Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 22 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല. നബി -ﷺ- യുടെ മുടിയിഴകൾ അവിടുത്തെ തോളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. വിരിഞ്ഞ നെഞ്ചുള്ള, നീളമുള്ളവരോ കുറിയവരോ അല്ലാത്ത (ശരീരമായിരുന്നു അവിടുത്തേക്ക്)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വഹ്‌യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ) ആരംഭമായി നബിക്ക് -ﷺ- ആദ്യം തുടക്കം കുറിച്ചത് സത്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു. അവിടുന്ന് ഉറക്കത്തിൽ ഏതൊരു സ്വപ്നം കണ്ടാലും പ്രഭാതം പൊട്ടിവിടരുന്നത് പോലെ അത് പുലർന്നു കാണുമായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാക്കപ്പെട്ടു. ഹിറാ ഗുഹയിൽ അവിടുന്ന് ആരാധനകളുമായി ഏകാന്തനായി -രാത്രികൾ- കഴിച്ചു കൂട്ടുമായിരുന്നു. പിന്നീട് അവിടുന്ന് തന്റെ വീട്ടുകാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലും. വീണ്ടും ഏകാന്തനായി ഇരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഒരുക്കും. വീണ്ടും -സമാനമായ ദിവസങ്ങൾക്ക് വേണ്ടി- ഖദീജയുടെ അരികിലേക്ക് തിരിച്ചു ചെല്ലും. അങ്ങനെയിരിക്കെ -അവിടുന്ന് ഹിറാ ഗുഹയിൽ ആയിരിക്കുന്ന വേളയിൽ- അവിടുത്തേക്ക് ആ സത്യം വന്നെത്തി. മലക്ക് അവിടുത്തെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "വായിക്കുക!"  നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അവിടുന്ന് പറഞ്ഞു: "അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു." ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്‍റെ റബ്ബിൻ്റെ നാമത്തില്‍ നീ വായിക്കുക! മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്‍റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-5) നബി (ﷺ) അതുമായി മടങ്ങിവന്നു. അവിടുത്തെ ഹൃദയാന്തരം കിടുങ്ങി വിറക്കുന്നുണ്ടായിരുന്നു. ഖദീജഃയുടെ അരികിൽ പ്രവേശിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു: "എന്നെ പുതപ്പിക്കൂ! എന്നെ പുതപ്പിക്കൂ!" അവർ അവിടുത്തെ പുതപ്പിച്ചു. അവിടുത്തെ പരിഭ്രാന്തി നീങ്ങിയപ്പോൾ നബി (ﷺ) ഖദീജയോട് കാര്യങ്ങൾ പറഞ്ഞു. "എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി." അവിടുന്ന് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു സത്യം! അവനൊരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു. (അശരണരുടെ) പ്രയാസങ്ങൾ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് (ദാനം) നൽകുന്നു. അതിഥിയെ ആദരിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളേണ്ട വേളകളിൽ അതിന് സഹായമേകുന്നു." അങ്ങനെ നബിയെയും (ﷺ) കൂട്ടി ഖദീജ (رضي الله عنها) അവരുടെ പിതൃസഹോദരനായ വറഖതു ബ്നു നൗഫലിൻ്റെ അരികിൽ ചെന്നു. ജാഹിലിയ്യത്തിൽ നസ്വാറാ മതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഹീബ്രു ഭാഷയിൽ എഴുതാറുണ്ടായിരുന്നു. ഇഞ്ചീലിൽ നിന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം പകർത്തി എഴുതാറുമുണ്ടായിരുന്നു. ഏറെ പ്രായം ചെന്നതിനാൽ കണ്ണുകൾക്ക് അന്ധത ബാധിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖദീജ (رضي الله عنها) പറഞ്ഞു: "പിതൃസഹോദരാ! താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേട്ടുനോക്കൂ." വറഖ ചോദിച്ചു: "എന്താണ് മകനേ നീ കാണുന്നത്?" നബി (ﷺ) അദ്ദേഹത്തോട് താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇത് കേട്ടപ്പോൾ വറഖ പറഞ്ഞു: "മൂസായുടെ മേൽ വന്നെത്തിയ അതേ നാമൂസ് തന്നെയാണിത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ..! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ..!" അത് കേട്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?!" വറഖ പറഞ്ഞു: "അതെ! താങ്കൾ കൊണ്ടുവന്നതിന് സമാനമായ കാര്യവുമായി വന്ന ഒരാളും തന്നെ ശത്രുക്കളെ സമ്പാദിക്കാതിരുന്നിട്ടില്ല. ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി സഹായിക്കുക തന്നെ ചെയ്യും." എന്നാൽ പിന്നീട് അധികം വൈകാതെ തന്നെ വറഖ മരണപ്പെട്ടു. വഹ്‌യ് (താൽക്കാലികമായി) നിലക്കുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി (ﷺ) പറഞ്ഞു: "ഞാൻ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന അതേ മലക്ക് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് (കഠിനമായ) ഭയം തോന്നി. ഞാൻ (വീട്ടിലേക്ക്) മടങ്ങുകയും, 'എന്നെ പുതപ്പിക്കൂ' എന്ന് പറയുകയും ചെയ്തു. അപ്പോൾ അല്ലാഹു (ഈ വചനങ്ങൾ) അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ, എഴുന്നേൽക്കുക, എന്നിട്ട് താക്കീത് നൽകുക" (മുദ്ദഥിർ: 2) എന്നത് മുതൽ "പാപം നീ വെടിയുക" (മുദ്ദഥിർ: 5) എന്നത് വരെ. പിന്നീട് വഹ്‌യ് വരുന്നതിന് ചൂടുപിടിക്കുകയും, തുടരെത്തുടരെ അല്ലാഹുവിൽ നിന്നുള്ള സന്ദേശം വരാൻ തുടങ്ങുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു. അദ്ദേഹം (ജാബിർ) പറഞ്ഞു: "സുബ്ഹ് (പ്രഭാത) നിസ്കാരം നിർവഹിച്ച സ്ഥലത്തുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ പരസ്പരം സംസാരിക്കുകയും ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലഘട്ടം) കാര്യങ്ങൾ അയവിറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചിരിക്കുമ്പോൾ നബി -ﷺ- പുഞ്ചിരിക്കുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
«അല്ലാഹുവേ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ മുസ്‌ലിംകളിൽ ഏതെങ്കിലും ഒരാളെ ഞാൻ ചീത്ത പറയുകയോ, ശപിക്കുകയോ, അടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് അയാൾക്ക് (പാപങ്ങളിൽ നിന്നുള്ള) ശുദ്ധീകരണവും (നിൻ്റെ പക്കൽ നിന്നുള്ള) കാരുണ്യവും ആക്കി നിശ്ചയിക്കേണമേ.»
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"മുഅ്മിനീങ്ങളുടെ മാതാവേ! അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് അറിയിച്ചു തന്നാലും." അവർ പറഞ്ഞു: "നീ ഖുർആൻ പാരായണം ചെയ്യാറില്ലേ?" ഞാൻ പറഞ്ഞു: "അതെ." അവർ പറഞ്ഞു: "തീർച്ചയായും നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു."
സ്വീകാര്യയോഗ്യമായത് (മുസ്‌ലിം നിവേദനം ചെയ്ത സുദീർഘമായ ഒരു ഹദീഥിൽ നിന്ന്)
"മദീനയിൽ വന്നതു മുതൽ മരിക്കുന്നത് വരെ, മുഹമ്മദ് നബി -ﷺ- യുടെ കുടുംബം തുടർച്ചയായി മൂന്ന് രാത്രികളിൽ ഗോതമ്പ് ഭക്ഷണം കഴിച്ച് വയറു നിറച്ചിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിശ്ചയിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. (യാത്രക്കിടയിൽ) അദ്ദേഹം കോപിഷ്ഠനായപ്പോൾ തൻ്റെ കീഴിലുള്ളവരോട് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിങ്ങളോട് കൽപ്പിച്ചില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ നിങ്ങൾ എനിക്കുവേണ്ടി വിറക് ശേഖരിക്കുക." അവർ വിറക് ശേഖരിച്ചു. അദ്ദേഹം പറഞ്ഞു: "ഇനി നിങ്ങൾ തീ കത്തിക്കുക." അവർ തീ കത്തിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അതിൽ പ്രവേശിക്കുക." അങ്ങനെ അവർ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി; എന്നാൽ അവരിൽ ചിലർ മറ്റുചിലരെ പിടിച്ചുനിർത്തി; അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാനാണല്ലോ നാം നബിയുടെ (ﷺ) അടുക്കലേക്ക് ഓടിവന്നത്." അങ്ങനെയിരിക്കെ തീ അണഞ്ഞു; അദ്ദേഹത്തിന്റെ കോപം കെട്ടടങ്ങുകയും ചെയ്തു. ഇക്കാര്യം നബി (ﷺ) അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ മാത്രമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്