Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം (സകാത്തുമായി) വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ സ്വത്താണ്. ഇത് (എനിക്ക് ലഭിച്ച) സമ്മാനമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സത്യവാനാണെങ്കിൽ, നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നോക്കാമായിരുന്നില്ലേ?" പിന്നീട് അവിടുന്ന് ഞങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എന്നെ ഏൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഞാൻ നിങ്ങളിൽ ഒരാളെ ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ വന്ന് പറയുന്നു: ഇത് നിങ്ങളുടെ സ്വത്താണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്. തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് അവന് നോക്കിക്കൂടായിരുന്നോ? അല്ലാഹു സത്യം! നിങ്ങളിൽ ആരെങ്കിലും അന്യായമായി എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. ഒച്ച വെക്കുന്ന ഒട്ടകത്തെയോ കരയുന്ന പശുവിനെയോ ശബ്ദമുണ്ടാക്കുന്ന ആടിനെയോ വഹിച്ചു കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയ ഒരാളെ നിങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും." ശേഷം അവിടുന്ന് -തൻ്റെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ- അവിടുത്തെ കൈകളുയർത്തി, അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ, ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ടോ?" (അബൂ ഹുമൈദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു:) "(ഇക്കാര്യം) എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും, എൻ്റെ കാത് കൊണ്ട് ഞാൻ കേൾക്കുകയും ചെയ്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും. ജനങ്ങൾക്ക് മേലുള്ള ഭരണാധികാരി അവരുടെ ഇടയനാണ്; തൻ്റെ കീഴിലുള്ളവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. പുരുഷൻ തൻ്റെ വീട്ടുകാരുടെ ഇടയനാണ്; അവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീടും അയാളുടെ മക്കളെയും നയിക്കുന്നവളാണ്; അവൾ അവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമ തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഇടയനാണ്; അവൻ അതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അറിയുക! നിങ്ങളെല്ലാവരും ഇടയന്മാരാണ്. നിങ്ങൾക്ക് കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്‌ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്