من خلق الكون؟ ومن خلقني؟ ولماذا؟

من خلق الكون؟ ومن خلقني؟ ولماذا؟

ആരാണ് ഈ പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എന്നെ സൃഷ്ടിച്ചത്? എന്തിനുവേണ്ടി ഞാൻ സൃഷ്ടിക്കപ്പെട്ടു?

Language: lang_ml
Prepared by: മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവിടങ്ങളിലെ മതകാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വൈജ്ഞാനിക സമിതി
Version: 2.0
Translations 47
Afrikanns Assamese Azerbaijani Bulgarian +43
Attachments 7
PDF
Audio
Video
+3

ആരാണ് ഈ പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എന്നെ സൃഷ്ടിച്ചത്? എന്തിനുവേണ്ടി ഞാൻ സൃഷ്ടിക്കപ്പെട്ടു?

മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവിടങ്ങളിലെ മതകാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വൈജ്ഞാനിക സമിതി

ഞാൻ ശരിയായ വഴിയിലാണോ?

ആരാണ് ആകാശങ്ങളെയും ഭൂമിയെയും അതിലുള്ള എണ്ണിയാലൊടുങ്ങാത്ത മഹാസൃഷ്ടികളെയും സൃഷ്ടിച്ചത്?

ആകാശ ഭൂമികളിലെ സൂക്ഷ്മവും കൃത്യവുമായ ഈ വ്യവസ്ഥയുടെ നിർമാതാവ് ആരാണ്!?

ആരാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവന് കേൾവിയും കാഴ്ചയും ബുദ്ധിയും നൽകിയത്? ആരാണ് വിജ്ഞാനങ്ങൾ സമ്പാദിക്കാനും യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനും അവനെ പ്രാപ്തനാക്കിയത്?

ആരാണ് നിൻ്റെ ശരീരാവയവങ്ങളിലെ അതിസൂക്ഷ്മമായ ഈ ഘടനകളെ മുൻ മാതൃകയില്ലാതെ സംവിധാനിച്ചത്, നിന്നെ രൂപപ്പെടുത്തുകയും നിൻ്റെ ആകാരം ഏറ്റവും മനോഹരമാക്കുകയും ചെയ്തത് ആരാണ്!?

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ജീവിവർഗങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് നീ ചിന്തിച്ചു നോക്കുക; ആരാണ് അതിരുകളില്ലാത്ത ഈ കാഴ്ച്ചകളെ മനോഹരമായി നിർണ്ണയിച്ചത്?

യുഗയുഗങ്ങളായി കാലാന്തരങ്ങളിലൂടെ കൃതകൃത്യമായ സംവിധാനത്തോടെ ഈ പ്രപഞ്ചം നിലകൊള്ളുന്നതും നിലനിൽക്കുന്നതും എങ്ങനെയാണ് ?

ആരാണീ പ്രപഞ്ചത്തിലെ നിയമ വ്യവസ്ഥിതികൾ സ്ഥാപിച്ചത്!? (ജീവിതം-മരണം, പ്രതുൽപാദനം, രാത്രി-പകൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ...മുതലായവ)

ഈ പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെടുകയാണോ ഉണ്ടായത്? അതല്ലെങ്കിൽ ശൂന്യതയിൽ നിന്ന് അതങ്ങ് പൊട്ടിമുളക്കുകയായിരുന്നോ? അതുമല്ലെങ്കിൽ, തീർത്തും യാദൃശ്ചികമായി അത് രൂപാന്തരപ്പെടുക്കയാണോ ചെയ്തത്? അല്ലാഹു പറഞ്ഞു: {അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?} {അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.} (ത്വൂർ: 35-36)

നമ്മളല്ല നമ്മെ സൃഷ്ടിച്ചത് എങ്കിൽ.., ശൂന്യതയിൽ നിന്നോ യാദൃശ്ചികമായോ നാം ഉണ്ടാവുക എന്നത് അസാധ്യമാണെങ്കിൽ..; ഒരു സംശയവുമില്ലാതെ ഉറപ്പിച്ചു പറയാവുന്ന യാഥാർത്ഥ്യം: ഈ പ്രപഞ്ചത്തിന് സർവ്വശക്തനും മഹാനുമായ ഒരു സ്രഷ്ടാവുണ്ട് എന്നത് തന്നെയാണ്. കാരണം പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നതോ, അത് ശൂന്യതയിൽ നിന്ന് ഉണ്ടാകുക എന്നതോ, യാദൃശ്ചികമായി സംജാതമാകുക എന്നതോ അസാധ്യമാണ്.!!!

മനുഷ്യർ തങ്ങളുടെ കണ്ണുകൾ കൊണ്ട് നേരിട്ടു കാണാതെ വിശ്വസിക്കുന്ന അനേകം കാര്യങ്ങളുണ്ട്; ബുദ്ധിയും ഗ്രാഹ്യശേഷിയും ആത്മാവും വികാരങ്ങളും സ്നേഹവും പോലെ... എന്തു കൊണ്ടാണ് ഇവയിലെല്ലാം മനുഷ്യർ വിശ്വസിക്കുന്നത്? ഇവയുടെയെല്ലാം സ്വാധീനങ്ങളും അടയാളങ്ങളും അവൻ കാണുന്നുണ്ട് എന്നത് മാത്രമല്ലേ അതിൻ്റെ കാരണം.? എങ്കിൽ പിന്നെങ്ങനെയാണ് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന കാര്യത്തെ അവന് നിഷേധിക്കാനാവുക; ആ സ്രഷ്ടാവിൻ്റെ സൃഷ്ടിപ്പുകളുടെയും നിർമ്മിതികളുടെയും കാരുണ്യത്തിൻ്റെയും എത്രയെത്ര അടയാളങ്ങളാണ് അവൻ വീക്ഷിക്കുന്നത് എന്നിരിക്കെ പ്രത്യേകിച്ചും.!?

ഉയർന്നു നിൽക്കുന്ന ഏതെങ്കിലുമൊരു ഭവനം ഇത് ആരും നിർമ്മിക്കാതെ ഉണ്ടായതാണെന്ന് അംഗീകരിക്കാൻ ബുദ്ധിയുള്ള ഒരാൾക്കും സാധിക്കുകയില്ല.! ശൂന്യതയിൽ നിന്ന് സ്വയം ഭൂവായതാണ് പ്രസ്തുത കെട്ടിടമെന്ന് ആരെങ്കിലും പറഞ്ഞാൽ ഒരാളും വിശ്വസിക്കുകയുമില്ല.! എങ്കിൽ പിന്നെ എങ്ങനെയാണ് 'ഈ മഹാ പ്രപഞ്ചം ഒരു സ്രഷ്ടാവില്ലാതെ താനെ ഉണ്ടായതാണെന്ന ജൽപനം' മനുഷ്യന് വിശ്വാസയോഗ്യമാകുക!? പ്രപഞ്ചത്തിൽ കാണപ്പെടുന്ന കൃതകൃത്യമായ ഈ സംവിധാനം 'തീർത്തും യാദൃശ്ചികമായി ഉണ്ടായതാണെന്ന മൗഢ്യം' ബുദ്ധിയുള്ളവർക്ക് എങ്ങനെയാണ് സ്വീകാര്യമാകുക.?!

ഇത്രയും പറഞ്ഞതെല്ലാം ഒരേയൊരു ഒരേയൊരു ഉത്തരത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഈ പ്രപഞ്ചത്തിന് സർവ്വശക്തനും സകലതും നിയന്ത്രിക്കുന്നവനുമായ അതിമഹാനായ ഒരു രക്ഷിതാവുണ്ട് എന്നതാണത്. അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഏക ആരാധ്യനെന്നും, അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനുമുള്ള ആരാധനകൾ നിരർത്ഥകമാണെന്നും, അവക്കൊന്നും ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്നും അതോടൊപ്പം നമുക്ക് ബോധ്യപ്പെടുന്നു.

അതിമഹാനായ സ്രഷ്ടാവായ റബ്ബ്

ഏകനായ സ്രഷ്ടാവും രക്ഷിതാവുമായ ഒരുവനുണ്ട്. അവനാകുന്നു സർവ്വതിൻ്റെയും ഉടമസ്ഥനും നിയന്താവും, ഏവർക്കും ഉപജീവനം നൽകുന്നവനും, ജീവൻ നൽകുന്നവനും മരിപ്പിക്കുന്നവനും. അവനാകുന്നു ഭൂമിയെ സൃഷ്ടിക്കുകയും അതിനെ സൗകര്യപ്പെടുത്തുകയും ചെയ്തത്. അവനാകുന്നു തൻ്റെ സൃഷ്ടികൾക്ക് വേണ്ടി അതിനെ വാസയോഗ്യമാക്കിയത്.അവനാകുന്നു ആകാശങ്ങളെയും അതിലുള്ള സൃഷ്ടി പ്രതിഭാസങ്ങളെയും നിർമ്മിച്ചത്. അവനാകുന്നു സൂര്യനും ചന്ദ്രനും രാത്രിക്കും പകലിനുമെല്ലാം അതിസൂക്ഷ്മവും സങ്കീർണ്ണവുമായ പ്രാപഞ്ചിക വ്യവസ്ഥകൾ- അവൻ്റെ മാഹാത്മ്യത്തെ നമ്മെ ബോധിപ്പിക്കുന്ന വിധത്തിൽ-നിർണയിച്ചത്.

അവനാകുന്നു ജീവവായുവിനെ നമുക്ക് വേണ്ടി സംവിധാനിച്ചത്; അതില്ലാതെ നമുക്ക് ജീവിതം സാധ്യമല്ല. അവനാകുന്നു നമുക്ക് മേൽ മഴ വർഷിപ്പിച്ചതും, സമുദ്രത്തെയും നദികളെയും നമുക്കായി ഒരുക്കിയതും. നാം നമ്മുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിലായിരിക്കെ -നമുക്ക് ഒരു ശക്തിയുമില്ലാതിരുന്ന വേളയിൽ- നമുക്ക് ഭക്ഷണം നൽകുകയും നമ്മെ സംരക്ഷിക്കുകയും ചെയ്തതും അവൻ തന്നെ. അവനാകുന്നു ജനനം മുതൽ മരണം വരെ നമ്മുടെ സിരകളിലൂടെ രക്തം ഒഴുക്കുന്നതും.

സ്രഷ്ടാവും ഉപജീവനം നൽകുന്നവനും സർവ്വലോകരക്ഷിതാവുമായ അവനാകുന്നു അല്ലാഹു -سبحانه وتعالى-.

അല്ലാഹു തആലാ പറഞ്ഞു: {തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറ് ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.} (അഅ്റാഫ്: 54)

പ്രപഞ്ചത്തിൽ നാം കാണുന്നതും കാണാത്തതുമായ സർവ്വതിനെയും സൃഷ്ടിച്ചവനും അവയുടെ രക്ഷിതാവായിട്ടുള്ളവനും അല്ലാഹുവാണ്. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികൾ മാത്രമാണ്. അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ. അവന് പുറമെ ഒരാളും ആരാധിക്കപ്പെട്ടു കൂടാ. അവൻ്റെ അധികാരത്തിലോ, സൃഷ്ടിപ്പിലോ, നിയന്ത്രണത്തിലോ, ആരാധ്യതയിലോ യാതൊരു പങ്കാളിയും അവനില്ല.

ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യൻ കൂടിയുണ്ടായിരുന്നെങ്കിൽ, സങ്കൽപ്പിച്ചു നോക്കൂ പ്രപഞ്ചത്തിൻ്റെ കാര്യങ്ങൾ ആകെ താറുമാറാകുമായിരുന്നു. കാരണം ഒരേ സമയം പ്രപഞ്ചത്തിൻ്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ രണ്ട് ഇലാഹുകൾ ഉണ്ടായിരിക്കുക എന്നത് അഭികാമ്യമല്ല.അല്ലാഹു പറഞ്ഞു: {ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു...} (അമ്പിയാഅ്: 22)

സ്രഷ്ടാവായ റബ്ബിൻ്റെ വിശേഷണങ്ങൾ

{ലോകരക്ഷിതാവായ അല്ലാഹുവിന് എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ലാത്ത വിധത്തിൽ അത്യുൽകൃഷ്ടങ്ങളായ അസംഖ്യം നാമങ്ങളുണ്ട്. അവൻ്റെ പൂർണ്ണതയെ അറിയിക്കുന്ന അത്യുന്നതങ്ങളായ അനേകം വിശേഷണങ്ങളും അവനുണ്ട്. അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് 'അൽഖാലിഖ്' എന്നത്; സർവ്വതിൻ്റെയും സ്രഷ്ടാവ് എന്നാണ് അതിൻ്റെ അർത്ഥം. അല്ലാഹു എന്നതും അവൻ്റെ നാമം തന്നെ; ആരാധനക്ക് അർഹതയുള്ള, അതിൽ യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ ആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം. എന്നെന്നും ജീവിച്ചിരിക്കുന്നവൻ എന്ന അർത്ഥമുള്ള 'അൽഹയ്യ്', എല്ലാം നിയന്ത്രിക്കുന്നവൻ എന്ന അർത്ഥമുള്ള 'അൽഖയ്യൂം', ധാരാളമായി കരുണ ചൊരിയുന്നവൻ എന്ന അർത്ഥമുള്ള 'അർറഹീം', ഏവർക്കും ഉപജീവനം നൽകുന്നവൻ എന്നർത്ഥമുള്ള 'അർറസാഖ്', അതിയായി നന്മകൾ വർഷിക്കുന്നവനും ഏറ്റവും മാന്യതയുള്ളവനും എന്നർത്ഥമുള്ള 'അൽകരീം' എന്നിങ്ങനെ അല്ലാഹുവിന് വേറെയും അനേകം നാമങ്ങളുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു: {അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.} ( അൽ ബഖറ: 255)

അല്ലാഹു പറഞ്ഞു: {(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.} {അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.} {അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.} {അവന് തുല്യനായി ഒരാളുമില്ല.} (ഇഖ്ലാസ്: 1-4)

സർവ്വ ആരാധനകൾക്കും അർഹതയുള്ളവനായ രക്ഷിതാവിന് പൂർണ്ണതയുടെ വിശേഷണങ്ങളുണ്ട്.

ആരാധിക്കപ്പെടേണ്ടവനും ദൈവമായിട്ടുള്ളവനും അവൻ മാത്രമാണ് എന്നത് അവൻ്റെ വിശേഷണമാണ്; അവന് പുറമെയുള്ളതെല്ലാം സൃഷ്ടികളും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കാൻ ബാധ്യസ്ഥരും, അവൻ്റെ അടിയാറുകളും അവന് കീഴൊതുങ്ങേണ്ടവരുമാണ്.

അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിച്ചു നിലനിർത്തുന്നവനുമാണ് എന്നത് അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്; പ്രപഞ്ചത്തിൽ ജീവനുള്ളതായി ഏതൊരു വസ്തുവുണ്ടോ അവക്കെല്ലാം ജീവൻ നൽകിയതും ശൂന്യതയിൽ നിന്ന് അവയ്ക്ക് അസ്ഥിത്വം നൽകിയതും അല്ലാഹു മാത്രമാണ്. അവയെ സൃഷ്ടിക്കുകയും, ഉപജീവനം നൽകുകയും, വേണ്ടതെല്ലാം സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു കൊണ്ട് അവരെ നിലനിർത്തുന്നവനും അല്ലാഹു തന്നെ. ഒരിക്കലും മരിക്കാത്തവനും, അവസാനമില്ലാത്തവനുമാണവൻ. ഒരിക്കലും ഉറങ്ങാത്തവനും, മയക്കമോ നിദ്രയോ ബാധിക്കാത്തവനുമാണവൻ.

അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ് അവൻ സർവ്വജ്ഞനാണ് എന്നത്; ഭൂമിയിലോ ആകാശത്തിലോ പെട്ട ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ് അവൻ എന്നതും അല്ലാഹുവിൻ്റെ വിശേഷണത്തിൽ പെട്ടത് തന്നെ; എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുകയും, എല്ലാ വസ്തുക്കളെയും അവൻ കാണുകയും ചെയ്യുന്നു. മനസ്സുകൾ മന്ത്രിക്കുന്നതും ഹൃദയാന്തരാളങ്ങളിൽ മറച്ചു വെക്കുന്നതും അവനറിയുന്നു. ആകാശത്തിലോ ഭൂമിയിലോ യാതൊരു കാര്യവും അവന് ഗോപ്യമാകുകയില്ല.

അല്ലാഹു സർവ്വശക്തനാണ് എന്നതും അവൻ്റെ വിശേഷണത്തിൽ പെട്ടത് തന്നെ; അവന് അസാധ്യമായി യാതൊന്നുമില്ല. അവൻ്റെ ഉദ്ദേശ്യത്തെ തടുക്കാൻ ഒരാളുമില്ല. ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുകയും, ഉദ്ദേശിക്കുന്നതിനെ അവൻ തടയുകയും ചെയ്യുന്നു. സമ്പൂർണ്ണ യുക്തിയോടെ അവൻ കാര്യങ്ങളെ മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു.

സർവ്വതിനെയും സൃഷ്ടിച്ചവനും ഏവർക്കും ഉപജീവനം നൽകുന്നവനും സകലവും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്നതും അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്. സൃഷ്ടികളെല്ലാം അവൻ്റെ കടിഞ്ഞാണിലും, അവൻ്റെ അധികാര പരിധിയിലുമാണ് .

പ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനും, ദുരിതം ബാധിച്ചവനെ സഹായിക്കുന്നവനും, പ്രയാസങ്ങൾ നീക്കുന്നവനും അല്ലാഹുവാണ് എന്നത് അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്. എല്ലാ സൃഷ്ടികളും പ്രയാസം ബാധിക്കുകയും ഇടുക്കത്തിൽ അകപ്പെടുകയും ചെയ്താൽ അവനിലേക്ക് താഴ്മയോടെ മടങ്ങുന്നതായി കാണാം.

ആരാധനകൾ അല്ലാഹുവിന് മാത്രമേ നൽകാൻ പാടുള്ളൂ. അവനാകുന്നു ആരാധനകൾക്ക് അർഹതയുള്ള സമ്പൂർണ്ണൻ; അവന് പുറമെ മറ്റൊരാൾക്കും സമ്പൂർണ്ണത ഇല്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരു വസ്തുവും അന്യായമായി ആരാധിക്കപ്പെടുന്നവ മാത്രമാണ്. അവയെല്ലാം ന്യൂനതകളും കുറവുകളുമുള്ളവയും, മരിച്ചു പോവുകയോ നശിച്ചു പോവുകയോ ചെയ്യുന്നവയുമാണ്.

അല്ലാഹുവിൻ്റെ മഹത്വം ബോധ്യപ്പെടാൻ ഉതകുംവിധത്തിൽ അല്ലാഹു നമുക്ക് ബുദ്ധിശക്തി നൽകിയിട്ടുണ്ട്. നന്മയെ ഇഷ്ടപ്പെടുകയും തിന്മയെ വെറുക്കുകയും ചെയ്യുന്ന ശുദ്ധപ്രകൃതിയും, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ അഭയം തേടുമ്പോൾ ശാന്തമാവുന്ന മനസ്സും അവൻ നമ്മിൽ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ പൂർണ്ണതയും, അവന് യാതൊരു ന്യൂനതയുമില്ല എന്ന വസ്തുതയും ഈ ശുദ്ധപ്രകൃതി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

അതിനാൽ സമ്പൂർണ്ണതയുള്ള ഏകനായ ആരാധ്യനെയല്ലാതെ മറ്റൊരാളെ ആരാധിക്കുക എന്നത് ബുദ്ധിയുള്ള ഒരാൾക്ക് യോജിച്ചതല്ല. തന്നെ പോലെയുള്ളതോ തന്നേക്കാൾ താഴെയുള്ളതോ ആയ ന്യൂനതയുള്ള ഒരു സൃഷ്ടിയെ എങ്ങനെയാണ് അവന് ആരാധിക്കാൻ കഴിയുക?

മനുഷ്യനോ വിഗ്രഹമോ മരമോ മൃഗമോ ആരാധിക്കപ്പെടുന്നവനാവുക എന്നത് ന്യായമല്ല.

അല്ലാഹു ആകാശങ്ങൾക്ക് മുകളിൽ, അവൻ്റെ അർശിൽ ആരോഹിതനാണ്. സൃഷ്ടികളിൽ നിന്ന് അവൻ വേറിട്ടു നിൽക്കുന്നു. അവൻ്റെ അസ്തിത്വത്തിൽ സൃഷ്ടികളുടെ യാതൊരു അംശവുമില്ല. അവൻ്റെ സൃഷ്ടികളിൽ അല്ലാഹുവിൻ്റെ അസ്തിത്വത്തിൽ നിന്നുള്ള യാതൊരു പങ്കുമില്ല. അവൻ തൻ്റെ സൃഷ്ടികളിൽ വിലയം പ്രാപിക്കുകയോ സൃഷ്ടിയായി അവതരിക്കുകയോ ഇല്ല.

അല്ലാഹുവിനെ പോലെ യാതൊരു വസ്തുവുമില്ല; അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ്. അവന് തുല്യനായി മറ്റൊരാളുമില്ല. തൻ്റെ സൃഷ്ടികളുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ് അവൻ. അവൻ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല. അങ്ങേയറ്റം മഹത്വമുള്ളവനാണ് അവൻ; അവനൊരു സന്താനമോ ഇണയോ ഉണ്ടാവുക എന്നത് അസംഭവ്യമാണ്. സർവ്വ പ്രതാപത്തിൻ്റെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ അവനുണ്ട് എന്നതിനാൽ അവന് എന്തെങ്കിലുമൊന്നിനോട് ആശ്രിതത്വം ഉണ്ടാവുക എന്നതോ, എന്തെങ്കിലുമൊരു നന്മയിൽ അവനൊരു കുറവ് ഉണ്ടാവുക എന്നതോ സംഭവിക്കുകയില്ല.

അല്ലാഹു തആലാ പറഞ്ഞു: {മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.} {അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.} (ഹജ്ജ്: 73-74)

മഹോന്നതനായ സ്രഷ്ടാവ് എന്തിനാണ് നമ്മെ സൃഷ്ടിച്ചത്? എന്താണ് അവൻ നമ്മിൽ നിന്ന് ഉദ്ദേശിക്കുന്നത്?

ഒരു ലക്ഷ്യവുമില്ലാതെയാണ് അല്ലാഹു ഈ സൃഷ്ടികളെയെല്ലാം പടച്ചത് എന്ന് ധരിക്കാൻ എങ്ങനെ ഒരാൾക്ക് സാധിക്കും?! അപാരമായ യുക്തിയുള്ളവനും, സർവ്വജ്ഞനുമായ അവൻ എങ്ങനെയാണ് അവയെ വൃഥാ സൃഷ്ടിക്കുക?

ഇത്രമാത്രം കൃത്യതയോടെയും സൂക്ഷ്മമായ വിധത്തിലും നമ്മെ സൃഷ്ടിക്കുകയും, ആകാശങ്ങളെയും ഭൂമിയെയും നമുക്ക് കീഴ്പ്പെടുത്തി തരികയും ചെയ്തവൻ ഒരു ലക്ഷ്യവുമില്ലാതെയാണ് നമ്മെ സൃഷ്ടിച്ചത് എന്നും, നമ്മുടെ മനസ്സുകളെ അലട്ടി കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ നമ്മെ വിട്ടുകളഞ്ഞെന്നും എങ്ങനെയാണ് ഒരാൾ ചിന്തിക്കുക?! എന്തിനാണ് നാം ഈ ഭൂമിയിൽ വന്നെത്തിയത്? എന്താണ് മരണശേഷം സംഭവിക്കാനിരിക്കുന്നത്? എന്താണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം?

