Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 52 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരിക്കൽ ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിലായിരിക്കെ ഗ്രാമീണ അറബികളിൽ പെട്ട ഒരാൾ അവിടേക്ക് കയറിവരികയും, മസ്ജിദിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ ആരംഭിക്കുകയും ചെയ്തു! അപ്പോൾ നബി -ﷺ- യുടെ സ്വഹാബികൾ പറഞ്ഞു: "നിർത്തൂ! നിർത്തൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ തടയേണ്ട! അയാളെ വിട്ടേക്കുക." അങ്ങനെ അവർ അയാളെ വിടുകയും, അയാൾ മൂത്രം ഒഴിച്ചു തീരുകയും ചെയ്തു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് അവനോട് പറഞ്ഞു: "തീർച്ചയായും ഈ മസ്ജിദുകൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മാത്രമുള്ളതാണ്." -അല്ലെങ്കിൽ നബി -ﷺ- എപ്രകാരമാണോ പറഞ്ഞത്, അതുപോലെ-. അങ്ങനെ നബി -ﷺ- ജനങ്ങളിൽ ഒരാളോട് കൽപ്പിച്ചതു പ്രകാരം, അയാൾ ഒരു ബക്കറ്റ് വെള്ളവുമായി വന്ന് അതിന്മേൽ ഒഴിച്ചു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)." അബു ന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരു വെള്ളിയാഴ്ച ദിവസം, ദാറുൽ ഖദാഇന്റെ ഭാഗത്തുള്ള ഒരു വാതിലിലൂടെ ഒരാൾ മസ്ജിദിലേക്ക് വന്നു. നബി ﷺ എഴുന്നേറ്റു നിന്നു കൊണ്ട് ഖുതുബ നിർവ്വഹിക്കുകയായിരുന്നു അപ്പോൾ. അയാൾ എഴുന്നേറ്റു നിന്ന് നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും, വഴികൾ മുടങ്ങുകയും ചെയ്തിരിക്കുന്നു, അതിനാൽ ഞങ്ങൾക്ക് മഴ നൽകാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ. അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ നൽകേണമേ." അനസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം! ആകാശത്ത് ഞങ്ങൾ ഒരു മേഘക്കീറ് പോലും കണ്ടിരുന്നില്ല. ഞങ്ങൾക്കും സൽഅ് മലയ്ക്കും ഇടയിൽ വീടുകളോ കെട്ടിടങ്ങളോ മറയിട്ടിരുന്നുമില്ല." അനസ് (رضي الله عنه) തുടർന്നു: "അപ്പോൾ നബിയുടെ ﷺ പിന്നിൽ നിന്ന് പരിചക്ക് സമാനമായി ഒരു മേഘം ഉയർന്നു വന്നു. അത് ആകാശത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ ആകാശത്ത് വ്യാപിക്കുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു. അല്ലാഹുവാണെ സത്യം! അടുത്ത ആറ് ദിവസങ്ങൾ ഞങ്ങൾ സൂര്യനെ കണ്ടിട്ടില്ല. പിന്നീട്, അടുത്ത വെള്ളിയാഴ്ച അതേ വാതിലിലൂടെ മറ്റൊരാൾ മസ്ജിദിലേക്ക് വന്നു. അപ്പോഴും നബി ﷺ ഖുതുബ നിർവ്വഹിക്കുകയായിരുന്നു. അയാൾ എഴുന്നേറ്റ് നിന്നു നബിയെ ﷺ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സ്വത്തുക്കൾ നശിക്കുകയും ഉപജീവന മാർഗങ്ങൾ തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങളിൽ നിന്ന് മഴ പിടിച്ചു വെക്കാൻ വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കേണമേ." അനസ് (رضي الله عنه) പറഞ്ഞു: അപ്പോൾ നബി ﷺ തൻ്റെ കൈകളുയർത്തിയിട്ട് പ്രാർത്ഥിച്ചു: "അല്ലാഹുവേ,(മഴയെ) ഞങ്ങൾക്ക് ചുറ്റു ഭാഗങ്ങളിലേക്ക് (നീക്കേണമേ), ഞങ്ങളുടെ മേൽ ആക്കരുതേ. അല്ലാഹുവേ, കുന്നിന്മേലും, ചെറുപർവതങ്ങളിലും, താഴ്‌വരകളിലും, മരങ്ങൾ വളരുന്ന സ്ഥലങ്ങളിലും (മഴ പെയ്യിക്കേണമേ)." അനസ് (رضي الله عنه) പറഞ്ഞു: അതോടെ മേഘം മാറിപ്പോവുകയും, ഞങ്ങൾ സൂര്യവെളിച്ചത്തിലൂടെ (വീട്ടിലേക്ക് തിരിച്ചു) നടന്നുപോവുകയും ചെയ്തു. (ഹദീഥിൻ്റെ നിവേദകരിൽ പെട്ട) ശരീക് (رحمه الله) അനസ് ഇബ്നു മാലിക്കിനോട് ചോദിച്ചു: : 'ഇത് (മഴ നിറുത്താൻ വേണ്ടി ആവശ്യപ്പെട്ടയാൾ) ആദ്യത്തെ ആളായിരുന്നോ?' അദ്ദേഹം പറഞ്ഞു: "എനിക്കറിയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്