ഏറ്റവും കൂടുതൽ തിരഞ്ഞവ
اعتقاد الأئمة الأربعة
നാല് ഇമാമുകളുടെയും വിശ്വാസങ്ങൾ ആമുഖം ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു നമ്മുടെ തിന്മകളിൽ നിന്നും നമ്മുടെ പ്രവൃത്തികളുടെ തിന്മകളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. അവൻ നേർമാർഗത്തിലാക്കുന്നവരെ വഴിപിഴപ്പിക്കാനാർക്കുമാകില്ല, അവൻ വഴിതെറ്റിക്കുന്നവരെ നേർമാർഗത്തിലാക്കാനുമാവില്ല. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്(ﷺ) അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ…
This PDF is generated automatically from the book's text; its layout may differ from the printed edition.
നാല് ഇമാമുകളുടെയും വിശ്വാസങ്ങൾ
ആമുഖം
ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു നമ്മുടെ തിന്മകളിൽ നിന്നും നമ്മുടെ പ്രവൃത്തികളുടെ തിന്മകളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. അവൻ നേർമാർഗത്തിലാക്കുന്നവരെ വഴിപിഴപ്പിക്കാനാർക്കുമാകില്ല, അവൻ വഴിതെറ്റിക്കുന്നവരെ നേർമാർഗത്തിലാക്കാനുമാവില്ല. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്(ﷺ) അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്'' (ആലു ഇംറാൻ: 102) ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽനിന്നു തന്നെ അതിൻ്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക). തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.'' (നിസാഅ്:1) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവൻ്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു.'' (അഹ്സാബ്:70, 71) ''മതത്തിൻ്റെ മൗലിക തത്വങ്ങൾ ഇമാം അബൂഹനീഫ(رحمه الله)യുടെ വീക്ഷണത്തിൽ''എന്ന വിഷയത്തെ ആസ്പദിച്ച് ഡോക്ടറേറ്റ് നേടുന്നതിന് വേണ്ടി വിശാലമായൊരു ഗവേഷണപ്രബന്ധം ഞാൻ തയ്യാറാക്കിയിരുന്നു. അതിൻ്റെ മുഖവുരയിൽ മാലിക്, ശാഫിഈ, അഹ്മദ് എന്നീ മൂന്നു ഇമാമുകളുടെയും വിശ്വാസപാഠങ്ങളുടെ ഒരു സംഗ്രഹം ഉൾകൊള്ളിച്ചിരുന്നു. ചില മാന്യസുഹൃത്തുക്കൾ ഈ മൂന്നു ഇമാമുകളുടെയും വിശ്വാസപാഠങ്ങൾ വേർതിരിച്ച് അവതരിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. 'നാല് ഇമാമുകളുടെയും വിശ്വാസങ്ങൾ' എന്ന വിഷയപൂർത്തീകരണത്തിനായി എൻ്റെ ഗവേഷണപഠനത്തിൽ തൗഹീദിലും, ഖദ്റിലും, ഈമാനിലും, സ്വഹാബത്തിലും; ഇമാം അബൂഹനീഫക്കുള്ള വിശ്വാസങ്ങൾ, വചനശാസ്ത്ര വിജ്ഞാനത്തോടുള്ള അദ്ദേഹത്തിൻ്റെ നിലപാട് എന്നിവയെ സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിരുന്നതിൻ്റെ ഒരു ചുരുക്ക വിവരണം കൂടി ആ മുഖവുരയിലേക്ക് കൂട്ടിചേർത്തിരിക്കുകയാണ്.
ഈ കൃത്യം മുഖേന അല്ലാഹുവിൻ്റെ മഹത്തായ വജ്ഹിനെ മാത്രമാണ് ഞാൻ കാംക്ഷിക്കുന്നത്. അവൻ്റെ വേദത്തിൽ നിന്നും സന്മാർഗം സ്വീകരിക്കാനും തിരുദൂതരുടെ ചര്യയിൽ സഞ്ചരിക്കാനും നമ്മെയെല്ലാം അവൻ അനുഗ്രഹിക്കട്ടെ. ഈ ലക്ഷ്യത്തിനു പിന്നിൽ അല്ലാഹുവാണ്. അവൻ നമുക്ക് മതിയായവനും ഏറ്റവും നല്ല കാര്യസ്ഥനുമാണ്.
അവസാനത്തെ നമ്മുടെ പ്രാർത്ഥന 'സർവസ്തുതിയും ലോകനാഥനായ അല്ലാഹുവിന്നാകുന്നു' എന്നത്രെ.
ഡോ. മുഹമ്മദ് അബ്ദുർറഹ്മാൻ അൽഖമീസ്
അദ്ധ്യായം: ഒന്ന്
മതത്തിൻ്റെ മൗലികവിഷയങ്ങളിലെല്ലാം നാലു ഇമാമുകളുടെയും വിശ്വാസം ഒന്നുതന്നെ
'ഈമാൻ' എന്ന വിഷയമൊഴികെ
അബൂഹനീഫ, മാലിക്, അഹ്മദ്, ശാഫിഈ, എന്നീ നാല് ഇമാമുകളുടെയും വിശ്വാസങ്ങൾ ഖുർആനും സുന്നത്തും മൊഴിഞ്ഞതും, സ്വഹാബത്തും, അവരെ നല്ല നിലയിൽ പിന്തുടർന്ന താബിഉകളും നിലകൊണ്ടിരുന്നതും തന്നെയാണ്. ഇമാമുകൾക്കിടയിൽ മതത്തിൻ്റെ അടിസ്ഥാന വിഷയങ്ങളിൽ യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല (അൽഹംദു ലില്ലാഹ്). എന്നുമാത്രമല്ല, അല്ലാഹുവിൻ്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ് - സൃഷ്ടിയല്ല, ഹൃദയവും നാവും വിശ്വാസത്തെ സത്യപ്പെടുത്തണം... എന്നിവകളിൽ അവർ ഏകാഭിപ്രായക്കാരാണ്. അതിനും പുറമെ, ഗ്രീക് തത്വശാസ്ത്രവും വചനശാസ്ത്ര ചിന്താധാരകളും സ്വാധീനിച്ചിരുന്ന, ജഹ്'മിയാക്കളും മറ്റുമടങ്ങിയ വചന ശാസ്ത്ര വക്താക്കളെ ഇമാമുകൾ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ശൈഖുൽ ഇസ്ലാം ഇബ്നുതീമിയ്യ തൻ്റെ 'അൽഈമാൻ' എന്ന ഗ്രന്ഥത്തിൽ (പേജ്:350, 351)പറയുന്നു: ''...എന്നാൽ ജഹ്’മികളായ വചനശാസ്ത്രക്കാർ ഖുർആനിൻ്റെയും, ഈമാനിൻ്റെയും, അല്ലാഹുവിൻ്റെ സ്വിഫാത്തുകളുടെയും വിഷയങ്ങളിൽ നടത്തിയ വാദമുഖങ്ങളെ സമുദായത്തിൽ സൽകീർത്തിയുണ്ടായിട്ടുള്ള നാല് ഇമാമുകളെ പോലുള്ളവരും മറ്റും നിശിതമായി എതിർത്തിരുന്നു എന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അവർ, പരലോകത്ത് അല്ലാഹുവിനെ ദർശിക്കാം, ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ് - സൃഷ്ടിയല്ല, ഈമാനിൽ നാവുകൊണ്ടും ഹൃദയം കൊണ്ടും സത്യപ്പെടുത്തൽ നിർബന്ധം... എന്നിങ്ങനെ സലഫുകൾക്കുണ്ടായിരുന്ന നിലപാടുകളിൽ ഏകോപിച്ചിരുന്നു''. അദ്ദേഹം തന്നെ തൻ്റെ 'മിൻഹാജുസുന്ന' വാള്യം:2 പേജ്: 106-?ൽ പറയുന്നു: ''പ്രസിദ്ധരായ എല്ലാ ഇമാമുകളും അല്ലാഹുവിൻ്റെ സ്വിഫാതുകളെ (വിശേഷണങ്ങളെ) സ്ഥാപിക്കുന്നവരാണ്. 'ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ്-സൃഷ്ടിയല്ല എന്നും, പരലോകത്ത് അല്ലാഹുവിനെ ദർശിക്കുമെന്നും അവർ പറഞ്ഞിരുന്നു.' സ്വഹാബത്തിൻ്റെയും അഹ്ലുൽബൈതിൽ നിന്നും മറ്റുമുള്ള അവരുടെ ശരിയായ പിൻഗാമികളുടെയും വീക്ഷണവും ഇതുതന്നെ. മാലിക് ബിനു അനസ്, ഥൗരി, ലൈഥു ബ്നുസഅദ്, ഔസാഈ, അബൂഹനീഫ, ശാഫിഈ, അഹമദ് തുടങ്ങിയ സ്വീകാര്യയോഗ്യരായ ഇമാമുകളുടെ വീക്ഷണവും അതാണ് ശാഫിഈ ഇമാമിൻ്റെ വിശ്വാസത്തെ കുറിച്ച് ചോദിച്ചതിന് ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ ഇങ്ങനെ മറുപടി നൽകി: ''ഫുളൈൽബിൻ ഇയാള്, അബൂസുലൈമാനു ദ്ദാറാനി, സഹലുബ്നു അബ്ദില്ലാ തസ്തുരി തുടങ്ങിയ അനുകരണീയരായ മഹത്തുക്കളുടെ വിശ്വാസം തന്നെയാണ് ശാഫിഈ(رحمه الله)യുടെ വിശ്വാസവും. ഈ സമുദായത്തിലെ പൂർവ്വ സൂരികളായ മാലിക്, ഥൗരി, ഔസാഇ, ഇബ്നു മുബാറക്, അഹമദുബിൻ ഹമ്പൽ, ഇസ്ഹാഖു ബിനുറാഹവൈഹി പോലുള്ളവരുടെ വിശ്വാസവും അതുതന്നെ. ഈ ഇമാമുകൾക്കിടയിലോ ഇവരെപോലുള്ളവർക്കോ മതത്തിൻ്റെ അടിസ്ഥാനകാര്യങ്ങളിൽ യാതൊരുവിധ ഭിന്നതയുമില്ല.
ഇമാം അബൂഹനീഫ(رحمه الله)യുടെ കാര്യവും അങ്ങനെ തന്നെ. തൗഹീദ്, ഖദ്ർ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിൽ നിന്നും സ്ഥിരപ്പെട്ടുവന്നിട്ടുള്ളതെല്ലാം മറ്റു ഇമാമുകളുടെ വിശ്വാസത്തോട് യോജിക്കുന്നു. അവരുടെ വിശ്വാസമാകട്ടെ, ഖുർആനും സുന്നത്തും മൊഴിഞ്ഞതും, സ്വഹാബത്തും നല്ല നിലയിൽ അവരെ പിന്തുടർന്ന താബിഉകളും നില കൊണ്ടിരുന്നതുമായിരുന്നു. (മജ്മൂഉൽ ഫതാവാ 5:256)
മഹാപണ്ഡിതനായിരുന്ന സിദ്ദീഖ് ഹസൻ ഖാനും ഇതേ വീക്ഷണക്കാരനാണ്. അദ്ദേഹം പറയുന്നത് കാണുക: 'നമ്മുടെ ആദർശം സലഫുകളുടെ ആദർശം തന്നെ. അതായത്, സ്വിഫാതുകളെ സാദൃശ്യപ്പെടുത്താതെ സ്ഥാപിക്കുക, നിഷേധിക്കാതെ പരിശുദ്ധമാക്കുക. ഇതുതന്നെയാണ് ഇമാമുകളായ മാലിക്, ശാഫിഈ, ഥൗരി, ഇബ്നുമുബാറക്, അഹമദ്... തുടങ്ങിയ ഇസ്ലാമിക പണ്ഡിതന്മാരുടെയും ആദർശം. ഈ ഇമാമുകൾക്കിടയിലൊന്നും ദീനിൻ്റെ ഉസൂലുകളിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല. ഇമാം അബൂഹനീഫ(رحمه الله)യിൽ നിന്നും സ്ഥിരപ്പെട്ടുവന്നിട്ടുള്ള വിശ്വാസപാഠങ്ങൾ മറ്റു ഇമാമുകളോട് യോജിക്കുന്നതും ഖുർആനും സുന്നത്തും മൊഴിഞ്ഞതും തന്നെയാണ്' (ഖത്വഫ് ഥമർ പേജ് : 47, 48).
അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദ് എന്നീ അനുകരിക്കപ്പെടുന്ന നാല് ഇമാമുകളും മതത്തിൻ്റെ മൗലിക വിഷയങ്ങളിൽ വിശ്വസിച്ചിരുന്ന ആദർശവും വചനശാസ്ത്ര വിജ്ഞാനത്തോടുള്ള അവരുടെ സമീപനവും എന്തായിരുന്നെന്ന് അവരുടെ തന്നെ പ്രസ്താവനകളിലൂടെ ഇനി നമുക്ക് വിലയിരുത്താം.
അദ്ധ്യായം: രണ്ട്
ഇമാം അബൂഹനീഫയുടെ വിശ്വാസം
തൗഹീദ്: അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ
A) ഏകദൈവാരാധനയിലുള്ള അദ്ദേഹത്തിൻ്റെ വിശ്വാസവും മതപരമായ തവസ്സുലിൻ്റെ വിശദീകരണവും നൂതന തവസ്സുലിൻ്റെ നിഷേധവും
1) ഇമാം അബൂഹനീഫ പറയുന്നു: 'അല്ലാഹു കൽപിക്കുകയും അനുവാദം നൽകുകയും ചെയ്ത പ്രാർത്ഥനകളല്ലാതെ, അവൻ മുഖേനയല്ലാതെ അല്ലാഹുവോട് ഒരാൾക്കും പ്രാർത്ഥിക്കാവതല്ല. ഖുർആനിൽനിന്നും ഇതു മനസ്സിലാക്കാം. അല്ലാഹു പറഞ്ഞു
'അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവൻ്റെ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തുവന്നതിൻ്റെ ഫലം അവർക്ക് വഴിയെ നൽകപ്പെടും' (സൂറത്ത് അഅ്റാഫ് 180)
2) ഇമാം അബൂഹനീഫ പറയുന്നു: 'നബിമാരുടെയും റസൂലുകളുടെയും ഹഖു കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഇന്ന വ്യക്തിയുടെ ഹഖുകൊണ്ടോ ബൈതുൽ ഹറാമിൻ്റെയോ മശ്അറുൽ ഹറാമിൻ്റെയോ ഹഖുകൊണ്ട് ചോദിക്കുന്നു, എന്നോ ഒരാൾ പ്രാർത്ഥിക്കുന്നത് വെറുക്കപ്പെട്ടതാണ്.' (ശർഹു അഖീദത്തി ത്വഹാവിയ്യ, പേജ് 234-ലും ഇത്ഹാഫ് സാദതുൽ മുതഖീൻ 2/285 ലും ഖാരിയുടെ ശറഹുൽഫിഖ്ഹിൽ അക്ബർ, പേജ്:198-ലും നോക്കുക)
3) തവസ്സുൽ വൽ വസീല പേജ്:82-ലും ശർഹു ഫിഖ്ഹുൽ അക്ബർ:198-ലും അബൂഹനീഫ പറയുന്നതായി ഇങ്ങനെ ഉദ്ധരിക്കുന്നു: 'അല്ലാഹുവിനെ കൊണ്ടല്ലാതെ അല്ലാഹുവോട് ഒരാൾക്കും പ്രാർത്ഥിക്കാവതല്ല. 'സൃഷ്ടികളുടെ ഹഖ്കൊണ്ട്' എന്നോ 'നിൻ്റെ സിംഹാസനത്തിലെ പ്രതാപത്തിൻ്റെ സങ്കേതം മുഖേന' എന്നോ പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല'.
B) അല്ലാഹുവിൻ്റെ സ്വിഫാതുകളെ സ്ഥാപിക്കുകയും ജഹ്’മികളെ ഖണ്ഡിക്കുകയും ചെയ്യുന്നു
4) അദ്ദേഹം പറയുന്നു: സൃഷ്ടികളുടെ വിശേഷണങ്ങൾ കൊണ്ട് അല്ലാഹുവിനെ വിശേഷിപ്പിക്കരുത്. അവൻ്റെ കോപവും തൃപ്തിയും രൂപങ്ങൾ സങ്കൽപ്പിക്കാൻ പറ്റാത്ത വിശേഷണങ്ങളിൽപെട്ട രണ്ടെണ്ണമാണ്. ഇതാണ് അഹ്ലു സുന്നത്തി വൽ ജമാഅത്തിൻ്റെ വീക്ഷണം. അല്ലാഹു കോപിക്കും അവൻ തൃപ്തിപ്പെടും, എന്നാൽ അവൻ്റെ കോപം ശിക്ഷയാണെന്നോ തൃപ്തി പ്രതിഫലമാണെന്നോ പറയാവതല്ല. അവൻ സ്വന്തത്തെ വിശേഷിപ്പിച്ചത് മാത്രം നമ്മളും വിശേഷിപ്പിക്കുക. അവൻ ഏകനും പരാശ്രയമുക്തനുമാണ്. അവൻ ജനിച്ചതല്ല, ജനിപ്പിച്ചിട്ടുമില്ല. അവനു തുല്ല്യമായി യാതൊന്നുമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വശക്തനും എല്ലാം കേൾക്കുന്നവനും കാണുന്നവനും അറിയുന്നവനുമാണ്. അവൻ്റെ കരം അവരുടെ കരങ്ങൾക്കു മീതെയാണ്, എന്നാൽ അത് സൃഷ്ടികളുടെ കൈകൾ പോലെയല്ല, അവൻ്റെ മുഖം അവൻ്റെ സൃഷ്ടികളുടെ മുഖങ്ങളെപോലെയുമല്ല'. (ഫിഖ്ഹുൽ അബ്സ്വത്വ്, പേജ്:56)
5) ഫിഖ്ഹുൽ അക്ബർ പേജ് 302-ൽ അദ്ദേഹം വീണ്ടും പറയുന്നു: 'അല്ലാഹു ഖുർആനിൽ പറയുന്നതുപോലെ അവന്ന് മുഖവും മനസ്സും കയ്യുമുണ്ട്. അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ള മുഖവും, കയ്യും, മനസ്സും രൂപം നൽകാൻ പാടില്ലാത്ത അവൻ്റെ വിശേഷണങ്ങളിൽപെട്ടതാണ്. അവൻ്റെ കൈ ശക്തിയാണന്നോ അല്ലെങ്കിൽ അനുഗ്രഹമാണന്നോ പറയാവതല്ല. കാരണം, അത് അവൻ്റെ വിശേഷണത്തെ നിഷേധിക്കലാണ്. അതാകട്ടെ, ഖദ്'രികളുടേയും മുഅ്തസിലുകളുടെയും രീതിയാണ്'.
6) അദ്ദേഹം വീണ്ടും പറയുന്നു: 'അല്ലാഹുവിൻ്റെ സത്തയെ കുറിച്ച് യാതൊന്നും ഉരിയാടാൻ ഒരാൾക്കും അവകാശമില്ല, അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതു മാത്രം അവനെ വിശേഷിപ്പിക്കുകയല്ലാതെ, ഉന്നതനും അനുഗ്രഹപൂർണ്ണനുമായ ലോകരക്ഷിതാവിനെ സംബന്ധിച്ച് വല്ലവരുടെയും അഭിപ്രായത്തിൽ എന്തെങ്കിലും പറയാനും പാടില്ല'. ശർഹുഅഖീദത്തുത്വഹാവിയ്യ: 2/427, ജലാലുൽ ഐനൈനി പേജ്:368)
7) അല്ലാഹുവിൻ്റെ ഇറക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'രൂപപ്പെടുത്താനാവാത്ത വിധം അവൻ ഇറങ്ങുന്നു'. (അഖീദതുസ്സലഫ് അസ്ഹാബുൽ ഹദീഥ,് പേജ്:42, ബൈഹഖിയുടെ അൽ അസ്മാഉ വസ്വിഫാത്ത്, പേജ് : 456, ശർഹു അഖീദത്തുത്വ ഹ്വാവിയ പേജ് : 245 ഖാരിയുടെ ഫിഖ്ഹുൽ അക്ബർ പേജ്:60 എന്നിവ കാണുക.)
8) വീണ്ടും അബൂഹനീഫ പറഞ്ഞു: 'ഉന്നതനായ അല്ലാഹുവിനെ വിളിക്കേണ്ടത് മുകൾഭാഗത്തേക്കാണ്, താഴ്ഭാഗത്തേക്കല്ല. കാരണം താഴ്ഭാഗമെന്നത് ഉലൂഹിയ്യത്തിന്റേയും റുബൂബിയ്യത്തിന്റേയും വിശേഷണവുമായി ഒട്ടും ബന്ധമില്ലാത്തതാണ്'. (ഫിഖ്ഹുൽ അബ്സ്വത്വ്)
9) അദ്ദേഹം വീണ്ടും പറയുന്നു: 'അവൻ കോപിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നു. അവൻ്റെ കോപമെന്നത് അവൻ്റെ ശിക്ഷയാണെന്നോ അവൻ്റെ തൃപ്തി എന്നത് അവൻ്റെ പ്രതിഫലമാണെന്നോ പറഞ്ഞുകൂടാത്തതാണ്. ' (ഫിഖ്ഹുൽ അബ്സ്വത്വ് പേജ്:56)
10) വീണ്ടും അദ്ദേഹം പറഞ്ഞു: 'അവൻ്റെ സൃഷ്ടികളുടെ വസ്തുക്കളിൽ യാതൊരു വസ്തുവുമായി അവന് സാദൃശ്യമില്ല. അവൻ്റെ സൃഷ്ടികളുമായും അവന് സാദൃശ്യമില്ല. അവൻ അനാദിയിൽ തന്നെ തൻ്റെ നാമവിശേഷണങ്ങളോടെയുള്ളവനും എന്നെന്നും നിലകൊള്ളുന്നവനുമാണ്'. (ഫിഖ്ഹുൽ അക്ബർ: പേജ്:301)
11) അദ്ദേഹം വീണ്ടും പറഞ്ഞു: 'അവൻ്റെ വിശേഷണങ്ങൾ സൃഷ്ടികളുടെ വിശേഷണങ്ങളിൽനിന്നും വിഭിന്നമാണ്. അവൻ അറിയുന്നു എന്നാൽ നമ്മുടെ അറിവുപോലെയല്ല. അവന്ന് ശക്തിയുണ്ട് എന്നാൽ നമുക്കുള്ള ശക്തിപോലെയല്ല. അവൻ കാണുന്നു പക്ഷെ, നമ്മുടെ കാഴ്ച്ചപോലെയല്ല. അവൻ കേൾക്കുന്നു എന്നാൽ നമ്മുടെ കേൾവിപോലെയല്ല. അവൻ സംസാരിക്കുന്നു എന്നാൽ നമ്മുടെ സംസാരംപോലെയല്ല'. (ഫിഖ്ഹുൽ അക്ബർ പേജ്:302)
12) അദ്ദേഹം വീണ്ടും പറയുന്നു: 'സൃഷ്ടികളുടെ വിശേഷണങ്ങൾകൊണ്ട് അല്ലാഹുവിനെ വിശേഷിപ്പിക്കരുത്'.(ഫിഖ്ഹുൽ അബ്സ്വത് പേജ്:56)
13) അദ്ദേഹം വീണ്ടും പറയുന്നു: 'മനുഷ്യരുടെ ആശയങ്ങളിൽ നിന്ന് ഏതെങ്കിലുമൊരു ആശയവുമായി അല്ലാഹുവിനെ വിശേഷിപ്പിക്കുന്നവൻ അവിശ്വസിച്ചിരിക്കുന്നു'. (അഖീദത്തുത്വഹാവിയ, അൽബാനിയുടെ അടിക്കുറിപ്പുസഹിതം പേജ് : 25
14) അദ്ദേഹം വീണ്ടും പറയുന്നു: 'അവന് സത്താവിശേഷണവും പ്രവർത്തനവിശേഷണവുമുണ്ട്, അവൻ്റെ സത്താവിശേഷണമെന്നത് ചൈതന്യം, ശക്തി, സംസാരം, അറിവ്, കേൾവി, കാഴ്ച, തീരുമാനം എന്നിവയാണ്. അവൻ്റെ പ്രവർത്തനവിശേഷണമെന്നത് സൃഷ്ടിക്കുക, ഉപജീവനം നൽകുക, ഉണ്ടാക്കുക, മുൻമാതൃകയില്ലാതെ പുതുമയോടെ പടക്കുക, നിർമാണം നടത്തുക എന്നിങ്ങനെയുള്ള പ്രവർത്തനവിശേഷണങ്ങളാണ്. അവൻ്റെ നാമവിശേഷണങ്ങളോടെ അവൻ അനാദിയായിട്ടുള്ളവനും എന്നെന്നും നിലകൊള്ളുന്നവനുമാണ്. (ഫിഖ്ഹുൽ അക്ബർ, പേജ്:301)
15) അദ്ദേഹം വീണ്ടും പറയുന്നു: 'അവൻ അനാദിയിലേ തൻ്റെ ക്രിയയുടെ കർത്താവായിട്ടുള്ളവനാണ്. ക്രിയ നടത്തുക എന്നത് അനാദിയായിട്ടുള്ള വിശേഷണമാണ്. കർത്താവ് മഹാനായിട്ടുള്ള അല്ലാഹുവാണ്. ക്രിയ അനാദിയായ വിശേഷണവും കർമം സൃഷ്ടിക്കപ്പെട്ടതുമാണ്. അല്ലാഹുവിൻ്റെ ക്രിയനടത്തൽ സൃഷ്ടിക്കപ്പെട്ടതല്ല'. (ഫിഖ്ഹുൽ അക്ബർ പേജ്:301)
16) അദ്ദേഹം വീണ്ടും പറയുന്നു. 'വല്ലവനും 'എൻ്റെ രക്ഷിതാവ് ആകാശത്താണോ ഭൂമിയിലാണോ എന്നെനിക്കറിയില്ല' എന്നുപറഞ്ഞാൽ അവൻ അവിശ്വസിച്ചു. അപ്രകാരം തന്നെയാണ് 'അവൻ സിംഹാസനത്തിന്മേലാണ് എന്നാൽ സിംഹാസനം ആകാശത്താണോ ഭൂമിയിലാണോ എന്നെനിക്കറിയില്ല' എന്നു പറയുന്നതും'. (ഫിഖ്ഹുൽ അബ്സ്വത്വ് പേജ്:46, ഇതുപോലെതന്നെ മജ്മുഉൽഫതാവ 5/48ലും ഇബ്നുൽ ഖയ്യിമിൻ്റെ ഇജ്തിമാഉൽജുയൂശുൽ ഇസ്ലാമിയ്യ പേജ്:139 ലും ദഹബിയുടെ ഉലുവ്വിലും പേജ്:101, 102,ഇബ്നു ഖുദ്ദാമയുടെ ഉലുവ്വിൽ പേജ് 116 ലും ശറഹുൽ ത്വഹാവിയയുടെ പേജ് 301 ലും ഉദ്ദരിച്ചിട്ടുണ്ട്.)
17) 'നീ ആരാധിച്ചു കൊണ്ടിരിക്കുന്ന നിൻ്റെ ദൈവം എവിടെ?'' എന്ന് തന്നോട് ചോദിച്ച സ്ത്രീയോട് അദ്ദേഹം പറഞ്ഞു: ''മഹാ പരിശുദ്ധനായ അല്ലാഹു ആകാശത്താണ്, ഭൂമിയിലല്ല''. അപ്പോൾ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു ''അവൻ നിങ്ങളോടൊപ്പമുണ്ട്'' എന്ന ഖുർആനിക വചനത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? (ഹദീദ്: 4) ''അത് നീ അപ്രത്യക്ഷനായിരിക്കെ ഒരാൾക്ക് കത്തെഴുതുമ്പോൾ 'ഞാൻ നിൻ്റെ കൂടെയുണ്ട്', എന്ന് എഴുതുന്നതുപോലെയാണ്.' (അസ്മാഉവസ്സിഫാത്, പേജ്:429)
18) അതുപോലെ വീണ്ടും അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിൻ്റെ കൈ അവരുടെ കൈകൾക്കു മീതെയാണ്. അത് അവൻ്റെ സൃഷ്ടികളുടെ കൈകളെ പോലെയല്ല.' (ഫിഖ്ഹുൽ അബ്സ്വത്വ് പേജ് 56
19) അദ്ദേഹം വീണ്ടും പറയുന്നു: 'മഹാപരിശുദ്ധനായ അല്ലാഹു ആകാശത്താണ് ഭൂമിയിലല്ല' അപ്പോൾ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ''അവൻ നിങ്ങളോടൊപ്പമുണ്ട്'' എന്ന ഖുർആനിക വചനത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? (ഹദീദ്: 4) അത് നീ അപ്രത്യക്ഷനായിരിക്കെ ഒരാൾ കത്തെഴുതുമ്പോൾ 'ഞാൻ നിൻ്റെ കൂടെയുണ്ട്' എന്ന് എഴുതുന്നതുപോലെയാണ്. (അസ്മാഉവസ്സിഫാത് 2/170)
20) അദ്ദേഹം വീണ്ടും പറഞ്ഞു: 'അല്ലാഹു മൂസാനബി (عليه السلام) യോട് സംസാരിച്ചിരുന്നിട്ടില്ലെങ്കിലും അവൻ സംസാരിക്കുന്നവനായിരുന്നു'.(ഫിഖ്ഹുൽ അക്ബർ:302)
21) അദ്ദേഹം വീണ്ടും പറയുന്നു: 'അവൻ്റെ സംസാരം കൊണ്ട് അവൻ സംസാരിക്കുന്നവനാണ്. സംസാരം എന്നത് അനാദിയിലുള്ള വിശേഷണമാണ്' (ഫിഖ്ഹുൽ അക്ബർ പേജ് 301)
22) അദ്ദേഹം വീണ്ടും പറയുന്നു. 'അവൻ സംസാരിക്കുന്നു എന്നാൽ നമ്മുടെ സംസാരം പോലെയല്ല'. (ഫിഖ്ഹുൽ അക്ബർ പേജ്:302)
23) അദ്ദേഹം വീണ്ടും പറയുന്നു: 'മൂസാ നബി (عليه السلام) അല്ലാഹുവിൻ്റെ സംസാരം കേട്ടിട്ടുണ്ട്. അപ്രകാരമാണ് അല്ലാഹു പറയുന്നത്: 'മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു' നിസാഅ്: 164
മൂസാ(عليه السلام)യോട് അല്ലാഹു സംസാരിച്ചിട്ടില്ലെങ്കിൽ തന്നെ അല്ലാഹു സംസാരിക്കുന്നവനായിട്ടുള്ളവനാണ്'. (ഫിഖ്ഹുൽ അക്ബർ പേജ്:302)
24) വീണ്ടും അദ്ദേഹം പറഞ്ഞു: 'ഖുർആൻ അല്ലാഹുവിൻ്റെ വചനമാകുന്നു. അത് മുസ്ഹഫുകളിൽ എഴുതപ്പെട്ടിരിക്കുന്നു, ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെടുന്നു, നാവുകളിൽ പാരായണം ചെയ്യപ്പെടുന്നു. നബി(ﷺ) ക്ക് അവതരിക്കപ്പെട്ടിരിക്കുന്നു.' (ഫിഖ്ഹുൽ അക്ബർ പേജ്:301)
25) അദ്ദേഹം വീണ്ടും പറയുന്നു: 'ഖുർആൻ സൃഷ്ടിക്കപ്പെട്ടതല്ല.' (ഫിഖ്ഹുൽ അക്ബർ പേജ്301)
C) ഇമാം അബൂഹനീഫയുടെ വാക്കുകൾ ഖദ്റ്:
1) ഒരു മനുഷ്യൻ ഇമാം അബൂഹനീഫയുടെ അടുത്തുവന്നു ഖദ്റിൻ്റെ (വിധി വ്യവസ്ഥയുടെ) വിഷയത്തിൽ തർക്കിക്കാൻ തുടങ്ങി. അപ്പോൾ അയാളോട് പറഞ്ഞു: ഖദ്റിൻ്റെ വിഷയത്തിൽ ഗഹനമായ ഗവേഷണത്തിലേർപ്പെടുന്നത് സൂര്യൻ്റെ കണ്ണുകളിലേക്ക് നോക്കാൻ ശ്രമിക്കുന്നതുപോലെയാണ്. അതിലേക്ക് കൂടുതൽ നോക്കുന്തോറും കൂടുതൽ പരിഭ്രാന്തിയുണ്ടാകുന്നു. (ഖലാഇദു ഉഖൂദിൽ ഇഖ്യാൻ പേജ്: 77)
2) ഇമാം അബൂഹനീഫ പറയുന്നു: വസ്തുക്കൾ ഉണ്ടാകുന്നതിനുമുമ്പേ, അവയെക്കുറിച്ചുള്ള അനാദിയായ അറിവുള്ളവനാണ് അല്ലാഹു (ഫിഖ്ഹുൽ അക്ബർ പേജ്:302, 303)
3) അദ്ദേഹം വീണ്ടും പറയുന്നു: ശൂന്യമായൊരു വസ്തുവിൻ്റെ ശൂന്യാവസ്ഥയിൽ അത് ശൂന്യമാണെന്ന് അല്ലാഹു അറിയുന്നു, അതേസമയംതന്നെ അതിനെ അവൻ ഉണ്ടാക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നും അവൻ അറിയുന്നു, നിലവിലുള്ള ഏതൊന്നിൻ്റെയും ഉണ്മയുടെ സ്ഥിതി അതു നിലനിൽക്കെതന്നെ അവൻ അറിയുന്നു, അതേ സമയം തന്നെ അത് എങ്ങനെ നാശമടയുമെന്നും അവൻ അറിയുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്:302, 303)
4) ഇമാം അബൂഹനീഫ പറയുന്നു: അവൻ്റെ വിധിവ്യവസ്ഥ (ഖദ്ർ) സംരക്ഷിതഫലകത്തിൽ (ലൗഹുൽമഹ്ഫൂളിൽ) ആകുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്:302)
5) അദ്ദേഹം വീണ്ടും പറയുന്നു. അല്ലാഹു തആലാ പേനയോട് എഴുതാൻ കൽപ്പിച്ചു. അപ്പോൾ ആ പേന ചോദിച്ചു: രക്ഷിതാവേ എന്താണ് ഞാൻ എഴുതേണ്ടത്? അപ്പോൾ മഹാനായ അല്ലാഹു പറഞ്ഞു: അന്ത്യനാൾവരേക്കും സംഭവിക്കുന്നതെല്ലാം നീ എഴുതുക. ഇതു നാം അംഗീകരിക്കുന്നത് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുന്നതുകൊണ്ടാണ്: അവർ പ്രവർത്തിച്ച മുഴുവൻ കാര്യങ്ങളും രേഖകളിലുണ്ട് ഏത് ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്. (ഖമർ:52,53)
6) വീണ്ടും ഇമാം അബൂഹനീഫ പറയുന്നു: അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഇഹലോകത്തോ പരലോകത്തോ യാതൊന്നും ഉണ്ടാകുകയില്ല. (ഫിഖ്ഹുൽ അക്ബർ പേജ്:302)
7) വീണ്ടും ഇമാം അബൂഹനീഫ പറയുന്നു: യാതൊരു വസ്തുവിൽ നിന്നുമല്ലാതെ തന്നെ അല്ലാഹു പല വസ്തുക്കളെയും സൃഷ്ടിച്ചു. (ഫിഖ്ഹുൽ അക്ബർ പേജ്:302)
8) അദ്ദേഹം വീണ്ടും പറയുന്നു: അല്ലാഹു സൃഷ്ടിപ്പ് തുടങ്ങുന്നതിൻ്റെ മുമ്പുതന്നെ അവൻ സൃഷ്ടാവായിരുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്304)
9) അദ്ദേഹം വീണ്ടും പറഞ്ഞു: മനുഷ്യനും അവൻ്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും അറിവുകളും സൃഷ്ടിയാണെന്ന് നാം അംഗീകരിക്കുന്നു. പ്രവൃത്തിചെയ്യുന്ന മനുഷ്യൻ തന്നെ സൃഷ്ടിക്കപ്പെട്ടതാണെന്ന് വരുമ്പോൾ അവൻ്റെ പ്രവർത്തനങ്ങളും സൃഷ്ടിയായിരിക്കുക എന്നത് ഏറ്റവും അർഹമായതാണല്ലോ. (അൽവസ്വിയ്യ മഅശറഹിഹാ, പേജ്:14)
10) അദ്ദേഹം വീണ്ടും പറഞ്ഞു: ചലനം, നിശ്ചലം തുടങ്ങി സൃഷ്ടികളുടെ എല്ലാ പ്രവർത്തനങ്ങളും അവരുടെ ചെയ്തികൾ തന്നെ. എന്നാൽ മഹാനായ അല്ലാഹുവാകുന്നു അതിന്റേയും സ്രഷ്ടാവ്. അവയെല്ലാം തന്നെ അവൻ്റെ ഉദ്ദേശത്തോടെയും, അറിവോടെയും, വിധിവ്യവസ്ഥയോടെയുമുളളതാകുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്:303)
11) ഇമാം അബൂ ഹനീഫ പറഞ്ഞു: അനക്കവും അടക്കവും മുതൽ അടിമകളുടെ മുഴുവൻ പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ അവരുടെ ചെയ്തികളാണ്. മഹാനായ അല്ലാഹുവാണ് അവയെ സൃഷ്ടിച്ചത്. അവയെല്ലാം അവൻ്റെ ഉദ്ദേശത്തോടെയും, അവൻ്റെ അറിവോടെയും, വ്യവസ്ഥയോടെയുമുള്ളതാണ്. നന്മകളെല്ലാം അല്ലാഹുവിൻ്റെ കൽപനയോടെ നിർബന്ധമായിട്ടുള്ളതും അവൻ്റെ ഇഷ്ടത്തോടെയും, തൃപ്തിയോടെയും അറിവോടെയും, ഉദ്ദേശത്തോടെയും വിധിയോടെയും നിർണ്ണയത്തോടെയുമുള്ളതാണ്. പാപങ്ങളെല്ലാം അവൻ്റെ അറിവോടെയും വിധിയോടെയും നിർണ്ണയത്തോടെയും ഉദ്ദേശത്തോടെയുമാണെങ്കിലും അവൻ്റെ ഇഷ്ടത്തോടെയോ, തൃപ്തിയോടെയോ, കൽപനയോടെയോ അല്ല. (ഫിഖ്ഹുൽ അക്ബർ പേജ്:303
12) അദ്ദേഹം വീണ്ടും പറഞ്ഞു: 'മഹാനായ അല്ലാഹു സൃഷ്ടികളെ വിശ്വാസത്തിൽനിന്നും അവിശ്വാസത്തിൽ നിന്നും വിമുക്തമായി സൃഷ്ടിച്ചു. (അബൂഹനീഫതന്നെ വഴിയെ വിവരിക്കുന്നപോലെ, ഇസ്ലാമിൻ്റെ ശുദ്ധപ്രകൃതത്തിലാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചത് എന്ന് പറയുന്നതാണ് ശരി) പിന്നീട് അവരോട് അവൻ സംബോധന നടത്തുകയും, അവരോട് കൽപിക്കുകയും, വിരോധിക്കുകയും ചെയ്തു. എന്നിട്ട് അവിശ്വസിച്ചവൻ തൻ്റെ പ്രവർത്തനത്താലും നിഷേധത്താലും സത്യത്തെ തിരസ്ക്കരിച്ചതിനാലും, അല്ലാഹു തആലാ കയ്യൊഴിച്ചതിൻ്റെ ഫലമായിട്ടാണ് അവിശ്വാസിയായത്. എന്നാൽ വിശ്വസിച്ചവനാകട്ടെ, തൻ്റെ പ്രവർത്തനത്താലും അംഗീകരണത്താലും, സത്യത്തെ സ്വീകരിച്ചതിനാലും അല്ലാഹുതആലാ അനുഗ്രഹിച്ചതിൻ്റെയും സഹായിച്ചതിൻ്റെയും ഫലമായിട്ടാണ് വിശ്വാസിയായത്.' (ഫിഖ്ഹുൽ അക്ബർ പേജ്:302, 303)
13) അദ്ദേഹം വീണ്ടും പറഞ്ഞു: ''അവൻ ആദമിൻ്റെ സന്തതികളെ അദ്ദേഹത്തിൻ്റെ മുതുകിൽ നിന്നും ഉറുമ്പുകളുടെ രൂപത്തിൽ പുറത്തുകൊണ്ടുവരികയും, അവയെ ഗ്രാഹ്യശക്തിയുള്ളവരാക്കുകയും, എന്നിട്ടവരോട് സംബോധനനടത്തുകയും ചെയ്തു. സത്യവിശ്വാസത്തിന് അവരോട് കൽപിക്കുകയും അവിശ്വാസത്തെ അവരോട് വിലക്കുകയും ചെയ്തു. അനന്തരം രക്ഷാകർതൃത്വത്തെ അവനോട് അവർ ഏറ്റുപറഞ്ഞു. അത് അവരുടെ ഭാഗത്തുനിന്നുമുളള സത്യവിശ്വാസമായിരുന്നു. ആ പരിശുദ്ധ പ്രകൃതത്തിൽ അവർ ജനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ആരെങ്കിലും അവിശ്വസിക്കുകയാണങ്കിൽ അതിനു ശേഷം അവൻ അവിശ്വസിച്ചു, മാറ്റുകയും തിരുത്തുകയും ചെയ്തു. ഇനി ആരെങ്കിലും വിശ്വസിക്കുകയും സത്യം സ്വീകരിക്കുകയുമാണങ്കിൽ അവൻ അതിൽ അടിയുറച്ചു നിലക്കൊണ്ടു'' (ഫിഖ്ഹുൽ അക്ബർ പേജ്:302)
14) അദ്ദേഹം വീണ്ടും പറഞ്ഞു: എല്ലാ വസ്തുക്കളെയും നിർണ്ണയിക്കുകയും വിധിക്കുകയും ചെയ്തിട്ടുളളത് അവനത്രെ. അവൻ്റെ ഉദ്ദേശത്തോടെയും അറിവോടെയും വിധിവ്യവസ്ഥയോടെയുമല്ലാതെ ഇഹലോകത്തോ പരലോകത്തോ ഒന്നും ഉണ്ടാകുന്നില്ല. സംരക്ഷിതഫലകത്തിൽ (ലൗഹുൽ മഹ്ഫൂളിൽ) അത് അവൻ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്:302)
15) അദ്ദേഹം വീണ്ടും പറഞ്ഞു: തൻ്റെ സൃഷ്ടികളിൽ ഒരാളെയും സത്യവിശ്വാസത്തിനോ നിഷേധത്തിനോ അല്ലാഹു നിർബന്ധിച്ചിട്ടില്ല. സ്വതന്ത്ര വ്യക്തികളായാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത്. സത്യവിശ്വാസവും സത്യനിഷേധവും ദാസന്മാരുടെ പ്രവർത്തിയാണ്. സത്യനിഷേധിയുടെ നിഷേധത്താൽ അവൻ അവിശ്വാസിയാണെന്ന് അല്ലാഹു അറിയുന്നു. ഇനി അതിനും ശേഷം അയാൾ സത്യവിശ്വാസിയായാൽ അതും അവൻ അറിയുന്നു. അവൻ്റെ അറിവിൽ യാതൊരു മാറ്റവും സംഭവിക്കാതെ അയാളെ അവൻ ഇഷ്ടപ്പെടുന്നു. (ഫിഖ്ഹുൽ അക്ബർ പേജ്:303)
C) ഇമാം അബൂഹനീഫയുടെ വാക്കുകൾ ഈമാൻ:
1) അദ്ദേഹം പറഞ്ഞു: സത്യവിശ്വാസമെന്നത് അംഗീകരിക്കലും സത്യപ്പെടുത്തലുമാണ്. (ഫിഖ്ഹുൽ അക്ബർ 304)
2) അദ്ദേഹം വീണ്ടും പറഞ്ഞു: സത്യവിശ്വാസമെന്നത് നാവുകൊണ്ട് ഏറ്റുപറയലും, ഹൃദയം കൊണ്ട് സത്യപ്പെടുത്തലുമാണ്. കേവലം സമ്മതിക്കുന്നതുകൊണ്ടു മാത്രം സത്യവിശ്വാസമായിത്തീരുകയില്ല.(വസിയ്യ മഅ ശറഹിഹാ പേജ:2) അബൂഹനീഫയിൽനിന്നും അദ്ദേഹത്തിൻ്റെ രണ്ടു ശിഷ്യന്മാരിൽനിന്നും ഇത് ഉദ്ധരിച്ചിട്ടുണ്ട് (ശറഹുത്വഹാവിയ്യ, പേജ്:360
3) അബൂഹനീഫ വീണ്ടും പറഞ്ഞു: സത്യവിശ്വാസമെന്നത് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. (വസിയ്യ മഅശറഹിഹാ പേജ്:3)
ഞാൻ പറയുന്നു: സത്യവിശ്വാസം കൂടുകയോ കുറയുകയോ ഇല്ല എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവവും, സത്യവിശ്വാസമെന്ന് പറയുന്നത് ഹൃദയം കൊണ്ട് സത്യപ്പെടുത്തലും നാവുകൊണ്ട് ഏറ്റുപറയലുമാണ് കർമം ഈമാനിക യാഥാർത്ഥ്യത്തിന് പുറത്തുളളതാണ്. ഇങ്ങനെയുളള വാക്കുകളും ഇമാം അബൂഹനീഫയുടെ വിശ്വാസ ആദർശത്തിനും മാലിക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ്, ബുഖാരീ തുടങ്ങിയ ഇതര ഇസ്ലാമിക ഇമാമുകളുടെ ആദർശത്തിനുമിടയിലെ വ്യത്യാസത്തെ വേർതിരിച്ചുകാണിക്കുന്നതാണ്. സത്യം ആ ഇമാമുകളോടൊപ്പമാണ്.
അബൂഹനീഫയുടെ ഈ പ്രസ്താവം സത്യത്തിൽനിന്നും അകലെയാണുളളത്. രണ്ട് അവസ്ഥയിലും അദ്ദേഹത്തിന് പ്രതിഫലം ലഭിക്കും. ഇബ്നു അബ്ദിൽ ബർറും ഇബ്നു അബിൽ ഇസ്സും വിവരിക്കുന്നതിൽനിന്നും അബൂ ഹനീഫ തൻ്റെ വാദഗതികളിൽ നിന്നും പിന്നീട് പിൻവാങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. (ഇബ്'നു അബ്ദിൽബർറിൻ്റെ തംഹീദ് (9/247) ലും ശറഹുൽ അഖീദത്വഹാവിയ്യ പേജ്:395 ലും ഇതു കാണാം) അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ
E) ഇമാം അബൂഹനീഫയുടെ വീക്ഷണം സ്വഹാബത്ത്:
1) ഇമാം അബൂഹനീഫ പറഞ്ഞു: പ്രവാചകൻ(ﷺ) യുടെ അനുചരരിൽ ഒരാളെ സംബന്ധിച്ചും ഗുണമല്ലാതെ നാം പറയുകയില്ല. (ഫിഖ്ഹുൽ അക്ബർ പേജ്:304)
2) അദ്ദേഹം വീണ്ടും പറഞ്ഞു: പ്രവാചകൻ്റെ അനുചരരിൽ ഒരാളെയും നാം കയ്യൊഴിക്കുകയില്ല. ഒരാളെ ഒഴിവാക്കി മറ്റൊരാളോട് കൂറുപുലർത്തുകയുമില്ല. (ഫിഖ്ഹുൽ അക്ബർ പേജ്:40)
3) അദ്ദേഹം പറയുന്നു: അവരിൽ ഒരാൾ റസൂൽ(ﷺ) യുടെ കൂടെ ഒരുമണിക്കൂർ നേരം നിൽക്കുന്നത് നമ്മിൽ ഒരാൾ ആയുഷ്കാലം മുഴുവനും, അതെത്ര ദീർഘിച്ചതായി കൊള്ളട്ടെ, കർമ്മമനുഷ്ഠിക്കുന്നതിനേക്കാൾ ഉത്തമമാണ്. (മക്കിയുടെ മനാഖിബ് അബീഹനീഫ,പേജ്:76)
4) അദ്ദേഹം വീണ്ടും പറഞ്ഞു: നമ്മുടെ പ്രവാചകൻ മുഹമ്മദ്(ﷺ) ക്കു ശേഷം ഈ സമുദായത്തിൽ ഏറ്റവും ശ്രേഷ്ഠനായിട്ടുളളത് അബൂബക്കറാണെന്ന് നാം അംഗീകരിക്കുന്നു. പിന്നീട് ഉമറും പിന്നെ ഉസ്മാനും പിന്നെ അലിയുമാണ്. അവരിൽ എല്ലാവരിലും അല്ലാഹു അനുഗ്രഹം വർഷിക്കട്ടെ. (വസിയ്യ മഅശറഹിഹാ പേജ്:14)
5) അദ്ദേഹം വീണ്ടും പറഞ്ഞു: നബി(ﷺ) ക്കു ശേഷം ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്കറും ഉമറും ഉസ്മാനും അലിയുമാണ്. പിന്നെ പ്രവാചകൻ്റെ എല്ലാ സഖാക്കളെ സംബന്ധിച്ചും പ്രശംസ പറയുകയല്ലാതെ മറ്റൊന്നും നാം ഉരിയാടുകയില്ല. (അന്നൂറുല്ലാമിഅ് പുറം:119)
F) വചനശാസ്ത്രവും മതകലഹവും അദ്ദേഹം വിരോധിക്കുന്നു.
1) ഇമാം അബൂഹനീഫ പറയുന്നു: ബസ്വറയിൽ തന്നിഷ്ടക്കാർ വളരെകൂടുതലാണ്. ഞാൻ ഇരുപതിലധികം തവണ അവിടെ പോയിട്ടുണ്ട്. വിജ്ഞാനീയങ്ങളിൽ ഏറ്റവും മഹത്തരമായതാണ് വചനശാസ്ത്രവിജ്ഞാനമെന്ന ധാരണയിൽ മിക്കപ്പോഴും ഒരു വർഷമോ അതിൽ കൂടിയോ കുറഞ്ഞോ കാലം അവിടെ താമസിക്കുകയും ചെയ്തിരുന്നു. (കുർദിയുടെ മനാഖിബു അബീഹനീഫ പേജ്:137)
2) അദ്ദേഹം വീണ്ടും പറഞ്ഞു: ഞാൻ വചനശാസ്ത്രത്തിൽ തന്നെ ശ്രദ്ധവെച്ചു കഴിയുകയായിരുന്നു. അങ്ങനെ ഈ വിജ്ഞാനത്തിൽ എന്നിലേക്ക് വിരൽ ചൂണ്ടപ്പെടുന്ന പദവിയിൽ ഞാൻ എത്തി. ഞങ്ങൾ ഒരിക്കൽ ഹമ്മാദ്ബ്നു അബീസുലൈമാൻ്റെ വിജ്ഞാനസദസ്സിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു സ്ത്രീ എന്നെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: ഒരു മനുഷ്യന് അടിമസ്ത്രീയായ ഒരു ഭാര്യയുണ്ട്. അവളെ വിവാഹമോചനം നടത്തുന്നത് പ്രവാചകചര്യയനുസരിച്ചാകാൻ അദ്ദേഹം ഉദ്ദേശിക്കുന്നു. എങ്കിൽ എത്ര മൊഴിയാണദ്ദേഹം ചൊല്ലേണ്ടത്?
എന്താണ് മറുപടി പറയേണ്ടത് എന്നെനിക്ക് അറിയുമായിരുന്നില്ല. ഹമ്മാദിനോട് പോയി ചോദിച്ചു നോക്കാൻ ഞാൻ അവളോട് നിർദ്ദേശിച്ചു. പിന്നീട് അവൾ തിരിച്ചുവന്ന് എന്നോട് ഇങ്ങനെ വിവരിച്ചു: അവൾ ഹമ്മാദിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രെ. ആ സ്ത്രീ ആർത്തവത്തിൽ നിന്നും സംയോഗത്തിൽനിന്നും മുക്തമായിട്ടുളള ശുദ്ധിഘട്ടത്തിലാണ് അവളെ മൊഴിചൊല്ലേണ്ടത്. പിന്നീട് അവൾക്ക് രണ്ടു മാസമുറയുണ്ടാകുന്നതുവരെ അയാൾ അവളെ സമീപിക്കരുത്. അനന്തരം അവൾ കുളിച്ചു ശുദ്ധിയായാൽ വിവാഹം കഴിക്കുന്നയാൾക്ക് അവളെ സ്വീകരിക്കുന്നത് അനുവദനീയമാണ്. അവൾ തിരിച്ചുവന്ന് എനിക്ക് ഇത് വിവരിച്ചുതന്നപ്പോൾ ഞാൻ പറഞ്ഞു: എനിക്ക് ഈ വചനശാസ്ത്രവിജ്ഞാനത്തിൻ്റെ (ഇൽമുൽകലാമിൻ്റെ) യാതൊരാവശ്യവുമില്ല. ഞാൻ എൻ്റെ ചെരിപ്പെടുത്തു. ഹമ്മാദിൻ്റെ അടുത്തു പോയി ഇരുന്നു. (താരീഖു ബഗ്ദാദ് 13/333)
3) അദ്ദേഹം വീണ്ടും പറഞ്ഞു: അംറുബ്നു ഉബൈദിനെ അല്ലാഹു ശപിക്കട്ടെ, അവൻ ജനങ്ങൾക്ക് പ്രയോജനമില്ലാത്ത വചന ശാസ്ത്ര ചർച്ചകളിലേക്ക് അവർക്ക് വഴി തുറന്നിട്ടിരിക്കുന്നു. (ഹറവിയുടെ ദമ്മുൽ കലാം പേജ്:28, 31)
ഒരാൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: വിശ്വാസശാസ്ത്രത്തിൽ ആളുകൾ നൂതനമായി സൃഷ്ടിച്ചിട്ടുളള ഗുണങ്ങൾ, സത്തകൾ എന്നിവയെ സംബന്ധിച്ചു താങ്കൾ എന്തു പറയുന്നു? അദ്ദേഹം ഇങ്ങനെ മറുപടി നൽകി: അതെല്ലാം തത്വജ്ഞാനികളുടെ ചർച്ചകളാണ്. നീ സഛരിതരായ പൂർവികരുടെ (സലഫുകളുടെ) വഴിയും വിജ്ഞാനവും മുറുകെ പിടിക്കുക. എല്ലാ നൂതന നിർമ്മിതിയെയും നീ സൂക്ഷിക്കണം, അതെല്ലാം അനാചാരങ്ങളാണ്. (ഹറവിയുടെ ദമ്മുൽ കലാം 194ബി)
4) അബൂഹനീഫയുടെ പുത്രൻ ഹമ്മാദ് പറയുന്നു: ഒരു ദിവസം എൻ്റെ പിതാവ്- അല്ലാഹു അദ്ദേഹത്തോട് കരുണ ചെയ്യട്ടെ, എൻ്റെയടുത്തു കടന്നുവന്നു. വചനശാസ്ത്രക്കാരായ ഒരു സംഘം അപ്പോൾ എൻ്റെയടുത്തുണ്ടായിരുന്നു. ഞങ്ങൾ ഒരു വിഷയത്തിൽ സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ശബ്ദം വളരെ ഉയർന്നിട്ടുമുണ്ടായിരുന്നു. വീട്ടിൽ അദ്ദേഹത്തിൻ്റെ ആഗമനം മനസ്സിലാക്കി ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു. അപ്പോൾ എന്നോടദ്ദേഹം ചോദിച്ചു, ഹമ്മാദേ ആരാണ് നിൻ്റെയടുത്തുളളവർ? ഞാൻ പറഞ്ഞു: ഇന്ന ഇന്ന ആളുകൾ, എൻ്റെയടുത്തുളളവരുടെയെല്ലാം പേരുകൾ പറഞ്ഞുകൊടുത്തു. അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്തു വിഷയത്തിലായിരുന്നു, ഞാൻ പറഞ്ഞു ഞങ്ങൾ ഇന്നതുപോലെയുള്ള വിഷയത്തിലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഹമ്മാദേ നീ വചനശാസ്ത്രത്തെ വെടിയുക.
അദ്ദേഹം തുടരുന്നു: പിതാവിനെ ഒരു വിതണ്ഡവാദക്കാരനായോ, ഒരു കാര്യം കൽപിക്കുകയും പിന്നീട് അതിനെ വിരോധിക്കുകയും ചെയ്യുന്നവനായോ എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ പിതാവേ നിങ്ങൾ അതെന്നോട് കൽപിച്ചതായിരുന്നല്ലോ. അദ്ദേഹം പറഞ്ഞു: എൻ്റെ മോനേ ഇന്ന് ഞാൻ നിന്നോടത് വിലക്കുന്നു. ഞാൻ പറഞ്ഞു: അതെന്തുകൊണ്ടാണ്? അദ്ദേഹം പറഞ്ഞു: വചനശാസ്ത്രത്തിലെ പല വിഷയങ്ങളിലും ഭിന്നിച്ചിട്ടുളളവരായി നീ കാണുന്ന ഇവരെല്ലാം ഒരേ മതത്തിലും വീക്ഷണത്തിലും നിലകൊണ്ടവരായിരുന്നു. അങ്ങനെ പിശാച് അവരിൽ ദുർബോധനം നടത്തുകയും അവർക്കിടയിൽ ശത്രുതയും ഭിന്നിപ്പും ഇട്ടുകൊടുക്കുകയും ചെയ്തു. അതിനാൽ അവർ വേർപിരിഞ്ഞിരിക്കുകയാണ്. (മക്കിയുടെ മനാഖിബു അബീഹനീഫ, പേജ്:183, 184)
5) അബൂഹനീഫ അബൂയൂസുഫിനോട് പറഞ്ഞു: മതത്തിൻ്റെ മൗലികാശയമെന്ന നിലയിൽ ജനങ്ങളോട് വചനശാസ്ത്രചർച്ച നടത്തുന്നത് നീ സൂക്ഷിക്കണം. എന്തുകൊണ്ടെന്നാൽ അവർ നിന്നെ അനുകരിക്കുന്നവരായതിനാൽ അതിലും അവർ മുഴുകിയേക്കും. (മക്കിയുടെ മനാഖിബു അബീഹനീഫ പേജ് : 373)
ഇമാം അബൂഹനീഫയുടെ വാക്കുകളിലൂടെ മതത്തിൻ്റെ മൗലിക സിദ്ധാന്തങ്ങളിൽ അദ്ദേഹത്തിൻ്റെ വിശ്വാസാദർശവും വചന ശാസത്രത്തോടും അതിൻ്റെ പണ്ഡിതന്മാരോടും അദ്ദേഹത്തിനുണ്ടായിരുന്ന നിലപാടുമാണ് ഇവിടെ ഉദ്ധരിച്ചത്
അദ്ധ്യായം: മൂന്ന്
ഇമാം മാലിക് ബിനു അനസിൻ്റെ വിശ്വാസം
A) തൗഹീദ്: അദ്ദേഹത്തിൻ്റെ വാക്കുകൾ
1) ഹറവി ശാഫിഈയിൽ നിന്നും ഉദ്ധരിക്കുന്നു: മാലികിനോട് വചനശാസ്ത്രത്തെ സംബ ന്ധിച്ചും തൗഹീദിനെ സംബന്ധിച്ചും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി(ﷺ) തൻ്റെ സമുദായത്തിന് ശൗച്യം ചെയ്യുന്നതിനെ സംബന്ധിച്ചു പഠിപ്പിച്ചു, എന്നാൽ തൗഹീദ് അവർക്ക് പഠിപ്പിച്ചുകൊടുത്തില്ല എന്ന് അദ്ദേഹത്തെ കുറിച്ച് കരുതുന്നത് അസംഭവ്യമാണ്. തൗഹീദിനെ കുറിച്ചാകട്ടെ നബി(ﷺ) പറഞ്ഞിട്ടുളളത്: ജനങ്ങൾ 'ലാഇലാഹഇല്ലല്ലാഹ്' പ്രഖ്യാപിക്കുന്നതു വരെ അവരോട് യുദ്ധം ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു.(ബുഖാരീ, മുസ്ലിം) അപ്പോൾ സ്വത്തും രക്തവും സംരക്ഷിക്കപ്പെടുന്നതെന്താണോ അതാണ് തൗഹീദിൻ്റെ യാഥാർത്ഥ്യം. (ഹറവിയുടെ ദമ്മുൽ കലാം പേജ്:210)
2) ദാറുഖുത്വനി വലീദുബ്നു മുസ്ലിമിൽ നിന്നും അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു. ഞാൻ മാലികിനോടും, ഥൗരിയോടും, ഔസായിയോടും, ലൈഥ്ബിൻ സഅദിനോടും, അല്ലാഹുവിൻ്റെ വിശേഷണങ്ങളെ സംബന്ധിച്ചുളള ഹദീസുകളെ കുറിച്ചു ചോദിച്ചു. അവ വന്നതുപോലെ നടപ്പാക്കുക എന്നാണ് അവരെല്ലാം പറഞ്ഞത്. (ദാറുഖുത്വനി 'അസ്വിഫാത്' പേജ്:75ലും, ആജൂരീ 'ശരീഅ' പേജ്:314-ലും, ബൈഹഖീ 'ഇഅ്തിഖാദ്' പേജ്:118-ലും, ഇബ്നു അബ്ദിൽ ബർറ് 'തംഹീദ്' 7/149ലും ഉദ്ധരിച്ചിരിക്കുന്നു.)
3) ഇബ്നു അബ്ദിൽ ബർറ് വീണ്ടും പറയുന്നു: അല്ലാഹുവിനെ അന്ത്യനാളിൽ ദർശിക്കുമോ എന്ന് മാലികിനോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ, ഉന്നതനും മഹാനുമായ അല്ലാഹു പറയുന്നു: (ചില മുഖങ്ങൾ അന്നേദിവസം പ്രസന്നതയുളളതായിരിക്കും അവയുടെ രക്ഷിതാവിലേക്ക് നോക്കികൊണ്ടിരിക്കും) (ഖിയാമ: 22) മറ്റൊരു വിഭാഗത്തെ കുറിച്ച് അല്ലാഹു പറയുന്നു: ''അല്ല; തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറക്കപ്പെടുന്നവരാകുന്നു'' (മുത്വഫ്ഫിഫീൻ:15) ഇബ്നു നാഫിഇൽനിന്നും അശ്ഹുബിൽ നിന്നും ഖാളിഇയാള് തർതീബുൽമദാരികിൽ (2/42) ഉദ്ധരിക്കുന്നു, അവർ രണ്ടുപേരും ഒരാൾ പറയുന്നത് രണ്ടാമനേക്കാൾ അധികമായിക്കൊണ്ട് പറഞ്ഞു: 'അല്ലയോ അബൂഅബ്ദില്ലാ (ചില മുഖങ്ങൾ അന്നേദിവസം പ്രസന്നതയുളളതായിരിക്കും അവയുടെ രക്ഷിതാവിലേക്ക് നോക്കികൊണ്ടിരിക്കും) അല്ലാഹുവിലേക്ക് അവർ നോക്കുമെന്നാണോ?' അദ്ദേഹം പറഞ്ഞു: അതെ, അവരുടെ ഈ രണ്ടു കണ്ണുകൾ കൊണ്ടുതന്നെ. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ചില ആളുകൾ പറയുന്നത് അല്ലാഹുവിനെ കാണുകയില്ല, ഇവിടെ 'നോക്കി നിൽക്കുക' എന്നതിൻ്റെ വിവക്ഷ 'പ്രതിഫലം കാത്തിരിക്കുക' എന്നാണ്. അദ്ദേഹം പറഞ്ഞു: അവർ കളളം പറയുകയാണ്. എന്നാൽ അല്ലാഹുവിനെ കാണുകതന്നെ ചെയ്യും. മൂസാ നബി(عليه السلام) പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ? ''എൻ്റെ നാഥാ നിന്നെ എനിക്കൊന്നു കാണിച്ചുതന്നാലും ഞാൻ നിന്നെയൊന്ന് കാണട്ടേ.''(അഅ്റാഫ് 143) മൂസാ നബി(عليه السلام) അസംഭവ്യമായൊരു കാര്യം ഇവിടെ ചോദിക്കുകയാണെന്ന് നീ വിചാരിക്കുന്നുവോ?. എന്നിട്ട് അല്ലാഹു പറഞ്ഞതാകട്ടേ ''നീ എന്നെ കാണുകയില്ല. അഅ്റാഫ് 143 അതായത്, നശ്വരഭവനമായ ഈ ലോകത്ത് വെച്ച് കാണുകയില്ല എന്നാണ് ഉദ്ദേശം. നശിച്ചു പോകുന്ന ഒരു വസ്തുകൊണ്ട് ശാശ്വതമായ ഒന്നിനെ കാണുക സാധ്യമല്ല. മനുഷ്യരെല്ലാം ശാശ്വതഭവനത്തിലെത്തിയാൽ, ശാശ്വതമായ ഒന്നുകൊണ്ട് ശാശ്വതമായിട്ടുളളത് അവർ കാണും. അല്ലാഹു പറയുന്നു: ''അല്ല; തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറക്കപ്പെടുന്നവരാകുന്നു'' (മുത്വഫ്ഫിഫീൻ:15)
4) അബൂ നുഐം (തൻ്റെ ഹിൽയ 6/325, 326) യിൽ ജഅ്ഫറുബ്നു അബ്ദുളള പറയുന്നതായി ഉദ്ധരിക്കുന്നു: ഞങ്ങൾ മാലികുബ്നു അനസിൻ്റെയടുത്തായിരുന്നു. അപ്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു: അബൂ അബ്ദുല്ലാ, പരമകാരുണ്യകൻ സിംഹാസനത്തി ൽ ഉപവിഷ്ടനായിട്ടുണ്ടല്ലോ, എങ്ങനെയാണ് അവൻ ഉപവിഷ്ടനായത്?
അദ്ദേഹത്തിൻ്റെ ചോദ്യം മുഖേന മാലികിനുണ്ടായ രോഷം പോലെ മറ്റൊരു വിഷയത്തിലും ഇത്രയധികം അദ്ദേഹം രോഷാകുലനായിട്ടില്ല. അദ്ദേഹം നിലത്തേക്ക് നോക്കി വിയർത്തൊലിക്കുന്നതുവരെ തൻ്റെ കയ്യിലുണ്ടായിരുന്ന വടി ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് തല ഉയർത്തി, ആ വടി ചലിപ്പിച്ചുകൊണ്ട് പറഞ്ഞു: അതെങ്ങനെ എന്നത് ഗ്രാഹ്യാതീതമാണ്. അവൻ ഉപവിഷ്ടനാകുന്നത് അജ്ഞാതവുമല്ല. അതിൽ വിശ്വസിക്കേണ്ടത് നിർബന്ധമാണ്. അതിനെ ചോദ്യം ചെയ്യുന്നത് നൂതന പ്രവണതയാണ്. നീ ഒരു പുത്തനാശയക്കാരനാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ അയാളെ പുറംതളളാൻ കൽപന നൽകി. (സ്വാബൂനിയുടെ 'അഖീദതു സ്സലഫ് അസ്ഹാബിൽ ഹദീഥ് പേജ്:17, 18 ലും, ഇബ്നു അബ്ദിൽ ബർറിൻ്റെ 'തംഹീദ്' 7/151 ലും, ബൈഹഖിയുടെ 'അസ്മാഉവസ്സിഫാത് പേജ്: 408 ലും, ഇബ്നു ഹജ്റിൻ്റെ 'ഹത്ഹിൽ' 13/406, 407 ലും ഇതു കാണാം)
5) യഹ്യബ്നു റബീഅ് പറഞ്ഞതായി അബൂ നുഐം ഉദ്ധരിക്കുന്നു: ഞാൻ മാലിക്കിൻ്റെ സമീപത്തായിരുന്നു. അപ്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ ചോദിച്ചു. ഓ അബൂ അബ്ദില്ലാ, ഖുർആൻ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയുന്ന വ്യക്തിയെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
അപ്പോൾ മാലിക്ക് പറഞ്ഞു: ഇവൻ നിർമ്മതവാദിയാണ് ഇവനെ വധിച്ചുകൊളളുവിൻ. അദ്ദേഹം പറഞ്ഞു: അബൂഅബ്ദില്ലാ, ഞാൻ കേട്ടിരുന്ന ഒരു വാചകം ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. അതിന് അദ്ദേഹം പറഞ്ഞു: വേറെ ഒരാളിൽനിന്നും ഞാൻ ഇതു കേട്ടിട്ടില്ല. നിന്നിൽനിന്നു മാത്രമാണ് കേൾക്കാൻ ഇടയായത്. ഇതെത്ര ഗൗരവമുളള ഒരു വാക്കാണ്! (ഹിൽയ 6/325ലും ലാലകാഇ, ശറഹുഉസ്വൂലു ഇഅ്തിഖാദി അഹ്ലുസുന്നത്തി വൽജമാഅ 1/249 ലും ഖാളിഇയാള്, തർതീബുൽമദാരിക് 244ലും ഉദ്ധരിച്ചിട്ടുണ്ട്)
6) അബ്ദുല്ലാഹിബിൻ നാഫിഅ് പറയുന്നതായി ഇബ്നു അബ്ദുൽ ബർറ് ഉദ്ധരിക്കുന്നു: ഖുർആൻ സൃഷ്ടിയാണെന്ന് പറയുന്നവനെ വേദനിക്കുന്ന പ്രഹരം നൽകുകയും പശ്ചാതപിക്കുന്നതുവരെ തടവിലാക്കുകയും വേണമെന്ന് മാലിക് ബിനുഅനസ് പറഞ്ഞിരിക്കുന്നു. (അൽ ഇൻതിഖാഅ് പേജ്:35)
7) അബ്ദുല്ലാഹിബിൻ നാഫിഅ് പറയുന്നതായി അബൂദാവൂദ് ഉദ്ധരിക്കുന്നു: മാലിക്ക് പറഞ്ഞു: അല്ലാഹു ആകാശത്താണ് അവൻ്റെ അറിവാകട്ടെ എല്ലായിടത്തുമുണ്ട്. (അബൂദാവൂദ്, മസാഇലുൽ ഇമാം അഹ്മദ് പേജ്:263 ലും അബ്ദുല്ലാഹിബ്നു അഹ്മദ്, അസ്സുന്ന പേജ്:11 ലും ഇബ്നു അബ്ദിൽബർറ്, തൗഹീദ് 7/138ലും ഉദ്ധരിക്കുന്നു)
B) ഖദ്റ്: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) ഇബ്നു വഹബ് പറയുന്നതായി അബൂനുഐം ഉദ്ധരിക്കുന്നു: മാലിക്ക് ഒരാളോട് ചോദിക്കുന്നത് ഞാൻ കേട്ടു: ഇന്നലെ നീ എന്നോട് ഖദ്റിനെ കുറിച്ച് ചോദിച്ചിരുന്നില്ലേ? അയാൾ പറഞ്ഞു: അതെ. മാലിക് പറഞ്ഞു: അല്ലാഹു തആലാ പറയുന്നു: നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ഓരോ ആൾക്കും തൻ്റെ സന്മാർഗം നാം നൽകുമായിരുന്നു. എന്നാൽ ജിന്നുകൾ, മനുഷ്യർ എന്നീ രണ്ടു വിഭാഗത്തെക്കൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും എന്ന എൻ്റെ പക്കൽനിന്നുളള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (സജദ:13)
അപ്പോൾ അല്ലാഹു പറഞ്ഞതെന്തോ അത് അനിവാര്യമായും സംഭവിക്കും (ഹിൽയ 6/326)
2) ഖാളിഇയാള് പറയുന്നു: 'ഖദ്രിയാക്കൾ' (വിധിവിശ്വാസത്തെ നിഷേധിക്കുന്നവർ) ആരാണെന്ന് ഇമാം മാലിക്കിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: തിന്മകളെ അല്ലാഹു സൃഷ്ടിച്ചതല്ല എന്ന് പറയുന്നവരാണവർ. ഖദ്രിയാക്കളെ സംബന്ധിച്ചുതന്നെ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറയുകയുണ്ടായി: കഴിവുകൾ തങ്ങളുടെ അധീനതയിലാണ്, തങ്ങൾ ഉദ്ദേശിക്കുമ്പോൾ പുണ്യം ചെയ്യും, തങ്ങൾ ഉദ്ദേശിക്കുമ്പോൾ കുറ്റവും ചെയ്യും എന്ന വാദക്കാരാണവർ. (തർതീബുൽ മദാരിക് 2/48, ശർഹുഉസ്വൂലു ഇഅ്തിഖാദി അഹ്ലിസുന്നത്തി വൽജമാഅ 2/701ലും നോക്കുക)
3) സഈദ്ബ്നു അബ്ദിൽ ജബ്ബാർ പറയുന്നതായി ഇബ്നു അബീ ആസ്വിം ഉദ്ധരിക്കുന്നു: മാലിക്ബ്നു അനസ് ഖദ്രിയാക്കളെ കുറിച്ച് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അവരോട് പശ്ചാതപിക്കാൻ ആവശ്യപ്പെടണം, അങ്ങനെ അവർ പശ്ചാതപിച്ചാലായി. ഇല്ലെങ്കിൽ അവരെ വധിക്കണം എന്നാണ് എൻ്റെ വീക്ഷണം. (ഇബ്നുഅബീ ആസ്വിമിൻ്റെ അസ്സുന്നയിൽ 1/87, 88 ലും അബൂനുഐമിൻ്റെ ഹിൽയ 6/326 ലും ഉദ്ധരിച്ചത്)
4) ഇബ്നു അബ്ദിൽബർറ് പറഞ്ഞു: മാലിക് പറയുകയുണ്ടായി: അസംബന്ധവാദികളും വായാടികളും അൽപത്വക്കാരുമായിട്ടല്ലാതെ വിധിവിശ്വാസനിഷേധികളെ ഞാൻ കണ്ടിട്ടില്ല. (ഇൻതിഖാഅ് പേജ്:34)
5) മർവാൻബ്നു മുഹമ്മദ് ത്വാത്വരി പറഞ്ഞതായി ഇബ്നു അബീ ആസ്വിം ഉദ്ധരിക്കുന്നു: വിധിവിശ്വാസത്തെ നിഷേധിക്കുന്നവന് വിവാഹം കഴിച്ച് കൊടുക്കുന്നതിനെ കുറിച്ച് മാലികിനോട് ചോദിച്ചത് ഞാൻ കേട്ടു. അദ്ദേഹം അപ്പോൾ ഈ വചനം ഓതിക്കൊടുത്തു: തീർച്ചയായും സത്യവിശ്വാസിയായ ഒരടിമയാണ് മുശ്രികിനെക്കാൾ ഉത്തമമായത്. (ബഖറ:221) (അസ്സുന്ന 1/88ലും, ഹിൽയ 6/326ലും നോക്കുക)
6) ഖാളി ഇയാള് പറഞ്ഞു: മാലിക് പറഞ്ഞു: വിധിവിശ്വാസനിഷേധം പ്രചരിപ്പിക്കുന്നവൻ്റെയും ഖവാരിജിൻ്റെയും റാഫിളിയുടേയും സാക്ഷ്യം അനുവദനീയമല്ല. (തർതീബുൽ മദാരിക് 2/47)
ഖാളി ഇയാള് വീണ്ടും പറഞ്ഞു: ഞങ്ങൾ വിധിവിശ്വാസനിഷേധികളോട് സംസാരിക്കുന്നതിൽനിന്നും വിട്ടുനിൽക്കേണ്ടതുണ്ടോ എന്ന് മാലികിനോട് ചോദിച്ചു: അദ്ദേഹം പറഞ്ഞു: അതെ, അറിഞ്ഞുകൊണ്ടുതന്നെയാണ് അയാൾ അതിൽ നിലകൊളളുന്നതെങ്കിൽ. മറ്റൊരു റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞിട്ടുളളത്: അവരുടെ പിന്നിൽ നമസ്കരിക്കാവതല്ല, അവരിൽനിന്നും ഹദീസുകൾ സ്വീകരിക്കാനും പാടില്ല. അതിർത്തികളിൽ നിങ്ങളവരെ കണ്ടെത്തുകയാണെങ്കിൽ അവരെ പുറംതളളുകയും ചെയ്യണം.(തർതീബുൽ മദാരിക് 2/47)
C) ഈമാൻ: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) അബ്ദുൽറസാഖ് ബിൻ ഹമ്മാം പറയുന്നതായി ഇബ്നു അബ്ദിൽബർറ് ഉദ്ധരിക്കുന്നു: ഇബ്നു ജുറൈജ്, സുഫ്യാൻ ഥൗരി, മഅ്മർ ബിൻ റാഷിദ്, സുഫ്യാൻബ്നു ഉയൈയ്ന, മാലികുബ്നു അനസ് തുടങ്ങിയവർ ഇങ്ങനെ പറയുന്നു: സത്യവിശ്വാസമെന്നാൽ വാക്കും പ്രവർത്തിയും കൂടിയതാണ്. അത് കൂടുകയും കുറയുകയും ചെയ്യും. (അൽ ഇൻതിഖാഅ് പേജ്:34)
2) അബ്ദുല്ലാഹിബിനു നാഫിഅ് പറഞ്ഞതായി അബൂനുഐം ഉദ്ധരിക്കുന്നു: സത്യവിശ്വാസമെന്നത് വാക്കും പ്രവർത്തിയും കൂടിയാണെന്ന് ഇമാം മാലിക് പറയാറുണ്ടായിരുന്നു. (ഹിൽയ 6/327
3) അശ്ഹുബ് ബ്നു അബ്ദുൽ അസീസ് പറഞ്ഞതായി ഇബ്നു അബ്ദിൽബർറ് വീണ്ടും ഉദ്ധരിക്കുന്നു: മാലിക് പറഞ്ഞു: അങ്ങനെ 16 മാസക്കാലമായി ജനങ്ങൾ ബൈതുൽമുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് മസ്ജിദുൽ ഹറാമിലേക്ക് തിരിയാൻ അവരോട് കൽപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: നിങ്ങളുടെ വിശ്വാസത്തെ (അതായത് ബൈതുൽ മുഖദ്ദസിലേക്കുളള നിങ്ങളുടെ നമസ്കാരത്തെ) അല്ലാഹു പാഴാക്കിക്കളയുന്നവനല്ല. (ബഖറ:143) മാലിക് പറയുന്നു: നമസ്കാരം സത്യവിശ്വാസത്തിൽ പെട്ടതല്ല എന്ന മുർജിആക്കളുടെ വാദത്തെ ഞാൻ ഇവിടെ ഓർമ്മിപ്പിക്കട്ടെ. (അൽ ഇൻതിഖാഅ് പേജ്:34)
D) സ്വഹാബത്ത്: അദ്ദേഹത്തിൻ്റെ വീക്ഷണം.
1) അബ്ദുല്ലാഹിൽ അമ്പരി പറഞ്ഞതായി അബൂനുഐം ഉദ്ധരിക്കുന്നു: മാലികുബ്നു അനസ് പറഞ്ഞു: ഏതൊരാൾ റസൂലുല്ലാഹി(ﷺ) യുടെ അനുചരരിൽ ഒരാളെയെങ്കിലും അധിക്ഷേപിക്കുകയോ, അല്ലെങ്കിൽ തൻ്റെ ഹൃദയത്തിൽ അവരോട് വിദ്വേഷം വെച്ച്പുലർത്തുകയോ ആണെങ്കിൽ മുസ്ലിംകൾക്കുളള യുദ്ധാർജിത സ്വത്തിൽ (ഫൈഇൽ) അയാൾക്ക് ഒരു അവകാശവും വകവെച്ച് കൊടുക്കരുത്. പിന്നീട് അദ്ദേഹം അല്ലാഹുവിൻ്റെ ഈ വചനം പാരായണം ചെയ്തു. അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു (സൂറത്തുൽ ഹശ്ർ 10)
ഏതൊരാൾ റസൂലുല്ലാഹി(ﷺ) യുടെ അനുചരരെ അധിക്ഷേപിക്കുകയോ, അല്ലെങ്കിൽ തൻ്റെ ഹൃദയത്തിൽ അവരോട് വിദ്വേഷം വെച്ച്പുലർത്തുകയോ ആണെങ്കിൽ മുസ്ലിംകൾക്കുളള യുദ്ധാർജിത സ്വത്തിൽ (ഫൈഇൽ) അയാൾക്ക് ഒരു അവകാശവും വകവെച്ച് കൊടുക്കരുത്.
2) സുബൈറിൻ്റെ മക്കളിൽ ഒരാളിൽനിന്നും (അബ്ദുല്ലാഹിബിനു നാഫിഅ്, മിസ്അബ്ബിൻ അബ്ദില്ലാഹിബിൻ മിസ്അബ് എന്നിവർ മാലികിൻ്റെ ശിഷ്യന്മാരായിരുന്നു) അബൂ നുഐം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: നങ്ങൾ ഇമാം മാലിക്കിൻറെ കൂടിയായപ്പോൾ നബി (ﷺ) യുടെ സഹാബികളെ ഇകഴ്ത്തുന്ന ഒരാളെക്കുറിച്ച് പറയപ്പെട്ടു. അപ്പോൾ ഇമാം മാലിക് ഈ ആയത്ത് പാരായണം ചെയ്തു. "മുഹമ്മദ് അല്ലാഹുവിൻ്റെ റസൂലാകുന്നു. അദ്ദേഹത്തിൻ്റെ കൂടെയുളളവരാകട്ടെ, സത്യനിഷേധികളോട് കർക്കശമായി വർത്തിക്കുന്ന വരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാണ്. അല്ലാഹുവിൽനിന്നുളള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം' സുജൂദിൻ്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരുടെ ഉപമ. 'ഇഞ്ചീലി'ൽ അവരുടെ ഉപമ ഇങ്ങനെയാണ്: ഒരു വിളപോലെ; അതു അതിൻ്റെ കൂമ്പ് പുറപ്പെടുവിച്ചു, എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിൻ്റെ കാണ്ഡത്തിൻമേൽ നിവർന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളർത്തിക്കൊണ്ടുവരുന്നത്) അവർമൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കുവാൻ വേണ്ടിയാകുന്നു. (അൽ ഫത്ഹ്: 29)
തുടർന്നു കൊണ്ട് മാലിക് പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തിൽ പ്രവാചകൻ(ﷺ) യുടെ അനുചരരിൽ ഒരാളോട് വിദ്വേഷം ഉണ്ടായിത്തീർന്നിട്ടുണ്ടെങ്കിൽ അവന് ഈ ആയത്ത് ബാധകമായിത്തീരും. (ഹിൽയ,6/327
3) അശ്ഹുബ് ബിൻ അബ്ദുൽ അസീസ് പറഞ്ഞതായി ഖാളിഇയാള് ഉദ്ധരിക്കുന്നു: ഞങ്ങൾ മാലികിൻ്റെ കൂടെയിരിക്കുമ്പോൾ അലവിയാക്കളിൽനിന്നുളള ഒരാൾ അദ്ദേഹത്തിൻ്റെ അടുത്തു വന്നു. അവർ സാധാരണ അദ്ദേഹത്തിൻ്റെ സദസ്സിൽ വരാറുണ്ട്. ആഗതൻ വിളിച്ചു: ഓ അബൂഅബ്ദുല്ലാ, ഉടനെ അയാളിലേക്ക് മാലിക് തലയുയർത്തി നോക്കി. ആരെങ്കിലും അദ്ദേഹത്തെ വിളിക്കുകയാണെങ്കിൽ തല ഉയർത്തിനോക്കുന്നതിൽ കൂടുതലൊന്നും പ്രതികരിക്കാറില്ല. അലവിയ്യക്കാരൻ അപ്പോൾ പറഞ്ഞു: എനിക്കും അല്ലാഹുവിനും ഇടയിൽ താങ്കളെ ഒരു സാക്ഷിയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ഞാൻ അവൻ്റെയടുത്തു ചെല്ലുകയും എന്നോടവൻ ചോദിക്കുകയുമാണെങ്കിൽ ഞാൻ പറയും മാലികാണ് എന്നോട് ഇതു പറഞ്ഞത് എന്ന്. അദ്ദേഹം അയാളോട്: നീ ചോദിച്ചോളൂ എന്ന് പറഞ്ഞു. അയാൾ ചോദിച്ചു: റസൂൽ(ﷺ) ക്കു ശേഷം ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആര്? മാലിക് പറഞ്ഞു: അബൂബക്കർ. അലവിയ്യക്കാരൻ : പിന്നെ ആര്? മാലിക് : ഉമർ അലവിയ്യക്കാരൻ : പിന്നെ ആര്? മാലിക് : അക്രമകരമായി വധിക്കപ്പെട്ട ഖലീഫാ ഉസ്മാൻ. അലവിയ്യക്കാരൻ : ഇനി ഒരിക്കലും ഞാൻ താങ്കളുടെ കൂടെയിരിക്കുകയില്ല. മാലിക് : താങ്കൾക്കതിനുളള സ്വാതന്ത്ര്യമുണ്ട്. (തർതീബുൽ മദാരിക്, 2/44, 45)
E) വചനശാസ്ത്രവും മതകലഹവും അദ്ദേഹം വിരോധിക്കുന്നു:
1) മിസ്അബ്ബിൻ അബ്ദില്ലാ സുബൈരി പറഞ്ഞതായി ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിക്കുന്നു മാലിക്ബിൻ അനസ് പറയുമായിരുന്നു: മതത്തിലുണ്ടായ ചർച്ചകളെ ഞാൻ വെറുക്കുന്നു. വചനശാസ്ത്രഞങ്ങളുടെ നാട്ടിലുണ്ടായിരുന്നവരെല്ലാം അതിനെ വെറുക്കുകയും വിരോധിക്കുകയും ചെയ്തുകൊണ്ടിരുന്നതാണ്. ജഹ്’മിൻ്റെ വീക്ഷണങ്ങളിലും വിധിവിശ്വാസനിഷേധത്തിലുമുളള ചർച്ചകളും അതിനു സമാനമായ എല്ലാ ചർച്ചകളും അതിന് ഉദാഹരണങ്ങളാണ്. എന്നാൽ എന്തെങ്കിലുമൊരു കർമം ഉൾകൊളളുന്ന വിഷയത്തിലുളള സംസാരം മാത്രമേ പ്രോത്സാഹിപ്പിക്കാവൂ. അല്ലാഹുവിൻ്റെ മതത്തെ സംബന്ധിച്ചുളള ചർച്ചകളിലും അല്ലാഹുവിനെ സംബന്ധിച്ചുളള ചർച്ചകളിലും മൗനമവലംബിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുളളത്, കാര ണം ഒരു കർമവും ഉൾക്കൊളളാത്ത മതത്തെ സംബന്ധിച്ച ചർച്ചകളെ എൻ്റെ നാട്ടുകാർ വിരോധിക്കുന്നതാണ് ഞാൻ കണ്ടിട്ടുളളത്. (ജാ മിഉബയാനിൽ ഇൽമി വഫള്ലിഹി, പേജ്:415)വും മതകലഹവും അദ്ദേഹം വിരോധിക്കുന്നു.
2) അബ്ദില്ലാഹിബിൻ നാഫിഅ് പറഞ്ഞതായി അബൂനുഐം ഉദ്ധരിക്കുന്നു: മാലിക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ഏതൊരാളും അല്ലാഹുവിൽ പങ്കുചേർ ക്കാതെ (ശിർക്കുചെയ്യാതെ) മറ്റെല്ലാ വൻ പാപങ്ങളും ചെയ്തിരുന്നാലും, അയാൾ ഈ തന്നിഷ്ടങ്ങളെയും അനാചാരങ്ങളെയും (ചില കാ ര്യങ്ങളെ അദ്ദേഹം എടുത്തു പറയുകയും ചെയ്തു) അകന്നു നിൽക്കുകയാണെങ്കിൽ സ്വർഗത്തിൽ പ്രവേശിച്ചതുതന്നെ. (ഹിൽയ 6/325
3) ഇസ്ഹാഖ്ബിൻ ഈസാ പറഞ്ഞതായി ഹറവി ഉദ്ധരിക്കുന്നു. മാലിക് പറഞ്ഞു: വചന ശാസ്ത്രത്തിലൂടെ ആരെങ്കിലും മതത്തെ അ ന്വേഷിക്കുകയാണെങ്കിൽ അവൻ മതനിർമ്മത വാദിയായിത്തീരും, അപരിചിതമായ ഹദീസുകൾ തേടുന്നവൻ കളളം പറയും... (ദമ്മുൽ കലാം. പുറം:173 എ)
4) ഇസ്ഹാഖുബിൻ ഈസാ പറഞ്ഞതായി ഖതീബ് ഉദ്ധരിക്കുന്നു: മതകാര്യങ്ങളിൽ തർക്കിക്കുന്നതിനെ മാലിക്ബ്നു അനസ് ആക്ഷേപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞിരുന്നു: ഒരാൾ മറ്റൊരാളെക്കാൾ വാക്സാമർത്ഥ്യം കാണിച്ച് നമ്മുടെയടുത്ത് വരുമ്പോൾ, ജിബ്രീൽ(عليه السلام) നബി(ﷺ) ക്ക് എത്തിച്ചുകൊടുത്തത് നാം തളളിക്കളയണമെന്നാണ് യഥാർത്ഥ ത്തിൽ അയാൾ ഉദ്ദേശിക്കുന്നത്. (ശറഹു അസ്വ്ഹാബിൽ ഹദീസ് പേജ്:5)
5) അബ്ദുറഹ്മാൻബിൻ മഹ്ദി പറഞ്ഞതായി ഹറവി വീണ്ടും ഉദ്ധരിക്കുന്നു: ഒരിക്കൽ ഞാൻ മാലികിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെയടുക്കൽ ഒരാൾ ചോദ്യങ്ങൾ ചോദിച്ചു നിൽക്കുന്നുണ്ടായിരുന്നു. അയാളോട് പറഞ്ഞത്: നീ അംറ്ബിൻ ഉബൈദിൻ്റെ കൂട്ടാളികളിൽ പെട്ടവനാണെന്ന് ഞാൻ കരുതുന്നു. അംറ് ബിൻ ഉബൈദിനെ അല്ലാഹു ശപിക്കട്ടെ, അദ്ദേഹമാണ് ഈ വചനശാസ്ത്രമെന്ന നൂതനാശയം പടച്ചുണ്ടാക്കിയത്. ഈ വചനശാസ്ത്രം വിജ്ഞാനമായിരുന്നെങ്കിൽ സ്വഹാബത്തും താബിഉകളും മതനിയമങ്ങളിലും വിധികളിലും ചർച്ചകൾ നടത്തിയപോലെ അതിലും ചർച്ച നടത്തുമായിരുന്നു. (ദമ്മുൽകലാം പുറം:173 ബി)
6) അശ്ഹുബു ഇബ്നു അബ്ദിൽ അസീസ് പറഞ്ഞതായി ഹറവി വീണ്ടും ഉദ്ധരിക്കുന്നു: മാലിക് പറഞ്ഞതായി ഞാൻ കേട്ടു: നിങ്ങൾ നൂതനാശയങ്ങളെ സൂക്ഷിക്കുക. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഓ അബൂഅബ്ദുല്ലാ എന്താണ് നൂതനാശയങ്ങൾ? അദ്ദേഹം പറഞ്ഞു:അല്ലാഹുവിൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ്റെ വചനത്തിലും അറിവിലും കഴിവിലും ചർച്ചകൾ നടത്തുകയും, എന്നാൽ സ്വഹാബിമാരും അവരെ ശരിയാംവണ്ണം പിന്തുടർന്ന പിൻഗാമികളും മൗനം ദീക്ഷിച്ച കാര്യങ്ങളിൽ മൗനമവലംബിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നൂതനാശയക്കാർ. (ദമ്മുൽകലാം പുറം 173 എ)
7) ശാഫിഈ പറഞ്ഞതായി അബൂനുഐം ഉദ്ധരിക്കുന്നു: തന്നിഷ്ടക്കാരായ ചിലർ മാലിക് ബിനു അനസിൻ്റെയടുത്ത് വരുമ്പോൾ അദ്ദേഹം അവരോട് പറഞ്ഞിരുന്നു: ഞാൻ എൻ്റെ രക്ഷിതാവിങ്കൽ നിന്നുമുളള വ്യക്തമായ തെളിവിലും എൻ്റെ മതത്തിലുമാണ് നിലകൊളളുന്നത്. നീയാകട്ടെ ഒരു സന്ദേഹവാദിയുമാണ്. അതിനാൽ ഒരു സന്ദേഹവാദിയുടെ അടുത്ത് പോയി വാദപ്രതിവാദങ്ങൾ നടത്തികൊളളുക. (ഹിൽയ 6/324)
8) മുഹമ്മദ്ബിൻ അഹ്മദ്ബിൻ ഖുവൈസ് മൻദാദ് മിസ്രിമാലികി എന്ന വ്യക്തി തൻ്റെ അൽഖിലാഫ് എന്ന ഗ്രന്ഥത്തിലെ 'കൂലിക്കുനൽകൽ' എന്ന ശീർഷകത്തിൽ പറഞ്ഞതായി ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിക്കുന്നു: മാലിക് പറഞ്ഞു: തന്നിഷ്ടക്കാരുടെയും നൂതനാശയക്കാരുടെയും ജ്യോതിഷക്കാരുടെയും ഗ്രന്ഥങ്ങൾ-കുറേ ഗ്രന്ഥങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു- ഒന്നും തന്നെ വാടകക്കുനൽകൽ അനുവദനീയമായതല്ല. അദ്ദേഹം തുടർന്നു പറഞ്ഞു: ഞങ്ങളുടെ പക്ഷക്കാരുടെ വീക്ഷണത്തിൽ തന്നിഷ്ടക്കാരുടേയും പുത്തൻവാദികളുടെയും ഗ്രന്ഥങ്ങളായിട്ടുളളത് മുഅ്തസിലികളും മറ്റുമായ വചനശാസ്ത്രക്കാരുടെ ഗ്രന്ഥങ്ങളാണ്. അവയിലെല്ലാം വാടകഇടപാടുകൾ നടത്തുന്നത് അസാധുവാണ്. (ജാമിഅ് ബയാനുൽ ഇൽമി വഫള്ലിഹി, പേജ്:416, 417)
തൗഹീദ്, സ്വഹാബത്ത്, ഈമാൻ, ഇൽമുൽകലാം (വചനശാസ്ത്രം) തുടങ്ങിയുളള വിഷയങ്ങളിൽ ഇമാം മാലികിൻ്റെ സമീപനങ്ങളിലേക്കും വാക്കുകളിലേക്കുമുളള ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ നടത്തിയിട്ടുളളത്.
അദ്ധ്യായം: നാല്
ഇമാം ശാഫിഈയുടെ വിശ്വാസം
A) തൗഹീദ്: അദ്ദേഹത്തിൻ്റെ വാക്കുകൾ
1) റബീഅ: ഇബ്നു സുലൈമാൻ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ശാഫിഈ ഇമാം പറഞ്ഞു: ഏതൊരാളും അല്ലാഹുവിനെ കൊണ്ടോ അല്ലെങ്കിൽ അവൻ്റെ നാമങ്ങളിൽനിന്നുമുളള ഒരു നാമം കൊണ്ടോ സത്യം ചെയ്യുകയും പിന്നീടത് ലംഘിക്കുകയുമാണെങ്കിൽ പ്രായശ്ചിത്തം ചെയ്യേണ്ടത് അവന് നിർബന്ധ മായിത്തീരുന്നു. എന്നാൽ ഒരാൾ അല്ലാഹു ഒഴികെയുളള ഏതൊരു വസ്തുകൊണ്ടും സത്യം ചെയ്താലും ഉദാഹരണത്തിന് കഅ്ബാലയം തന്നെ സത്യം, എൻ്റെ പിതാവാണ് സത്യം,എൻ്റെ ആയുഷ്കാലം തന്നെ സത്യം. മറ്റെന്തൊന്നുകൊണ്ട് സത്യം ചെയ്താലും, അത് ലംഘിക്കുന്ന പക്ഷം പ്രായശ്ചിത്തം ചെയ്യൽ അവൻ്റെ മേൽ നിർബന്ധമില്ല. അല്ലാഹു ഒഴികെ ഏതൊന്നുകൊണ്ടും ശപഥം ചെയ്യുന്നത് വെറുക്കപ്പെടേണ്ടതും പ്രവാചകൻ(ﷺ) യുടെ വചനങ്ങളിലൂടെ വിരോധിക്കപ്പെട്ടിട്ടുളളതുമാണ്. അവിടുന്ന് അരുളി:നിങ്ങളുടെ പിതാക്കന്മാരെ കൊണ്ട് ശപഥം ചെയ്യുന്നത് മഹാനായ അല്ലാഹു വിരോധിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും സത്യം ചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ. അല്ലെങ്കിൽ നിശബ്ദനായിരിക്കട്ടെ. (ബുഖാരി: ശപഥങ്ങളും നേർച്ചകളും എന്ന അദ്ധ്യായത്തിലും, മുസ്ലിം: ശപഥങ്ങൾ എന്ന അദ്ധ്യായത്തിലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.) (മനാഖിബു ശാഫിഈ 1/405)
മേൽ പറഞ്ഞതിനുളള കാരണം ശാഫിഈ ഇങ്ങനെ വ്യക്തമാക്കുന്നു. അല്ലാഹുവിൻ്റെ നാമങ്ങളൊന്നും സൃഷ്ടിയല്ല. അതിനാൽ അല്ലാഹുവിൻ്റെ ഏതു പേരിലും സത്യം ചെയ്ത ശേഷം അത് ലംഘിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണ്. (ഇബ്നു അബീഹാതിം, ആദാബുശാഫിഈയിൽ പേജ്:193, അബൂനുഐം ഹിൽയയിൽ 9/112, 113 ബൈഹഖിയുടെ സുനനുൽ കുബ്റാ 10/28 അസ്മാഉവസ്സിഫാത് പേജ്:255, 256 ലും കാണുക.)
2) ഇമാം ശാഫിഈ പറഞ്ഞതായി 'ഇജ്തിമാഉൽ ജുയൂശുൽ ഇസ്ലാമിയ്യ' എന്ന ഗ്രന്ഥത്തിൽ പേജ് : 165 ൽ ഇബ്നുൽ ഖയ്യിം ഉദ്ധരിക്കുന്നു: ഞാൻ നിലകൊളളുന്നതും, ഞാൻ കാണുകയും വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തിരുന്ന ഇമാം മാലിക്, സുഫ്യാൻ തുടങ്ങിയുളള അഹ്ലുൽ ഹദീസുകാരായ എൻ്റെ സുഹൃത്തുക്കളെല്ലാം നിലകൊളളുന്നതായി ഞാൻ കണ്ടതുമായ സുന്നത്തിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ, അത് അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും, മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ ദൂതനാണെന്നും, അല്ലാഹു ആകാശത്ത് തൻ്റെ സിംഹാസനത്തിന്മേലാണെന്നും, താൻ ഉദ്ദേശിക്കുന്നവിധം തൻ്റെ ദാസന്മാരോട് അടുത്തുവരുമെന്നും, അല്ലാഹു തആലാ ഏറ്റവും താഴെയുളള ആകാശത്തേക്ക് അവൻ ഉദ്ദേശിക്കുന്ന വിധം ഇറങ്ങുന്നവനാണെന്നും സാക്ഷ്യം വഹിച്ച് അംഗീകരിക്കലാണ്. (ഇഥ്ബാത് സ്വിഫാതുൽ ഉലുവ്വ്, പേജ്:124, മജ്മൂഉൽഫതാവാ 4/181, 183 ദഹബിയുടെ ഉലുവ്വ് പേജ്:120, അൽബാനി സംഗ്രഹിച്ചത് പേജ്:176)
3) ദഹബി തൻ്റെ 'സിയറു അഅ്ലാമുന്നുബലാഅ്' എന്ന ഗ്രന്ഥത്തിൽ (10/31 ൽ) മുസ്നി പറഞ്ഞതായി ഉദ്ധരിക്കുന്നു: ഞാൻ പറഞ്ഞു: തൗഹീദിനെ സംബന്ധിച്ചുളള വിഷയത്തിൽ എൻ്റെ ഹൃദയത്തിലുളളതും എൻ്റെ മനസ്സിൽ പറ്റിപ്പിടിച്ചിട്ടുളളതുമായ ഒരു കാര്യം പുറത്തെടുക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അത് ശാഫിഈ മാത്രമാണ്. ആയതിനാൽ ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി. അദ്ദേഹം ഈജിപ്തിലെ പളളിയിലായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ മുമ്പിൽ പോയി ഇരുന്ന് ഇങ്ങനെ പറഞ്ഞു: തൗഹീദിനെ സംബന്ധിച്ച ഒരു വിഷയം എൻ്റെ മനസ്സിൽ പിറുപിറുത്തുകൊണ്ടിരിക്കുന്നു. താങ്കളെ പോലെ ജ്ഞാനം മറ്റൊരാൾക്കുമില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇതു സംബന്ധമായി താങ്കൾ എന്താണ് പറയുക എന്നറിയണം. അപ്പോൾ കോപിഷ്ടനായി അദ്ദേഹം പറഞ്ഞു: നീ എവിടെയാണെന്ന് നിനക്കറിയുമോ? ഞാൻ പറഞ്ഞു: അതെ.അദ്ദേഹം പറഞ്ഞു: ഫിർഔനിനെ അല്ലാഹു മുക്കിക്കൊന്ന സ്ഥലമാണിത്. താങ്കളുടെ ആ വിഷയത്തിൽ ചോദ്യമുന്നയിക്കുവാൻ തിരുദൂതരുടെ(ﷺ) വല്ല കൽപ്പനയും ഉണ്ടായിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഇല്ല.അദ്ദേഹം പറഞ്ഞു: പ്രവാചകൻ്റെ സ്വഹാബിമാർ ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഇല്ല അദ്ദേഹം ചോദിച്ചു: ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ടെന്ന് നിനക്ക് അറിയുമോ? ഞാൻ പറഞ്ഞു: ഇല്ല. അദ്ദേഹം ചോദിച്ചു: അതിൻ്റെ ഒരു നക്ഷത്രത്തിൻ്റെയെങ്കിലും വർഗമോ, ഉദയമോ, അസ്തമയമോ, എന്തിൽനിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നോ നിനക്കറിയാമോ? ഞാൻ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: നിൻ്റെ നഗ്നനേത്രം കൊണ്ട് നീ കാണുന്ന സൃഷ്ടിപ്രപഞ്ചത്തിലെ ഒരു കാര്യത്തെ സംബന്ധിച്ചുതന്നെ നിനക്കറിയില്ല എന്നിരിക്കെ, അതിൻ്റെ സ്രഷ്ടാവിൻ്റെ ജ്ഞാനത്തെ കുറിച്ചാണോ നീ സംവദിക്കുന്നത്:
പിന്നീട് അദ്ദേഹം വുളുവിനെ സംബന്ധിച്ചുളള ഒരു വിഷയം എന്നോട് ചോദിച്ചു. അതിലും എനിക്ക് തെറ്റുകൾ സംഭവിക്കുകയുണ്ടായി. അദ്ദേഹം വീണ്ടും അതിനെ നാലു രൂപത്തിൽ വേർപിരിച്ചു. എന്നിട്ടും അതിലൊന്നിലുമെനിക്ക് ശരിയുത്തരമുണ്ടായില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരു ദിവസത്തിൽ അഞ്ച് തവണയും നിനക്കാവശ്യമായ വിഷയത്തെക്കുറിച്ചുളള ജ്ഞാനം നീ വർജ്ജിക്കുന്നു. എന്നിരിക്കെ, സ്രഷ്ടാവിൻ്റെ ജ്ഞാനത്തെ ചൊല്ലി നീ വിഷമിക്കുകയും, അത് നിൻ്റെ ഹൃദയത്തിൽ പിറുപിറുക്കുകയും ചെയ്യുന്നു. യഥാർ ത്ഥത്തിൽ ആ വിഷയത്തിൽ നീ അല്ലാഹുവിൻ്റെ ഈ വചനങ്ങളിലേക്ക് മടങ്ങുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന് പരമകാരുണികനും കരുണാനിധിയുമത്രെ. ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്കുപകാരമുളള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിർജ്ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാ തരം ജന്തു വർഗങ്ങളേയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നടക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (ബഖറ:163, 164) ഇവിടെ സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ മനസ്സിലാക്കുകയാണ്. നിൻ്റെ ബുദ്ധിക്കതീതമായ കാര്യത്തെ സംബന്ധിച്ച് നീ വിഷമിക്കേണ്ട കാര്യമില്ല.
4) യൂനുസ് ഇബിനു അബ്ദിൽ അഅ്ലായിൽ നിന്നും (അദ്ദേഹത്തെകുറിച്ച് ഹാഫിള് ഇബ്നു ഹജർ പറഞ്ഞു: പത്താം ശ്രേണിയിലെ ചെറുപ്പക്കാരിലെ വിശ്വസ്തനായ വ്യക്തി ഹിജ്റ 246 ൽ മൃതിയടഞ്ഞു. തഖ്രീബുത്തഹ്ദീബ് 2/385, ശദറാതുദഹബ് 2/149, ഇബ്നു ഹിദായതുല്ലയുടെ ത്വബഖാതുശ്ശാഫിഇയ്യ പേജ്: 28 എന്നിവ കാണുക) ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ശാഫിഈ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: നാമവും നാമകരണം ചെയ്യപ്പെട്ടതും വേറെയാണെന്നോ ഒരു വസ്തു മറ്റൊന്നാണെന്നോ വല്ലവനും പറയുന്നത് കേട്ടാൽ അയാൾ മതനിർമ്മതവാദിയാണെന്ന് നീ സാക്ഷ്യം വഹിച്ചുകൊളളുക. (ഇൻതിഖാഅ് പേജ്:79,മജ്മൂഉൽഫതാവാ 6/187)
5) ശാഫിഈ തൻ്റെ 'അരിസാല' എന്ന ഗ്രന്ഥത്തിൽ (പേജ്:7,8ൽ)പറയുന്നു: ''അല്ലാഹുവിന്നാണ് സർവ്വസ്തുതിയും. അവൻ സ്വന്തത്തെ വിശേഷിപ്പിച്ചപേലെതന്നെയുളളവനാണ്. അവൻ്റെ സൃഷ്ടികൾ അവനെ വിശേഷിപ്പിക്കുന്നതിനെല്ലാം ഉപരിയായുളളവനുമാണ്.''
6) ദഹബി തൻ്റെ 'സിയറുഅഅ്ലാമ്' എന്ന ഗ്രന്ഥത്തിൽ(20/341)ൽ ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കുന്നു: ''ഖുർആൻ കൊണ്ടുവന്നിട്ടുളളതും സുന്നത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുളളതുമായ ഈ വിശേഷണങ്ങളെയെല്ലാം നാം സ്ഥാപിക്കുന്നു. അവനോട് ഉപമിക്കുന്നതിനെ നാം നിഷേധിക്കുന്നു. അവൻ തന്നെ സ്വന്തത്തിന് അത് നിഷേധിച്ചിട്ടുളളതാണ്.'' അല്ലാഹു പറയുന്നു: ''അവനു തുല്ല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ്'' (ശൂറാ:11) 7) റബീഅ ഇബ്നു സുലൈമാൻ പറഞ്ഞതായി ഇബ്നുഅബ്ദിൽ ബർറ് ഉദ്ധരിക്കുന്നു: അല്ലാഹു പറയുന്നു: ''അല്ല; തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറക്കപ്പെടുന്നവരാകുന്നു'' (മുത്വഫ്ഫിഫീൻ:15)
പ്രസ്തുത വചനത്തെ സംബന്ധിച്ച് ഇമാം ശാഫിഈ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: മറക്കപ്പെടാത്ത ഒരു വിഭാഗം ആളുകളുമുണ്ടെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്. അവർ അവനിലേക്ക് നോക്കിക്കൊണ്ടിരിക്കും. അവനെ കാണുന്നതിൽ അവർക്ക് യാതൊരു തടസ്സവുമുണ്ടാകുന്നതല്ല. (ഇൻതിഖാഅ് പേജ്:79)
8) റുബീഅ ഇബ്നു സുലൈമാൻ തന്നെ പറഞ്ഞതായി ലാലകായി ഉദ്ധരിക്കുന്നു: ഞാൻ മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിയുടെ അടുത്ത് സന്നിഹിതനായിരുന്നു. അദ്ദേഹത്തിന് അപ്പോൾ ഈജിപ്തിൽനിന്നും ഒരു തുണ്ടെഴുത്ത് വന്നു അതിൽ ഇങ്ങനെ ഉണ്ടായിരുന്നു: ''അല്ല; തീർച്ചയായും അവർ അന്നേദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറക്കപ്പെടുന്നവരാകുന്നു''
എന്ന വചനത്തെക്കുറിച്ച് താങ്കൾ എന്ത് പറയുന്നു: ശാഫിഈ പറഞ്ഞു: കോപം കാരണമായിട്ടാണ് ഈ വിഭാഗം മറക്കപ്പെട്ടത് എന്നത് തെളിയിക്കുന്നത് സംതൃപ്തിയിൽ അവർക്കവനെ കാണാമെന്നാണ്. റബീഅ പറയുന്നു: ഞാൻ പറഞ്ഞു: ഓ അബൂ അബ്ദില്ലാ ഇതാണോ നിങ്ങൾ പറയുന്നത്. അദ്ദേഹം പറഞ്ഞു: അതെ ഇതാണ് എനിക്ക് അല്ലാഹുവിലേക്കുളള മതം. (ശറഹ് ഉസ്വൂലു ഇഅ്തിഖാദി അഹ്ലുസുന്നത്തി വൽജമാഅ: 2/506)
9) ഇബ്നു അബ്ദിൽ ബർറ്, ജാറൂദിയിൽ നിന്നും ഉദ്ധരിക്കുന്നു. (മൂസാബിൻ അബിൽ ജാറൂദിയെ ആയിരിക്കാം ഇവിടെ ഉദ്ദേശിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് നവവി പറയുന്നു. ശാഫിഈയിൽ നിന്നും പഠിക്കുകയും ഉദ്ധരിക്കുകയും ചെയ്ത ശിഷ്യഗണങ്ങളിലൊരാളാണയാൾ. ഇബ്നു ഹിബതുല്ലാ പറയുന്നു: അദ്ദേഹം മക്കയിൽ ശാഫിഈ മദ്ഹബനുസരിച്ച് മതവിധി നൽകിയിരുന്നു. മരണതീയ്യതി അറിയില്ല. (തഹ്ദീബുൽ അസ്മാഇവല്ലുഗാത:് 2/120) ഇബ്നു ഹിദായത്തുല്ലായുടെ ത്വബഖാത്തു ശാഫിഈ പേജ്:29) അദ്ദേഹം പറഞ്ഞു: ഇബ്റാഹീം ഇബ്നു ഇസ്മാഈൽ ഇബ്നു അലിയ(ഈ മനുഷ്യനെ കുറിച്ച് ദഹബി പറയുന്നു: ഇയാൾ നശിച്ചവനായ ജഹ്’മിയ്യക്കാരനാണ്. വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു. ഖുർആൻ സൃഷ്ടിയാണെന്ന് വാദിച്ചിരുന്നു ഹിജ്റ : 218 ൽ മൃതിയടഞ്ഞു (മീസാനുൽ ഇഅ്തിദാൽ1/20, ലിസാനുൽ മീസാൻ 1/34, 35) എന്ന വ്യക്തിയെ കുറിച്ച് ശാഫിഈയുടെ മുമ്പിൽ പരാമർശിക്കുകയുണ്ടായി. അപ്പോൾ ശാഫിഈ പറഞ്ഞു: ഞാൻ അയാളോട് എല്ലാ വിഷയത്തിലും എതിരാണ്. 'لا إله الا الله' എന്ന വചനത്തിൽ പോലും അയാൾ പറയുന്നത് പോലെയല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത്: മൂസാ(عليه السلام)യോട് മറക്ക് പിന്നിൽ നിന്ന് നേരിട്ട് സംസാരിച്ചവനായ അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലെന്നാണ്. അവൻ പറയുന്നത് മറക്കു പിന്നിൽനിന്ന് മൂസാ യെ കേൾപ്പിച്ച വചനത്തെ സൃഷ്ടിച്ച അല്ലാഹു വല്ലാതെ മറ്റൊരാരാധ്യനുമില്ലാ എന്നാണ്. (ഇൻതിഖാഅ്: പേജ്:79, ബൈഹഖിയുടെ ശാഫിഈയുടെ മഹത്വങ്ങൾ എന്നതിൽ നിന്ന് ഹാഫിളും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ലിസാനുൽ മീസാൻ 1/35 കാണുക)
10) ശാഫിഈ പറഞ്ഞതായി റബീഅ ഇബ്നു സുലൈമാനിൽ നിന്നും ലാലകായി ഉദ്ധരിക്കു ന്നു: വിശുദ്ധഖുർആൻ സൃഷ്ടിക്കപ്പെട്ടതാണെ ന്ന് പറയുന്നവൻ തീർച്ചയായും അവിശ്വാസിയാണ്. (ശറഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലു സുന്നത്തിവൽജമാഅ: 1/252)
11) അബൂമുഹമ്മദിൽ സുബൈരി പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ഒരു മനുഷ്യൻ ശാഫിഈയോട് പറഞ്ഞു: ഖുർആനിനെ കുറിച്ച് എനിക്കു വിവരിച്ചു തരൂ, അത് സ്രഷ്ടാവാണോ? ശാഫിഈ പറഞ്ഞു: അല്ലാഹുവേ, ഒരിക്കലുമല്ല. അദ്ദേഹം തുടർന്നു: എങ്കിൽ പിന്നെ അത് സൃഷ്ടിയല്ലേ? ശാഫിഈ പറഞ്ഞു: അല്ലാഹുവേ, അല്ല. അദ്ദേഹം പറഞ്ഞു: അപ്പോൾ സൃഷ്ടിയല്ലെന്നാണോ? ശാഫിഈ പറഞ്ഞു: അല്ലാഹുവേ, അതെ. അദ്ദേഹം പറഞ്ഞു: അത് സൃഷ്ടിയല്ലാ എന്നു ളളതിന് എന്താണ് തെളിവ്? അപ്പോൾ ശാഫി ഈ തലയുയർത്തികൊണ്ട് ഇങ്ങനെ ചോദിച്ചു: ഖുർആൻ അല്ലാഹുവിൻ്റെ വചനമാണെന്ന് നീ അംഗീകരിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. ശാഫിഈ പറഞ്ഞു: ഈ വാക്കിലൂടെ നീ പരാജയപ്പെട്ടിരിക്കുന്നു. മഹാനായ അല്ലാഹു പറഞ്ഞു: ബഹുദൈവവിശ്വാസികളിൽ വല്ലവനും നിൻ്റെയടുക്കൽ അഭയം തേടിവന്നാൽ അല്ലാഹുവിൻ്റെ വചനം അവന് കേട്ട് ഗ്രഹിക്കാൻ വേണ്ടി അവന് അഭയം നൽകുക (തൗബ:6). 'മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു' (നിസാഅ്: 164)
ശാഫിഈ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നതാണെന്നും അവൻ്റെ വചനവും ഉണ്ടായിരുന്നതാണെന്നും നീ അംഗീകരിക്കുന്നുണ്ടോ, അതല്ല അല്ലാഹു ഉണ്ടായിരുന്നു അവൻ്റെ വചനം ഉണ്ടായിരുന്നില്ല എന്നാണോ? അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: അങ്ങനെയല്ല, അല്ലാഹു ഉണ്ടായിരുന്നു. അവൻ്റെ വചനവും ഉണ്ടായിരുന്നു. അപ്പോൾ ശാഫിഈ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: അല്ലയോ കൂഫക്കാരേ, നിങ്ങൾ അതിഭയങ്കരമായ വർത്തമാനമാണ് അവതരിപ്പിക്കുന്നത്. എല്ലാറ്റിൻ്റെയും ആദ്യത്തിൽ അല്ലാഹുവും അവൻ്റെ വചനവും ഉണ്ടായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കവെ, വചനം തന്നെയാണ് അല്ലാഹു എന്നോ അല്ലാഹു ഒഴികെയുളളതാണെന്നോ, അല്ലാഹു അല്ലാത്തതാണെന്നോ, അല്ലാഹുവിന് താഴെയുളളതാണെന്നോ നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടുന്നത്? ഉടനെ ആ മനുഷ്യൻ മൗനിയായി സ്ഥലം വിട്ടു. (മനാഖിബു ശാഫിഈ : 1/407, 408)
12) അബൂത്വാലിബുൽ അശ്ശാരിയുടെ റിപ്പോർട്ടിലൂടെ ഇമാം ശാഫിഈയിലേക്ക് ചേർക്കപ്പെട്ട വിശ്വാസകാര്യങ്ങളുടെ ഭാഗത്തിൽ (ജൂസുഉൽ ഇഅ്തിഖാദിൽ) ഇങ്ങനെ പ്രാസ്താവിക്കുന്നു: അല്ലാഹുവിൻ്റെ വിശേഷണങ്ങളെ കുറിച്ചും അവനെ സംബന്ധിച്ച് വിശ്വസിക്കേണ്ടത് എന്തെന്നും അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടുവന്നതും അവൻ്റെ പ്രവാചകൻ (ﷺ) തൻ്റെ സമുദായത്തിന് തന്നതുമായ നാമങ്ങളും വിശേഷണങ്ങളും അല്ലാഹുവിനുണ്ട്. ഉന്നതനും പ്രതാപിയുമായ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും തന്നെ, അയാളുടെ പക്കൽ ഖുർആൻ അവതരിച്ചതിലൂടെയും പ്രവാചകൻ്റെ തിരുമൊഴി നീതിമാനായ റിപ്പോർട്ടറിലൂടെ സ്ഥിരപ്പെട്ട് കിട്ടിയതിലൂടെയും തെളിവ് വ്യക്തമായിരിക്കെ, അതിന് എതിരെ നിലകൊളളാൻ പാടുളളതല്ല. ഇനി തെളിവ് സ്ഥിരപ്പെട്ടു കിട്ടിയതിനു ശേഷവും അതിന് എതിരാവുകയാണെങ്കിൽ അപ്പോൾ അയാൾ മഹാനായ അല്ലാഹുവിൽ അവിശ്വസിച്ചവൻ തന്നെ യാണ്. എന്നാൽ തെളിവ് അയാൾക്ക് പ്രാമാണികമായി സ്ഥിരപ്പെട്ടുകിട്ടുന്നതിനു മുമ്പ് അജ്ഞതയുടെ അടിസ്ഥാനത്തിൽ ഒഴിവ് കഴിവ് നൽകേണ്ടതുമാണ്. കാരണം ഇതുസംബന്ധമായ ജ്ഞാനം ഒരിക്കലും ബുദ്ധികൊണ്ടോ ചിന്തകൊണ്ടോ മനനം ചെയ്തെടുക്കാവുന്നതല്ല
അല്ലാഹു തആലാ വിവരിച്ചുതരുന്ന കാര്യങ്ങൾ ഇതിനു ഉദാഹരണങ്ങളാണ്. അവയിൽ ചിലത് കാണുക: അല്ലാഹു എല്ലാം കേൾക്കുന്നവനാണെന്നും അവന്ന് ഇരു കരങ്ങളുണ്ടെന്നും അവൻ പറയുന്നു: എന്നാൽ അവൻ്റെ ഇരു കരങ്ങളും നിവർത്തപ്പെട്ടവയാകുന്നു. (മാഇദ:64) അവന്ന് വലതുകയ്യുണ്ടന്നും അവൻ പറയുന്നു: ആകാശങ്ങൾ അവൻ്റെ വലതുകയ്യിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും (സുമർ:67) അവന്ന് മുഖമുണ്ടന്ന് അവൻ പറയുന്നു: അവൻ്റെ തിരുമുഖമൊഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ് (ഖസ്വസ്:88) അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: മഹത്വവും ഉദാരതയും ഉള്ളവനായ നിൻ്റെ രക്ഷിതാവിൻ്റെ മുഖം അവശേഷിക്കുന്നതാണ്. (റഹ്മാൻ:27) ഉന്നതനും മഹാനുമായ അവന് പാദമുണ്ടെന്ന് പ്രവാചകവചനത്തിലുണ്ട് രക്ഷിതാവ് തൻ്റെ പാദം അതിൽ (നരകതീയ്യിൽ) വെക്കുന്നത് വരെ, (ബുഖാരി 8/594, മുസ്ലീം 4/2187) തൻ്റെ ദാസനോട് അല്ലാഹു ചിരിക്കുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ വധിക്കപ്പെട്ടയാളെ കുറിച്ച് പ്രവാചകൻ(ﷺ) പറയുന്നു: അയാൾ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അയാളോട് ചിരിക്കുന്നതായിരിക്കും. (ബുഖാരി 6/39, മുസ്ലിം 4/2248) അല്ലാഹു എല്ലാ രാത്രിയും ഏറ്റവും താഴെയുളള ആകാശത്തേക്ക് ഇറങ്ങുമെന്ന് പ്രവാചകൻ(ﷺ) പറഞ്ഞിട്ടുണ്ട്. ദജ്ജാലിനെ കുറിച്ച് പരാമർശിക്കവെ അല്ലാഹു ഒറ്റക്കണ്ണനല്ലെന്ന് നബി(ﷺ) വിശദമാക്കി: ദജ്ജാൽ ഒറ്റക്കണ്ണനാണ് നിങ്ങളുടെ രക്ഷിതാവ് ഒറ്റക്കണ്ണനല്ല. (ബുഖാരി 13/91, മുസ്ലിം 4/2248) തീർച്ചയായും സത്യവിശ്വാസികൾ മഹാനായ അവരുടെ രക്ഷിതാവിനെ പൂർണ്ണചന്ദ്രനിലാവിൽ ചന്ദ്രനെ ദർശിക്കുന്നതുപോലെ അന്ത്യനാളിൽ അവരുടെ ദൃഷ്ടികൾകൊണ്ട് ദർശിക്കുമെന്ന് നബി(ﷺ) പറഞ്ഞിട്ടുണ്ട്. അവന് വിരലുണ്ടെന്നും പ്രവാചകൻ(ﷺ) അരുളിയിട്ടുണ്ട്. ഏതൊരു ഹൃദയവും ഉന്നതനും പ്രതാപിയുമായ പരമകാരുണ്യകൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്കിടയിലല്ലാതെ ഇല്ല തന്നെ (അഹ്മദ്, ഇബ്നു മാജ, ഹാകിം, ഇബ്നു മന്ദ എന്നിവർ ഉദ്ധരിച്ചത്) മഹാനും പ്രതാപിയുമായ അല്ലാഹു സ്വന്തത്തെതന്നെ വിശേഷിപ്പിച്ചിട്ടുളളതും അവൻ്റെ തിരുദൂതർ(ﷺ) അവനെ വിശേഷിപ്പിച്ചിട്ടുളളതുമായ ഈ ആശയങ്ങളുടെയെല്ലാം യാഥാർത്ഥ്യം ബുദ്ധിക്കോ ചിന്തക്കോ ഗോചരമല്ല. അത് അറിയാത്ത ഒരു വ്യക്തിയെ വ്യക്തമായ രേഖ അയാൾക്ക് വന്നെത്തുന്നത് വരെ അവിശ്വാസിയാക്കാവുന്നതുമല്ല. ഇനി അതുസംബന്ധമായി വല്ല രേഖയും നേരിട്ടുകേട്ടു ബോധ്യപ്പെടുന്ന വിധം വന്നെത്തിയാൽ അതിൻ്റെ യാഥാർത്ഥ്യത്തെ സർവ്വാത്മനാ സ്വീകരിക്കേണ്ടത് ശ്രോതാവിൻ്റെ നിർബന്ധബാധ്യതയാണ്. താൻ അല്ലാഹുവിൻ്റെ ദൂതനിൽ നിന്നും നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തപോലെ അതിന് സാക്ഷ്യം വഹിക്കുകയും വേണം. എന്നാൽ, നാം ഈ വിശേഷണങ്ങളെയെല്ലാം സ്ഥിരീകരിക്കുന്നു. അതിനെ സാദൃശ്യപ്പെടുത്തുന്നതിനെ നിഷേധിക്കുകയും ചെയ്യുന്നു. അല്ലാഹു സ്വയം തന്നെ അതു നിഷേധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: അവനു തുല്യമായി യാതൊന്നുമില്ല; അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു (ശൂറാ:11) (ഇത്രയും ഞാൻ ഉദ്ധരിച്ചത് ഹോളണ്ടിലെ ലേഡൻ യൂണിവേഴ്സിറ്റിയിലെ സെൻട്രൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുളള ജുസുഉൽ ഇഅ്തിഖാദിൻ്റെ ഒർജിനൽ കയ്യെഴുത്ത് പ്രതിയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പിൽനിന്നാണ്.) B) വിശ്വാസ കാര്യങ്ങളിൽ അവസാനത്തേത്: ഖദ്റ്:
B) ഖദ്റ്: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) റബീഅ് ഇബ്നു സുലൈമാൻ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ശാഫിഈയോട് ഖദ്റിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
നീ ഉദ്ദേശിച്ചതെന്തോ അതുണ്ടാകുന്നു, ഞാൻ ഉദ്ദേശിച്ചില്ലെങ്കിലും ശരി. ഞാൻ ഇച്ഛിക്കുന്നത് നീ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഉണ്ടാകുന്നതല്ല.
നിൻ്റെ ജ്ഞാനത്തിനനുസൃതം ദാസരെ നീ സൃഷ്ടിച്ചു. യുവാവും വൃദ്ധനും നിൻ്റെ ജ്ഞാനത്തിനു വിധേയമായി നീങ്ങുന്നു.
