ഏറ്റവും കൂടുതൽ തിരഞ്ഞവ
ഫലങ്ങൾ ഫിൽറ്റർ ചെയ്യുക
339 കാർഡുകൾ
الموضوعات
الموضوعات (13)
التصنيف الشرعي
Filter ▾
حجم المحتوى4
ഉത്തരം: നിസ്കാരത്തിലെ വാജിബുകൾ എട്ടു കാര്യങ്ങളാണ്. അവ താഴെ പറയാം:
- തക്ബീറതുൽ ഇഹ്റാം ഒഴികെയുള്ള തക്ബീറുകൾ.
- 'സമി അല്ലാഹു ലിമൻ ഹമിദഹ്' എന്നു പറയൽ; ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിക്കും.
- 'റബ്ബനാ വലകൽ ഹംദ്' എന്ന് പറയൽ.
- 'സുബ്ഹാന റബ്ബിയൽ അദ്വീം' എന്ന് ഒരു തവണ റുകൂഇൽ പറയൽ.
- 'സുബ്ഹാന റബ്ബിയൽ അഅ്ലാ' എന്ന് ഒരു തവണ സുജൂദിൽ പറയൽ.
- സുജൂദുകൾക്ക് ഇടയിൽ 'റബ്ബിഗ്ഫിർ ലീ' എന്ന് പറയൽ.
- ഒന്നാമത്തെ തശഹ്ഹുദ്.
- ഒന്നാമത്തെ തശഹ്ഹുദിന് വേണ്ടി ഇരിക്കൽ.
ഉത്തരം: നിസ്കാരത്തിൽ പതിനൊന്ന് സുന്നത്തുകളുണ്ട്. അവ താഴെ പറയാം:
- തക്ബീറതുൽ ഇഹ്റാമിന് ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലൽ. (സ്ഥിരപ്പെട്ട പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമാണ്) (അർത്ഥം: അല്ലാഹുവേ! നിൻ്റെ പരിശുദ്ധി വാഴ്ത്തുന്നതിനൊപ്പം ഞാൻ നിന്നെ സ്തുതിക്കുന്നു. നിൻ്റെ നാമം അനുഗ്രഹപൂർണ്ണമായിരിക്കുന്നു. നിൻ്റെ മഹത്വം ഉന്നതമാവുകയും ചെയ്തിരിക്കുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല."
- അഊദു ചൊല്ലൽ.
- ബിസ്മി ചൊല്ലൽ.
- ആമീൻ എന്ന് പറയൽ.
- ഫാതിഹഃക്ക് ശേഷം ഒരു സൂറത്ത് പാരായണം ചെയ്യൽ.
- ഇമാം നിസ്കാരത്തിൽ ഉറക്കെ പാരായണം ചെയ്യൽ.
- 'റബ്ബനാ വലകൽ ഹംദ്' എന്ന വാക്കിന് ശേഷം 'മിൽഅസ്സമാവാതി' എന്നു തുടങ്ങുന്ന പ്രാർത്ഥന പറയൽ.
- റുകൂഇൽ ഒന്നിൽ കൂടുതൽ തവണ -രണ്ടോ മൂന്നോ അതിൽ കൂടുതലോ തവണകൾ- തസ്ബീഹ് പറയുക എന്നത്.
- സുജൂദിലെ തസ്ബീഹ് ഒന്നിലധികം തവണ പറയൽ.
- രണ്ട് സുജൂദുകൾക്ക് ഇടയിൽ പറയുന്നത് ഒന്നിലധികം തവണ ആവർത്തിക്കൽ.
- അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- യുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും സ്വലാത്തും സലാമും ബറകതും ചൊല്ലുകയും, അതിന് ശേഷം പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യും..
നിസ്കാരത്തിലെ പ്രവർത്തികളിലുള്ള സുന്നത്തുകൾ താഴെ പറയാം:
- തക്ബീറതുൽ ഇഹ്റാം ചൊല്ലുന്നതിനൊപ്പം രണ്ട് കൈകളും ഉയർത്തൽ.
- റുകൂഇൻ്റെ സന്ദർഭത്തിൽ കൈകൾ ഉയർത്തൽ.
- റുകൂഇൽ നിന്ന് ഉയരുമ്പോൾ കൈകൾ ഉയർത്തൽ.
- ഈ പറഞ്ഞതിന് ശേഷം കൈകൾ താഴ്ത്തിയിടൽ.
- വലതു കൈ ഇടതു കയ്യിൻ്റെ മുകളിലായി വെക്കൽ.
- സുജൂദിൻ്റെ സ്ഥാനത്തേക്ക് നോക്കൽ.
- നിൽക്കുമ്പോൾ രണ്ട് കാലുകളും അകറ്റി വെക്കൽ.
- റുകൂഇൽ കാൽമുട്ടുകളിൽ പിടിക്കുകയും, പ്രസ്തുത വേളയിൽ കൈവിരലുകൾ പരത്തി വെക്കുകയും, റുകൂഇൽ മുതുക് പരത്തി വെക്കുകയും, തല അതിന് നേരെയാകുന്ന വിധം പിടിക്കുകയും ചെയ്യൽ.
- സുജൂദിൻ്റെ അവയവങ്ങൾ ഭൂമിയിൽ ചേർത്തു വെക്കൽ. സുജൂദിൻ്റെ സ്ഥാനത്തോട് ഈ അവയവങ്ങൾ സ്പർശിച്ചിരിക്കണം.
- സുജൂദിൻ്റെ സന്ദർഭത്തിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈകൾ അകറ്റിയ നിലയിൽ വെക്കുക. ഇതു പോലെ, വയറിൽ നിന്ന് കാലിൻ്റെ തുടകളും, തുടകളിൽ നിന്ന് കണങ്കാലുകളും, രണ്ട് കാൽ മുട്ടുകൾ തമ്മിലും അകറ്റി വെക്കുക. സുജൂദിൽ കാൽപ്പത്തികൾ കുത്തിനിർത്തുകയും, അതിലെ വിരലുകൾ ഭൂമിയിൽ പതിയുന്ന തരത്തിൽ വിടർത്തി വെക്കുകയും വേണം. രണ്ട് കൈപ്പത്തികളും തോളിന് നേരെയാകും വിധം പരത്തി വെക്കുകയും, വിരലുകൾ ചേർത്തു പിടിക്കുകയും വേണം.
- രണ്ട് സുജൂദുകൾക്ക് ഇടയിലും ഒന്നാമത്തെ തശഹ്ഹുദിലും ഇഫ്തിറാശിൻ്റെ ഇരുത്തം സ്വീകരിക്കുക. രണ്ടാമത്തെ തശഹ്ഹുദിൽ തവർറുകിൻ്റെ ഇരുത്തവും സ്വീകരിക്കുക.
- രണ്ട് കൈകളും കാലിൻ്റെ തുടകൾക്ക് മേൽ വെക്കുകയും, കൈവിരലുകൾ ചേർത്തു പിടിച്ച നിലയിൽ തുടക്ക് മേൽ പരത്തി വെക്കുകയും ചെയ്യുക. തശഹ്ഹുദിലും ഇതു പോലെത്തന്നെ; എന്നാൽ വലതു കൈയ്യിൻ്റെ ചെറുവിരലും മോതിരവിരലും മടക്കി വെക്കുകയും, നടുവിരലും തള്ളവിരലും കൊണ്ട് ഒരു വട്ടമുണ്ടാക്കുകയും, അല്ലാഹുവിനെ സ്മരിക്കുന്ന സന്ദർഭത്തിൽ ചൂണ്ടുവിരൽ കൊണ്ട് ചൂണ്ടുകയും ചെയ്യുക.
- സലാം വീട്ടുമ്പോൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിക്കുക.
