Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 8 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

എല്ലാ നിവേദകരെയും കാണിക്കുക (34)
"ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്."
ഇമാം നവവി (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: സ്വീകാര്യമായ ഹദീസ് (തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്)
"അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ജനങ്ങളുടെ എല്ലാ സന്ധികളുടെ മേലും ഒരു ദാനം ബാധ്യതയുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന ഏതൊരു ദിവസവും രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പും ദാനമാണ്. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ്."
സ്വീകാര്യയോഗ്യമായത് ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
"ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു