Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 52 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരാൾ നബി -ﷺ- യോട് അന്ത്യനാളിനെ കുറിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചു: "എപ്പോഴാണ് അന്ത്യനാൾ?" നബി -ﷺ- പറഞ്ഞു: "നീ അതിനായി എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്?" അദ്ദേഹം പറഞ്ഞു: "യാതൊന്നുമില്ല; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും -ﷺ- ഞാൻ സ്നേഹിക്കുന്നുണ്ട് എന്നതല്ലാതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക എന്ന നബി -ﷺ- യുടെ വാക്കിനാൽ ഞങ്ങൾ സന്തോഷിച്ചത്ര മറ്റൊരു കാര്യത്തിനും ഞങ്ങൾ സന്തോഷിച്ചിട്ടില്ല." അനസ് -رَضِيَ اللَّهُ عَنْهُ- തുടരുന്നു: "ഞാൻ നബി -ﷺ- യെയും അബൂബക്റിനെയും ഉമറിനെയും സ്നേഹിക്കുന്നുണ്ട്. അവരോടുള്ള എൻ്റെ സ്നേഹം കാരണത്താൽ ഞാനും അവരോടൊപ്പമുണ്ടായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അവരുടേത് പോലുള്ള പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു." -ശേഷം അവിടുന്ന് തൻ്റെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് ഒരു വളയമുണ്ടാക്കി കാണിച്ചു-. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ സൽകർമ്മികൾ ഉണ്ടായിരിക്കെ ഞങ്ങൾ നശിക്കുന്നതാണോ?!" അവിടുന്ന് പറഞ്ഞു: "അതെ! മ്ലേഛത അധികരിച്ചു കഴിഞ്ഞാൽ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. പിന്നീട് അത്രയും ദിവസങ്ങൾ അത് ഒരു 'അലഖ' (രക്തക്കട്ട) യാകും. പിന്നീട് അത്രയും ദിവസങ്ങൾ 'മുദ്ഗ' (ഇറച്ചിക്കഷ്ണം) ആകും. പിന്നീട് അവനിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അദ്ദേഹത്തോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കും. അങ്ങനെ ആ മലക്ക് (ഗർഭസ്ഥശിശുവിൻ്റെ) ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവനാണോ എന്നതും രേഖപ്പെടുത്തും. പിന്നീട് അവനിൽ ആത്‌മാവ് ഊതപ്പെടും. നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും സ്വർഗത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ നരകക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ സ്വർഗക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖിയാമത് നാളിൽ മനുഷ്യരുടെ നേതാവ് ഞാനായിരിക്കും. എന്തു കൊണ്ടാണത് എന്ന് നിങ്ങൾക്കറിയുമോ?! അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും. അതോടെ ജനങ്ങൾ പറയും: "നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഈ കടുത്ത പ്രയാസം നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് വേണ്ടി ശുപാർശ പറയാൻ ഒരാളെ നോക്കുകയല്ലേ?!" അങ്ങനെ ജനങ്ങളിൽ ചിലർ മറ്റു ചിലരോട് പറയും: "നിങ്ങളുടെ പിതാവ് ആദമുണ്ട്." അവർ ആദമിൻ്റെ അരികിൽ ചെന്ന് അദ്ദേഹത്തോട് പറയും: "ഹേ ആദം! താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരം കൊണ്ട് താങ്കളെ സൃഷ്ടിക്കുകയും, (അവൻ സൃഷ്ടിച്ച) അവൻ്റെ ആത്മാവ് താങ്കളിൽ ഊതുകയും, മലക്കുകളോട് താങ്കൾക്ക് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയും, അങ്ങനെ അവർ താങ്കൾക്ക് (ആദരവിന്റെ) സുജൂദ് ചെയ്യുകയും ഉണ്ടായി. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് താങ്കൾ ശുപാർശ ചെയ്താലും. ഞങ്ങളുടെ അവസ്ഥയും ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയും താങ്കൾ കാണുന്നില്ലേ?!" ആദം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ആ വൃക്ഷത്തിൽ നിന്ന് അവൻ എന്നെ വിലക്കിയിരുന്നു; പക്ഷേ ഞാൻ അവനോട് അനുസരണക്കേട് കാണിച്ചു; എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹിൻ്റെ അരികിൽ പോവുക." അങ്ങനെ അവർ നൂഹിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ നൂഹ്! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട റസൂലുകളിൽ ആദ്യത്തെയാൾ താങ്കളാണ്. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കൾക്ക് പേര് നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് താങ്കൾ ശുപാർശ പറഞ്ഞാലും. ഞങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ?! " നൂഹ് -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥന എനിക്കുണ്ടായിരുന്നു; എൻ്റെ ജനതക്കെതിരെയാണ് ഞാൻ ആ പ്രാർത്ഥന നടത്തിയത്. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ പോവുക." ജനങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഇബ്റാഹീം! താങ്കൾ അല്ലാഹുവിൻ്റെ നബിയും ഭൂമിയിൽ വസിച്ചവരിൽ നിന്ന് അവൻ ഖലീലായി സ്വീകരിച്ചവനുമാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഇബ്റാഹീം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ മൂന്നു കളവുകൾ പറഞ്ഞു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മൂസായുടെ അരികിൽ പോവുക." ജനങ്ങൾ മൂസാ -عَلَيْهِ السَّلَامُ- യുടെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ മൂസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു നുബുവ്വത് നൽകിക്കൊണ്ടും, അവൻ താങ്കളോട് സംസാരിച്ചു കൊണ്ടും ജനങ്ങൾക്ക് മേൽ താങ്കൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" മൂസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. എന്നോട് കൽപ്പിക്കപ്പെടാത്ത ഒരാളെ ഞാൻ വധിച്ചു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മർയമിന്റെ മകൻ ഈസായുടെ അരികിൽ പോവുക." ജനങ്ങൾ ഈസാ -عَلَيْهِ السَّلَامُ- ൻ്റെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, മർയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവൻ്റെ വചനവും, അവൻ സൃഷ്ടിച്ച ആത്മാവുമാകുന്നു. തൊട്ടിലിൽ ആയിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഈസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; അതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല." അദ്ദേഹം ഏതെങ്കിലും തെറ്റു ചെയ്തതായി പറയുകയില്ല. "എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ പോവുക." അങ്ങനെ ജനങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് പറയും: "ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, നബിമാരിൽ അന്തിമനുമാകുന്നു. താങ്കളുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയൂ! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ പുറപ്പെടുകയും, അല്ലാഹുവിൻ്റെ അർശിനു താഴെ എത്തുകയും ചെയ്യും. എന്നിട്ട് എൻ്റെ റബ്ബിന് മുൻപിൽ ഞാൻ സുജൂദിൽ വീഴും; ശേഷം എനിക്ക് മുൻപ് മറ്റൊരാൾക്കും അല്ലാഹു തുറന്നു കൊടുത്തിട്ടില്ലാത്ത സ്തുതികളും റബ്ബിനെ പുകഴ്ത്താനുള്ള മനോഹരമായ വചനങ്ങളും അല്ലാഹു എനിക്ക് തുറന്നു തരും. ശേഷം എന്നോട് പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തുക; താങ്കൾ ചോദിക്കുക; താങ്കൾ ചോദിക്കുന്നത് നൽകപ്പെടും. താങ്കൾ ശുപാർശ പറയുക; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടും." അപ്പോൾ ഞാൻ എൻ്റെ തലയുയർത്തും; എന്നിട്ട് പറയും: "എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത!" അപ്പോൾ പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിൻ്റെ വലതു ഭാഗത്തുള്ള വാതിലിൽ കൂടെ പ്രവേശിപ്പിക്കുക. അതിനു പുറമെയുള്ള സ്വർഗത്തിൻ്റെ വാതിലുകളിൽ അവർ ജനങ്ങളോട് പങ്കുചേരുന്നവരാണ്." ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗകവാടങ്ങളുടെ രണ്ടു വശങ്ങൾക്കിടയിൽ മക്കയുടെയും ഹിംയറിൻ്റെയും ഇടയിലുള്ളതു പോലെ, അല്ലെങ്കിൽ മക്കയുടെയും ബുസ്റായുടെയും ഇടയിലുള്ളതു പോലെ വിസ്താരമുണ്ട്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ. അവന് സൽകർമങ്ങൾ ഉണ്ടെങ്കിൽ, അവന്റെ അക്രമത്തിന്റെ അളവനുസരിച്ച് അതിൽ നിന്ന് എടുക്കപ്പെടും. അവന് സൽകർമങ്ങൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും. (അന്ന്) ചോദിക്കപ്പെടും: 'നിരക്ഷരരായ സമുദായവും അവരുടെ പ്രവാചകനും എവിടെ?' അതിനാൽ (ഒരേ സമയം നാം) അവസാനക്കാരും ആദ്യത്തവരുമാകുന്നു."
സ്വീകാര്യയോഗ്യമായത് ഇബ്നു മാജഃ ഉദ്ധരിച്ചത്