ഉത്തരം: നിസ്കാരത്തിൻ്റെ രൂപം ഇപ്രകാരമാണ്:
- ശരീരം മുഴുവൻ ഖിബ്'ലക്ക് നേരെ തിരിക്കുക. ഖിബ്'ലയിൽ നിന്ന് ചെരിയുകയോ ദിശ മാറുകയോ ചെയ്യരുത്.
- ശേഷം അവൻ നിർവഹിക്കുന്ന നിസ്കാരം ഏതാണോ അത് മനസ്സിൽ കരുതുക. നിയ്യത്ത് ഹൃദയത്തിലാണ്; അത് നാവ് കൊണ്ട് ഉച്ചരിക്കേണ്ട കാര്യമില്ല.
- ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് തക്ബീറതുൽ ഇഹ്റാം കെട്ടുക. രണ്ട് കൈകളും ഈ സന്ദർഭത്തിൽ തോളു വരെ ഉയർത്തുക.
- ശേഷം തൻ്റെ വലതു കൈപ്പത്തി ഇടത് കൈപ്പത്തിയുടെ പുറംഭാഗത്തായി -നെഞ്ചിന് മുകളിൽ- വെക്കുക.
- ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലുക:
(സാരം:) "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
പകരമായി ഇങ്ങനെയും പറയുക:
(സാരം) "അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."
- ശേഷം അഊദു ചൊല്ലുക.
"ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു."
- ശേഷം ബിസ്മി ചൊല്ലുകയും, സൂറത്തുൽ ഫാതിഹഃ പാരായണം നടത്തുകയും ചെയ്യുക.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
"സ്തുതി (മുഴുവനും) സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു."
പരമകാരുണികനും കരുണാനിധിയും.
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്).
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല."
(ഫാതിഹഃ: 2)
ശേഷം 'ആമീൻ' പറയുക. 'അല്ലാഹുവേ! പ്രാർത്ഥനക്ക് ഉത്തരം നൽകണേ!' എന്നാണ് അതിൻ്റെ അർത്ഥം.
- ശേഷം ഖുർആനിൽ നിന്ന് സാധിക്കുന്നത് പാരായണം ചെയ്യുക. സുബ്ഹ് നിസ്കാരത്തിൽ ഈ പാരായണം അധികരിപ്പിക്കുന്നത് സുന്നത്താണ്.
- ശേഷം റുകൂഅ് ചെയ്യുക; അല്ലാഹുവിനോടുള്ള ആദരവായി കൊണ്ട് അവൻ തൻ്റെ മുതുക് കുനിക്കലാണ് റുകൂഅ്. റുകൂഇൻ്റെ സന്ദർഭത്തിൽ തക്ബീർ ചൊല്ലുകയും, രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധത്തിൽ ഉയർത്തുകയും ചെയ്യണം. മുതുക് പരത്തി വെക്കുക എന്നതും, ശിരസ്സ് അതിന് നേരെയാകും വിധം വെക്കുക എന്നതും, രണ്ട് കൈകളും മുട്ടിന് മേൽ വെക്കുകയും, വിരലുകൾ വിടർത്തിപിടിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത്.
- റുകൂഇൽ 'മഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ മൂന്നുതവണ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
- ശേഷം റുകൂഇൽ നിന്ന് തലയുയർത്തുകയും 'അല്ലാഹുവിനെ സ്തുതിച്ചവന് അവൻ ഉത്തരം നൽകിയിരിക്കുന്നു' എന്നർത്ഥമുള്ള വാക്ക് പറയുകയും ചെയ്യുക. കൈകൾ തോളിന് നേരെയാകുന്ന വിധത്തിൽ ഈ സന്ദർഭത്തിലും ഉയർത്തണം. എന്നാൽ ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്ന മഅ്മൂം ഇപ്രകാരം പറയേണ്ടതില്ല. മറിച്ച്, ഇതിന് പകരമായി 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്നർത്ഥം വരുന്ന ദിക്റാണ് അവൻ ചൊല്ലേണ്ടത്.
- റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം പറയുക: (അർത്ഥം) "ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും. ആകാശങ്ങളും ഭൂമിയും നിറയെ. അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയെ."
- ശേഷം ഒന്നാമത്തെ സുജൂദ് ചെയ്യുക. സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയണം. ഏഴ് അവയവങ്ങൾക്ക് മേലാണ് ഒരാൾ സുജൂദ് ചെയ്യേണ്ടത്; നെറ്റിയും മൂക്കും, രണ്ട് കൈപ്പത്തികൾ, രണ്ട് കാല്‍മുട്ടുകൾ, കാൽപ്പാദങ്ങളുടെ അറ്റങ്ങൾ എന്നിവയാണവ. സുജൂദിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈമുട്ടുകൾ അകറ്റി പിടിക്കണം. കൈത്തണ്ട ഭൂമിയിൽ പരത്തി വെക്കാൻ പാടില്ല. അവൻ്റെ വിരലുകൾ ഖിബ്'ലയുടെ ദിശയിലേക്ക് ആയിരിക്കുകയും വേണം.
- സുജൂദിൽ 'ഔന്നത്യമുടയവനായ എൻ്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ മൂന്നുതവണ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.
- ശേഷം 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് തലയുയർത്തുക.
- ശേഷം രണ്ട് സുജൂദുകൾക്കിടയിൽ തൻ്റെ ഇടത് കാൽ പാദത്തിന്മേൽ ഇരിക്കുകയും, വലത് കാൽപാദം നാട്ടിവെക്കുകയും, തൻ്റെ രണ്ട് കൈകളും തുടകളുടെയും കാൽമുട്ടുകളുടെയും മേൽ വെക്കുകയും ചെയ്യുക.
- രണ്ട് സുജൂദുകൾക്ക് ഇടയിലുള്ള ഇരുത്തത്തിൽ ഇപ്രകാരം പറയുക:
(സാരം:) "എൻ്റെ രക്ഷിതാവേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും ഉപജീവനം നൽകുകയും എൻ്റെ കുറവുകൾ നികത്തുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ!"
- ശേഷം രണ്ടാമത്തെ സുജൂദിലേക്ക് പോവുക; ഇത് ആദ്യത്തെ സുജൂദിനെ പോലെ തന്നെ. അവിടെ ചെയ്തതും പറഞ്ഞതും ഇവിടെയും ആവർത്തിക്കണം. സുജൂദിലേക്ക് പോകുന്ന സന്ദർഭത്തിൽ അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലുകയും വേണം.
- ശേഷം രണ്ടാമത്തെ സുജൂദിൽ നിന്ന് 'അല്ലാഹു അക്ബർ' എന്ന് ചൊല്ലിക്കൊണ്ട് എഴുന്നേൽകുക. ആദ്യത്തെ റക്അത്ത് പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിസ്കരിക്കുക; അതിൽ പറഞ്ഞതും ചെയ്തതുമെല്ലാം രണ്ടാമത്തെ റക്അത്തിലും വേണം; പ്രാരംഭപ്രാർത്ഥന ഒഴികെ.
- രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുകയും, രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരുന്ന രൂപത്തിൽ ഇവിടെ ഇരിക്കുകയും ചെയ്യുക.
- ഈ ഇരുത്തത്തിൽ തശഹ്ഹുദ് പാരായണം ചെയ്യുക.
(സാരം) "സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു."
ശേഷം അവന് ഇഷ്ടമുള്ള പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് ഇഹപരലോകത്തെ നന്മകൾ അവന് ചോദിക്കാവുന്നതാണ്.
- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.
- നിസ്കാരം മൂന്ന് റക്അത്തുള്ളതോ നാലു റക്അത്തുള്ളതോ ആണെങ്കിൽ ഒന്നാമത്തെ തശഹ്ഹുദിൻ്റെ അവസാനത്തിൽ -അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു' എന്ന ഭാഗം- വരെ അവൻ ചൊല്ലുക.
- ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് എഴുന്നേൽക്കുക. രണ്ട് കൈകളും തോളിന് നേരെ വരുന്ന രൂപത്തിൽ ഉയർത്തുകയും വേണം.
- ശേഷം ബാക്കിയുള്ള നിസ്കാരം രണ്ടാമത്തെ റക്അത്തിലേതു പോലെ പൂർത്തീകരിക്കുക; എന്നാൽ ഫാതിഹഃക്ക് ശേഷമുള്ള സൂറത്ത് ഈ റക്അത്തിൽ വേണ്ടതില്ല.
- ശേഷം തവർറുകിൻ്റെ ഇരുത്തം ഇരിക്കുക; അവൻ്റെ വലതു കാൽപാദം കുത്തി നിർത്തുകയും, ഇടതുകാൽ പാദം അവൻ്റെ വലതു കാലിൻ്റെ കണങ്കാലിന് കീഴിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്യുക. പൃഷ്ഠം ഭൂമിയിലേക്ക് അമർത്തി വെക്കുകയും, തൻ്റെ രണ്ട് കൈകളും ഒന്നാമത്തെ തശഹ്ഹുദിൽ ചെയ്തതു പോലെ കാൽത്തുടകളുടെ മേൽ വെക്കുകയും ചെയ്യുക.
- ഈ ഇരുത്തത്തിൽ തശഹ്ഹുദ് മുഴുവനായി ചൊല്ലണം.
ഉത്തരം: 'أَسْتَغْفِرُ اللّٰه' (അല്ലാഹുവേ! എനിക്ക് പൊറുത്തു തരേണമേ!) എന്ന് മൂന്ന് തവണ പറയുക.
ശേഷം ഈയർത്ഥം വരുന്ന ദുആ ചൊല്ലുക: "അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."
"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവൻ്റെ കഴിവ് നിൻ്റെ പക്കൽ പ്രയോജനപ്പെടുകയില്ല. (നിന്നിലുള്ള വിശ്വാസവും നിന്നോടുള്ള അനുസരണയും മാത്രമാണ് പ്രയോജനപ്പെടുക.)"
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. കീഴ്വണക്കം അവന് മാത്രം നിഷ്കളങ്കമാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും ശരി."
സുബ്ഹാനല്ലാഹ് (33 പ്രാവശ്യം)
അൽഹംദുലില്ലാഹ് (33 പ്രാവശ്യം)
അല്ലാഹു അക്ബർ (33 പ്രാവശ്യം)
പിന്നീട് എണ്ണം നൂറ് പൂർത്തീകരിച്ചു കൊണ്ട് പറയുക:
"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവന്നാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
സുബ്ഹ്, മഗ്രിബ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇത്രയും ചൊല്ലിയതിന് ശേഷം സൂറതുൽ ഇഖ്'ലാസും സൂറതുൽ ഫലഖും സൂറതുന്നാസും മൂന്നു തവണ വീതം പാരായണം ചെയ്യുക. മറ്റു നിസ്കാരങ്ങൾക്ക് ശേഷം ഈ സൂറത്തുകൾ ഒരു തവണ പാരായണം ചെയ്താൽ മതി.
ശേഷം ആയതുൽ കുർസിയ്യ് ഒരു തവണ പാരായണം ചെയ്യുക.
ഉത്തരം: സുബ്ഹിന് മുൻപ് രണ്ട് റക്അത്തുകൾ.
ദ്വുഹറിന് മുൻപ് നാല് റക്അത്തുകൾ.
ദ്വുഹ്റിന് ശേഷം രണ്ട് റക്അത്തുകൾ.
മഗ്രിബിന് ശേഷം രണ്ട് റക്അത്തുകൾ.
ഇശാഇന് ശേഷം രണ്ട് റക്അത്തുകൾ.
അതിന്റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തി കൊണ്ട് നബി (ﷺ) പറഞ്ഞു:
"ആരെങ്കിലും രാവിലെയും രാത്രിയുമായി പന്ത്രണ്ട് റക്അത്തുകൾ ഐഛികമായി നിസ്കരിച്ചാൽ അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്."
(മുസ്ലിം, അഹ്മദ് തുടങ്ങിയവർ ഉദ്ധരിച്ചത്)
ഉത്തരം: വെള്ളിയാഴ്ച്ച ദിവസം. നബി -ﷺ- അതിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് പറഞ്ഞു:
"നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ച ദിവസമാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം മരണപ്പെട്ടതും. അന്നാണ് അന്ത്യനാളിലെ കാഹളമൂത്ത് ഉണ്ടാവുക. അന്നാണ് (മനുഷ്യരെല്ലാം) നിലംപതിക്കുക. അതിനാൽ അന്നേ ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്."
സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങ് മണ്ണായിത്തീർന്നിരിക്കെ എങ്ങനെയാണ് ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് കാണിക്കപ്പെടുക?!"
"തീർച്ചയായും അല്ലാഹു നബിമാരുടെ ശരീരങ്ങൾ മണ്ണ് തിന്നുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു."
അബൂദാവൂദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.
ഉത്തരം: പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, നാട്ടിൽ താമസിക്കുന്ന (യാത്രക്കാരനല്ലാത്ത), പുരുഷനായ ഓരോ മുസ്ലിമിൻ്റെ മേലും വ്യക്തിപരമായ നിർബന്ധബാധ്യതയാണ് ജുമുഅ നിസ്കാരം.
അല്ലാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍."
(ജുമുഅഃ: 9)
ഉത്തരം: ജുമുഅഃ നിസ്കാരത്തിൽ നിന്ന് മതപരമായ യാതൊരു ഒഴിവുകഴിവുമില്ലാതെ പിന്തിനിൽക്കുക എന്നത് അനുവദനീയമല്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു:
"ആരെങ്കിലും മൂന്ന് ജുമുഅഃകൾ അവഗണനയോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."
അബൂദാവൂദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.
- കുളിക്കൽ.
നബി ﷺ പറഞ്ഞത് പ്രകാരം:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്."
(ബുഖാരി)
- സുഗന്ധം പുരട്ടൽ.
ഹദീഥ് കാണുക:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് മുസ്ലിമീങ്ങളുടെ മേലുള്ള ഒരു ബാധ്യതയാണ്. തൻ്റെ വീട്ടിലുള്ള സുഗന്ധം അവൻ പുരട്ടുകയും ചെയ്യട്ടെ."
(അഹ്മദ്, തിർമിദി)
- ഏറ്റവും നല്ല വസ്ത്രം ധരിക്കൽ.
"നിങ്ങളിലൊരാൾക്ക് കഴിവുണ്ടെങ്കിൽ, തൻ്റെ ജോലിയിൽ അവൻ ഉടുക്കുന്ന രണ്ട് തുണികൾക്ക് പുറമെ ജുമുഅക്ക് വേണ്ടി രണ്ട് തുണികൾ ഒരുക്കുന്നതിന് എന്താണ് ഒരു വിരോധം?"
(ഇബ്നു മാജഃ, മുവത്വഅ്)
- മസ്ജിദിലേക്ക് നേരത്തെ പുറപ്പെടുക.
- മസ്ജിദിലേക്ക് നടന്നു പോവുക.
"ആരെങ്കിലും ജുമുഅഃ ദിവസം കുളിക്കുകയും ശരീരം കഴുകി വൃത്തിയാക്കുകയും, നേരത്തെ പുറപ്പെടുകയും ആദ്യ സമയത്തു തന്നെ എത്തുകയും, (ഇമാമിനോട്) അടുത്തിരിക്കുകയും, ശ്രദ്ധിച്ചു കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ, അവൻ വെക്കുന്ന ഓരോ കാൽച്ചുവടിനും ഒരു വർഷത്തെ നോമ്പിൻ്റെയും രാത്രി നിസ്കാരത്തിൻ്റെയും പ്രതിഫലം അവനുണ്ടായിരിക്കും."
(തിർമിദി, നസാഈ)
- നബി ﷺ-യുടെ മേൽ സ്വലാത്ത് അധികരിപ്പിക്കുക.
നബി(ﷺ) പറഞ്ഞു:
"വെള്ളിയാഴ്ച്ച ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; കാരണം അത് മലക്കുകൾ സാക്ഷ്യം വഹിക്കുന്നതാണ്. നിശ്ചയമായും, ഒരാൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ, അതിൽ നിന്ന് വിരമിക്കുന്നത് വരെ അവൻ്റെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്."
ഇബ്നു മാജ ഇത് ഉദ്ധരിച്ചിരിക്കുന്നു
- സൂറതുൽ കഹ്ഫ് പാരായണം ചെയ്യുക.
"ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ, രണ്ട് ജുമുഅകൾക്കിടയിൽ അവന് പ്രകാശം ലഭിക്കുന്നതാണ്."
ഹാകിമും മറ്റുള്ളവരും നിവേദനം ചെയ്തത്.
- പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള സമയത്ത് പ്രാർത്ഥിക്കുക.
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) വെള്ളിയാഴ്ച ദിവസത്തെക്കുറിച്ച് പരാമർശിക്കവെ പറഞ്ഞു:
"വെള്ളിയാഴ്ച്ച ദിവസത്തിൽ ഒരു നിശ്ചിത സമയമുണ്ട്; ആ നേരം മുസ്ലിമായ ഒരു ദാസൻ നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് എന്തൊരു കാര്യം തേടിയാലും അല്ലാഹു അത് അവന് നൽകുക തന്നെ ചെയ്യുന്നതാണ്."
(ബുഖാരി, മുസ്ലിം)
ഉത്തരം: നിശ്ചിത സമ്പത്തുകളിൽ നിന്ന്, നിശ്ചയിക്കപ്പെട്ട ചില വിഭാഗങ്ങൾക്ക്, നിശ്ചയിക്കപ്പെട്ട ചില സമയങ്ങളിൽ നൽകേണ്ട സാമ്പത്തിക ബാധ്യതയാണത്.
- ഇസ്ലാമിലെ സ്തംഭങ്ങളിൽ ഒന്നാണത്. സമ്പന്നരിൽ നിന്ന് സ്വീകരിച്ച് ദരിദ്രരിൽ വിതരണം ചെയ്യപ്പെടേണ്ട സമ്പത്താണത്.
അല്ലാഹു പറഞ്ഞു:
"നിങ്ങൾ സകാത്ത് നല്‍കുക."
(ബഖറ: 285)
ഉത്തരം: പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെച്ചു കൊണ്ട് നിയ്യത്തോടെ ആരാധന നിർവ്വഹിക്കുന്നതിനാണ് നോമ്പ് എന്ന് പറയുക. നോമ്പ് രണ്ട് രൂപത്തിലുണ്ട്.
- നിർബന്ധ നോമ്പ്: റമദാൻ മാസത്തിലെ നോമ്പ് പോലെ, അത് ഇസ്ലാമിന്റെ സ്തംഭങ്ങളിൽ ഒന്നാണ്.
അല്ലാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്."
(ബഖറ: 285)
- നിർബന്ധമല്ലാത്ത നോമ്പ്: എല്ലാ ആഴ്ച്ചയിലെയും തിങ്കളും വ്യാഴവുമുള്ള നോമ്പുകളും, എല്ലാ മാസത്തിലെയും മൂന്നു ദിവസം നോമ്പെടുക്കലും ഉദാഹരണം. ഹിജ്റ മാസത്തിലെ 13, 14, 15 എന്നീ ദിവസങ്ങളാണ് ഓരോ മാസത്തിലെയും ഏറ്റവും ശ്രേഷ്ഠമായ നോമ്പുകൾ.