Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 18 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
"നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു. ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്. മുആവിയഃ ബ്നു അബീ സുഫ്‌യാൻ (رضي الله عنهما) ഹജ്ജിനോ ഉംറക്കോ ആയി ഞങ്ങളിലേക്ക് വന്നെത്തുന്നത് വരെ ഞങ്ങൾ ഈ രീതിയിലായിരുന്നു തുടർന്നിരുന്നത്; അദ്ദേഹം മിമ്പറിന് മുകളിൽ നിന്നു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞ കൂട്ടത്തിൽ ഇപ്രകാരം പറയുകയുണ്ടായി: "ശാമിൽ നിന്നുള്ള രണ്ട് മുദ്ദ് ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിച്ചു. അബൂ സഈദ് (-رَضِيَ اللَّهُ عَنْهُ-) പറയുന്നു: "എന്നാൽ ഞാൻ മുൻപ് കൊടുത്തിരുന്നത് പോലെത്തന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്; ഇനിയങ്ങോട്ട് ഞാൻ ജീവിച്ചിരിക്കുന്നിടത്തോളവും അങ്ങനെത്തന്നെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
എൻ്റെ അടുത്ത് രണ്ട് പെൺകുട്ടികളുമായി ഒരു സ്ത്രീ വന്നു; എന്നാൽ എൻ്റെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ അവൾക്ക് കൊടുത്തപ്പോൾ ആ ഈത്തപ്പഴം രണ്ടായി പകുത്തു കൊണ്ട് അവൾ തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ എഴുന്നേറ്റ് പോയി. ശേഷം നബി -ﷺ- വന്നെത്തിയപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തെ അറിയിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "പെൺമക്കളെ കൊണ്ട് ആരെങ്കിലും ഏതെങ്കിലും വിധത്തിൽ പരീക്ഷിക്കപ്പെടുകയും, അവരോട് അവൻ നന്മയിൽ വർത്തിക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് അവർക്ക് മറയായിരിക്കും ആ പെൺകുട്ടികൾ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
സ്വീകാര്യയോഗ്യമായത് ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
"ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചപ്പോൾ, (സകാത്തിൻ്റെ ഭാഗമായി) ഓരോ മുപ്പത് പശുക്കളിൽ നിന്നും ഒരു വയസ്സ് തികഞ്ഞ കാളക്കുട്ടിയെയോ (തബീഅ്) പശുക്കുട്ടിയെയോ (തബീഅ) എടുക്കാനും, ഓരോ നാൽപ്പതെണ്ണത്തിനും രണ്ട് വയസ്സ് തികഞ്ഞ പശുവിനെയും (മുസിന്ന) എടുക്കാനും കൽപ്പിച്ചു. കൂടാതെ പ്രായപൂർത്തിയായ ഓരോരുത്തരിൽ നിന്നും (ജിസ്‌യയായി) ഓരോ ദീനാർ വീതമോ, അല്ലെങ്കിൽ അതിന് തുല്യമായ 'മആഫിരി' എന്ന് പേരുള്ള യമനി വസ്ത്രങ്ങളോ വാങ്ങാനും കൽപ്പിച്ചു.
മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)