ഇസ്ലാം; അല്ലാഹു നിയോഗിച്ച റസൂലുകളുടെ (ദൂതന്മാർ) മതം ഇസ്ലാം എന്നാൽ പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കലും, സ്നേഹത്തോടെയും ആദരവോടെയും അവന് കീഴൊതുങ്ങലുമാണ്. ഇസ്ലാമിൻ്റെ അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണ്; അവനാണ് സർവ്വതിൻ്റെയും സ്രഷ്ടാവ് എന്നും, അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളാണെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഏകഒരുവനെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവന് ഏറ്റവും ഉത്തമമായ നാമങ്ങളും അതിമഹോന്നതമായ വിശേഷണങ്ങളുമുണ്ടെന്നും, അവന് അവസാനമില്ലാത്ത പൂർണ്ണതയുണ്ടെന്നും, യാതൊരു കുറവുകളുമില്ലെന്നും, അവൻ…
ഇസ്ലാം; അല്ലാഹു നിയോഗിച്ച റസൂലുകളുടെ (ദൂതന്മാർ) മതം
ഇസ്ലാം എന്നാൽ പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കലും, സ്നേഹത്തോടെയും ആദരവോടെയും അവന് കീഴൊതുങ്ങലുമാണ്. ഇസ്ലാമിൻ്റെ അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണ്; അവനാണ് സർവ്വതിൻ്റെയും സ്രഷ്ടാവ് എന്നും, അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളാണെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഏകഒരുവനെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവന് ഏറ്റവും ഉത്തമമായ നാമങ്ങളും അതിമഹോന്നതമായ വിശേഷണങ്ങളുമുണ്ടെന്നും, അവന് അവസാനമില്ലാത്ത പൂർണ്ണതയുണ്ടെന്നും, യാതൊരു കുറവുകളുമില്ലെന്നും, അവൻ സന്താനമായി ജനിക്കുകയോ ആർക്കെങ്കിലും ജന്മം നൽകുകയോ ചെയ്തിട്ടില്ലെന്നും, അവന് തുല്യനോ സമനോ ആയി ആരുമില്ലെന്നും, അവൻ തൻ്റെ സൃഷ്ടികളിൽ അവതരിക്കുകയോ അലിഞ്ഞു ചേരുകയോ ചെയ്തിട്ടില്ലെന്നും ഒരു മുസ്ലിം വിശ്വസിക്കുന്നു.
അല്ലാഹു സ്വീകരിക്കുന്ന ഒരേയൊരു മതമാണ് ഇസ്ലാം; ജനങ്ങളിൽ നിന്ന് അതല്ലാത്ത മറ്റൊരു മതം അവൻ സ്വീകരിക്കുന്നതല്ല. അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരെല്ലാം ജനങ്ങളെ ക്ഷണിച്ചത് ഈ മതത്തിലേക്കായിരുന്നു.
ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ് എല്ലാ ദൂതന്മാരിലുമുള്ള വിശ്വാസം. അല്ലാഹു അവൻ്റെ കൽപ്പനകൾ തൻ്റെ ദാസന്മാരെ അറിയിക്കുന്നതിന് വേണ്ടി അവൻ്റെ ദൂതന്മാരായ റസൂലുകളെ നിയോഗിച്ചിരിക്കുകയും, അവരിലേക്ക് അവൻ്റെ വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവരിൽ അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി (ﷺ). അവിടുത്തേക്ക് മുൻപ് വന്നെത്തിയ എല്ലാ ദൂതന്മാരുടെ മതവിധികളെയും അസാധുവാക്കി കൊണ്ടുള്ള അന്തിമ നിയമസംഹിതയുമായാണ് അവിടുത്തെ അല്ലാഹു നിയോഗിച്ചത്.
മഹത്തരമായ അനേകം ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു മുഹമ്മദ് നബി (ﷺ) യെ സഹായിച്ചിരിക്കുന്നു. അതിൽ ഏറ്റവും മഹത്തരമായത് വിശുദ്ധ ഖുർആനാകുന്നു. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമായ ഖുർആനാണ് മനുഷ്യസമൂഹം കണ്ടതിൽ വെച്ചേറ്റവും മഹത്തരമായ ഗ്രന്ഥം. അതിൻ്റെ ഉള്ളടക്കവും സാഹിത്യവും ഭാഷാഘടനയും മനുഷ്യർക്കാർക്കും അനുകരിക്കാൻ സാധ്യമല്ലാത്ത വിധം ദൈവീകമാണ്.
ഇഹലോകത്തും പരലോകത്തും സൗഭാഗ്യത്തിലേക്ക് നയിക്കുന്ന സന്മാർഗത്തിൻ്റെ വിശദീകരണമാണ് വിശുദ്ധ ഖുർആനിലുള്ളത്. വിശുദ്ധ ഖുർആൻ അവതരിച്ച അതേ ഭാഷയിൽ -അറബിയിൽ- ഇന്നും ആ ഗ്രന്ഥം അല്ലാഹുവിൻ്റെ സംരക്ഷണത്താൽ നിലനിൽക്കുന്നു. അതിൽ ഒരു അക്ഷരമോ വാക്കോ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടില്ല.
മലക്കുകളിലും, അന്ത്യനാളിലും വിശ്വസിക്കുക എന്നതും ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ്.
അല്ലാഹു മനുഷ്യരെ ഖബ്റുകളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ വിചാരണ നടത്തുകയും ചെയ്യുമെന്നും, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചവർക്ക് ശാശ്വതമായ സുഗാനുഗ്രഹങ്ങളുടെ സ്വർഗമുണ്ടെന്നും, അല്ലാഹുവിനെ നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് എന്നെന്നും നിലനിൽക്കുന്ന നരകശിക്ഷയുണ്ടെന്നുമുള്ള വിശ്വാസമാണ് അന്ത്യനാളിലുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അല്ലാഹുവാണ് നന്മകളും തിന്മകളുമെല്ലാം വിധിച്ചത് എന്ന് നീ വിശ്വസിക്കലും ഇസ്ലാമിൻ്റെ അടിത്തറകളിൽ പെട്ടതാണ്.
ഈസാ (യേശു) (عليه السلام)
അല്ലാഹുവിൻ്റെ ദാസനും അവൻ്റെ റസൂലുമായിരുന്നു എന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. അവിടുന്ന് ഒരിക്കലും അല്ലാഹുവിൻ്റെ പുത്രനല്ല; കാരണം അല്ലാഹുവിന് ഒരു സന്താനമോ ഇണയോ ഉണ്ടാകുക എന്നത് അസംഭവ്യമാണ്; അവൻ്റെ മഹത്വത്തിന് ഒട്ടും യോജിച്ചതല്ല അത്.
ഈസാ (عليه السلام) അല്ലാഹുവിൻ്റെ ഒരു റസൂലായിരുന്നു വെന്നും, അദ്ദേഹത്തിന് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിരുന്നു എന്നും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവനിൽ പങ്കുകാരെ നിശ്ചയിക്കരുത് എന്നതിലേക്കും ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു
അദ്ദേഹത്തെ
അല്ലാഹു നിയോഗിച്ചതെന്നും, തൻ്റെ ജനതയോട് തന്നെ ആരാധിക്കണമെന്ന് ഒരിക്കലും അവിടുന്ന് ആവശ്യപ്പെട്ടിട്ടേയില്ലെന്നും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവൻ്റെ പ്രിയദാസൻ മാത്രമായിരുന്നു അവിടുന്ന് എന്നുമെല്ലാം വിശുദ്ധ ഖുർആനിൽ അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.
ഇസ്ലാം മനുഷ്യൻ്റെ ശുദ്ധപ്രകൃതിയോടും നേരായ ബുദ്ധിയോടും യോജിക്കുന്ന മതമാണ്. നേർബുദ്ധിയുള്ള ഏതൊരാൾക്കും അത് സ്വീകരിക്കാതിരിക്കാൻ സാധ്യമല്ല. ലോകങ്ങളുടെ സ്രഷ്ടാവാണ് തൻ്റെ സൃഷ്ടികൾക്ക് വേണ്ടി അത് നിശ്ചയിച്ചു നൽകിയത്. എല്ലാ നന്മകളുടെയും സർവ്വ മനുഷ്യർക്കുമുള്ള സൗഭാഗ്യത്തിൻ്റെയും മതമാണത്.
വർഗത്തിൻ്റെയോ നിറത്തിൻ്റെയോ അടിസ്ഥാനത്തിൽ മനുഷ്യരെ അത് വേർതിരിക്കുന്നില്ല. ഇസ്ലാമിൽ എല്ലാ ജനങ്ങളും സമാസമമാണ്; ഒരാളുടെ നന്മകളുടെയും സൽകർമ്മങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ ഇസ്ലാമിൽ ഒരാൾക്കും മറ്റൊരാളുടെ മേൽ യാതൊരു പ്രത്യേകതയുമില്ല.
അതിനാൽ ബുദ്ധിയുള്ള ഏതൊരു മനുഷ്യൻ്റെ മേലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബി (ﷺ) യെ തൻ്റെ ദൂതനായും സ്വീകരിക്കുക എന്നത് നിർബന്ധമാണ്. ഇക്കാര്യത്തിൽ ഇതല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പിനും ഒരാൾക്കും അവകാശമില്ല. കാരണം അന്ത്യനാളിൽ തൻ്റെ ദൂതന്മാർക്ക് എന്തു ഉത്തരമാണ് നൽകിയത് എന്ന് അല്ലാഹു എല്ലാ മനുഷ്യരോടും ചോദിക്കുന്നതാന്. അവൻ ഇസ്ലാമിൽ വിശ്വസിച്ചവനായിരുന്നു എങ്കിൽ അന്നേ ദിവസം വിജയവും മഹത്തരമായ രക്ഷയും അവനെ കാത്തിരിക്കുന്നു. എന്നാൽ ഇസ്ലാമിനെ നിഷേധിച്ചവനായിരുന്നു അവൻ എങ്കിൽ വ്യക്തമായ നഷ്ടവും അവനെ കാത്തിരിക്കുന്നു.
ഒരാൾ ഇസ്ലാമിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അവൻ ചെയ്യേണ്ടത് ഇത്രമാത്രമാണ്. (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ ദൂതനാണെന്നും) അറിയിക്കുന്ന 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനം അതിൻ്റെ അർത്ഥവും ആശയവും അറിഞ്ഞു കൊണ്ടും, അതിൽ വിശ്വസിച്ചു കൊണ്ടും ഉച്ചരിക്കുക. ഇതോടെ അവൻ മുസ്ലിമാകുന്നതാണ്. പിന്നീട് അല്ലാഹു തൻ്റെ മേൽ നിർബന്ധമാക്കിയ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് വേണ്ടി, ഇസ്ലാമിലെ മറ്റു വിധിവിലക്കുകളും നിയമങ്ങളും അവൻ ക്രമേണയായി പഠിച്ചു മനസ്സിലാക്കേണ്ടതാണ്.
രചന പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയിലും കുടുംബത്തിലും ബന്ധുമിത്രാദികളിലും അളവറ്റ കരുണാകടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
ഈമാനിന്റെ അടിസ്ഥാന സ്തംഭങ്ങളായ, അല്ലാഹുവിലുള്ള വിശ്വാസവും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും, വിധിയുടെ നന്മയിലും തിന്മയിലുമുള്ള വിശ്വാസംവും വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഓരോ മുസ്ലിമും വിശ്വസിക്കുകയും തദടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ട അടിത്തറകളെ കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു. ഇസ്ലാമിക വിശ്വാസം ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ അല്ലാഹുവുമായുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ ഗ്രന്ഥം ഊന്നിപ്പറയുന്നുണ്ട്.
ഗ്രന്ഥകർത്താവ് ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് ബ്നി സ്വാലിഹ് അസ്സുഹൈം പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം തീർച്ചയായും സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുന്നു. അവനോട് നാം സഹായം തേടുകയും, അവനോട് നാം പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തത്തിൻ്റെ തിന്മകളിൽ നിന്നും, നമ്മുടെ പ്രവർത്തനങ്ങളിലെ തെറ്റുകളിൽ നിന്നും നാം അല്ലാഹുവിനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവൻ മാത്രമേ…