അതിക്രമിക്ക് ശിക്ഷയും സുകൃതം ചെയ്ത സച്ചരിതർക്ക് അർഹിക്കുന്ന പ്രതിഫലവും ലഭിക്കാതിരിക്കുക എന്നത് മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാൻ സാധിക്കുമോ?!

അല്ലാഹു പറഞ്ഞു: {അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?} (മുഅ്മിനൂൻ: 115)

അതിനാൽ നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം നാം തിരിച്ചറിയുന്നതിന് വേണ്ടി അല്ലാഹു നമ്മിലേക്ക് അവൻ്റെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. എങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്നും, അവനിലേക്ക് സാമീപ്യം തേടേണ്ടതെന്നും, എങ്ങനെ അവൻ്റെ തൃപ്തി നേടാമെന്നും, മരണശേഷം അല്ലാഹുവിലേക്കുള്ള നമ്മുടെ മടക്കത്തെ കുറിച്ചും അവരിലൂടെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിരിക്കുന്നു.

അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹതയുള്ളവൻ എന്നും, അവനെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്നും, അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും എന്തെല്ലാമെന്നും നമ്മെ അറിയിക്കുന്നതിനും, ധാർമികവും ശ്രേഷ്ഠവുമായ മൂല്യങ്ങൾ നമ്മെ പഠിപ്പിക്കുന്നതിനും വേണ്ടിയാണ് അല്ലാഹു അവൻ്റെ ദൂതന്മാരായ റസൂലുകളെ നമ്മിലേക്ക് നിയോഗിച്ചത്. അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ചാൽ നമ്മുടെ ജീവിതം നന്മകളാലും അനുഗ്രഹങ്ങളാലും ധന്യമായിത്തീരും.

അനേകം റസൂലുകളെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്; നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിവർ അവരിൽ ചിലരാണ്. ഈ ദൂതന്മാർക്കെല്ലാം അല്ലാഹു വ്യക്തമായ ദൃഷ്ടാന്തങ്ങളും സൃഷ്ടികൾക്കാർക്കും സാധ്യമല്ലാത്ത അത്ഭുതങ്ങളും നൽകിയിട്ടുണ്ട്. അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതന്മാർ തന്നെയാണ് അവരെന്നും, അവർ സത്യസന്ധരാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ദൃഷ്ടാന്തങ്ങൾ. അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരിൽ അവസാനത്തെ റസൂലാണ് മുഹമ്മദ് നബി -ﷺ-.

എല്ലാ റസൂലുകളും വളരെ വ്യക്തമായി നമ്മെ അറിയിച്ച ഒരു കാര്യമുണ്ട്; ഈ ജീവിതം ഒരു പരീക്ഷണമാണെന്നും, യഥാർത്ഥ ജീവിതം മരണത്തിന് ശേഷമാണ് വരാനിരിക്കുന്നത് എന്നുമുള്ള പാഠമാണത്.

അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ മാത്രം ആരാധിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും, അവൻ്റെ എല്ലാ ദൂതന്മാരിലും വിശ്വസിക്കുകയും ചെയ്തവർക്ക് അല്ലാഹു ഒരുക്കി വെച്ച ഒരു സ്വർഗമുണ്ട് എന്നും, അല്ലാഹുവിനെ നിഷേധിക്കുകയും, അവന് പുറമെ ആരാധ്യന്മാരെ സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ ഒരാളെയാണെങ്കിൽ പോലും നിഷേധിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കി വെച്ച നരകമുണ്ട് എന്നും അവർ അറിയിച്ചിട്ടുണ്ട്.

അല്ലാഹു തആലാ പറഞ്ഞു: {ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.} {എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.} (അഅ്റാഫ്: 35-36)

അല്ലാഹു തആലാ പറഞ്ഞു: {ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍.നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാൻ വേണ്ടിയത്രെ അത്‌.} {നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ).അതിനാല്‍ (ഇതെല്ലാം) അറിയുന്നവരായിരിക്കെ നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.} {നമ്മുടെ അടിമക്ക് മേൽ നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിനു സമാനമായ ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).} {നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ - നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. (അല്ലാഹുവിനെയും അവൻ അവതരിപ്പിച്ചതിനെയും) നിഷേധിച്ചവർക്ക് ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.} {(നബിയേ, അല്ലാഹുവിലും അവന്റെ മതത്തിലും) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, 'ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്‌. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.} (അൽ ബഖറ: 21-25)

എന്തു കൊണ്ട് ഒന്നിലധികം റസൂലുകൾ?

സർവ്വ ജനതകളിലേക്കും അല്ലാഹു അവൻ്റെ റസൂലുകളെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹു റസൂലിനെ നിയോഗിച്ചിട്ടില്ലാത്ത ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല; തങ്ങളുടെ ജനങ്ങളെ അവരുടെ രക്ഷിതാവിനെ ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും അവരെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതായിരുന്നു അവരുടെയെല്ലാം പ്രബോധനത്തിൻ്റെ ലക്ഷ്യവും. എപ്പോഴെല്ലാം ജനങ്ങൾ അല്ലാഹുവിൻ്റെ റസൂലുകൾ കൊണ്ടുവന്ന ആദർശത്തെ വികൃതമാക്കാൻ ആരംഭിക്കുകയോ ഉപേക്ഷിച്ചു തുടങ്ങുകയോ ചെയ്യുമ്പോഴെല്ലാം അല്ലാഹു മറ്റു റസൂലുകളെ നിയോഗിക്കുകയും അവരുടെ സഞ്ചാരപാത ശരിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ശുദ്ധപ്രകൃതിയിലേക്കും അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുക എന്ന തൗഹീദിലേക്കും അവനെ അനുസരിക്കുന്നതിലേക്കും അവർ ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.

നബിമാരുടെയും അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരുടെയും ഈ പരമ്പരക്ക് മുഹമ്മദ് നബിയുടെ -ﷺ- ആഗമനത്തോടെ അല്ലാഹു അവസാനം കുറിച്ചു. പരിപൂർണ്ണമായ മതവും, എന്നെന്നും നിലനിൽക്കുന്ന വിധിവിലക്കുകളും, അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും ബാധകമാകുന്ന പൊതുവായ ആദർശവുമായാണ് മുഹമ്മദ് നബി -ﷺ- വന്നെത്തിയത്. അവിടുത്തെ ആഗമനത്തോടെ മുൻപുള്ള നിയമങ്ങളെല്ലാം ദുർബലമായി. അന്ത്യനാൾ വരെ ഈ മതം -ഇസ്‌ലാം- നിലനിൽക്കുകയും ബാക്കിയാവുകയും ചെയ്യുമെന്ന കാര്യം അല്ലാഹു സ്വയം ഏറ്റെടുത്തതായി അറിയിച്ചു.

എല്ലാ ദൂതന്മാരിലും വിശ്വസിക്കുന്നത് വരെ ഒരാൾ യഥാർത്ഥ വിശ്വാസിയാവുകയില്ല.

അല്ലാഹുവാകുന്നു അവൻ്റെ റസൂലുകളെയെല്ലാം നിയോഗിച്ചത്. തൻ്റെ സൃഷ്ടികളോട് അവരെ അനുസരിക്കണമെന്ന് കൽപ്പിച്ചതും അവൻ തന്നെയാണ്. അതിനാൽ ഒരുവൻ റസൂലുകളുടെ കൂട്ടത്തിൽ ആരെയെങ്കിലും ഒരാളെ നിഷേധിച്ചാൽ അവൻ അല്ലാഹുവിൽ നിന്നുള്ള എല്ലാ റസൂലുകളെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാരിലൂടെ തനിക്ക് വന്നെത്തുന്ന സന്ദേശത്തെ തള്ളിക്കളയുക എന്നതിനേക്കാൾ വലിയ ഒരു അതിക്രമം വേറെയില്ല തന്നെ. അതിനാൽ സ്വർഗത്തിൽ പ്രവേശിക്കണമോ, അല്ലാഹുവിൻ്റെ റസൂലുകളിലെല്ലാം അവൻ വിശ്വസിച്ചിട്ടുണ്ടായിരിക്കണം എന്നത് നിർബന്ധ ബാധ്യതയാണ്.

ഇക്കാലഘട്ടത്തിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ എല്ലാ റസൂലുകളിലും വിശ്വസിക്കുകയും, അന്ത്യനാളിൽ വിശ്വസിക്കുകയും ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ റസൂലുകളിൽ അന്തിമനായ മുഹമ്മദ് നബിയിൽ -ﷺ- വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും ചെയ്യുന്നത് വരെ അത് സാധ്യമാവുകയില്ല. അവിടുന്നാകട്ടെ, എന്നെന്നും നിലനിൽക്കുന്ന അത്ഭുതകരമായ ദൃഷ്ടാന്തം കൊണ്ട് അല്ലാഹുവിൻ്റെ പിന്തുണ ലഭിച്ചവരാണ്. ഭൂമിയിലെ സർവ്വ മനുഷ്യരും അവസാനിക്കുന്നത് വരേക്കും അല്ലാഹു നിലനിർത്തുന്നതാണ് എന്ന് സ്വയം ഏറ്റെടുത്തിട്ടുള്ള വിശുദ്ധ ഖുർആനാണ് ആ മഹാത്ഭുതം.

ഒരാൾ അല്ലാഹുവിൻ്റെ റസൂലുകളിൽ പെട്ട ഏതെങ്കിലും ഒരു റസൂലിനെയാണ് നിഷേധിക്കുന്നത് എങ്കിൽ പോലും, അവൻ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ സന്ദേശത്തെ കളവാക്കുകയും ചെയ്തവനായിത്തീരും എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: {അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും 'ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' എന്ന് പറയുകയും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,} {അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തിൽ (കാഫിറുകൾ) സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്‌.} (നിസാഅ്: 150-151)

അതു കൊണ്ടാണ് നാം മുസ്‌ലിംകൾ -അല്ലാഹു കൽപ്പിച്ചത് പ്രകാരം- അല്ലാഹുവിലും അന്ത്യനാളിലും അല്ലാഹുവിൻ്റെ എല്ലാ ദൂതന്മാരിലും അവൻ്റെ മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നത്. അല്ലാഹു പറഞ്ഞു: {തന്‍റെ റബ്ബിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) ഈമാനുള്ളവരും.അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.} (അൽ ബഖറ: 285)

എന്താണ് വിശുദ്ധ ഖുർആൻ?

വിശുദ്ധ ഖുർആൻ എന്നാൽ അല്ലാഹുവിൻ്റെ സംസാരവും, തൻ്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയുടെ -ﷺ- മേൽ അവൻ അവതരിപ്പിച്ച വേദഗ്രന്ഥവുമാണ്. നബിയുടെ-ﷺ- പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമാണത്. വിശുദ്ധ ഖുർആനിൻ്റെ വിധിവിലക്കുകൾ ഏറ്റവും ശരിയായതും, അതിലെ വൃത്താന്തങ്ങൾ ഏറ്റവും സത്യസന്ധവുമാണ്.

വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരോട് അതിലെ അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരൂ എന്ന് അല്ലാഹു വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ അവരിൽ ഒരാൾക്ക് പോലും ആ വെല്ലുവിളി ഏറ്റെടുക്കാൻ സാധിച്ചില്ല. വിശുദ്ധ ഖുർആനിൻ്റെ മഹത്തായ ഉള്ളടക്കവും, മനുഷ്യനെ ബാധിക്കുന്ന ഐഹികവും പാരത്രികവുമായ വിഷയങ്ങളിലെ സമഗ്രതയുമാണ് അതിൻ്റെ കാരണം. ഒരാൾ നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട എല്ലാ വിശ്വാസപരമായ യാഥാർത്ഥ്യങ്ങളും അതിൽ ഉൾക്കൊണ്ടിരിക്കുന്നു.

അപ്രകാരം മനുഷ്യൻ തനിക്കും തൻ്റെ റബ്ബിനുമിടയിൽ പാലിച്ചിരിക്കേണ്ടതും, തനിക്കും തൻ്റെ ചുറ്റുമുള്ള സൃഷ്ടികൾക്കുമിടയിൽ പാലിച്ചിരിക്കേണ്ടതും, അവൻ തൻ്റെ ജീവിതമാർഗമായി സ്വീകരിച്ചിരിക്കേണ്ടതുമായ മുഴുവൻ കൽപ്പനകളും വിലക്കുകളും വിശുദ്ധ ഖുർആനിൽ അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നു. അതെല്ലാം വിശദീകരിച്ചത് ഉന്നതമായ സാഹിത്യ ആഖ്യാന ശൈലിയിലുമാണ്.

അതോടൊപ്പം ബുദ്ധിപരമായ തെളിവുകളും, വൈജ്ഞാനികമായ അനേകം യാഥാർത്ഥ്യങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു; ഈ ഗ്രന്ഥം ഒരു മനുഷ്യന് നിർമ്മിക്കുക സാധ്യമല്ല എന്നും, മറിച്ച് ഇത് മാനവരാശിയുടെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ വാക്കുകൾ തന്നെയാണെന്നും ഇവയെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

എന്താണ് ഇസ്‌ലാം?

ഇസ്‌ലാം എന്നാൽ അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിച്ചുകൊണ്ട് അവന് മാത്രം കീഴൊതുങ്ങലും, അവനെ അനുസരിച്ചു കൊണ്ട് വിധേയപ്പെടലും, തൃപ്തിയോടെയും സ്വീകാര്യതയോടെയും അവൻ്റെ വിധിവിലക്കുകൾ ശിരസ്സാവഹിക്കലും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിരാകരിക്കലുമാണ്.

അല്ലാഹു അവൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത് ഒരേയൊരു സന്ദേശവുമായാണ്; അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊരാളെയും പങ്കുചേർക്കാതിരിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിഷേധിക്കുകയും ചെയ്യുക എന്നതിലേക്കുള്ള ക്ഷണമാണത്.

എല്ലാ നബിമാരുടെയും മതമാണ് ഇസ്‌ലാം. അവർക്ക് ലഭിച്ച വിധിവിലക്കുകളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെയെല്ലാം പ്രബോധനം ഒരേയൊരു കാര്യത്തിലേക്കായിരുന്നു. കഴിഞ്ഞകാല നബിമാരെല്ലാം കൊണ്ടുവന്ന ആദർശത്തെ അതു പോലെ മുറുകെപ്പിടിക്കുന്ന ഒരേയൊരു വിഭാഗം ഇന്ന് മുസ്‌ലിംകൾ മാത്രമാണ്. ഇസ്‌ലാമിൻ്റെ സന്ദേശം മാത്രമാണ് ഇക്കാലഘട്ടത്തിൽ സത്യമായി നിലകൊള്ളുന്നത്. സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് മനുഷ്യകുലത്തിനുള്ള അവസാന സന്ദേശമാണത്.

ഇബ്റാഹീമിനെയും മൂസായെയും ഈസായെയും (عليهم السلام) നിയോഗിച്ച ലോകരക്ഷിതാവായ സ്രഷ്ടാവ് തന്നെയാണ് അന്തിമദൂതനായ മുഹമ്മദ് നബിയെയും (ﷺ) നിയോഗിച്ചത്.അതിന് മുൻപ് വന്നെത്തിയ നിയമങ്ങളെയും വിധിവിലക്കുകളെയും ഇസ്‌ലാമിൻ്റെ ആഗമനം ദുർബലപ്പെടുത്തിയിരിക്കുന്നു.

ഇസ്‌ലാമിന് പുറമെ, മനുഷ്യർ തങ്ങളുടെ മതമായി സ്വീകരിച്ചിരിക്കുന്ന എല്ലാ മതങ്ങളും ചിന്താഗതികളും മനുഷ്യരുടെ നിർമ്മിതികൾ മാത്രമാണ്. അവയിൽ ചിലത് അല്ലാഹുവിൽ നിന്ന് വന്നെത്തിയതായിരുന്നെങ്കിലും പിന്നീട് മനുഷ്യരുടെ കൈകടത്തലുകൾ അവയിൽ കടന്നുകൂടുകയും, അനേകം അന്ധവിശ്വാസങ്ങളുടെയും തലമുറകൾ കൈമാറിവന്ന കെട്ടുകഥകളുടെയും മനുഷ്യരുടെ ഗവേഷണങ്ങളുടെയും സങ്കലനമായി അവ പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ മുസ്‌ലിംകളുടെ മതമാകട്ടെ, അത് ഏകമതമാണ്. വ്യക്തമായ ആ മതത്തിൽ യാതൊരു മാറ്റത്തിരുത്തലുകളും സംഭവിച്ചിട്ടില്ല. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി അവർ സ്വീകരിക്കുന്ന ആരാധനാകർമങ്ങളും ഏകമാണ്. അവരെല്ലാം അഞ്ചു നേരം നിസ്കരിക്കുന്നു. അവരെല്ലാം തങ്ങളുടെ സമ്പത്തിൽ നിന്ന് സകാത്ത് (നിർബന്ധദാനം) നൽകുന്നു. അവരെല്ലാം റമദാൻ മാസത്തിൽ നോമ്പെടുക്കുന്നു. അവരുടെ നിയമസംഹിതയായ ഖുർആനിനെ കുറിച്ച് ചിന്തിച്ചു നോക്കൂ; എല്ലാ നാടുകളിലും അത് മാറ്റമില്ലാത്ത ഒരേയൊരു ഗ്രന്ഥമാകുന്നു. അല്ലാഹു പറഞ്ഞു: {ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നു.വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.} (മാഇദഃ: 3)

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞതു നോക്കൂ: {(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ഖുര്‍ആന്‍) , ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും(അല്ലാഹുവിൻ്റെ സന്ദേശം), മൂസായ്ക്കും ഈസായ്ക്കും മറ്റു നബിമാർക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.} {ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.} (ആലു ഇംറാൻ: 84-85)

മനുഷ്യരുടെ ജീവിതത്തിൻ്റെ നിഖിലമേഖലകളെയും സ്പർശിക്കുന്ന ജീവിതമാർഗമാണ് ഇസ്‌ലാം. മനുഷ്യരുടെ ശുദ്ധപ്രകൃതിയോടും ബുദ്ധിയോടും അങ്ങേയറ്റം അത് യോജിക്കുന്നു. ശുദ്ധമനസ്കരായ എല്ലാവർക്കും അത് സർവ്വ സ്വീകാര്യമാണ്. തൻ്റെ സൃഷ്ടികൾക്കായി മഹാനായ സ്രഷ്ടാവ് നിശ്ചയിച്ച വിധിവിലക്കുകളാണത്. എല്ലാ നന്മകളുടെയും, ഇഹപരലോകങ്ങളിലെ സകല സൗഭാഗ്യങ്ങളുടെയും മതമാണത്. മനുഷ്യരിൽ ഏതെങ്കിലുമൊരു വർഗത്തെയോ നിറക്കാരെയോ അത് വേർതിരിച്ചു കാണുന്നില്ല. ജനങ്ങളെല്ലാം ഇസ്‌ലാമിൽ സമന്മാരാണ്; ഇസ്‌ലാമിൽ ഒരാൾക്കും മറ്റൊരാളെക്കാൾ യാതൊരു പ്രത്യേകതയുമില്ല; സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ.

അല്ലാഹു തആലാ പറഞ്ഞു: {ഏതൊരു ആണോ പെണ്ണോ ഇസ്ലാം അനുവർത്തിച്ചു സൽകർമം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.} (നഹ്ൽ:97)

ഇസ്‌ലാം; സൗഭാഗ്യത്തിൻ്റെ വഴി

എല്ലാ നബിമാരുടെയും മതമാണ് ഇസ്‌ലാം. സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൻ്റെ മതം.അത് അറബികൾക്ക് മാത്രം പ്രത്യേകമായ മതമല്ല.

ഇഹലോകത്ത് യഥാർത്ഥ സൗഭാഗ്യം നേടിത്തരുന്നതും, പാരത്രിക ലോകത്ത് എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ സമ്മാനിക്കുന്നതുമായ മാർഗമാണ് ഇസ്‌ലാം.

മനുഷ്യരുടെ ശാരീരികവും ആത്മീയവുമായ തേട്ടങ്ങൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു മതം ഇസ്‌ലാം മാത്രമാണ്. മനുഷ്യരുടെ സർവ്വ പ്രശ്നങ്ങൾക്കും അത് പരിഹാരമേകുന്നു. അല്ലാഹു പറഞ്ഞു: {അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല, ദൗർഭാഗ്യമടയുകയുമില്ല.} {എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ ത്തെഴുന്നേൽപ്പിൻ്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ പുറത്തു കൊണ്ടുവരുന്നതുമാണ്‌.} (ത്വാഹാ: 123-124)

ഇഹലോകത്തും പരലോകത്തും ഒരു മുസ്‌ലിമിന് ലഭിക്കുന്ന നേട്ടമെന്താണ്?

ഇസ്‌ലാം കാരണമായി അപാരമായ പ്രയോജനങ്ങൾ അതിൻ്റെ വക്താക്കൾക്ക് കരസ്ഥമാകും. അവയിൽ ചിലത് :

- അല്ലാഹുവിൻ്റെ അടിമയും ദാസനുമാകുന്നതിലൂടെ ഇഹലോകത്ത് വിജയവും മഹത്വവും കൈവരിക്കാൻ കഴിയുന്നു. അതിനോട് വിസമ്മതം കാണിക്കുന്നവർ ദേഹേഛയുടെയും പിശാചിൻ്റെയും തന്നിഷ്ടങ്ങളുടെയും അടിമയായിത്തീരുന്നതാണ്.

- പരലോകത്ത് അല്ലാഹു അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും, അല്ലാഹു അവനെ തൃപ്തിപ്പെടുകയും, തൻ്റെ സ്വർഗത്തിൽ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും. അതോടൊപ്പം ശാശ്വതമായ സുഖാനുഗ്രഹങ്ങൾ നേടാനും നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവന് സാധ്യമാകും.

- അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ചവർ അന്ത്യനാളിൽ നബിമാരോടും സത്യസന്ധരും രക്തസാക്ഷികളും സൽകർമ്മികളുമായ മറ്റു വിശ്വാസികളോടുമൊപ്പമായിരിക്കും. എത്ര മഹനീയരായ സഹചാരികളായിരിക്കും അവർ! എന്നാൽ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരിശുദ്ധ ഇസ്‌ലാമിനെയും നിഷേധിച്ചവരാകട്ടെ, ധിക്കാരികളും അതിക്രമികളും നാശകാരികളുമായവരോടൊപ്പമായിരിക്കും.!

- അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നവർ ശാശ്വതരായി അതിൽ വസിക്കുന്നവരായിരിക്കും. അവിടെ മരണമോ രോഗമോ വേദനയോ വാർദ്ധക്യമോ ദുഖമോ അവരെ ബാധിക്കുകയില്ല. അവർ ആഗ്രഹിക്കുന്നതെല്ലാം അവർക്കവിടെ നൽകപ്പെടും. എന്നാൽ നരകത്തിൽ പ്രവേശിക്കുന്നവരാകട്ടെ, എന്നെന്നും തുടർന്നു കൊണ്ടേയിരിക്കുന്ന ഒരിക്കലും നിലയ്ക്കാത്ത ശിക്ഷകളിൽ മാത്രമായിരിക്കും.

- മനുഷ്യരുടെ നയനങ്ങൾ ഇന്നു വരെ ദർശിച്ചിട്ടില്ലാത്തതും, അവരുടെ കാതുകൾ കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യമനസ്സിലൂടെയും മിന്നിമറഞ്ഞിട്ടില്ലാത്തതുമായ സുഖാനുഗ്രഹങ്ങളാണ് സ്വർഗത്തിലുള്ളത്. അല്ലാഹു പറയുന്നത് നോക്കൂ: {ഏതൊരു ആണോ പെണ്ണോ ഇസ്ലാമിൽ വിശ്വസിച്ചു സൽകർമം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.} (നഹ്ൽ:97)

അല്ലാഹു പറഞ്ഞു: {എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല.} (സജ്ദ: 17)

അമുസ്ലിമിന് സംഭവിക്കുന്ന നഷ്ടമെന്താണ്?

{ഒരാൾ ഇസ്‌ലാമിനോട് വിസമ്മതം കാണിക്കുമ്പോൾ വിജ്ഞാനങ്ങളിൽ ഏറ്റവും മഹത്തരമായ വിജ്ഞാനമാണ് അവന് തടയപ്പെടുന്നത്. അവൻ്റെ സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള അറിവും ബോധ്യവുമാണത്. മനുഷ്യന് നിർഭയത്വവും ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വതമായ സുഖാനുഗ്രഹങ്ങളും നേടിത്തരുന്ന ആദർശമാണ് അവൻ കൈവെടിയുന്നത്.

അല്ലാഹു മനുഷ്യർക്കായി അവതരിപ്പിച്ച ഏറ്റവും ഉൽകൃഷ്ടമായ ഗ്രന്ഥത്തിലുള്ള വിശ്വാസവും അതിനെ പിൻപറ്റലുമാണ് അവന് നഷ്ടമാകുന്നത്.

മഹാന്മാരായ നബിമാരിലുള്ള വിശ്വാസവും, മരണാനന്തരം സ്വർഗത്തിൽ അവരോടൊപ്പമുള്ള സഹവാസവും അവന് നഷ്ടമാകുന്നു. പകരം നരകാഗ്നിയിൽ പിശാചുക്കളും ധിക്കാരികളും അതിക്രമികളുമായിരിക്കും അവൻ്റെ സഹവാസികൾ. അവൻ്റെ ഭവനവും സഹചാരികളും എത്ര എത്ര മോശമായിരിക്കും!.

അല്ലാഹു തആലാ പറഞ്ഞു: {പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ വേണ്ടപ്പെട്ടവർക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം.} {അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് അഗ്നിയുടെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.} (സുമർ: 15-16)

ആരെങ്കിലും പരലോകത്തെ ശാശ്വതരക്ഷയാണ് ആഗ്രഹിക്കുന്നതെങ്കിൽ അവൻ അല്ലാഹുവിന് കീഴൊതുങ്ങുന്ന മുസ്ലിം ആകുകയും, അവന്റെ റസൂലിനെ -ﷺ- അനുധാവനം ചെയ്യുകയും അത്യന്താപേക്ഷിതമാണ്.

അല്ലാഹുവിൽ വിശ്വസിക്കുകയും, അവനുള്ള ആരാധനയിൽ ഒന്നിനെയും ഒരാളെയും പങ്കുചേർക്കാതിരിക്കുകയും, എല്ലാ നബിമാരിലും റസൂലുകളിലും വിശ്വസിക്കുകയും ചെയ്ത മുസ്‌ലിംകൾക്ക് മാത്രമേ സ്വർഗപ്രവേശം സാധ്യമാകൂ എന്നതിൽ അല്ലാഹുവിൽ നിന്ന് വന്നെത്തിയ എല്ലാ ദൂതന്മാരും ഏകോപിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ നബിമാരിൽ വിശ്വസിക്കുകയും അവരെ പിൻപറ്റുകയും ചെയ്യുന്നവരെല്ലാം സ്വർഗത്തിൽ പ്രവേശിക്കുകയും നരകത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ്.

മൂസാ നബിയുടെ (عليه السلام) കാലഘട്ടത്തിലുണ്ടായിരുന്നവർ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ അദ്ധ്യാപനങ്ങൾ സ്വീകരിക്കുകയും ചെയ്താൽ അവർ ഇസ്‌ലാം സ്വീകരിച്ച മുസ്‌ലിംകളും, അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ച മുഅ്മിനീങ്ങളും, സച്ചരിതരുമായി പരിഗണിക്കപ്പെടുമായിരുന്നു. എന്നാൽ ഈസാ നബിയുടെ (عليه السلام) നിയോഗത്തോടെ അദ്ദേഹത്തെ കൂടി വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുക എന്നത് അവരുടെ മേൽ നിർബന്ധമായി.

അന്ന് ഈസാ നബിയിൽ (عليه السلام) വിശ്വസിച്ചവർ മുസ്‌ലിംകളിൽ പെട്ടവരും സച്ചരിതരുമായിരിക്കും. എന്നാൽ താൻ മൂസായുടെ മതത്തിൽ തന്നെ നിലകൊള്ളുന്നതാണ്; ഈസായിൽ വിശ്വസിക്കാൻ തയ്യാറല്ല എന്ന് ആരെങ്കിലും വാദിച്ചിരുന്നെങ്കിൽ അവൻ വിശ്വാസിയല്ലാതെയാകും. കാരണം അല്ലാഹു നിയോഗിച്ച ഒരു നബിയിൽ വിശ്വസിക്കാതെ അവൻ നിഷേധം കാണിക്കുകയാണ് ചെയ്തത്.

ഇതിനെല്ലാം ശേഷമാണ് അന്തിമ നബിയായ മുഹമ്മദ് നബിയെ -ﷺ- അല്ലാഹു നിയോഗിച്ചത്. അവിടുന്ന് വന്നതോടെ നബിയിൽ -ﷺ- വിശ്വസിക്കുക എന്നത് സർവ്വരുടെയും മേലുള്ള ബാധ്യതയായി. മൂസായെയും ഈസായെയും നിയോഗിച്ച സ്രഷ്ടാവായ റബ്ബ് തന്നെയാണ് അന്തിമ നബിയായ മുഹമ്മദ് നബിയെയും -ﷺ- നിയോഗിച്ചത്. ആരെങ്കിലും മുഹമ്മദ് നബിയുടെ -ﷺ- പ്രവാചകത്വത്തെ നിഷേധിക്കുകയും, ഞാൻ മൂസായുടെയും ഈസായുടെയും അനുയായിയായി തുടരും എന്ന് വാദിക്കുകയും ചെയ്താൽ അവൻ യഥാർത്ഥ വിശ്വാസിയാവുകയില്ല.

'ഞാൻ മുസ്‌ലിംകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്' എന്ന് ഒരാൾ പറഞ്ഞത് കൊണ്ട് മാത്രമായില്ല. പാവപ്പെട്ടവരെ സഹായിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുക എന്നത് പരലോകത്ത് രക്ഷപ്പെടാൻ മതിയാവുകയുമില്ല. മറിച്ച് അല്ലാഹുവിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും അന്ത്യനാളിലും വിശ്വസിച്ചാലല്ലാതെ അയാളിൽ നിന്ന് ഈ പറഞ്ഞ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹുവിൽ പങ്കുചേർക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ അവതരിപ്പിച്ച സന്ദേശത്തെ തള്ളിക്കളയുകയും, അവൻ്റെ നബിമാരിൽ അന്തിമനായ മുഹമ്മദ് നബിയെ -ﷺ- കളവാക്കുകയും ചെയ്യുക എന്നതിനേക്കാൾ ഗുരുതരമായ മറ്റൊരു തിന്മയുമില്ല തന്നെ.

