Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 22 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഞങ്ങൾ നബി -ﷺ- യുടെ ചുറ്റും സംഘമായി ഇരിക്കുന്ന വേളയിൽ -ഞങ്ങളുടെ കൂട്ടത്തിൽ അബൂബക്റും ഉമറും -رَضِيَ اللَّهُ عَنْهُمَا- ഉണ്ട്- അവിടുന്ന് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു പോയി. അവിടുന്ന് മടങ്ങി വരാൻ വൈകിയപ്പോൾ അവിടുത്തെ എന്തെങ്കിലും പ്രയാസം ബാധിച്ചോ എന്ന് ഞങ്ങൾ പേടിച്ചു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനായിരുന്നു. അങ്ങനെ ഞാൻ നബി -ﷺ- യെ അന്വേഷിച്ചു പുറപ്പെട്ടു. ബനുന്നജ്ജാറുകാരിൽ പെട്ട ഒരു അൻസ്വാരിയുടെ തോട്ടത്തിനരികെ ഞാനെത്തി. അവിടേക്ക് പ്രവേശിക്കാൻ ഒരു വാതിൽ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഞാൻ ആ തോട്ടത്തിന് ചുറ്റും കറങ്ങിനോക്കി. എന്നാൽ എനിക്ക് ഒരു വാതിലും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ചെറിയ കനാൽ തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്ന് അതിനുള്ളിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു. ഞാൻ അതിലൂടെ തോട്ടത്തിലേക്ക് ഞൂണ്ടുകടന്നു. അങ്ങനെ നബി -ﷺ- യുടെ അരികിൽ ഞാൻ പ്രവേശിച്ചു. (എന്നെ കണ്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "അബൂ ഹുറൈറയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് ചോദിച്ചു: "എന്താണ് കാര്യം?" ഞാൻ പറഞ്ഞു: "അങ്ങ് ഞങ്ങൾക്കിടയിലായിരുന്നല്ലോ. എന്നാൽ ഞങ്ങളുടെ അരികിൽ നിന്ന് പോയതിന് ശേഷം അങ്ങ് തിരിച്ചു വരാൻ വൈകിയപ്പോൾ എന്തെങ്കിലും പ്രയാസം അങ്ങേക്ക് ബാധിച്ചോ എന്ന് ഞങ്ങൾ ഭയന്നു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനാണ്. അങ്ങനെ ഞാൻ ഈ തോട്ടത്തിൽ (അങ്ങയെ അന്വേഷിച്ചു) വന്നെത്തിയതാണ്. കുറുക്കൻ ഞൂണ്ടുകടക്കുന്നതു പോലെയാണ് ഞാൻ ഇതിനുള്ളിലേക്ക് കയറിയത്. എൻ്റെ പിറകിൽ (വാർത്ത അറിയാനിരിക്കുന്ന) മറ്റു ജനങ്ങളുമുണ്ട്." അപ്പോൾ അവിടുത്തെ രണ്ട് ചെരുപ്പുകളും എൻ്റെ പക്കൽ തന്നു കൊണ്ട് നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക! ഈ തോട്ടത്തിനപ്പുറം 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവനെ നീ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളുക." അങ്ങനെ (അവിടെ നിന്നിറങ്ങിയ ശേഷം) ഞാൻ ആദ്യം കണ്ട വ്യക്തി ഉമർ ബ്നുൽ ഖത്താബായിരുന്നു. അദ്ദേഹം ചോദിച്ചു: "എന്താണ് അബൂ ഹുറൈറ! ഈ രണ്ടു ചെരുപ്പുകൾ?" ഞാൻ പറഞ്ഞു: "ഇവ രണ്ടും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചെരുപ്പുകളാണ്. അവിടുന്ന് ഇവ രണ്ടും തന്നു കൊണ്ട് എന്നെ നിയോഗിച്ചിരിക്കുകയാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവന് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളാൻ വേണ്ടി..." അപ്പോൾ ഉമർ തൻ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലൊരടി വെച്ചു തന്നു. ഞാൻ പിറകുവശം കുത്തി താഴെവീണു പോയി! അദ്ദേഹം പറഞ്ഞു: "അബൂ ഹുറൈറ! തിരിച്ചു പോവുക!" ഞാൻ നബി -ﷺ- യുടെ അരികിലേക്ക് മടങ്ങിച്ചെന്നു; എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എൻ്റെ പിറകെ തന്നെ ഉമറും ഉണ്ടായിരുന്നു; ഞാൻ നോക്കിയപ്പോൾ അദ്ദേഹമതാ പിറകിൽ! നബി -ﷺ- ചോദിച്ചു: "എന്തു പറ്റി അബൂ ഹുറൈറ?!" ഞാൻ പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടുമുട്ടി; അങ്ങ് എന്നെ നിയോഗിച്ച കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ എൻ്റെ നെഞ്ചിൽ അദ്ദേഹം അടിക്കുകയാണ് ചെയ്തത്; (അതു കാരണം) ഞാൻ പിറകുവശം കുത്തി വീണുപോയി." നബി -ﷺ- ചോദിച്ചു: "ഉമർ! എന്തിനാണ് നീയങ്ങനെ ചെയ്തത്?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് ബലിയായിരിക്കട്ടെ! അങ്ങയുടെ രണ്ട് ചെരുപ്പുകൾ നൽകിക്കൊണ്ട് അബൂ ഹുറൈറയെ അങ്ങ് നിയോഗിക്കുകയുണ്ടായോ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുന്നതിന് വേണ്ടി?" നബി -ﷺ- പറഞ്ഞു: "അതെ!" ഉമർ പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്! ജനങ്ങൾ അതിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെ വിട്ടേക്കുക. അവർ പ്രവർത്തനങ്ങൾ ചെയ്യട്ടെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അവരെ അങ്ങനെ വിട്ടേക്കുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
അദ്ദേഹം നബി -ﷺ- യോടൊപ്പം ഏതോ ഒരു യാത്രയിലുണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ രാത്രി കിടക്കാനൊരുങ്ങുമ്പോൾ നബി -ﷺ- ഒരു ദൂതനെ അവരിലേക്ക് ഈ സന്ദേശവുമായി പറഞ്ഞയച്ചു: "ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്