Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിലെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്. "സർവ്വ ആദരവുകളും പ്രാർത്ഥനകളും വിശിഷ്ടമായ കാര്യങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ബുഖാരിയുടെയും മുസ്‌ലിമിൻ്റെയും നിവേദനത്തിൽ ഇത്ര കൂടിയുണ്ട്: "തീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ അസ്സലാം." (ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾ നിസ്കാരത്തിൽ (തശഹ്ഹുദിനായി) ഇരുന്നാൽ ഈ പ്രാർത്ഥന ചൊല്ലുക. 'സർവ്വ ആദരവുകളും പ്രാർത്ഥനകളും പരിശുദ്ധമായവയും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ നബിയേ! താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. നമുക്ക് മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്ക് മേലും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ.' ഇങ്ങനെ ഒരാൾ പറഞ്ഞാൽ ആകാശത്തും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ ദാസന്മാർക്കും (ആ പ്രാർത്ഥനയുടെ ഫലം) ലഭിക്കുന്നതാണ്. (ശേഷം അവൻ പറയട്ടെ) "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." ഇതിന് ശേഷം അവന് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കാനായി തിരഞ്ഞെടുക്കാം."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചതിന് ശേഷം ഒരാൾ അവിടേക്ക് വരുകയും നിസ്കരിക്കുകയും ചെയ്തു. നിസ്കാര ശേഷം അദ്ദേഹം നബി (ﷺ) യോട് സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കിയ ശേഷം പറഞ്ഞു: "മടങ്ങിപ്പോയി നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." അദ്ദേഹം മടങ്ങിപ്പോയി മുൻപ് നിസ്കരിച്ചത് പോലെത്തന്നെ വീണ്ടും നിസ്കരിച്ചു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു: "മടങ്ങിപ്പോയി വീണ്ടും നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." മൂന്ന് തവണ ഇക്കാര്യം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ (അല്ലാഹു) തന്നെ സത്യം! ഇതല്ലാതെ എനിക്ക് അറിയുകയില്ല. അതിനാൽ അങ്ങ് എന്നെ പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി (ﷺ) പറഞ്ഞു: "നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ) എന്ന് പറഞ്ഞു കൊണ്ട് തക്ബീർ ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് അറിവുള്ളത് പാരായണം ചെയ്യുക. ശേഷം റുകൂഅ് ചെയ്യുകയും, റുകൂഇൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. പിന്നീട് (റുകൂഇൽ നിന്ന്) ഉയരുകയും, നേരെ നിൽക്കുകയും ചെയ്യുക. ശേഷം സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. പിന്നീട് (സുജൂദിൽ നിന്ന്) ഉയരുകയും അടക്കത്തോടെ ഇരിക്കുകയും ചെയ്യുക. ഇപ്രകാരം നിൻ്റെ നിസ്കാരത്തിൽ മുഴുവൻ ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നിസ്കാരത്തിൽ നാം മടക്കി വെക്കരുത് എന്നും (കൽപ്പിക്കപ്പെട്ടിരിക്കുന്നു).
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സഹ്ൽ ബ്നു സഅ്ദ് അസ്സാഇദിയുടെ അരികിൽ ചിലർ വന്നു. നബി -ﷺ- യുടെ മിമ്പർ എന്ത് തടികൊണ്ടായിരുന്നു നിർമ്മിച്ചത് എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കം നടന്നിരുന്നു. അതിനെ കുറിച്ച് അദ്ദേഹത്തോട് അവർ ചോദിച്ചു. അപ്പോൾ സഹ്ൽ പറഞ്ഞു: "അല്ലാഹു സത്യം! അത് എന്തു കൊണ്ടായിരുന്നു (നിർമ്മിച്ചത്) എന്ന് എനിക്കറിയാം. അത് സ്ഥാപിച്ച ആദ്യ ദിവസവും, അതിൻ്റെ മുകളിൽ നബി -ﷺ- ആദ്യമായി ഇരുന്ന ദിവസവും ഞാനത് കണ്ടിട്ടുണ്ട്. അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയുടെ അടുത്തേക്ക് നബി -ﷺ- ആളെ അയച്ചു. അവരുടെ പേര് സഹ്ൽ പറഞ്ഞിരുന്നു. "നിൻ്റെ ആശാരിയായ അടിമയോട് എനിക്ക് ജനങ്ങളോട് സംസാരിക്കുമ്പോൾ നിൽക്കാൻ വേണ്ടി തടി കൊണ്ട് ഒരു മിമ്പർ നിർമ്മിച്ചു തരാൻ പറയൂ." അവളുടെ കൽപ്പനപ്രകാരം അവൻ കാട്ടിൽ നിന്നുള്ള പിചുലവൃക്ഷത്തിൻ്റെ (tamarix) തടി കൊണ്ട് മിമ്പർ നിർമ്മിക്കുകയും, അതുമായി വരികയും ചെയ്തു. അൻസ്വാരി വനിത അത് നബി -ﷺ- ക്ക് അയച്ചു കൊടുക്കുകയും, അവിടുത്തെ കൽപ്പനപ്രകാരം അത് (മസ്ജിദിൽ) അവിടെ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് നബി -ﷺ- അതിന് മുകളിൽ നിന്ന് തക്ബീർ ചൊല്ലി (നമസ്കാരം ആരംഭിക്കുകയും), ശേഷം അതിൻ്റെ മുകളിൽ തന്നെ റുകൂഅ് ചെയ്യുകയും, പിന്നീട് പിറകിലേക്ക് ഇറങ്ങി വന്ന് മിമ്പറിൻ്റെ താഴെയായി സുജൂദ് ചെയ്യുകയും, ശേഷം മിമ്പറിലേക്ക് മടങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: "ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്