യഹൂദരോ നസ്വാറാക്കളോ മറ്റു വല്ല മതങ്ങളിൽ പെട്ടവരോ ആകട്ടെ, മുഹമ്മദ് നബിയുടെ -ﷺ- നിയോഗത്തെ കുറിച്ച് കേൾക്കുകയും, അവിടുത്തെ വിശ്വസിക്കുന്നതിൽ നിന്ന് പിന്തിനിൽക്കുകയും, ഇസ്‌ലാം മതത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിസമ്മതം കാണിക്കുകയും ചെയ്താൽ... അവർ നരകത്തിൽ ശാശ്വതരായി പ്രവേശിക്കുന്നതാണ്. ഇത് അല്ലാഹുവിൻ്റെ വിധിയാണ്; മനുഷ്യരിലൊരാളുമല്ല ഇപ്രകാരം വിധിച്ചിട്ടുള്ളത്. അല്ലാഹു പറഞ്ഞു: {തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു.അവരതില്‍ നിത്യവാസികളായിരിക്കും.അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.} (ബയ്യിനഃ: 6)

അല്ലാഹുവിൽ നിന്ന് മനുഷ്യരിലേക്കുള്ള അവസാനത്തെ സന്ദേശം വന്നെത്തിയിരിക്കുന്നു എന്നതിനാൽ അതിൽ വിശ്വസിക്കുക എന്നത് ഓരോ മനുഷ്യൻ്റെ മേലും നിർബന്ധമാണ്. ഇസ്‌ലാമിനെ കുറിച്ചും, മുഹമ്മദ് നബിയിലൂടെ -ﷺ- വന്നെത്തിയ സന്ദേശത്തെ കുറിച്ചും കേൾക്കുന്ന ഏതൊരാളുടെ മേലും നബിയിൽ -ﷺ- വിശ്വസിക്കുകയും, അവിടുത്തെ മതനിയമങ്ങൾ പിൻപറ്റുകയും, അവിടുത്തെ വിധിവിലക്കുകൾ അനുസരിക്കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിൽ നിന്നുള്ള ഈ അന്തിമസന്ദേശം കേൾക്കുകയും ശേഷം അതിനെ തള്ളിക്കളയുകയുമാണ് എങ്കിൽ അവനിൽ നിന്ന് അല്ലാഹു യാതൊന്നും സ്വീകരിക്കുന്നതല്ല. അന്ത്യനാളിൽ അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്.

നടേ പറയപ്പെട്ടതിനുള്ള തെളിവുകളിലൊന്ന് അല്ലാഹുവിൻ്റെ വചനം തന്നെയാണ്. അല്ലാഹു പറഞ്ഞു: {ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്ത് അവൻ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.} (ആലു ഇംറാൻ: 85)

അല്ലാഹു പറഞ്ഞു: {(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം നല്‍കുക.} (ആലു ഇംറാൻ: 64)

ഒരു മുസ്ലിമിന് നിർബന്ധമായ കാര്യങ്ങൾ എന്തൊക്കെയാണ്?

മുസ്ലിമിന് താഴെ വിവരിക്കുന്ന ആറ് സ്തംഭങ്ങളിൽ വിശ്വസിക്കൽ നിർബന്ധമാണ്:

1-അല്ലാഹുവിൽ വിശ്വസിക്കുക; അതായത് അല്ലാഹുവാണ് സർവ്വരുടെയും സ്രഷ്ടാവും, ഏവർക്കും ഉപജീവനം നൽകുന്നവനെന്നും, എല്ലാം നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നതെന്നും, അവനെ പോലെ യാതൊന്നുമില്ലെന്നും, അവന് ഇണയോ സന്താനമോ ഇല്ലെന്നും, അവൻ മാത്രമാണ് ആരാധനക്ക് അർഹനെന്നും, അവനോടൊപ്പം ഒരാളും ആരാധിക്കപ്പെട്ടു കൂടായെന്നും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരു ആരാധ്യവസ്തുവും അവക്കുള്ള ആരാധനയും നിരർത്ഥകമാണെന്നും അവൻ അടിയുറച്ചു വിശ്വസിക്കണം.

2-മലക്കുകളിൽ വിശ്വസിക്കുക; അതായത് അല്ലാഹുവിന് മലക്കുകൾ എന്ന ഒരു വിഭാഗം സൃഷ്ടികൾ ഉണ്ടെന്നും, അവർ അല്ലാഹുവിൻ്റെ അടിമകളാണെന്നും, അവരെ അല്ലാഹു പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും, അവരിൽ ചിലർക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം അവൻ്റെ നബിമാർക്ക് എത്തിക്കുക എന്ന ദൗത്യം അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുക.

3-അല്ലാഹു അവൻ്റെ നബിമാരുടെ മേൽ അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. തൗറാത്ത്, ഇഞ്ചീൽ എന്നീ ഗ്രന്ഥങ്ങൾ മാറ്റത്തിരുത്തലുകളും കൈകടത്തലുകളും ഉണ്ടാകുന്നതിന് മുൻപ് അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ആയിരുന്നുവെന്നും, അല്ലാഹു അവതരിപ്പിച്ച അവസാനഗ്രന്ഥം വിശുദ്ധ ഖുർആനാണെന്നും വിശ്വസിക്കുക.

4-അല്ലാഹുവിൻ്റെ എല്ലാ നബിമാരിലും റസൂലുകളിലും വിശ്വസിക്കുക. നൂഹ് നബി, ഇബ്രാഹീം നബി, മൂസാ നബി, ഈസാ നബി, അന്തിമ നബിയായ മുഹമ്മദ് നബി എന്നിവരടങ്ങുന്ന നബിമാർ ഉദാഹരണം. ഇവരെല്ലാം മനുഷ്യരായിരുന്നു എന്നും, അവർക്ക് അല്ലാഹു തന്നിൽ നിന്നുള്ള സന്ദേശം നൽകുകയും, അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും നൽകിക്കൊണ്ട് അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട് എന്നും വിശ്വസിക്കണം.

5-അന്ത്യനാളിലുള്ള വിശ്വാസം; ആദ്യകാലക്കാരും അവസാനകാലക്കാരുമായ സർവ്വ മനുഷ്യരെയും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുകയും, തൻ്റെ സൃഷ്ടികൾക്കിടയിൽ അല്ലാഹു വിധികൽപ്പിക്കുകയും, അല്ലാഹുവിലും റസൂലിലും ഇസ്‌ലാം ദീനിലും വിശ്വസിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുകയും, അല്ലാഹുവിനെയും റസൂലിനെയും ഇസ്‌ലാമിനെയും നിഷേധിച്ചവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന ഒരു നാൾ വരാനുണ്ട് എന്നും വിശ്വസിക്കണം.

6-അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുക; അതായത്, കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അല്ലാഹു അറിഞ്ഞിരിക്കുന്നു എന്നും, അവയെല്ലാം അല്ലാഹു രേഖപ്പെടുത്തുകയും, അവൻ ഉദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും, അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത് എന്നും വിശ്വസിക്കണം.

അല്ലാഹു നിയമമാക്കിയ നിസ്കാരം, സകാത്ത്, നോമ്പ് എന്നിവ നിർവ്വഹിച്ചുകൊണ്ടും, കഴിവുണ്ടെങ്കിൽ ഹജ്ജ് നിർവ്വഹിച്ചുകൊണ്ടും അവനെ ആരാധിക്കുകയും; ശേഷം, ഇഹലോകത്ത് തൻ്റെ സൗഭാഗ്യത്തിൻ്റെയും പരലോകത്ത് തൻ്റെ രക്ഷയുടെയും ഉറവിടമായ തൻ്റെ മതത്തെക്കുറിച്ച് അവൻ പഠിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.