ഇയാൾക്കു നീ നന്മ ചെയ്തു അയാളെ നീ കയ്യൊഴിച്ചു, ഇവനെ സഹായിച്ചു. അപരനെ സഹായിച്ചില്ല,
അങ്ങനെ അവരിൽ ദൗർഭാഗ്യവാനും സൗഭാഗ്യവാനും സുന്ദരനും വിരൂപനുമെല്ലാമുണ്ടായി. (മനാഖിബു ശാഫിഈ1/412,413, ശർഹു ഉസൂലി ഇഅ്തിഖാദി ഹ്ലിസുന്ന:2/702)
2) 'മനാഖിബുശാഫിഈ'യിൽ ബൈഹഖി ഉദ്ധരിക്കുന്നു: ഇമാം ശാഫിഈ പറയുന്നു: അടിയാറുകളുടെ ഇഛ അല്ലാഹു തആലായുടെ ഭാഗത്തുനിന്നാണ്. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവർ ഉദ്ദേശിക്കുന്നില്ല. കാരണം ജനങ്ങളല്ല അവരുടെ പ്രവർത്തനങ്ങളെ സൃഷ്ടിച്ചത്. നേരെമറിച്ച് അടിമകളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ സൃഷ്ടിയുടെ ഭാഗമായതുകെണ്ടാണ്. വിധി നന്മയായാലും തിന്മയായാലും മഹാനായ അല്ലാഹുവിൽനിന്നുളളതാണ്. ഖബർശിക്ഷ സത്യമായതാണ്. ഖബറാളികളെ ചോദ്യം ചെയ്യുമെന്നുളളതും സത്യമാണ്. പുനർജന്മം സത്യമാണ്. വിചാരണ സത്യമാണ്. സ്വർഗവും നരകവും യഥാർത്ഥ്യമാണ്. ഇതിനും പുറമെ നബിചര്യ പഠിപ്പിക്കുന്ന മറ്റെല്ലാകാര്യങ്ങളും വാസ്തവമാണ്. (മനാഖിബുശാഫിഈ1/415
3) മുസ്നി പറഞ്ഞതായി ലാലകായി ഉദ്ധരിക്കുന്നു: ശാഫിഈ പറഞ്ഞു: ഖദ്രിയ്യിൻ്റെ (ഖദ്റിനെ നിഷേധിക്കുന്നവൻ്റെ) യാഥാർത്ഥ്യം എന്തെന്ന് നിങ്ങൾക്കറിയാമോ? ഒരു വസ്തുവിനേയും അത് പ്രവർത്തിപഥത്തിൽ ഉണ്ടായിത്തീരുന്നത് വരെ അല്ലാഹു സൃഷ്ടിക്കുന്നില്ല എന്ന് പറയുന്നവനാണ് അയാൾ. (ശറഹു ഉസൂലിഇഅ്തിഖാദി അഹ്ലി സുന്നത്തി വൽ ജമാഅ:2/701)
4) ശാഫിഈ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: (അബൂ ദാവൂദ് 5/66, ഹാകിമിൻ്റെ മുസ്തദാറകിൽ 1/85 ലും ഉദ്ധരിച്ചത്) ''ഈ സമുദായത്തിലെ മജൂസികൾ (അഗ്നിയാരാധകർ)''എന്ന് നബി(ﷺ) വിശേഷിപ്പിച്ച ഖദ്റിയാക്കൾ (ഖദ്റിനെ നിഷേധിക്കുന്നവർ) പറയുന്നു: ''പാപങ്ങൾ ഉണ്ടായിത്തീരുന്നത് വരെ അല്ലാഹു അത് അറിയുന്നില്ല''. (മനാഖിബുശാഫിഈ 1/413)
5) റബീഅ് ഇബ്നു സുലൈമാൻ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ഖദ്രിയ്യിൻ്റെ പുറകിൽ തുടർന്നു നമസ്കരിക്കുന്നത് ശാഫിഈ വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. (മനാഖിബുശാഫിഈ 1/413)
C) ഈമാൻ: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) റബീഇൽ നിന്നും ഇബ്നു അബ്ദിൽ ബർറ് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ശാഫിഈ പറയുന്നതായി ഞാൻ കേട്ടിട്ടിണ്ട്: ഈമാൻ എന്നത് വാക്കും പ്രവർത്തിയും ഹൃദയം കൊണ്ടുളള വിശ്വാസവും കൂടിയാണ്. നിങ്ങൾ അല്ലാഹുവിൻ്റെ ഈ വചനം കണ്ടില്ലേ? അല്ലാഹു ഒരിക്കലും നിങ്ങളുടെ വിശ്വാസത്തെ അതായത് ബൈത്തുൽ മുഖദ്ദസ്സിലേക്ക് തിരിഞ്ഞ് നമസ്കരിച്ചതിനെ പാഴാക്കുന്നവനല്ല. (ബഖറ: 143) ഇവിടെ വാക്കും പ്രവർത്തിയും ഹൃദയത്തിൻ്റെ കരുത്തും ഉൾപ്പെട്ട നമസ്കാരത്തിനാണ് ഈമാൻ എന്ന് അല്ലാഹു പേരിട്ടിരിക്കുന്നത്. (ഇൻതിഖാഅ്, പേജ്:81)
2) റുബയ്യിഅ്ബ്നു സുലൈമാൻ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ശാഫിഈ പറയുന്നതായി ഞാൻ കേട്ടു: സത്യവിശ്വാസമെന്നത് വാക്കും പ്രവർത്തിയുമാണ്. അത് കൂടുകയും കുറയുകയും ചെയ്യുന്നു. (മനാഖിബുശാഫിഈ 1/387)
3) അബുമുഹമ്മദ് സുബൈരി പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: ഒരു മനുഷ്യൻ ശാഫിഈയോട് ചോദിച്ചു: അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠകരമായ കർമ്മം ഏതാണ്? ശാഫിഈ പറഞ്ഞു: ഏതൊരു കാര്യം കൂടാതെ ഒരു കർമ്മവും സ്വീകാര്യമാകുന്നില്ലയോ അതാണ്. അയാൾ ചോദിച്ചു: അതെന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിൽ വിശ്വസിക്കുക, അവനല്ലാതെ ആരാധനക്കർഹനില്ല. ഇതാണ് കർമ്മങ്ങളിൽ ഏറ്റവും ഉന്നത പദവിയുളളതും, ഏറ്റവും ശ്രേഷ്ഠകരമായതും, ഭാഗധേയത്തിൽ ഏറ്റവും ശോഭിക്കുന്നതും
ആ മനുഷ്യൻ വീണ്ടും ചോദിച്ചു: വിശ്വാസത്തെ (ഈമാനിനെ) കുറിച്ച് അത് വാക്കും പ്രവർത്തിയും കൂടിയാണോ അതോ പ്രവർത്തനം കൂടാതെ വാക്കു മാത്രമാണോ എന്നൊന്ന് വിവരിച്ച് തരാമോ? ശാഫിഈ പറഞ്ഞു: ഈമാനെന്നത് അല്ലാഹുവിന് വേണ്ടിയുളള പ്രവർത്തനമാണ്. ആ പ്രവർത്തനത്തിൻ്റെ ഒരു ഭാഗമാണ് വാക്ക്. ആ മനുഷ്യൻ വീണ്ടും പറഞ്ഞു: അതെനിക്ക് മനസ്സിലാക്കേണ്ടതിനായി ഒന്ന് വിശദമാക്കിയാലും. ശാഫിഈ പറഞ്ഞു: തീർച്ചയായും, ഈമാനിന് പല അവസ്ഥകളും പദവികളും ശ്രേണികളുമുണ്ട്. പരിപൂർണ്ണതയുടെ പാരമ്യത്തിലെത്തിയതും വ്യക്തമായ ന്യൂനതയുളള അപൂർണ്ണമായതും മികവ് കൂടിയ മികവുറ്റതും അത് ഉൾകൊളളുന്നുണ്ട് ആ മനുഷ്യൻ പറഞ്ഞു: ഈമാൻ പൂർത്തിയാകാതെ അതിൽ ഏറ്റക്കുറിച്ചിൽ ഉണ്ടാകുമെന്നോ? ശാഫിഈ പറഞ്ഞു: അതെ അയാൾ പറഞ്ഞു: അതിനെന്താണ് രേഖ? ശാഫിഈ പറഞ്ഞു: തീർച്ചയായും മഹാസ്തുത്യർഹനായ അല്ലാഹു ആദം സന്തതികളുടെ അവയവങ്ങളിലൊക്കെ ഈമാനിനെ നിർബന്ധ മായി കൽപ്പിക്കുകയും അതിനെ അവയിലെല്ലാം വിഭജിക്കുകയും വീതിക്കുകയും ചെയ്തിരിക്കുകയാണ്. അതിനാൽ തന്നെ ശരീരാവയവങ്ങളിലെ ഒന്ന് ഏൽപ്പിക്കപ്പെട്ടിട്ടുളള ഈമാനികഭാഗത്തിൽനിന്നും വ്യത്യസ്തമായതാണ് മറ്റൊരു അവയവം അല്ലാഹുവിൻ്റെ നിർബന്ധത്തോടെ ഏൽപ്പിക്കപ്പെട്ടിട്ടുളളത്. അങ്ങനെയുളള അവയവങ്ങളിൽ ഒന്നാണ് ഹൃദയം, അതുമുഖേന മനുഷ്യൻ ചിന്തിക്കുകയും ഗ്രഹിക്കുകയും ഉൾകൊളളുകയും ചെയ്യുന്നു. അവൻ്റെ ശരീരത്തിൻ്റെ നായകനാണത്. അതിൻ്റെ നിർദ്ദേശമോ കൽപ്പനയോ കൂടാതെ ശരീരാവയവങ്ങൾ ഒരടി മുന്നോട്ടോ, പിന്നോട്ടോ വെക്കുന്നതല്ല അവൻ നോക്കിക്കാണുന്ന രണ്ടു കണ്ണുകളും കേൾക്കാനുപയോഗിക്കുന്ന രണ്ടു ചെവികളും പിടിക്കുന്ന രണ്ടുകൈകളും നടക്കുന്ന രണ്ടു കാലുകളും ആസക്തിയുണ്ടാക്കുന്ന ലൈംഗികാവയവവും സംസാരിക്കുന്ന നാവും തൻ്റെ മുഖമുളള ശിരസ്സുമെല്ലാം അതിൽ ഉൾപ്പെടുന്നു. നാവിന് നിർബന്ധമാക്കിയതല്ല ഹൃദയത്തിന് നിർബന്ധമാക്കിയിട്ടുളളത്. കണ്ണുകൾക്ക് നിർബന്ധമാക്കിയതല്ല കാതുകൾക്ക് നിർബന്ധമാക്കപ്പെട്ടിട്ടുളളത്. കാലുകൾക്ക് നിർബന്ധമാക്കിയതല്ല കൈകൾക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്. മുഖത്തിന് നിർബന്ധമാക്കിയതല്ല ഗുഹ്യാവയവത്തിന് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈമാനിൽ നിന്നും അല്ലാഹു ഹൃദയത്തിൻ്റെ മേൽ നിർബന്ധമാക്കിയിട്ടുളളത് അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും, അവൻ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനാണെന്നും, അവൻ സഹധർമ്മിണിയേയോ സന്താനത്തേയോ സ്വീകരിച്ചിട്ടില്ലെന്നും, മുഹമ്മദ് (ﷺ) അവൻ്റെ ദാസനും ദൂതനുമാണെന്നും സമ്മതിക്കുകയും അറിയുകയും ഉറപ്പിക്കുകയും തൃപ്തിപ്പെടുകയും സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൽനിന്നും വന്നിട്ടുളള എല്ലാ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളെയും അംഗീകരിക്കുകയും ചെയ്യുക. ഇതെല്ലാമാണ് അല്ലാഹു ഹൃദയത്തിന്മേൽ നിർബന്ധമാക്കിയിട്ടുളളത്. അതാണ് അതിൻ്റെ പ്രവർത്തനവും. അല്ലാഹു പറഞ്ഞു താങ്കളുടെ ഹൃദയം വിശ്വാസത്തിൽ സമാധാനം പൂണ്ടതായിരിക്കെ നിർബന്ധമാക്കപ്പെട്ടവരല്ല, പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ മേൽ അല്ലാഹുവിങ്കൽനിന്നുളള കോപമുണ്ടായിരിക്കും ഭയാനകമായ ശിക്ഷ അവർക്കുണ്ട് (നഹ്ൽ:106) അല്ലാഹു പറയുന്നു: പറയുക അല്ലാഹുവിനെ പറ്റിയുളള ഓർമ്മ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത് (മാഇദ:41) അല്ലാഹു പറയുന്നു: മറച്ചുവെച്ചാലും അതിൻ്റെ പേരിൽ നിങ്ങളോട് കണക്ക് ചോദിക്കുകതന്നെ ചെയ്യും. (ബഖറ: 284) ഇതാണ് അല്ലാഹു ഹൃദയത്തിനുമേൽ നിർബന്ധമാക്കിയ ഈമാൻ, അതാണ് അതിൻ്റെ പ്രവർത്തനം. അതുതന്നെയാണ് ഈമാനിൻ്റെ ശിരസ്സും ഹൃദയത്തിൽ അംഗീകരിക്കുകയും ഉറപ്പിക്കുകയും ചെയ്തിട്ടുളളത് പറയുകയും പ്രസ്താവിക്കുകയുമാണ് നാവിൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയത്. അതിനെ സംബന്ധിച്ച് അവൻ ഇങ്ങനെ പറയുന്നു: (ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നിങ്ങൾ പറയുവിൻ (ബഖറ:136) അല്ലാഹു പറയുന്നു: "നിങ്ങൾ ജനങ്ങളോട് നല്ലത് പറയുക." (289) (ബഖറ:83) ഇതാണ് അല്ലാഹു നാവിൻ്റെമേൽ നിർബന്ധമാക്കിയത്. അതായത് ഹൃദയത്തിലുളളത് പ്രസ്താവിക്കുകയും പറയുകയും ചെയ്യുക എന്നത്. അതാണ് അതിൻ്റെ പ്രവർത്തനവും ഈമാനിൽനിന്നും അതിൻ്റെ മേൽ നിർബന്ധമായിട്ടുളളതും അതുതന്നെ. കാതിൻ്റെ മേൽ അല്ലാഹു നിർബന്ധമാക്കിയത്, അല്ലാഹു നിഷിദ്ധമാക്കിയത് കേൾക്കുന്നതിൽനിന്നും അകന്നു നിൽക്കണമെന്നും അവൻ വിരോധിച്ച കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നുമാണ്. അല്ലാഹുവിൻ്റെ വചനങ്ങൾ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങൾ കേട്ടാൽ അത്തരക്കാർ മറ്റു വല്ല വർത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങൾ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെ തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തിൽ അല്ലാഹു നിങ്ങൾക്ക് അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ (നിസാഅ്:140) പിന്നീട് മറന്നുപോകുന്ന സന്ദർഭത്തെ അതിൽ നിന്നും ഒഴിവാക്കുകയുണ്ടായി. അല്ലാഹു പറയുന്നു: ''ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ചുകളയുന്ന പക്ഷം (അതായത് നീ അവരുടെ കൂടെ ഇരുന്നു) ഓർമ്മവന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.' അൻആം: 68 അല്ലാഹു പറയുന്നു: അതിനാൽ, എൻ്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുക അതായത് വാക്ക് ശ്രദ്ധിച്ച്കേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്, അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുളളത്. അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ (സുമർ:17, 18) അല്ലാഹു പറയുന്നു: സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരായ, എന്ന വചനം മുതൽ സകാത്ത് നിർവ്വഹിക്കുന്നവരുമായ എന്ന വചനം വരെ (മുഅ്മിനൂൻ 1 4) അല്ലാഹു പറയുന്നു: വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയും (ഖസ്വസ്:55) അല്ലാഹു പറയുന്നു: അനാവശ്യവൃത്തികൾ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കിൽ മാന്യന്മാരായിക്കൊണ്ടാണ് അവർ കടന്നുപോകുക. (ഫുർഖാൻ:72) ഇപ്രകാരം അനുവദനീയമല്ലാത്തത് കേൾക്കുന്നതിൽ നിന്നും അകന്നു നിൽക്കുക എന്നതാണ് അല്ലാഹു തആലാ ശ്രവണേന്ത്രിയത്തിനു മേൽ നിർബന്ധമാക്കിയിട്ടുളളത്. അതാണ് അതിൻ്റെ ജോലിയും അത് ഈമാനിൻ്റെ ഭാഗമാണ്. അല്ലാഹു വിരോധിച്ച കാര്യങ്ങൾ ദർശിക്കുന്നതിൽ നിന്നും ദൃഷ്ടികളെ താഴ്ത്തണമെന്നാണ് രണ്ടു കണ്ണുകളുടെയും മേൽ അവൻ നിർബന്ധമാക്കിയിട്ടുളളത്. ഇതിനെ കുറിച്ച് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുന്നു: (നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. (നൂർ:30, 31) അതായത് തൻ്റെ സഹോദരൻ്റെ ഗുഹ്യഭാഗത്തേക്ക് ദൃഷ്ടി അയക്കാതെയും തൻ്റെ ഗുഹ്യഭാഗം ദർശിക്കപ്പെടാതെയും സൂക്ഷിക്കണമെന്നർത്ഥം
അദ്ദേഹം വീണ്ടും പറഞ്ഞു: ഗുഹ്യഭാഗം സൂക്ഷിക്കണമെന്ന് അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ പരാമർശിച്ചതെല്ലാം വ്യഭിചാരത്തെ ഉദ്ദേശിച്ചാണ്. എന്നാൽ ഈ ആയത്തിൽ അങ്ങനെയല്ല, ഇവിടെ ദർശിക്കുന്നതാണ് ഉദ്ദേശിച്ചിട്ടുളളത്
ദൃഷ്ടികൾ താഴ്ത്തുക എന്ന ആ കാര്യമാണ് രണ്ടുകണ്ണുകളുടെയും മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുളളത്. അതാണ് അതിൻ്റെ പ്രവർത്തനം. അത് ഈമാനിൻ്റെ ഭാഗവുമാണ്
ഹൃദയത്തിൻ്റെയും കാതിൻ്റെയും കണ്ണിൻ്റെയും മേൽ നിർബന്ധമാക്കിയിട്ടുളളതിനെ സംബന്ധിച്ച് ഒരേ ആയത്തിൽതന്നെ വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിൻ്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഇസ്റാഅ്:36) ഇമാം ശാഫിഈ പറയുന്നു: ലൈംഗികാവയവത്തിനു മേൽ അവൻ നിർബന്ധമാക്കിയത്, അല്ലാഹു നിഷിദ്ധമാക്കിയതിനെ കളങ്കപ്പെടുത്താതിരിക്കുക എന്നാണ്. അല്ലാഹു പറയുന്നു: തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്. (അൽമുഅ്മിനൂൻ:5) അല്ലാഹു പറയുന്നു: നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങൾക്കെതിരിൽ സാക്ഷ്യംവഹിക്കുമെന്നു കരുതി നിങ്ങൾ (അവയിൽനിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ല (ഫുസ്സിലത്:22) ഇവിടെ തൊലികൊണ്ട് വിവക്ഷിക്കുന്നത് ലൈംഗികാവയവങ്ങളും തുടകളുമാണ്. അനുവദിക്കപ്പെടാത്ത കാര്യങ്ങളിൽനിന്ന് ലൈംഗികാവയവങ്ങളെ കാത്തുസൂക്ഷിക്കുക എന്നാണ് അതിൻ്റെ മേൽ അല്ലാഹു കൽപ്പിച്ചിട്ടുളളത്. അതാണ് അതിൻ്റെ പ്രവർത്തനം. കൈകളുടെ മേൽ ശാസിച്ചിട്ടുളളത്, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ അത് കൊണ്ട് പിടിക്കാതിരിക്കുകയും കൽപ്പിച്ച കാര്യങ്ങളായ ദാനധർമ്മം ചെയ്യുക, കുടുംബബന്ധം ചാർത്തുക, അല്ലാഹുവിൻ്റെ മാർഗത്തിൽ സമരം നടത്തുക, നമസ്കാരങ്ങൾക്കായി അംഗശുദ്ധി വരുത്തുക തുടങ്ങിയവ അതുകൊണ്ട് എടുക്കുകയും ചെയ്യുക എന്നാണ് . അതുസംബന്ധമായി അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ നമസ്കാരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുക. കൈകൾ മുട്ടുകൾ ഉൾപ്പെടെയും (കഴുകുക). നിങ്ങളുടെ തലകൾ തടവുകയും, നിങ്ങളുടെ കാലുകൾ നെരിയാണി ഉൾപ്പെടെ (കഴുകുകയും ചെയ്യുക)." (മാഇദ:6) അല്ലാഹു പറയുന്നു ആകയാൽ സത്യനിഷേധികളുമായി നിങ്ങൾ ഏറ്റുമുട്ടിയാൽ പിരടികളിൽ വെട്ടുക. അങ്ങനെ അവരെ നിങ്ങൾ അമർച്ചചെയ്തുകഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിന് ശേഷം അവരോട് ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക (മുഹമ്മദ്:4) അതായത് വെട്ടും യുദ്ധവും കുടുംബബന്ധം ചേർക്കലും ദാനം ചെയ്യലുമെല്ലാം കൈകൊണ്ട് നിർവ്വഹിക്കേണ്ട പ്രവർത്തനമാണ് കാലുകളുടെ മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുളളത്, അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക് അതുമുഖേന നടന്നു പോകരുതെന്നതാണ്. അല്ലാഹു പറയുന്നു: ''നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിനക്ക് ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിങ്ങൾക്ക് പർവ്വതങ്ങൾക്കൊപ്പമെത്താനും ആവില്ല.'' . (ഇസ്റാഅ്:37) അല്ലാഹു മുഖത്തിനുമേൽ നിർബന്ധമാക്കിയത്, രാവും പകലും നമസ്കാരവേളകളിലും അല്ലാഹുവിന്ന് സാഷ്ടാംഗം നമിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (ഹജ്ജ്:77) അല്ലാഹു പറയുന്നു: മസ്ജിദുകളെല്ലാം അല്ലാഹുവിൻ്റെതാകുന്നു. അതിനാൽ അവനോടൊപ്പം ഒരാളെയും നിങ്ങൾ വിളിച്ചു തേടരുത്. സൂറത്തുൽ ജിന്ന്: 18 ഇവിടെ സാഷ്ടാംഗസ്ഥാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരത്തിൽ മനുഷ്യൻ സാഷ്ടാംഗം ചെയ്യുന്ന നെറ്റിത്തടവും മറ്റുമാണ്. ഇമാം ശാഫിഈ പറയുന്നു: ഉപര്യുക്ത കാര്യങ്ങളാണ് അല്ലാഹു ഈ അവയവങ്ങളുടെ മേൽ നിർബന്ധമായി കൽപിച്ചിട്ടുളളത്. അംഗശുദ്ധീകരണത്തെയും നമസ്കാരത്തെയും ഈമാൻ എന്ന് ഖുർആനിൽ വിശേഷിപ്പിച്ചിരിക്കുന്നു. ബൈത്തുൽ മുഖദ്ദസിലേക്ക് നമസ്കരിച്ചതിൽ നിന്നും പ്രവാചകൻ്റെ മുഖത്തെ അല്ലാഹു തിരിക്കുകയും കഅ്ബയിലേക്ക് തിരിഞ്ഞു നമസ്കരിക്കാൻ കൽപിക്കുകയും ചെയ്ത വേളയിലാണത്. അപ്പോഴേക്കും പതിനാറ് മാസങ്ങളായി മുസ്ലിംകൾ ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്കരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരെ, ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് ഞങ്ങൾ നിർവ്വഹിച്ചിരുന്ന നമസ്കാരത്തെ കുറിച്ച് താങ്കൾ എന്ത് പറയുന്നു? എന്തായിരിക്കും അതിൻ്റെയും ഞങ്ങളുടെയും അവസ്ഥ? അപ്പോഴായിരുന്നു അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചിരുന്നത് അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുകയില്ല. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുളളവനും കരുണാനിധിയുമാണ്. (ബഖറ:143)
ഇവിടെ നമസ്കാരത്തെയാണ് 'ഈമാൻ' (വിശ്വാസം) എന്ന് വിളിച്ചിരിക്കുന്നത്. അതിനാൽ വല്ലവനും തൻ്റെ നമസ്കാരത്തെ കാത്തുസൂക്ഷിച്ചും ഓരോ അവയവങ്ങളുടെ മേലും അല്ലാഹു നിർബന്ധമാക്കിയിട്ടുളളത് നിർവ്വഹി ച്ച് തൻ്റെ അവയവത്തെ സൂക്ഷിച്ചും അല്ലാഹുവിനെ കണ്ടുമുട്ടുകയാണെങ്കിൽ സ്വർഗാവകാശികളിൽപെട്ടവനായി, പരിപൂർണ്ണ ഈമാനിൻ്റെ ഉടമയായി അല്ലാഹുവിനെ അയാൾക്ക് അഭിമുഖീകരിക്കാനാകും. ഇനി ആരെങ്കിലും ബോധപൂർവ്വം അല്ലാഹു കൽപിച്ചതിൽനിന്ന് വല്ലതും ഉപേക്ഷിക്കുകയാണെങ്കിൽ അപൂർണ്ണമായ ഈമാനുമായി അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ്.
ഇപ്പോൾ ഈമാനിൻ്റെ പൂർണ്ണതയും അപൂർണ്ണതയും ഗ്രഹിച്ചുവല്ലോ എന്നാൽ അതിൻ്റെ വർദ്ധനവ് എവിടുന്നാണ് ഉണ്ടാകുന്നത്? ശാഫിഈ പറയുന്നു: മഹാസ്തുത്യർഹനായ അല്ലാഹു പറഞ്ഞു: (ഖുർആനിലെ) ഏതെങ്കിലും ഒരദ്ധ്യായം അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ പറയും: നിങ്ങളിൽ ഇത് ആർക്കാണ് വിശ്വാസം വർദ്ധിപ്പിച്ചുതന്നത്? എന്നാൽ സത്യവിശ്വാസികളാകട്ടെ, അവരുടെ വിശ്വാസം വർദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവർ അതിൽ സന്തോഷം കൊളളുകയും ചെയ്യുന്നു. എന്നാൽ മനസ്സുകളിൽ രോഗമുളളവരാകട്ടെ അവർക്ക് അവരുടെ ദുഷ്ടതയിലേക്ക് കൂടുതൽ ദുഷ്ടത കൂട്ടിച്ചേർക്കുകയാണ് അത് ചെയ്തത്. അവർ സത്യനിഷേധികളായിരിക്കെ തന്നെ മരിക്കുകയും ചെയ്തു. (തൗബ:124, 125) അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവർ. അവർക്കു നാം സന്മാർഗ ബോധം വർദ്ധിപ്പിക്കുകയും ചെയ്തു (കഹ്ഫ് 13)
ശാഫിഈ പറയുന്നു: 'ഈമാൻ' മൊത്തമായി യാതൊരു ഏറ്റക്കുറവുമുണ്ടാകാത്ത ഒരു ഏകകമായിരുന്നെങ്കിൽ അതിൻ്റെ പേരിൽ ആർക്കും ശ്രേഷ്ഠതയുണ്ടാകുമായിരുന്നില്ല. ജനങ്ങളെല്ലാം തുല്ല്യരും ഏറ്റവ്യത്യാസങ്ങൾ നിരർത്ഥകവുമാകും. പക്ഷെ, ഈമാനിൻ്റെ പൂർണ്ണത കൊണ്ടാണ് സത്യവിശ്വാസികൾ സ്വർഗത്തിൽ പ്രവേശിക്കുന്നത്. ഈമാനിൻ്റെ മികവിനടിസ്ഥാനത്തിലാണ് അല്ലാഹുവിങ്കൽ, സ്വർഗത്തിലെ സത്യവിശ്വാസികളുടെ പദവികളിൽ ഏറ്റവ്യത്യാസമുണ്ടാകുന്നത്. കുറ്റക്കാർ നരകത്തിൽ പോകുന്നതും ഈമാനിലെ കുറവു കാരണമാണ്
ശാഫിഈ പറയുന്നു: കുതിരപന്തയ ദിവസം കുതിരകൾക്കിടയിൽ മത്സരം നടക്കുന്നത് പോലെ മഹാനായ അല്ലാഹു തൻ്റെ ദാസന്മാർ ക്കിടയിൽ മത്സരം ഏർപ്പെടുത്തിയിരിക്കുന്നു. പിന്നീട് വിജയികളായിത്തീരുന്നവർ മറ്റുളളവരെക്കാൾ ഉയർന്നസ്ഥാനങ്ങളിലായിരിക്കും. അല്ലാഹു ഓരോ വ്യക്തിയേയും തൻ്റെ വിജയത്തിനനുസരിച്ച പദവിയിലാണ് അവരോധിക്കുക. അതിൽ ആരുടെയും അവകാശത്തിന് കുറവു വരുത്തുകയില്ല. വിജയിയേക്കാൾ പരാജിതനോ ശ്രേഷ്ഠനേക്കാൾ ശ്രേഷ്ഠതകുറഞ്ഞവനോ മുൻഗണന നൽകപ്പെടില്ല. അതുകൊണ്ടുതന്നെ ഈ സമുദായത്തിൻ്റെ മുന്നിലുളളവന് അവസാനത്തിലുളളവനേക്കാൾ ശ്രേഷ്ഠതയുണ്ട്. ഈമാനിലേക്ക് ആദ്യമാദ്യം കടന്നുവന്നവർക്ക് അതിൽ താമസം വരുത്തിയവരെക്കാൾ മഹത്വമുണ്ടാകുന്നില്ലെങ്കിൽ ഈ സമുദായത്തിൻ്റെ അവസാനത്തെയാൾ അതിൻ്റെ മുമ്പുളളവനോടൊപ്പം എത്തിച്ചേരുമായിരുന്നു. (മനാഖിബു ശാഫിഈ 1/387-393)
D) സ്വഹാബത്ത്: അദ്ദേഹത്തിൻ്റെ വീക്ഷണം.
1) ശാഫിഈ പറഞ്ഞതായി ബൈഹഖി ഉദ്ധരിക്കുന്നു: അല്ലാഹു ഖുർആനിലും തൗറാത്തിലും ഇഞ്ചീലിലും റസൂലുല്ലാഹി(ﷺ)യുടെ അനുചരന്മാരെ പ്രശംസിച്ചിരിക്കുന്നു. റസൂലുല്ലാഹി(ﷺ)യുടെ നാവിലൂടെ തന്നെ അവരുടെ പിൻഗാമികൾക്കൊന്നുമുണ്ടാകാത്ത ശ്രേഷ്ഠത അവർക്കുണ്ടെന്ന് ആദ്യമേ പ്രസ്താവിച്ചിരിക്കുന്നു.അതിനാൽ അവർക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ. സത്യസന്ധന്മാരുടെയും രക്തസാക്ഷികളുടെയും ഉന്നതപദവികൾ പ്രാപിക്കാൻ അനുഗ്രഹിച്ചുകൊണ്ട് അവരെ ആശീർവദിക്കട്ടെ. അല്ലാഹുവിൻ്റെ ദൂതരുടെ(ﷺ) ചര്യകൾ അവരാണ് നമുക്ക് എത്തിച്ചുതന്നത്. പ്രവാചകന് ദിവ്യസന്ദേശം അവതരിച്ചുകൊണ്ടിരുന്നപ്പോൾ അവരത് നേരിട്ട് ദർശിച്ചു. അത് കൊണ്ട് തന്നെ പ്രവാചകൻ പൊതുവായതാണോ ഉദ്ദേശിച്ചത് അതോ പ്രത്യേകമോ, കണിശമായതാണോ, നിർദ്ദേശമായതാണോ എന്നൊക്കെ അവർ മനസ്സിലാക്കിയിരുന്നു. നമുക്ക് അറിയാവുന്നതും അറിയാത്തതുമായ സുന്നത്തുകൾ (നബിചര്യകൾ) അവർ അറിയുന്നവരാണ്. ഏതു വിജ്ഞാനത്തിലും ഗവേഷണത്തിലും ഭക്തിയിലും ബുദ്ധിശക്തിയിലും, ഒരു കാര്യത്തിൽനിന്ന് അറിവ് നേടിയെടുക്കുകയോ വിധി ആവിഷ്കരിക്കുകയോ, ചെയ്യുന്നതിലുമെല്ലാം അവർ നമ്മെക്കാൾ ഉയർന്നവരാണ്. അവരുടെ വീക്ഷണങ്ങൾ നമുക്ക് ഏറ്റവും പ്രശംസനീയമാണ്. നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ വീക്ഷണങ്ങളെക്കാൾ നമുക്കേറ്റവും ഉചിതമായതും അതുതന്നെ - അല്ലാഹു അഅ്ലം (മനാഖിബു ശാഫിഈ 1/442)
2) റബീഅ് ഇബ്നു സുലൈമാനിൽ നിന്നും ബൈഹഖി ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: സ്വഹാബികളുടെ ശ്രേഷ്ഠതയുടെ ക്രമം ശാഫിഈ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അബൂബക്കർ പിന്നെ ഉമർ പിന്നെ ഉഥ്മാൻ പിന്നെ അലി.(മനാഖിബു ശാഫിഈ 1/432)
3) മുഹമ്മദ് ഇബിനു അബ്ദില്ലാഹിബ്നു അബ്ദിൽ ഹകം പറയുന്നതായി വീണ്ടും ബൈഹഖി ഉദ്ധരിക്കുന്നു: ശാഫിഈ പറയുന്നത് ഞാൻ കേട്ടു: റസൂലുല്ലാഹി(ﷺ) ക്കു ശേഷം ഏറ്റവും ശ്രേഷ്ഠൻ അബൂബക്കറാണ് പിന്നെ ഉമറാണ് പിന്നെ ഉഥ്മാനാണ് പിന്നെ അലിയും (رضي الله عنهم)(മനാഖിബു ശാഫിഈ 1/433)
4) യൂസ്ഫു ഇബിൻ യഹ്യൽ ബുവൈത്വി പറഞ്ഞതായി ഹറവി ഉദ്ധരിക്കുന്നു: ഞാൻ റാഫിളിക്കു പിന്നിൽ തുടർന്നു നമസ്ക്കരിക്കട്ടെ എന്ന് ശാഫിഈയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു നീ റാഫിളിയുടെയോ ഖദരിയ്യിയുടെയോ മുർജിഈയുടെയോ പിന്നിൽ തുടർന്ന് നമസ്ക്കരിക്കരുത്. ഞാൻ പറഞ്ഞു: അവർ ആരാണെന്ന് ഞങ്ങൾക്ക് ഒന്നു വിവരിച്ചുതരണം. അദ്ദേഹം പറഞ്ഞു: ഈമാൻ വാക്കിനാലുളളതാണ് (പ്രവർത്തി അതിനെ സത്യപ്പെടുത്തിയില്ലെങ്കിലും ശരി) എന്ന് പറയുന്നവനാണ് മുർജിഅ്, അബൂബക്കറും ഉമറും ഇമാമുകളല്ല (നേതൃത്വമുളളവരല്ല) എന്ന് പറയുന്നവനാണ് റാഫിളി, മശീഅത്ത് (ഇഛാശക്തി) സ്വന്തത്തിലേക്ക് ചേർത്തവനാണ് ഖദരിയ്യ്. (ദമ്മുൽകലാം 215 ാം പുറം, ദഹബിയുടെ സിയറിൽ 10/31)
E) വചനശാസ്ത്രവും മതകലഹവും അദ്ദേഹം വിരോധിക്കുന്നു:
1) റുബീഅ് ഇബ്നു സുലൈമാൻ പറയുന്നതായി ഹറവി ഉദ്ധരിക്കുന്നു: ശാഫിഈ പറയുന്നത് ഞാൻ കേട്ടു: ഒരു മനുഷ്യൻ തൻ്റെ വിജ്ഞാനഗ്രന്ഥങ്ങൾ മറ്റൊരാൾക്ക് നൽകാൻ വസ്വിയ്യത്ത് ചെയ്തു എന്നിരിക്കട്ടെ, അതിൽവചനശാസ്ത്ര ഗ്രന്ഥവുമുണ്ടായിരുന്നാൽ ആ വസ്വിയ്യത്തിൽ പ്രസ്തുത ഗ്രന്ഥങ്ങൾ ഉൾപ്പെടുകയില്ല കാരണം അതൊരു വിജ്ഞാനമേയല്ല. (ദമ്മുൽകലാം പുറം 213, ദഹബിയുടെ സിയറിൽ 10/30)
2) ഹസ്സൻ സഅ്ഫറാനി പറഞ്ഞതായി ഹറവി വീണ്ടും ഉദ്ധരിക്കുന്നു: ശാഫിഈ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രമല്ലാതെ വചനശാസ്ത്രത്തിൽ ഞാൻ ഒരാളോടും സംവാദം നടത്തിയിട്ടില്ല. അതിൽനിന്നുതന്നെ ഞാൻ അല്ലാഹുവോട് പൊറുക്കലിനെ ചോദിച്ചുകൊണ്ടിരിക്കുന്നു. (ദമ്മുൽകലാം പുറം 213, ദഹബിയിടെ സിയറിൽ 10/30 ലും ഉദ്ധരിച്ചിട്ടുണ്ട്)
3), റബീഅ് ഇബ്നു സുലൈമാൻ പറയുന്നതായി ഹറവി വീണ്ടും ഉദ്ധരിക്കുന്നു: ശാഫിഈ പറഞ്ഞു: ഓരോ എതിരാളിക്കെതിരെയും വലിയൊരു ഗ്രന്ഥമെഴുതണമെന്ന് ഞാൻ ആഗ്രഹിച്ചാൽ തീർച്ചയായും അത് ചെയ്യുമായിരുന്നു. പക്ഷെ, വചനശാസ്ത്രം എൻ്റെ വിഷയത്തിൽ ഉൾപ്പെടുന്നില്ല. അതിൽ എന്തെങ്കിലുമൊന്ന് എന്നിലേക്ക് ചേർക്കപ്പെടുന്നത് ഞാൻ ഇഷ്ടപ്പെടുന്നുമില്ല. (ദമ്മുൽകലാം പുറം 215)
4) അബൂഥൗർ പറഞ്ഞതായി ഇബ്നുബത്വ ഉദ്ധരിക്കുന്നു: ശാഫിഈ എന്നോട് പറഞ്ഞു: വചനശാസ്ത്രത്തിൽ നിന്നുളള വല്ല വേഷവും കെട്ടിയിട്ട് വിജയിച്ച ഒരാളെയും ഞാൻ കണ്ടിട്ടില്ല (അൽഇബാനാ അൽകുബ്റാ പേജ്: 535, 536
5) യൂനുസ് മിസ്വ്രി പറഞ്ഞതായി ഹറവി വീണ്ടും ഉദ്ധരിക്കുന്നു: ശാഫിഈ പറഞ്ഞു: അല്ലാഹുവിൽ പങ്ക് ചേർക്കുന്നതൊഴികെ അല്ലാഹു വിരോധിച്ചിട്ടുളള മറ്റെന്തുമായി ഒരു വ്യക്തിയെ അല്ലാഹു പരീക്ഷിക്കുന്നതാണ് വചനശാസ്ത്രം മുഖേന അയാളെ പരീക്ഷിക്കുന്നതിനെക്കാൾ അയാൾക്ക് നല്ലത്. (ഇബ്നു അബീഹാത്വിമിൻ്റെ മനാഖിബ് ശാഫിഈ പേജ്: 182)
മതത്തിൻ്റെ മൗലികവിഷയങ്ങളിൽ ഇമാം ശാഫിഇക്കുളള അഭിപ്രായങ്ങളും വചനശാസ്ത്രവിജ്ഞാനത്തോടുളള അദ്ദേഹത്തിൻ്റെ സമീപനവുമാണ് ഇവിടെ വിവരിച്ചത്
അദ്ധ്യായം: അഞ്ച്:
ഇമാം അഹ്മദ് ഇബ്നുഹമ്പലിൻ്റെ വിശ്വാസം
A) തൗഹീദ്: അദ്ദേഹത്തിൻ്റെ വാക്കുകൾ
1) ത്വബഖാതുൽ ഹനാബിലയിൽ ഇങ്ങനെ വന്നിട്ടുണ്ട് ഇമാം അഹ്മദിനോട് തവക്കുലിനെ (ഭരമേൽപ്പിക്കുന്നതിനെ)കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: സൃഷ്ടികളിൽ നിന്നും നിരാശപൂണ്ട് മോഹത്തെ ഭഞ്ജിക്കലാണത്. (ത്വബഖാതുൽ ഹനാബില 1/416)
2) ഇമാം അഹ്മദ് പറഞ്ഞതായി 'ഹമ്പലിൻ്റെ മിഹ്നത്' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വന്നിരിക്കുന്നു: അല്ലാഹു തആലാ എന്നെന്നും സംസാരിക്കുന്നവനായി നിലകൊളളുന്നു. ഖുർആൻ, അത് ഏത് വിധത്തിലായിരുന്നാലും അല്ലാഹുവിൻ്റെ വചനമാണ്, അത് സൃഷ്ടിക്കപ്പെട്ടതല്ല. അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതിലധികമായി ഒരു കാര്യവും അവനെ വിശേഷിപ്പിക്കരുത്. (കിതാബുൽ മിഹ്നാ പേജ്: 68
3) അബൂബക്കർ അൽമർവസിയിൽ നിന്നും ഇബ്നു അബീയഅ്ലാ ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ സ്വിഫാതുകളിലും, അവനെ കാണുന്നതിലും, ഇസ്റാഅ് സംഭവത്തിലും അർഷിൻ്റെ വിഷയത്തിലും ജഹ്’മിയാക്കൾ നിരസിക്കുന്ന ഹദീസുകളെ കുറിച്ച് ഞാൻ അഹ്മദ് ഇബ്നു ഹമ്പലിനോട് ചോദിച്ചു: അദ്ദേഹം അതിനെ സ്വീകാര്യയോഗ്യമാണെന്ന് (സ്വഹീഹാണെന്ന്) വിധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: സമുദായം ഒന്നടങ്കം അവയെ സ്വീകരിച്ചിട്ടുളളതാണ്. ആ ഹദീസുകളെല്ലാം വന്നത്പോലെ തന്നെ (വ്യാഖ്യാനിക്കാതെ) വിടേണ്ടതുമാണ്. (ത്വബഖാതുൽ ഹനാബില 1/56)
4) അഹ്മദ് പറഞ്ഞതായി 'കിതാബുസ്സുന്ന' എന്ന ഗ്രന്ഥത്തിൽ അബ്ദില്ലാഹിബ്നു അഹ്മദ് ഉദ്ധരിക്കുന്നു: അല്ലാഹു സംസാരിക്കുകയില്ലെന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അവൻ അവിശ്വാസിയാണ്. നാമാകട്ടെ ഈ ഹദീസുകൾ വന്നപോലെ തന്നെ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്. (അസ്സുന്ന: പേജ്: 71, ദാറുൽകുതുബുൽ ഇൽമിയ്യ പ്രസിദ്ധീകരിച്ചത്)
5) ഹമ്പലിൽ നിന്നും ലാലകായിയും ഉദ്ധരിക്കുന്നു: അദ്ദേഹം ഇമാം അഹ്മദിനോട് അല്ലാഹുവിനെ ദർശിക്കുന്നതിനെ കുറിച്ച് ചോദിച്ചുവത്രെ. അപ്പോൾ അദ്ദേഹം പറഞ്ഞു: സ്വീകാര്യമായ ഹദീസുകളിലുളളതാണത്. നാം അത് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. കുറ്റമറ്റ പരമ്പരകളിലൂടെ പ്രവാചകൻ(ﷺ) യിൽ നിന്നും ഉദ്ധരിക്കപ്പെട്ടതെല്ലാം നാം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. (ശറഹു ഇഅ്തിഖാദി അഹ്ലിസുന്നത്തിവൽജമാഅ: 2/507)
6) ഇബ്നുൽ ജൗസി തൻ്റെ മനാഖിബിൽ മുസദ്ദദിനുളള ഇമാം അഹ്മദിൻ്റെ എഴുത്ത് ഉദ്ധരിക്കുന്നുണ്ട്, അതിലും ഇങ്ങനെയുണ്ട്: അല്ലാഹു അവനെ തന്നെ വിശേഷിപ്പിച്ചതെന്തോ അത് നിങ്ങളും അവനെ വിശേഷിപ്പിക്കുവിൻ. അവൻ്റെ സ്വന്തത്തിന് അവൻ നിഷേധിച്ചതെന്തോ അത് നിങ്ങളും നിഷേധിക്കുവിൻ. (മനാഖിബുൽ ഇമാം അഹ്മദ് പേജ്:221)
7) ഇമാം അഹ്മദിൻ്റെ 'അൽറദ്ദു അലൽ ജഹ്’മിയ്യ' എന്നഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: അല്ലാഹു അവൻ്റെ ഗ്രന്ഥത്തിലൂടെ അവൻ്റെ സ്വന്തത്തെ വിശേഷിപ്പിച്ചത് വല്ലവനും അവനെ വിശേഷിപ്പിക്കുകയോ അവൻ്റെ പ്രവാചകനിൽനിന്നും ഉദ്ധരിക്കുകയോ ചെയ്താൽ അവിശ്വാസിയായിത്തീരുകയും മുശബ്ബിഹീങ്ങളിൽ (അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിക്കുന്നവർ) പെട്ടുപോവുകയും ചെയ്യുമെന്നാണ് ജഹ്മ്ബ്നു സ്വഫ്വാൻ വാദിക്കുന്നത്. (അൽറദ്ദു അലൽജഹ്’മിയ്യ, പേജ്:104)
8) ഇബ്നു തൈമിയ്യ 'ദർഅ്'എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദിൻ്റെ പ്രസ്താവന ഇങ്ങനെ ഉദ്ധരിക്കുന്നു: അല്ലാഹു സിംഹാസനത്തിന്മേലാണ്. അത് അവൻ ഉദ്ദേശിക്കുന്ന വിധത്തിലും ഉദ്ദേശിക്കുന്ന രീതിയിലുമാണ്. ഏതൊരാളുടെയും നിർവ്വചനത്തിനും വിശേഷിപ്പിക്കുന്നവൻ്റെ വിശേഷണത്തിനും അതീതമാണത് അല്ലാഹുവിൻ്റെ വിശേഷണങ്ങൾ അവനിൽനിന്ന് തന്നെയു ളളതും അവന് വേണ്ടിയുളളതുമാണ്. അവൻ, അവനെ സ്വയം വിശേഷിപ്പിച്ചത് പോലെയാണ്. ദൃഷ്ടികൾ അവനെ കണ്ടെത്തുകയില്ല. (ദർഉ തആറുളിൽ അഖ്ലി വന്നഖ്ലി 2/30)
9) ഇബ്നു അബീയഅ്'ലാ അഹ്മദിൽ നിന്നും അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു: വല്ലവനും പരലോകത്ത് അല്ലാഹുവിനെ ദർശിക്കുകയില്ല എന്ന് വാദിക്കുകയാണെങ്കിൽ അവൻ അവിശ്വാസിയും ഖുർആനിനെ നിഷേധിച്ചു തളളുന്നവനുമാണ്. (ത്വബഖാതുൽ ഹനാബില 1/59, 145)
10) അഹ്മദിൻ്റെ പുത്രൻ അബ്ദുളള പറഞ്ഞതായി അദ്ദേഹത്തിൽനിന്നും ഇബ്നു അബീയഅ്'ലാ വീണ്ടും ഉദ്ധരിക്കുന്നു: അല്ലാഹു മൂസാ (عليه السلام) യോട് സംസാരിച്ചപ്പോൾ ശബ്ദം മുഖേന സംസാരിച്ചിട്ടില്ല എന്ന് പറയുന്ന ഒരു വിഭാഗത്തെ കുറിച്ച് ഞാൻ എൻ്റെ പിതാവിനോട് ചോദിച്ചു: അപ്പോൾ എൻ്റെ പിതാവ് പറഞ്ഞു: ശബ്ദത്തോടെ അല്ലാഹു സംസാരിച്ചു. ഈ ഹദീസുകളെല്ലാം വന്നത് പോലെ തന്നെ നാം ഉദ്ധരിക്കുകയാണ്. (ത്വബഖാതുൽ ഹനാബില 1/185)
11) അബ്ദൂസ്ബ്നു മാലികിൽ അത്വാർ പറഞ്ഞതായി ലാലകായി ഉദ്ധരിക്കുന്നു: അബ്ദുല്ലായുടെ പിതാവ് അഹ്മദുബ്നു ഹമ്പൽ പറയുന്നത് ഞാൻ കേട്ടു: ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ്, അത് സൃഷ്ടിയേ അല്ല. അത് സൃഷ്ടിക്കപ്പെട്ടതല്ല എന്ന് പറയുന്നതിന്ന് നീ ദുർബലനാകരുത്. അല്ലാഹുവിൻ്റെ സംസാരം അവനിൽനിന്നുമുളളതാണ്. അവനിൽനിന്നുമുളള യാതൊന്നും സൃഷ്ടിക്കപ്പെട്ടതല്ല. (ശറഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലി സുന്നത്തി വൽജമാഅ 1/157)
B) ഖദ്റ്: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) ഇബ്നുൽ ജൗസിയുടെ 'മനാഖിബി'ൽ അഹ്മദ്ബ്നുഹമ്പൽ മുസദ്ദദിന്ന് എഴുതിയ എഴുത്ത് ഉദ്ധരിച്ചിരിക്കുന്നു. അതിൽ ഇപ്രകാരം വന്നിട്ടുണ്ട്: വിധിവ്യവസ്ഥയിൽ വിശ്വസിക്കുക, അഥവാ അതിൻ്റെ നന്മയും തിന്മയും കയ്പും മധുരവും അല്ലാഹുവിൽനിന്നാണെന്ന് വിശ്വസിക്കുക. (മനാഖിബു ഇമാം അഹ്മദ് പേജ്: 169, 172)
2) അബൂബക്കർ മർ'വസി പറയുന്നതായി ഖല്ലാൽ ഉദ്ധരിക്കുന്നു: അബൂ അബ്ദുല്ലയോട് ഒരിക്കൽ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: അടിയാറുകളുടെ നന്മയും തിന്മയും വിധിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. അപ്പോൾ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹുവാണോ നന്മയെയും തിന്മയെയും സൃഷ്ടിച്ചത്. അദ്ദേഹം പറഞ്ഞു: അതെ, അല്ലാഹുവാണ് അത് നിർണ്ണയിച്ചിട്ടുളളത്. (ഖല്ലാലിൻ്റെ അസ്സുന്ന, പുറം:85)
3) ഇമാം അഹ്മദിൻ്റെ 'അസ്സുന്ന' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: വിധി മുഴുവനും, അത് നന്മയായാലും തിന്മയായാലും, കൂടുതലായാലും കുറഞ്ഞതായാലും പ്രത്യക്ഷമായാലും പരോക്ഷമായാലും മധുരമായാലും കയ്പ്പായാലും ഇഷ്ടകരമായാലും അനിഷ്ടകരമായാലും ഗുണമുളളതായാലും ദോഷമുളളതായാലും അതിൻ്റെ ആദ്യവും അവസാനവുമെല്ലാം അല്ലാഹുവിങ്കൽനിന്നുളളതും, അവൻ്റെ ദാസന്മാരുടെ മേൽ അവൻ തീരുമാനിച്ചുറപ്പിച്ചതും നിർണ്ണയിച്ചുവെച്ചതുമാണ്. അവരിൽ ഒരാളും തന്നെ അല്ലാഹുവിൻ്റെ ഉദ്ദേശത്തെ ലംഘിക്കുന്നതോ അവൻ്റെ തീരുമാനത്തെ മിറകടക്കുന്നതോ അല്ല. (അസ്സുന്ന: പേജ്:68)
4) അബ്ദുൽ ഹാരിഥ് പറഞ്ഞതായി അദ്ദേഹത്തിൽ നിന്നും മുഹമ്മദിബിനു അബീ ഹാറൂനും അദ്ദേഹത്തിൽനിന്നും ഖല്ലാലും ഉദ്ധരിക്കുന്നു: അബൂ അബ്ദൂല്ലാഹ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവാണ് പുണ്യവും പാപവും നിർണ്ണയിച്ചിട്ടുളളത്. നന്മയും തിന്മയും അവൻ കണക്കാക്കി. അവൻ ആരെയെങ്കിലും സൗഭാഗ്യവാൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സൗഭാഗ്യവാൻ തന്നെ. അവൻ ആരെയെങ്കിലും ഹതഭാഗ്യവാൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ദൗർഭാഗ്യവാനും തന്നെ. (ഖല്ലാലിൻ്റെ അസ്സുന്ന പുറം:85
5) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ല പറയുന്നു: ഖദ്റിനെ നിഷേധിക്കുന്നവൻ അവിശ്വാസിയാകുമോ? എന്ന് എൻ്റെ പിതാവിനോട് അലിയ്യു ഇബ്നു ജഹ്മ് ചോദിച്ച വേളയിൽ അദ്ദേഹം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അയാൾ ജ്ഞാനത്തെ നിഷേധിക്കുകയാണെങ്കിൽ, അതായത് അല്ലാഹു സൃഷ്ടിക്കുന്നതുവരെ ജ്ഞാനിയായിരുന്നില്ല. പിന്നീട് അവന് ജ്ഞാനമുണ്ടായി എന്ന് അയാൾ പറഞ്ഞാൽ. ഇവിടെ അയാ ൾ അല്ലാഹുവിൻ്റെ ജ്ഞാനത്തെ നിഷേധിക്കുകയും അതുവഴി കാഫിറാകുകയും ചെയ്തിരിക്കുന്നു.(അബ്ദുല്ലാഹിബ്നു അഹ്മദിൻ്റെ അസ്സുന്നയിൽ പേജ്:119)
6) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ല പറയുന്നു: ഖദ്റിനെ നിഷേധിക്കുന്നവൻ്റെ പിന്നിൽ നമസ്കരിക്കുന്നതിനെ സംബന്ധിച്ച് മറ്റൊരിക്കൽ എൻ്റെ പിതാവിനോട് ഞാൻ ചോദിച്ചു: അപ്പോ ൾ അദ്ദേഹം പറഞ്ഞു: അയാൾ അതിൻ്റെ കക്ഷിയാകുകയും പ്രചാരകനാകുകയുമാണെങ്കിൽ നീ അയാളെ തുടർന്ന് നമസ്കരിക്കരുത്. (അസ്സുന്ന പേജ്:384)
C) ഈമാൻ: അദ്ദേഹത്തിൻ്റെ വാക്കുകൾ.
1) അഹ്മദിൽനിന്നും അബൂയഅ്'ലാ ഉദ്ധരിക്കുന്നു: അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നത് ഈമാനിൻ്റെ ഏറ്റവും ശ്രേഷ്ഠകരമായ സവിശേഷതകളിൽ പെട്ടതാണ്. (ത്വബഖാതുൽ ഹനാബില 2/275)
2) ഇബ്നുൽജൗസി അഹ്മദിൽനിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: സത്യവിശ്വാസം കൂടുകയും കുറയുകയും ചെയ്യും അപ്രകാരമാണ് ഹദീസിൽ വന്നിട്ടുളളത് സത്യവിശ്വാസികളിൽ ഏറ്റവും സമ്പൂർണ്ണ ഈമാനുളളവർ അവരിൽ കൂടുതൽ സൽസ്വഭാവമുളളവരാണ് (അഹ്മദ്, അബൂദാവൂദ്, തിർമുദി എന്നിവർ അബൂഹുറൈറയിൽ നിന്ന് ഉദ്ധരിച്ചത്). (മനാഖിബുൽ ഇമാം അഹ്മദ് പേജ്:173, കൂടാതെ 153ലും 168ലും കാണാം)
3) സുലൈമാനുബ്നു അശ്അഥ് പറയുന്നതായി അദ്ദേഹത്തിൽനിന്നും ഖല്ലാൽ ഉദ്ധരിക്കുന്നു: നമസ്കാരവും സകാത്തും ഹജ്ജും പുണ്യകർമ്മവും ഈമാനിൻ്റെ ഭാഗമാണ്. പാപങ്ങൾ ഈമാനിന് കുറവ് വരുത്തുന്നു. (ഖല്ലാലിൻ്റെ അസ്സുന്ന പുറം:96
4) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ലാഹ് പറയുന്നു: ഞാൻ എൻ്റെ പിതാവിനോട് ഇങ്ങനെ പറയുന്ന ഒരാളെ കുറിച്ച് ചോദിച്ചു: ഈമാൻ വാക്കും പ്രവർത്തിയുംകൂടിയാണ്. അത് കൂടുന്നതും കുറയുന്നതുമാണ്. പക്ഷെ അയാൾ 'ഇൻശാ അല്ലാഹ്' എന്ന് പറയുന്നില്ല. എങ്കിൽ അയാൾ 'മുർജിഅ'ക്കാരൻ ആകുമോ? അദ്ദേഹം പറഞ്ഞു: അയാൾ 'മുർജിഅ്' ആവുകയില്ലെന്നാണ് ഞാൻ കരുതുന്നത്. എൻ്റെ പിതാവ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. ഇൻശാഅല്ലാഹ് പറയാത്തവനെതിരിലുളള തെളിവ് നബി(ﷺ) ഖബ്റാളികളോടായി പറഞ്ഞ വചനമാണ് ഞങ്ങളും ഇൻശാ അല്ലാഹ് നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്. (മുസ്ലിം) (അബ്ദുല്ലായുടെ അസ്സുന്നയിൽ പേജ്:1/307, 308)
5) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ലാഹ് പറയുന്നു: എൻ്റെ പിതാവിനോട് (അല്ലാഹു അദ്ദേഹത്തോട് കരുണകാണിക്കട്ടെ) ഇർജാഇനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നമ്മൾ പറയുന്നത് ഈമാൻ വാക്കും പ്രവർത്തിയും കൂടിയാണ്, അത് കൂടുകയും കുറയുകയും ചെയ്യുന്നു. വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ആളുടെ ഈമാൻ കുറയുന്നു. (അബ്ദുല്ലാഹിബ്നു അഹ്മദിൻ്റെ അസ്സുന്ന 1/307).
