Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 9 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "(സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ എന്താണ് ?" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് അഹ്മദ് ഉദ്ധരിച്ചത്
മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്; (അയാളുടെ തിന്മകൾ രേഖപ്പെടുത്തിയ) തൊണ്ണൂറ്റി ഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ നിരത്തപ്പെടും. അതിലെ ഓരോ ഏടും കണ്ണെത്തുംദൂരം വരെയുണ്ട്. ശേഷം അയാളോട് ചോദിക്കും: "ഇതിൽ എന്തെങ്കിലുമൊന്ന് നീ നിഷേധിക്കുന്നുണ്ടോ? (പ്രവർത്തനങ്ങൾ) രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അനീതി കാണിച്ചിട്ടുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അല്ലാഹു ചോദിക്കും: "നിനക്ക് എന്തെങ്കിലും ന്യായമുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: "എങ്കിൽ നിനക്കായി എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം കാണിക്കപ്പെടുന്നതല്ല." അങ്ങനെ ഒരു 'കാർഡ്' (ചീട്ട്) പുറത്തെടുക്കപ്പെടും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നാണ് അതിലുള്ളത്." ശേഷം (അല്ലാഹു) പറയും: നിൻ്റെ (കർമ്മങ്ങളുടെ) ഭാരം തൂക്കി നോക്കൂ. അപ്പോൾ അയാൾ പറയും: "എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ 'കാർഡ്' എന്താകാനാണ്?" അല്ലാഹു പറയും: "നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല." നബി -ﷺ- പറയുന്നു: "അങ്ങനെ ഈ ഏടുകൾ ഒരു തട്ടിലും, 'കാർഡ്' മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ കനം കുറഞ്ഞു പോവുകയും, 'കാർഡ്' കനം തൂങ്ങുകയും ചെയ്യും. (കാരണം) അല്ലാഹുവിൻ്റെ നാമത്തോടൊപ്പം യാതൊന്നും കനം തൂങ്ങുകയില്ല."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ)
നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?" മൂന്ന് തവണ അവിടുന്ന് അക്കാര്യം പറഞ്ഞു. അയാൾ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അത് മറ്റുള്ളതിനെ ഇല്ലാതെയാക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂ യഅ്ലാ, ത്വബ്റാനീ, ദ്വിയാഅ് അൽമഖ്ദിസി)