ഏറ്റവും കൂടുതൽ തിരഞ്ഞവ
رسول الإسلام محمد صلى الله عليه وسلم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ ഇസ്ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് (ﷺ) ഇസ്ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് -ﷺ- യെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം [1]. അദ്ദേഹത്തിൻ്റെ പേര്, തറവാട്, നാട്, വിവാഹം, പ്രബോധന സന്ദേശം, പ്രവാചകത്വത്തിൻ്റെ തെളിവുകൾ, മതനിയമങ്ങൾ, ശത്രുക്കൾക്ക് അദ്ദേഹത്തോടുണ്ടായിരുന്ന നിലപാട് എന്നിവ ഞാൻ ഇതിൽ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നു. [1] വിവർത്തന സൗകര്യം കൂടി പരിഗണിച്ച് റസൂൽ, മുഹമ്മദ് എന്നീ രണ്ടു പദങ്ങൾ ഒരുമിച്ചു കൊടുക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ശ്രദ്ധിക്കുമല്ലോ. 1- നബി(ﷺ)യുടെ പേര്, തറവാട്, ജനിച്ചു വളർന്ന നാട് ഇബ്റാഹീം നബി(عليه السلام)യുടെ പുത്രൻ ഇസ്മാഈൽ നബി(عليه السلام)യുടെ…
These files are generated automatically from the book's text; their layout may differ from the printed edition.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ
ഇസ്ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് (ﷺ)
ഇസ്ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് -ﷺ- യെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം [1]. അദ്ദേഹത്തിൻ്റെ പേര്, തറവാട്, നാട്, വിവാഹം, പ്രബോധന സന്ദേശം, പ്രവാചകത്വത്തിൻ്റെ തെളിവുകൾ, മതനിയമങ്ങൾ, ശത്രുക്കൾക്ക് അദ്ദേഹത്തോടുണ്ടായിരുന്ന നിലപാട് എന്നിവ ഞാൻ ഇതിൽ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നു. [1] വിവർത്തന സൗകര്യം കൂടി പരിഗണിച്ച് റസൂൽ, മുഹമ്മദ് എന്നീ രണ്ടു പദങ്ങൾ ഒരുമിച്ചു കൊടുക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ശ്രദ്ധിക്കുമല്ലോ.
1- നബി(ﷺ)യുടെ പേര്, തറവാട്, ജനിച്ചു വളർന്ന നാട്
ഇബ്റാഹീം നബി(عليه السلام)യുടെ പുത്രൻ ഇസ്മാഈൽ നബി(عليه السلام)യുടെ സന്താന പരമ്പരയിൽ പെട്ട, ഹാഷിമിൻ്റെ മകൻ അബ്ദുൽ മുത്വലിബിൻ്റെ മകൻ അബ്ദുല്ലയുടെ മകനായ 'മുഹമ്മദ്' -ﷺ- ആകുന്നു ഇസ്ലാമിൻ്റെ പ്രവാചകൻ. ഇബ്റാഹീം നബി (عليه السلام) ശാമിൽ നിന്ന് ഇണയായ ഹാജറിനും മകനായ ഇസ്മാഈലിനുമൊപ്പം മക്കയിൽ വന്നു. ഇസ്മാഈൽ അന്ന് കുഞ്ഞായിരുന്നു. അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം അദ്ദേഹം അവരെ മക്കയിൽ താമസിപ്പിച്ചു. കുട്ടി വളർന്ന് വലുതായപ്പോൾ ഇബ്റാഹീം നബി വീണ്ടും മക്കയിൽ വരികയും അവർ രണ്ടുപേരും കൂടി - ഇബ്റാഹീമും മകൻ ഇസ്മാഈലും - പരിശുദ്ധ ഭവനമായ കഅ്ബ പടുത്തുയർത്തുകയും ചെയ്തു. അങ്ങിനെ ആ ഭവനത്തിന് ചുറ്റും ജനവാസം വർധിച്ചു. അവിടം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നവരുടെയും, ഹജ്ജ് നിർവ്വഹിക്കാൻ വരുന്നവരുടെയും കേന്ദ്രമായി മാറി. നൂറ്റാണ്ടുകളോളം ജനങ്ങൾ - ഇബ്റാഹീം നബിയുടെ പാതയിൽ - അല്ലാഹുവിനെ ആരാധിക്കുന്നതിൽ തുടർന്നുപോന്നു. ശേഷം യഥാർത്ഥ മാർഗ്ഗത്തിൽ നിന്നുള്ള വ്യതിചലനം അവിടെയും സംഭവിച്ചു. വിഗ്രഹാരാധന പോലുള്ള ബഹുദൈവ ആരാധനകൾ, പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടൽ, സ്ത്രീകളോട് അതിക്രമം കാണിക്കൽ, കള്ളസാക്ഷ്യം, മദ്യപാനം, അധർമ്മങ്ങൾ, അനാഥയുടെ ധനം ഭക്ഷിക്കൽ, പലിശ തുടങ്ങിയവ ചുറ്റുമുള്ള മറ്റു നാടുകളെ പോലെ അറേബ്യൻ ഉപദ്വീപിലും പ്രകടമായി. ഈ സ്ഥലത്തും ചുറ്റുപാടിലുമാണ്, ഇസ്ലാമിൻ്റെ പ്രവാചകൻ, ഇബ്റാഹീം നബി(عليه السلام)യുടെ പുത്രൻ ഇസ്മാഈൽ നബി(عليه السلام)യുടെ സന്താന പരമ്പരയിൽ പെട്ട 'അബ്ദുല്ലയുടെ മകൻ മുഹമ്മദ്' ക്രി. 571- ൽ ജനിക്കുന്നത്. അവിടുന്ന് ജനിക്കുന്നതിന് മുമ്പ് പിതാവും തൻ്റെ ആറാമത്തെ വയസ്സിൽ മാതാവും മരണപ്പെട്ടു. ശേഷം പിതൃവ്യൻ അബൂത്വാലിബ് സംരക്ഷണം ഏറ്റെടുത്തു. ദരിദ്രനും അനാഥനുമായി നബി ജീവിച്ചു. സ്വന്തം അദ്ധ്വാനത്തിൽ നിന്നും ഭക്ഷിക്കുകയും ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു.
2- അനുഗ്രഹീത മഹതിയുമായുള്ള അനുഗ്രഹീത വിവാഹം
അദ്ദേഹത്തിന് ഇരുപത്തി അഞ്ചു വയസ്സ് പ്രായമായപ്പോൾ മക്കയിലെ മഹതിയായ ഖുവൈലിദിൻ്റെ മകൾ ഖദീജ (رضي الله عنها) യെ വിവാഹം കഴിച്ചു. അതിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ജനിച്ചു. ആൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. അതീവ സ്നേഹത്തോടെയും വാത്സല്യത്തോടെയുമായിരുന്നു തൻ്റെ ഭാര്യയോടും കുടുംബത്തോടുമുള്ള നബി -ﷺ- യുടെ പെരുമാറ്റം. അതിനാൽ തന്നെ ഖദീജ അവിടുത്തെ അതിതീവ്രമായി സ്നേഹിച്ചു. അവർ പരസ്പരം സ്നേഹം കൈമാറി. ആ മഹതിയുടെ മരണശേഷം വർഷങ്ങൾ കഴിഞ്ഞും അവിടുന്ന് -ﷺ- അവരെ മറന്നില്ല. ഖദീജയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കാൻ അവരുടെ കൂട്ടുകാരികൾക്ക് ആടിനെ അറുത്ത് അതിൻ്റെ മാംസം അവിടുന്ന് വിതരണം ചെയ്യാറുണ്ടായിരുന്നു. ആ സ്ത്രീകളോടുള്ള ആദരവും ഖദീജക്ക് മരണശേഷവും നൽകുന്ന നന്മയുമായിരുന്നു അത്.
3- വഹ്'യിൻ്റെ ആരംഭം
അല്ലാഹു നബിയെ പടച്ചത് മുതൽ മുഹമ്മദ് നബി (ﷺ) യുടെ സ്വഭാവം അത്യുന്നതമായിരുന്നു. തൻ്റെ ജനത അദ്ദേഹത്തെ വിശ്വസ്തനും സത്യസന്ധനുമെന്നായിരുന്നു വിളിച്ചിരുന്നത്. എല്ലാ നല്ല കാര്യങ്ങളിലും അദ്ദേഹം അവരോടൊപ്പം പങ്കാളിയായി. വിഗ്രഹാരാധനയെ അദ്ദേഹം വെറുക്കുകയും അതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയും ചെയ്തു. അക്കാര്യത്തിൽ ഒരിക്കലും അവരോട് പങ്കുചേർന്നില്ല.
നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അദ്ദേഹത്തെ പ്രവാചകനായി തെരെഞ്ഞെടുത്തു. ഖുർആനിൽ ആദ്യമവതരിച്ച സൂറത്തിലെ ആദ്യ വചനങ്ങളുമായി ജിബ്രീൽ (عليه السلام) എന്ന മലക്ക് അദ്ദേഹത്തിൻ്റെ അരികിൽ വന്നു. ഈ വചനങ്ങളായിരുന്നു അവ: സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിൻ്റെ നാമത്തിൽ വായിക്കുക.(1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (2) നീ വായിക്കുക, നിൻ്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു(3) പേന കൊണ്ട് പഠിപ്പിച്ചവൻ (4) മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു.(5) [സൂറത്തുൽ അലഖ്: 1-5] അങ്ങിനെ അദ്ദേഹം പേടിച്ചുവിറച്ചു തൻ്റെ ഭാര്യ ഖദീജയുടെ സമീപത്തേക്ക് വരികയും, സംഭവങ്ങൾ വിശദീകരിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു, ക്രിസ്തുമതം സ്വീകരിച്ച - തൗറാത്തും ഇൻജീലും വായിച്ച - തൻ്റെ പിതൃവ്യ പുത്രനായ 'വറഖത്ത് ബിൻ നൗഫലി'ൻ്റെ അരികിലേക്ക് അദ്ദേഹത്തെ ഖദീജ കൊണ്ടുപോയി. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: പിതൃവ്യ പുത്രാ, താങ്കളുടെ സഹോദരപുത്രൻ പറയുന്നത് കേട്ടാലും. 'വറഖത്ത്' ചോദിച്ചു: താങ്കൾ എന്താണ് കണ്ടത് ? താൻ കണ്ട കാര്യങ്ങൾ നബി (ﷺ) അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ 'വറഖത്ത്' പറഞ്ഞു: മൂസാ നബിയുടെ അടുത്തേക്ക് അല്ലാഹു അയച്ച 'നാമൂസ്' (അല്ലാഹുവിന്റെ രഹസ്യ സന്ദേശവുമായി വരുന്നവൻ) ആകുന്നു അത്. ഞാനൊരു യുവാവായിരുന്നെങ്കിൽ... താങ്കളുടെ ജനത താങ്കളെ പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുമോ?" അദ്ദേഹം പറഞ്ഞു: അതെ, താങ്കൾ കൊണ്ടുവന്നതുമായി ആരെല്ലാം നിയോഗിക്കപ്പെട്ടിട്ടുണ്ടോ അവരാരും അതിക്രമിക്കപ്പെടാതിരുന്നിട്ടില്ല. താങ്കളുടെ ആ നാളുകളിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കളെ നന്നായി സഹായിക്കുക തന്നെ ചെയ്യും. [2] [2] ഇമാം ബുഖാരിയും മുസ്ലിമും ആയിശ (റ) യിൽ നിന്നും ഉദ്ധരിച്ച ഹദീസ്. സ്വഹീഹുൽ ബുഖാരി (2) 1/7, സ്വഹീഹ് മുസ്ലിം (152) 1/139
മക്കയിൽ ഖുർആനിൻറെ അവതരണം തുടർന്നു കൊണ്ടിരുന്നു. ഖുർആനുമായി ജിബ്രീൽ (عليه السلام) പ്രവാചകൻറെ അരികിൽ വന്നുകൊണ്ടിരുന്നു. അതുപോലെ പ്രബോധനത്തിൻ്റെ വിശദാംശങ്ങളുമായും ജിബ്രീൽ അദ്ദേഹത്തിൻറെ അരികിൽ വന്നുകൊണ്ടിരുന്നു.
തൻ്റെ ജനതയെ നബി (ﷺ) ഇസ്ലാമിലേക്ക് ക്ഷണിച്ചു, ആ ജനത അവിടുത്തെ എതിർക്കുകയുംതർക്കിക്കുകയും ചെയ്തു. പ്രബോധനം ഉപേക്ഷിക്കാൻ സമ്പത്തും അധികാരവും അവർ വാഗ്ദാനം ചെയ്തു. എന്നാൽ അതെല്ലാം നബി (ﷺ) തള്ളിക്കളഞ്ഞു.മുമ്പുള്ള പ്രവാചകന്മാരോട് അവരുടെ ജനത പറഞ്ഞപോലെ മാരണക്കാരൻ, കള്ളവാദി, കളവ് പറയുന്നവൻ എന്നെല്ലാം അവിടുത്തെ കുറിച്ചും അവർ പറഞ്ഞു, പ്രയാസപ്പെടുത്തി, ദേഹോപദ്രവമേൽപ്പിച്ചു, അനുയായികളെ ഉപദ്രവിച്ചു. മക്കയിൽ പ്രവാചകൻ (ﷺ) അല്ലാഹുവിലേക്കുള്ള പ്രബോധനം നിർവ്വഹിച്ചുകൊണ്ടേയിരുന്നു. ഹജ്ജ് വേളകളിലും, ജനങ്ങൾ ഒരുമിച്ചുകൂടുന്ന ചന്തകളിലും ജനങ്ങളെ കാണുകയും അവർക്ക് ഇസ്ലാമിനെ എത്തിച്ചുകൊടുക്കുകയും ചെയ്തു. അധികാരമോ ഐഹിക സുഖങ്ങളോ കാണിച്ചു അവരെ വശീകരിക്കുകയോ, വാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല. അധികാരമോ ആധിപത്യമോ അദ്ദേഹത്തിനുണ്ടായിരുന്നുമില്ല. താൻ കൊണ്ടുവന്ന മഹത്തായ 'ഖുർആൻ' പോലുള്ളത് കൊണ്ടുവരുവാൻ പ്രബോധനത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ നബി (ﷺ) വെല്ലുവിളിച്ചു. തന്നെ എതിർക്കുന്നവരെ ഖുർആൻ കൊണ്ട് അവിടുന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു. സ്വഹാബികളിൽ നിന്ന് വിശ്വസിച്ചവർ അദ്ദേഹത്തിൽ വിശ്വസിച്ചു.
ബൈത്തുൽ മുഖദ്ദസിലേക്കുള്ള രാപ്രയാണം (ഇസ്രാഅ്), ശേഷം നടന്ന ആകാശാരോഹണം (മിഅ്റാജ്) എന്നീ മഹത്തായ ദൃഷ്ടാന്തങ്ങൾ കൊണ്ട് മക്കയിൽ വെച്ച് അല്ലാഹു നബി(ﷺ)യെ ആദരിച്ചു. ഈസാ നബിയെയും ഇൽയാസ് നബിയെയും(عليهما السلام) അല്ലാഹു ആകാശത്തേക്ക് ഉയർത്തി എന്നത് മുസ്ലികൾക്കിടയിലും ക്രൈസ്തവർക്കിടയിലും അറിയപ്പെട്ടതത്രെ. നമസ്കാരം കൊണ്ടുള്ള അല്ലാഹുവിൻ്റെ കൽപ്പന നബി (ﷺ) ക്ക് ലഭിച്ചത് വാനലോകത്ത് വെച്ചാണ്. ആ നമസ്കാരമാണ് മുസ്ലിംകൾ അഞ്ചുനേരവും നിർവ്വഹിക്കാറുള്ളത്. അവിശ്വാസികൾ കാൺകെ ചന്ദ്രൻ പിളർന്ന അത്ഭുതവും സംഭവിച്ചത് മക്കയിൽ വെച്ചുതന്നെ ആയിരുന്നു.
