Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 12 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരിക്കൽ നബി -ﷺ- മിമ്പറിന് മുകളിൽ ഇരിക്കുകയും ഞങ്ങൾ നബിയുടെ ചുറ്റും കൂടിയിരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ്." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! നന്മയിലൂടെ തിന്മ ഉണ്ടാകുമെന്നോ?!" അപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. ചോദ്യകർത്താവിനോട് ചിലർ പറഞ്ഞു: "എന്താണ് നിൻ്റെ അവസ്ഥ?! നബി -ﷺ- യോട് നീ പറഞ്ഞതിന് അവിടുന്ന് നിനക്ക് മറുപടിയൊന്നും തരുകയുണ്ടായില്ലല്ലോ?!" പിന്നീട് നബി -ﷺ- ക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെടുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തൻ്റെ വിയർപ്പു തുള്ളികൾ തടവി നീക്കിയ ശേഷം അവിടുന്ന് പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അവിടുന്ന് അയാളെ പുകഴ്ത്തുന്നതു പോലെയായിരുന്നു (ആ ചോദ്യം). ശേഷം നബി -ﷺ- പറഞ്ഞു: "നന്മ തിന്മയും കൊണ്ട് വരികയില്ല. വസന്തം മുളപ്പിക്കുന്നവയിൽ മരണകാരണമാകുന്നതും മരണാസന്നമാക്കുന്നതുമുണ്ട്; മിതമായി പച്ചപ്പിൽ നിന്ന് ഭക്ഷിക്കുന്നവ (മൃഗങ്ങളുടെ കാര്യത്തിൽ) ഒഴികെ. അവ തങ്ങളുടെ വയറുകൾ വശങ്ങളിലേക്ക് വീർക്കുന്നത്ര ഭക്ഷിച്ചു കഴിഞ്ഞാൽ സൂര്യനു നേരെ നിന്ന് വെയിലു കായുകയും, ശേഷം കാഷ്ഠിക്കുകയും മൂത്രമൊഴിക്കുകയും, വീണ്ടും മേയുകയും ചെയ്യും. തീർച്ചയായും ഈ സമ്പത്ത് ഹരിതാഭവും മധുരതരവുമാണ്; അതിൽ നിന്ന് ദരിദ്രനും അനാഥനും വഴിപോക്കനും നൽകുന്നിടത്തോളം അത് മുസ്‌ലിമിൻ്റെ എത്ര നല്ല സഹയാത്രികനാണ്! എന്നാൽ അതിൽ നിന്ന് അന്യായമായി എടുക്കുന്നവൻ ഭക്ഷിക്കുകയും വയറു നിറയുകയും ചെയ്യാത്ത ഒരുവനെ പോലെയാണ്; അന്ത്യനാളിൽ അവനെതിരെ അത് (സമ്പത്ത്) സാക്ഷിയായിരിക്കും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാനീയവും ലഭിക്കുന്ന സ്ഥിതിയിലാണല്ലോ നിങ്ങൾ? എന്നാൽ നിങ്ങളുടെ നബിയെ -ﷺ- ഞാൻ കണ്ടിട്ടുണ്ട്; വയറ് നിറയ്ക്കാൻ മോശം ഈന്തപ്പഴം പോലും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ എൻ്റെ ആവശ്യം ചോദിച്ചപ്പോൾ അവിടുന്ന് എനിക്ക് നൽകി; വീണ്ടും ചോദിച്ചപ്പോൾ അവിടുന്ന് വീണ്ടും എനിക്ക് നൽകി. ശേഷം എന്നോട് പറഞ്ഞു: "ഹേ ഹകീം! ഈ സമ്പത്ത് പച്ചപ്പുള്ളതും മധുരമേറിയതുമാണ്. ആരെങ്കിലും മഹാമനസ്കതയോടെ അത് കൈപ്പറ്റിയാൽ അവന് അതിൽ ബറകത്ത് (അനുഗ്രഹം) നൽകപ്പെടുന്നതാണ്. ആരെങ്കിലും അത്യാഗ്രഹത്തോടെയാണ് അത് എടുക്കുന്നത് എങ്കിൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതുമല്ല. ഭക്ഷിച്ചു കൊണ്ടിരിക്കുന്നെങ്കിലും വയറ് നിറയാത്ത ഒരുവനെ പോലെയായിരിക്കും അയാൾ. മുകളിലുള്ള കൈയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." ഞാൻ (ഹകീം) ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ തന്നെ സത്യം! ഈ ലോകത്തോട് വിടപറയുന്നതു വരെ -താങ്കൾക്ക് ശേഷം- ഒരാളിൽ നിന്നും ഞാൻ യാതൊന്നും കൈപ്പറ്റുകയില്ല." പിന്നീട് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹകീമിന് (അർഹതപ്പെട്ട പണം) നൽകാൻ വേണ്ടി വിളിപ്പിക്കുകയും, അദ്ദേഹം എന്തെങ്കിലുമൊന്ന് അബൂബക്റിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉമർ -رَضِيَ اللَّهُ عَنْهُ- ഹകീമിന് നൽകാൻ വേണ്ടി അദ്ദേഹത്തെ വിളിപ്പിച്ചപ്പോഴും അദ്ദേഹം എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഹേ മുസ്‌ലിംകളേ! ഈ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് വീതം വെച്ചു നൽകിയ, അദ്ദേഹത്തിന് അർഹതപ്പെട്ട സ്വത്ത് ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വെച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല." നബി -ﷺ- ക്ക് ശേഷം ഹകീം അദ്ദേഹം മരണപ്പെടുന്നത് വരെ ജനങ്ങളിൽ ഒരാളിൽ നിന്നും എന്തെങ്കിലുമൊന്ന് കൈപ്പറ്റുകയുണ്ടായിട്ടില്ല.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഇസ്‌ലാം സ്വീകരിക്കുകയും, ആവശ്യത്തിനുള്ള ഉപജീവനം നൽകപ്പെടുകയും, അല്ലാഹു നൽകിയതിൽ മനസ്സിന് അല്ലാഹു തൃപ്തി നൽകുകയും ചെയ്ത മനുഷ്യൻ വിജയിച്ചിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"എനിക്കും ദുനിയാവിനും തമ്മിലെന്താണ് (ബന്ധം?); ഞാൻ ഈ ദുനിയാവിൽ ഒരു യാത്രക്കാരനെ പോലെ മാത്രമാണ്; ഒരു മരത്തണലിൽ വിശ്രമിച്ച ശേഷം അയാൾ അവിടെ നിന്ന് പോവുകയും, ആ വൃക്ഷം ഉപേക്ഷിക്കുകയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ)