Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 2 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും. (വിശുദ്ധ ഖുർആനിൽ) "നിന്‍റെ റബ്ബിൻ്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല." എന്ന് പറഞ്ഞത് ഈ സന്ദർഭമാണ്. രണ്ടാളുകൾ തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ചിരിക്കവെ, അവർക്കിടയിൽ വിൽപ്പന നടക്കുകയോ അവരത് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപായി അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ പാൽ ചുരത്തുന്ന ഒട്ടകത്തിൻ്റെ പാലു കറന്നെടുത്ത് തിരിച്ചു പോകവെ, അയാളത് രുചിച്ചു നോക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. ഒരാൾ തൻ്റെ വെള്ളസംഭരണി ശരിയാക്കിക്കൊണ്ടിരിക്കവെ, അതിൽ അയാൾ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ ഭക്ഷണത്തിൻ്റെ ഉരുള വായിലേക്ക് ഉയർത്തിയ നിലയിൽ, അത് രുചിക്കാൻ കഴിയുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും!"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബിക്ക് (ﷺ) അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ച സന്ദർഭം: "ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു." (ബഖറ: 284) സ്വഹാബികൾക്ക് ഇത് പ്രയാസകരമായി അനുഭവപ്പെട്ടു. നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്നു കൊണ്ട് അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! നിസ്കാരവും നോമ്പും ജിഹാദും സ്വദഖയുമെല്ലാം പോലെ, ഞങ്ങൾക്ക് സാധിക്കുന്ന കർമ്മങ്ങൾ ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താങ്കൾക്ക് അവതരിക്കപ്പെട്ട ഈ ആയത്ത് ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ല." അപ്പോൾ നബി (ﷺ) ചോദിച്ചു: "നിങ്ങൾക്ക് മുമ്പുള്ള വേദക്കാർ (യഹൂദരും ക്രൈസ്തവരും) പറഞ്ഞതുപോലെ 'ഞങ്ങൾ കേൾക്കുകയും, ശേഷം ധിക്കരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്നാണ് നിങ്ങൾ പറയേണ്ടത്. അപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം." ജനങ്ങൾ അത് പാരായണം ചെയ്യുകയും അവരുടെ നാവുകൾ അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തന്റെ റബ്ബിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്‍ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." (ബഖറ: 285). അവർ അത് പ്രാവർത്തികമാക്കിയപ്പോൾ അല്ലാഹു ആ വിധിയെ ദുർബലപ്പെടുത്തുകയും ശേഷം ഈ വചനം അവതരിപ്പിക്കുകയും ചെയ്തു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ.ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ (ഞാൻ സ്വീകരിച്ചിരിക്കുന്നു)." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിയാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങൾക്ക് നീ മാപ്പുനൽകുകയും, ഞങ്ങൾക്ക് പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." (ബഖറ: 286) അല്ലാഹു പറഞ്ഞു: "അതെ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു