Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 110 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

എല്ലാ നിവേദകരെയും കാണിക്കുക (48)
"നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ പ്രവേശിക്കുകയും ലഘുവായി ഒരു നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ ലഘുവായാണല്ലോ നിസ്കരിച്ചത്?" അദ്ദേഹം ചോദിച്ചു: "ഞാൻ അതിൻ്റെ പരിധികളിൽ വല്ലതും കുറവ് വരുത്തിയതായി നീ കണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "പിശാചിൻ്റെ തടസ്സപ്പെടുത്തലുകൾ വരുന്നതിന് മുമ്പ് നിസ്കരിച്ച് തീർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൽ നിന്ന് അതിൻ്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല.'"
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
"മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
"ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല." ശേഷം അദ്ദേഹം ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ് അവർ" (ആലു ഇംറാൻ: 135)
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നുമാജഃ, അഹ്‌മദ്)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ എൻ്റെ ആവശ്യം ചോദിച്ചപ്പോൾ അവിടുന്ന് എനിക്ക് നൽകി; വീണ്ടും ചോദിച്ചപ്പോൾ അവിടുന്ന് വീണ്ടും എനിക്ക് നൽകി. ശേഷം എന്നോട് പറഞ്ഞു: "ഹേ ഹകീം! ഈ സമ്പത്ത് പച്ചപ്പുള്ളതും മധുരമേറിയതുമാണ്. ആരെങ്കിലും മഹാമനസ്കതയോടെ അത് കൈപ്പറ്റിയാൽ അവന് അതിൽ ബറകത്ത് (അനുഗ്രഹം) നൽകപ്പെടുന്നതാണ്. ആരെങ്കിലും അത്യാഗ്രഹത്തോടെയാണ് അത് എടുക്കുന്നത് എങ്കിൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതുമല്ല. ഭക്ഷിച്ചു കൊണ്ടിരിക്കുന്നെങ്കിലും വയറ് നിറയാത്ത ഒരുവനെ പോലെയായിരിക്കും അയാൾ. മുകളിലുള്ള കൈയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." ഞാൻ (ഹകീം) ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ തന്നെ സത്യം! ഈ ലോകത്തോട് വിടപറയുന്നതു വരെ -താങ്കൾക്ക് ശേഷം- ഒരാളിൽ നിന്നും ഞാൻ യാതൊന്നും കൈപ്പറ്റുകയില്ല." പിന്നീട് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹകീമിന് (അർഹതപ്പെട്ട പണം) നൽകാൻ വേണ്ടി വിളിപ്പിക്കുകയും, അദ്ദേഹം എന്തെങ്കിലുമൊന്ന് അബൂബക്റിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉമർ -رَضِيَ اللَّهُ عَنْهُ- ഹകീമിന് നൽകാൻ വേണ്ടി അദ്ദേഹത്തെ വിളിപ്പിച്ചപ്പോഴും അദ്ദേഹം എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഹേ മുസ്‌ലിംകളേ! ഈ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് വീതം വെച്ചു നൽകിയ, അദ്ദേഹത്തിന് അർഹതപ്പെട്ട സ്വത്ത് ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വെച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല." നബി -ﷺ- ക്ക് ശേഷം ഹകീം അദ്ദേഹം മരണപ്പെടുന്നത് വരെ ജനങ്ങളിൽ ഒരാളിൽ നിന്നും എന്തെങ്കിലുമൊന്ന് കൈപ്പറ്റുകയുണ്ടായിട്ടില്ല.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്‌രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ."
ഹസൻ(നല്ലത്) അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
"കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്