Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 11 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." (ആലു ഇംറാൻ: 7) ശേഷം അവിടൂന്ന് പറഞ്ഞു: "ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
യഹൂദരിൽ പെട്ട ഒരാൾ അദ്ദേഹത്തോട് (ഉമറിനോട്) പറഞ്ഞു: "അല്ലയോ അമീറുൽ മുഅ്മിനീൻ! നിങ്ങളുടെ ഗ്രന്ഥത്തിൽ (ഖുർആനിൽ) നിങ്ങൾ പാരായണം ചെയ്യുന്ന ഒരു വചനമുണ്ട്. അത് ഞങ്ങളുടെ മേൽ -യഹൂദരുടെ മേൽ- ആയിരുന്നു അവതരിച്ചിരുന്നതെങ്കിൽ, ആ ദിവസം ഞങ്ങൾ ഒരു ആഘോഷ ദിവസമായി ആചരിക്കുമായിരുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "'ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്‌ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." (മാഇദ: 3) അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും അത് അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ, ഒരു വെള്ളിയാഴ്ച ദിവസമാണ് ആ വചനം അവിടുത്തേക്ക് അവതരിച്ചത്. "
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു: "തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു; ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്നത് ഒരാളും അറിയുന്നില്ല. ഏത് നാട്ടിൽ വെച്ചാണ് താൻ മരിക്കുക എന്നതും ഒരാളും അറിയുന്നില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ലുഖ്മാൻ: 34)
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചരിക്കുകയും ചെയ്ത കൂട്ടരായിരുന്നു. അവർ ചോദിച്ചു: "താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ." അങ്ങനെ വിശുദ്ധ ഖുർആനിലെ വചനം അവതരിച്ചു: "അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍." (ഫുർഖാൻ: 68) അതോടൊപ്പം ഈ വചനവും അവതരിച്ചു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌." (സുമർ: 53)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും. (വിശുദ്ധ ഖുർആനിൽ) "നിന്‍റെ റബ്ബിൻ്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല." എന്ന് പറഞ്ഞത് ഈ സന്ദർഭമാണ്. രണ്ടാളുകൾ തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ചിരിക്കവെ, അവർക്കിടയിൽ വിൽപ്പന നടക്കുകയോ അവരത് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപായി അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ പാൽ ചുരത്തുന്ന ഒട്ടകത്തിൻ്റെ പാലു കറന്നെടുത്ത് തിരിച്ചു പോകവെ, അയാളത് രുചിച്ചു നോക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. ഒരാൾ തൻ്റെ വെള്ളസംഭരണി ശരിയാക്കിക്കൊണ്ടിരിക്കവെ, അതിൽ അയാൾ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ ഭക്ഷണത്തിൻ്റെ ഉരുള വായിലേക്ക് ഉയർത്തിയ നിലയിൽ, അത് രുചിക്കാൻ കഴിയുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും!"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു. ശേഷം തൻ്റെ രണ്ട് കൈപ്പത്തികൾ കൊണ്ടും ശരീരത്തിൻ്റെ സാധ്യമായ ഭാഗങ്ങളിലെല്ലാം അവിടുന്ന് തടവുകയും ചെയ്യുമായിരുന്നു. തല തടവിക്കൊണ്ട് ആരംഭിക്കുകയും, മുഖവും ശരീരത്തിൻ്റെ മുൻഭാഗങ്ങളും തടവുകയും ചെയ്യുമായിരുന്നു അവിടുന്ന്. ഇങ്ങനെ മൂന്ന് തവണ അവിടുന്ന് ചെയ്യാറുണ്ടായിരുന്നു.
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു. ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്