Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 29 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രവും, കറുകറുത്ത മുടിയുമുള്ള അയാളുടെ മേൽ യാത്രയുടെ ഒരടയാളവും കാണാനുണ്ടായിരുന്നില്ല. (എന്നാൽ) ഞങ്ങളിലൊരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ രണ്ട് മുട്ടുകാലുകളും അവിടുത്തെ മുട്ടുകാലിലേക്ക് ചേർത്തു വെക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടയുടെ മേൽ വെക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! എനിക്ക് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "ഇസ്‌ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ അത്ഭുതം കൂറി; അദ്ദേഹം തന്നെ നബി ﷺ യോട് ചോദിക്കുകയും, അദ്ദേഹം തന്നെ അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു!" ശേഷം ആഗതൻ പറഞ്ഞു: "ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക." നബി ﷺ പറഞ്ഞു: "(ഈമാൻ എന്നാൽ) നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിയിലും, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "ഇനി ഇഹ്സാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്." ആഗതൻ പറഞ്ഞു: "ഇനി അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി ﷺ പറഞ്ഞു: "ചോദിക്കപ്പെട്ട വ്യക്തി ചോദിക്കുന്നയാളെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "അടിമസ്ത്രീ അവളുടെ ഉടമസ്ഥനെ പ്രസവിക്കുന്നത് നീ കാണലാണ് (അതിൻ്റെ അടയാളം). നഗ്നപാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ തങ്ങളുടെ കെട്ടിടങ്ങളുടെ പേരിൽ മത്സരിക്കുന്നത് നീ കാണലും (അതിൻ്റെ അടയാളമാണ്)." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി." പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- യുടെ സ്വഹാബിമാരിൽ ചിലർ അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സമ്പത്തുള്ളവർ പ്രതിഫലങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു; ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവർ നിസ്കരിക്കുന്നു; ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവർ നോമ്പുമെടുക്കുന്നു; തങ്ങളുടെ സമ്പത്തിൽ അധികമുള്ളതിൽ നിന്ന് അവർ ദാനം നൽകുകയും ചെയ്യുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള) ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ വികാരം നിറവേറ്റുന്നതിലും അവന് ദാനമുണ്ടെന്നോ?!" നബി -ﷺ- പറഞ്ഞു: "അവനത് ഹറാമായ മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകുമായിരുന്നില്ലേ?! അതു പോലെ, അവനത് അനുവദനീയമായതിൽ നിറവേറ്റിയാൽ അതിന് അവന് പ്രതിഫലവുമുണ്ട്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷന് അവകാശപ്പെട്ടതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്.." അപ്പോൾ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! ശവത്തിൽ നിന്നുള്ള കൊഴുപ്പ് ഉപയോഗിക്കുന്നതോ? അത് കൊണ്ട് കപ്പലുകൾക്ക് പുറത്ത് പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ട്." നബി -ﷺ- പറഞ്ഞു: "ഇല്ല! അത് ഹറാം (നിഷിദ്ധം) തന്നെ." ശേഷം നബി -ﷺ- തുടർന്നു: "അല്ലാഹു യഹൂദരെ ശപിക്കട്ടെ! അല്ലാഹു അതിൻ്റെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അവർ അത് ഉരുക്കുകയും, ശേഷം വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്."
സ്വീകാര്യയോഗ്യമായത് ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു