Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നിങ്ങള്‍ക്ക് മുന്‍പുള്ള സമൂഹത്തിൽ ഒരു രാജാവുണ്ടായിരുന്നു; അയാള്‍ക്ക് ഒരു സാഹിറും (മാരണക്കാരൻ) ഉണ്ടായിരുന്നു. തനിക്ക് പ്രായമായപ്പോള്‍ (സാഹിര്‍) രാജാവിനോട് പറഞ്ഞു: “എനിക്ക് പ്രായമായി. ഒരു കുട്ടിയെ എനിക്ക് നല്‍കുക; അവന് ഞാന്‍ സിഹ്ര്‍ പഠിപ്പിക്കാം.” അങ്ങനെ പഠനത്തിനായി ഒരു കുട്ടിയെ (രാജാവ് സാഹിറിന്) അയച്ചു കൊടുത്തു. അവന്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു പുരോഹിതനെ കാണാറുണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരിക്കുകയും, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുകയും ചെയ്തു. അയാളുടെ വാക്കുകള്‍ അവനെ അത്ഭുതപ്പെടുത്തി. (പിന്നീട്) അവന്‍ സാഹിറിന്റെ അരികില്‍ പോകുമ്പോള്‍ പുരോഹിതന്റെ അരികില്‍ ചെല്ലുകയും, അവിടെ ഇരുന്ന് (അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും) ചെയ്യും. (വൈകി വരുന്നതിന്റെ പേരില്‍) സാഹിര്‍ അവനെ അടിക്കാറുണ്ടായിരുന്നു. ഇക്കാര്യം അവന്‍ പുരോഹിതനോട് സങ്കടം പറഞ്ഞു. പുരോഹിതന്‍ പറഞ്ഞു: “സാഹിര്‍ (നിന്നെ അടിക്കുമെന്ന്) ഭയന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെ തടഞ്ഞു വെച്ചു എന്ന് പറയുക. നിന്റെ വീട്ടുകാര്‍ (നിന്നെ ഉപദ്രവിക്കുമെന്ന്) ഭയന്നാല്‍ സാഹിര്‍ എന്നെ തടഞ്ഞു വെച്ചു എന്നും നീ പറഞ്ഞു കൊള്ളുക.” അവന്‍ ഇപ്രകാരം മുന്നോട്ട് പോകുന്നതിനിടയില്‍ ജനങ്ങളെ (യാത്രയില്‍ നിന്ന്) തടഞ്ഞു വെക്കുന്ന ഭയങ്കരനായ ഒരു മൃഗത്തെ അവന്‍ കാണുകയുണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞു: “സാഹിറാണോ അതല്ല പുരോഹിതനാണോ കൂടുതല്‍ ശ്രേഷ്ഠന്‍ എന്ന് ഞാന്‍ ഇന്ന് അറിയും.” എന്നിട്ട് അവന്‍ ഒരു കല്ലെടുത്തു കൊണ്ടു പറഞ്ഞു: “അല്ലാഹുവേ, പുരോഹിതന്റെ പ്രവൃത്തിയാണ് നിനക്ക് സാഹിറിന്റെ പ്രവൃത്തിയെക്കാള്‍ പ്രിയങ്കരമെങ്കില്‍ ജനങ്ങളുടെ (പ്രയാസം) അവസാനിപ്പിക്കുന്ന വിധത്തില്‍ ഈ മൃഗത്തെ നീ കൊല്ലേണമേ.” എന്നിട്ട് അവന്‍ (ആ മൃഗത്തെ) കല്ലെറിയുകയും, അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ (അതിന്റെ ശല്യത്തില്‍ നിന്ന്) രക്ഷപ്പെട്ടു. കുട്ടി ഈ നടന്ന കാര്യമെല്ലാം പുരോഹിതനെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം അവനോട് പറഞ്ഞു: “മോനേ, ഇപ്പോള്‍ നീ എന്നെക്കാള്‍ ശ്രേഷ്ഠനായി മാറിയിരിക്കുന്നു. ഞാന്‍ കാണുന്നത് പ്രകാരം (മഹത്തരമായി) നിന്റെ കാര്യം എത്തിയിരിക്കുന്നു. നീ തീര്‍ച്ചയായും പരീക്ഷിക്കപ്പെടും. നീ പരീക്ഷിക്കപ്പെടുകയാണെങ്കില്‍ എന്നെ കുറിച്ച് നീ പറഞ്ഞു കൊടുക്കരുത്.” പാണ്ട് രോഗികളെയും, കുഷ്ഠ രോഗികളെയും ആ കുട്ടി സുഖപ്പെടുത്താറുണ്ടായിരുന്നു. ജനങ്ങളുടെ എല്ലാ രോഗങ്ങളും അവന്‍ ചികിത്സിക്കാറുണ്ടായിരുന്നു. (അങ്ങനെയിരിക്കെ ഈ ബാലനെ കുറിച്ച്) രാജാവിന്റെ സദസ്യരില്‍ പെട്ട ഒരാള്‍ കേട്ടു. അയാള്‍ക്ക് അന്ധത ബാധിച്ചിരുന്നു. ധാരാളം സമ്മാനങ്ങളുമായി അയാള്‍ കുട്ടിയുടെ അരികില്‍ ചെന്നു. “ഇതെല്ലാം ഞാന്‍ നിനക്ക് വേണ്ടി സമാഹരിച്ചതാണ്; നീ എന്നെ സുഖപ്പെടുത്തുകയാണെങ്കില്‍ (ഇതെല്ലാം ഞാന്‍ നിനക്ക് നല്‍കാം).” (കുട്ടി) പറഞ്ഞു: “ഞാന്‍ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നത്. നീ അല്ലാഹുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിന്റെ രോഗം സുഖപ്പെടുത്താന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കാം.” അപ്പോള്‍ അയാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു. അല്ലാഹു അയാള്‍ക്ക് രോഗശമനം നല്‍കുകയും ചെയ്തു. (രോഗശമനം ലഭിച്ച ഈ വ്യക്തി) മുന്‍പ് സന്നിഹിതനാകാറുള്ളത് പോലെ രാജസദസ്സില്‍ സന്നിഹിതനായി. അപ്പോള്‍ രാജാവ് അയാളോട് ചോദിച്ചു: “നിന്റെ കാഴ്ച ആരാണ് മടക്കിനല്‍കിയത്?” അയാള്‍ പറഞ്ഞു: “എന്റെ റബ്ബ്.” രാജാവ് ചോദിച്ചു: “നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബുണ്ടോ?” അയാള്‍ പറഞ്ഞു: “എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാകുന്നു.” രാജാവ് അയാളെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഡനം സഹിക്കവയ്യാതെ) അയാള്‍ കുട്ടിയെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.) അങ്ങനെ കുട്ടിയെ കൊണ്ടുവരപ്പെട്ടു. രാജാവ് അവനോട് ചോദിച്ചു: “മോനേ, കുഷ്ഠ രോഗിയെയും പാണ്ട് രോഗിയെയും സുഖപ്പെടുത്തുന്നത് വരെ നിന്റെ സിഹ്ര്‍ വളര്‍ന്നുവല്ലോ! (അതല്ലാതെയും അനേകം അത്ഭുതപ്രവൃത്തികള്‍) നീ ചെയ്യുന്നു.” ബാലന്‍ പറഞ്ഞു: “ഞാന്‍ ആരെയും സുഖപ്പെടുത്തുന്നില്ല; അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നവന്‍.” രാജാവ് കുട്ടിയെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഢനം സഹിക്കവയ്യാതെ) അവന്‍ പുരോഹിതനെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.) അങ്ങനെ പുരോഹിതനെ കൊണ്ടു വരപ്പെട്ടു. തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ അയാളോട് പറയപ്പെട്ടു. പക്ഷേ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി. പിന്നീട് രാജാവിന്റെ സദസ്സിലെ വ്യക്തിയെ കൊണ്ടു വന്നു. തന്റെ ദീനിൽ നിന്ന് മടങ്ങുവാൻ അദ്ദേഹത്തോടും കൽപ്പിക്കപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി. പിന്നീട് ആ ബാലനെ കൊണ്ടു വരപ്പെട്ടു. അവനോടും തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ പറയപ്പെട്ടു. അപ്പോള്‍ ആ കുട്ടി വിസമ്മതിച്ചു. രാജാവ് അവനെ തന്റെ പടയാളികളെ ഏല്‍പ്പിച്ച ശേഷം പറഞ്ഞു: “ഇവനെയും കൊണ്ട് നിങ്ങള്‍ ഇന്ന പര്‍വ്വതത്തിന്റെ അടുത്ത് പോകുക. ശേഷം അവനെയും കൊണ്ട് പര്‍വ്വതത്തിന്റെ മുകളില്‍ കയറുക. അതിന്റെ ഏറ്റവും മുകളില്‍ എത്തിയാല്‍ -തന്റെ ദീനിൽ നിന്ന് അവന്‍ പിന്മാറുന്നില്ലെങ്കില്‍- അവിടെ നിന്ന് അവനെ താഴേക്ക് എറിയുക.” അങ്ങനെ അവര്‍ അവനെയും കൊണ്ട് പോവുകയും, പര്‍വ്വതത്തിന്റെ മുകളിൽ കയറുകയും ചെയ്തു. കുട്ടി പ്രാര്‍ഥിച്ചു : “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരുടെ ഉപദ്രവത്തിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ പര്‍വ്വതം അവരെയും കൊണ്ട് കുലുങ്ങുകയും, അവര്‍ താഴെ വീഴുകയും ചെയ്തു. (ഒന്നും സംഭവിക്കാതെ) കുട്ടി രാജാവിന്റെ അടുക്കലേക്ക് നടന്നു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.” അപ്പോള്‍ രാജാവ് കുട്ടിയെ തന്റെ പടയാളികളെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: “ഇവനെ നിങ്ങള്‍ തോണിയില്‍ കയറ്റുകയും, സമുദ്രത്തിന്റെ മധ്യത്തിലെത്തിയാല്‍ തന്റെ ദീനിൽ നിന്ന് പിന്മാറുന്നില്ലെങ്കില്‍ അവനെ (സമുദ്രത്തില്‍) എറിയുകയും ചെയ്യുക.” അവര്‍ അവനെയും കൊണ്ട് പോയി. കുട്ടി പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ അവരെയും കൊണ്ട് സമുദ്രം മുങ്ങുകയും, അവര്‍ മുങ്ങിമരിക്കുകയും ചെയ്തു. കുട്ടി രാജാവിന്റെ അരികിലേക്ക് നടന്നു കൊണ്ട് തിരിച്ചു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.” ശേഷം അവന്‍ രാജാവിനോട് പറഞ്ഞു: “ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത് പ്രകാരം പ്രവര്‍ത്തിക്കുന്നത് വരെ നിനക്ക് എന്നെ വധിക്കാന്‍ സാധിക്കുകയില്ല.” രാജാവ് ചോദിച്ചു: “എന്താണത്?” അവന്‍ പറഞ്ഞു: “താങ്കള്‍ ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. ശേഷം എന്നെ ഒരു മരത്തില്‍ തറക്കുക. എന്നിട്ട് എന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പ് എടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുക. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ താങ്കൾക്ക് എന്നെ കൊലപ്പെടുത്താന്‍ കഴിയും.” അങ്ങനെ രാജാവ് ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, കുട്ടിയെ ഒരു മരത്തടിയില്‍ ബന്ധിച്ച്, അവന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്തു. അപ്പോള്‍ അമ്പ് കുട്ടിയുടെ കണ്ണിനും ചെവിക്കുമിടയില്‍ തറച്ചു. അമ്പ് തറച്ചയിടത്ത് കുട്ടി തന്റെ കൈ വെച്ചപ്പോള്‍ അവന്‍ മരണപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: “ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” അപ്പോള്‍ രാജാവിനോട് പറയപ്പെട്ടു: “താങ്കള്‍ ഭയപ്പെട്ടിരുന്നത് (സംഭവിച്ചത്) കണ്ടോ? അല്ലാഹുവാണേ, തീര്‍ച്ചയായും താങ്കള്‍ ഭയപ്പെട്ടത് പ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. ജനങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു.” അപ്പോള്‍ (രാജ്യത്തിന്റെ പ്രവേശന) കവാടങ്ങളില്‍ വലിയ കിടങ്ങുകള്‍ കുഴിക്കാനും, അഗ്നി ആളിക്കത്തിക്കാനും അയാള്‍ (തന്റെ പടയാളികളോട്) കല്‍പ്പിച്ചു. അയാള്‍ പറഞ്ഞു: “തന്റെ (സത്യ)മതത്തില്‍ നിന്ന് തിരിച്ച് (സത്യനിഷേധത്തിലേക്ക്) മടങ്ങാത്തവരെ അതിലേക്ക് എറിഞ്ഞു കളയുക.” അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. ഒരു മാതാവ് തന്റെ കുട്ടിയോടൊപ്പം കൊണ്ടു വരപ്പെട്ടു, (അഗ്നിയിലേക്ക്) വീഴുന്നത് ഭയന്നു കൊണ്ട് പിന്തിനിന്നു. അപ്പോള്‍ (മാതാവിന്റെ കയ്യിലുള്ള) ആ കുട്ടി പറഞ്ഞു : “പൊന്നുമ്മാ, ക്ഷമിക്കുക. തീര്‍ച്ചയായും നിങ്ങള്‍ സത്യത്തിലാണ്.”
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു. ഓരോ നബിയും മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മറ്റൊരു നബി വരും. എന്നാൽ എനിക്ക് ശേഷം ഇനിയൊരു നബിയില്ല. എനിക്ക് ശേഷം ഭരണാധികാരികളുണ്ടാകും; അവർ അധികരിക്കുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെ സംഭവിച്ചാൽ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?!" അവിടുന്ന് പറഞ്ഞു: "ആദ്യത്തെയാളോടുള്ള കരാർ കഴിഞ്ഞാൽ അടുത്തയാൾ എന്ന നിലക്ക് നിങ്ങൾ കരാർ നിറവേറ്റുക. ശേഷം അവർക്കുള്ള അവകാശങ്ങൾ നിങ്ങൾ നൽകുകയും ചെയ്യുക. അവരുടെ കീഴിലുള്ളവരെ കുറിച്ച് അല്ലാഹു അവരോട് തീർച്ചയായും ചോദിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്