D) സ്വഹാബത്ത്: അദ്ദേഹത്തിൻ്റെ വീക്ഷണം.
1) ഇമാം അഹ്മദിൻ്റെ 'അസ്സുന്ന' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വന്നിട്ടുണ്ട്. പ്രവാചകൻ(ﷺ) യുടെ മുഴുവൻ സ്വഹാബത്തിനെ കുറിച്ചും നന്മ മാത്രം പറയുന്നതാണ് സുന്നത്ത്. അവരുടെ ദോഷങ്ങളെയും അവർക്കിടയിൽ ഉടലെടുത്തിരുന്ന ഭിന്നിപ്പുകളെയും പരാമർശിക്കാതിരിക്കുകയും വേണം. എന്നാൽ വല്ലവനും റസൂലുല്ലാഹി(ﷺ) യുടെ സ്വഹാബികളെയോ അവരിൽ ഒരാളെയോ അധിക്ഷേപിക്കുകയാണെങ്കിൽ അവൻ മുബ്തദിഉം (പുത്തൻ വാദി) റാഫിളി (നബി(ﷺ) യുടെ ഖലീഫമാരെ നിരാകരിക്കുന്നവനും) നീചനും സംസ്കാര ശൂന്യനുമാണ്. അവൻ്റെ നിർബന്ധ കർമ്മങ്ങളോ ഐഛികാരാധനകളോ അല്ലാഹു സ്വീകരിക്കുകയില്ല. നേരെമറിച്ച്, സ്വഹാബാക്കളെ സ്നേഹിക്കുന്നത് പ്രവാചകചര്യയുടെ ഭാഗവും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് പുണ്യകർമ്മവും, അവരെ മാതൃകയാക്കുന്നത് ഔന്നത്യവുമാണ്
വീണ്ടും അദ്ദേഹം പറഞ്ഞു: പിന്നീട് പ്രവാചകൻ്റെ സ്വഹാബികൾ ജനങ്ങളിൽ ആ നാലുപേരെ കഴിഞ്ഞാൽ ഏറ്റവും ഉൽകൃഷ്ടരാണ്. ഒരാൾക്കും തന്നെ അവരുടെ ദോഷങ്ങൾ എടുത്തുപറയാനോ ഒരാളുടെയെങ്കിലും ന്യൂനതയും കുറവും എടുത്തുകാട്ടി ഭത്സിക്കുവാനോ ഒരിക്കലും പാടുളളതല്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താൽ അവനെ മര്യാദ പഠിപ്പിക്കേണ്ടതും ശിക്ഷിക്കേണ്ടതും ഭരണാധികാരിയുടെ നിർബന്ധ ബാധ്യതയാണ്. അവന് വിട്ടുവീഴ്ച നൽകുവാനും പാടില്ല. (ഇമാം അഹ്മദിൻ്റെ കിതാബുസ്സുന്ന: പേജ്:77, 78
2) അഹ്മദ്ബ്നു ഹമ്പൽ മുസദ്ദദിന് എഴുതിയ എഴുത്ത് ഇബ്നുൽ ജൗസി ഉദ്ധരിക്കുന്നു. അതിൽ ഇങ്ങനെയുണ്ട്: പത്ത് പേർ തീർച്ചയായും സ്വർഗക്കാരാണെന്ന് നീ സാക്ഷ്യം വഹിക്കുകയും വേണം. അവർ: അബൂബക്കർ, ഉമർ, ഉഥ്മാൻ, അലി, ത്വൽഹ, സുബൈർ, സഅദ്, സഈദ്, അബ്ദുറഹ്മാൻ ഇബ്നുഔഫ്, അബൂഇബൈദതു ഇബ്നുൽ ജർറാഹ് എന്നിവരാണ്. കൂടാതെ നബി(ﷺ) ആർക്കെങ്കിലും വേണ്ടി സാക്ഷ്യം വഹിച്ചുവോ അവർക്ക് സ്വർഗമുണ്ടെന്ന് നമ്മളും സാക്ഷ്യം വഹിക്കുന്നു. (ഇബ്നുൽ ജൗസിയുടെ മനാഖിബുൽ ഇമാം അഹ്മദ് പേജ്:170)
3) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ലാ പറയുന്നു: ഇമാമുകളെകുറിച്ച് ഞാൻ എൻ്റെ ഉപ്പയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അബൂബക്കർ, പിന്നെ ഉമർ, പിന്നെ ഉഥ്മാൻ, പിന്നെ അലിയുമാണ് (رضي الله عنهم) (അസ്സുന്ന പേജ്:235)
4) അഹ്മദിൻ്റെ പുത്രൻ അബ്ദുല്ലാ വീണ്ടും പറയുന്നു: അലിയ്(വ) ഖലീഫയേ അല്ല എന്ന് പറയുന്ന വിഭാഗത്തെ കുറിച്ച് ഞാൻ എൻ്റെ ഉപ്പയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഏറ്റവും മോശവും നീചവുമായ വാക്കാണത്. (അസ്സുന്ന പേജ്:235)
5) ഇബ്നുൽജൗസി അഹ്മദിൽനിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അലി(റ)വിന് ഖിലാഫത്ത് സ്ഥാപിക്കാത്തവൻ തൻ്റെ വീട്ടുകാരുടെ കഴുതയേക്കാൾ വഴിതെറ്റിയവനാണ്. (മനാഖിബുൽ ഇമാം അഹ്മദ് പേജ്:163)
6) ഇബ്നു അബീയഅ്'ലാ അഹ്മദിൽനിന്നും ഉദ്ധരിക്കുന്നു: അലിയിബ്നു അബീത്വാലിബിനെ നാലാം ഖലീഫയായി അംഗീകരിക്കാത്തവനോട് നിങ്ങൾ സംസാരിക്കാതിരിക്കുക, അവനുമായി വിവാഹബന്ധവും നടത്തരുത്. (ത്വബഖാതുൽ ഹനാബില 1/45)
E) വചനശാസ്ത്രവും മതകലഹവും അദ്ദേഹം വിരോധിക്കുന്നു:
1) ഇബ്നുബത്വ, അബൂബക്കർ മറൂസിയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂഅബ്ദുല്ലാ പറയുന്നത് ഞാൻ കേട്ടു: വചന ശാസ്ത്രം ഏറ്റെടുക്കുന്നവൻ വിജയിക്കില്ല. വചനശാസ്ത്രമേറ്റെടുക്കുന്നവൻ ജഹ്’മിയാകാതിരിക്കില്ല.(ഇബാന:2/538)
2) അഹ്മദ് പറഞ്ഞതായി ഇബ്നു അബ്ദിൽ ബർറ് തൻ്റെ 'ജാമിഉ ബയാനിൽ ഇൽമ്'എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: വചനശാസ്ത്രത്തിൻ്റെ വക്താവ് ഒരിക്കലും തന്നെ വിജയിക്കുകയില്ല. വചനശാസ്ത്രത്തിൽ പഠനം നടത്തുന്ന ഏതൊരാളുടെയും ഹൃദയത്തിൽ തിന്മ കുടികൊളളുന്നതായിട്ടല്ലാതെ നിനക്കു കണ്ടെത്താനാകുകയില്ല. (ജാമിഉബയാനിൽ ഇൽമി വഫള്ലിഹി(2/95)
3) ഹറവി അഹ്മദിൻ്റെ പത്രൻ അബ്ദുല്ലായിൽ നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: എൻ്റെ ഉപ്പ ഉബൈദില്ലാഹിബ്നു യഹ്യബ്നു ഖാഖാനിന് ഇങ്ങനെ എഴുതി: ഞാൻ ഒരു വചനശാസ്ത്ര വക്താവല്ല. അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലോ റസൂലുല്ലാഹി(ﷺ) യുടെ ഹദീസിലോ വന്നതല്ലാതെ, ഈ വചനശാസ്ത്രത്തിന് എന്തെങ്കിലുമൊരു പ്രസക്തി ഞാൻ കാണുന്നില്ല. അതിനാൽ തന്നെ മറ്റുളള വചന ശാസ്ത്രങ്ങളൊന്നും തന്നെ സ്വാഗതാർഹമേയല്ല. (ദമ്മുൽകലാം പുറം:216)
4) മൂസാബ്നു അബ്ദുല്ലാ ത്വർസൂസിയിൽ നിന്നും ഇബ്നുൽ ജൗസി ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അഹ്മദ്ബിൻ ഹമ്പൽ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: വചനശാസ്ത്രക്കാരോട് അവർ സുന്നത്തിനെ പ്രതിരോധിക്കുന്നവരായിരുന്നാലും ശരി നിങ്ങൾ കൂടിയിരിക്കരുത്. (മനാഖിബുൽ ഇമാം അഹ്മദ്, പേജ്:163)
5) അബുൽ ഹാരിസ് സ്വായിഗിൽ നിന്നും ഇബ്നുബത്വ ഉദ്ധരിക്കുന്നു: (അഹ്മദ് പറഞ്ഞു) വചനശാസ്ത്രത്തെ വല്ലവരും ഇഷ്ടപ്പെട്ടാൽ അവൻ്റെ ഹൃദയത്തിൽ നിന്നും പിന്നെ അത് പുറത്തു പോകില്ല. വചനശാസ്ത്രക്കാരൻ വിജയിക്കുന്നത് നീ കാണുകയില്ല (ഇബ്നുബത്വയുടെ അൽ ഇബാന 2/539)
6) ഇബ്നുബത്വ ഉബൈദുല്ലാബ്നു ഹമ്പലിൽ നിന്നും വീണ്ടും ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: എൻ്റെ പിതാവ് എന്നോട് പറഞ്ഞു: അബൂ അബ്ദുല്ല പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് നിങ്ങൾ സുന്നത്തും ഹദീഥും മുറുകെ പിടിക്കുക. അത് മുഖേന അല്ലാഹു നിങ്ങൾക്ക് ഗുണം ചെയ്യും. തർക്കവിതർക്കങ്ങളിലും കലഹങ്ങളിലും മുഴുകുന്നത് സൂക്ഷിക്കുക. തീർച്ചയായും വചനശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവൻ വിജയിക്കുകയില്ല. വചനശാസ്ത്രമെന്ന നവീനപ്രവണതയിലേർപ്പെടുന്നവരെല്ലാം അന്തിമമായി ബിദ്അത്തിലേക്കല്ലാതെ എത്തുകയില്ല. കാരണം വചനശാസ്ത്രം ഒരിക്കലും നന്മയിലേക്കല്ല വിളിക്കുന്നത്. വചനശാസ്ത്രത്തേയോ തർക്കവിഷയത്തിലേർപ്പെടുന്നതിനേയോ ഞാൻ ഇഷ്ടപ്പെടുന്നില്ല. സുന്നത്തുകളും പൂർവ്വികചരിതങ്ങളും നിങ്ങൾക്കുപകാരപ്പെടുന്ന മതവിജ്ഞാനങ്ങളും മുറുകെ പിടിക്കുക. അതോടൊപ്പം വക്രതയുള്ളവരുടെ വചനശാസ്ത്രചർച്ചകളും തർക്കവിതർക്കങ്ങളും നിങ്ങൾ വെടിയുക. ഞങ്ങൾ കണ്ടുമുട്ടിയിരുന്ന മഹത്തുക്കളൊന്നും ഇതൊന്നും അറിഞ്ഞിരുന്നില്ല. വചനശാസ്ത്രക്കാരിൽ നിന്നും അവർ അകന്നു കഴിയുകയായിരുന്നു. വചനശാസ്ത്രം നന്മയായി പര്യവസാനിക്കുകയില്ല. എല്ലാ പരീക്ഷണങ്ങളിൽനിന്നും നാശത്തിൽനിന്നും നമ്മെയെല്ലാം അല്ലാഹു കാത്തുരക്ഷിക്കട്ടെ. (ഇബ്നുബത്വയുടെ അൽ ഇബാന: 2/539)
7) അഹ്മദിൽനിന്നും ഇബ്നുബത്വ അൽ ഇബാനയിൽ ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യൻ വചനശാസ്ത്രത്തെ ഇഷ്ടപ്പെടുന്നതായി നീ കാണുന്നുവെങ്കിൽ അയാളെ നീ സൂക്ഷിക്കുക (ഇബ്നുബത്വയുടെ അൽ ഇബാന: 2/540)
മതത്തിൻ്റെ മൗലിക വിഷയങ്ങളിലുളള മഹാനവറുകളുടെ പ്രസ്താവനയും വചനശാസ്ത്ര ത്തോടുളള അദ്ദേഹത്തിൻ്റെ സമീപനവുമാണ് മുകളിൽ ഉദ്ധരിച്ചിട്ടുളളത്
സമാപനം
ഇതുവരെ വിവരിച്ചതിൽ നിന്നും, നാലു ഇമാമുകളുടെയും അഭിപ്രായങ്ങളിലെ സമാനതയും യോജിപ്പും സുതാര്യം വ്യക്തമാണ്. ഈമാനിൻ്റെ ഒരു ചർച്ചയിൽ ഇമാം അബൂഹനീഫക്കുമാത്രം വേറിട്ടൊരഭിപ്രായമുണ്ടെന്നുളളതാണ് ഇതിനൊരപവാദമായിട്ടുളളത്. അതിൽ നിന്ന് തന്നെയും അദ്ദേഹം പിൻവാങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
മുസ്ലിംകളെ സുസമ്മതമായ ഒരു വചനത്തിൽ ഏകോപിപ്പിക്കുവാനും മതത്തിൽ ഭിന്നിക്കുന്നതിൽ നിന്നും അവരെ രക്ഷിക്കുവാനും ഈ ഒരു വിശ്വാസം മാത്രമേ അനുയോജ്യമായിട്ടുളളൂ. എന്ത്കൊണ്ടെന്നാൽ അത് അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്നും അവൻ്റെ റസൂലിൻ്റെ സുന്നത്തിൽ നിന്നും സ്വാംശീകരിച്ചിട്ടുളളതാണ്. ഈ ഇമാമുകളുടെ വിശ്വാസത്തെ അറിയുകയും മനസ്സിലാക്കേണ്ടത്പോലെ മനസ്സിലാക്കുകയും ഉൾകൊളേളണ്ടത്പോലെ ഉൾകൊളളുകയും ചെയ്യുന്നവർ ജനങ്ങളിൽ വളരെ വിരളമാണ്. ദിവ്യവചനങ്ങൾ വായിക്കുകയല്ലാതെ, അർത്ഥം മനസ്സിലാക്കാത്ത 'മുഫവ്വിളുകളാ'യിരുന്നു ഈ ഇമാമുകൾ എന്നൊരു കിംവദന്തി പ്രചരിച്ചിട്ടുണ്ട്. ഒരു പാഴ് വേലക്ക് മാത്രമാണ് അല്ലാഹു ദ്യവ്യസന്ദേശം അവതരിപ്പിച്ചത് എന്ന മട്ടിലാണ് ഈ ജൽപനം.
എന്നാൽ അല്ലാഹു പറയുന്നത് കാണുക. '' നിനക്കു നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെ പറ്റി അവർ ചിന്തിച്ചുനോക്കുവാനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി'' (സ്വാദ്:29). അത്യുന്നതനായ അല്ലാഹു പറഞ്ഞു: ''തീർച്ചയായും ഇത് (ഖുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്രീൽ) നിൻ്റെ ഹൃദയത്തിൽ അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നീ താക്കീതു നൽകുന്നവരുടെ കൂട്ടത്തിലായിരിക്കാൻ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബിഭാഷയിലാണ് (അത് അവതരിപ്പിച്ചത്)'' (ശുഅറാഅ്: 192-195) അത്യുന്നതനായ അല്ലാഹു പറഞ്ഞു: നിങ്ങൾ ഗ്രഹിക്കേണ്ടതിനായി അത് അറബിഭാഷയിൽ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു. (യൂസുഫ്:2)
അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചത് അതിനെ ഗ്രഹിക്കുവാനും പരിചിന്തനം നടത്തുവാനും അതിൽനിന്നും പാഠമുൾകൊളളുവാനും വേണ്ടിയാണ്. ജനങ്ങൾ അതിൻ്റെ അർത്ഥം മനസ്സിലാക്കുന്നതിനും ഉൽബുദ്ധരാകുന്നതിനും വേണ്ടിയാണ് സ്പഷ്ടമായ അറബിഭാഷയിൽ താൻ അത് അവതരിപ്പിച്ചതെന്ന് അവൻ അറീയിക്കുകയും ചെയ്തിരിക്കുന്നു. വേദവാക്യങ്ങളെ പറ്റി ചിന്തിക്കുവാൻ വേണ്ടിയാണ് സ്പഷ്ടമായ അറബി ഭാഷയിൽ അല്ലാഹു അത് അവതരിപ്പിച്ചതെങ്കിൽ, അത് അവതരിപ്പിച്ചുകിട്ടിയ ഭാഷക്കാർക്ക് ആ ഭാഷയുടെ അടിസ്ഥാനത്തിൽ തന്നെ സുഗ്രാഹ്യമായിരിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അതുമാത്രമല്ല, അതിൻ്റെ അർത്ഥം അറിയുക അസാധ്യമായിട്ടുളളതാണെങ്കി ൽ അത് അവതരിപ്പിക്കുന്നത് ഒരു പാഴ്ക്രിയ മാത്രമായിത്തീരുന്നു. ഒരു സമൂഹത്തിന് അവതരിച്ചുകിട്ടുന്ന വാക്യങ്ങൾ യാതൊരു അർത്ഥവുമില്ലാതെ കേവലാക്ഷരങ്ങളുടെ സ്ഥാനത്താണെങ്കിൽ അതിൽ പ്രയോജനമൊന്നുമില്ലല്ലൊ.
എന്നാൽ, ഇങ്ങനെ അഭിപ്രായപ്പെടുന്നത് സ്വഹാബികളുടെയും താബിഉകളുടെയും അവർക്കുശേഷം വന്ന ഇമാമുകളുടെയും വിശ്വാസത്തിന് നേരെയുളള കയ്യേറ്റവും, നിരപരാധികളായ അവർക്ക് നേരെ ആരോപണങ്ങളുടെ ശരവർഷം നടത്തുകയുമാണ്. യഥാർത്ഥത്തിൽ ദിവ്യബോധനങ്ങളുടെ ആശയങ്ങൾ അവർ മനസ്സിലാക്കുകയും, പ്രവാചകത്വകാലത്തോടടുത്തവരായതിനാൽ അവരത് സൂക്ഷ്മമായും ഗ്രഹിക്കുകയും ചെയ്തവരാണ്. മാത്രവുമല്ല, അവരാണ് ജനങ്ങളിൽ അതിന് ഏറ്റവും അർഹരായിട്ടുളളവരും. വിശുദ്ധഗ്രന്ഥത്തിൻ്റെയും പ്ര വാചകചര്യയുടെയും തെളിവുകളിലൂടെ അവർ മനസ്സിലാക്കിയെടുത്ത ആശയങ്ങൾ കൊണ്ട് അവർ അല്ലാഹുവിനെ ആരാധിച്ചു. അത് അല്ലാഹുവിങ്കൽനിന്നുളള നിയമമാണെന്നും സത്യമായതാണെന്നും അവർ ഉറച്ചുവിശ്വസിക്കുകയും ചെയ്തു. അവരുടെ ആരാധ്യനിലേക്കുളള മാർഗം അവർ മനസ്സിലാക്കിയിട്ടുണ്ടെന്നിരിക്കെ, സമ്പൂർണവിശേഷണങ്ങളോടെയുളളവനാണ് അവരുടെ ആരാധ്യനെന്ന് അവർ എങ്ങനെ അറിയാതിരിക്കും, അല്ലാഹു തൻ്റെ ദാസന്മാർക്ക് തന്നെ പരിചയപ്പെടുത്തുന്നതായിട്ടുളള വചനങ്ങളുടെ അർത്ഥങ്ങൾ അവർ എങ്ങനെ ഗ്രഹിക്കാതിരിക്കും.
ചുരുക്കത്തിൽ ഈ നാലു ഇമാമുകളുടേയും വിശ്വാസം ഖുർആനിലും സുന്നത്തിലും വന്നിട്ടുളള തെളിമയാർന്ന വിശ്വാസമാണ്.(അല്ലാഹുവിന്റ വിശേഷണങ്ങളെ) വ്യാഖ്യാനിക്കുന്നതിൻ്റെയോ നിഷേധിക്കുന്നതിൻ്റെയോ സാദൃശ്യപ്പെടുത്തുന്നതിൻ്റെയോ രൂപം നൽകലിൻ്റെയോ യാതൊരു ലാഞ്ചനയും കലരാത്ത സംശുദ്ധമായ ഉറവിടത്തിൽ നിന്നുളളതാണത്. അല്ലാഹുവിൻ്റെ വിശേഷണങ്ങളെ നിഷേധിക്കുന്നവനും സാദൃശ്യപ്പെടുത്തുന്നവനും യഥാർത്ഥത്തിൽ, സൃഷ്ടികൾക്കു മാത്രം യോജിക്കുന്നതായിട്ടാണ് ദൈവികവിശേഷണങ്ങളെ മനസ്സിലാക്കുന്നത്. ഇതാകട്ടെ, അല്ലാഹുവിന്റ സത്തയിലോ ഗുണങ്ങളിലോ പ്രവർത്തനങ്ങളിലോ അവനുതുല്ല്യമായി യാതൊന്നുമില്ല എന്ന അല്ലാഹു അടിയാറുകൾക്ക് നൽകിയിട്ടുളള പ്രകൃതിജ്ഞാനത്തിന് വിരുദ്ധവുമാണ്.
ഈ ലേഖനം മുസ്ലിംകൾക്ക് പ്രയോജനപ്പെടുവാനും ഒരേ വിശ്വാസത്തിലും മാർഗത്തിലും അഥവാ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വിശ്വാസത്തിലും മുഹമ്മദ്(ﷺ) യുടെ മാർഗത്തിലും ചര്യയിലും അല്ലാഹു അവരെ ഏകോപിപ്പിക്കുവാനും ഞാൻ അല്ലാഹുവോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു. ഈ ലക്ഷ്യത്തിനു പിന്നിൽ അല്ലാഹുവാണ്. അവൻ നമുക്ക് മതിയായവനും ഏറ്റവും നല്ല കാര്യസ്ഥനുമാണ്.
അവസാനത്തെ നമ്മുടെ പ്രാർത്ഥന 'സർവസ്തുതിയും ലോകനാഥനായ അല്ലാഹുവിന്നാകുന്നു' എന്നത്രെ.
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിക്ക് അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ
Related books
All books
മൂന്ന് അടിസ്ഥാനങ്ങളും അവയുടെ തെളിവുകളും65 ഭാഷകൾമൂന്ന് അടിസ്ഥാനങ്ങളും അവയുടെ തെളിവുകളും
ഓരോ മുസ്ലിമും നിർബന്ധമായും പഠിച്ചിരിക്കേണ്ട അടിസ്ഥാനപാഠങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. അല്ലാഹുവിനെ അറിയുക, ഇസ്ലാം ദീനിനെ പഠിക്കുക, മുഹമ്മദ് നബി (സ) യെ അറിയുക എന്നീ മൂന്ന് അടിത്തറകളാണ് അവ; ഖുർആനിലെയും ഹദീഥിലെയും തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈമാൻ കെട്ടിപ്പടുക്കുന്നതിലും സൽകർമ്മങ്ങൾ ചെയ്യുന്നതിലും ഈ തത്വങ്ങൾക്കുള്ള പ്രാധാന്യം എന്താണെന്ന് ഈ ഗ്രന്ഥം
ഇസ്ലാം; അല്ലാഹു നിയോഗിച്ച റസൂലുകളുടെ (ദൂതന്മാർ) മതം85 ഭാഷകൾഇസ്ലാം; അല്ലാഹു നിയോഗിച്ച റസൂലുകളുടെ (ദൂതന്മാർ) മതം
ഇസ്ലാം എന്നാൽ പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കലും, സ്നേഹത്തോടെയും ആദരവോടെയും അവന് കീഴൊതുങ്ങലുമാണ്. ഇസ്ലാമിൻ്റെ അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണ്; അവനാണ് സർവ്വതിൻ്റെയും സ്രഷ്ടാവ് എന്നും, അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളാണെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഏകഒരുവനെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവന് ഏറ്റവും ഉത്തമമായ നാമങ്ങളും അതിമഹോന്നതമായ വിശേഷണങ്ങളുമുണ്ടെന്നും, അവന് അവസാനമില്ലാത്ത പൂർണ്ണതയുണ്ടെന്നും, യാതൊരു കുറവുകളുമില്ലെന്നും, അവൻ സന്താനമായി ജനിക്കുകയോ ആർക്കെങ്കിലും ജന്മം നൽകുകയോ…
الإسلام دين رب العالمين
നബിയുടെ നിസ്കാരം79 ഭാഷകൾനബിയുടെ നിസ്കാരം
നബിയുടെ നിസ്കാരം - ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഈ ഗ്രന്ഥത്തിൽ നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ രൂപം ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. ലളിതമായ ശൈലിയോടെയും സൂക്ഷ്മമായ രീതിയിലും സ്ഥിരപ്പെട്ട പ്രമാണങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥം ഒരു മുസ്ലിമിന് തൻ്റെ നിസ്കാരം ക്രമീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വുദൂഅ് മുതൽ സലാം വീട്ടുന്നത് വരെയുള്ള നിസ്കാരത്തിൻ്റെ റുക്നുകളും സുന്നത്തുകളും രൂപങ്ങളും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്. നിസ്കാരവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലുമുള്ള തെളിവുകളും അവയുടെ വിവരണവും ഈ ഗ്രന്ഥത്തിൽ ശൈഖ് ഒരുമിപ്പിച്ചിരിക്കുന്നു. ഇസ്ലാമിലെ…