Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 19 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് അറിയുമോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!"
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബിക്ക് (ﷺ) അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ച സന്ദർഭം: "ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു." (ബഖറ: 284) സ്വഹാബികൾക്ക് ഇത് പ്രയാസകരമായി അനുഭവപ്പെട്ടു. നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്നു കൊണ്ട് അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! നിസ്കാരവും നോമ്പും ജിഹാദും സ്വദഖയുമെല്ലാം പോലെ, ഞങ്ങൾക്ക് സാധിക്കുന്ന കർമ്മങ്ങൾ ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താങ്കൾക്ക് അവതരിക്കപ്പെട്ട ഈ ആയത്ത് ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ല." അപ്പോൾ നബി (ﷺ) ചോദിച്ചു: "നിങ്ങൾക്ക് മുമ്പുള്ള വേദക്കാർ (യഹൂദരും ക്രൈസ്തവരും) പറഞ്ഞതുപോലെ 'ഞങ്ങൾ കേൾക്കുകയും, ശേഷം ധിക്കരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്നാണ് നിങ്ങൾ പറയേണ്ടത്. അപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം." ജനങ്ങൾ അത് പാരായണം ചെയ്യുകയും അവരുടെ നാവുകൾ അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തന്റെ റബ്ബിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്‍ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." (ബഖറ: 285). അവർ അത് പ്രാവർത്തികമാക്കിയപ്പോൾ അല്ലാഹു ആ വിധിയെ ദുർബലപ്പെടുത്തുകയും ശേഷം ഈ വചനം അവതരിപ്പിക്കുകയും ചെയ്തു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ.ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ (ഞാൻ സ്വീകരിച്ചിരിക്കുന്നു)." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിയാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങൾക്ക് നീ മാപ്പുനൽകുകയും, ഞങ്ങൾക്ക് പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." (ബഖറ: 286) അല്ലാഹു പറഞ്ഞു: "അതെ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു. ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
അബൂ ത്വാലിബിന് മരണം ആസന്നമായപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ അടുക്കൽ അബൂ ജഹ്ലും അബ്ദുല്ലാഹിബ്നു അബീ ഉമയ്യഃയും ഉണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന്‌ പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്‌!’ ആ രണ്ടുപേരും പറഞ്ഞു: `താങ്കള്‍ അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗം വിട്ടുകളയുകയോ?!’ റസൂല്‍ ആ വാക്ക്‌ അദ്ദേഹത്തിന്‌ വെച്ചു കാട്ടിക്കൊണ്ടും, ആ രണ്ടുപേരും അവരുടെ വാക്ക്‌ ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു. അവസാനം അദ്ദേഹം അവരോട്‌ സംസാരിച്ചത്‌ `അബ്‌ദുല്‍ മുത്ത്വലിബിന്‍റെ മാര്‍ഗത്തില്‍’ എന്നായിരുന്നു.. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി -ﷺ- പറഞ്ഞു: "അല്ലാഹു സത്യം! എന്നോട് വിലക്കപ്പെടുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്നതാണ്." അപ്പോൾ അല്ലാഹു (ഖുർആനിലെ വചനം) അവതരിപ്പിച്ചു: "ബഹുദൈവാരാധകർക്ക് വേണ്ടി പാപമോചനം തേടുക എന്നത് നബി -ﷺ- ക്കോ വിശ്വാസികൾക്കോ അനുവദനീയമല്ല." (തൗബ: 113) അബൂ ത്വാലിബിൻ്റെ വിഷയത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു കൊണ്ട് നബി -ﷺ- യോട് പറഞ്ഞു: "താങ്കൾക്ക് ഇഷ്ടമുള്ളവരെ താങ്കൾക്ക് സന്മാർഗത്തിലാക്കുക സാധ്യമല്ല. പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു." (ഖസ്വസ്: 56)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും. നിങ്ങൾ 'അസ്സഹ്റാവയ്ൻ' ആയ അൽ-ബഖറയും, ആലു ഇംറാനും പാരായണം ചെയ്യുക; കാരണം അവ രണ്ടും അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ രണ്ട് തണലുകൾ പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ച് നിരന്നുപറക്കുന്ന രണ്ട് പക്ഷിക്കൂട്ടങ്ങളെപ്പോലെയോ വരുന്നതാണ്. അവ രണ്ടും അതിന്റെ ആളുകൾക്കുവേണ്ടി വാദിക്കും. നിങ്ങൾ സൂറത്തുൽ ബഖറ പാരായണം ചെയ്യുക; കാരണം അത് പഠിച്ചെടുക്കുന്നത് അനുഗ്രഹീതമാണ്. അത് ഉപേക്ഷിക്കുന്നത് നഷ്ടകരവും. മാരണക്കാർക്ക് അതിനെ അതിജീവിക്കാൻ കഴിയില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
ഞാൻ നബി -ﷺ- യുടെ മിമ്പറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, തീർത്ഥാടകർക്ക് കുടിനീര് നൽകുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." വേറൊരാൾ പറഞ്ഞു: "നിങ്ങൾ ഈ പറഞ്ഞതിനേക്കാളെല്ലാം ശ്രേഷ്ഠം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: "നബി -ﷺ- യുടെ മിമ്പറിനടുത്ത് വെച്ച് നിങ്ങൾ ശബ്ദമുയർത്തരുത് -അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു-. എന്നാൽ, ജുമുഅ നിസ്കാരം കഴിഞ്ഞാൽ, നബി -ﷺ- യുടെ അടുത്ത് ചെന്ന് നിങ്ങൾ തർക്കിച്ച വിഷയത്തെക്കുറിച്ച് ഞാൻ വിധി ചോദിക്കാം." അങ്ങനെ (അദ്ദേഹം ചോദിച്ചപ്പോൾ) അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "ഹാജിമാർക്ക് കുടിനീര് നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബ: 19)
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു