Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 8 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഹേ ബിലാൽ, ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു." അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
"സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖിയാമത് നാളിൽ മനുഷ്യരുടെ നേതാവ് ഞാനായിരിക്കും. എന്തു കൊണ്ടാണത് എന്ന് നിങ്ങൾക്കറിയുമോ?! അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും. അതോടെ ജനങ്ങൾ പറയും: "നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഈ കടുത്ത പ്രയാസം നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് വേണ്ടി ശുപാർശ പറയാൻ ഒരാളെ നോക്കുകയല്ലേ?!" അങ്ങനെ ജനങ്ങളിൽ ചിലർ മറ്റു ചിലരോട് പറയും: "നിങ്ങളുടെ പിതാവ് ആദമുണ്ട്." അവർ ആദമിൻ്റെ അരികിൽ ചെന്ന് അദ്ദേഹത്തോട് പറയും: "ഹേ ആദം! താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരം കൊണ്ട് താങ്കളെ സൃഷ്ടിക്കുകയും, (അവൻ സൃഷ്ടിച്ച) അവൻ്റെ ആത്മാവ് താങ്കളിൽ ഊതുകയും, മലക്കുകളോട് താങ്കൾക്ക് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയും, അങ്ങനെ അവർ താങ്കൾക്ക് (ആദരവിന്റെ) സുജൂദ് ചെയ്യുകയും ഉണ്ടായി. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് താങ്കൾ ശുപാർശ ചെയ്താലും. ഞങ്ങളുടെ അവസ്ഥയും ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയും താങ്കൾ കാണുന്നില്ലേ?!" ആദം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ആ വൃക്ഷത്തിൽ നിന്ന് അവൻ എന്നെ വിലക്കിയിരുന്നു; പക്ഷേ ഞാൻ അവനോട് അനുസരണക്കേട് കാണിച്ചു; എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹിൻ്റെ അരികിൽ പോവുക." അങ്ങനെ അവർ നൂഹിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ നൂഹ്! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട റസൂലുകളിൽ ആദ്യത്തെയാൾ താങ്കളാണ്. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കൾക്ക് പേര് നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് താങ്കൾ ശുപാർശ പറഞ്ഞാലും. ഞങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ?! " നൂഹ് -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥന എനിക്കുണ്ടായിരുന്നു; എൻ്റെ ജനതക്കെതിരെയാണ് ഞാൻ ആ പ്രാർത്ഥന നടത്തിയത്. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ പോവുക." ജനങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഇബ്റാഹീം! താങ്കൾ അല്ലാഹുവിൻ്റെ നബിയും ഭൂമിയിൽ വസിച്ചവരിൽ നിന്ന് അവൻ ഖലീലായി സ്വീകരിച്ചവനുമാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഇബ്റാഹീം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ മൂന്നു കളവുകൾ പറഞ്ഞു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മൂസായുടെ അരികിൽ പോവുക." ജനങ്ങൾ മൂസാ -عَلَيْهِ السَّلَامُ- യുടെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ മൂസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു നുബുവ്വത് നൽകിക്കൊണ്ടും, അവൻ താങ്കളോട് സംസാരിച്ചു കൊണ്ടും ജനങ്ങൾക്ക് മേൽ താങ്കൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" മൂസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. എന്നോട് കൽപ്പിക്കപ്പെടാത്ത ഒരാളെ ഞാൻ വധിച്ചു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മർയമിന്റെ മകൻ ഈസായുടെ അരികിൽ പോവുക." ജനങ്ങൾ ഈസാ -عَلَيْهِ السَّلَامُ- ൻ്റെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, മർയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവൻ്റെ വചനവും, അവൻ സൃഷ്ടിച്ച ആത്മാവുമാകുന്നു. തൊട്ടിലിൽ ആയിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഈസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; അതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല." അദ്ദേഹം ഏതെങ്കിലും തെറ്റു ചെയ്തതായി പറയുകയില്ല. "എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ പോവുക." അങ്ങനെ ജനങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് പറയും: "ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, നബിമാരിൽ അന്തിമനുമാകുന്നു. താങ്കളുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയൂ! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ പുറപ്പെടുകയും, അല്ലാഹുവിൻ്റെ അർശിനു താഴെ എത്തുകയും ചെയ്യും. എന്നിട്ട് എൻ്റെ റബ്ബിന് മുൻപിൽ ഞാൻ സുജൂദിൽ വീഴും; ശേഷം എനിക്ക് മുൻപ് മറ്റൊരാൾക്കും അല്ലാഹു തുറന്നു കൊടുത്തിട്ടില്ലാത്ത സ്തുതികളും റബ്ബിനെ പുകഴ്ത്താനുള്ള മനോഹരമായ വചനങ്ങളും അല്ലാഹു എനിക്ക് തുറന്നു തരും. ശേഷം എന്നോട് പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തുക; താങ്കൾ ചോദിക്കുക; താങ്കൾ ചോദിക്കുന്നത് നൽകപ്പെടും. താങ്കൾ ശുപാർശ പറയുക; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടും." അപ്പോൾ ഞാൻ എൻ്റെ തലയുയർത്തും; എന്നിട്ട് പറയും: "എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത!" അപ്പോൾ പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിൻ്റെ വലതു ഭാഗത്തുള്ള വാതിലിൽ കൂടെ പ്രവേശിപ്പിക്കുക. അതിനു പുറമെയുള്ള സ്വർഗത്തിൻ്റെ വാതിലുകളിൽ അവർ ജനങ്ങളോട് പങ്കുചേരുന്നവരാണ്." ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗകവാടങ്ങളുടെ രണ്ടു വശങ്ങൾക്കിടയിൽ മക്കയുടെയും ഹിംയറിൻ്റെയും ഇടയിലുള്ളതു പോലെ, അല്ലെങ്കിൽ മക്കയുടെയും ബുസ്റായുടെയും ഇടയിലുള്ളതു പോലെ വിസ്താരമുണ്ട്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ. അവന് സൽകർമങ്ങൾ ഉണ്ടെങ്കിൽ, അവന്റെ അക്രമത്തിന്റെ അളവനുസരിച്ച് അതിൽ നിന്ന് എടുക്കപ്പെടും. അവന് സൽകർമങ്ങൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: ‘ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍ പണവും സ്വത്തുമില്ലാത്തവനാണ്.’ അപ്പോള്‍ നബി തിരുമേനി -ﷺ- പറഞ്ഞു: “എന്നാല്‍ എൻ്റെ സമുദായത്തില്‍ പാപ്പരായവന്‍ ഖിയാമത്ത് നാളിൽ നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്‍ക്കര്‍മങ്ങളുമായി വരുന്നവനാണ്; അവൻ ഇന്നയാളെ ചീത്തപറഞ്ഞിട്ടുണ്ടാകും. മറ്റൊരാളെ സംബന്ധിച്ച് അവൻ അപവാദം പറഞ്ഞിട്ടുണ്ടാകും. ഇന്നയാളുടെ സമ്പത്ത് അവൻ അന്യായമായി ഭക്ഷിച്ചിട്ടുണ്ടാകും. ഇന്നയാളുടെ രക്തം അവൻ ചിന്തിയിട്ടുണ്ടാകും. ഇന്നയാളെ അവൻ അടിച്ചിട്ടുണ്ടാകും. അപ്പോള്‍ അവരില്‍ ഒരോരുത്തര്‍ക്കുമായി അവൻ്റെ സല്‍ക്കര്‍മങ്ങള്‍ എടുത്തു നല്‍കപ്പെടും. അവൻ്റെ മേലുള്ള ബാധ്യത തീരുന്നതിനുമുമ്പ് അവൻ്റെ സല്‍ക്കര്‍മങ്ങള്‍ തീര്‍ന്നുപോയാല്‍ അവരുടെ പാപങ്ങളെടുത്ത് അവൻ്റെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്യും. പിന്നീടവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു