയും, മുണ്ടിൻ്റെ രണ്ട് അറ്റങ്ങളും ഇടതു ചുമലിൽ ആക്കുകയും ചെയ്യുന്നതിനാണ് ഇദ്ത്വിബാഅ് എന്ന് പറയുക.
ത്വവാഫിൻ്റെ ഇടയിൽ എത്ര ചുറ്റലുകൾ കഴിഞ്ഞു എന്നതിൽ സംശയമുണ്ടായാൽ ചെയ്തു എന്ന് ഉറപ്പുള്ള -ഏറ്റവും കുറഞ്ഞ- എണ്ണം പരിഗണിക്കുക; ഉദാഹരണത്തിന് മൂന്ന് തവണയാണോ നാല് തവണയാണോ ചുറ്റിയത് എന്ന് സംശയമുണ്ടായാൽ മൂന്ന് ചെയ്തു എന്ന് പരിഗണിക്കുകയും, ബാക്കി നാല് ത്വവാഫുകൾ കൂടി പൂർത്തീകരിക്കുകയും ചെയ്യുക. സഅ്യിലും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്.
ത്വവാഫ് പൂർത്തീകരിച്ചു കഴിഞ്ഞാൽ മേൽമുണ്ട് രണ്ട് തോളുകളിലും അറ്റങ്ങൾ നെഞ്ചിന് മീതെയും വരുന്ന രൂപത്തിൽ ശരീരത്തിൽ ഇടുക. അതിന് ശേഷം ത്വവാഫിൻ്റെ രണ്ട് റക്അത്തുകൾ (സുന്നത്തായി) നിർവ്വഹിക്കുക.
ത്വവാഫിൻ്റെ വേളയിൽ സ്ത്രീകൾ ചെയ്യരുതാത്ത -അവരെ താക്കീത് ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്-: സുഗന്ധം പുരട്ടി കൊണ്ടും തങ്ങളുടെ ഭംഗി പ്രദർശിപ്പിച്ചു കൊണ്ടും ത്വവാഫ് ചെയ്യുക എന്നത്. അവർ ശരീരം മുഴുവൻ മറക്കേണ്ടവരാണ് എന്ന ഇസ്‌ലാമിക വിധിവിലക്ക് നിലനിൽക്കെ, അവർ തങ്ങളുടെ ശരീരം മറക്കാതിരിക്കുക എന്നത് പാടില്ല. ശരീരം മുഴുവൻ മറയ്ക്കുകയും, സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന ത്വവാഫിൻ്റെ സമയങ്ങളിലും മറ്റും അവർ അലങ്കാരം ഉപേക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. കാരണം സ്ത്രീകൾ ശരീരം മുഴുവൻ മറക്കേണ്ടവരും, പുരുഷന്മാർക്ക് ഫിത്നയാകാൻ കാരണവുമാണ്. സ്ത്രീകളുടെ മുഖമാണ് അവരുടെ ഏറ്റവും പ്രകടമായ സൗന്ദര്യം; അതിനാൽ വിവാഹ ബന്ധം നിഷിദ്ധമായ തങ്ങളുടെ മഹ്റമുകളുടെ മുന്നിലല്ലാതെ അവർ മുഖം പുറത്തു കാണിക്കരുത്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {...തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത് അവരുടെ ഭര്‍ത്താക്കന്‍മാരുടെ മുമ്പിൽ ഒഴിച്ച്...} (നൂർ: 31) അന്യ പുരുഷന്മാർ കാണുന്ന വേളയിലാണെങ്കിൽ, ഹജറുൽ അസ്‌വദ് ചുംബിക്കുമ്പോൾ മുഖം വെളിവാക്കുക എന്നത് സ്ത്രീകൾക്ക് അനുവദനീയമല്ല. ഹജറുൽ അസ്‌വദ് ചുംബിക്കാനോ സ്പർശിക്കാനോ സൗകര്യപ്പെടുന്നില്ലെങ്കിൽ പുരുഷന്മാർക്കിടയിൽ പോയി തിരക്ക് കൂട്ടുക എന്നതും അവർക്ക് അനുവദനീയമല്ല. മറിച്ച്, പുരുഷന്മാരുടെ പിറകിലായി കൊണ്ടാണ് അവർ ത്വവാഫ് ചെയ്യേണ്ടത്. പുരുഷന്മാരോട് ഇടകലർന്നു കൊണ്ട് കഅ്ബയുടെ അടുത്തായി ത്വവാഫ് ചെയ്യുന്നതിനേക്കാൾ അവർക്ക് നല്ലത് അതാണ്. മുൻപ് സൂചിപ്പിച്ച 'റമൽ' (വേഗത്തിൽ നടക്കുക എന്നത്), ഇദ്ത്വിബാഅ് എന്നിവയെല്ലാം ഈ പറഞ്ഞ (ആദ്യത്തെ) ത്വവാഫിൻ്റെ സന്ദർഭത്തിൽ മാത്രമേ വേണ്ടതുള്ളൂ. അതല്ലാത്ത ത്വവാഫുകളിലോ, സഅ്‌യിൻ്റെ സന്ദർഭത്തിലോ ഇവ ചെയ്യേണ്ടതില്ല. സ്ത്രീകൾക്ക് ഈ പറഞ്ഞ രണ്ട് കാര്യങ്ങളും ഒരു സന്ദർഭത്തിലും വേണ്ടതില്ല. കാരണം റമൽ, ഇദ്ത്വിബാഅ് എന്നിവയെല്ലാം മക്കയിലേക്ക് വന്നെത്തിയ ശേഷമുള്ള ആദ്യത്തെ ത്വവാഫിൽ മാത്രമേ നബി (ﷺ) ചെയ്തിട്ടുള്ളൂ. ത്വവാഫിൻ്റെ സന്ദർഭത്തിൽ അശുദ്ധികളിൽ നിന്നും നജസുകളിൽ നിന്നും ശുദ്ധി ഉണ്ടായിരിക്കണമെന്നതും, അല്ലാഹുവിനോട് താഴ്മയും ഭയഭക്തിയും കാത്തുസൂക്ഷിക്കണമെന്നതും പ്രത്യേകമായി ഓർക്കുക.
ത്വവാഫ് ചെയ്യുമ്പോൾ ദിക്റുകളും പ്രാർത്ഥനകളും അധികരിപ്പിക്കുക എന്നത് പുണ്യകരമാണ്. വിശുദ്ധ ഖുർആനിലെ ഏതെങ്കിലും ഭാഗം ത്വവാഫിന് ഇടയിൽ ഓതിയാൽ അത് നല്ലതു തന്നെ. ത്വവാഫിൻ്റെയോ സഅ്‌യിൻ്റെയോ ഒരു ഘട്ടത്തിലും നിർബന്ധമായും ചൊല്ലേണ്ട ഏതെങ്കിലും പ്രത്യേക ദിക്റുകളോ ദുആകളോ സ്ഥിരപ്പെട്ടിട്ടില്ല.
ഓരോ ത്വവാഫിൻ്റെ ചുറ്റലിലും, ഓരോ സഅ്‌യിൻ്റെ നടത്തത്തിലും പ്രത്യേക ദിക്റുകളോ ദുആകളോ ചിലർ പുതുതായി ഉണ്ടാക്കിയത് കാണാം; ഇവക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. ഒരാൾക്ക് സൗകര്യപ്പെടുന്ന ഏത് പ്രാർത്ഥനയും ദിക്റും ഈ സന്ദർഭങ്ങളിൽ ചൊല്ലാവുന്നതാണ്. റുക്‌നുൽ യമാനിയുടെ (ഹജറുൽ അസ്‌വദിൻ്റെ തൊട്ടുമുൻപുള്ള കഅ്ബയുടെ മൂലഭാഗം) നേരെ എത്തിയാൽ അവിടെ വലതു കൈ കൊണ്ട് സ്പർശിക്കുകയും, 'ബിസ്മില്ലാഹി, വല്ലാഹു അക്ബർ' എന്നു പറയുകയും വേണം. എന്നാൽ റുക്ൻ ചുംബിക്കേണ്ടതില്ല. റുക്നുൽ യമാനിയുടെ മേൽ കൈ കൊണ്ട് സ്പർശിക്കാൻ പ്രയാസമാണെങ്കിൽ അത് ഉപേക്ഷിക്കുകയും ത്വവാഫ് തുടരുകയും ചെയ്യാം. (ഹജറുൽ അസ്‌വദിൻ്റെ കാര്യത്തിൽ ചെയ്യുന്നത് പോലെ) റുക്‌നുൽ യമാനിക്ക് നേരെ കൈ കൊണ്ട് ചൂണ്ടുകയോ, അവിടെ എത്തുമ്പോൾ തക്ബീർ ചൊല്ലുകയോ ചെയ്യേണ്ടതില്ല. കാരണം നമ്മുടെ അറിവിൽ നബി (ﷺ) അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. റുക്‌നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടയിലുള്ള ഭാഗത്ത് കൂടെ ത്വവാഫ് ചെയ്യുമ്പോൾ ഈ പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്: {...ഞങ്ങളുടെ റബ്ബേ , ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.} (ബഖറ: 201) ഹജറുൽ അസ്‌വദിൻ്റെ നേരെയെത്തുന്ന സമയം ഹജറിനെ സ്പർശിക്കുകയും ചുംബിക്കുകയും, ഒപ്പം 'അല്ലാഹു അക്ബർ' എന്ന് പറയുകയും വേണം. ഹജർ ചുംബിക്കാനോ സ്പർശിക്കാനോ സാധിച്ചില്ലെങ്കിൽ അതിന് നേരെ വരുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും, 'അല്ലാഹു അക്ബർ' എന്നു പറയുകയും ചെയ്താൽ മതി.
സംസം കിണറിൻ്റെയും മഖാമു ഇബ്റാഹീമിൻ്റെയും പിറകിലൂടെ ത്വവാഫ് ചെയ്യുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും, തിരക്ക് അധികരിച്ച സമയങ്ങളിൽ. മസ്ജിദുൽ ഹറാം മുഴുവനും ത്വവാഫ് ചെയ്യാൻ അനുവാദമുള്ള സ്ഥലമാണ്. മത്വാഫിൻ്റെ ചുറ്റുമുള്ള മേൽക്കൂരകളിലൂടെ ത്വവാഫ് നിർവ്വഹിച്ചാൽ അതും സാധുവാകുന്നതാണ്. എന്നാൽ -സൗകര്യപ്പെടുമെങ്കിൽ- കഅ്ബയോട് ഏറ്റവും അടുത്തായി കൊണ്ട് ത്വവാഫ് ചെയ്യുന്നതാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്.
ത്വവാഫ് പൂർത്തിയാക്കിയാൽ -സൗകര്യപ്പെടുമെങ്കിൽ- മഖാമു ഇബ്രാഹീമിൻ്റെ പിറകിൽ തന്നെ നിന്നു കൊണ്ട് രണ്ട് റക്അത്തുകൾ നിസ്കരിക്കണം. തിരക്കോ മറ്റോ കാരണത്താൽ അവിടെ നിസ്കരിക്കാൻ പ്രയാസമുണ്ടെങ്കിൽ മസ്ജിദിലെ ഏതു ഭാഗത്ത് നിന്നു കൊണ്ടും ഈ രണ്ട് റക്അത്തുകൾ നിസ്കരിക്കാം. ഈ നിസ്കാരത്തിൽ സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്തതിന് ശേഷം ഖുൽ യാ അയ്യുഹൽ കാഫിറൂൻ (കാഫിറൂൻ:) ആദ്യത്തെ റക്അത്തിലും ഖുൽഹുവല്ലാഹു അഹദ് (ഇഖ്ലാസ്:) രണ്ടാമത്തെ റക്അത്തിലും പാരായണം ചെയ്യുന്നത് സുന്നത്താണ്. അതാണ് കൂടുതൽ പുണ്യകരം. ഒരാൾ മറ്റേതെങ്കിലും സൂറത്തുകൾ പാരായണം ചെയ്താൽ അത് കൊണ്ട് തെറ്റില്ല. അതിന് ശേഷം ഹജറുൽ അസ്‌വദിൻ്റെ ഭാഗത്തേക്ക് നീങ്ങുകയും, -സൗകര്യപ്പെടുമെങ്കിൽ- വലതു കൈ കൊണ്ട് അത് സ്പർശിക്കുകയും ചെയ്യുക. നബി (ﷺ) അപ്രകാരം ചെയ്തു എന്നതിനാൽ അവിടുത്തെ മാതൃകയാക്കലാണ് ഇത്.
അതിന് ശേഷം സ്വഫായുടെ ഭാഗത്തേക്ക് അവിടേക്കുള്ള വാതിലിലൂടെ കടക്കുകയും, സ്വഫായുടെ മുകളിൽ കയറുകയും ചെയ്യുക. സ്വഫായുടെ അടുത്ത് നിന്നാലും മതിയാകുന്നതാണ് എങ്കിലും സ്വഫായുടെ മുകളിലേക്ക് കയറുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. സ്വഫായിൽ നിന്ന് മർവായിലേക്കുള്ള ആദ്യത്തെ നടത്തം ആരംഭിക്കുന്നതിന് മുൻപ് അല്ലാഹുവിൻ്റെ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: {തീര്‍ച്ചയായും സ്വഫായും മര്‍വയും ദീനിൻ്റെ ചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു...} (ബഖറ: 158)
സ്വഫായുടെ മുകളിൽ നിന്നു കൊണ്ട് ഖിബ്‌ലക്ക് നേരെ തിരിയുകയും, അല്ലാഹുവിനെ സ്തുതിക്കുകയും തക്ബീർ ചൊല്ലുകയും ഇപ്രകാരം പറയുകയും ചെയ്യുക എന്നത് പുണ്യകരമായ സുന്നത്താണ്. لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാകുന്നു യഥാർത്ഥ ആരാധ്യൻ. അവന് യാതൊരു പങ്കുകാരുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതിയും. അവൻ ജീവൻ നൽകുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം നിറവേറ്റുകയും തൻ്റെ അടിമയെ സഹായിക്കുകയും (മുശ്രിക്കുകളുടെ) സഖ്യകക്ഷികളെ ഏകനായി തകർക്കുകയും ചെയ്തിരിക്കുന്നു. അതിന് ശേഷം സൗകര്യപ്പെടുന്ന പ്രാർത്ഥനകൾ കൈകളുയർത്തി കൊണ്ട് നിർവ്വഹിക്കുക. മേൽപറഞ്ഞ ദിക്റും ദുആയും മൂന്ന് തവണ അവക്കിടയിൽ ആവർത്തിക്കുകയും ചെയ്യുക. ശേഷം സ്വഫായിൽ നിന്ന് ഇറങ്ങുകയും മർവായിലേക്ക് നടക്കുകയും ചെയ്യുക. സ്വഫാ മർവക്കിടയിലുള്ള പച്ചനിറത്തിലെ അടയാളം എത്തിയാൽ പുരുഷന്മാർ പച്ചനിറം അവസാനിക്കുന്ന ഭാഗം വരെ നടത്തത്തിന്റെ വേഗത വർദ്ധിപ്പിക്കുക. ഈ പറയപ്പെട്ട രണ്ട് അടയാളങ്ങൾക്കിടയിൽ സ്ത്രീകൾ വേഗത്തിൽ നടക്കേണ്ടതില്ല; കാരണം സ്ത്രീ മുഴുവനായും ഔറത്താണ്. അവൾ സഅ്‌യിന്റെ വേളയിൽ മുഴുവൻ സാധാരണ രീതിയിൽ നടക്കുക മാത്രമാണ് ചെയ്യേണ്ടത്. അങ്ങനെ നടന്നു കൊണ്ട് സ്വഫായിൽ നിന്ന് മർവായിലേക്ക് കയറുക; മർവയുടെ തുടക്കത്തിൽ നിൽക്കുകയുമാകാം. സൗകര്യപ്പെടുമെങ്കിൽ മർവയുടെ മുകളിൽ കയറുക എന്നതാണ് കൂടുതൽ ശ്രേഷ്ഠം; സ്വഫായുടെ മേൽ പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം മർവായുടെ മേലും ആവർത്തിക്കുക; താഴെ വരുന്ന ആയത്ത് പാരായണം ചെയ്യുക എന്നതൊഴികെ. {തീര്‍ച്ചയായും സ്വഫായും മര്‍വയും ദീനിന്റെ ചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു...} (ബഖറഃ: 158) ഈ ആയത്ത് സ്വഫായുടെ മുകളിൽ ആദ്യമായി കയറുന്ന വേളയിൽ മാത്രം ചൊല്ലേണ്ടതാണ്. നബി (ﷺ) അപ്രകാരം ചെയ്തിട്ടുണ്ട് എന്നതിനാൽ അവിടുത്തെ മാതൃകയാക്കലാണ് അതിൻ്റെ ഉദ്ദേശ്യം. ശേഷം സ്വഫായിൽ നിന്ന് ഇറങ്ങുകയും, നടക്കേണ്ട ഭാഗത്ത് നടക്കുകയും, വേഗത കൂട്ടേണ്ട ഭാഗത്ത് വേഗത കൂട്ടുകയും, മർവയിലേക്ക് എത്തുകയും ചെയ്യുക. ഇപ്രകാരം ഏഴ് നടത്തങ്ങൾ നടത്തണം. സ്വഫായിൽ നിന്ന് മർവയിലേക്കുള്ള പോക്ക് ഒരു നടത്തവും, മർവയിൽ നിന്ന് സ്വഫായിലേക്ക് തിരിച്ചു വരുന്നത് ഒരു നടത്തവുമായി ഗണിക്കണം. കാരണം ഈ രൂപത്തിലാണ് നബി (ﷺ) അത് നിർവ്വഹിച്ചത്. അവിടുന്ന് പറഞ്ഞു: {നിങ്ങൾ എന്നിൽ നിന്ന് നിങ്ങളുടെ ഹജ്ജിന്റെ കർമ്മങ്ങൾ സ്വീകരിക്കുക.} [51] സഅ്‌യിൻ്റെ സന്ദർഭത്തിൽ സൗകര്യപ്പെടുന്ന പ്രാർത്ഥനകളും ദിക്റുകളും അധികരിപ്പിക്കുക. സഅ്‌യിൻ്റെ വേളയിൽ ചെറുതും വലുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധിയുണ്ടായിരിക്കണം. ശുദ്ധിയില്ലാത്ത സ്ഥിതിയിൽ സഅ്‌യ് നിർവ്വഹിച്ചാൽ അതും സാധുവാകുന്നതാണ്. ത്വവാഫിന് ശേഷം സ്ത്രീകൾക്ക് ആർത്തവമോ പ്രസവരക്തമോ വരുന്നത് തുടങ്ങിയാലും അവൾക്ക് സഅ്‌യ് നിർവ്വഹിക്കാം; അത് സാധുവാകുന്നതാണ് എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. കാരണം സഅ്‌യ് സാധുവാകണമെങ്കിൽ ശുദ്ധിയുണ്ടായിരിക്കണം എന്ന നിബന്ധനയില്ല. എന്നാൽ ശുദ്ധിയുണ്ടായിരിക്കുക എന്നത് പുണ്യകരമായ കാര്യമാണ് താനും. (51) ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.
സഅ്‌യ് പൂർത്തീകരിച്ചാൽ മുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്യുക. പുരുഷന്മാർക്ക് തല മുണ്ഡനം ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം. ഒരാൾ ഹജ്ജിന് വേണ്ടി അത് ഉപേക്ഷിക്കുകയും, മുടി ചെറുതാക്കുകയും ചെയ്യുന്നെങ്കിൽ അത് നല്ലതാണ്. ഹജ്ജിൻ്റെ സമയത്തോട് അടുത്താണ് ഒരാൾ മക്കയിൽ എത്തിയത് എങ്കിൽ ഉംറയുടെ അവസാനത്തിൽ മുടി ചെറുതാക്കുക എന്നതാണ് അയാൾക്ക് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്. കാരണം ഹജ്ജിൻ്റെ വേളയിൽ അയാൾക്ക് ബാക്കിയുള്ള മുടി മുണ്ഡനം ചെയ്യാൻ സാധിക്കും. കാരണം നബിയും (ﷺ) സ്വഹാബികളും ഹജ്ജിന് വന്നെത്തിയത് ദുൽഹിജ്ജ നാലിനായിരുന്നു; തങ്ങളോടൊപ്പം ബലിമൃഗത്തെ കൊണ്ടുവരാത്തവരോട് അവിടുന്ന് ഇഹ്റാമിൽ നിന്ന് വിരമിക്കുമ്പോൾ മുടി ചെറുതാക്കാനാണ് കൽപ്പിച്ചത്; അവരോട് മുടി മുണ്ഡനം ചെയ്യാൻ അവിടുന്ന് പറഞ്ഞില്ല. മുടി ചെറുതാക്കുമ്പോൾ തലയുടെ മുഴുവൻ ഭാഗത്തു നിന്നും ചെറുതാക്കണം. തലയുടെ കുറച്ചു ഭാഗം മുണ്ഡനം ചെയ്യുന്നത് മതിയാകില്ല എന്നത് പോലെ തലയുടെ ചില ഭാഗത്ത് നിന്നു മാത്രം വെട്ടുക എന്നതും മതിയാകുന്നതല്ല. സ്ത്രീകൾക്ക് മുടി ചെറുതാക്കലൊഴികെ മറ്റൊന്നും ശാസ്ത്രീയമല്ല. മുടിയുടെ ഓരോ മെടച്ചിലിൽ നിന്നും വിരലിൻ്റെ ഒരറ്റം നീളത്തിലോ അതിൽ കുറവോ എടുക്കുക എന്നതാണ് സ്ത്രീകൾ ചെയ്യേണ്ടത്. വിരലിൻ്റെ ഒരറ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിരലിൻ്റെ ഏറ്റവും മുകളിലുള്ള മടക്കാണ്. അതിൽ കൂടുതൽ സ്ത്രീകൾ മുടി എടുക്കേണ്ടതില്ല.
ഇത്രയും പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ഒരാളുടെ ഉംറ പൂർത്തിയാകുന്നതാണ്. അതിന് ശേഷം ഇഹ്റാമിൻ്റെ വേളയിൽ നിഷിദ്ധമായിരുന്ന കാര്യങ്ങളെല്ലാം അയാൾക്ക് അനുവദനീയമാകും; ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നവരുടെ കാര്യത്തിലൊഴികെ. അവർ ഹജ്ജും ഉംറയും പൂർത്തീകരിച്ച ശേഷം ഇഹ്റാമിൽ നിന്ന് വിരമിക്കുന്നത് വരെ അതേ അവസ്ഥയിൽ തന്നെ തുടരണം.
എന്നാൽ ഒരാൾ ഹജ്ജിന് മാത്രമായോ, ഹജ്ജും ഉംറയും ഒരുമിച്ചാക്കിയോ ആണ് ഇഹ്റാമിൽ പ്രവേശിച്ചത് എങ്കിൽ അവൻ തൻ്റെ ഇഹ്റാം ഉംറക്ക് വേണ്ടി മാത്രമുള്ളതാക്കണം. അതിന് ശേഷം തമത്തുഇൻ്റെ രൂപത്തിൽ ഉംറ നിർവ്വഹിക്കുകയും, ഇഹ്റാമിൽ നിന്ന് വിരമിക്കുകയും വേണം. ഈ വിധി ബലിമൃഗത്തെ ഒപ്പം കൂട്ടാത്തവർക്ക് ബാധകമല്ല; (അവർ ഇഹ്റാമിൽ നിന്ന് വിരമിക്കാൻ പാടില്ല). കാരണം നബി (ﷺ) തൻ്റെ സ്വഹാബിമാരോട് അപ്രകാരമായിരുന്നു കൽപ്പിച്ചത്. അവിടുന്ന് പറഞ്ഞു: {ഞാൻ എൻ്റെ കൂടെ ബലിമൃഗങ്ങളെ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ നിങ്ങളോടൊപ്പം ഞാനും ഇഹ്റാമിൽ നിന്ന് വിരമിക്കുമായിരുന്നു.} [52] [52] ബുഖാരി: 1568.
സ്ത്രീകൾക്ക് ഉംറക്കായി ഇഹ്റാമിൽ പ്രവേശിച്ചതിന് ശേഷം ആർത്തവം ആരംഭിക്കുകയോ പ്രസവരക്തം വരികയോ ചെയ്താൽ അവർ ശുദ്ധിയാകുന്നത് വരെ ത്വവാഫ് ചെയ്യുകയോ സ്വഫാ മർവകൾക്കിടയിൽ സഅ്‌യ് നിർവ്വഹിക്കുകയോ ചെയ്യരുത്. ശുദ്ധിയായതിന് ശേഷം അവർക്ക് ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയും, മുടി വെട്ടുകയും, ഉംറ പൂർത്തീകരിക്കുകയും ചെയ്യാം. എന്നാൽ യൗമുത്തർവിയതിൻ്റെ (ദുൽഹിജ്ജ 8) ദിവസത്തിന് മുൻപും അവർ ശുദ്ധിയായിട്ടില്ലെങ്കിൽ അവർ നിൽക്കുന്ന സ്ഥലത്ത് നിന്നു തന്നെ ഹജ്ജിന് വേണ്ടി ഇഹ്റാം കെട്ടുകയും, ജനങ്ങളോടൊപ്പം മിനായിലേക്ക് പുറപ്പെടുകയും ചെയ്യുക. അതോടെ അവൾ ഹജ്ജും ഉംറയും ഖാരിനായി നിർവ്വഹിക്കുന്നവരിൽ ഉൾപ്പെടും. അതിന് ശേഷം ഹാജിമാർ ചെയ്യുന്നതു പോലെ, അറഫയിൽ നിൽക്കുകയും, മശ്അറിൽ (മുസ്ദലിഫഃയിൽ) താമസിക്കുകയും, ജംറകളിൽ കല്ലെറിയുകയും, മുസ്ദലിഫയിലും മിനായിലും രാപ്പാർക്കുകയും, ബലിമൃഗത്തെ അറുക്കുകയും, മുടി ചെറുതാക്കുകയും ചെയ്യണം. ശേഷം അവൾ എപ്പോഴാണോ ശുദ്ധിയാകുന്നത്, അപ്പോൾ ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയും വേണം. അവളുടെ ഹജ്ജിനും ഉംറക്കും വേണ്ടി ഒരൊറ്റ ത്വവാഫും സഅ്‌യും മതിയാകുന്നതാണ് (പതിനാല് ത്വവാഫും പതിനാല് സഅ്‌യും ചെയ്യേണ്ടതില്ല എന്നർത്ഥം; മറിച്ച്, ഏഴെണ്ണം മാത്രം രണ്ട് കർമ്മങ്ങൾക്കും മതിയാകുന്നതാണ്). ഉംറക്കായി ഇഹ്റാമിൽ പ്രവേശിച്ചതിന് ശേഷം ആർത്തവം ആരംഭിച്ച വേളയിൽ ആഇശാ(رضي الله عنها) യോട് നബി (ﷺ) പറയുകയുണ്ടായി: {ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതെല്ലാം നീ ചെയ്യുക; എന്നാൽ ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുത്.} [53] (ബുഖാരി, മുസ്‌ലിം) [53] ബുഖാരി: 305, മുസ്‌ലിം: 1211.
ആർത്തവകാരികളും പ്രസവരക്തം വരുന്നവളും ബലിപെരുന്നാൾ ദിവസം ജംറകളിൽ കല്ലെറിയുകയും, മുടി ചെറുതാക്കുകയും ചെയ്താൽ ഇഹ്റാമിൻ്റെ വേളയിൽ നിഷിദ്ധമായതെല്ലാം -സുഗന്ധവും മറ്റുമെല്ലാം- അവൾക്ക് അതോടെ അനുവദിക്കപ്പെടും; ഭർത്താവുമായി ഇണചേരുകയോ ബാഹ്യകേളികളിൽ ഏർപ്പെടുകയോ ചെയ്യുക എന്നതൊഴികെ. ശുദ്ധിയായതിന് ശേഷം അവൾ ത്വവാഫും സഅ്‌യും നിർവ്വഹിക്കുകയും ചെയ്തു കൊണ്ട്, ശുദ്ധിയുള്ള മറ്റു സ്ത്രീകളെ പോലെ ഹജ്ജും ഉംറയും പൂർണ്ണമാക്കിയാൽ ഭർത്താവും അവൾക്ക് അനുവദിക്കപ്പെടും.
അദ്ധ്യായം
ദുൽഹിജ്ജ എട്ടാം ദിവസം ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിക്കുകയും മിനായിലേക്ക് പുറപ്പെടുകയും ചെയ്യൽ.
ദുൽ ഹിജ്ജഃ എട്ടിലേക്ക് (യൗമുത്തർവിയഃ) പ്രവേശിച്ചാൽ ഇഹ്റാമിലല്ലാത്തവരും, മക്കക്കാരായ ഹജ്ജ് ഉദ്ദേശിക്കുന്നവരും തങ്ങളുടെ ഭവനങ്ങളിൽ നിന്ന് ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിക്കുക എന്നത് പുണ്യകരമാണ്. കാരണം നബിയുടെ (ﷺ) സ്വഹാബികൾ അബ്ത്വഹ് എന്ന പ്രദേശത്ത് തമ്പടിക്കുകയും, ദുൽ ഹിജ്ജഃ എട്ടിന് നബിയുടെ (ﷺ)കൽപ്പന പ്രകാരം അവിടെ നിന്ന് ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിക്കുകയുമാണ് ചെയ്തത്. അവരോട് കഅ്ബയുടെ അടുത്തോ മറ്റോ പോയതിന് ശേഷം ഇഹ്റാമിൽ പ്രവേശിക്കാൻ അവിടുന്ന് കൽപ്പിച്ചിട്ടില്ല. മിനായിലേക്ക് പുറപ്പെടുമ്പോൾ വിടവാങ്ങൽ ത്വവാഫ് നടത്തുക എന്നതും നബി (ﷺ) കൽപ്പിച്ചിട്ടില്ല; ഈ പറഞ്ഞതെല്ലാം ദീനിൻ്റെ ഭാഗമായിരുന്നെങ്കിൽ നബി (ﷺ) പഠിപ്പിക്കുമായിരുന്നു. അല്ലാഹുവിൻ്റെ റസൂലിൻ്റെയും (ﷺ) അവിടുത്തെ സ്വഹാബികളുടെയും സുന്നത്ത് പിൻപറ്റുക എന്നതിലാണ് എല്ലാ നന്മയുമുള്ളത്.
മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിച്ചപ്പോൾ ചെയ്തതു പോലെ, ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുന്നതിന് മുൻപ് കുളിക്കുകയും ശരീരം വൃത്തിയാക്കുകയും ശരീരത്തിൽ സുഗന്ധം പുരട്ടുകയും ചെയ്യുക എന്നത് പുണ്യകരമാണ്. ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിച്ചതിനു ശേഷം -ദുൽ ഹിജ്ജ എട്ടിന്, യൗമുത്തർവിയഃയിൽ- സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുന്നതിന് മുൻപോ, അല്ലെങ്കിൽ അതിന് ശേഷമോ മിനായിലേക്ക് പുറപ്പെടുക. ജംറതുൽ അഖബഃയിൽ കല്ലെറിയുന്നത് വരെ തൽബിയ്യത്ത് അധികരിപ്പിക്കാനും ശ്രദ്ധവെക്കണം. മിനായിൽ വെച്ച് ദ്വുഹ്റും അസ്റും മഗ്‌രിബും ഇശായും ഫജ്റും നിസ്കരിക്കണം. ഇവയിൽ മഗ്‌രിബും ഫജ്റും ഒഴികെയുള്ള നിസ്കാരങ്ങൾ രണ്ട് റക്അത്തുകളായി (ഖസ്ർ ചെയ്തു കൊണ്ട്) ചുരുക്കി നിസ്കരിക്കുക എന്നത് സുന്നത്താണ്. എന്നാൽ അവയിൽ ഏതെങ്കിലുമൊരു നിസ്കാരം മറ്റൊരു നിസ്കാരത്തിൻ്റെ സമയത്ത് നിർവ്വഹിച്ചു കൊണ്ട് ജംഅ് ചെയ്യുക എന്നത് വേണ്ടതില്ല.
ഈ പറഞ്ഞതിൽ മക്കക്കാരും അല്ലാത്ത നാട്ടുകാരും തമ്മിൽ വ്യത്യാസമില്ല. കാരണം നബി (ﷺ) മക്കയിലുള്ളവരെയും അല്ലാത്തവരെയും ഒരുമിപ്പിച്ചു കൊണ്ട് മിനായിലും അറഫയിലും മുസ്ദലിഫയിലും നിസ്കാരം നിർവ്വഹിച്ചത് ഖസ്റാക്കിക്കൊണ്ടാണ്. മക്കക്കാരോട് മാത്രമായി നാല് റക്അത്തുകൾ പൂർത്തീകരിച്ച് നിസ്കരിക്കണമെന്ന് അവിടുന്ന് കൽപ്പിച്ചിട്ടില്ല. അത് നിർബന്ധമായിരുന്നെങ്കിൽ നബി (ﷺ) അക്കാര്യം അവരോട് പ്രത്യേകം ഓർമ്മപ്പെടുത്തുമായിരുന്നു.
അറഫാ ദിവസത്തിൽ സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷം മിനായിൽ നിന്ന് അറഫയിലേക്ക് തിരിക്കുകയാണ് വേണ്ടത്. സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ -സൗകര്യപ്പെടുമെങ്കിൽ- നമിറഃയിൽ കഴിച്ചു കൂട്ടുന്നത് സുന്നത്താണ്. കാരണം നബി (ﷺ) അപ്രകാരമാണ് ചെയ്തത്.
സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റിയാൽ ഇമാമോ അദ്ദേഹത്തിൻ്റെ പകരക്കാരനോ ആയ വ്യക്തി ജനങ്ങളെ അഭിസംബോധന ചെയ്തു പ്രഭാഷണം നടത്തണം; സന്ദർഭത്തിന് യോജിക്കുന്ന പ്രഭാഷണമാണ് അദ്ദേഹം നിർവ്വഹിക്കേണ്ടത്. അറഫ ദിവസത്തിലും അതിന് ശേഷമുള്ള ദിവസങ്ങളിലും ചെയ്യേണ്ട കാര്യങ്ങൾ വിവരിക്കുകയും, അല്ലാഹുവിനെ സൂക്ഷിക്കുകയും തൗഹീദ് ശ്രദ്ധിക്കുകയും, എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന് നിഷ്കളങ്കമാക്കുകയും ചെയ്യാൻ അവരോട് കൽപ്പിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയവയിൽ നിന്ന് അവരെ താക്കീത് ചെയ്യുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനും നബിയുടെ (ﷺ) ചര്യയായ തിരുസുന്നത്തും മുറുകെപ്പിടിക്കാനും അവ കൊണ്ട് വിധികൽപ്പിക്കാനും, എല്ലാ കാര്യങ്ങളിലും അവയിലേക്ക് വിധി തേടുവാനുമെല്ലാം ഈ പ്രഭാഷണത്തിൽ ജനങ്ങളെ ഉണർത്തണം. ഇതിലെല്ലാം നബിയുടെ (ﷺ) മാതൃകയാണ് അദ്ദേഹം തൻ്റെ വഴിയായി സ്വീകരിക്കേണ്ടത്. അതിന് ശേഷം ദ്വുഹ്റും അസ്റും -ദ്വുഹ്റിൻ്റെ സമയത്ത്- ജംആക്കി ഒരുമിച്ച്, രണ്ട് റക്അത്തുകൾ വീതം ഖസ്റാക്കി ചുരുക്കി നിസ്കരിക്കുകയും ചെയ്യണം; ഈ രണ്ട് നിസ്കാരങ്ങൾക്കും ഒറ്റ ബാങ്കും, രണ്ട് ഇഖാമത്തുകളും വേണം. കാരണം അപ്രകാരമാണ് നബി (ﷺ) ചെയ്തത്. ഇമാം മുസ്‌ലിം ഉദ്ധരിച്ച, ജാബിർ (رضي الله عنه) വിൻ്റെ ഹദീഥിൽ അക്കാര്യം കാണാം.
അതിന് ശേഷം ഹാജിമാർ അറഫയിൽ നിൽക്കണം. അറഫ മുഴുവനും നിൽക്കാനുള്ള സ്ഥലമാണ്; ബത്നു ഉറനഃ എന്ന പ്രദേശമൊഴികെ. സൗകര്യപ്പെടുമെങ്കിൽ ഖിബ്‌ലക്കും ജബലുറഹ്മക്കും നേരെ വരുന്ന വിധത്തിൽ നിൽക്കുക. അത് പ്രയാസകരമാണെങ്കിൽ ജബലുറഹ്മക്ക് നേരെ നിൽക്കുന്നത് ഒഴിവാക്കി കൊണ്ട്, ഖിബ്‌ലക്ക് നേരെ നിൽക്കുക. അറഫയിൽ നിൽക്കുന്ന വേളയിൽ അല്ലാഹുവിനെ സ്മരിക്കുകയും അവനോട് ദുആ ചെയ്യുകയും, അല്ലാഹുവിനോട് വിനയവും താഴ്മയും പ്രകടിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധയും പരിശ്രമവും ഉണ്ടാകണം. പ്രാർത്ഥനയുടെ വേളയിൽ കൈകൾ ഉയർത്താം. ചില സന്ദർഭങ്ങളിൽ തൽബിയ്യത്ത് ചൊല്ലുകയും, ഖുർആൻ പാരായണം നടത്തുകയും ചെയ്താൽ അതും നല്ലത് തന്നെ. അതു പോലെ, ഇനി പറയുന്ന ദിക്ർ അധികരിപ്പിക്കുന്നതും സുന്നത്താണ്: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (സാരം) "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് യഥാർത്ഥ ആരാധ്യൻ. അവന് യാതൊരു പങ്കുകാരുമില്ല.അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ സർവ്വതിനും കഴിവുള്ളവനാകുന്നു." - നബി (ﷺ) ഈ പ്രാർത്ഥനയെ കുറിച്ച് ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: {അറഫാ ദിനത്തിലെ പ്രാർത്ഥനയാണ് ഏറ്റവും നല്ല പ്രാർത്ഥന. ഞാനും എനിക്ക് മുൻപുള്ള നബിമാരും പറഞ്ഞതിൽ വെച്ചേറ്റവും നല്ല വാക്ക് ഇതാണ്: (അർത്ഥം:) അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.} [54] നബിയിൽ -ﷺ- സ്ഥിരപ്പെട്ട മറ്റൊരു ഹദീഥ് ഇപ്രകാരമാണ്: {അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണ്: 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ.} [55] [54] തിർമിദി: 3585. [55] മുസ്‌ലിം: 2137.
ഈ പറഞ്ഞ ദിക്റുകൾ ഹൃദയസാന്നിധ്യത്തോടെയും ഭയഭക്തിയോടെയും അധികരിപ്പിക്കുകയും ആവർത്തിച്ചു പറയുകയും ചെയ്യണം. അതോടൊപ്പം എല്ലാ സമയവും സ്ഥിരപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുക. പ്രത്യേകിച്ച്, അതിശ്രേഷ്ഠമായ അറഫായുടെ ഈ ദിനത്തിൽ, ശ്രേഷ്ഠമായ ഈ സ്ഥലത്ത്. ഏറ്റവും ആശയസമ്പുഷ്ടമായ പ്രാർത്ഥനകളും ദിക്റുകളും തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക; അവയിൽ ചിലത് താഴെ പറയാം:
*അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അതിമഹാനായ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. {...നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.} (അൻബിയാഅ്: 87)
*അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.ദീൻ (കീഴ്‌വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും.
*അല്ലാഹുവെക്കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല. [56] [56] മുസ്‌ലിം: 594, അബ്ദുല്ലാഹി ബ്നു സുബൈറിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
*{...ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.} (ബഖറ: 201)
*അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ. [57] [57] മുസ്‌ലിം: 2720, അബൂ ഹുറൈറയുടെ (رضي الله عنه) ഹദീഥിൽ നിന്ന്.
*അല്ലാഹുവേ, പരീക്ഷണങ്ങളുടെ കഷ്ടതയിൽ നിന്നും, ദൗർഭാഗ്യം നേരിടേണ്ടി വരുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും ശത്രുക്കളുടെ ആഹ്ളാദത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. [58] [58] ബുഖാരി: 6347, അബൂഹുറൈറയുടെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവെ, ആശങ്കയിൽ നിന്നും, ദുഃഖത്തിൽ നിന്നും, അശക്തിയിൽ നിന്നും മടിയിൽ നിന്നും, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും, പാപങ്ങളിൽ നിന്നും, കടം കുമിഞ്ഞുകൂടുന്നതിൽ നിന്നും,ശത്രുക്കൾ അതിജയിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവലിനെ ചോദിക്കുന്നു. [59] [59] ഈ പദങ്ങളിൽ ചെറിയ വ്യത്യാസത്തോടെ അബൂദാവൂദ് അബൂ ഉമാമഃ അൽഅൻസ്വാരിയുടെ (رضي الله عنه) ഹദീഥിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നു.
* അല്ലാഹുവേ, പാണ്ട്, ഭ്രാന്ത്, കുഷ്ഠം, തുടങ്ങിയവയിൽ നിന്നും എല്ലാ ദുഷിച്ച രോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. [60] [60] അബൂദാവൂദ്: 1554, അനസ് ഇബ്നു മാലികിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും മാപ്പും സൗഖ്യവും ചോദിക്കുന്നു.
* അല്ലാഹുവേ, ഞാൻ നിന്നോട് എൻ്റെ ദീനിലും, എൻ്റെ ഇഹലോക ജീവിതത്തിലും, എൻ്റെ കുടുംബത്തിലും, എൻ്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു.
* അല്ലാഹുവേ, എൻ്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ!ൽ, എൻ്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ,അല്ലാഹുവേ എൻ്റെ മുൻഭാഗത്തു നിന്നും എൻ്റെ പിന്നിൽ നിന്നും, എൻ്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എൻ്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിൻ്റെ മഹത്വം മുഖേന നിന്നോട് ഞാൻ അഭയം തേടുന്നു. [61] [61] അബൂദാവൂദ്: 5074, ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُما- നിവേദനം ചെയ്ത ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, കാര്യങ്ങളിൽ സ്ഥിരതയും നേർമാർഗത്തിൽ ദൃഢതയും നിന്നോട് ഞാൻ തേടുന്നു.നിന്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത കാട്ടാനും, നല്ലനിലയിൽ നിനക്ക് ഇബാദത്ത് ചെയ്യുവാനും എന്നെ നീ അനുഗ്രഹിക്കേണമേ, കളങ്കമില്ലാത്ത ഹൃദയവും സത്യസന്ധമായ നാവും നീ നൽകേണമേ, നീ അറിയുന്ന നന്മ ഞാൻ തേടുന്നു, നീ അറിയുന്ന തിന്മയിൽ നിന്ന് രക്ഷയും തേടുന്നു, നീ അറിയുന്ന പാപങ്ങൾ എനിക്ക് പൊറുത്തു തരേണമേ, എല്ലാ അദൃശ്യങ്ങളും അറിയുന്നവൻ നീ മാത്രമാണല്ലോ. [63] [63] തിർമിദി: 3407, ശദ്ദാദ് ബിൻ ഔസിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, മുഹമ്മദ് നബിയുടെ റബ്ബേ, അവിടുത്തെ മേൽ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ. എൻ്റെ പാപങ്ങൾ എനിക്ക് പൊറുത്തുതരേണമേ, എൻ്റെ ഹൃദയത്തിൻ്റെ ക്രോധം നീ ഒഴിവാക്കി തരേണമേ, എന്നെ നീ ജീവിപ്പിക്കുന്ന കാലത്തോളം ഫിത്‌നകളുടെ (പരീക്ഷണങ്ങളുടെ) വഴികേടുകളിൽ നിന്ന് സംരക്ഷിക്കേണമേ. [64] [64] അഹ്മദ്: 6/301. ഉമ്മുസലമയുടെ (رضي الله عنها) ഹദീസിൽ നിന്ന്.
* അല്ലാഹുവേ, ഏഴ് ആകാശങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്റെയും റബ്ബേ, ഞങ്ങളുടേയും സർവ്വ വസ്തുക്കളുടെയും ഉടമസ്ഥനേ, ധാന്യവും വിത്തും പിളർക്കുന്നവനേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ, നീ മൂർദ്ദാവിനു പിടിച്ചിട്ടുള്ള (നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന) സർവ്വ വസ്തുക്കളുടേയും ദോഷത്തിൽ നിന്ന് നിന്നിൽ ഞാൻ അഭയം തേടുന്നു. അല്ലാഹുവേ, നീയാണ് ആദിമൻ, നിനക്കു മുമ്പായി യാതൊന്നുമില്ല; നീയാണ് അന്തിമൻ, നിനക്ക് ശേഷം യാതൊന്നുമില്ല; നീയാണ് മുകളിലുള്ളവൻ, നിനക്കുമീതെ യാതൊന്നുമില്ല; നീയാണ് അടുത്തുള്ളവൻ, നിന്നെക്കാൾ അടുത്ത് യാതൊന്നുമില്ല; ഞങ്ങളുടെ കടങ്ങൾ നീ തീർക്കുകയും ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് ധന്യത നൽകുകയും ചെയ്യേണമേ. [65] [65] മുസ്‌ലിം: 2713, അബൂ ഹുറൈറയുടെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, എന്റെ മനസ്സിന് തഖ്‌വ പ്രധാനം ചെയ്യുകയും, അതിനെ നീ സംസ്കരിക്കുകയും ചെയ്യേണമേ. നീയാണല്ലോ ഏറ്റവും നന്നായി അതിനെ സംസ്കരിക്കുന്നവനും അതിന്റെ രക്ഷകനും ഉടമസ്ഥനും. അല്ലാഹുവേ, ബലഹീനത, അലസത, ഭീരുത്വം, വാർദ്ധക്യം, പിശുക്ക്, ഖബ്ർ ശിക്ഷ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് അഭയം തേടുന്നു. [66] [66] മുസ്‌ലിം: 2722, സൈദ് ബ്നു അർഖമിൻ്റെ ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, നിനക്ക് ഞാൻ കീഴ്പ്പെടുകയും, നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിറുത്തി സംവദിക്കുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിറുത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ചു പോകുന്നവരുമാണ്. [67] [67] മുസ്‌ലിം: 2717, ഇബ്നു അബ്ബാസിൻ്റെ (رضي الله عنهما) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, പ്രയോജനമില്ലാത്ത വിജ്ഞാനത്തിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, മതിവരാത്ത മനസ്സിൽ നിന്നും, ഉത്തരം കിട്ടാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. [68] [68] സൈദ് ഇബ്നു അർഖമിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്, മുമ്പ് 2722 എന്ന നമ്പറിൽ ഉദ്ധരിച്ചത്.
* അല്ലാഹുവേ, വൃത്തികെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും, രോഗങ്ങളിൽ നിന്നും എന്നെ അകറ്റേണമേ. [69] [69] തിർമിദി: 3591, സിയാദ് ബ്നു അലാഖ:നിവേദനം ചെയ്ത ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, എനിക്ക് നേർവഴി തോന്നിപ്പിക്കുകയും എന്റെ മനസ്സിന്റെ തിന്മയിൽ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്യേണമേ. [70]. [70] തിർമിദി: 3483, ഇമ്രാൻ ബിൻ ഹുസൈനിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, നീ ഹറാമാക്കിയതിലേക്ക് പോകേണ്ടാത്ത വിധം, നീ ഹലാലാക്കിയതുകൊണ്ട് എനിക്ക് മതിയാക്കിത്തരേണമേ. നീയല്ലാത്തവരിലേക്ക് പോകേണ്ടാത്ത വിധം നിന്റെ ഔദാര്യത്താൽ എനിക്കു നീ ധന്യത നൽകേണമേ. [71] [71] തിർമിദി: 3563, അലിയ്യുബ്നു അബീത്വാലിബിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, സന്മാർഗവും (ഹിദായത്ത്), ധർമ്മനിഷ്ഠയും (തഖ്‌വ), ജീവിതവിശുദ്ധിയും (അഫാഫ്), ധന്യതയും (ഗിനാ) നിന്നോട് ഞാൻ ചോദിക്കുന്നു. [72] [72] മുസ്‌ലിം: 2721, അബ്ദുല്ലാഹിബ്നു മസ്ഊദിൻ്റെ ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, സന്മാർഗവും ശരിയായ നിലപാടും ഞാൻ നിന്നോട് ചോദിക്കുന്നു. [73] [73] മുസ്‌ലിം: 2725, അലിയ്യുബ്നു അബീ ത്വാലിബിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്.
* അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവന്റേതാണ് സർവ്വ അധികാരവും. അവനാണ് സർവ്വസ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ്റെ കൈയിലാകുന്നു നന്മ. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹു എത്ര പരിശുദ്ധൻ. സർവ്വസ്തുതികളും അല്ലാഹുവിനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹുവാണ് ഏറ്റവും വലിയവൻ. ഏറ്റവും ഉന്നതനും ഏറ്റവും മഹത്വമുള്ളവനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ (ഉപദ്രവങ്ങൾ നീക്കാനുള്ള) കഴിവോ, (ഉപകാരം വരുത്താനുള്ള) ശക്തിയോ ഇല്ലതന്നെ. [75] [75] ബുഖാരി: 1154, ഉബാദതു ബ്നു സ്വാമിത് (رضي الله عنه) ഉദ്ധരിച്ച ഹദീഥിൽ നിന്ന്.
* അല്ലാഹുവേ, ഇബ്രാഹീം നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ സ്വലാത്ത് വർഷിച്ചതുപോലെ, മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു. [76] [76] ബുഖാരി: 3370, കഅബ് ബിന്‍ ഉജ്സയുടെ (رضي الله عنه) ഹദീഥിൽ നിന്ന്.
* (...ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.) (ബഖറ: 201)
അറഫയിലെ മഹനീയമായ ഈ സന്ദർഭത്തിൽ മേൽ പറഞ്ഞവയും അതേ ആശയത്തിലുള്ളതുമായ ദിക്റുകളും ദുആകളും സ്വലാത്തുകളും ഹാജിമാർ ആവർത്തിച്ചു ഉരുവിടുകയും, അല്ലാഹുവിനോട് ആവർത്തിച്ചാവർത്തിച്ച് തേടിക്കൊണ്ടിരിക്കുകയും, ഇഹലോകത്തെയും പരലോകത്തെയും നന്മകൾ അല്ലാഹുവിനോട് യാചിച്ചു കൊണ്ടിരിക്കുകയും ചെയ്യണം. നബി (ﷺ) തൻ്റെ ദുആകൾ മൂന്ന് തവണകളായി ആവർത്തിക്കാറുണ്ടായിരുന്നു. അവിടുത്തെ മാതൃകയാക്കി കൊണ്ട് മൂന്ന് തവണ പ്രാർത്ഥനകൾ ആവർത്തിക്കുകയും ചെയ്യാം.
തൻ്റെ റബ്ബായ അല്ലാഹുവിന്മുൻപിൽ അങ്ങേയറ്റം വിനയാന്വിതനും താഴ്മയുള്ളവനും തകർന്ന മനസ്സോടെ അവൻ്റെ കാരുണ്യവും പാപമോചനവും പ്രതീക്ഷിക്കുന്നവനായും അവൻ്റെ ശിക്ഷയെയും കോപത്തെയും ഭയക്കുന്നവനായും സ്വയം വിചാരണ ചെയ്യുന്നവനായുമാണ് ഒരു മുസ്‌ലിം അറഫയിൽ നിൽക്കേണ്ടത്. ആത്മാർത്ഥമായി തൻ്റെ തൗബഃ പുതുക്കാനുള്ള സന്ദർഭമാണത്. കാരണം ഈ ദിവസം അതീവ ശ്രേഷ്ഠതയുള്ള ദിവസവും അങ്ങേയറ്റം അനിതര സാധാരണ സംഗമ വേളയുമാണ്. അല്ലാഹു തൻ്റെ അടിമകൾക്ക് ഉദാരമായി നൽകുകയും, അവരെ കൊണ്ട് തൻ്റെ മലക്കുകളോട് അഭിമാനം കൊള്ളുകയും ചെയ്യുന്ന, നരകത്തിൽ നിന്ന് അനേകമാളുകളെ അല്ലാഹു മോചിപ്പിക്കുകയും ചെയ്യുന്ന സന്ദർഭമാണത്. ബദ്ർ യുദ്ധ ദിനം ഒഴിച്ചു നിർത്തിയാൽ, പിശാച് ഇത്ര മാത്രം നിസ്സഹായനും നിന്ദ്യനും നിരാശനുമായി മറ്റൊരു ദിവസത്തിലും കാണപ്പെടുകയില്ല. അല്ലാഹു തൻ്റെ അടിമകൾക്കു മേൽ വർഷിക്കുന്ന ഔദാര്യവും നന്മയും അവരെ അവൻ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും അവരുടെ പാപങ്ങൾ പൊറുത്തു നൽകുകയും ചെയ്യുന്നത് കാണുമ്പോൾ അവനുണ്ടാകുന്ന അരിശം അത്രമേൽ അസഹനീയമായിരിക്കും.
ആഇശാ (رضي الله عنها) നിവേദനം: നബി (ﷺ) പറഞ്ഞു: {അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്ന് തൻ്റെ അടിമകളെ അല്ലാഹു മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് അവരോട് അടുക്കുകയും, ശേഷം തൻ്റെ ദാസന്മാരെ കൊണ്ട് മലക്കുകളോട് അഭിമാനപൂർവ്വം പരാമർശിക്കുകയും ചെയ്യും. അവൻ പറയും: എന്താണ് ഇവർ ആഗ്രഹിക്കുന്നത്?} [77] [77] ആഇശാ (رضي الله عنها) നിവേദനം ചെയ്യുന്ന ഹദീസ്. മുസ്‌ലിം: 1348.
അതിനാൽ മുസ്‌ലിംകൾ തങ്ങളുടെ നന്മകൾ അല്ലാഹുവിൻ്റെ മുൻപിൽ പ്രകടിപ്പിക്കേണ്ട ദിനമാണത്. അവരുടെ ശത്രുവായ പിശാചിനെ നിന്ദിക്കുകയും, പ്രാർത്ഥനകളും ദിക്റുകളും നിരന്തരമായ തൗബയും എല്ലാ തിന്മകളിൽ നിന്നുമുള്ള ഇസ്തിഗ്ഫാറും കൊണ്ടും അവനെ നിരാശനാക്കുകയും ചെയ്യേണ്ട ദിനമാണത്. സൂര്യൻ അസ്തമിക്കുന്നത് വരെ ഈ രൂപത്തിൽ ഹാജിമാർ ദിക്റിലും ദുആകളിലുമായി വ്യാപൃതരായിരിക്കണം. സൂര്യൻ അസ്തമിച്ചാൽ അവർ അടക്കത്തോടെയും ശാന്തമായും മുസ്ദലിഫഃയിലേക്ക് നീങ്ങണം. ഈ സന്ദർഭത്തിൽ തൽബിയ്യത്ത് അധികരിപ്പിക്കുകയും, മുന്നിലേക്ക് നീങ്ങാനുള്ള വിടവ് കണ്ടാൽ വേഗത്തിൽ നടക്കുകയും ചെയ്യണം. കാരണം നബി (ﷺ) അപ്രകാരമായിരുന്നു ചെയ്തിരുന്നത്. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അറഫയിൽ നിന്ന് പോകുക എന്നത് അനുവദനീയമല്ല. കാരണം നബി (ﷺ) സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ നിലയുറപ്പിച്ചിട്ടുണ്ട്; അവിടുന്ന് (ﷺ) പറഞ്ഞു: «നിങ്ങൾ എന്നിൽ നിന്ന് നിങ്ങളുടെ ഹജ്ജിന്റെ കർമ്മങ്ങൾ സ്വീകരിക്കുക.» [78] (78) ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.
മുസ്ദലിഫയിൽ എത്തിയാൽ അവിടെ വെച്ച് മഗ്‌രിബ് നിസ്കാരം മൂന്ന് റക്അത്തുകളും, ഇശാ നിസ്കാരം രണ്ട് റക്അത്തുകളുമായി നിർവ്വഹിക്കണം. ഒരു ബാങ്കും രണ്ട് ഇഖാമത്തുകളുമുള്ള രൂപത്തിൽ, മുസ്ദലിഫഃയിൽ എത്തിയ ശേഷം ജംആയി കൊണ്ടാണ് ഈ രണ്ട് നിസ്കാരങ്ങളും നിർവ്വഹിക്കേണ്ടത്; മഗ്‌രിബിന് ശേഷം എത്തിയാൽ അപ്പോഴും, ഇശാ നിസ്കാരത്തിന് ശേഷമാണ് എത്തുന്നതെങ്കിലും അപ്പോഴുമാണ് നിസ്കാരം നിർവ്വഹിക്കേണ്ടത് എന്നർത്ഥം.
മുസ്ദലിഫയിൽ എത്തിയ ഉടനെ ചിലർ ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിക്കാറുണ്ട്; ഇത് ദീനിൽ പഠിപ്പിക്കപ്പെട്ടതാണ് എന്ന ധാരണയോടെയാണ് ചിലർ ചെയ്യുന്നത്.യാതൊരു തെളിവുമില്ലാത്ത തെറ്റായ പ്രവൃത്തിയാണത് എന്നതാണ് ശരി. നബി (ﷺ) മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് പുറപ്പെട്ടതിന് ശേഷമല്ലാതെ തനിക്ക് ജംറയിൽ എറിയാനുള്ള കല്ലുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടില്ല. ഒരാൾ ഏത് സ്ഥലത്ത് നിന്ന് കല്ലുകൾ പെറുക്കിയാലും അത് മതിയാകുന്നതാണ്; മുസ്ദലിഫഃയിൽ നിന്ന് തന്നെ കല്ലുകൾ എടുത്തു കൊള്ളണമെന്ന് നിർബന്ധമില്ല എന്നർത്ഥം. മറിച്ച്, മിനായിൽ നിന്നും ചരൽക്കല്ലുകൾ എടുക്കുന്നത് അനുവദനീയമാണ്. ഈ ദിവസം ജംറതുൽ അഖബഃയിൽ കല്ലെറിയാൻ വേണ്ടി ഏഴ് ചരൽ കല്ലുകൾ പെറുക്കുക എന്നതാണ് സുന്നത്ത്. നബിയുടെ (ﷺ) മാതൃക പിൻപറ്റാൻ ആഗ്രഹിക്കുന്നവർ അപ്രകാരമാണ് ചെയ്യേണ്ടത്.എന്നാൽ ബാക്കിയുള്ള മൂന്ന് ദിവസങ്ങളിൽ മിനായിൽ നിന്ന് ഇരുപത്തിയൊന്ന് ചരൽക്കല്ലുകൾ പെറുക്കുകയും, മൂന്ന് ജംറകളിലും കല്ലെറിയുകയും ചെയ്യുകയുമാണ് വേണ്ടത്.
ജംറയിൽ എറിയുന്ന കല്ലുകൾ കഴുകുക എന്നത് പുണ്യകരമോ സുന്നത്തോ അല്ല. മറിച്ച്, കഴുകാത്ത നിലയിൽ തന്നെ ചരൽക്കല്ലുകൾ ജംറകളിൽ എറിയാം. കാരണം ജംറയിൽ എറിയുന്ന കല്ലുകൾ കഴുകുക എന്നത് നബിയിൽ (ﷺ) നിന്നോ സ്വഹാബത്തിൽ നിന്നോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഒരു തവണ എറിഞ്ഞ കല്ല് വീണ്ടും എറിയാൻ ഉപയോഗപ്പെടുത്തരുത്.
ഈ രാത്രിയിൽ ഹാജിമാർ മുസ്ദലിഫയിലാണ് രാപ്പാർക്കേണ്ടത്. ദുർബലരായ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റുമെല്ലാം രാത്രിയുടെ അവസാന യാമത്തിൽ മിനായിലേക്ക് തിരിക്കാം. ഈ വിഷയത്തിൽ ആഇശാ (رضي الله عنها) യുടെയും ഉമ്മുസലമഃ (رضي الله عنها) യുടെയും ഹദീഥ് തെളിവാണ്. അതല്ലാത്ത ഹാജിമാർ ഫജ്ർ നിസ്കാരം നിർവ്വഹിക്കുന്നത് വരെ മുസ്ദലിഫഃയിൽ തന്നെ തങ്ങുക എന്നതാണ് കൂടൂതൽ അനുയോജ്യമായിട്ടുള്ളത്. അതിന് ശേഷം മുസ്ദലിഫഃയിൽ നിന്നു കൊണ്ട് കഅ്ബയിലേക്ക് തിരിഞ്ഞിരുന്നു ദിക്റുകളും ദുആകളും തക്ബീറുകളും അധികരിപ്പിക്കണം. സൂര്യൻ ഉദിച്ചുയരുന്നത് വരെ ഇപ്രകാരം കഴിച്ചു കൂട്ടണം. ഇവിടെ പ്രാർത്ഥനയുടെ സന്ദർഭത്തിൽ കൈകൾ ഉയർത്തുന്നത് സുന്നത്താണ്. ഈ സന്ദർഭത്തിൽ മുസ്ദലിഫയിൽ എവിടെ നിന്നാലും അത് മതിയാകും. മശ്അറിന് അടുത്തേക്ക് പോകുകയോ അതിൽ കയറുക എന്നതോ അവരുടെ മേൽ നിർബന്ധമില്ല. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: {ഞാൻ ഇവിടെ നിന്നിരിക്കുന്നു -അതായത് മശ്അറുൽ ഹറാമിൽ-; ഈ പ്രദേശം മുഴുവൻ നിൽക്കാനുള്ള ഇടമാണ്.} ([79]) (മുസ്‌ലിമിൻ്റെ) ഹദീഥിൽ ജംഅ് എന്ന് പറഞ്ഞത് മുസ്ദലിഫയെ കുറിച്ചാണ്. [79] മുസ്‌ലിം: 1218.
വെളിച്ചം പരന്നു തുടങ്ങിയാൽ -സൂര്യൻ ഉദിക്കുന്നതിന് മുൻപ്- അവർ മിനായിലേക്ക് തിരിക്കുകയും, ഈ യാത്രയിൽ തൽബിയ്യത്ത് അധികരിപ്പിക്കുകയും വേണം. 'മുഹസ്സിറിൽ,,' എത്തിയാൽ ചെറുതായി വേഗത്തിൽ നടക്കുക എന്നതും പുണ്യകരമാണ്.
മിനായിൽ എത്തുകയും ജംറതുൽ അഖബയുടെ അടുത്ത് എത്തുകയും ചെയ്താൽ തൽബിയ്യത്ത് ചൊല്ലുന്നത് നിറുത്തുകയും, ജംറയിൽ കല്ലെറിയുകയും ചെയ്യണം. ഏഴ് ചരൽക്കല്ലുകൾ തുടർച്ചയായി എറിയുകയാണ് വേണ്ടത്. ഓരോ കല്ല് എറിയുമ്പോഴും തൻ്റെ കരം ഉയർത്തുകയും തക്ബീർ ചൊല്ലുകയും വേണം. ബത്നുൽ വാദീയിൽ നിന്ന് കല്ലെറിയുക എന്നതാണ് കൂടുതൽ പുണ്യകരം. കഅ്ബ തൻ്റെ ഇടതു വശത്തും മിനാ വലതു ഭാഗത്തും വരുന്ന വിധത്തിൽ, നബി ﷺ ജംറയിൽ കല്ലെറിഞ്ഞത് അപ്രകാരമാണ്. ജംറയിൽ കല്ലെറിയേണ്ട സ്ഥാനത്തേക്ക് എത്തുന്നുണ്ടെങ്കിൽ, മറ്റേതെങ്കിലും വശങ്ങളിൽ നിന്ന് കല്ലെറിഞ്ഞാൽ അതും സാധുവാകുന്നതാണ്. കല്ലെറിഞ്ഞ സ്ഥലത്ത് തന്നെ അത് വീഴണം എന്ന നിബന്ധനയില്ല; മറിച്ച്, കല്ല് അവിടെ പതിച്ചാൽ മാത്രം മതിയാകും. ഒരാൾ കല്ലെറിയുകയും അത് അഖബയിൽ പതിച്ച ശേഷം അവിടെ നിന്ന് തെറിച്ചു പുറത്തേക്ക് പോവുകയും ചെയ്താൽ അത് സാധുവാകുന്നതാണ് എന്നാണ് പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. ശർഹുൽ മുഹദ്ദബിൽ നവവി അക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. ചരൽക്കല്ലുകളുടെ വലിപ്പമുള്ള കല്ലുകൾ മാത്രമേ ജംറയിൽ എറിയേണ്ടതുള്ളൂ. കടല മണിയേക്കാൾ കുറച്ച് വലുപ്പമുള്ള കല്ലുകളാണ് ചരൽക്കല്ലുകൾ എന്നത് കൊണ്ട് ഉദ്ദേശ്യം.
ജംറയിൽ കല്ലെറിഞ്ഞതിനു ശേഷം ബലി മൃഗത്തെ അറുക്കുകയാണ് ചെയ്യേണ്ടത്. ബലിയർപ്പിക്കുന്ന വേളയിൽ 'ബിസ്മില്ലാഹി, വല്ലാഹു അക്ബർ, അല്ലാഹുമ്മ ഹാദാ മിൻക വലക' (അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവേ! ഇത് നിന്നിൽ നിന്നുള്ളതും നിനക്കുള്ളതുമാണ്.) എന്നിങ്ങനെ പറയുന്നതും, ബലിമൃഗത്തെ ഖിബ്‌ലക്ക് നേരെ തിരിച്ചു നിറുത്തുക എന്നതും പുണ്യകരമാണ്. ഒട്ടകത്തെയാണ് അറുക്കുന്നതെങ്കിൽ അതിനെ നിറുത്തിയ നിലയിൽ, ഇടതു കാൽ കെട്ടിയ വിധത്തിൽ അറുക്കുക എന്നതാണ് സുന്നത്ത്. പശുവിനെയോ ആടിനെയോ ആണെങ്കിൽ അവയെ അതിൻ്റെ ഇടതു പാർശ്വത്തിലേക്ക് ചെരിച്ചു കിടത്തിക്കൊണ്ട് അറുക്കുന്നതാണ് സുന്നത്ത്. ഒരാൾ സുന്നത്ത് ഒഴിവാക്കുകയും ഖിബ്‌ലയുടെ നേരയല്ലാതെ അറുക്കുകയും ചെയ്താൽ അവൻ്റെ അറവ് അസാധുവാകുന്നതല്ല.കാരണം ഖിബ്ലക്ക് നേരെ തിരിച്ചു നിർത്തുക എന്നത് നിർബന്ധമുള്ള കാര്യമല്ല. താൻ ബലിയർപ്പിച്ച മൃഗത്തിൻ്റെ മാംസത്തിൽ നിന്ന് ഭക്ഷിക്കുകയും മറ്റുള്ളവർക്ക് ഉപഹാരവും ദാനവും നൽകുകയും ചെയ്യുന്നതും പുണ്യകരമാണ്. അല്ലാഹു പറഞ്ഞു: {...അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.} (ഹജ്ജ്: 28) ബലി ദുൽഹിജ്ജ പതിമൂന്നിൻ്റെ സൂര്യൻ അസ്തമിക്കുന്നത് വരെ നിർവ്വഹിക്കാവുന്നതാണ് എന്നതാണ് പണ്ഡിതന്മാരുടെ വീക്ഷണങ്ങളിൽ ഏറ്റവും ശരിയായിട്ടുള്ളത്. ചുരുക്കത്തിൽ, പെരുന്നാൾ ദിവസവും ശേഷമുള്ള മൂന്ന് ദിവസങ്ങളും ബലിയർപ്പിക്കാനുള്ള ദിവസങ്ങളിൽ ഉൾപ്പെടുന്നതാണ്.
ബലി മൃഗത്തെ അറുത്തതിന് ശേഷം തലമുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്യുക; തലമുടി വടിക്കലാണ് കൂടുതൽ ശ്രേഷ്ഠം. കാരണം തല മുണ്ഡനം ചെയ്യുന്നവർക്ക് വേണ്ടി നബി (ﷺ) മൂന്ന് തവണ കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. മുടി ചെറുതാക്കുന്നവർക്ക് വേണ്ടി അവിടുന്ന് ഒരു തവണയാണ് പ്രാർത്ഥിച്ചത്. മുടി ചെറുതാക്കുന്ന വ്യക്തി തലയുടെ ഏതെങ്കിലും ചില ഭാഗത്ത് നിന്ന് മാത്രം മുടി എടുത്തത് കൊണ്ടായില്ല. മറിച്ച്, മുടി വടിക്കുമ്പോൾ തല മുഴുവൻ വടിക്കണമെന്നത് പോലെ, മുടി ചെറുതാക്കുകയാണെങ്കിൽ തലയുടെ എല്ലാ ഭാഗത്തു നിന്നും ചെറുതാക്കണം. സ്ത്രീകൾ അവരുടെ മുടിയുടെ ഓരോ മെടച്ചിലുകളിൽ നിന്നും ഒരു വിരൽ തുമ്പിൻ്റെ അത്രയോ അതിൽ കുറച്ചോ എടുത്താൽ മതിയാകും.
ജംറത്തുൽ അഖബയിൽ കല്ലെറിയുകയും, ശേഷം തല മുണ്ഡനം ചെയ്യലോ ചെറുതാക്കലോ നിർവ്വഹിക്കുകയും ചെയ്താൽ അതോടെ ഭാര്യയുമായി ഇണചേരുക എന്നതൊഴികെ എല്ലാ കാര്യങ്ങളും ഇഹ്റാമിലുള്ള വ്യക്തിക്ക് അനുവദനീയമാകും. ഇഹ്റാമിൽ നിന്ന് പുറത്തു കടക്കുന്നതിൻ്റെ ഒന്നാമത്തെ ഘട്ടമാണിത് (തഹല്ലുലുൽ അവ്വൽ). ഈ ഘട്ടം കഴിഞ്ഞാൽ പിന്നീട് സുഗന്ധം പുരട്ടുന്നത് സുന്നത്താണ്. ശേഷം മക്കയിലേക്ക് നീങ്ങുകയും, ത്വവാഫുൽ ഇഫാദ്വ നിർവ്വഹിക്കുകയും ചെയ്യണം. ആഇശാ (رضي الله عنها) നിവേദനം ചെയ്ത ഹദീഥിൽ കാണാം: {നബി ﷺ ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് മുമ്പും, അവിടുന്ന് (ഇഹ്റാമിൽ നിന്ന് വിരമിച്ച ശേഷം) കഅ്ബയെ ത്വവാഫ് ചെയ്യുന്നതിന് മുൻപും ഞാൻ നബിക്ക് (ﷺ) സുഗന്ധം പുരട്ടി കൊടുക്കാറുണ്ടായിരുന്നു.} [80] (ബുഖാരി, മുസ്‌ലിം) [80] ബുഖാരി: 1539, മുസ്‌ലിം: 1189.
ഈ ത്വവാഫിനെ ത്വവാഫുൽ ഇഫാദ്വ എന്നും, ത്വവാഫു സിയാറഃ എന്നും വിളിക്കാറുണ്ട്. ഹജ്ജിൻ്റെ റുക്നുകളിൽ പെട്ട (ഒഴിവാക്കാൻ പാടില്ലാത്ത) സ്തംഭമാണത്. ഇതില്ലാതെ ഹജ്ജ് പൂർണ്ണമാവുകയില്ല. ഈ ത്വവാഫിനെ സൂചിപ്പിച്ചു കൊണ്ടാണ് അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞത്: {പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.} (ഹജ്ജ്: 29)
ത്വവാഫ് പൂർത്തിയാക്കുകയും, മഖാമു ഇബ്രാഹീമിന് പിന്നിൽ വെച്ച് രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്ത ശേഷം; - തമത്തുഇൻ്റെ ഹജ്ജ് നിർവ്വഹിക്കുന്നവർ സ്വഫാ മർവക്കിടയിൽ സഅ്‌യ് നിർവ്വഹിക്കണം. ഈ സഅ്‌യ് അവൻ്റെ ഹജ്ജിൻ്റെ ഭാഗമായുള്ള സഅ്‌യാണ്. ആദ്യം നിർവ്വഹിച്ചു കഴിഞ്ഞ സഅ്‌യ് അവൻ്റെ ഉംറക്ക് വേണ്ടിയുള്ളതുമായിരുന്നു.
പണ്ഡിതന്മാരുടെ ഏറ്റവും ശരിയായ അഭിപ്രായപ്രകാരം -തമത്തുഇൻ്റെ ഹജ്ജ് നിർവ്വഹിക്കുന്നവർക്ക്- ഒരു സഅ്‌യ് മാത്രം മതിയാകില്ല; ആഇശ (رضي الله عنها) നിവേദനം: "ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിനോടൊപ്പം പുറപ്പെട്ടു" എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ഹദീഥിൽ അവർ പറയുന്നു: {ആരുടെയെങ്കിലും കൂടെ ബലി മൃഗം ഉണ്ടെങ്കിൽ അവൻ ഹജ്ജിനോടൊപ്പം ഉംറക്കും വേണ്ടി ഇഹ്റാമിൽ പ്രവേശിക്കട്ടെ. അതിന് ശേഷം അവ രണ്ടിൽ നിന്നും ഒരുമിച്ച് വിരമിക്കുകയും ചെയ്യട്ടെ...} ശേഷം അവർ പറഞ്ഞു: "ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിച്ചവർ കഅ്ബ ത്വവാഫ് ചെയ്യുകയും, സ്വഫാ മർവയ്ക്കിടയിൽ സഅ്‌യ് നിർവ്വഹിക്കുകയും ചെയ്തു. ശേഷം മിനായിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം തങ്ങളുടെ ഹജ്ജിൻ്റെ ഭാഗമായി അവർ മറ്റൊരു ത്വവാഫും കൂടെ നിർവ്വഹിച്ചു." ([81]) (ബുഖാരി, മുസ്‌ലിം) [81] ബുഖാരി: 1556, മുസ്‌ലിം: 1211.
ഉംറ കൂടെ ഇഹ്റാമിൽ കരുതിയവരെ കുറിച്ച് ആഇശാ (رضي الله عنها) പറഞ്ഞത് 'മിനായിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അവർ മറ്റൊരു ത്വവാഫ് കൂടി നിർവ്വഹിച്ചു' എന്നാണെങ്കിലും ഈ ത്വവാഫ് കൊണ്ട് ഉദ്ദേശ്യം സ്വഫാ മർവക്കിടയിലെ സഅ്‌യാണെന്നതാണ് ഈ ഹദീഥിൻ്റെ ഏറ്റവും ശരിയായ വിശദീകരണം. ഇവിടെ ആഇശാ (رضي الله عنها) ത്വവാഫുൽ ഇഫാദ്വയാണ് ഉദ്ദേശിച്ചത് എന്ന ചിലരുടെ വീക്ഷണം ശരിയല്ല. കാരണം ത്വവാഫുൽ ഇഫാദ്വ എല്ലാ തരം ഹജ്ജ് നിർവ്വഹിക്കുന്നവർക്കും നിർബന്ധമായ റുക്നുകളിൽ പെട്ടതാണ്. അത് നാനാ വിധത്തിലുള്ള ഹജ്ജ് നിർവ്വഹിക്കുന്നവരും ചെയ്തിട്ടുണ്ട്. ഇവിടെ ഉദ്ദേശ്യം, തമത്തുആയി ഹജ്ജ് നിർവ്വഹിക്കുന്നവരെ മാത്രം ബാധിക്കുന്ന നിയമമാണ്. അതാകട്ടെ, മിനായിൽ നിന്ന് ഹജ്ജ് പൂർത്തീകരിക്കാൻ വന്നെത്തിയതിന് ശേഷം മക്കയിലേക്ക് വന്നെത്തിയാൽ നിർവ്വഹിക്കേണ്ട രണ്ടാമത്തെ സഅ്‌യാണ്. ഇക്കാര്യം ഹദീഥിൽ നിന്ന് വ്യക്തമാണ്; അൽഹംദുലില്ലാഹ്. അത് തന്നെയാണ് ബഹു ഭൂരിപഷം പണ്ഡിതന്മാരുടെയും വിശദീകരണവും.
തമത്തുആയി ഹജ്ജ് നിർവ്വഹിക്കുന്നതിനെ കുറിച്ച് ഇബ്നു അബ്ബാസിനോട് (رضي الله عنهما) ചോദിക്കപ്പെട്ടപ്പോൾ അതിന് അദ്ദേഹം നൽകിയ മറുപടി ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ നൽകിയതും ഈ പറഞ്ഞതിനെ ബലപ്പെടുത്തുന്ന തെളിവാണ്. {മുഹാജിറുകളും അൻസ്വാറുകളും നബിയുടെ (ﷺ) പത്‌നിമാരും നബിയുടെ (ﷺ) അവസാന ഹജ്ജിലുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഇഹ്റാമിൽ പ്രവേശിക്കുകയും മക്കയിലേക്ക് തിരിക്കുകയും ചെയ്തപ്പോൾ നബി (ﷺ) പറഞ്ഞു: "ഹജ്ജിന് വേണ്ടിയുള്ള നിങ്ങളുടെ ഇഹ്റാമിൽ ഉംറ കൂടെ ഉദ്ദേശിക്കുക; ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നിട്ടുള്ളവരൊഴികെ." അങ്ങനെ ഞങ്ങൾ ത്വവാഫ് നിർവ്വഹിക്കുകയും, സ്വഫാ മർവയിൽ സഅ്‌യ് നിർവ്വഹിക്കുകയും, ഇണകളെ സമീപിക്കുകയും, ഞങ്ങളുടെ സാധാരണ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു." അവിടുന്ന് പറഞ്ഞു: "ആരെങ്കിലും തങ്ങളോടൊപ്പം ബലിമൃഗത്തെ കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അവർ ബലി മൃഗത്തെ അറുത്തതിന് ശേഷമല്ലാതെ ഇഹ്റാമിൽ നിന്ന് വിരമിക്കരുത്." ശേഷം തർവിയ്യത്തിൻ്റെ ദിവസം (ദുൽഹിജ്ജ എട്ട്) ഞങ്ങളോട് ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിക്കാൻ അവിടുന്ന് കൽപ്പിച്ചു. അങ്ങനെ ഹജ്ജിൻ്റെ കർമ്മങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഞങ്ങൾ മക്കയിലേക്ക് വരികയും, ത്വവാഫും സ്വഫാമർവക്കിടയിലെ സഅ്‌യും നിർവ്വഹിക്കുകയും ചെയ്തു.} [82] തമത്തുആയി ഹജ്ജ് നിർവ്വഹിക്കുന്നവർ രണ്ട് തവണ സഅ്‌യ് നിർവ്വഹിക്കണമെന്നതിന് ഈ ഹദീഥ് വ്യക്തമായ തെളിവാണ്. അല്ലാഹുവിനാണ് കൂടുതൽ അറിയുക. [82] ബുഖാരി: 1572.
മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള, ജാബിർ (رضي الله عنه) നിവേദനം ചെയ്ത ഹദീഥിൻ്റെ കാര്യം ചിലർ ഉന്നയിക്കാറുണ്ട്. ജാബിർ (رضي الله عنه) പറയുന്നു : "നബിയും (ﷺ) അവിടുത്തെ സ്വഹാബികളും സ്വഫാ മർവകൾക്കിടയിൽ ഒരൊറ്റ സഅ്‌യല്ലാതെ നിർവ്വഹിച്ചിട്ടില്ല." [83] ഇവിടെ ഉദ്ദേശിക്കുന്നത് തങ്ങളോടൊപ്പം ബലിമൃഗങ്ങളെ കൊണ്ടുവന്നവരുടെ കാര്യം മാത്രമാണ്. കാരണം അവർ നബിയോടൊപ്പം (ﷺ) ഇഹ്റാമിൽ തുടരുകയും, തങ്ങളുടെ ഹജ്ജും ഉംറയും ഉദ്ദേശിച്ചു കൊണ്ടുള്ള ഇഹ്റാമിൽ നിന്ന് ഒരേ സമയം വിരമിക്കുകയുമാണ് ചെയ്തത്. ഇപ്രകാരം ബലിമൃഗത്തെ ഒപ്പം കൊണ്ടുവന്നവരോട് ഇഹ്റാമിൽ തന്നെ തുടരാനും, ബലിമൃഗത്തെ അറുത്തതിന് ശേഷം ഹജ്ജിൻ്റെയും ഉംറയുടെയും ഇഹ്റാമിൽ നിന്ന് ഒരേസമയം മാത്രമേ വിരമിക്കാൻ പാടുള്ളൂ എന്നും അവിടുന്ന് കൽപ്പിച്ചിരുന്നു. ഇപ്രകാരം ഹജ്ജും ഉംറയും ഒരുമിച്ചു നിർവ്വഹിക്കുന്ന (ഖിറാനിൻ്റെ രൂപം സ്വീകരിച്ചവർക്ക്) ഒരു സഅ്‌യ് മാത്രമേ ചെയ്യേണ്ടതായുള്ളൂ. മേലെ നൽകിയ ജാബിർ (رضي الله عنه) വിൻ്റെ ഹദീഥും, സ്വഹീഹായ മറ്റു ഹദീഥുകളും ഇക്കാര്യം അറിയിക്കുന്നുണ്ട്. [83] മുസ്‌ലിം: 1215.
ഹജ്ജിന് വേണ്ടി മാത്രമായി ഇഹ്റാമിൽ പ്രവേശിച്ചവരുടെ കാര്യവും സമാനമാണ്; അവരും ബലിപെരുന്നാൾ ദിവസം വരെ തങ്ങളുടെ ഇഹ്റാമിൽ തുടരണം. അവരുടെ മേലും ഒരു സഅ്‌യ് മാത്രമേ ബാധ്യതയാവുകയുള്ളൂ. ഖിറാനോ ഇഫ്റാദോ ചെയ്യുന്നവർ ത്വവാഫുൽ ഖുദൂമിന് ശേഷം സഅ്‌യ് നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ ത്വവാഫുൽ ഇഫാദ്വക്ക് ശേഷം അവർ വീണ്ടും സഅ്‌യ് നിർവ്വഹിക്കേണ്ടതില്ല. ആഇശാ (رضي الله عنها) യും ഇബ്നു അബ്ബാസും (رضي الله عنهما) പറഞ്ഞ ഹദീഥിലെ ആശയവും, ജാബിർ (رضي الله عنه) പറഞ്ഞ ഹദീഥിലെ ആശയവും തമ്മിൽ യോജിച്ചു വരുക ഈ വീക്ഷണം സ്വീകരിക്കുമ്പോൾ മാത്രമാണ്. ഈ ഹദീഥുകൾ തമ്മിൽ വൈരുദ്ധ്യമില്ല എന്നും, അവയെല്ലാം പ്രാവർത്തികമാക്കുക സാധ്യമാണെന്നും ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും.
ഈ രൂപത്തിൽ ഹദീഥുകളിലെ ആശയം സംയോജിപ്പിക്കുന്നതിനെ പിന്തുണക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്; ആഇശാ (رضي الله عنها) യുടെയും ഇബ്നു അബ്ബാസ് (رضي الله عنه) വിൻ്റെയും ഹദീഥുകൾ തമത്തുഇൻ്റെ ഹജ്ജ് നിർവ്വഹിക്കുന്നവർക്ക് രണ്ടാമതൊരു സഅ്‌യുണ്ട് എന്ന കാര്യം സ്ഥാപിക്കുന്നതാണെങ്കിൽ ജാബിർ (رضي الله عنه) വിൻ്റെ ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥം അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. സ്ഥിരീകരിക്കുന്ന ഹദീഥുകളാണ് നിരാകരിക്കുന്ന ഹദീഥുകളേക്കാൾ പ്രാവർത്തികമാക്കാൻ പരിഗണിക്കേണ്ടത് എന്ന കർമ്മ നിദാന ശാസ്ത്രത്തിൻ്റെയും ഹദീഥ് നിദാന ശാസ്ത്രത്തിൻ്റെയും അടിത്തറകളോട് യോജിക്കുന്നത് നാം തെരഞ്ഞെടുത്ത വീക്ഷണമാണ്. അല്ലാഹുവാകുന്നു ശരിയിലേക്ക് വഴികാട്ടുന്നവൻ. അവനെ കൊണ്ടല്ലാതെ യാതൊരു ശേഷിയോ ശക്തിയോ ഇല്ല.
അദ്ധ്യായം
ഹജ്ജ് ചെയ്യുന്നവർബലിപെരുന്നാൾ ദിവസത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ രൂപം.
മുൻപുള്ള അദ്ധ്യായത്തിലും മറ്റും വിവരിച്ച ക്രമത്തിൽ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കുക എന്നതാണ് ഹാജിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ആദ്യം ജംറതുൽ അഖബയിൽ കല്ലെറിയുക, പിന്നീട് ബലിയർപ്പിക്കുക, ശേഷം തല മുണ്ഡനം ചെയ്യുകയോ മുടി ചെറുതാക്കുകയോ ചെയ്യുക, ശേഷം മുതമത്തിആണെങ്കിൽ ത്വവാഫും സഅ്‌യും നിർവ്വഹിക്കുക. ത്വവാഫുൽ ഖുദൂമിനോടൊപ്പം സഅ്‌യ് നിർവ്വഹിച്ചിട്ടില്ലെങ്കിൽ അവരും ഈ സന്ദർഭത്തിൽ സഅ്‌യ് നിർവ്വഹിക്കുക. ഈ പറഞ്ഞതിൽ ഏതെങ്കിലും കാര്യങ്ങളുടെ ക്രമത്തിൽ മാറ്റം വരുത്തിയാൽ അതിൽ തെറ്റില്ല. കാരണം അക്കാര്യത്തിൽ ഇളവുണ്ട് എന്ന് നബിയുടെ (ﷺ) ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ത്വവാഫിന് മുൻപ് സഅ്‌യ് നിർവ്വഹിക്കുക എന്നതും ഈ പറഞ്ഞ ഇളവിൽ ഉൾപ്പെടുന്നതാണ്. കാരണം അതും ബലിപെരുന്നാൾ ദിവസം നിർവ്വഹിക്കുന്ന കർമ്മങ്ങളിൽ പെട്ടതാണ്. കാരണം ബലിപെരുന്നാൾ ദിവസം ഏതൊരു കാര്യം ആദ്യം ചെയ്യുന്നതിനെ കുറിച്ചോ പിന്നീട് ചെയ്യുന്നതിനെ കുറിച്ചോ നബിയോട് (ﷺ) ചോദിക്കപ്പെട്ടപ്പോഴെല്ലാം അവിടുന്ന് ഇപ്രകാരം പറഞ്ഞുവെന്നാണ് സ്വഹാബി അറിയിച്ചത്: {നീ അങ്ങനെ ചെയ്തോളൂ. അതിൽ തെറ്റില്ല.} [84] ബലിപെരുന്നാൾ ദിവസം നിർവ്വഹിക്കുന്ന ഈ കർമ്മങ്ങളിലെല്ലാം ആളുകൾക്ക് മറവിയും അറിവില്ലായ്മയും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ത്വവാഫിന് മുൻപ് സഅ്‌യ് നിർവ്വഹിക്കുക എന്നതുൾപ്പടെയുള്ള കർമ്മങ്ങൾക്കെല്ലാം ഈ പൊതു നിയമം ബാധകമാണെന്ന് വേണം മനസ്സിലാക്കാൻ. കാരണം അതിൽ ഇസ്‌ലാമിക വിധി വിലക്കുകളിൽ പൊതുവെ കാണപ്പെടുന്ന ലാളിത്യവും എളുപ്പമാക്കലും പ്രകടമാണ്. [84] ബുഖാരി: 83, മുസ്‌ലിം: 1306.
ത്വവാഫ് ചെയ്യുന്നതിന് മുൻപ് സഅ്‌യ് നിർവ്വഹിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി (ﷺ) ഇപ്രകാരം പറഞ്ഞതായും സ്ഥിരപ്പെട്ടിട്ടുണ്ട്: {അതിൽ കുഴപ്പമില്ല.} [85] (അബൂദാവൂദ്, ഉസാമഃ ബ്നു ശരീകിൻ്റെ ഹദീഥിൽ നിന്ന്) ഉദ്ധരിച്ചത്.ഈ ഹദീഥ് കൂടെ പരിഗണിക്കുമ്പോൾ നേരത്തെ പറഞ്ഞതിൽ യാതൊരു സംശയവുമില്ലാത്ത വിധം വ്യക്തത വരുന്നതാണ്. അല്ലാഹുവാണ് തൗഫീഖ് ഏകുന്നവൻ. [85] അബൂദാവൂദ്: 2015.
ഹാജിമാർ ഭാഗികമായി ഇഹ്റാമിൽ നിന്ന് വിരമിച്ചതിന് ശേഷം, അവർക്ക് ഇഹ്റാമിൽ നിന്ന് പൂർണ്ണമായി വിരമിക്കാൻ വേണ്ടത് മൂന്ന് കാര്യങ്ങളാണ്. 1- ജംറതുൽ അഖബയിൽ കല്ലെറിയുക. 2- തല മുണ്ഡനം ചെയ്യുകയോ, മുടി ചെറുതാക്കുകയോ ചെയ്യുക. 3- ത്വവാഫുൽ ഇഫാദ്വയും അതിന് ശേഷം സഅ്‌യും നിർവ്വഹിക്കുക. ഇത്രയും ഒരാൾ ചെയ്താൽ അതോടെ അയാൾക്ക് ഇഹ്റാമിൻ്റെ വേളയിൽ നിഷിദ്ധമായിരുന്ന എല്ലാ കാര്യങ്ങളും അനുവദനീയമാകുന്നതാണ്. സ്ത്രീകളും സുഗന്ധവും മറ്റുമെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. ആരെങ്കിലും ഈ പറഞ്ഞതിൽ രണ്ട് കാര്യങ്ങൾ ചെയ്താൽ അവൻ ഭാഗികമായി ഇഹ്റാമിൽ നിന്ന് വിരമിച്ചിരിക്കുന്നു; അതോടെ സ്ത്രീകളൊഴികെയുള്ള കാര്യങ്ങൾ അവന് അനുവദനീയമാകും. ഇഹ്റാമിൽ നിന്നുള്ള ഭാഗികമായ വിരമിക്കൽ എന്ന് നാം പറഞ്ഞത് അതിനെ കുറിച്ചാണ്.
ഹാജിമാർ സംസം വെള്ളം ധാരാളമായി കുടിക്കുക എന്നത് പുണ്യകരമാണ്. ഉപകാരപ്രദമായ ദുആകളും അതിനോടൊപ്പം നിർവ്വഹിക്കാം. «സംസം വെള്ളം എന്തിന് വേണ്ടിയാണോ കുടിക്കുന്നത്; അതിനുള്ളതാണത്.» [86]. അബൂ ദർറ് (رضي الله عنه) നിവേദനം: നബി (ﷺ) സംസം വെള്ളത്തെ കുറിച്ച് പറഞ്ഞു: {അത് ഭക്ഷിക്കുന്നവന് ഭക്ഷണമാണ്.} [87]. അബൂദാവൂദിൻ്റെ ഹദീഥിൽ കൂടുതലായി കാണാം: {രോഗത്തിന് ശമനൗഷധവുമാണ്.} [88] [86] ഇബ്നു മാജ: 3062 (ജാബിർ (رضي الله عنه) വിൻ്റെ ഹദീഥിൽ നിന്ന്). [87] മുസ്‌ലിം: 2473. [88] അബൂദാവൂദ് എന്നത് കൊണ്ട് ഗ്രന്ഥകാരൻ ഉദ്ദേശിച്ചത് അബൂദാവൂദ് അത്ത്വയാലിസിയെയാണ്; (സുനനു അബീദാവീദ് ക്രോഡീകരിച്ച പ്രസിദ്ധനായ അബൂദാവൂദ് സിജിസ്താനിയെ അല്ല). അബൂദർറ് (رضي الله عنه) വിൻ്റെ ഇസ്‌ലാം സ്വീകരണം വിവരിക്കുന്ന ഹദീഥിൽ അദ്ദേഹം ഈ ഭാഗം നൽകിയിട്ടുണ്ട്. (നോക്കുക: മുസ്നദ് അബീ ദാവൂദ് അത്ത്വയാലിസി: നം: 459)
ത്വവാഫുൽ ഇഫാദ്വയും, സഅ്‌യ് നിർവ്വഹിക്കാനുമുള്ളവർ അതും നിർവ്വഹിച്ച ശേഷം മിനായിലേക്ക് മടങ്ങണം. പിന്നീട് അടുത്ത മൂന്ന് പകലുകളും രാത്രികളും അവർ അവിടെയാണ് കഴിച്ചു കൂട്ടേണ്ടത്. ഈ ദിവസങ്ങളിൽ -മൂന്ന് ദിവസങ്ങളിലും- സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷം മൂന്ന് ജംറകളിലും അവർ കല്ലെറിയണം. കല്ലെറിയുന്നതിൽ ക്രമം പാലിക്കൽ നിർബന്ധമാണ്.
ആരംഭിക്കേണ്ടത് ഒന്നാമത്തെ ജംറയിൽ നിന്നാണ്: മസ്ജിദുൽ ഖയ്ഫിനോട് അടുത്തുള്ള ജംറയാണത്. അവിടെ തുടർച്ചയായി ഏഴ് ചരൽക്കല്ലുകൾ എറിയണം. ഓരോ കല്ലും ഓരോ തവണയായി കൈകൾ ഉയർത്തി കൊണ്ട് എറിയുകയാണ് വേണ്ടത്. ശേഷം ജംറയിൽ നിന്ന് വിട്ടു നിൽക്കുകയും, ജംറ ഇടതുഭാഗത്ത് വരുന്ന വിധത്തിൽ ഖിബ്‌ലയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് കൈകളുയർത്തി പ്രാർത്ഥിക്കുകയും ദുആകൾ അധികരിപ്പിക്കുകയും ചെയ്യണം.
അതിന് ശേഷം രണ്ടാമത്തെ ജംറയിൽ കല്ലെറിയണം; ഇവിടെയും ആദ്യത്തെ ജംറയിൽ കല്ലെറിഞ്ഞതു പോലെത്തന്നെ. ഇവിടെ കല്ലെറിഞ്ഞതിന് ശേഷം കുറച്ചു മുന്നോട്ട് നിൽക്കുകയും, ജംറ തൻ്റെ വലതു ഭാഗത്ത് വരുന്ന വിധത്തിൽ ഖിബ്‌ലയിലേക്ക് തിരിഞ്ഞു കൊണ്ട് നിൽക്കുകയും കൈകളുയർത്തി ധാരാളമായി ദുആ നിർവ്വഹിക്കുകയും വേണം.
അതിന് ശേഷം മൂന്നാമത്തെ ജംറയിൽ കല്ലെറിയുക; ഇവിടെ (ദുആക്ക് വേണ്ടി) നിൽക്കേണ്ടതില്ല.
ദുൽഹിജ്ജ പന്ത്രണ്ടിനും സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷം -ആദ്യത്തെ ദിവസം ചെയ്തതു പോലെ- ജംറകളിൽ കല്ലെറിയണം. ആദ്യത്തെയും രണ്ടാമത്തെയും ജംറകളിൽ അന്ന് ചെയ്തതു പോലെയെല്ലാം ഈ ദിവസവും ചെയ്യണം. ഇതെല്ലാം നബിയെ ﷺ മാതൃകയാക്കി കൊണ്ടാണ് നിർവ്വഹിക്കേണ്ടത്.
ദുൽഹിജ്ജ പതിനൊന്നിനും പന്ത്രണ്ടിനും ജംറകളിൽ കല്ലെറിയുക എന്നത് ഹജ്ജിൻ്റെ നിർബന്ധമായ കർമ്മങ്ങളിൽ ഉൾപ്പെടുന്ന വാജിബുകളിലാണ് എണ്ണപ്പെടുക. പതിനൊന്നിനും പന്ത്രണ്ടിനും മിനായിൽ രാപ്പാർക്കുക എന്നതും ഇതേ പോലെ വാജിബാണ്; ഹാജിമാർക്ക് വെള്ളം നൽകുകയും അവരുടെ കാര്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നവർക്ക് മാത്രം ഈ പറഞ്ഞതിൽ ഇളവുണ്ട്. അവരുടെ മേൽ മിനായിൽ രാപ്പാർക്കുക എന്നത് നിർബന്ധമില്ല.
ഈ പറയപ്പെട്ട രണ്ട് ദിവസങ്ങളിലും ജംറകളിൽ കല്ലെറിഞ്ഞവർക്ക് മിനായിൽ നിന്ന് നേരത്തെ പോകണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവർക്ക് അതിന് അനുവാദമുണ്ട്. എന്നാൽ സൂര്യൻ ഉദിക്കുന്നതിന് മുൻപ് അവർ മിനായിൽ നിന്ന് പുറത്തു കടന്നിരിക്കണം. ആരെങ്കിലും അടുത്ത ദിവസവും മിനായിൽ രാപ്പാർക്കുകയും ശേഷം ജംറകളിൽ കല്ലെറിയുകയും ചെയ്യുകയാണെങ്കിൽ അതാണ് കൂടുതൽ ശ്രേഷ്ഠവും പ്രതിഫലാർഹവുമായിട്ടുള്ളത്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ട് ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസം കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം).} (ബഖറ: 203) മാത്രമല്ല, നബി (ﷺ) ജനങ്ങൾക്ക് ദുൽഹിജ്ജ പന്ത്രണ്ടിന് ശേഷം മിനായിൽ നിന്ന് പുറത്തു പോകാൻ അനുവാദം നൽകിയെങ്കിലും അവിടുന്ന് അപ്രകാരം നേരത്തെ പോവുകയുണ്ടായില്ല. മറിച്ച്, അവിടുന്ന് മിനായിൽ ഒരു രാത്രി കൂടി കഴിച്ചു കൂട്ടുകയും, ദുൽഹിജ്ജ പതിമൂന്നാം ദിവസം സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റിയതിന് ശേഷം ജംറകളിൽ കല്ലെറിയുകയും, അതിന് ശേഷം ദ്വുഹ്ർ നിസ്കരിക്കുന്നതിന് മുൻപായി അവിടെ നിന്ന് പുറപ്പെടുകയുമാണ് ചെയ്തത്.
സ്വയം ജംറകളിൽ കല്ലെറിയാൻ സാധിക്കാത്ത കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് -സ്വന്തത്തിന് വേണ്ടി കല്ലെറിഞ്ഞതിന് ശേഷം- തങ്ങളുടെ മക്കൾക്ക് പകരമായി ജംറതുൽ അഖബയിലും മറ്റു ജംറകളിലും കല്ലെറിയാൻ അനുവാദമുണ്ട്. ഇതു പോലെയാണ് ചെറിയ പെൺകുട്ടികളുടെ കാര്യവും; അവൾക്ക് ജംറകളിൽ എറിയാൻ സാധിക്കില്ലെങ്കിൽ അവളുടെ രക്ഷാകർത്താവിന് അവൾക്ക് വേണ്ടി അത് നിർവ്വഹിക്കാവുന്നതാണ്. ജാബിർ (رضي الله عنه) വിൻ്റെ ഹദീഥ് ഈ പറഞ്ഞതിനുള്ള തെളിവാണ്: [ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിൻ്റെ കൂടെ (ﷺ) കൂടെ ഹജ്ജ് നിർവ്വഹിക്കവെ ഞങ്ങളോടൊപ്പം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടി ഞങ്ങൾ തൽബിയ്യത്ത് ചൊല്ലുകയും അവർക്ക് പകരം ഞങ്ങൾ ജംറകളിൽ കല്ലെറിയുകയും ചെയ്തിരുന്നു.} [89] (ഇബ്നു മാജ) [89] തിർമിദി: 927.
രോഗമോ പ്രായാധിക്യമോ ഗർഭമോ കാരണത്താൽ ജംറകളിൽ കല്ലെറിയാൻ സാധിക്കാത്തവർക്കും തങ്ങൾക്ക് പകരം കല്ലെറിയാൻ ഒരാളെ ഏൽപ്പിക്കാവുന്നതാണ്. അല്ലാഹു പറഞ്ഞു: {അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക...} (തഗാബുൻ: 16) ഈ പറയപ്പെട്ടവർക്കൊന്നും ജംറകളിൽ രൂപപ്പെടുന്ന ശക്തമായ തിരക്കിൽ നിലയുറപ്പിക്കാൻ സാധ്യമല്ല. ജംറകളിൽ കല്ലെറിയുക എന്നതാകട്ടെ, നിശ്ചിത സമയത്തിനുള്ളിൽ നിർവ്വഹിക്കേണ്ട കർമ്മവുമാണ്. അത് പിന്നീട് മടക്കി നിർവ്വഹിക്കുക എന്നതോ ഖദ്വാ വീട്ടുക എന്നതോ പറ്റുകയില്ല. അതിനാൽ ഹജ്ജിൻ്റെ മറ്റു കർമ്മങ്ങളിൽ നിന്ന് വിഭിന്നമായി, ഈ കർമ്മം തങ്ങൾക്ക് പകരമായി നിർവ്വഹിക്കാൻ ഒരാളെ ഏൽപ്പിക്കുന്നതിന് അവർക്ക് അനുവാദമുണ്ട്. എന്നാൽ ഇവരല്ലാത്തവർ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കാൻ മറ്റുള്ളവരെ പകരമായി ഏൽപ്പിക്കുക എന്നത് പാടില്ല; അവർ സുന്നത്തായ ഹജ്ജാണ് നിർവ്വഹിക്കുന്നതെങ്കിൽ കൂടിയും അത് പാടുള്ളതല്ല. കാരണം ഒരാൾ ഹജ്ജിനോ ഉംറക്കോ വേണ്ടി -അത് സുന്നത്താണെങ്കിൽ കൂടിയും- ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ രണ്ടും പൂർത്തീകരിക്കുക എന്നത് നിർബന്ധമാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക...} (ബഖറ: 196) ത്വവാഫിൻ്റെയും സഅ്‌യിൻ്റെയും സമയം നിശ്ചിതമല്ല; എന്നാൽ ജംറകളിൽ കല്ലെറിയുന്നതിന് നിശ്ചിത സമയമുണ്ട്. അത് കഴിഞ്ഞാൽ അവ പിന്നീട് നിർവ്വഹിക്കുക സാധ്യമല്ല.
അറഫയിൽ നിൽക്കൽ, മുസ്ദലിഫയിലും മിനായിലും രാപ്പാർക്കൽ തുടങ്ങിയ കാര്യങ്ങളും സമയ ബന്ധിതമാണ്. എന്നാൽ ഇത്തരം കർമ്മങ്ങൾ കുറച്ചു പ്രയാസത്തോടെയാണെങ്കിലും ഒരാൾക്ക് നിർവ്വഹിക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്. ജംറയിൽ കല്ലെറിയുക എന്നത് അതു പോലെയല്ല (എന്നതിനാൽ അക്കാര്യത്തിൽ ഇളവിന് അർഹതയുണ്ട്). ഇതിനെല്ലാം പുറമെ, ജംറകളിൽ കല്ലെറിയാൻ സാധിക്കാത്തവർക്ക് വേണ്ടി മറ്റുള്ളവർ പകരം എറിയുക എന്നത് മുൻഗാമികളായ സലഫുകളിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുമുണ്ട്; മറ്റു കർമ്മങ്ങളുടെ കാര്യത്തിൽ അപ്രകാരം കാണുക സാധ്യമല്ല.
ഇബാദത്തുകളും അല്ലാഹുവിനുള്ള ആരാധനകളും പ്രമാണബന്ധിതമായി മാത്രമേ സ്ഥിരപ്പെടുകയുള്ളൂ. അതിൽ തെളിവിൻ്റെ അടിസ്ഥാനത്തിലല്ലാതെ ഒരാൾക്കും ഒന്നും നിയമമാക്കാൻ അധികാരമില്ല. ജംറകളിൽ ഒരാൾ സ്വന്തത്തിന് വേണ്ടി കല്ലെറിഞ്ഞതിന് ശേഷം ഒഴിവുകഴിവുള്ള മറ്റൊരാൾക്ക് വേണ്ടി കൂടെ കല്ലെറിയുന്നത് അനുവദനീയമാണ്; ഇത് മൂന്ന് ജംറകളിലും ബാധകമാണ്. ഇവയെല്ലാം ഒരു പ്രദേശത്ത് തന്നെയാണുള്ളത്. ഒരാൾ സ്വന്തത്തിന് വേണ്ടി മൂന്ന് ജംറകളിലും എറിഞ്ഞതിന് ശേഷം, മറ്റൊരാൾക്ക് വേണ്ടി പകരം എറിയാൻ വീണ്ടും അവയിലേക്ക് ആദ്യം മുതൽ തിരിച്ചു വരണമെന്ന നിർബന്ധമില്ല; അപ്രകാരം നിർബന്ധം പിടിക്കാൻ പ്രത്യേക തെളിവില്ല എന്നതിനാൽ പണ്ഡിതന്മാരുടെ വീക്ഷണങ്ങളിൽ കൂടുതൽ ശരിയായത് നാം പറഞ്ഞ ഈ അഭിപ്രായമാണ്. മൂന്ന് ജംറകളിൽ എറിഞ്ഞ ശേഷം ആദ്യം മുതൽ അവയെല്ലാം വീണ്ടും ആവർത്തിക്കണം എന്നു പറയുന്നത് കൂടുതൽ പ്രയാസവും കഠിനമായ ബുദ്ധിമുട്ടും സൃഷ്ടിക്കും എന്ന വസ്തുതയും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു: {...ദീനിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല...} (ഹജ്ജ്: 78) നബി ﷺ പറഞ്ഞു: {നിങ്ങൾ എളുപ്പമുണ്ടാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്.} [90]. തങ്ങളുടെ മക്കൾക്ക് വേണ്ടിയും ജംറകളിൽ കല്ലെറിയാൻ സാധിക്കാത്തവർക്ക് വേണ്ടിയും ഈ കർമ്മം പകരമായി ചെയ്ത സ്വഹാബിമാരിൽ ആരെങ്കിലും അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുമില്ല. അവർ അപ്രകാരം ചെയ്തിരുന്നെങ്കിൽ അത് പ്രത്യേകമായി രേഖപ്പെടുത്താൻ ജനങ്ങൾ വിസ്മരിക്കുമായിരുന്നില്ല. അല്ലാഹുവിനാണ് കൂടുതൽ അറിയുക. (90) ബുഖാരി: 69, അനസ് ബ്നു മാലിക് (رضي الله عنه) വിൻ്റെ ഹദീഥിൽ നിന്ന്.
അദ്ധ്യായം
തമത്തുഅ്, ഖിറാൻ എന്നീ രീതികൾ സ്വീകരിച്ചവർ നിർബന്ധമായും ബലിയർപ്പിക്കണം.
ഒരാൾ തമത്തുഇൻ്റെ രൂപത്തിലോ ഖിറാനിൻ്റെ രൂപത്തിലോ ആണ് ഹജ്ജ് നിർവ്വഹിച്ചത് എങ്കിൽ അവൻ്റെ മേൽ ബലി നിർബന്ധമാണ്; - അവൻ മസ്ജിദുൽ ഹറാമിൽ താമസിക്കുന്നവരാകാൻ പാടില്ല.- ബലിയർപ്പിക്കേണ്ടത് ഒരു ആടിനെയോ, ഒരു ഒട്ടകത്തിൻ്റെ ഏഴിലൊന്നിനെയോ, ഒരു പശുവിൻ്റെ ഏഴിലൊരു ഭാഗത്തെയോ ആണ്. ഇതിനായി ചിലവഴിക്കുന്ന സമ്പത്ത് അനുവദനീയവും ശുദ്ധവുമായ സമ്പത്തിൽ നിന്നായിരിക്കണമെന്നത് നിർബന്ധമാണ്. കാരണം അല്ലാഹു അതീവ പരിശുദ്ധനാണ്; അവൻ പരിശുദ്ധമായതല്ലാതെ സ്വീകരിക്കുകയില്ല.
ജനങ്ങളോട് ബലിമൃഗത്തെയോ മറ്റെന്തെങ്കിലും സമ്പത്തോ ചോദിച്ചു വാങ്ങുന്നതിൽ നിന്ന് ഓരോ മുസ്‌ലിമും അകലം പാലിക്കണം. ഒരാൾക്ക് സ്വന്തം സമ്പത്തിൽ നിന്ന് തനിക്ക് വേണ്ടത് ബലിയർപ്പിക്കാൻ സാധിക്കുമെങ്കിൽ -അല്ലാഹു അതവന് സൗകര്യപ്പെടുത്തിയിട്ടുണ്ട് എങ്കിൽ- അവൻ മറ്റുള്ളവരോട് ചോദിക്കരുത്; അത് രാജാക്കന്മാരോടാണെങ്കിൽ പോലും. ചോദിച്ചു വാങ്ങുന്നതിനെ ആക്ഷേപിക്കുകയും എതിർക്കുകയും, ജനങ്ങളോടുള്ള യാചനയും തേട്ടവും ഉപേക്ഷിക്കുന്നവരെ പ്രശംസിക്കുകയും ചെയ്യുന്ന എത്രയോ ഹദീഥുകളാണ് നബിയിൽ (ﷺ) നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ളത് എന്ന കാര്യം അവൻ ഓർക്കട്ടെ.
തമത്തുആയോ ഖിറാനായോ ഹജ്ജ് നിർവ്വഹിക്കുന്നവർക്ക് ബലിമൃഗത്തെ നൽകാൻ സാധിച്ചില്ലെങ്കിൽ അവർ നിർബന്ധമായും ഹജ്ജിൻ്റെ വേളയിൽ മൂന്ന് ദിവസവും, തൻ്റെ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഏഴ് ദിവസവും നോമ്പെടുക്കണം. ഹജ്ജിൻ്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ നോമ്പ് ബലിപെരുന്നാളിന് മുൻപ് അവന് നോക്കാവുന്നതാണ്; ഉദ്ദേശിക്കുന്നവർക്ക് അയ്യാമുത്തശ്‌രീഖിൻ്റെ (ദുൽ ഹിജ്ജ പതിനൊന്ന് മുതൽ പതിമൂന്ന് വരെയുള്ള) ദിവസങ്ങളിലും നോമ്പെടുക്കാവുന്നതാണ്. അല്ലാഹു പറഞ്ഞു: {...അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്ന് ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴ് ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി.} (ബഖറ: 196) ആയത്ത്.
ആഇശ -رَضِيَ اللَّهُ عَنْهَا- യും ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യും നിവേദനം ചെയ്യുന്നു: {ബലിമൃഗത്തെ അറുക്കാൻ സാധിക്കാത്തവർക്കല്ലാതെ അയ്യാമുത്തശ്‌രീഖിൻ്റെ ദിവസങ്ങളിൽ നോമ്പെടുക്കാൻ അനുവാദമില്ല.} [91] ഈ ഹദീഥിലെ വാക്കുകൾ സ്വഹാബികളുടേതാണെങ്കിലും അവയിലെ വിധികൾക്ക് നബി (ﷺ) പറഞ്ഞ വിധിയുടെ പരിഗണനയുണ്ട്. അറഫ ദിവസത്തിന് മുൻപ് തന്നെ ഈ മൂന്ന് നോമ്പുകൾ എടുക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠം. അതിലൂടെ അറഫഃ ദിവസത്തിൽ അയാൾക്ക് നോമ്പുകാരനല്ലാതെ കഴിച്ചു കൂട്ടാൻ സാധിക്കും. നബി (ﷺ) അറഫയിൽ നോമ്പില്ലാതെയായിരുന്നു കഴിച്ചു കൂട്ടിയത്. അറഫയിലുള്ളവർ, അറഫ ദിവസം നോമ്പെടുക്കുന്നത് നബി (ﷺ) വിലക്കിയിട്ടുമുണ്ട്. അറഫഃയിൽ പ്രാർത്ഥനകളിലും ദിക്റുകളിലും കഴിച്ചു കൂട്ടാനുള്ള ഉന്മേഷം ലഭിക്കാനും അന്നേ ദിവസത്തെ നോമ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഹജ്ജിൻ്റെ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ട മൂന്ന് ദിവസത്തെ നോമ്പുകൾ തുടർച്ചയായോ ഇടവിട്ട നിലയിലോ എടുക്കാവുന്നതാണ്. നാട്ടിൽ പോയതിന് ശേഷം എടുക്കേണ്ട ഏഴ് ദിവസത്തെ നോമ്പുകളും ഇതു പോലെത്തന്നെയാണ്; അവയും തുടർച്ചയായി എടുക്കണമെന്ന നിർബന്ധമില്ല. മറിച്ച്, ഒരുമിച്ചോ ഇടവിട്ടോ അവ നോക്കാവുന്നതാണ്. കാരണം അല്ലാഹുവോ അവൻ്റെ റസൂലോ ഈ നോമ്പുകൾ തുടർച്ചയായി നോറ്റുകൊള്ളണമെന്ന് നിബന്ധന വെച്ചിട്ടില്ല. തൻ്റെ വീട്ടുകാരിലേക്ക് തിരിച്ചെത്തിയതിന് ശേഷം ബാക്കിയുള്ള ഏഴ് നോമ്പുകൾ എടുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {...ഏഴ് ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട്...} (ബഖറ: 196) [91] ബുഖാരി: 1998.
ബലി കഴിക്കാൻ കഴിയാത്തവർ രാജാക്കന്മാരോടോ മറ്റുള്ളവരോടോ ബലി മൃഗം ചോദിക്കുന്നതിനേക്കാൾ നല്ലത് അവർ നോമ്പ് അനുഷ്ഠിക്കുന്നതാണ്. ഒരാൾക്ക് മറ്റൊരാളോട് ചോദിക്കാതെയും ആഗ്രഹം പ്രകടിപ്പിക്കാതെയും ബലിമൃഗമോ മറ്റോ ലഭിച്ചാൽ അതിൽ കുഴപ്പമില്ല. മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കാൻ വന്നവർക്കും ഈ വിധി ബാധകമാണ്; അയാളെ പകരം നിയോഗിച്ചവർ തങ്ങൾ നൽകിയ സമ്പത്തിൽ നിന്ന് തന്നെ ബലിമൃഗത്തെ വാങ്ങണമെന്ന നിബന്ധന വെച്ചിട്ടില്ലെങ്കിൽ (അയാൾക്കും തനിക്ക് ചോദിക്കാതെ ലഭിച്ച ബലിമൃഗത്തെ സ്വീകരിക്കാവുന്നതാണ്). എന്നാൽ ചിലർ ചെയ്യുന്നത് പോലെ, ആരുടെയെക്കെയോ പേരിൽ അവർക്ക് ബലിമൃഗങ്ങളെ അറുക്കാൻ വേണ്ടിയെന്ന് കളവ് പറഞ്ഞു കൊണ്ട് ഭരണാധികാരികളോടോ മറ്റോ മൃഗത്തിന് വേണ്ടി ചോദിക്കുന്നതും മറ്റും നിഷിധമാണെന്നതിൽ യാതൊരു സംശയവുമില്ല. കളവ് പറഞ്ഞ് വയറു നിറക്കുന്ന ഈ പ്രവൃത്തി ഗുരുതരമായ തിന്മയാണ്. അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിംകളെയും അതിൽ നിന്ന് കാത്തുരക്ഷിക്കട്ടെ.
അദ്ധ്യായം
ഹാജിമാർക്കും അല്ലാത്തവർക്കും നന്മ കൽപ്പിക്കൽ നിർബന്ധബാധ്യത.
ഹാജിമാരുടെ മേലും മറ്റെല്ലാ മുസ്‌ലിംകളുടെ മേലും നിർബന്ധമായിട്ടുള്ള സുപ്രധാനമായ കാര്യങ്ങളിലൊന്നാണ്: നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും, അഞ്ച് നേരത്തെ നിസ്കാരം ജമാഅത്തായി നിർവഹിക്കാൻ ശ്രദ്ധിക്കുക എന്നതും. അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിലും, നബി (ﷺ) അവിടുത്തെ തിരുവചനങ്ങളിലും നമ്മോട് കൽപ്പിച്ച കാര്യമാണത്.
മക്കയിൽ താമസിക്കുന്നവരിലും അല്ലാത്തവരിലുമെല്ലാം ഇന്ന് കാണപ്പെടുന്ന ദീനിന് വിരുദ്ധമായ തെറ്റായ കാര്യങ്ങളിൽ പെട്ടതാണ്: അവർ വീടുകളിൽ നിസ്കാരം നിർവ്വഹിക്കുകയും മസ്ജിദുകളെ അവഗണിക്കുകയും ചെയ്യുന്നു എന്നത്. അതിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യുകയും, മസ്ജിദുകളിൽ നിസ്കരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. അന്ധനായ അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം (رضي الله عنه) എന്ന സ്വഹാബി തനിക്ക് അന്ധതയുണ്ട് എന്നും തൻ്റെ വീട് മസ്ജിദിൽ നിന്ന് അകലെയാണെന്നും കാരണം ബോധിപ്പിച്ചു കൊണ്ട് നബിയോട് (ﷺ) തൻ്റെ വീട്ടിൽ വെച്ച് നിസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: {നീ നിസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. അപ്പോൾ നബി (ﷺ) പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."} [92] മറ്റൊരു നിവേദനത്തിൽ ഇപ്രകാരാണുള്ളത്: {എങ്കിൽ താങ്കൾക്ക് ഇളവുള്ളതായി ഞാൻ കാണുന്നില്ല.} ([93]) നബി (ﷺ) പറഞ്ഞു: {നിസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം നിസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി.} [94] ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം: നബി (ﷺ) പറഞ്ഞു: {ആരെങ്കിലും ബാങ്ക് വിളി കേട്ടിട്ടും -എന്തെങ്കിലും ഒഴിവുകഴിവുള്ളവർ ഒഴികെ- (മസ്ജിദിലേക്ക്) വന്നെത്തുന്നില്ലെങ്കിൽ അവന് നിസ്കാരമില്ല.} [95] ഇബ്നു മസ്ഊദ് (رضي الله عنه) നിവേദനം: {ആർക്കെങ്കിലും നാളെ മുസ്‌ലിമായി അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ നിസ്കാരങ്ങൾ അവയിലേക്ക് ക്ഷണിക്കപ്പെടുന്ന ഇടങ്ങളിൽ തന്നെ നിർവ്വഹിക്കാൻ ശ്രദ്ധിച്ചു കൊള്ളട്ടെ. അല്ലാഹു നിങ്ങളുടെ നബിക്ക് (ﷺ) സന്മാർഗത്തിൻ്റെ വഴികൾ നിശ്ചയിച്ചു നൽകിയിരിക്കുന്നു. ഈ അഞ്ച് നിസ്കാരങ്ങൾ സന്മാർഗത്തിൻ്റെ വഴികളിൽ പെട്ടതാണ്. നിങ്ങളിലാരെങ്കിലും നിസ്കാരത്തിൽ നിന്ന് പിന്തി നിൽക്കുന്ന വ്യക്തിയെ പോലെ, തൻ്റെ വീട്ടിൽ നിന്നാണ് നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് എങ്കിൽ അവൻ നിങ്ങളുടെ നബിയുടെ (ﷺ) സുന്നത്ത് ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ നബിയുടെ (ﷺ) സുന്നത്ത് നിങ്ങൾ ഉപേക്ഷിച്ചാൽ നിങ്ങൾ വഴിതെറ്റുന്നതാണ്. ഒരാൾ ശുദ്ധി വരുത്തുകയും തൻ്റെ ശുദ്ധീകരണം ഏറ്റവും നല്ല വിധത്തിലാക്കുകയും, ശേഷം ഏതെങ്കിലുമൊരു മസ്ജിദിനെ ലക്ഷ്യം വെക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ ഓരോ കാൽവെപ്പിനും ഒരു നന്മ രേഖപ്പെടുത്തുകയും, അത് മുഖേന അവൻ്റെ പദവി ഉയർത്തുകയും ഒരു തിന്മ അവനിൽ നിന്ന് മായ്ച്ചു കളയുകയും ചെയ്യും. കാപട്യവും നിഫാഖും കൊണ്ട് അറിയപ്പെട്ട തനിച്ച മുനാഫിഖല്ലാതെ നിസ്കാരത്തിൽ നിന്ന് പിന്തി നിൽക്കുന്നതായി ഞങ്ങൾ കണ്ടിട്ടില്ല. (ഞങ്ങളുടെ കാലത്ത്) ഒരു വ്യക്തിയെ തൻ്റെ രണ്ട് കാലുകളും മണ്ണിൽ വലിച്ചിഴച്ചു കൊണ്ട് സ്വഫ്ഫിൽ എത്തിക്കുക വരെ ചെയ്യുമായിരുന്നു.} [96] [92] ബുഖാരി: 2420, മുസ്‌ലിം: 651. [93] മുസ്‌ലിം: 653, അബൂ ഹുറൈറ (رضي الله عنه) വിൻ്റെ ഹദീഥിൽ നിന്ന്. [94] അബൂദാവൂദ്: 552, അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിൻ്റെ (رضي الله عنه) ഹദീഥിൽ നിന്ന്. [95] മുസ്‌ലിം: 654. [96] അബൂദാവൂദ്: 551, ഇബ്നു അബ്ബാസിൻ്റെ (رضي الله عنهما) ഹദീഥിൽ നിന്ന്.
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ഹാജിമാരും അല്ലാത്തവരും നിർബന്ധമായും ശ്രദ്ധ പുലർത്തണം. വ്യഭിചാരം, സ്വവർഗരതി, മോഷണം, പലിശ ഭുജിക്കൽ, അനാഥരുടെ സമ്പത്ത് ഭക്ഷിക്കൽ, ഇടപാടുകളിലുള്ള വഞ്ചന, വിശ്വാസ വഞ്ചന, ലഹരി ഉപയോഗം, പുകവലി, വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കൽ, അഹങ്കാരം, കിബ്ർ, ലോകമാന്യം (രിയാഅ്), പരദൂഷണം, ഏഷണി, മുസ്‌ലിം സഹോദരങ്ങളെ പരിഹസിക്കൽ, സംഗീതോപകരണങ്ങളായ വീണയും ഓടക്കുഴലും ചെണ്ടയും പോലുള്ളവ ഉപയോഗിക്കൽ, റേഡിയോയിലും മറ്റും സംഗീതവും പാട്ടുകളും കേൾക്കൽ, ചതുരംഗം (ചെസ്) കളിക്കൽ, ചൂതാട്ടത്തിലും ലോട്ടറിയിലും പങ്കുചേരൽ, ജീവനുള്ളവയുടെ -മനുഷ്യരുടെയോ അല്ലാത്തവയുടെയോ- ചിത്രങ്ങളും രൂപങ്ങളും നിർമ്മിക്കൽ, അതിൽ തൃപ്തി പുലർത്തൽ... ഈ പറഞ്ഞതെല്ലാം അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ എക്കാലവും എല്ലായിടത്തും നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. ഹാജിമാരും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയുടെ അടുത്ത് താമസിക്കുന്നവരും മറ്റുള്ളവരേക്കാൾ ഈ പറഞ്ഞ തിന്മകളിൽ നിന്നെല്ലാം അകലം പാലിക്കണം. കാരണം ഈ വിശുദ്ധ ഭൂമിയിൽ തിന്മ ചെയ്യുക എന്നതിൻ്റെ ഗൗരവവും ശിക്ഷയും മറ്റ് സ്ഥലങ്ങളിലുള്ളതിനേക്കാൾ ശക്തവും ഗുരുതരവുമാണ്.
അല്ലാഹു പറഞ്ഞിരിക്കുന്നു: {...അവിടെ വെച്ച് വല്ലവനും അന്യായമായി അധാർമികമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്.} (ഹജ്ജ്:25) ഹറമിൻ്റെ പരിധിക്കുള്ളിൽ അതിക്രമം പ്രവർത്തിക്കാൻ ഉദ്ദേശിച്ചവന് പോലും അല്ലാഹു കടുത്ത ശിക്ഷയാണ് താക്കീത് നൽകിയിട്ടുള്ളത് എങ്കിൽ അതിക്രമം പ്രവർത്തിച്ചവൻ്റെ കാര്യം എന്തായിരിക്കും?! അത് കൂടുതൽ കടുത്തതും ഗുരുതരവുമായിരിക്കും എന്നതിൽ സംശയമില്ല. അതിനാൽ ഈ പറഞ്ഞ തിന്മകളിൽ നിന്നും മറ്റെല്ലാ പാപങ്ങളിൽ നിന്നും അകലം പാലിക്കാൻ നിർബന്ധമായും നാം ജാഗ്രത കൈക്കൊള്ളണം.
ഹജ്ജിൻ്റെ പുണ്യവും അതിലൂടെയുള്ള പാപമോചനവും ഹാജിമാർക്ക് ലഭിക്കണമെങ്കിൽ അല്ലാഹു നിഷിദ്ധമാക്കിയ ഈ പറയപ്പെട്ട തിന്മകളിൽ നിന്നെല്ലാം അവൻ അകലം പാലിക്കേണ്ടതുണ്ട്. നബിയുടെ (ﷺ) ഹദീഥിൽ വന്നതു പോലെ: {ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെതു പോലെയാണ് (പാപ സുരക്ഷിതനായി) അവൻ തിരിച്ചുവരുന്നത്.} [97] [97] ബുഖാരി: 1521, മുസ്‌ലിം: 1350, അബൂ ഹുറൈറ (رضي الله عنه) വിൻ്റെ ഹദീഥിൽ നിന്ന്.
മേൽ പറഞ്ഞ തിന്മകളെല്ലാം അതീവ ഗൗരവമുള്ളവയാണെങ്കിൽഅവയേക്കാളെല്ലാം ഗുരുതരമായ മറ്റൊന്നുണ്ട്; മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് ഇസ്തിഗാസ എന്ന പേരിൽ സഹായതേട്ടം നടത്തുകയും, അവർക്ക് വേണ്ടി നേർച്ച നേരുകയും ബലിയർപ്പിക്കുകയും ചെയ്യുക എന്നതാണത്; അവരെ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയുകയും, തങ്ങളുടെ രോഗം സുഖപ്പെടുത്തുകയും, നഷ്ടപ്പെട്ട വസ്തുവകകൾ തിരിച്ചെത്തിക്കുകയും മറ്റുമെല്ലാം ചെയ്യുമെന്ന പ്രതീക്ഷയോടെയുള്ള ഈ വിളിച്ചു തേട്ടമാണ് ഈ പറഞ്ഞതിനേക്കാളെല്ലാം ഗുരുതരമായിട്ടുള്ളത്.
അല്ലാഹു നിഷിദ്ധമാക്കിയ വലിയ ശിർക്കിൽ പെട്ടതാണ് ഇക്കാര്യം. ജാഹിലിയ്യഃത്തിലെ മുശ്രിക്കുകളുടെ വിശ്വാസത്തിൽ പെട്ടതാണ് ഇതെല്ലാം. അല്ലാഹു അവൻ്റെ റസൂലുകളെ നിയോഗിച്ചതും കിതാബുകൾ അവതരിപ്പിച്ചതും ഇത്തരം ബഹുദൈവാരാധനാപരമായ വിശ്വാസങ്ങളെ തകർത്തെറിയുന്നതിനും അതിൽ നിന്ന് ജനങ്ങളെ വിലക്കുന്നതിനും വേണ്ടിയാണ്.
അതിനാൽ ഹാജിമാരാകട്ടെ അല്ലാത്തവരാകട്ടെ; സർവ്വരും ഈ തിന്മയിൽ നിന്ന് അകലം പാലിക്കണമെന്നത് അവരുടെ മേലുള്ള നിർബന്ധ ബാധ്യതയാണ്. ആർക്കെങ്കിലും ഇത്തരം തിന്മകൾ സംഭവിച്ചു പോയിട്ടുണ്ട് എങ്കിൽ അവർ അല്ലാഹുവിനോട് ഉടനടി പശ്ചാത്തപിച്ചു മടങ്ങട്ടെ. തൻ്റെ തൗബഃക്ക് ശേഷം അവൻ തൻ്റെ ഹജ്ജ് വീണ്ടും ആദ്യം മുതൽ ആരംഭിക്കുകയും ചെയ്യട്ടെ; കാരണം വലിയ ശിർക്ക് മനുഷ്യരുടെ എല്ലാ സൽകർമ്മങ്ങളെയും നന്മകളെയും അസാധുവാക്കുന്നതാണ്. അല്ലാഹു പറഞ്ഞു: {...അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.} (അൻആം: 88)
ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ടതാണ് ചെറിയ ശിർക്ക് എന്നത്; അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുക എന്നത് അതിൽ പെട്ടതാണ്. ഉദാഹരണത്തിന് നബിയുടെ ﷺ- പേരിലോ കഅ്ബയുടെയോ അമാനത്തിൻ്റെയോ മറ്റോ പേരിലോ ശപഥം ചെയ്യുന്നത് ചെറിയ ശിർക്കിൽ ഉൾപ്പെടുന്നതാണ്.
ലോക മാന്യതയും സൽകീർത്തിക്ക് വേണ്ടിയുള്ള പ്രവർത്തനവും ചെറിയ ശിർക്കിൽ പെട്ടതാണ്. 'അല്ലാഹുവും നീയും ഉദ്ദേശിച്ചാൽ' എന്നോ, 'അല്ലാഹുവും നീയും ഇല്ലായിരുന്നെങ്കിൽ' എന്നോ, 'ഇത് അല്ലാഹുവിൽ നിന്നും നിന്നിൽ നിന്നുമാണ്' എന്നോ പോലെയുള്ള വാക്കുകൾ പറയുന്നതും അതിൽ പെട്ടതു തന്നെ.
ഇത്തരം ബഹു ദൈവാരാധനാപരവും ശിർക്കിൻ്റെ വഴികളിൽ പെട്ടതുമായ തിന്മകളിൽ നിന്ന് ഓരോ വ്യക്തിയും നിർബന്ധമായും അകലം പാലിക്കണം. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: {ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു.} [98] (അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവർ സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.) [98] അബൂദാവൂദ്: 3251.
ഉമർ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {ആരെങ്കിലും സത്യം ചെയ്യുന്നുവെങ്കിൽ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യട്ടെ. അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.} [99] നബി ﷺ തന്നെ പറയുന്നു: {അമാനത്ത് (വിശ്വാസ്യത) കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽ പെട്ടവനല്ല.} [100] (അബൂദാവൂദ്) [99] അബൂദാവൂദ്: 3253. [100] ബുഖാരി: 2679, മുസ്ലിം: 1646.
അവിടുന്ന് -ﷺ- അരുളി: {നിങ്ങളിൽ ഞാനേറ്റവും ഭയപ്പെടുന്നത് ചെറിയ ശിർക്കാണ്.അതെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ലോകമാന്യത"} [101] നബി (ﷺ) പറഞ്ഞു: {'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക.} [102] ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം: ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത്" അപ്പോൾ നബി ﷺ പറഞ്ഞു: {നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ? അല്ല, അല്ലാഹു ഒരുവൻ ഉദ്ദേശിച്ചതു മാത്രം.} [103] [101] അഹ്‌മദ്: 5/428. [102] അബൂദാവൂദ്: 4980. [103] ഇബ്നു മാജ: 2117.
തൗഹീദിൻ്റെ സ്ഥാനവും പവിത്രതയും സംരക്ഷിക്കുന്നതിൽ നബി (ﷺ) പുലർത്തിയിരുന്ന ശ്രദ്ധയും ഈ ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം. ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്കിൽ നിന്നും, അതിലേക്ക് നയിക്കുന്ന ചെറിയ ശിർക്കിൽ നിന്നും തൻ്റെ ഉമ്മത്തിന് അവിടുന്ന് താക്കീത് നൽകിയിരിക്കുന്നു. അവരുടെ ഈമാൻ സംരക്ഷിക്കുന്നതിലും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്നതിലും അവൻ്റെ കോപത്തിന് കാരണമാകുന്ന പ്രവൃത്തികളിൽ നിന്ന് അവരെ തടയുന്നതിലും അവിടുന്ന് അതീവശ്രദ്ധ പുലർത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവിടുത്തേക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലം തന്നെ നൽകുമാറാകട്ടെ. അവിടുന്ന് അല്ലാഹുവിൻ്റെ സന്ദേശം ഏറ്റവും നന്നായി എത്തിച്ചു നൽകുകയും, തിന്മകളിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും, അല്ലാഹുവിനോടും അവൻ്റെ അടിമകളോടും അതീവ ഗുണകാംക്ഷ പുലർത്തുകയും ചെയ്തു. അല്ലാഹു അവിടുത്തേക്ക് അന്ത്യനാൾ വരെ നിലനിൽക്കുന്ന സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.
അതിനാൽ ഹാജിമാരുടെ കൂട്ടത്തിലെ വിവരമുള്ള പണ്ഡിതന്മാരും അല്ലാഹുവിൻ്റെ വിശുദ്ധ ഭൂമിയായ മക്കയിലും നബിയുടെ (ﷺ) മദീനയിലും താമസിക്കുന്നവരും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ വിധി വിലക്കുകൾ പഠിപ്പിച്ചു നൽകുക എന്നത് നിർബന്ധമാണ്. അല്ലാഹു അവരുടെ മേൽ നിഷിദ്ധമാക്കിയ ശിർക്കിൻ്റെയും തിന്മകളുടെയും വിവിധ രൂപങ്ങളിൽ നിന്ന് അവർ ജനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യണം. തെളിവുകൾ വിവരിച്ചു കൊണ്ടും, വേണ്ട വിധത്തിലുള്ള വിശദീകരണത്തോടെയും അക്കാര്യം അവർ നിർവ്വഹിക്കണം. അപ്പോൾ മാത്രമേ ജനങ്ങൾ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് പുറത്തു വരുകയുള്ളൂ. ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുകയും എത്തിച്ചു നൽകുകയും ചെയ്യണമെന്ന അവരുടെ മേലുള്ള ബാധ്യത നിറവേറ്റുന്നവരായി അപ്പോഴാണ് അവർ മാറുക. അല്ലാഹു പറഞ്ഞു: {ഗ്രന്ഥങ്ങൾ നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക)...} (ആലു ഇംറാൻ: 187)
മുൻകാലക്കാരായ സമൂഹത്തിലെ പണ്ഡിതന്മാർ ഐഹിക നേട്ടങ്ങളെ പാരത്രിക നേട്ടത്തേക്കാൾ പരിഗണിച്ചു കൊണ്ട് സത്യം മറച്ചു വെച്ചതിനെ കുറിച്ചാണ് ഈ ആയത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എങ്കിലും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം: ഈ ഉമ്മത്തിലെ പണ്ഡിതന്മാർ അവരുടെ അതേ മാർഗത്തിൽ പ്രവേശിച്ചു കൂടാ എന്ന താക്കീത് നൽകലാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: {നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും കിതാബുകളിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.} {എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ.} (ബഖറ:159-160) അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ലക്ഷ്യം എന്താണെന്ന് വിവരിച്ചു നൽകുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും നയിക്കുകയും ചെയ്യുക എന്നത് ഏറ്റവും ശ്രേഷ്ഠമായ നന്മകളിലും അതിപ്രധാനമായ നിർബന്ധ ബാധ്യതകളിലും പെട്ടതാണെന്ന് അറിയിക്കുന്ന ധാരാളം ഖുർആൻ ആയത്തുകളും ഹദീഥുകളുമുണ്ട്. നബിമാരുടെയും റസൂലുകളുടെയും അന്ത്യനാൾ വരെയുള്ള അവരെ പിൻപറ്റിയവരുടെയും മാർഗം അതാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്: {അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?} (ഫുസ്സ്വിലത്: 33) അല്ലാഹു പറഞ്ഞു: {(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.} (യൂസുഫ്: 108)
നബി ﷺ പറഞ്ഞു: {ആരെങ്കിലും ഒരു നന്മ അറിയിച്ചു നൽകിയാൽ അവന് അത് പ്രവർത്തിച്ചവരുടേതിന് സമാനമായ പ്രതിഫലമുണ്ട്.} [104] {നീ മുഖേന അല്ലാഹു ഒരാളെ സന്മാർഗത്തിലേക്ക് നയിക്കുക എന്നതാണ് ചുവന്ന ഒട്ടകക്കൂട്ടങ്ങളെ ലഭിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമമായിട്ടുള്ളത്.} [105] ഈ ആശയത്തിൽ ധാരാളം ആയത്തുകളും ഹദീഥുകളും സ്ഥിരപ്പെട്ടിട്ടുണ്ട്. [104] മുസ്‌ലിം: 1893. [105] ബുഖാരി: 3009, മുസ്‌ലിം: 2406.
അതിനാൽ അറിവും ഈമാനുമുള്ളവർ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലും ജനങ്ങളെ രക്ഷയുടെ മാർഗത്തിലേക്ക് നയിക്കുന്നതിലും നാശത്തിൻ്റെ വഴികളിൽ നിന്ന് താക്കീത് ചെയ്യുന്നതിലും തങ്ങളുടെ പരിശ്രമം ഇരട്ടിയാക്കേണ്ടതുണ്ട്. ദേഹേഛകൾ അധികരിക്കുകയും നാശകരമായ സിദ്ധാന്തങ്ങളും തെറ്റായ മുദ്രാവാക്യങ്ങളും വർദ്ധിക്കുകയും ചെയ്ത ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. സന്മാർഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാർ വിരളമാവുകയും, മത നിഷേധത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നവർ അധികരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോട് മാത്രമാണ് നാം സഹായം തേടുന്നത്. അവനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല തന്നെ.
അദ്ധ്യായം
സൽകർമ്മങ്ങൾ കൊണ്ട് പാഥേയമൊരുക്കുകഎന്നത് പുണ്യകരം.
ഹാജിമാർ മക്കയിൽ നിൽക്കുന്ന സമയമെല്ലാം അല്ലാഹുവിനെ ദിക്ർ ചെയ്യുകയും നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ മുഴുകണം. നിസ്കാരവും ത്വവാഫും കഴിയും വിധം അധികരിപ്പിക്കുകയും വേണം. കാരണം ഹറമിൽ വെച്ചുകൊണ്ട് നിർവ്വഹിക്കുന്ന നന്മകളെല്ലാം ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകപ്പെടുന്നവയാണ്. അവിടെ വെച്ചുള്ള തിന്മകളാകട്ടെ, കൂടുതൽ ഗൗരവവുമുള്ളതുമാണ്. അതോടൊപ്പം, നബിയുടെ (ﷺ) മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുക എന്നതും പുണ്യകരമാണ്.
ഹാജിമാർ മക്കയിൽ നിന്ന് തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചാൽ അവർ കഅ്ബയിൽ ത്വവാഫുൽ വിദാഅ് (വിടവാങ്ങൽ ത്വവാഫ്) നിർവ്വഹിക്കണം. അതിലൂടെ മക്കയുമായുള്ള അവരുടെ അവസാനത്തെ ബന്ധം കഅ്ബയുമായിട്ടായിരിക്കണം. ആർത്തവകാരികൾക്കും പ്രസവരക്തം വരുന്നവർക്കും ഈ പറഞ്ഞ വിധിയിൽ വ്യത്യാസമുണ്ട്; അവർ വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കുക എന്ന ബാധ്യത അവരുടെ മേലില്ല. ഇബ്നു അബ്ബാസ് (رضي الله عنهما) നിവേദനം ചെയ്യുന്നു: {(ഹജ്ജുമായി ബന്ധപ്പെട്ട) അവസാന കർമം കഅ്ബയുമായി ബന്ധപ്പെട്ടതായിരിക്കണം എന്ന് ജനങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ആർത്തവകാരികളായ സ്ത്രീകൾക്ക് ഇക്കാര്യത്തിൽ ഇളവ് നൽകപ്പെട്ടിരിക്കുന്നു.} [106] [106] ബുഖാരി: 1755, മുസ്‌ലിം: 1328.
ത്വവാഫുൽ വിദാഅ് അവസാനിക്കുകയും ഹറമിൽ നിന്ന് പുറത്തു പോകാൻ തീരുമാനിക്കുകയും ചെയ്താൽ അവിടെ നിന്ന് നേരെ പുറത്തേക്ക് നടക്കുക; (ചിലർ ധരിച്ചിരിക്കുന്നത് പോലെ) ഹറമിൽ നിന്ന് പിറകോട്ടായി തിരിഞ്ഞ് നടക്കേണ്ടതില്ല. കാരണം നബിയിൽ (ﷺ) നിന്നോ സ്വഹാബികളിൽ നിന്നോ ആ രീതി സ്ഥിരപ്പെട്ടിട്ടില്ല.മറിച്ച്, പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ട കാര്യമാണത്. നബി (ﷺ) പറഞ്ഞിരിക്കുന്നു: {ആരെങ്കിലും ദീനിൽ നമ്മുടെ കൽപ്പനയില്ലാതെ ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.} [107] നബി (ﷺ) പറഞ്ഞു: {നിങ്ങൾ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളെ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുതുതായി നിർമ്മിക്കപ്പെടുന്നവയും ബിദ്അത്തുകളാണ്, എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു.} [108] [107] ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്. [108] മുസ്‌ലിം: 867.
അല്ലാഹുവിൻ്റെ ദീനിൽ നമ്മെ ഉറപ്പിച്ചു നിറുത്താനും, അതിന് വിരുദ്ധമാകുന്നതിൽ നിന്നെല്ലാം നമ്മെ കാത്തുരക്ഷിക്കാനും അല്ലാഹുവിനോട് നാം തേടുന്നു. അവൻ ഏറെ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.
അദ്ധ്യായം
മദീന സന്ദർശത്തിൻ്റെ മര്യാദകളും വിധിവിലക്കുകളും.
ഹജ്ജിന് മുൻപോ ശേഷമോ ആയി മസ്ജിദുന്നബവി സന്ദർശിക്കുക എന്നത് സുന്നത്താണ്. അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്.} [109] ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: {എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ശ്രേഷ്ഠമാണ്.} [110] (മുസ്‌ലിം) അബ്ദുല്ലാഹി ബ്നു സുബൈർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: {എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരത്തേക്കാൾ നൂറിരട്ടി ശ്രേഷ്ഠമാണ്.} [111] (അഹ്മദ്, ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ) [109] ബുഖാരി: 1190, മുസ്‌ലിം: 1394. [110] മുസ്‌ലിം: 1395. [111] അഹ്മദ്: 4/5.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: {എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഉത്തമമാണ്.} [112] (അഹ്മദ്, ഇബ്നു മാജഃ എന്നിവർ ഉദ്ധരിച്ചത്.ഈ അർത്ഥത്തിൽ നിരവധി ഹദീഥുകൾ വേറെയുമുണ്ട്.) [112] ഇബ്നു മാജ: 1406.
മസ്ജിദ് സന്ദർശിക്കുന്ന വ്യക്തി മസ്ജിദിലേക്ക് എത്തിയാൽ തൻ്റെ വലതു കാൽ മുന്തിച്ചു കൊണ്ട് മസ്ജിദിൽ പ്രവേശിക്കുകയും ഇപ്രകാരം പറയുകയും ചെയ്യണം: «بِسْمِ اللهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ، أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ القَدِيمِ مِنَ الشَّيْطَانِ الرَّجِيمِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ» (സാരം) "അല്ലാഹുവിൻ്റെ നാമത്തിൽ. അല്ലാഹുവിൻ്റെ റസൂലിന്റെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. മഹോന്നതായ അല്ലാഹുവിനെ കൊണ്ടും അവൻ്റെ മാന്യമായ തിരുവദനം മുഖേനയും എന്നെന്നേക്കുമുള്ള അവൻ്റെ അധികാരം മുൻനിറുത്തിയും എറിഞ്ഞാട്ടപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു.അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ".
ഈ പ്രാർത്ഥന എല്ലാ മസ്ജിദുകളിൽ പ്രവേശിക്കുമ്പോഴും ചൊല്ലേണ്ട പ്രാർത്ഥനയാണ്. നബിയുടെ (ﷺ) മസ്ജിദിൽ പ്രവേശിക്കുമ്പോൾ മാത്രമായി ചൊല്ലേണ്ട പ്രത്യേകമായ എന്തെങ്കിലും ദുആ സ്ഥിരപ്പെട്ടിട്ടില്ല. അതിന് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, ആ നിസ്കാരത്തിൽ അവന് ആഗ്രഹമുള്ള ഐഹികവും പാരത്രികവുമായ നന്മകൾ ചോദിക്കുകയും പ്രാർത്ഥിക്കുകയും വേണം. റൗദ്വാ ശരീഫഃയിൽ വെച്ച് ഈ നിസ്കാരം നിർവ്വഹിക്കാൻ സാധിച്ചാൽ അതാണ് കൂടുതൽ ഉത്തമം. കാരണം (റൗദ്വയെ കുറിച്ച്) നബി (ﷺ) പറഞ്ഞിരിക്കുന്നു: {എൻ്റെ വീടിൻ്റെയും മിമ്പറിൻ്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപെട്ട ഒരു തോപ്പാണ്.} [113]. ഈ നിസ്കാരത്തിന് ശേഷം നബിയുടെയും (ﷺ) അവിടുത്തെ സന്തത സഹചാരികളായ അബൂബക്ർ സിദ്ധീഖിൻ്റെയും(رضي الله عنه) ഉമറുബ്നുൽ ഖത്താബിൻ്റെയും (رضي الله عنه) ഖബ്ർ സന്ദർശിക്കുക; നബിയുടെ (ﷺ) ഖബ്റിൻ്റെ ചാരെ അദബും മര്യാദയും പാലിച്ചു കൊണ്ടും, ശബ്ദം താഴ്ത്തിക്കൊണ്ടുമാണ് നിൽക്കേണ്ടത്. അതിന് ശേഷം നബിക്ക് (ﷺ) സലാം അറിയിക്കുക; 'അസ്സലാമു അലയ്ക യാ റസൂലല്ലാഹി വ റഹ്മതുല്ലാഹി വബറകാതുഹു' (അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള സമാധാനവും കാരുണ്യവും അനുഗ്രഹവും അങ്ങയുടെ മേലുണ്ടാകട്ടെ, അല്ലാഹുവിൻ്റെ റസൂലേ) എന്നാണ് അവിടെ പറയേണ്ടത്. അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: {ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്.} [114] ഖബ്ർ സന്ദർശിക്കുന്ന വ്യക്തിക്ക് വേണമെങ്കിൽ ഇപ്രകാരവും പറയാം: "അല്ലാഹുവിൻ്റെ നബിയേ, അങ്ങേക്ക് സലാം. സൃഷ്ടികളിൽ നിന്ന് അല്ലാഹു തിരഞ്ഞെടുത്തവരേ, അങ്ങേക്ക് സലാം. റസൂലുകളുടെ നേതാവും തഖ്‌വയുള്ളവരുടെ ഇമാമുമായവരേ, അങ്ങേക്ക് സലാം. അങ്ങ് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകുകയും അങ്ങയുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുകയും ഈ ഉമ്മത്തിനോട് ഗുണകാംക്ഷ പുലർത്തുകയും അല്ലാഹുവിൻ്റെ മാർഗത്തിൽ അർഹമായ വിധത്തിൽ ജിഹാദ് നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു." - ഇങ്ങനെ പറയുന്നതിൽ തെറ്റില്ല. കാരണം ഈ പറഞ്ഞതെല്ലാം നബിയുടെ (ﷺ) വിശേഷണങ്ങളിൽ പെട്ടതാണ്. അതോടൊപ്പം നബിയുടെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുകയും, അവിടുത്തേക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. കാരണം നബിക്ക് (ﷺ) സലാം പറയുന്നതിനോടൊപ്പം സ്വലാത്ത് കൂടി ചേർത്തു പറയുന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: {തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു. ഈമാനുള്ളവരെ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (സ്വലാത്തും സലാമും നിർവഹിക്കുക) (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.} (അഹ്സാബ്: 56) ശേഷം അബൂബക്ർ (رضي الله عنه) വിനും ഉമർ (رضي الله عنه) വിനും സലാം പറയുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അല്ലാഹുവിൻ്റെ തൃപ്തി അവർക്ക് ലഭിക്കാനായി അല്ലാഹുവിനോട് തേടുകയും ചെയ്യുക. [113] ബുഖാരി: 1195, മുസ്‌ലിം: 1390, അബ്ദുല്ലാഹി ബ്നു സൈദ് അൽമാസുനിയുടെ (رضي الله عنه) ഹദീഥിൽ നിന്ന്. [114] അബൂദാവൂദ്: 2041.
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) നബിക്കും (ﷺ) അവിടുത്തെ സന്തതസഹചാരികളായ അബൂബക്റിനും ഉമറിനും സലാം പറയുമ്പോൾ ഇപ്രകാരം മാത്രമാണ് -പൊതുവെ- പറയാറുണ്ടായിരുന്നത്: {അല്ലാഹുവിൻ്റെ റസൂലേ, അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. അബൂബക്ർ, അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. എൻ്റെ പിതാവേ, അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ.} അതിന് ശേഷം അദ്ദേഹം ഖബ്റിൻ്റെ അടുത്ത് നിന്ന് പിരിഞ്ഞു പോകുമായിരുന്നു.
ഇപ്രകാരം ഖബ്ർ സന്ദർശിക്കുക എന്നത് പുരുഷന്മാർക്ക് മാത്രമാണ് പ്രത്യേകം പുണ്യകരമായിട്ടുള്ളത്. സ്ത്രീകൾക്ക് ഖബ്ർ സന്ദർശനം (ആരുടേതുമാകട്ടെ) നിശ്ചയിക്കപ്പെട്ടിട്ടില്ല.കാരണം നബിയിൽ ﷺ നിന്ന് സ്ഥിരപ്പെട്ടതു പോലെ: {ഖബ്ർ സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബ്റുകളുടെ മേൽ മസ്ജിദുകൾ (ആരാധനാ കേന്ദ്രങ്ങൾ) നിർമ്മിക്കുന്നവരെയും, അവിടെ വിളക്കുകൾ കത്തിക്കുന്നവരെയും നബി (ﷺ) ശപിച്ചിരിക്കുന്നു.} [115] [115] അബൂദാവൂദ്: 3236.
നബിയുടെ (ﷺ) മസ്ജിദിൽ നിസ്കരിക്കുകയും പ്രാർത്ഥനകൾ നിർവ്വഹിക്കുകയും മറ്റു മസ്ജിദുകളിൽ നിർവ്വഹിക്കുന്ന ഇബാദത്തുകൾ നിർവ്വഹിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുക എന്നത് എല്ലാവർക്കും (പുരുഷന്മാർക്കും സ്ത്രീകൾക്കും) ഒരുപോലെ പുണ്യകരമാണ്.മുകളിൽ നൽകിയ ഹദീഥുകളിൽ ഈ പറഞ്ഞതിനുള്ള തെളിവുണ്ട്.
നബിയുടെ (ﷺ) മസ്ജിദിൽ വെച്ച് അഞ്ച് നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കുക എന്നതും, അവിടെ വെച്ച് ദിക്റുകളും ദുആകളും സുന്നത്ത് നിസ്കാരങ്ങളും അധികരിപ്പിക്കുക എന്നതും പുണ്യകരമാണ്.മഹത്തരമായ പ്രതിഫലങ്ങൾ നേടിയെടുക്കാനുള്ള ഈ സുവർണാവസരം സന്ദർശകർ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
റൗദ്വയിൽ വെച്ചുള്ള നിസ്കാരം അധികരിപ്പിക്കുന്നതും ഇപ്രകാരം പുണ്യകരമാണ്. റൗദ്വയുടെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീഥ് -മുൻപ് വായിച്ചതു പോലെ- സ്ഥിരപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഹദീഥിൽ നബി (ﷺ) പറഞ്ഞു: {എൻ്റെ വീടിൻ്റെയും മിമ്പറിൻ്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപെട്ട ഒരു തോപ്പാണ്.} [116]. (116) ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്.
മസ്ജിദുന്നബവിയിൽ വെച്ച് ഫർദ് നിസ്കാരങ്ങൾ നിർവ്വഹിക്കുക എന്നതാകട്ടെ, അക്കാര്യത്തിൽ മദീന സന്ദർശിക്കുന്നവർ പ്രത്യേകം ശ്രദ്ധവെച്ചു പുലർത്തണം. മസ്ജിദിലേക്ക് നേരത്തെ വന്നെത്തുകയും സാധ്യമാകുന്നിടത്തോളം ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കാൻ ശ്രദ്ധ വെക്കുകയും ചെയ്യണം. മസ്ജിദുന്നബവിയിലെ വികസനത്തിൻ്റെ ഭാഗമായി മുന്നിലേക്ക് നീട്ടിയെടുത്ത സ്ഥലത്താണ് ഒന്നാമത്തെ സ്വഫ്ഫെങ്കിൽ (ജമാഅത്ത് നിസ്കാരത്തിൽ) അവിടെ നിസ്കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. (ശൈഖ് ഇബ്നു ബാസിൻ്റെ കാലഘട്ടത്തിൽ റൗദ്വയുടെ മുൻഭാഗത്തായിരുന്നു ഇമാം നിന്നിരുന്നതും, അവിടെയാണ് ഒന്നാമത്തെ സ്വഫ്ഫ് ആരംഭിച്ചിരുന്നതും. ഇക്കാലഘട്ടത്തിൽ ഒന്നാമത്തെ സ്വഫ്ഫ് ആരംഭിക്കുന്നത് റൗദ്വയിൽ നിന്നാണ്; അതിനാൽ അവിടെ നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം. - വിവർത്തകൻ). കാരണം ഒന്നാമത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ഹദീഥുകൾ നബിയിൽ (ﷺ) നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, അവിടുന്ന് പറഞ്ഞു: {ബാങ്കിലും, ഒന്നാമത്തെ സ്വഫ്ഫിലുമുള്ള പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കുന്നുവെങ്കിൽ, പിന്നെ അത് ലഭിക്കുവാൻ നറുക്കെടുപ്പല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിൽ അവർ അതിന് വേണ്ടി നറുക്കെടുക്കുമായിരുന്നു.} [117] (ബുഖാരി, മുസ്‌ലിം) നബി (ﷺ) തൻ്റെ സ്വഹാബിമാരോട് പറഞ്ഞു: {നിങ്ങൾ മുന്നോട്ട് നിൽക്കുകയും എന്നെ പിന്തുടരുകയും ചെയ്യുക. നിങ്ങൾക്ക് പിന്നിലുള്ളവർ നിങ്ങളെ പിന്തുടരട്ടെ. ഒരാൾ നിസ്കാരത്തിൽ നിന്ന് പിന്തിനിൽക്കുന്നിടത്തോളം അല്ലാഹു അവനെ (നന്മകളിൽ) പിന്തിക്കുന്നതാണ്.} [118] (മുസ്‌ലിം) [117] മുസ്‌ലിം: 438.അബൂ സഈദ് അൽഖുദ്രീ (رضي الله عنه) നിവേദനം. [118] ബുഖാരി: 615, മുസ്‌ലിം: 437.
അബൂ ദാവൂദ് കുറ്റമറ്റ പരമ്പര സഹിതം ഉദ്ധരിക്കുന്ന ആഇശ -رَضِيَ اللَّهُ عَنْهَا- യിൽ നിന്നുള്ള നിവേദനം: നബി -ﷺ- പറഞ്ഞു: {സ്വഫ്ഫിൽ നിന്ന് ഒരാൾ പിന്തിനിൽക്കുന്നിടത്തോളം അല്ലാഹു അവനെ നരകത്തിലേക്ക് പിന്തിക്കുന്നതാണ്.} (119) നബി -ﷺ- തൻ്റെ സ്വഹാബികളോട് പറഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു: {മലക്കുകൾ അവരുടെ റബ്ബിൻ്റെയടുക്കൽ സ്വഫ് കെട്ടുന്നത് പോലെ നിങ്ങളും സ്വഫ്ഫുകൾ കെട്ടുന്നില്ലേ? അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, എങ്ങനെയാണ് മലക്കുകൾ തങ്ങളുടെ റബ്ബിന്റെയടുക്കൽ സ്വഫ്ഫ് കെട്ടുന്നത്? നബി -ﷺ- പറഞ്ഞു: "അവർ സ്വഫ്ഫിലെ ആദ്യത്തെ വരികൾ പൂർത്തീകരിക്കും. അതോടൊപ്പം സ്വഫ്ഫുകളിൽ ചേർന്നടുത്ത് നിൽക്കുകയും ചെയ്യും."} (120) (മുസ്‌ലിം) [119] മുസ്‌ലിം: 430.ജാബിർ (رضي الله عنه)നിവേദനം. [120] അബൂദാവൂദ്: 679, 'ഒരു വ്യക്തി' എന്നതിന് പകരം അദ്ദേഹത്തിൻ്റെ ഹദീഥിൽ 'ഒരു കൂട്ടമാളുകൾ' എന്നാണുള്ളത്.
ഈ അർത്ഥത്തിൽ വേറെയും ഹദീഥുകൾ ധാരാളമുണ്ട്. നബിയുടെ (ﷺ) മസ്ജിദിനും അല്ലാത്ത മസ്ജിദുകൾക്കും ഈ നിയമം ബാധകമാണ്. മസ്ജിദുകളുടെ ആദ്യകാല രൂപത്തിൽ നിന്ന് വ്യത്യസ്തമായി അവ വികസിക്കപ്പെടുകയും, ആദ്യത്തെ സ്വഫ്ഫിൻ്റെ സ്ഥാനം മാറുകയും ചെയ്താൽ ആദ്യത്തെ സ്വഫ്ഫാണ് കൂടുതൽ പുണ്യകരം. ഇതോടൊപ്പം, സ്വഫ്ഫിൻ്റെ വലതുഭാഗത്ത് നിൽക്കാൻ നബി (ﷺ) സ്വഹാബികളെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു എന്നും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. നബിയുടെ (ﷺ) മസ്ജിദിൻ്റെ കാര്യത്തിലാകട്ടെ, അവിടുന്ന് നിൽക്കുന്നതിൻ്റെ വലതുഭാഗം റൗദ്വക്ക് പുറത്തായിരുന്നു എന്നതിൽ സംശയമില്ല.റൗദ്വയിൽ നിൽക്കുന്നതിനേക്കാൾ സ്വഫ്ഫിൻ്റെ വലതുഭാഗത്ത് നിൽക്കുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന് മനസ്സിലാക്കാം.റൗദ്വയിലുള്ള നിസ്കാരത്തേക്കാൾ ശ്രദ്ധ നൽകേണ്ടത് ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നതിനാണെന്നും ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. ഈ വിഷയത്തിൽ വന്ന ഹദീഥുകൾ ഉറ്റാലോചിക്കുന്നവർക്ക് അക്കാര്യം മനസ്സിലാകുന്നതാണ്. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ.
നബിയുടെ (ﷺ) ഖബ്ർ നിലകൊള്ളുന്ന കെട്ടിടം സ്പർശിക്കുകയോ അവിടം ചുംബിക്കുകയോ അതിനെ പ്രദക്ഷിണം വെക്കുകയോ ചെയ്യുന്നത് ഒരാൾക്കും അനുവദനീയമല്ല. മുൻഗാമികളിൽ പെട്ട സച്ചരിതരായ ഒരാളിൽ നിന്നും അങ്ങനെയൊന്ന് സ്ഥിരപ്പെട്ടിട്ടില്ല. അതിഗുരുതരമായ ബിദ്അത്തുകളിൽ പെട്ടതാണത്.
നബിയോട് (ﷺ) തൻ്റെ ആവശ്യങ്ങൾ നിറവേറ്റി തരാനോ, പ്രയാസങ്ങളും ദുരിതങ്ങളും നീക്കിത്തരാനോ, രോഗം സുഖപ്പെടുത്താനോ മറ്റോ പ്രാർത്ഥിക്കുന്നതും തേടുന്നതും അനുവദനീയമല്ല. ഈ പറഞ്ഞതെല്ലാം അല്ലാഹുവിനോട് മാത്രം തേടേണ്ട കാര്യങ്ങളാണ്. മരണപ്പെട്ടവരോട് അവ ചോദിക്കുക എന്നത് അല്ലാഹുവിൽ പങ്കു ചേർക്കലും, അവനല്ലാത്തവരെ ഇബാദത്ത് ചെയ്യലും ആരാധിക്കലുമാണ്. ഇസ്‌ലാമാകട്ടെ, നിലനിൽക്കുന്നത് തന്നെ രണ്ട് അടിത്തറകൾക്ക് മേലാണ്:
ഒന്ന്: അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.
രണ്ട്: നബി -ﷺ- പഠിപ്പിച്ചതു പോലെ മാത്രമേ അല്ലാഹുവിനെ ആരാധിക്കാവൂ.
'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെയും സാക്ഷ്യവചനത്തിൻ്റെയും ഉദ്ദേശ്യം അതാണ്.
ഇതു പോലെത്തന്നെ, നബിയോട് (ﷺ) ശഫാഅത്ത് ചോദിക്കുക എന്നതും ഒരാൾക്കും അനുവദിക്കപ്പെട്ടതല്ല. അല്ലാഹുവിനോടല്ലാതെ ശുപാർശക്ക് വേണ്ടി തേടരുത്. അല്ലാഹു പറഞ്ഞു: {പറയുക: അല്ലാഹുവിനാകുന്നു ശുപാർശക്കുള്ള പൂർണ്ണ അധികാരം...} (സുമർ: 44) "അല്ലാഹുവേ, നബിയെ(ﷺ) എൻ്റെ കാര്യത്തിൽ നീ ശുപാർശകനാക്കണേ" എന്നോ "അല്ലാഹുവേ മലക്കുകളെയും നിൻ്റെ സച്ചരിതരായ ദാസന്മാരെയും എൻ്റെ കാര്യത്തിൽ നീ ശുപാർശകരാക്കണേ" "മരണപ്പെട്ടു പോയ എൻ്റെ കുഞ്ഞു മക്കളെ എൻ്റെ കാര്യത്തിൽ ശുപാർശകരാക്കണേ" എന്നോ നിനക്ക് പ്രാർത്ഥിക്കാം. എന്നാൽ മരണപ്പെട്ടവരോട് എന്തെങ്കിലുമൊരു കാര്യം തേടുക എന്നത് ഒരു നിലക്കും പാടില്ല. അത് ശഫാഅത്തോ മറ്റെന്തെങ്കിലും കാര്യമോ ആകട്ടെ; അത് നബിമാരോടോ അല്ലാത്തവരോടോ ആകട്ടെ. കാരണം അല്ലാഹു ഈ പറഞ്ഞതൊന്നും അവൻ്റെ ദീനിൻ്റെ ഭാഗമായി നിശ്ചയിച്ചിട്ടില്ല. മരണപ്പെട്ട വ്യക്തിയെ സംബന്ധിച്ചിടത്തോളമാകട്ടെ, അവൻ്റെ എല്ലാ പ്രവർത്തനങ്ങളും മുറിഞ്ഞു പോവുകയും അവസാനിക്കുകയും ചെയ്തിരിക്കുന്നു; ദീനിൽ പ്രത്യേകം എടുത്തു പറയപ്പെട്ട ചില കാര്യങ്ങളൊഴികെ.
സ്വഹീഹു മുസ്‌ലിമിൽ, അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: {ആദം സന്തതി മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളൊഴികെ അവൻ്റെ പ്രവർത്തനങ്ങളെല്ലാം നിലക്കും; നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ (ദീനിൻ്റെ) അറിവ്, അവന് വേണ്ടി ദുആ ചെയ്യുന്ന സൽകർമ്മിയായ സന്താനം.} [121] [121] മുസ്‌ലിം: 1631, അബൂ ഹുറൈറ (رضي الله عنه) നിവേദനം ചെയ്ത ഹദീഥിൽ നിന്ന്.
നബിയോട് (ﷺ) തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക എന്നത് അവിടുന്ന് ജീവിച്ചിരുന്ന കാലഘട്ടത്തിലും, അന്ത്യനാളിൽ അവിടുത്തെ കാണുമ്പോഴും അനുവദനീയമാണ്. കാരണം ഈ സന്ദർഭങ്ങളിൽ അവിടുത്തേക്ക് പ്രാർത്ഥിക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടുണ്ട്. അല്ലാഹുവിനോട് തൻ്റെ ആവശ്യം പറയാൻ ഈ സന്ദർഭങ്ങളിൽ അവിടുത്തേക്ക് സാധ്യമാണ്. നബി (ﷺ) ജീവിച്ചിരിക്കവെ അവിടുത്തേക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ കഴിയുമായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. അതാകട്ടെ, നബിക്ക് (ﷺ) മാത്രം പ്രത്യേകമായ കാര്യവുമല്ല. മറിച്ച്, അവിടുത്തേക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ കഴിയുമായിരുന്നു എന്നത് പോലെ അല്ലാഹുവിൻ്റെ അടിമകളിൽ ആർക്കും അവനോട് ദുആ ചെയ്യാൻ -ജീവിതകാലത്ത്- സാധിക്കുന്നതാണ്. അതിനാൽ തൻ്റെ സഹോദരനോട് അവൻ ജീവിച്ചിരിക്കുമ്പോൾ 'നീ റബ്ബിനോട് ഇന്നയിന്ന കാര്യങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ' എന്ന് ആവശ്യപ്പെടാൻ ആർക്കും സാധിക്കും. അല്ലാഹു അനുവദിച്ചു നൽകിയ ഒരു കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കാനാണ് അയാൾ ആവശ്യപ്പെടുന്നത് എങ്കിൽ അക്കാര്യം അല്ലാഹുവിനോട് ചോദിക്കാനും തൻ്റെ സഹോദരന് വേണ്ടി അല്ലാഹുവിനോട് ശുപാർശ പറയാനും അയാൾക്ക് സാധിക്കുകയും ചെയ്യും.
എന്നാൽ ഖിയാമത്ത് നാളിൽ അല്ലാഹു അനുമതി നൽകാതെ ഒരാൾക്കും അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ സാധ്യമല്ല. അല്ലാഹു പറഞ്ഞു: {... അല്ലാഹുവിൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാർശ നടത്താനാരുണ്ട്?...) (ബഖറ: 255)
എന്നാൽ ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ അത് പ്രത്യേകം പരിഗണിക്കേണ്ട സാഹചര്യമാണ്. മരണത്തിന് മുൻപുള്ള എല്ലാ അവസ്ഥകളും മരണത്തിന് ശേഷവും ഒരാൾക്കുണ്ട് എന്ന് വാദിക്കുക സാധ്യമല്ല. മരണത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന കാര്യങ്ങളെയും മരണപ്പെട്ട ഒരു വ്യക്തിയുടെ സാഹചര്യത്തോട് തുലനം ചെയ്യുകയും സാധ്യമല്ല. കാരണം മരണപ്പെട്ട വ്യക്തിയുടെ പ്രവർത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. താൻ സമ്പാദിച്ചു വെച്ചതാണ് അയാൾക്ക് ഇനിയുള്ളത്; മുൻപ് സൂചിപ്പിച്ച ഹദീഥിൽ വന്ന ചില കാര്യങ്ങളല്ലാതെ ഈ പറഞ്ഞതിന് അപവാദമില്ല. മരിച്ചവരോട് ശുപാർശ ചോദിക്കുക എന്ന കാര്യമാകട്ടെ, ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും മയ്യിത്തിന് വകവെച്ചു നൽകപ്പെട്ടിട്ടുമില്ല. അതിനാൽ മരിച്ചവരോട് തേടുന്നത് ഈ പറഞ്ഞതിലേക്ക് ചേർത്തു വെക്കാൻ സാധ്യമല്ല. എന്നാൽ ഈ പറഞ്ഞതിൻ്റെ അർത്ഥം നബിക്ക് (ﷺ) 'ബർസഖിയായ' ലോകത്ത് രക്തസാക്ഷികളായ ശുഹദാക്കൾക്ക് നൽകപ്പെടുന്നതിനേക്കാൾ പൂർണ്ണമായ ജീവിതം നൽകപ്പെട്ടിരിക്കുന്നു എന്നത് നാം നിഷേധിക്കുന്നുവെന്നല്ല.അതിൽ യാതൊരു സന്ദേഹവും പാടുള്ളതുമല്ല.എന്നാൽ മരണത്തിന് മുൻപുള്ള അവിടുത്തെ ജീവിതത്തെ പോലെയല്ല അത്.അന്ത്യനാളിൽ അവിടുന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടതിന് ശേഷമുള്ള ജീവിതത്തോടും അത് സമാനമല്ല. മറിച്ച്, ബർസഖിലെ അവിടുത്തെ ജീവിതത്തിൻ്റെ യഥാർത്ഥ രൂപവും യാഥാർത്ഥ്യവും അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. നബി (ﷺ) പറഞ്ഞതായി സ്ഥിരപ്പെട്ട ഹദീഥ് ഇവിടെ വീണ്ടും സ്മരിക്കാവുന്നതാണ്: {ഏതൊരു മുസ്ലിം എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്.} [122]
നബി (ﷺ) മരണപ്പെട്ടിരിക്കുന്നു എന്നും, അവിടുത്തെ ആത്മാവ് അവിടുത്തെ ശരീരത്തെ വിട്ടുപിരിഞ്ഞിരിക്കുന്നു എന്നുമുള്ള കാര്യം ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഒരാൾ അവിടുത്തേക്ക് സലാം പറയുമ്പോൾ നബിയുടെ (ﷺ) റൂഹ് അവിടുത്തെ ശരീരത്തിലേക്ക് മടക്കപ്പെടുന്നതാണ്. നബി (ﷺ) മരണപ്പെട്ടിരിക്കുന്നു എന്നത് ബോധ്യപ്പെടുത്തുന്ന ഖുർആനിലും ഹദീഥിലുമുള്ള തെളിവുകൾ ഏവർക്കും അറിയാവുന്നതാണ്. പണ്ഡിതന്മാർക്കിടയിൽ സ്ഥിരപ്പെട്ട കാര്യമാണത്. എന്നാൽ അവിടുന്ന് വഫാത്തായിരിക്കുന്നു -മരണപ്പെട്ടിരിക്കുന്നു- എന്ന് പറയുന്നതിൻ്റെ അർത്ഥം അവിടുന്ന് ബർസഖീ ജീവിതത്തിൽ ജീവിച്ചിരിക്കുന്നു എന്നതിനെ നിഷേധിക്കലല്ല. ശുഹദാക്കൾ മരണപ്പെട്ടിരിക്കുന്നു എന്നു പറയുന്നത് അവരുടെ ബർസഖീ ജീവിതത്തെ നിഷേധിക്കലല്ല എന്നത് പോലെത്തന്നെയാണ് ഇതും. അല്ലാഹു പറഞ്ഞുവല്ലോ: {അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ റബ്ബിൻ്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.} (ആലു ഇംറാൻ: 169) [122] അബൂദാവൂദ്: 2041.
ഈ വിഷയം ഇവിടെ നാം വിശദമായി വിവരിച്ചത് ഇതിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർ ഇക്കാലഘട്ടത്തിൽ അധികരിച്ചിരിക്കുന്നു എന്നതിനാലാണ്. ശിർക്കിലേക്കും മരണപ്പെട്ടവരെ ആരാധിക്കുന്നതിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന വഴികേടിൻ്റെ പുരോഹിതന്മാർ അതിന് മാത്രമുണ്ട്. അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമായി നിലകൊള്ളുന്ന എല്ലാവരിൽ നിന്നും നമ്മെയും മുസ്‌ലിം ഉമ്മത്തിനെയും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ. അല്ലാഹുവിനാണ് കൂടുതൽ അറിയുക.
നബിയുടെ (ﷺ) ഖബ്റിനരികിൽ ശബ്ദമുയർത്തുക, അവിടെ ധാരാളം സമയം നിൽക്കുക തുടങ്ങി മദീനാ സന്ദർശകരിൽ ചിലർ ചെയ്യുന്ന ധാരാളം കാര്യങ്ങൾ ദീനിന് വിരുദ്ധമാണ്. കാരണം നബിയുടെ (ﷺ) ശബ്ദത്തിന് മുകളിൽ ശബ്ദമുയർത്തുക എന്നതും മനുഷ്യർ പരസ്പരം സംസാരിക്കുന്നതു പോലെ ശബ്ദമുയർത്തി അവിടുത്തോട് സംസാരിക്കുന്നതും അല്ലാഹു ഈ ഉമ്മത്തിനോട് വിലക്കിയ കാര്യമാണ്. അവിടുത്തെ അരികിൽ ശബ്ദം താഴ്ത്തുവാനാണ് അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുള്ളത്. അല്ലാഹു പറഞ്ഞു: {ഈമാനുള്ളവരേ, നിങ്ങളുടെ ശബ്ദങ്ങൾ നബിയുടെ ശബ്ദത്തിന് മീതെ നിങ്ങൾ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി.} {തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു അവനെ ഭയപ്പെടുന്നതിന് വേണ്ടി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്.} (ഹുജുറാത്: 2-3)
കാരണം നബിയുടെ (ﷺ) ഖബ്റിൻ്റെ അരികിൽ അധിക നേരം കഴിച്ചു കൂട്ടുന്നതും, അവിടുത്തോട് ആവർത്തിച്ചു സലാം പറയുന്നതും ഖബ്റിൻ്റെ അടുക്കൽ തിരക്ക് വർദ്ധിക്കാനാണ് കാരണമാവുക;കോലാഹലങ്ങൾ ഉണ്ടാകാനും, ശബ്ദം ഉയരാനും അതുവഴി കാരണമാകും. ഇതെല്ലാം അല്ലാഹു മുസ്‌ലിംകളോട് ഈ ആയത്തുകളിൽ നിർദേശിച്ച മര്യാദകൾക്ക് വിരുദ്ധമാണ്. നബി (ﷺ) ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ടതിന് ശേഷവും അങ്ങേയറ്റത്തെ ആദരവുള്ളവരാണ്. അതിനാൽ അവിടുത്തെ ഖബ്റിനരികിൽ ഇസ്‌ലാമികമായ മര്യാദകൾക്ക് വിരുദ്ധമായ യാതൊന്നും ചെയ്യുന്നത് ഒരു മുഅ്മിനിന് അനുയോജ്യമല്ല.
ഇതു പോലെ തിരുത്തപ്പെടേണ്ട കാര്യങ്ങളിൽ പെട്ടതാണ്, പ്രാർത്ഥനയും ദുആയും നിർവ്വഹിക്കാൻ വേണ്ടി ചിലർ പ്രത്യേകമായി നബിയുടെ (ﷺ) ഖബ്റിൻ്റെ പരിസരം തിരഞ്ഞെടുക്കുന്നു എന്നത്. ചിലർ ഖബ്റിലേക്ക് തിരിഞ്ഞു നിൽക്കുകയും തൻ്റെ കൈകൾ ഉയർത്തിക്കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നതും കാണാം. ഇതെല്ലാം നബിയുടെ (ﷺ) സ്വഹാബികളും അവരെ പിന്തുടർന്ന സച്ചരിതരായ മുൻഗാമികളും നിലകൊണ്ട ആദർശത്തിന് കടകവിരുദ്ധമാണ്. മറിച്ച്, അല്ലാഹുവും അവൻ്റെ റസൂലും (ﷺ) വിലക്കിയ പുത്തനാചാരങ്ങളിൽ പെട്ട ബിദ്അത്തുകളാണ് അവയെല്ലാം.നബി (ﷺ) പറഞ്ഞിരിക്കുന്നു: {നിങ്ങൾ എൻ്റെ ചര്യയും, എനിക്ക് ശേഷം സന്മാർഗപാതയിൽ ചരിക്കുന്ന എൻ്റെ ഖുലഫാഉ റാശിദീങ്ങളുടെ മാർഗവും സ്വീകരിക്കുക. അതിനെ നിങ്ങൾ മുറുകെ പിടിക്കുകയും ആ മാർഗത്തെ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക. ദീനിൽ ഉണ്ടാക്കപ്പെടുന്ന പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക; കാരണം എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്തുകളാകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുകളാകുന്നു.} (123) [123] അബൂദാവൂദ്: 4607, ഇർബാദ്വ് ബ്നു സാരിയ (رضي الله عنه) വിൻ്റെ ഹദീഥിൽ നിന്ന്.
നബി (സ) പറഞ്ഞു: {നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്.} [124] {ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാതെ ഒരു പ്രവൃത്തി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.} [125]. (124) ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്. (125) ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്.
അലിയ്യു ബ്നുൽ ഹുസൈൻ സൈനുൽ ആബിദീൻ -رَضِيَ اللَّهُ عَنْهُمَا- നബിയുടെ -ﷺ- ഖബ്റിനരികെ ഒരാൾ ദുആ ചെയ്യുന്നത് കണ്ടു. അദ്ദേഹം അതിൽ നിന്ന് അയാളെ വിലക്കിക്കൊണ്ട് പറഞ്ഞു: "എൻ്റെ പിതാവ്, എൻ്റെ പ്രപിതാവിൽ നിന്നും, അദ്ദേഹം അല്ലാഹുവിൻ്റെ റസൂലിൽ -ﷺ- നിന്നും കേട്ട ഒരു ഹദീഥ് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ? {നിങ്ങൾ എൻ്റെ ഖബ്റിനെ ആഘോഷസ്ഥലമാക്കരുത്. നിങ്ങളുടെ വീടുകളെ ഖബ്റുകളാക്കരുത്.എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്ക് എത്തുന്നതാണ്.} (126) [126] സൈനുൽ ആബിദീൻ്റെ ഈ അഥർ ശൈഖവർകൾ മഖ്ദിസിയുടെ ഗ്രന്ഥത്തിലുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്; എന്നാൽ മഖ്ദിസിയുടെ ഗ്രന്ഥത്തിൽ ഹദീഥിൻ്റെ ഈ സാഹചര്യം വിവരിക്കപ്പെട്ടിട്ടില്ല. മുസ്നദ് അഹ്‌മദ്: 2/367.
മദീന സന്ദർശിക്കുന്ന മറ്റു ചിലർ നബിയുടെ (ﷺ) ഖബ്റിനരികിൽ വെച്ച് സലാം പറയുമ്പോൾ നിസ്കരിക്കുന്ന വ്യക്തി നിൽക്കുന്നത് പോലെ തൻ്റെ വലതു കൈ ഇടതു കൈയ്യുടെ മേൽ വെച്ച് കൊണ്ട് നിൽക്കുന്നത് കാണാം; നബിയോട് (ﷺ) സലാം പറയുമ്പോഴോ, രാജാക്കന്മാരോ നേതാക്കന്മാരോ പോലുള്ള മറ്റു വല്ലവരോടും സലാം പറയുമ്പോഴോ ഒന്നും ഈ രീതി സ്വീകരിക്കുന്നത് അനുവദനീയമല്ല. കാരണം അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കുമ്പോൾ മാത്രം സ്വീകരിക്കേണ്ട താഴ്മയുടെയും വിനയത്തിൻ്റെയും ആരാധനയുടെയും നിറുത്തമാണിത്; ഇക്കാര്യം ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി തൻ്റെ ഫത്ഹുൽ ബാരിയിൽ പണ്ഡിതന്മാരിൽ നിന്ന് രേഖപ്പെടുത്തിയതായി കാണാം. സച്ചരിതരായ മുൻഗാമികളെ പിൻപറ്റുക എന്ന ലക്ഷ്യത്തോടെ ഈ നിൽപ്പിൻ്റെ രൂപത്തെ കുറിച്ച് ചിന്തിച്ചാൽ ഏതൊരാൾക്കും ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുന്നതാണ്.
എന്നാൽ ഒരാളുടെ പൊതുസ്വഭാവം വിഭാഗീയതയും ദേഹേഛകളെ പിന്തുടരലും അന്ധമായ അനുകരണവും സലഫുകളുടെ ചര്യയിലേക്ക് ക്ഷണിക്കുന്നവരോടുള്ള വിദ്വേഷവുമാണെങ്കിൽ അവൻ്റെ കാര്യം അല്ലാഹുവിലേക്ക് നാം വിടുന്നു. നമുക്കും അവർക്കും അല്ലാഹു സന്മാർഗത്തിലേക്ക് വഴികാണിക്കാനും മറ്റെന്തിനേക്കാളും സത്യത്തിന് മുൻഗണന നൽകാനുമുള്ള തൗഫീഖ് നൽകാനും അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും ഉത്തമൻ അവൻ തന്നെ.!
ചിലർ ദൂരെ നിന്ന് ഖബ്റിനെ ഖിബ്‌ലയാക്കി നിൽക്കുന്നതും, ദൂരെ നിന്ന് സലാം പറഞ്ഞു കൊണ്ടും പ്രാർത്ഥിച്ചു കൊണ്ടും നിൽക്കുന്നതുമെല്ലാം നേരത്തെ പറഞ്ഞ നിഷിദ്ധമായ പുത്തനാചാരങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവൻ്റെ ദീനിൽ എന്തെങ്കിലുമൊരു കാര്യം നിർമ്മിച്ചുണ്ടാക്കുക എന്നത് ഒരു മുസ്‌ലിമിന് അനുവദനീയമല്ല എന്ന കാര്യം അവർ ഓർക്കട്ടെ. നബിയോടുള്ള (ﷺ) അടുപ്പവും കലർപ്പില്ലാത്ത സ്നേഹവും പ്രകടിപ്പിക്കുന്നതിനേക്കാൾ അവിടുത്തോട് പരുഷത പുലർത്തുക എന്നതിനോടാണ് ഈ രീതികൾക്ക് സാമ്യതയുള്ളത്. ഈ പ്രവർത്തനങ്ങളെയും സമാനമായ മറ്റു പല ചെയ്തികളെയും ഇമാം മാലിക് (رحمه الله) എതിർത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: {ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരെ നന്നാക്കിയ നന്മകളല്ലാതെ അവരുടെ അവസാനകാലക്കാരെയും നന്നാക്കുകയില്ല.} [127] [127] ഇഗാസതുല്ലിഹ്ഫാൻ: 1/363.
ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരെ നന്നാക്കിയതും നേർവഴിയിലാക്കിയതും നബിയുടെയും (ﷺ) ഖുലഫാഉ റാഷിദീങ്ങളുടെയും അവരെ പിൻപറ്റിയവരുടെയും മാതൃകയിലുള്ള സഞ്ചാരമായിരുന്നെങ്കിൽ ഈ ഉമ്മത്തിൻ്റെ അവസാന കാലക്കാരും അത് മുറുകെ പിടിക്കുകയും അവരെ പോലെ ജീവിക്കുകയും ചെയ്താലല്ലാതെ നന്നാവുകയില്ല.
അല്ലാഹു എല്ലാ മുസ്‌ലിംകളെയും അവരെ ഇഹലോകത്തും പരലോകത്തും രക്ഷപ്പെടുത്തുന്നതും സൗഭാഗ്യം നൽകുന്നതും പ്രതാപം പകരുന്നതുമായ മാർഗത്തിലേക്ക് നയിക്കട്ടെ; അവൻ അത്യധികം ഉദാരവാനും അങ്ങേയറ്റം നന്മകൾ വർഷിക്കുന്നവനുമാകുന്നു.
ശ്രദ്ധിക്കേണ്ട ഒരു വിഷയം:
നബിയുടെ -ﷺ- ഖബ്ർ സന്ദർശിക്കുന്നതിൻ്റെ വിധി.
നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുക എന്നത് നിർബന്ധമായ കാര്യമല്ല. ഹജ്ജ് ശരിയാകാനുള്ള നിബന്ധനകളിൽ പെട്ട കാര്യവുമല്ല അത്. എന്നാൽ പാമര ജനങ്ങളിൽ ചിലർക്ക് അങ്ങനെയൊരു ധാരണയുണ്ട്. യഥാർത്ഥത്തിൽ നബിയുടെ (ﷺ) മസ്ജിദ് സന്ദർശിക്കുകയോ അതിൻ്റെ പരിസരത്ത് എത്തിച്ചേരുകയോ ചെയ്തവർക്ക് അത് പുണ്യകരമായ സുന്നത്താണ്.
എന്നാൽ മദീനയിൽ നിന്ന് അകലെയുള്ളവർ നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുക എന്ന ഉദ്ദേശ്യം മാത്രം വെച്ചു കൊണ്ട് യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല. യാത്രയുടെ പ്രധാന ലക്ഷ്യം മസ്ജിദുന്നബവി സന്ദർശിക്കുക എന്നതായിരിക്കണം; മസ്ജിദിൽ എത്തിയാൽ നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുകയും സ്വാലിഹീങ്ങളായ മറ്റുള്ളവരുടെ ഖബ്റുകൾ സന്ദർശിക്കുകയും ചെയ്യാം.നബിയുടെ (ﷺ) മസ്ജിദ് സന്ദർശനത്തിൻ്റെ ഭാഗമായി മാത്രമേ നബിയുടെ (ﷺ)ഖബ്ർ സിയാറത്ത് ചെയ്യുന്നതും അവിടുത്തെ രണ്ട് സന്തത സഹചാരികളുടെ ഖബ്റുകൾ സന്ദർശിക്കുന്നതും ഉൾപ്പെടാൻ പാടുള്ളൂ. കാരണം നബി (ﷺ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ ഇപ്രകാരം കാണാം: {മസ്ജിദുൽ ഹറാം, എൻ്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്സ എന്നീ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ തീർത്ഥാടന യാത്ര പുറപ്പെടാൻ പാടുള്ളതല്ല} [128] [128] അബൂഹുറൈറ (رضي الله عنه) നിവേദനം.ബുഖാരി: 1189, മുസ്‌ലിം: 1397.
നബിയുടെ (ﷺ) ഖബ്റോ മറ്റാരുടെയെങ്കിലും ഖബ്റുകളോ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്ര ഇസ്‌ലാമിൽ അനുവദിക്കപ്പെട്ടതായിരുന്നെങ്കിൽ നബി (ﷺ) അത് തൻ്റെ ഉമ്മത്തിനെ അറിയിക്കുകയും, അതിൻ്റെ ശ്രേഷ്ഠത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. കാരണം അവിടുന്ന് ജനങ്ങളിൽ ഏറ്റവും ഗുണകാംക്ഷയുള്ളവരും അല്ലാഹുവിനെ കുറിച്ച് ഏറ്റവും അറിവുള്ളവരും അവനോട് ഏറ്റവും ഭയ ഭക്തിയുള്ളവരുമായിരുന്നു. അവിടുന്ന് വ്യക്തമായ വിധത്തിൽ അല്ലാഹുവിൻ്റെ ദീൻ എത്തിച്ചു നൽകുകയും, തൻ്റെ ഉമ്മത്തിന് എല്ലാ നന്മകളും അറിയിച്ചു നൽകുകയും, എല്ലാ തിന്മകളിൽ നിന്നും താക്കീത് നൽകുകയും ചെയ്തിട്ടുണ്ട് എന്നിരിക്കെ (ഇക്കാര്യം അവിടുന്ന് അറിയിക്കാതെ വിടുന്നതല്ല). ഇതിനെല്ലാം പുറമെ ഈ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യുന്നത് നബി (ﷺ) വിലക്കിയിട്ടുണ്ട് എന്ന കാര്യം കൂടി പരിഗണിച്ചാലോ?! നബി (ﷺ) പറഞ്ഞിരിക്കുന്നു: {നിങ്ങൾ എൻ്റെ ഖബ്റിനെ ആഘോഷസ്ഥലമാക്കരുത്. നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്.} (129) [129] ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്.
നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം യാത്ര ചെയ്യുന്നത് പുണ്യകരമാണെന്ന വാദം അവിടുത്തെ ഖബ്റിനെ ആഘോഷസ്ഥലമാക്കുന്നതിലേക്കാണ് നയിക്കുക. (കാരണം ഹദീഥിൽ വന്ന ഈദ് എന്ന പദം ഒരു സ്ഥലത്തേക്ക് ആവർത്തിച്ചു വന്നെത്തുക എന്ന അർത്ഥം കൂടെ ഉൾക്കൊള്ളുന്നുണ്ട്). നബി (ﷺ) തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ ഭയക്കാറുണ്ടായിരുന്ന അതിരു കവിച്ചിലിലേക്കും അതിരുവിട്ട പ്രശംസയിലേക്കുമാണ് അത് നയിക്കുക. നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുന്നതിന് വേണ്ടി പ്രത്യേകിച്ച് യാത്ര ചെയ്യുന്നത് പുണ്യ കർമ്മമാണെന്ന ജനങ്ങളിൽ ചിലരുടെ ധാരണ ഇന്ന് അതിലേക്ക് തന്നെയാണ് കാര്യങ്ങൾ എത്തിച്ചിട്ടുള്ളത് എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്.
നബിയുടെ (ﷺ) ഖബ്ർ സന്ദർശിക്കുന്നതിന് വേണ്ടി പ്രത്യേകം യാത്ര ചെയ്യുന്നത് പുണ്യകരമാണെന്ന് വാദിക്കുന്നതിനായി കൊണ്ടുവരാറുള്ള ഹദീഥുകളെല്ലാം ദുർബലമായ പരമ്പരകളുള്ളതോ, കെട്ടിച്ചമച്ചുണ്ടാക്കിയതോ ആയ ഹദീഥുകളാണ്. ദാറുഖുത്നി, ബയ്ഹഖി, ഹാഫിദ് ഇബ്നു ഹജർ തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഇക്കാര്യം ഉണർത്തിയിട്ടുണ്ട്. അതിനാൽ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യരുത് എന്ന നബിയുടെ (ﷺ) ഹദീഥിനോട് ഇത്തരം ദുർബലമായ ഹദീഥുകൾ മുന്നിൽ വെച്ചു കൊണ്ട് എതിര് പ്രവർത്തിക്കുന്നത് ഒരിക്കലും അനുവദനീയമല്ല.
ഈ വിഷയത്തിൽ വന്ന നബിയുടെ (ﷺ) മേൽ കെട്ടിച്ചമച്ചുണ്ടാക്കിയ നിർമ്മിത ഹദീഥുകളിൽ ചിലത് താഴെ നൽകാം. ഇവയെല്ലാം കളവുകളാണെന്ന് തിരിച്ചറിയുന്നതിനും അവയിൽ വഞ്ചിതരാകാതിരിക്കാനും വേണ്ടി മാത്രമാണ് അവ നാം താഴെ നൽകുന്നത്.
ഒന്ന്: "ആരെങ്കിലും ഹജ്ജ് ചെയ്തിട്ട് എന്നെ സന്ദർശിച്ചില്ലെങ്കിൽ അവൻ എന്നോട് മര്യാദകേട് കാണിച്ചിരിക്കുന്നു".
രണ്ട്: "ആരെങ്കിലും എൻ്റെ മരണത്തിന് ശേഷം എന്നെ സന്ദർശിച്ചാൽ അവൻ എൻ്റെ ജീവിതകാലത്ത് എന്നെ സന്ദർശിച്ചവനെപ്പോലെയാണ്".
മൂന്ന്: "ആരെങ്കിലും എന്നെയും എൻ്റെ പിതാവ് ഇബ്രാഹീമിനെയും ഒരേ വർഷത്തിൽ സന്ദർശിച്ചാൽ അവന് ഞാൻ അല്ലാഹുവിങ്കൽ സ്വർഗം ഉറപ്പു നൽക്കുന്നു".
നാല്: "ആരെങ്കിലും എൻ്റെ ഖബ്ർ സന്ദർശിച്ചാൽ അവന് എൻ്റെ ശുപാർശ നിർബന്ധമായിരിക്കുന്നു".
ഈ ഹദീഥുകളോ ഇവയോട് സാദൃശ്യമുള്ള ഹദീഥുകളോ -ഒന്ന് പോലും- നബി (ﷺ) പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടില്ല.
ഈ വിഷയത്തിൽ വന്ന ഹദീഥുകളിൽ മിക്കതിൻ്റെയും പരമ്പരകൾ എടുത്തുദ്ധരിച്ചതിന് ശേഷം ഹാഫിദ് ഇബ്നു ഹജർ (رحمه الله) പറഞ്ഞത് ഇപ്രകാരമാണ്: ഈ ഹദീസുകളുടെ എല്ലാ പരമ്പരകളും ദുർബലങ്ങളാണ്.
(മഹാനായ ഹദീഥ് പണ്ഡിതൻ) ഹാഫിദ് ഉഖൈലീ (رحمه الله) പറഞ്ഞു: ഈ വിഷയത്തിൽ ഒരു ഹദീഥും സ്ഥിരപ്പെട്ടിട്ടില്ല.
ഈ ഹദീഥുകളെല്ലാം കെട്ടിച്ചമച്ചവയാണെന്നത് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ (رحمه الله) തറപ്പിച്ചു പറഞ്ഞതായി കാണാം. ഇവയെല്ലാം ദുർബലമാണെന്ന് അറിഞ്ഞു വെക്കുകയും ഓർത്തു വെക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് നാം അത് മുകളിൽ നൽകിയത്.
ഈ ഹദീഥുകളിൽ ഏതെങ്കിലുമൊന്ന് സ്ഥിരപ്പെട്ടതായിരുന്നുവെങ്കിൽ നബിയുടെ (ﷺ) സ്വഹാബിമാർ അതനുസരിച്ച് പ്രവർത്തിക്കാൻ തിരക്കു കൂട്ടുകയും, മുസ്‌ലിം ഉമ്മത്തിന് അവ വിവരിച്ചു നൽകുകയും, അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുമായിരുന്നുവെന്നതിൽ സംശയമില്ല. കാരണം നബിമാർ കഴിഞ്ഞാൽ ഏറ്റവും ഉത്തമരായ ജനതയാണ് സ്വഹാബികളുടെ തലമുറ. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ കുറിച്ചും, അവൻ്റെ ദീനിലെ നിയമങ്ങളെ കുറിച്ചും ഏറ്റവും വിവരമുണ്ടായിരുന്നവരും, മുസ്‌ലിം സഹോദരങ്ങളോട് അങ്ങേയറ്റത്തെ ഗുണകാംക്ഷ ഉണ്ടായിരുന്നവരുമായിരുന്നു അവർ. അവരിൽ നിന്ന് ഈ വിഷയത്തിൽ യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്ന വസ്തുത തന്നെ ഇവയെല്ലാം ദീനിൽ പെട്ടതല്ല എന്നതിനുള്ള തെളിവാണ്.
ഈ വിഷയത്തിൽ ഏതെങ്കിലുമൊരു ഹദീഥ് സ്ഥിരപ്പെട്ടു വന്നിരുന്നെങ്കിൽ തന്നെയും ഹദീസുകളുടെ ആശയങ്ങൾ സംയോജിപ്പിക്കുമ്പോൾ, അവ ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടുള്ള, ഖബ്ർ മാത്രം ലക്ഷ്യമാക്കി പ്രത്യേക യാത്ര ഉൾപ്പെടാത്ത, ഖബ്ർ സിയാറത്തായിട്ടാണ് മനസ്സിലാക്കേണ്ടത്; അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയുക.
അദ്ധ്യായം
മസ്ജിദു ഖുബായും ബഖീഉം സന്ദർശിക്കുന്നത് പുണ്യകരം.
മദീന സന്ദർശിച്ചവർക്ക് മസ്ജിദ് ഖുബാ സന്ദർശിക്കുന്നതും അവിടെ നിസ്കരിക്കുന്നതും പുണ്യകരമായ കാര്യമാണ്. അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) നിവേദനം: {നബി -ﷺ- മസ്ജിദു ഖുബാ വാഹനത്തിലും കാൽനടയായും സന്ദർശിക്കുകയും, അവിടെ വെച്ച് രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ചെയ്യുമായിരുന്നു.} (130) [130] ബുഖാരി: 1193, മുസ്‌ലിം: 1399.
സഹ്ൽ ബ്നു ഹുനൈഫ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: {ആരെങ്കിലും തൻ്റെ വീട്ടിൽ വെച്ച് വുളുവെടുക്കുകയും പിന്നെ മസ്ജിദു ഖുബായിൽ വരികയും അവിടെ വെച്ച് ഒരു നിസ്കാരം നിസ്കരിക്കുകയും ചെയ്താൽ അവന് ഒരു ഉംറയുടെ പ്രതിഫലമുണ്ട്.} [131] [131] ഇബ്നു മാജ: 1412.
ഇതു പോലെ ബഖീഇലെ ഖബ്റിടങ്ങൾ സന്ദർശിക്കുന്നതും, ശുഹദാക്കളുടെയും ഹംസ ബ്നു അബ്ദിൽ മുത്വലിബിൻ്റെയും (رضي الله عنه) ഖബ്റുകൾ സന്ദർശിക്കുന്നതും പുണ്യകരമാണ്. കാരണം നബി (ﷺ) ഈ ഖബ്റുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ടി ദുആ നിർവ്വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞിട്ടുണ്ട്: {നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക, തീർച്ചയായും അത് നിങ്ങളെ പരലോകത്തെ ഓർമിപ്പിക്കും.} [132] (മുസ്‌ലിം) [132] മുസ്‌ലിം: 976.
ഖബ്ർ സന്ദർശിക്കാൻ പോകുമ്പോൾ ഇപ്രകാരം പറയാൻ നബി ﷺ തൻ്റെ സ്വഹാബികളെ പഠിപ്പിക്കാറുണ്ടായിരുന്നു: {ഈ ഭവനങ്ങളിൽ താമസിക്കുന്ന മുസ്ലിംകളും മുഅ്മിനികളുമായവരേ, നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. ഞങ്ങളും -അല്ലാഹു ഉദ്ദേശിച്ചാൽ- നിങ്ങളുടെ കൂടെ ചേരേണ്ടവരാണ്. ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യം നൽകാൻ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.} [133] (മുസ്‌ലിം ഉദ്ധരിച്ചത്. സുലൈമാനുബ്നു ബുറൈദയുടെ ഹദീഥിൽ നിന്ന്) [133] മുസ്‌ലിം: 975.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മദീനയിലെ ഖബ്റുകൾക്ക് അരികിലൂടെ നടന്നു പോയപ്പോൾ അവരിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു: {ഈ ഖബ്റുകളിലുള്ളവരേ,നിങ്ങൾക്കും ഞങ്ങൾക്കും അല്ലാഹു പൊറുത്തുതരട്ടെ.നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാണ്; ഞങ്ങൾ നിങ്ങളുടെ പാത പിന്തുടരുന്നവരും.} [134] [134] തിർമിദി: 1035.
പരലോകം സ്മരിക്കുക, മരണപ്പെട്ടു പോയ മുസ്‌ലിം സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും കാരുണ്യത്തിനായി തേടിക്കൊണ്ടും അവരോട് നന്മ ചെയ്യുക; ഇതാണ് ഖബ്ർ സിയാറത്തിൻ്റെ പിന്നിലെ ഉദ്ദേശ്യം എന്ന് ഈ ഹദീഥുകളിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയും.
പക്ഷേ ഖബ്റുകളുടെ അടുത്ത് വെച്ച് (അവരവരുടെ) കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും, അവിടെ ആരാധനക്കായി ചടഞ്ഞിരിക്കുന്നതും, മരണപ്പെട്ടവരോട് തങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിച്ചു തരാനും രോഗങ്ങൾ സുഖപ്പെടുത്താനും തേടുന്നതും, അവരെയോ അവരുടെ സ്ഥാനങ്ങളെയോ പദവികളെയോ മുൻനിറുത്തിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കാനോ വേണ്ടി ഖബ്റുകൾ സന്ദർശിക്കുന്നതും എതിർക്കപ്പെടേണ്ട ബിദ്അത്തുകളാണ്. അല്ലാഹുവോ അവൻ്റെ റസൂലോ പഠിപ്പിച്ച മാർഗത്തിൽ പെട്ടതല്ല അത്. സച്ചരിതരായ മുൻഗാമികളും അത് പഠിപ്പിച്ചിട്ടില്ല.നബി (ﷺ) വിലക്കിയ നിരർത്ഥകമായ വാക്കുകളിലാണ് അത് ഉൾപ്പെടുക. അവിടുന്ന് പറഞ്ഞു: {നിങ്ങൾ ഖബ്റുകൾ സന്ദർശിക്കുക, എന്നാൽ നിങ്ങൾ നിരർത്ഥകമായ കാര്യങ്ങൾ പറയരുത്.} [135]. [135] മുസ്‌ലിം: 977, ഇബ്നു ബുറൈദയുടെ (رضي الله عنه) ഹദീഥിൽ നിന്ന്.
മേൽ പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഒരു പോലെ ബിദ്അത്തുകളാണ്. എന്നാൽ അവയുടെ ഗൗരവവും അപകടവും വ്യത്യസ്തമാണ്.അവയിൽ ചിലത് ശിർക്കിലേക്ക് എത്തിപ്പെടാത്ത ബിദ്അത്തുകൾ മാത്രമായ കാര്യങ്ങളാണ്; ഖബ്റുകൾക്കരികിൽ വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക, മരിച്ച വ്യക്തിയുടെ ഹഖും ജാഹും (പദവിയും സ്ഥാനവും) മുൻനിറുത്തി കൊണ്ട് അല്ലാഹുവിനോട് തേടുക എന്നത് പോലെയുള്ള കാര്യങ്ങൾ. എന്നാൽ ചില കാര്യങ്ങൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള ശിർക്കിലാണ് ഉൾപ്പെടുക; മരിച്ചവരോട് പ്രാർത്ഥിക്കലും അവരോട് സഹായം തേടലും മറ്റുമെല്ലാം അതിൽ പെട്ടതാണ്.
ഇക്കാര്യങ്ങൾ മുൻപ് വിശദമായി നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഈ കാര്യങ്ങളെ കരുതിയിരിക്കുകയും നന്നായി ശ്രദ്ധിക്കുകയും ചെയ്യുക. അല്ലാഹുവിനോട് തൗഫീഖും സത്യത്തിലേക്കുള്ള ഹിദായത്തും ചോദിക്കുക. അവൻ നേരായ മാർഗത്തിലേക്ക് നയിക്കുകയും നന്മകൾക്ക് വഴിതുറന്നു നൽകുകയും ചെയ്യുന്നവനാണ്. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനല്ലാതെ ഒരു റബ്ബും രക്ഷാധികാരിയുമില്ല.
ഇത്രയുമാണ് ഈ ഗ്രന്ഥത്തിൽ നാം ഉൾപ്പെടുത്താൻ ഉദ്ദേശിച്ച വിഷയങ്ങൾ. അല്ലാഹുവിനാകുന്നു ആദ്യവും അവസാനവും സർവ്വ സ്തുതികളും.അല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലും സൃഷ്ടികളിൽ ഉത്തമരുമായ മുഹമ്മദ് നബിയുടെ (ﷺ) മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.അവിടുത്തെ കുടുംബമായ അഹ്‌ലുൽ ബൈത്തിൻ്റെ മേലും അനുചരന്മാരായ സ്വഹാബികൾക്ക് മേലും അവരെ നേരായ മാർഗത്തിൽ പിൻപറ്റിയ അന്ത്യനാൾ വരെയുള്ള മുസ്‌ലിംകൾക്ക് മേലും സ്വലാത്തും സലാമും ഉണ്ടാകട്ടെ.
Related books
All books- المنهج لمريد العمرة والحج15 ഭാഷകൾالعمرة
المنهج لمريد العمرة والحج
كتيب يحتوي على دليل مفصل حول مناسك الحج والعمرة، يشرح بدقة الخطوات والآداب الواجب اتباعها خلال تأدية هذه الشعائر. يبدأ بالتأكيد على أهمية الحج في الإسلام كونه أحد أركان الإسلام الخمسة. ويشدد على ضرورة الإخلاص في النية واتباع سنة النبي محمد صلى الله عليه وسلم في جميع الأفعال والأقوال أثناء تأدية هذه الشعيرة المباركة.
- നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ7 ഭാഷകൾ
നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു നമ്മുടെ തിന്മകളിൽ നിന്നും നമ്മുടെ പ്രവൃത്തികളുടെ തിന്മകളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ)…
- പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ36 ഭാഷകൾ
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ
ശൈഖ് ഇബ്നു ബാസ് رحمه الله എഴുതിയ 'പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ' എന്ന പുസ്തകം ഏറെ പ്രയോജനപ്രദമായ ഒരു ലഘുകൃതിയാണ്. മുസ്ലിം പൊതുജനങ്ങൾക്ക് അവരുടെ ജീവിതയാത്രയിലെ ഒരു വൈജ്ഞാനിക വിഭവമാകാൻ വേണ്ടിയാണ് ഇമാം ഇബ്നു ബാസ് ഈ പുസ്തകം രചിച്ചത്. തൗഹീദ്, ഇസ്ലാം, ഈമാൻ തുടങ്ങിയ ദീനിന്റെ അടിസ്ഥാന നിയമങ്ങളും അടിത്തറയുമാണ് ഈ പുസ്തകത്തിൽ ശൈഖ് കൈകാര്യം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിസ്കാരം, ശുദ്ധീകരണം തുടങ്ങിയ കർമശാസ്ത്ര വിഷയങ്ങളും ഇസ്ലാമക മര്യാദകളും ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ശിർക്കിന്റെയും മറ്റു തിന്മകളുടെയും അപകടം വിശദീകരിക്കുകയും അതിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അതെല്ലാം ഏറെ…
- മൂന്ന് അടിസ്ഥാനങ്ങളും അവയുടെ തെളിവുകളും59 ഭാഷകൾ
മൂന്ന് അടിസ്ഥാനങ്ങളും അവയുടെ തെളിവുകളും
ഓരോ മുസ്ലിമും നിർബന്ധമായും പഠിച്ചിരിക്കേണ്ട അടിസ്ഥാനപാഠങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. അല്ലാഹുവിനെ അറിയുക, ഇസ്ലാം ദീനിനെ പഠിക്കുക, മുഹമ്മദ് നബി (സ) യെ അറിയുക എന്നീ മൂന്ന് അടിത്തറകളാണ് അവ; ഖുർആനിലെയും ഹദീഥിലെയും തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈമാൻ കെട്ടിപ്പടുക്കുന്നതിലും സൽകർമ്മങ്ങൾ ചെയ്യുന്നതിലും ഈ തത്വങ്ങൾക്കുള്ള പ്രാധാന്യം എന്താണെന്ന് ഈ ഗ്രന്ഥം