ഖുറൈശികൾ അദ്ദേഹത്തിൽ നിന്ന് ജനങ്ങളെ തടയുന്നതിന് എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിച്ചു. ദൃഷ്ടാന്തങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ജനങ്ങളെ അദ്ദേഹത്തിൽ നിന്ന് തടയുന്നതിനും അദ്ദേഹത്തോട് തർക്കിക്കുന്നതിനും വേണ്ടിയുള്ള തെളിവുകൾക്ക് യഹൂദികളോട് പോലും സഹായം തേടി.
ഖുറൈശികളുടെ അതിക്രമം തുടർന്നപ്പോൾ എത്യോപ്യയിലേക്ക് പാലായനം ചെയ്യാൻ പ്രവാചകൻ (ﷺ) വിശ്വാസികൾക്ക് അനുമതി നൽകി. നബി തിരുമേനി (ﷺ) പറഞ്ഞു: "അവിടെയുള്ളത് നീതിമാനായ ഭരണാധികാരിയാണ്. അയാളുടെ അരികിൽ ആരും അക്രമിക്കപ്പെടുകയില്ല". ക്രിസ്ത്യാനിയായ ഒരു ഭരണാധികാരിയായിരുന്നു അവിടെയുണ്ടായിരുന്നത്. രണ്ടു സംഘങ്ങൾ എത്യോപ്യയിലേക്ക് ഹിജ്റ ചെയ്തു. അവർ നബി (ﷺ) കൊണ്ടുവന്ന ദീൻ രാജാവിന് പരിചയപ്പെടുത്തി. അദ്ദേഹം മുസ്ലിമായി. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മൂസാ നബി (عليه السلام) കൊണ്ടുവന്നത് തന്നെയാകുന്നു ഇത്. ഒരേ വിളക്കുമാടത്തിൽ നിന്നത്രേ അതിൻ്റെ ഉത്ഭവം'. നബി തിരുമേനിയോടും അനുയായികളോടുമുള്ള ഉപദ്രവം മക്കക്കാർ തുടർന്നുകൊണ്ടിരുന്നു.
ഹജ്ജ് വേളയിൽ അദ്ദേഹത്തിൽ വിശ്വസിച്ചവരിൽ മദീനയിൽ നിന്നുള്ള ഒരു സംഘമുണ്ടായിരുന്നു. ഇസ്ലാമിൻ്റെ വിഷയത്തിലും, അവരുടെ പട്ടണത്തിലേക്ക് ചെന്നാൽ സഹായിക്കാമെന്നും അവർ പ്രവാചകനോട് ഉടമ്പടി ചെയ്തു. അന്ന് അവരുടെ നാട് 'യഥ്രിബ്' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. മക്കയിൽ അവശേഷിക്കുന്നവർക്ക് മദീനയിലേക്ക് പാലായനം ചെയ്യാൻ അദ്ദേഹം അനുമതി നൽകി. അവർ പാലായനം ചെയ്തു. ഇസ്ലാം എത്താത്ത ഒരു വീടുമില്ലാത്ത വിധം ഇസ്ലാം മദീനയിൽ പ്രചരിച്ചു.
അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് നബി (ﷺ) പതിമൂന്ന് വർഷം മക്കയിൽ കഴിച്ചുകൂട്ടി. ശേഷം മദീനയിലേക്ക് പാലായനം ചെയ്യാൻ പ്രവാചകന് അല്ലാഹു അനുമതി നൽകി. അങ്ങിനെ അദ്ദേഹവും മദീനയിലേക്ക് പാലായനം ചെയ്തു. അല്ലാഹുവിലേക്കുള്ള ക്ഷണം തുടർന്നുകൊണ്ടിരുന്നു. അവിടെവെച്ച് ഇസ്ലാമിക മത നിയമങ്ങൾ കുറേശ്ശെയായി അവതരിച്ചുകൊണ്ടിരുന്നു. രാജാക്കന്മാരെയും ഗോത്ര നേതാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ദൂതന്മാർ മുഖേന കത്തുകൾ അയക്കാൻ തുടങ്ങി. ഇങ്ങനെ കത്തുകളയച്ചവരിൽ പെട്ടവരായിരുന്നു: റോമിലെയും, പേർഷ്യയിലെയും, ഈജിപ്തിലെയും രാജാക്കന്മാർ.
മദീനയിൽ ഒരിക്കൽ സൂര്യഗ്രഹണമുണ്ടായി. ജനങ്ങൾ ഭയവിഹ്വലരായി. അതെ ദിവസമായിരുന്നു നബി (ﷺ) യുടെ പുത്രൻ ഇബ്റാഹീം മരണപ്പെട്ടത്. ഇബ്രാഹീമിൻ്റെ മരണം നിമിത്തം സൂര്യന് പോലും ഗ്രഹണം ബാധിച്ചു എന്ന് ജനങ്ങൾ പറഞ്ഞു. നബി (ﷺ) അവരോട് പറഞ്ഞു: (ആരുടെയെങ്കിലും മരണമോ ജനനമോ നിമിത്തം സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. അത് രണ്ടും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളത്രെ. അല്ലാഹു അവൻ്റെ അടിയാറുകളെ അതുമുഖേന ഭയപ്പെടുത്തുന്നു). [3] നബി (ﷺ) എങ്ങാനും കളവുപറയുന്നവനായിരുന്നു എങ്കിൽ തന്നെ കളവാക്കുന്നതിൽ നിന്ന് ജനങ്ങളെ ഭയപ്പെടുത്തുമായിരുന്നു. എൻ്റെ മകൻ്റെ മരണം നിമിത്തം സൂര്യന് ഗ്രഹണം ബാധിച്ചു; എങ്കിൽ എന്നെ കളവാക്കിയാൽ എന്തായിരിക്കുമുണ്ടാകുക എന്നായിരുന്നു അദ്ദേഹം പറയുക.
സൽസ്വഭാവങ്ങളുടെ പൂർത്തീകരണം കൊണ്ട് അല്ലാഹു റസൂൽ (ﷺ) യെ അലങ്കരിച്ചു. അല്ലാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്: "തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു." [സൂറത്തുൽ ഖലം: 4] സത്യസന്ധത, ആത്മാർത്ഥത, ധീരത, നീതി, ശത്രുക്കളോട് പോലുമുള്ള കരാർ പാലനം, ഔദാര്യം, ദരിദ്രർക്കും അഗതികൾക്കും വിധവകൾക്കും ആവശ്യക്കാർക്കും ദാനം ചെയ്യുക, അവർ സന്മാർഗ്ഗത്തിലാവാൻ ആഗ്രഹിക്കുക, കാരുണ്യവും വിനയവും കാണിക്കുക, തുടങ്ങിയ എല്ലാ നല്ല സ്വഭാവങ്ങളും അദ്ദേഹത്തിൽ സമ്മേളിച്ചിരുന്നു. അപരിചിതനായ ഒരാൾക്ക് സഹാബികൾക്കിടയിൽ നിന്ന് അദ്ദേഹത്തെ മനസ്സിലാകണമെങ്കിൽ 'ആരാണ് മുഹമ്മദ് ?' എന്ന് ചോദിക്കേണ്ടി വരുന്നത്ര വിനയത്തോടെയായിരുന്നു അവിടുത്തെ പെരുമാറ്റം.
ശത്രുക്കളോടും കൂട്ടുകാരോടും, അടുത്തവരോടും അകന്നവരോടും, ചെറിയവരോടും വലിയവരോടും, സ്ത്രീകളോടും പുരുഷന്മാരോടും എന്തിന് മൃഗങ്ങളോടും പക്ഷികളോടും വരെ എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ, അദ്ധേഹത്തിൻ്റെ ചരിത്രം പൂർണതയുടെയും കുലീനതയുടെയും അടയാളമായിരുന്നു.
അല്ലാഹു അവൻ്റെ ദീൻ പൂർത്തിയാക്കുകയും, പ്രബോധനം അതിൻ്റെ അങ്ങേയറ്റം വരെ നിർവ്വഹിക്കുകയും ചെയ്തശേഷം തൻ്റെ 63-ാം വയസ്സിൽ നബി (ﷺ) വഫാത്തായി. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് 40 വർഷവും, ശേഷം 23 വർഷം നബിയും റസൂലുമായും അവിടുന്ന് ജീവിച്ചു. മദീനയിലാണ് അവിടുന്ന് മറവുചെയ്യപ്പെട്ടത്. താൻ ഉപയോഗിച്ചിരുന്ന കോവർകഴുതയും, വഴി യാത്രക്കാർക്ക് ദാനമായി വെച്ചിരുന്ന കുറച്ച് ഭൂമിയുമല്ലാതെ സമ്പത്തോ അനന്തരസ്വത്തോ അവിടുന്ന് ബാക്കിയാക്കിയില്ല. [4] [4] സ്വഹീഹുൽ ബുഖാരി 6/15 (4461) [3] സ്വഹീഹ് മുസ്ലിം 901
നബി(ﷺ)യിൽ വിശ്വസിച്ചവരും സത്യപ്പെടുത്തിയവരും പിൻപറ്റിയവരും ധാരാളമുണ്ടായിരുന്നു. 'ഹജ്ജത്തുൽ വദാഇ'ൽ ഒരു ലക്ഷത്തിലധികം അനുയായികൾ അവിടുത്തോടൊപ്പം ഹജ്ജ് നിർവ്വഹിച്ചു. മരിക്കുന്നതിൻ്റെ ഏകദേശം മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. ഇതാകാം അല്ലാഹുവിൻ്റെ ദീനിൻ്റെ സംരക്ഷണത്തിൻ്റെയും വ്യാപനത്തിൻ്റെയും രഹസ്യം. ഇസ്ലാമിക മൂല്യങ്ങളിലും ചിട്ടയിലും നബി (ﷺ) വളർത്തിക്കൊണ്ടുവന്ന അനുയായികൾ നീതിയിലും, ഭൗതിക വിരക്തിയിലും, സൂക്ഷ്മതയിലും, കരാർപാലനത്തിലും, തങ്ങൾ വിശ്വസിച്ച ദീനിന് വേണ്ടി ചെലവഴിക്കുന്നതിലും ഏറ്റവും ഉത്തമരായ അനുയായികളുമായിരുന്നു.
വിശ്വാസത്തിലും വിജ്ഞാനത്തിലും കർമ്മങ്ങളിലും ആത്മാർത്ഥതയിലും സത്യപ്പെടുത്തുന്നതിലും ചെലവഴിക്കുന്നതിലും ധീരതയിലും ഔദാര്യത്തിലും ഏറ്റവും ശ്രേഷ്ടതയുള്ള അനുയായികൾ: അബൂബക്ർ സിദ്ധീഖ്, ഉമറുബ്നുൽ ഖത്താബ്, ഉസ്മാനുബ്നു അഫ്ഫാൻ, അലിയ്യുബ്നു അബീത്വാലിബ് (رضي الله عنهم) എന്നിവരാണ്. അദ്ദേഹത്തിൽ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്ത ആദ്യത്തെ അനുയായികളും അദ്ദേഹത്തിന് ശേഷം ദീനിൻ്റെ പതാകവാഹകരായി ഖലീഫമാരായതും അവരായിരുന്നു. ഈ മഹത്വം അവർക്കുണ്ടെങ്കിലും പ്രവാചകത്വത്തിൻ്റെ പ്രത്യേകതകളൊന്നും അവർക്കില്ല. മറ്റു സ്വഹാബികൾക്ക് പറഞ്ഞുകൊടുക്കാത്ത വല്ലതും പ്രത്യേകമായി ഇവരോട് പറഞ്ഞിട്ടില്ല.
അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ ഗ്രന്ഥവും പ്രവാചക സുന്നത്തും - ചരിത്രവും വാക്കുകളും പ്രവർത്തനങ്ങളും - അവിടുന്ന് സംസാരിച്ച ഭാഷയിൽ തന്നെ അല്ലാഹു സംരക്ഷിച്ചു. നബി (ﷺ) യുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടപോലെ ചരിത്രത്തിൽ ഒരാളുടെ ചരിത്രവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എങ്ങിനെയായിരുന്നു അവിടുന്ന് ഉറങ്ങാറുണ്ടായിരുന്നത്, ഭക്ഷിക്കാറുണ്ടായിരുന്നത്, കുടിക്കാറുണ്ടായിരുന്നത്, ചിരിക്കാറുണ്ടായിരുന്നത് ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വീട്ടിനകത്തു എങ്ങിനെയായിരുന്നു അദ്ദേഹം തൻ്റെ കുടുംബത്തോട് പെരുമാറാറുണ്ടായിരുന്നത് എന്നത് പോലും രേഖപ്പെടുത്തപ്പെട്ടു. എല്ലാം സംരക്ഷിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തു. അവിടുന്ന് മനുഷ്യനായ പ്രവാചകനത്രെ. ഒരു ദൈവിക സവിശേഷതയും അദ്ദേഹത്തിനില്ല. സ്വന്തത്തിന് ഉപകാരമോ ഉപദ്രവമോ പോലും അവിടുന്ന് ഉടമപ്പെടുത്തുന്നുമില്ല.
4 - നബി(ﷺ)യുടെ രിസാലത്
ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും ശിർക്കും കുഫ്റും അജ്ഞതയും വ്യാപകമായപ്പോഴാണ് അല്ലാഹു മുഹമ്മദ് നബി (ﷺ) യെ പ്രവാചകനായി നിയോഗിക്കുന്നത്. വേദക്കാരിൽ നിന്നും അവശേഷിക്കുന്ന എണ്ണപ്പെട്ടവരല്ലാതെ അല്ലാഹുവിൽ പങ്കുചേർക്കാതെ അവനെ ആരാധിക്കുന്നവർ ആരുമില്ലാത്ത കാലം. ഈ അവസരത്തിലാണ് അവസാന പ്രവാചകനായും നബിയായും അല്ലാഹു മുഹമ്മദ് നബി(ﷺ)യെ നിയോഗിക്കുന്നത്. മുഴുവൻ ജനതക്കും സന്മാർഗ്ഗവും സത്യദീനുമായും അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചു. മറ്റ് മതങ്ങളെ അതിജയിക്കുന്നതിന് വേണ്ടിയും, ബഹുദൈവാരാധനയുടെയും അവിശ്വാസത്തിൻ്റെയും അജ്ഞതയുടെയും കൂരിരുട്ടിൽ നിന്ന് ഏകദൈവ വിശ്വാസത്തിൻ്റെയും ഈമാനിന്റെയും പ്രകാശത്തിലേക്ക് അവരെ നയിക്കാനും. മുൻ കഴിഞ്ഞ മുഴുവൻ പ്രവാചകന്മാരുടെയും സന്ദേശത്തിൻ്റെ പൂർത്തീകരണവുമായി കൊണ്ടത്രെ അത്.
നൂഹ്, ഇബ്റാഹീം, മൂസാ, സുലൈമാൻ, ദാവൂദ്, ഈസാ(عليهم السلام) തുടങ്ങിയ പ്രവാചകന്മാരും നബിമാരും ക്ഷണിച്ച കാര്യങ്ങളിലേക്കാണ് അവിടുന്നും ജനങ്ങളെ ക്ഷണിച്ചത്. സ്രഷ്ടാവും ഉപജീവനം നൽകുന്നവനും, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനും, രാജാധിരാജനും, നിയന്താവുമായ അല്ലാഹുവാണ് രക്ഷിതാവ്, അവനിൽ നിങ്ങൾ വിശ്വസിക്കണം. അവൻ കരുണ ചൊരിയുന്നവനും ഏറെ ദയയുള്ളവനുമാണ്. നമുക്ക് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളുടെയും സ്രഷ്ടാവ് അവനാകുന്നു. അല്ലാഹു അല്ലാത്ത എല്ലാം അവൻ്റെ സൃഷ്ടികളുമാകുന്നു.
