Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 7 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: "സ്വർഗം നോക്കുക; അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചത് നോക്കിക്കാണുക." അദ്ദേഹം സ്വർഗം നോക്കിക്കാണുകയും തിരിച്ചു വരികയും ചെയ്തു. ജിബ്രീൽ പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ അല്ലാഹു സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് വലയം ചെയ്യാൻ കൽപ്പിക്കും. ശേഷം ജിബ്‌രീലിനോട് പറയും: ഇനി പോയി നീ സ്വർഗം നോക്കൂ! അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചതും നോക്കിക്കാണുക." ജിബ്രീൽ നോക്കുമ്പോൾ സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതായി കാണും. അദ്ദേഹം പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ ഒരാൾ പോലും പ്രവേശിക്കുകയില്ലെന്ന് ഞാൻ ഭയക്കുന്നു." അല്ലാഹു ജിബ്രീലിനോട് പറയും: "നീ പോയി നരകം നോക്കുക! അതിലെ ആളുകൾക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിരിക്കുന്നതും നോക്കുക." ജിബ്രീൽ നരകത്തെ വീക്ഷിക്കുമ്പോൾ അത് ഇളകിമറിയുന്നതായി കാണും. അദ്ദേഹം മടങ്ങിവന്നു കൊണ്ട് പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം. ഒരാളും ഇതിൽ പ്രവേശിക്കുന്നതല്ല." അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് വലയം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: മടങ്ങിപ്പോവുക; എന്നിട്ട് നരകം വീക്ഷിക്കുക." അദ്ദേഹം നരകത്തിലേക്ക് നോക്കുമ്പോൾ അത് ദേഹേഛകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കും. മടങ്ങിവന്നു കൊണ്ട് അദ്ദേഹം പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ പ്രവേശിക്കാതെ ഒരാൾക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഞാൻ ഭയന്നു പോയി."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി, നസാഈ)
"സ്വർഗത്തിൽ നൂറ് പദവികളുണ്ട്; ഓരോ പദവികൾക്കും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത്ര (അകലമുണ്ട്). ഫിർദൗസ് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതമായ പദവിയാണ്. അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികൾ പൊട്ടിയൊഴുകുന്നത്. അതിനും മുകളിലാണ് അർശ് (അല്ലാഹുവിൻ്റെ സിംഹാസനം) ഉള്ളത്. നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക."
സ്വീകാര്യയോഗ്യമായത് തിർമിദി ഉദ്ധരിച്ചത്
"പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
"അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അതിൽ അനുവദനീയമായി കാണുന്നതെല്ലാം നമുക്ക് അനുവദനീയമാക്കാം, അതിൽ നിഷിദ്ധമായി കാണുന്നതെല്ലാം നമുക്ക് നിഷിദ്ധമാക്കാം' എന്ന് ഒരാൾ പറയുന്ന സ്ഥിതി വരാനിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതൻ നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയത് പോലെയാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, ഇബ്നു മാജഃ)
"അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്; (അയാളുടെ തിന്മകൾ രേഖപ്പെടുത്തിയ) തൊണ്ണൂറ്റി ഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ നിരത്തപ്പെടും. അതിലെ ഓരോ ഏടും കണ്ണെത്തുംദൂരം വരെയുണ്ട്. ശേഷം അയാളോട് ചോദിക്കും: "ഇതിൽ എന്തെങ്കിലുമൊന്ന് നീ നിഷേധിക്കുന്നുണ്ടോ? (പ്രവർത്തനങ്ങൾ) രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അനീതി കാണിച്ചിട്ടുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അല്ലാഹു ചോദിക്കും: "നിനക്ക് എന്തെങ്കിലും ന്യായമുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: "എങ്കിൽ നിനക്കായി എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം കാണിക്കപ്പെടുന്നതല്ല." അങ്ങനെ ഒരു 'കാർഡ്' (ചീട്ട്) പുറത്തെടുക്കപ്പെടും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നാണ് അതിലുള്ളത്." ശേഷം (അല്ലാഹു) പറയും: നിൻ്റെ (കർമ്മങ്ങളുടെ) ഭാരം തൂക്കി നോക്കൂ. അപ്പോൾ അയാൾ പറയും: "എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ 'കാർഡ്' എന്താകാനാണ്?" അല്ലാഹു പറയും: "നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല." നബി -ﷺ- പറയുന്നു: "അങ്ങനെ ഈ ഏടുകൾ ഒരു തട്ടിലും, 'കാർഡ്' മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ കനം കുറഞ്ഞു പോവുകയും, 'കാർഡ്' കനം തൂങ്ങുകയും ചെയ്യും. (കാരണം) അല്ലാഹുവിൻ്റെ നാമത്തോടൊപ്പം യാതൊന്നും കനം തൂങ്ങുകയില്ല."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ)
"അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് തിർമിദി ഉദ്ധരിച്ചത്
"പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." (തകാഥുർ: 8) എന്ന വചനം അവതരിച്ചപ്പോൾ സുബൈർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ." നബി -ﷺ- പറഞ്ഞു: "എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്."
ഹസൻ(നല്ലത്) (തിർമിദി, ഇബ്നുമാജഃ)