അല്ലാഹുവിനെ മാത്രം ആരാധിക്കാനും മറ്റുള്ളവയെ ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പ്രബോധനം ചെയ്തതുപോലെ അല്ലാഹു ആരാധനയിലും ആധിപത്യത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും പങ്കുകാരില്ലാത്ത ഏകനാണ് എന്ന് വ്യക്തമായി വിശദമാക്കുകയും ചെയ്തു. ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യാത്തവനും, തുല്യതയില്ലാത്തവനുമാണ് അല്ലാഹു. അവൻ ഏതെങ്കിലും ഒരു സൃഷ്ടിയിൽ അവതരിക്കുകയോ ആ രൂപം സ്വീകരിക്കുകയോ ഉണ്ടാവുകയില്ല എന്നും വ്യക്തമാക്കി.
തൗറാത്ത്, സബൂർ, ഇഞ്ചീൽ, മൂസാ ഇബ്റാഹീം (عليهما السلام) എന്നിവരുടെ ഏടുകൾ പോലുള്ള അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കണമെന്ന് അവിടുന്ന് പഠിപ്പിച്ചു. മുഴുവൻ പ്രവാചകരിലും വിശ്വസിക്കണമെന്നും ഏതെങ്കിലും ഒരു നബിയെ കളവാക്കുന്നവൻ മുഴുവൻ നബിമാരിലും അവിശ്വസിക്കുകയാണ് ചെയ്യുന്നതെന്നും മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്തു.
അല്ലാഹുവിൻ്റെ കാരുണ്യത്തെ സംബന്ധിച്ച് ജനങ്ങൾക്ക് അദ്ദേഹം സന്തോഷവാർത്ത അറിയിച്ചു. ഇഹലോകത്ത് അവരുടെ ആവശ്യങ്ങൾ ഏറ്റെടുക്കുന്നവൻ അല്ലാഹുവാണ്. കരുണാനിധിയായ രക്ഷിതാവാണ് അല്ലാഹു. ഖിയാമത്ത് നാളിൽ ഖബ്റുകളിൽ നിന്ന് എല്ലാവരെയും ഉയിർത്തെഴുന്നേൽപ്പിച്ച് വിചാരണ നടത്തുന്നവൻ അവൻ മാത്രമാണ്. സത്യവിശ്വാസികൾക്ക് ഒരു നന്മക്ക് പകരം പത്ത് നന്മകളും, ഒരു തിന്മക്ക് അതുപോലുള്ളതും അവൻ പ്രതിഫലം നൽകും. അവർക്ക് പരലോകത്ത് അനുഗ്രഹത്തിൻ്റെ സ്ഥിരവാസ കേന്ദ്രമുണ്ട്. ആരെങ്കിലും അവിശ്വസിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അതിൻ്റെ ഫലം അവൻ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും.
പ്രവാചകൻ മുഹമ്മദ് നബി (ﷺ) പ്രബോധനത്തിൽ തൻ്റെ ഗോത്രത്തെയോ, നാടിനെയോ, തന്നെയോ മഹത്വവൽക്കരിച്ചില്ല. ഖുർആനിൽ അവിടുത്തെ പേര് പറയപ്പെട്ടതിനേക്കാൾ കൂടുതൽ തവണ നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ (عليهم السلام) തുടങ്ങിയ നബിമാരുടെ പേരുകൾ പറയപ്പെട്ടു. മുഹമ്മദ് നബിﷺയുടെ മാതാവിൻ്റെയോ ഭാര്യമാരുടെയോ പേരുകളും ഖുർആനിൽ പരാമർശിക്കപ്പെട്ടില്ല. എന്നാൽ മൂസാ നബിയുടെ ഉമ്മയെ സംബന്ധിച്ച് ഒന്നിലധികം തവണയും മറിയം (عليها السلام) യെ സംബന്ധിച്ച് 35 പ്രാവശ്യവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
മതമോ ബുദ്ധിയോ ശുദ്ധപ്രകൃതിയോ എതിരാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും, സൽസ്വഭാവം നിരസിക്കുന്ന കാര്യങ്ങളിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബി (ﷺ) പാപസുരക്ഷിതനാണ്. അല്ലാഹുവിൽ നിന്നുള്ള സന്ദേശം എത്തിച്ചുനൽകുന്ന വിഷയത്തിൽ എല്ലാ നബിമാരും പാപസുരക്ഷിതരത്രെ. കാരണം അവരാണ് അല്ലാഹുവിൻ്റെ കൽപ്പനകൾ എത്തിച്ചുകൊടുക്കാൻ നിയോഗിക്കപ്പെട്ടവർ. ഒരു നബിയും ആരാധനകൾക്കർഹനല്ല. സൃഷ്ടിപ്പിൽ അവർക്ക് യാതൊരു പങ്കുമില്ല. അവർ മറ്റു മനുഷ്യരെപ്പോലുള്ള മനുഷ്യരാണ്; അല്ലാഹുവിൻ്റെ സന്ദേശം വഹ്'യായി അവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് അവരുടെ പ്രത്യേകത.
മുഹമ്മദ് നബി (ﷺ) യുടെ രിസാലത്ത് പ്രവാചകൻ്റെ കാലത്ത് ഉണ്ടായിരുന്നത് പോലെ ഇന്നും നിലനിൽക്കുന്നു എന്നത് തന്നെ അത് അല്ലാഹുവിൽ നിന്നുള്ള വഹ്'യാണ് എന്നതിനുള്ള ഏറ്റവും വലിയ സാക്ഷ്യമാണ്. ഒരു ബില്യണിലധികം ആളുകൾ ആ മതമനുസരിച്ച് ജീവിക്കുന്നു. നമസ്കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയ മതപരമായ നിർബന്ധ കർമ്മങ്ങൾ ഒരു മാറ്റവുമില്ലാതെ അനുവർത്തിക്കുകയും ചെയ്യുന്നു.
5 - പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളും തെളിവുകളും അടയാളങ്ങളും
പ്രവാചകന്മാരെ അവരുടെ പ്രവാചകത്വത്തിന് തെളിവായി ചില ദൃഷ്ടാന്തങ്ങൾ നൽകി അല്ലാഹു ശക്തിപ്പെടുത്തും. ദൃശ്യമായ ചില അടയാളങ്ങൾ അവർക്ക് അവൻ നൽകും. ഓരോ കാലത്തെയും ജനതക്ക് വിശ്വസിക്കാൻ മതിയായ തെളിവുകൾ എല്ലാ നബിമാർക്കും അല്ലാഹു നൽകിയിട്ടുണ്ട്. നബിമാർക്ക് നല്കപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും മഹത്തായത് മുഹമ്മദ് നബി (ﷺ) ക്ക് അല്ലാഹു നൽകിയ വിശുദ്ധ ഖുർആനാണ്. കാരണം അതാണ് ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്ന ഏക ദൃഷ്ടാന്തം. അതല്ലാത്ത ധാരാളം അമാനുഷിക ദൃഷ്ടാന്തങ്ങളും മുഹമ്മദ് നബി (ﷺ) ക്ക് അല്ലാഹു നൽകിയിട്ടുണ്ട്. അതിൽ പെട്ടതാണ്:
ഇസ്രാഅ്, മിഅ്റാജ്, ചന്ദ്രൻ പിളർന്നത്, വരൾച്ച ബാധിച്ചപ്പോൾ പ്രവാചകൻ്റെ പ്രാർത്ഥന നിമിത്തം ധാരാളം സന്ദർഭങ്ങളിൽ മഴ വർഷിച്ചത്.
കുറഞ്ഞ ഭക്ഷണവും വെള്ളവും ധാരാളമാളുകൾക്ക് ഭക്ഷിക്കാനും കുടിക്കാനും കഴിയുന്ന രൂപത്തിൽ വർധിച്ചത്.
പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം, ഗുഹാവാസികളുടെ ചരിത്രം പോലുള്ള ഒരാൾക്കും വിശദമായി അറിയാത്ത, കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലാഹു അറിയിച്ചത് പ്രകാരം അദ്ദേഹം വിവരിച്ചത്.
ശാമിലുള്ളവർക്ക് കാണാൻ കഴിയുന്ന തരത്തിൽ ഹിജാസിൽ നിന്ന് പുറപ്പെടുന്ന തീ, കെട്ടിടങ്ങൾ പണിയുന്നതിലുള്ള ജനങ്ങളുടെ മത്സരം പോലുള്ള ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു അറിയിച്ചത് പ്രകാരം പ്രവചിച്ചത്. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ അപ്പടിതന്നെ സംഭവിച്ചിട്ടുണ്ട്.
ജനങ്ങളിൽ നിന്ന് അല്ലാഹു നബിﷺക്ക് നൽകിയ സംരക്ഷണം
സഹാബികളോട് മുഹമ്മദ് നബി ﷺ നൽകിയ വാഗ്ദാനങ്ങൾ സത്യമായി പുലർന്നത് കാണാം. ഉദാഹരണത്തിന്: (പേർഷ്യയും റോമും നിങ്ങൾ വിജയിച്ചടക്കുകയും അവിടെയുള്ള നിധികൾ നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുകയും ചെയ്യും)
മലക്കുകളെ കൊണ്ട് അല്ലാഹു പ്രവാചകനെ ശക്തിപ്പെടുത്തിയത്.
മുൻകഴിഞ്ഞ നബിമാർ അവരുടെ ജനതയോട് മുഹമ്മദ് നബി(ﷺ)യുടെ പ്രവാചകത്വത്തെ സംബന്ധിച്ച് സന്തോഷവാർത്ത അറിയിച്ചത്. മൂസാ, ദാവൂദ്, സുലൈമാൻ, ഈസാ (عليهم السلام) തുടങ്ങിയ ബനൂ ഇസ്രാഈല്യരിലെ പ്രവാചകന്മാർ മുഹമ്മദ് നബിﷺയെ പറ്റി സന്തോഷവാർത്ത അറിയിച്ചവരിൽ പെട്ടവരാണ്.
ശരിയായ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ബുദ്ധിപരമായ തെളിവുകളും ഉപമകളും [5] വിവരിച്ചത്. [5] ഉദാ: "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും ഒരിക്കലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിൻ്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ." (സൂറത്തുൽ ഹജ്ജ് : 73)
ഖുർആനിലും സുന്നത്തിലും വ്യാപിച്ചുകിടക്കുന്ന ബുദ്ധിപരമായ ഇത്തരം തെളിവുകളും ഉദാഹരണങ്ങളും ധാരാളമാണ്. അതിനെക്കുറിച്ചറിയാൻ താൽപര്യമുള്ളവർ ഖുർആനും ഹദീസ് ഗ്രന്ഥങ്ങളും നബിചരിത്രങ്ങളും വായിക്കട്ടെ. ഖണ്ഡിതമായ തെളിവുകൾ അതിലുണ്ട്.
ഈ പറയപ്പെട്ട ദൃഷ്ടാന്തങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ അറേബ്യയിലെ നബിﷺയുടെ ശത്രുക്കളായിരുന്ന അവിശ്വാസികളും യഹൂദ ക്രൈസ്തവരും അവിടുത്തെ ﷺ കളവാക്കാനും ജനങ്ങളെ നബിയിൽ നിന്ന് അകറ്റാനും അത് ഒരവസരമായി കണക്കാക്കുമായിരുന്നു.
വിശുദ്ധ ഖുർആൻ അല്ലാഹു മുഹമ്മദ് നബി (ﷺ) ക്ക് ദിവ്യസന്ദേശമായി നൽകിയ വേദഗ്രന്ഥമാകുന്നു. അത് സർവ്വലോക രക്ഷിതാവിൻ്റെ വചനങ്ങളാണ്. അതുപോലുള്ളതോ അതിലെ ഒരു അധ്യായത്തിന് സമാനമായതോ കൊണ്ടുവരുവാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചു. ആ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു. ദശലക്ഷക്കണക്കിന് മനുഷ്യർ ആശയക്കുഴപ്പത്തിലായ പ്രാധാന്യമുള്ള ധാരാളം ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. അത് അവതരിപ്പിക്കപ്പെട്ട അറബി ഭാഷയിൽ തന്നെ ഇന്നും അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു; ഒരു അക്ഷരം പോലും കുറവ് വരാതെ തന്നെ. അത് പ്രിൻറ് ചെയ്യപ്പെടുകയും വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. അമാനുഷികവും മഹത്തരവുമായ ഗ്രന്ഥമാകുന്നു അത്. ജനങ്ങൾക്ക് അവതരിക്കപ്പെട്ട ഏറ്റവും മഹത്തായ ഗ്രന്ഥവുമത്രെ അത്. വായിച്ചിരിക്കേണ്ട ഗ്രന്ഥമാണത്. ഖുർആനിന്റെ ആശയവിവർത്തണമെങ്കിലും വായിക്കുക. അത് വായിക്കാനും അതിൽ വിശ്വസിക്കാനും കഴിയാത്തവന് എല്ലാ നന്മകളും നഷ്ടമായി. നബി (ﷺ) യുടെ ചര്യയും ജീവചരിത്രവും വിശ്വസ്തരായ റിപ്പോർട്ടർമാരിലൂടെ സൂക്ഷിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നബി (ﷺ) സംസാരിച്ചിരുന്ന അറബി ഭാഷയിൽ - അവിടുന്ന് നമ്മോടൊപ്പം ജീവിക്കുന്നത് പോലെ - അത് അച്ചടിക്കപ്പെട്ടിട്ടുമുണ്ട്. അത് ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇസ്ലാമിക നിയമങ്ങളുടെ സ്രോതസ്സ് വിശുദ്ധ ഖുർആനും നബി (ﷺ) യുടെ ചര്യയുമാണ്.
6- മുഹമ്മദ് നബി (ﷺ) കൊണ്ടുവന്ന ശരീഅത്ത്
നബി (ﷺ) കൊണ്ടുവന്ന ശരീഅത്ത് അത് ഇസ്ലാമാണ്. അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങളുടെയും സന്ദേശങ്ങളുടെയും അവസാനവുമാകുന്നു അത്. മുൻകഴിഞ്ഞ നബിമാരുടെ ശരീഅത്തിനോട് അടിസ്ഥാനങ്ങളിൽ യോജിക്കുന്നതുമാണത്. മതനിയമങ്ങളുടെ വിഷയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും.
പൂർണമായതും എല്ലാ കാലത്തിനും സ്ഥലത്തിനും യോജിച്ചതുമാണത്. ജനങ്ങളുടെ ഭൗതിക കാര്യങ്ങളിലേയും ദീനിലേയും നന്മ അതിലുണ്ട്. നമസ്കാരം, സകാത് പോലെ അടിമകളുടെ മേൽ നിർബന്ധമായ എല്ലാ ആരാധനകളും അതിൽ അടങ്ങിയിട്ടുണ്ട്. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും, യുദ്ധപരവും, പ്രകൃതിപരവും മറ്റുമുള്ള മനുഷ്യ ജീവിതം ആവശ്യപ്പെടുന്ന എല്ലാ ക്രയവിക്രയങ്ങളും അതിൽ അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും ഏതാണെന്നും ഈ ശരീഅത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ജനങ്ങളുടെ ദീനിനും രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും ബുദ്ധിക്കും അവരുടെ സന്താനങ്ങൾക്കും ഈ ശരീഅത് സംരക്ഷണമേകുന്നു. എല്ലാ നന്മയും പുണ്യവും അതിലുണ്ട്. എല്ലാ തിന്മയെയും ചീത്തയെയും ശരീഅത് എതിർക്കുന്നു. മനുഷ്യനെ മാന്യതയിലേക്ക് അത് ക്ഷണിക്കുന്നു. മധ്യമ നിലപാടിലേക്കും നീതിയിലേക്കും ശരീഅത് ക്ഷണിക്കുന്നു. ഇഖ്ലാസ് (അല്ലാഹുവിൽ മറ്റാരെയും പങ്കുചേർക്കാതെ ആത്മാർത്ഥമായി അവനുവേണ്ടി മാത്രം പ്രവർത്തിക്കാൻ), വൃത്തി, സ്നേഹം, കൃത്യത, മറ്റുള്ളവർക്ക് നന്മ ഇഷ്ടപ്പെടൽ, ജീവൻ സംരക്ഷിക്കൽ, നാടിൻ്റെ സമാധാനം സൂക്ഷിക്കൽ തുടങ്ങിയ സൽഗുണങ്ങളിലേക്ക് ഇസ്ലാമിക ശരീഅത് ക്ഷണിക്കുന്നു. അന്യായമായി ജനങ്ങളെ ഭീതിപ്പെടുത്തുന്നതും ഭയപ്പാട് സൃഷ്ടിക്കുന്നതും ശരീഅത് നിഷിദ്ധമാക്കുന്നു. അതിക്രമത്തിനും കുഴപ്പത്തിനും എല്ലാ രൂപത്തിലും ഭാവത്തിലും പ്രവാചകൻ (ﷺ) എതിരായിരുന്നു. അന്ധവിശ്വാസവും, ബ്രഹ്മചര്യവും, പൗരോഹിത്യവും പ്രവാചകൻ എതിർത്തു.
സ്ത്രീ-പുരുഷ ഭേദമന്യേ മനുഷ്യനെ അല്ലാഹു ആദരിച്ചു എന്ന് പ്രവാചകൻ മുഹമ്മദ് (ﷺ) വിശദമാക്കി. അവരുടെ എല്ലാ അവകാശങ്ങളും അവൻ സംരക്ഷിച്ചു. അവൻ്റെ എല്ലാ തെരെഞ്ഞെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പെരുമാറ്റങ്ങളുടെയും ഉത്തരവാദിത്തം അവനിലാണെന്നും, തനിക്കുതന്നെയോ മറ്റുള്ളവർക്കോ ഉപദ്രവമാകുന്ന തന്റെ ഏത് പ്രവർത്തനത്തിൻ്റെയും ഉത്തരവാദിത്തം അവൻ തന്നെ ഏറ്റെടുക്കണം എന്നും പഠിപ്പിച്ചു. വിശ്വാസത്തിലും ഉത്തരവാദിത്തത്തിലും പ്രതിഫലത്തിലും സ്ത്രീയും പുരുഷനും സമമാണ്. മാതാവായും മകളായും ഭാര്യയായും സഹോദരിയായും സ്ത്രീയെ ഇസ്ലാം പ്രത്യേകം പരിഗണിച്ചു.
പ്രവാചകൻ മുഹമ്മദ് നബി (ﷺ) കൊണ്ടുവന്ന മതം ബുദ്ധിയെ സംരക്ഷിക്കുന്നു. മദ്യപാനം പോലെ ബുദ്ധിയെ ദുഷിപ്പിക്കുന്ന എല്ലാം നിഷിദ്ധമാക്കി. ബുദ്ധിക്ക് അതിൻ്റെ വഴി പ്രകാശപൂരിതമാക്കുന്ന വിളക്കായി ദീനിനെ ഇസ്ലാം പരിഗണിച്ചു; അറിവോടെയും ഉൾക്കാഴ്ചയോടെയും മനുഷ്യൻ തൻ്റെ നാഥനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി. ബുദ്ധിയുടെ സ്ഥാനം ഉയർത്തുകയും മതനിയമങ്ങൾ ബാധകമാവുന്നതിനുള്ള കാരണം ബുദ്ധിയായി നിശ്ചയിക്കുകയും ചെയ്തു. ബഹുദൈവത്വത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റെയും സകല ചങ്ങലക്കെട്ടുകളിൽ നിന്നും ബുദ്ധിയെ സ്വതന്ത്രമാക്കി.
യഥാർത്ഥ ശാസ്ത്രത്തെ ഇസ്ലാം ബഹുമാനിക്കുന്നു. മോശമായ ഇച്ഛകളിൽ നിന്ന് മുക്തമായ വൈജ്ഞാനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്വന്തത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കാൻ അതാവശ്യപ്പെടുന്നു. ശരിയായ ശാസ്ത്രീയ കണ്ടെത്തലുകൾ ഒരിക്കലും മുഹമ്മദ് നബി (ﷺ) കൊണ്ടുവന്നതിന് എതിരാവുകയില്ല.
ഇസ്ലാമിൽ ഒരു വിഭാഗത്തിനും മറ്റൊരു വിഭാഗത്തെക്കാൾ പ്രത്യേകതയില്ല. ഒരു ജനതക്കും മറ്റൊരു ജനതയെക്കാൾ മുൻഗണനയില്ല. എല്ലാവരും അതിലെ നിയമങ്ങൾക്ക് മുന്നിൽ തുല്യരാണ്. കാരണം എല്ലാവരും അവരുടെ ഉത്ഭവത്തിൽ തുല്യരാണ്. തഖ്'വ കൊണ്ടല്ലാതെ ഒരുവിഭാഗം മറ്റൊരു വിഭാഗത്തേക്കാളും, ഒരു ജനത മറ്റൊരു ജനതയെക്കാളും പ്രത്യേകമാകുന്നില്ല. എല്ലാ കുഞ്ഞും ശുദ്ധപ്രകൃതിയിൽ ജനിക്കുന്നു എന്നാണ് പ്രവാചകൻ മുഹമ്മദ് നബി (ﷺ) അറിയിച്ചത്. പാപികളായോ മറ്റുള്ളവരുടെ പാപാമേറ്റെടുത്തോ ഒരാളും ജനിക്കുന്നില്ല.
ഇസ്ലാം പശ്ചാത്താപം അനുവദിച്ചു. അല്ലാഹുവിലേക്കുള്ള മടക്കവും പാപങ്ങൾ വെടിയലുമാണത്. ഇസ്ലാം മുമ്പുള്ള പാപങ്ങളെ മായ്ചുകളയുന്നു (ഒരാൾ മുസ്ലിമായാൽ അതിന് മുമ്പ് ചെയ്തുപോയ പാപങ്ങൾ മായ്ക്കപ്പെടുന്നു എന്നർത്ഥം). പശ്ചാത്താപം അതിന് മുമ്പുള്ള പാപങ്ങളെ മായ്ചുകളയുന്നു. ഒരാളുടെ തെറ്റും മറ്റൊരു മനുഷ്യൻ്റെ മുമ്പിൽ ഏറ്റുപറയേണ്ട ആവശ്യം ഇല്ലതന്നെ. മനുഷ്യനും അല്ലാഹുവും തമ്മിൽ നേരിട്ടുള്ള ബന്ധമാണ് ഇസ്ലാമിലുള്ളത്. അല്ലാഹുവിൻ്റെയും മനുഷ്യൻ്റെയും ഇടയിൽ ഒരു ഇടയാളനും ആവശ്യമില്ല. മനുഷ്യനെ ആരാധ്യനാക്കുന്നതും, അല്ലാഹുവിനുള്ള ആരാധനയിലോ രക്ഷാകർതൃത്വത്തിലോ പങ്കാളിയാക്കുന്നതും ഇസ്ലാം നിരോധിക്കുന്നു.
പ്രവാചകൻ മുഹമ്മദ് (ﷺ) യുടെ ശരീഅത്ത് മുൻകഴിഞ്ഞ മുഴുവൻ ശരീഅത്തുകളെയും ദുർബലമാക്കുന്നതാണ്. കാരണം അതാണ് അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട, ഖിയാമത്ത് നാൾ വരെയുള്ള അവസാന ശരീഅത്ത്. അത് മുഴുവൻ ജനതക്കുമുള്ളതാണ്. അതിനാൽ അതിനു മുമ്പുള്ളതിനെ അത് ദുർബലമാക്കി - മുൻകഴിഞ്ഞ ശരീഅത്തുകൾ ഒന്ന് മറ്റൊന്നിനെ ദുർബലമാക്കിയത് പോലെ-. ഇസ്ലാമല്ലാത്ത ഒരു ശരീഅത്തും അല്ലാഹു സ്വീകരിക്കുകയില്ല. മുഹമ്മദ് നബി (ﷺ) കൊണ്ടുവന്ന ഇസ്ലാം മതമല്ലാത്തതൊന്നും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഇസ്ലാമല്ലാത്ത വല്ലതിനെയും ആരെങ്കിലും മതമായി പുണർന്നാൽ അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. ഈ ശരീഅത്തിലെ വിധിവിലക്കുകളുടെ വിശദീകരണങ്ങൾ അറിയാൻ താൽപര്യമുള്ളവർ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന വിശ്വസ്തമായ ഗ്രന്ഥങ്ങൾ അന്വേഷിക്കട്ടെ.
ഇസ്ലാമിക ശരീഅത്തിൻ്റെ ലക്ഷ്യം - അല്ലാഹുവിൽ നിന്ന് അവതീർണമായ മുഴുവൻ സന്ദേശങ്ങളുടെയും ലക്ഷ്യം പോലെ - : മനുഷ്യൻ ശരിയായ മതമുൾക്കൊണ്ട് സർവ്വലോക രക്ഷിതാവിൻ്റെ നിഷ്കളങ്കനായ അടിമയായിത്തീരുകയും ഭൗതികതയുടെയും അന്ധവിശ്വാസത്തിൻ്റെയും അടിമത്തത്തിൽ നിന്ന് മോചിതാനാവുകയും ചെയ്യുക എന്നതാണ്.
എല്ലാ കാലത്തിനും സ്ഥലത്തിനും യോജിച്ചതത്രെ ഇസ്ലാം. മനുഷ്യൻ്റെ ശരിയായ നന്മകളോട് എതിരാവുന്ന ഒന്നും അതിലില്ല തന്നെ. കാരണം മനുഷ്യരെ അറിയുന്ന അല്ലാഹുവിൽ നിന്നുള്ളതത്രെ അത്. അവരുടെ ആവശ്യങ്ങളെല്ലാം അറിയുന്ന റബ്ബിൽ നിന്നുള്ളത്. പരസ്പരം വൈരുദ്ധ്യമില്ലാത്ത, മാനവരാശിയെ നന്നാക്കിത്തീർക്കുന്ന ഒരു ശരീഅത്ത് മനുഷ്യന് ആവശ്യമാണ്. അത് മനുഷ്യന് ഉണ്ടാക്കാൻ സാധ്യവുമല്ല. അത് അല്ലാഹുവിൽ നിന്നുള്ളതാവണം. ജനങ്ങളെ അത് നന്മയിലേക്ക് നയിക്കണം. അതിൻ്റെ വിധിയനുസരിച്ചുള്ള പ്രവർത്തനം അവരുടെ കാര്യങ്ങൾ നന്നാക്കിത്തീർക്കുകയും, പരസ്പരമുള്ള അതിക്രമങ്ങളിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യണം.
7- മുഹമ്മദ് നബിﷺയുടെ എതിരാളികളുടെ അവിടുത്തോടുള്ള നിലപാട് അവരുടെ സാക്ഷ്യമാകുന്നു
എല്ലാ നബിമാർക്കും അവരെ പ്രബോധനത്തിൽ നിന്ന് തടയുന്ന, അവരിൽ വിശ്വസിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതുമായ ശത്രുക്കളുണ്ടായിട്ടുണ്ട്. അല്ലാഹുവിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ) ക്കും അദ്ദേഹത്തിൻ്റെ ജീവിതകാലത്തും മരണശേഷവും ധാരാളം ശത്രുക്കളുണ്ടായിട്ടുണ്ട്. അല്ലാഹു പ്രവാചകനെ വിജയിപ്പിച്ചു.അവിടുന്ന് ﷺ അല്ലാഹുവിന്റെ റസൂലാണ് എന്നതിനും, മുൻകഴിഞ്ഞ പ്രവാചകന്മാർ കൊണ്ടുവന്നത് പോലുള്ളതാണ് അവിടുന്നും കൊണ്ടുവന്നത് എന്നതിനും, ആധുനികരും പൗരാണികരുമായ ധാരാളം പേർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുഹമ്മദ് നബി ﷺ സത്യപ്രവാചകനാണെന്ന് അവർക്കറിയാം. എന്നാൽ നബിﷺയിൽ വിശ്വസിക്കാൻ അവർക്ക് തടസ്സമായത് മറ്റു പല സംഗതികളുമാണ്. അധികാരമോഹം, ജനങ്ങളോടുള്ള ഭയം, സ്ഥാനമാനങ്ങളിലൂടെ ലഭിക്കുന്ന സമ്പത്ത് നഷ്ടപ്പെട്ടുപോകുമോയെന്ന പേടി എന്നിവയാണ് അവരെ നബിﷺയിൽ വിശ്വസിക്കുന്നതിൽ നിന്ന് തടഞ്ഞത്.
ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!
Related books
All books
നബിയുടെ നിസ്കാരം82 ഭാഷകൾനബിയുടെ നിസ്കാരം
നബിയുടെ നിസ്കാരം - ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഈ ഗ്രന്ഥത്തിൽ നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ രൂപം ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. ലളിതമായ ശൈലിയോടെയും സൂക്ഷ്മമായ രീതിയിലും സ്ഥിരപ്പെട്ട പ്രമാണങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥം ഒരു മുസ്ലിമിന് തൻ്റെ നിസ്കാരം ക്രമീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വുദൂഅ് മുതൽ സലാം വീട്ടുന്നത് വരെയുള്ള നിസ്കാരത്തിൻ്റെ റുക്നുകളും സുന്നത്തുകളും രൂപങ്ങളും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്. നിസ്കാരവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലുമുള്ള തെളിവുകളും അവയുടെ വിവരണവും ഈ ഗ്രന്ഥത്തിൽ ശൈഖ് ഒരുമിപ്പിച്ചിരിക്കുന്നു. ഇസ്ലാമിലെ…
المنهج لمريد العمرة والحج17 ഭാഷകൾالمنهج لمريد العمرة والحج
كتيب يحتوي على دليل مفصل حول مناسك الحج والعمرة، يشرح بدقة الخطوات والآداب الواجب اتباعها خلال تأدية هذه الشعائر. يبدأ بالتأكيد على أهمية الحج في الإسلام كونه أحد أركان الإسلام الخمسة. ويشدد على ضرورة الإخلاص في النية واتباع سنة النبي محمد صلى الله عليه وسلم في جميع الأفعال والأقوال أثناء تأدية هذه الشعيرة المباركة.
പുതുമുസ്ലിമിന് ചില ലളിതപാഠങ്ങൾ32 ഭാഷകൾപുതുമുസ്ലിമിന് ചില ലളിതപാഠങ്ങൾ
തയ്യാറാക്കിയത് മുഹമ്മദ് അശ്ശഹ്'രി 1441 - 2020 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം
രാവിലത്തെയും വൈകുന്നേരത്തേയും പ്രാർത്ഥനകൾ57 ഭാഷകൾരാവിലത്തെയും വൈകുന്നേരത്തേയും പ്രാർത്ഥനകൾ
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ "അല്ലാഹു - അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനായ 'അൽ-ഹയ്യ്'. എല്ലാം നിയന്ത്രിക്കുന്നവനായ 'അൽ-ഖയ്യൂം'. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവൻ്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവൻ്റെ പാദപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്…